Follow Us On

19

January

2019

Saturday

വരും തലമുറകള്‍ പഠിക്കേണ്ട ചരിത്രം

വരും തലമുറകള്‍  പഠിക്കേണ്ട ചരിത്രം

സ്‌നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും കഥകളാണ് ഇപ്പോള്‍ ദിവസവും കേള്‍ക്കുന്നത്. നാണയത്തുട്ടുകള്‍ കൂട്ടിവച്ചിരുന്ന കുടുക്കകള്‍ മുതല്‍ വലിയ തുകകള്‍വരെ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി പങ്കുവയ്ക്കപ്പെടുന്നു. കുടുംബവിഹിതമായി ലഭിച്ച ഭൂമി വീടില്ലാത്തവര്‍ക്ക് നല്‍കാന്‍ അനേകര്‍ മുന്നോട്ടുവരുന്നു.
പൂര്‍വികരുടെ ഓര്‍മകള്‍ പേറുന്ന – വൈകാരികമായി ഏറെ അടുപ്പമുള്ള ഭൂമിപോലും വിട്ടുനല്‍കാന്‍ തയാറാകുന്നതിന്റെ പിന്നില്‍ മനുഷ്യസ്‌നേഹമല്ലാതെ മറ്റൊന്നുമല്ല. പത്തുലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിയിട്ടും ഒന്നിനും ഒരു കുറവും വന്നില്ലെന്നത് സഹോദരങ്ങളോടുള്ള നമ്മുടെ കരുതലിന്റെ തെളിവാണ്.
പ്രളയത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും പിടിയിലമര്‍ന്ന കേരളത്തെ സഹായിക്കാന്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് സഹായം ഒഴുകിയെത്തുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.ജനങ്ങളെ സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കുക എന്ന ദൗത്യം വിജയകരമായി നിറവേറ്റിയത് ഏറെ ക്ലേശങ്ങള്‍ സഹിച്ചായിരുന്നു. ദുരന്തങ്ങള്‍ നേരിട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നത് ശ്രമകരമായ ഒന്നാണ്. ജനങ്ങള്‍ പങ്കുവയ്ക്കാന്‍ മുമ്പോട്ടുവരുന്നുണ്ടെന്നത് ആശ്വാസകരമാണ്. എന്നാല്‍ ആ സഹായം അര്‍ഹതപ്പെട്ടവരുടെ കരങ്ങളില്‍ എത്തുന്നുണ്ടെന്നത് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ഗവണ്‍മെന്റിനുണ്ട്. അത് ഏറ്റവും വേഗത്തിലാക്കണം. സഹായത്തിന് വയ്ക്കുന്ന മാനദണ്ഡങ്ങള്‍ മനുഷ്യത്വം നിറഞ്ഞതാകാന്‍ ശ്രദ്ധിക്കണം.
ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നും ഭൂരിഭാഗവും ഭവനങ്ങളില്‍ എത്തിക്കഴിഞ്ഞു. വലിയ വെല്ലുവിളികളുടെ നടുവിലാണ് അനേകം കുടുംബങ്ങള്‍. വീട് നഷ്ടപ്പെട്ടവരും വരുമാനമാര്‍ഗങ്ങള്‍ പ്രകൃതിദുരന്തത്തില്‍ ഒലിച്ചുപോയവരും നിരവധിയാണ്. അവര്‍ക്ക് സാധാരണ ജീവിതം സാധ്യമാകുന്ന സാഹചര്യങ്ങള്‍ അടിയന്തരമായി സൃഷ്ടിക്കപ്പെടണം. നിയമത്തിന് എപ്പോഴും അതിന്റേതായ രീതികളുണ്ട്. എന്നാല്‍ ദുരിതത്തിലായ ജനങ്ങളുടെ ഭാരം ഒരു വിധത്തിലും വര്‍ധിക്കുന്നില്ലെന്ന് അധികൃതര്‍ ഉറപ്പുവരുത്തണം.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയിരുന്നപ്പോള്‍ ഗവണ്‍മെന്റിന്റെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളും സന്നദ്ധ സംഘടനകളും സഹായത്തിന് ഉണ്ടായിരുന്നു. ദിവസങ്ങള്‍ കഴിയുമ്പോള്‍ നഷ്ടം വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മാത്രമായി ചുരുങ്ങുന്നതാണ് പതിവ്. അത്തരം സാഹചര്യം സംജാതമാകാതിരിക്കാന്‍ ഗവണ്‍മെന്റ് ശ്രദ്ധിക്കണം. ഗവണ്‍മെന്റ് നല്‍കുന്ന സഹായധനം ലഭിക്കാന്‍ കാലതാമസം നേരിട്ടാല്‍, ജീവിതം വഴിമുട്ടിനില്‍ക്കുന്നവര്‍ വലിയ പ്രതിസന്ധിയിലാകും. ഈ വര്‍ഷത്തെ ഓണാവധി വെട്ടിക്കുറച്ച് ദുരിതത്തിലായവരെ സഹായിക്കാന്‍ ഗവണ്‍മെന്റ് ശ്രദ്ധിച്ചിരുന്നു.
പുനരധിവാസത്തിന്റെ കാര്യത്തിലും സമാനമായ നിലപാട് സ്വീകരിക്കണം. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും സഹായം എത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ അവസ്ഥകള്‍ മനസിലാക്കുന്നതിനാലാണ് അത്തരം സഹായങ്ങള്‍ ഒഴുകിയെത്തുന്നത്. അതിനാല്‍ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കണം. സംസ്ഥാനത്ത് എല്ലായിടത്തും ഒരേ മാനദണ്ഡങ്ങള്‍ സ്വീകരിക്കരുത്. ഓരോ പ്രദേശങ്ങളുടെയും മനുഷ്യരുടെ ജീവനോപാധികളുടെയും കാര്യത്തിലുള്ള വ്യത്യസ്തതകള്‍ പരിഗണിക്കപ്പെടണം.
കാര്‍ഷികമേഖലക്ക് പ്രളയവും പ്രകൃതിദുരന്തങ്ങളും ഏല്‍പിച്ച ആഘാതം ചെറുതല്ല. ഭൂമി നഷ്ടപ്പെട്ടവരും കൃഷിനാശം ഉണ്ടായവരും നിരവധിയാണ്. അവരുടെ ജീവിതം സാധാരണ നിലയിലേക്ക് എത്താന്‍ കഴിയുന്ന രീതിയില്‍ സഹായധനം നല്‍കണം. ബാങ്കുകളില്‍നിന്നും ലോണ്‍ എടുത്ത് കൃഷി ചെയ്തവരുടെ കാര്യം പ്രത്യേകം പരിഗണിക്കണം. ദീര്‍ഘകാല വിളകളില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് താല്‍ക്കാലികമായ സഹായം നല്‍കുന്നതുകൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നത് വിസ്മരിക്കരുത്.
കാലതാമസവും നിയമത്തിന്റെ നൂലാമാലകളും ഒഴിവാക്കി എത്രയും പെട്ടെന്ന് സഹായം എത്തിക്കണം. ഗവണ്‍മെന്റ് അങ്ങനെ ചെയ്യുമെന്നുള്ള വിശ്വാസം ഉള്ളതിനാലാണ് അനേകര്‍ കയ്യയച്ച് സഹായിക്കുന്നത്. അവരുടെ വിശ്വാസം നഷ്ടപ്പെടാതിരിക്കാനും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.
മനുഷ്യരിലെ നന്മ അണപൊട്ടി ഒഴുകുന്ന അവസരമായി മാറി പ്രളയദുരന്തങ്ങള്‍. മറ്റുള്ളവരെ സഹായിക്കാന്‍ മനസുള്ള അനേകര്‍ ചുറ്റുപാടുകളിലുമുണ്ട്. അവരെ ഏകോപിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. ഇപ്പോള്‍ രൂപപ്പെട്ട കൂട്ടായ്മയും പങ്കുവയ്ക്കലും ഏതാനും മാസങ്ങള്‍കൊണ്ട് അവസാനിക്കുന്നില്ലെന്ന് നാം ഉറപ്പുവരുത്തണം.
പഴയകാല നന്മകളിലേക്ക് തിരിച്ചുനടക്കാനുള്ള അവസരമായി ഇതു മാറണം. തകര്‍ച്ചകളെ ഫിനിക്‌സ് പക്ഷിയെപ്പോലെ അതിജീവിച്ച ചില രാജ്യങ്ങളുടെ ചരിത്രം നാം പലപ്പോഴും ആവര്‍ത്തിക്കാറുണ്ട്. വരുംതലമുറകള്‍ പഠിക്കേണ്ടത് ഈ ദുരിതകാലത്തെ അതിജീവിച്ച കേരളത്തിന്റെ ചരിത്രമായിരിക്കണം. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സഹനങ്ങള്‍ പരാജയത്തിലേക്കല്ല, വിജയത്തിലേക്കുള്ള ചവിട്ടുപടികളായി മാറണം.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?