Follow Us On

19

January

2019

Saturday

ദൈവസ്വരത്തിന് കാതോര്‍ക്കുമ്പോള്‍

ദൈവസ്വരത്തിന് കാതോര്‍ക്കുമ്പോള്‍

ജീവിതം ദൈവത്തോട് ചേര്‍ന്ന് നയിക്കുമ്പോള്‍ ഏത് പ്രതിസന്ധികളും അവിടുന്ന് എടുത്തുമാറ്റുമെന്ന് ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ആള്‍ക്കൂട്ടത്തിനിടയില്‍ നില്‍ക്കുമ്പോള്‍ നമുക്കൊരാള്‍ ഫോണ്‍ ചെയ്തുവെന്ന് കരുതുക. അപ്പോള്‍ മാറിനിന്ന് നമ്മളത് അറ്റന്റ് ചെയ്യാറുണ്ടല്ലോ. ഇതുപോലെ ഒരു മാറിനില്‍ക്കല്‍ ഇന്ന് എല്ലാവര്‍ക്കും അനിവാര്യമാണ്. അങ്ങനെ മാറിനിന്നപ്പോഴാണ് മോശയും ഏലിയായുമെല്ലാം ദൈവസ്വരം കേട്ടത്. ഇത്തരം മാറിനില്‍ക്കലുകള്‍ വിലപിടിച്ച ഭക്ഷണത്തില്‍ നിന്നാകാം, ആഡംബരങ്ങളില്‍ നിന്നാകാം. വാരിക്കൂട്ടലിന്റെ ആക്രാന്തങ്ങളില്‍ നിന്നാകാം. ഒരു ക്രൈസ്തവന്റെ ജീവിതത്തിലെ പരമപ്രധാനമായ ദൗത്യമായി എനിക്കിത് തോന്നിയിട്ടുണ്ട്. മാറി നില്‍ക്കുമ്പോഴാണ് വിശപ്പുള്ളവരുടെയും സൗകര്യങ്ങളില്ലാത്തവരുടെയുമെല്ലാം സ്വരം അടുത്ത് കേള്‍ക്കാന്‍ പറ്റുന്നത്.
ആലുവയിലെ തേവര കോളജിലാണ് ഞാന്‍ പഠിച്ചത്. അന്നൊക്കെ ആലുവപുഴയില്‍ കൂട്ടുകാരൊത്ത് കുളിക്കാന്‍ പോകുന്നത് ഞങ്ങളുടെ പതിവായിരുന്നു. 1964-ലെ ഒരു മഴക്കാലം. കുളിക്കിടയില്‍ സോപ്പ് തേച്ച് തിരിഞ്ഞ് കാലെടുത്തുവച്ച ഞാന്‍ പുഴയിലേക്കാണ് വീണത്. അത്ര ഒഴുക്കില്ലാത്ത സ്ഥലമായിരുന്നെങ്കിലും ഞാന്‍ വല്ലാതെ ഭയപ്പെട്ടു. കാരണം എനിക്ക് അന്നുമിന്നും നീന്തലറിയില്ല. പക്ഷേ ദൈവസ്വരം എന്റെ ചെവിയില്‍ പതിക്കുന്നതുപോലെ. ദൈവം എന്നെ എടുത്ത് മു കളിലേക്ക് കയറ്റുന്നതുപോലെ. പൊങ്ങിവന്ന എനിക്ക് മുകളിലെ ഒരു കല്ലില്‍ പിടിത്തം കിട്ടി. അതില്‍ തൂങ്ങിപ്പിടിച്ച് ഞാന്‍ കരകയറുകയായിരുന്നു.
ഈ സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനിക്കുമ്പോള്‍, കൗണ്‍സിലര്‍ ഈ സംഭവം പറഞ്ഞശേഷം വചനം എടുത്ത് വായിച്ചു: ”നീ എനിക്ക് ബഹുമാന്യനും പ്രിയപ്പെട്ടവനുമാണ്… നീ കടലില്‍ പോയാലും വെള്ളത്തില്‍ ആണ്ടുപോയാലും നിനക്കൊന്നും സംഭവിക്കില്ല.”
എന്നെ അത്ഭുതപ്പെടുത്തിയൊരു അനുഭവമായിരുന്നു അത്. ദൈവം എന്നെ നോക്കിയിരിക്കുന്നുവെന്ന തോന്നല്‍ ഹൃദയത്തെ വല്ലാതെ ഉലച്ചുകളഞ്ഞു.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ സൈക്കിള്‍ പഠിച്ചുവരുന്നതേയുള്ളൂ. ആലുവയില്‍വച്ച് സൈക്കിള്‍ ചവിട്ടുമ്പോള്‍ റെയില്‍വേ മേല്‍പാലത്തിന് മുകളിലെത്തിയപ്പോള്‍ എനിക്കഭിമുഖമായി ഒരു ലോറി പാഞ്ഞുവന്നു. സൈഡ് കൊടുക്കുന്നതിനിടയില്‍ പെട്ടെന്ന് സൈക്കിള്‍ ടാറില്ലാത്ത റോഡ് സൈഡിലേക്കിറങ്ങി. ടാര്‍ റോഡും ടാറില്ലാത്തഭാഗവും തമ്മില്‍ ഉയരവ്യത്യാസമുണ്ട്.സൈക്കിള്‍ നിയന്ത്രണം വിട്ട് മേല്‍പാലത്തിന്റെ കൈവരിയുടെ ഭാഗത്തേക്ക് ചരിഞ്ഞുവീണു. ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നൊരു കാര്യമാണിത്. വീണാല്‍ ഞാന്‍ റോഡിലേക്ക് തന്നെ വീഴുകയും ലോറിയുടെ ചക്രത്തിന് അടിയിലാവുകയും ചെയ്യുമായിരുന്നുവെന്ന് തീര്‍ച്ച. പക്ഷേ, ദൈവകരമാണ് അവിടെയും എനിക്ക് കാണാന്‍ കഴിയുന്നത്.
ചിലപ്പോള്‍ എന്റെ ദൈവം എന്നെ ചില കാര്യങ്ങള്‍ പഠിപ്പിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. 2006-ല്‍ എനിക്ക് പ്രമേഹം പിടിപെട്ടു. പക്ഷേ 2009 ആയപ്പോഴേക്കും അത് സുഖമായി. പിന്നീട് ഇതുവരെയും വന്നിട്ടില്ല. മരുന്നൊന്നും ഇല്ലാതെ ഭക്ഷണക്രമീകരണത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയുമാണ് പ്രമേഹത്തില്‍ നിന്നും ഞാന്‍ വിമുക്തി നേടിയത്. സൂചിഗോതമ്പ് രാവിലെയും വൈകിട്ടും കഞ്ഞിവച്ച് കഴിക്കാനായിരുന്നു ആ നാളുകളില്‍ ശക്തമായ പ്രേരണ. മധുരം പൂര്‍ണമായും ഒഴിവാക്കി. വളരെ പെട്ടെന്നുതന്നെ ഷുഗര്‍ നോര്‍മലായി. അവസാനം മധുരം കഴിച്ചാലും ഷുഗര്‍ കൂടാത്ത അവസ്ഥയിലെത്തി. മൂന്നുവര്‍ഷം തുടര്‍ച്ചയായി സൂചിഗോതമ്പ് കഞ്ഞിവച്ച് കഴിച്ചിട്ടാണ് ഞാന്‍ പ്രമേഹ വിമുക്തനാകുന്നത്.
സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുത്ത് ഇതുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങള്‍ നടത്താനും ദൈവം എനിക്ക് കൃപനല്‍കി. ക്ലാസുകളിലൂടെയും ക്യാമ്പുകളിലൂടെയും ദൈവം അവിടുത്തെ പദ്ധതിയോട് ചേര്‍ത്ത് എന്നെ നയിക്കുന്നു. പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നു.
ദൈവഹിതത്തിന് നമ്മെ സമര്‍പ്പിക്കുക. ബാക്കിയെല്ലാം ദൈവം ചെയ്യും.
ഇ.എം. ജോര്‍ജ്
(ഐ.എസ്.ആര്‍.ഒ
റിട്ട. ഉദ്യോഗസ്ഥന്‍)
 

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?