Follow Us On

19

January

2019

Saturday

നിഷ്പാദുകനായ ഏകാന്തപഥികന്‍

നിഷ്പാദുകനായ  ഏകാന്തപഥികന്‍

കത്തോലിക്കാ വിശ്വാസം സ്വീകരിച്ച
പോള്‍ മിഷേല്‍ നിരാലംബരെ
സംരക്ഷിക്കുകയും സുവിശേഷ
പ്രഘോഷണം നടത്തുകയും
ചെയ്യുന്നതിലൂടെ ക്രിസ്തുവിന്റെ
ഉറച്ച പോരാളിയായി മാറിയിരിക്കുന്നു.

പുനലൂര്‍ രൂപതയിലെ നൂറനാടുള്ള വെള്ളച്ചിറ ആരോഗ്യമാതാ ഇടവകാംഗമായ പോള്‍ മിഷേല്‍ ഇന്ന് ഏറെ സന്തുഷ്ടനാണ്. ദൈവകൃപയോട് ചേര്‍ന്ന് ജീവിക്കാനും ദൈവാശ്രയത്തോടെ മുന്നേറാനും കഴിയുന്നതില്‍ അദേഹം ദൈവത്തിന് നന്ദി പറയുന്നു.
അക്രൈസ്തവ വിശ്വാസത്തിലാണ് അദേഹം ജനിച്ചത്. യാഥാസ്ഥിതികനായ അച്ഛന്റെ കടുത്ത ശിക്ഷണത്തിലാണ് വളര്‍ന്നത്. എങ്കിലും ദൈവാന്വേഷണത്തിലൂടെ മുന്നോട്ട് പോയി. അങ്ങനെയാണ് 1994 ഡിസംബര്‍ 11,12 തിയതികളില്‍ പുനലൂര്‍ സെന്റ് ഗൊരേത്തി ദൈവാലയത്തില്‍ നടന്ന കരിസ്മാറ്റിക് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. കൂട്ടുകാരന്റെ നിത്യവുമുള്ള തലവേദന മാറിക്കിട്ടുമോയെന്നറിയാന്‍ അയാളോടൊപ്പം ധ്യാനത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. എന്നാല്‍ ക്ലാസുകളിലൊന്നും മനസ് ഏകാഗ്രമായില്ല. അതിനാല്‍ തിരിച്ച് മടങ്ങി.
പക്ഷേ ഉള്ളിന്റെ ഉള്ളില്‍നിന്ന് ആരോ പറയുംപോലെ. ഒന്നുകൂടി പള്ളിയില്‍ പോകണം. അങ്ങനെ വീണ്ടും പോള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിന് വേണ്ടി പോയി.
ഒന്നുരണ്ട് ക്ലാസുകള്‍ ശ്രദ്ധിച്ചപ്പോള്‍ മനസിനും ശരീരത്തിനും വല്ലാത്ത കുളിര്‍മ്മ. കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നതുപോലെ. അന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ശാന്തതയാല്‍ ഹൃദയം നിറഞ്ഞു. പിറ്റേന്നും വര്‍ധിച്ച ആവേശത്തോടെ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനായി പോയി. വര്‍ഷങ്ങളായി തിരഞ്ഞു നടന്ന സത്യം ക്രിസ്തുവാണെന്ന് ഹൃദയത്തിലിരുന്ന് ആരോ ഉറക്കെ പറയുന്നതുപോലെ. ആ ക്രിസ്തുവിനുവേണ്ടി സര്‍വസവും അടിയറവു വച്ചു.
അന്ന് ഞാന്‍ ഒരു തീരുമാനമെടുത്തു. യേശുവിനുവേണ്ടി ജീവിക്കുമെന്ന്. ജീവിതം എത്രമാത്രം ലളിതമാക്കാമോ അത്രയും ലളിതമാക്കി. മത്സ്യമാംസാദികള്‍ പാടെ ഉപേക്ഷിച്ചു. യേശുവിനുവേണ്ടി നിത്യബ്രഹ്മചാരിയായിരിക്കുമെന്ന് വാക്കുകൊടുത്തു; പോള്‍ പറയുന്നു.
എന്റെ ഈ മാറ്റം ആദ്യമൊന്നും ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. പ്രതീക്ഷിച്ചതുപോലെ തന്നെ എല്ലാവരിലുംനിന്ന് കടുത്ത എതിര്‍പ്പുയര്‍ന്നു. നാട്ടുകാരെല്ലാം വല്ലാതെ അകന്നതുപോലെ തോന്നി. തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലും അലൗകികമായ ഒരു ശാന്തത എന്നെ പൊതിഞ്ഞുനിന്നു. ഉള്ളില്‍ ആത്മസന്തോഷവും.
വേദനിക്കുന്ന ഓരോ വ്യക്തിയിലും ക്രിസ്തുവിനെ കണ്ടെത്തണമെന്ന ചിന്തയാണ് മനസില്‍ നിറഞ്ഞത്. അതിനുളള വഴികള്‍ തേടി. സഹായം ആവശ്യമായ അനേകര്‍ ആശുപത്രികളില്‍ രോഗികളായി കഴിയുന്നുണ്ടെന്ന് മനസിലായി. അവര്‍ക്ക് ഭക്ഷണമുണ്ടാക്കിക്കൊടുക്കാനാണ് ആദ്യം ആഗ്രഹിച്ചത്. ആരോരുമില്ലാതെ ആശുപത്രികളില്‍ ഒറ്റപ്പെട്ട അവസ്ഥകളില്‍ കഴിയുന്നവര്‍ക്ക് സഹായത്തിന് കൂട്ടിരിക്കാനും ശ്രമിച്ചു. ഈ സമയത്ത് അവരോട് ക്രിസ്തുവിന്റെ സ്‌നേഹത്തെക്കുറിച്ച് പറയാമല്ലോ.
പഠിക്കാന്‍ നിവൃത്തിയില്ലാത്ത കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എത്തിച്ചുകൊടുക്കാനും വീട് തകര്‍ന്ന് ദുരിതത്തിലായവരെ സഹായിക്കാനും ദൈവം എന്നെ ഉപകരണമാക്കി. സഹായം ആവശ്യപ്പെട്ട് ആര് വിളിച്ചാലും ഓടിയെത്തണമെന്നാണ് ആ നാളുകളില്‍ കിട്ടിയൊരു സന്ദേശം; ആദ്യകാല അനുഭവങ്ങള്‍ പോള്‍ ഓര്‍മിച്ചെടുത്തു.
”ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തത്” (മത്താ. 25:40). ഓരോ പ്രവൃത്തി ചെയ്യുമ്പോഴും ക്രിസ്തുവിന്റെ ഈ വചനമാണ് എന്റെ മനസില്‍ ഓടിയെത്തുന്നത്.
”ഗോപിയെന്നായിരുന്നു എന്റെ പേര്. എന്നാല്‍ ക്രിസ്തുവിനെ അറിഞ്ഞ നിമിഷം മുതല്‍ ഞാന്‍ പൗലോസായി. വചനത്തിലെ വിശുദ്ധ പൗലോസിന്റെ തീക്ഷ്ണത എന്നെ വല്ലാതെ അസ്വസ്ഥനാക്കും. ഓരോ പ്രഭാതത്തിലും ഈ തീക്ഷ്ണതയിലേക്ക് എന്നെ നയിക്കണമേ എന്നാണ് ഞാന്‍ ഹൃദയമുരുകി പ്രാര്‍ത്ഥിക്കുന്നത്.
ക്രിസ്ത്യാനികളെ പീഡിപ്പിച്ചവനായിരുന്നല്ലോ സാവൂള്‍. ഞാന്‍ വാക്കാല്‍ ക്രിസ്തുവിനെ പീഡിപ്പിച്ചവനും. മൂന്നു വര്‍ഷം അതിശക്തമായ രീതിയില്‍ ക്രിസ്തുവിനെ എതിര്‍ത്ത് സംസാരിച്ചവന്‍. എന്നാല്‍ ക്രിസ്തുവിനെ അറിഞ്ഞ നിമിഷം മുതല്‍ പതിന്മടങ്ങ് തീവ്രതയില്‍ ക്രിസ്തുവിനെ ലോകത്തിന് വെളിപ്പെടുത്തണമെന്നാണ് എന്റെ ആഗ്രഹം. പോള്‍ എന്ന പേര് ഞാന്‍ സ്വീകരിച്ചു. മാമോദീസ മുക്കിയ ജര്‍മന്‍ വൈദികനായ വില്യം ഫെര്‍ണാണ്ടസ് ആണ് മിഷേല്‍ എന്ന പേരുകൂടി കൂട്ടിച്ചേര്‍ത്തത്. അങ്ങനെ പോള്‍മിഷേല്‍ ആയി.
ആദ്യം പറഞ്ഞതുപോലെ ഞാന്‍ കത്തോലിക്കാ വിശ്വാസിയായി എന്ന് കേട്ടപ്പോള്‍ ഒരുപാട് പേര്‍ അകന്നുപോയിരുന്നു അവര്‍ക്കെന്നോട് കടുത്ത വിദ്വേഷവും അവിശ്വാസവുമായിരുന്നു. പിന്നീട് എന്റെ ഓരോ പ്രവൃത്തിയും കണ്ടപ്പോള്‍ മനസിലായി, ഞാന്‍ ചെയ്യുന്നത് സ്വാര്‍ത്ഥതയല്ലെന്ന്. ഏതു പ്രവൃത്തി ചെയ്താലും പ്രതിഫലമായി ആരില്‍നിന്നും ഒന്നുംതന്നെ വാങ്ങാറില്ലെന്ന്. അത് അവരുടെ ഹൃദയത്തെ സ്പര്‍ശിച്ചിട്ടുണ്ടാകണം.
എല്ലാ അര്‍ത്ഥത്തിലും ക്രിസ്തുവിനെ പ്രഘോഷിക്കുക എന്നതാണ് എന്റെ ദൗത്യമെന്ന് ആത്മീയ നേതൃത്വത്തില്‍ നിന്നും എനിക്ക് ബോധ്യപ്പെട്ടു. പരിശുദ്ധ അമ്മയെക്കുറിച്ചുള്ളതുള്‍പ്പെടെ ആറ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും ധ്യാനപ്രസംഗങ്ങളും ക്ലാസുകളും നടത്തുവാനുമെല്ലാം ദൈവം എന്നെ ഒരുക്കി. അറിയുംതോറും കൂടുതല്‍ കൂടുതല്‍ അറിയേണ്ടവനാണ് ക്രിസ്തു എന്ന ബോധ്യം എനിക്കുണ്ട്. അതുകൊണ്ട് എന്നും ഞാന്‍ ക്രിസ്തുവിനെ പഠിക്കുകയാണ്. ആ അറിവ് നിരന്തരം മറ്റുള്ളവരിലേക്ക് പകര്‍ത്തുന്നുമുണ്ട്.” അദേഹം ഒന്നുനിര്‍ത്തിയിട്ട് തുടര്‍ന്നു.
”ദൈവത്തിന്റെ വ്യവസ്ഥയില്ലാത്ത കരുണയും സ്‌നേഹവും – അതാണെന്നെ നിത്യം നയിക്കുന്നത്. ഓട്ടങ്ങള്‍ പരമാവധി ഇന്ന് കുറച്ചിരിക്കുന്നു. കൂദാശകളില്‍ അതിയായ വിശ്വാസത്തോടെ ക്രിസ്തുവിന്റെ ജീവന്‍ നിറഞ്ഞുനില്‍ക്കുന്ന പരിശുദ്ധ കുര്‍ബാന സ്വീകരിച്ച് എന്റെ ഓട്ടങ്ങളിന്ന് ഞാന്‍ തുടരുന്നു.
”സഭയുടെ ആര്‍ദ്രമായ കരുണയും സ്‌നേഹവും പരിശുദ്ധ കുര്‍ബാനയിലൂടെ നമ്മിലേക്കൊഴുകുന്നത് എനിക്കറിയാം. ഇതിനിടയില്‍ സഹനങ്ങള്‍, വേദനകള്‍, അവഗണനകള്‍ ഒക്കെ ഉണ്ടാകുന്നുമുണ്ട്. ഓരോന്നിനെയും അതിജീവിച്ച് കഴിയുമ്പോള്‍ ദൈവസ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് നമ്മള്‍ ഇറങ്ങിച്ചെല്ലുന്നു. ദിവ്യകാരുണ്യം സാന്ത്വനമായി, സമാധാനമായി നമ്മില്‍ നിറഞ്ഞുനില്‍ക്കും.
1998 മുതല്‍ മലങ്കര ഇടവക ദൈവാലയത്തില്‍ ധ്യാനം, അരൂര്‍ റേഡിയോ മരിയ ഇന്ത്യയില്‍ വെള്ളിയാഴ്ച 11 മണി മുതല്‍ 12 മണിവരെ വചനശുശ്രൂഷ, ചാരുംമൂട് സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍ പീഡാനുഭവ ധ്യാനം, ഡീക്കന്മാര്‍ക്കും സിസ്റ്റേഴ്‌സിനുമായി ക്ലാസുകള്‍, പഞ്ചാബിലെ കത്തോലിക്കാ വിശ്വാസികള്‍ക്കായി മരിയന്‍ ധ്യാനം. ഇങ്ങനെ 1998 മുതല്‍ പത്തുവര്‍ഷം പ്രസംഗങ്ങളും ധ്യാനക്ലാസുകളുമായിമുന്നോട്ട് പോയി. പോളിന്റെ വാക്കുകളില്‍ സംതൃപ്തി.
താന്‍ രുചിച്ചറിഞ്ഞ ക്രിസ്തുവിനെ തന്റെ ഓരോ ശ്വാസത്തില്‍ക്കൂടിയും മറ്റുള്ളവരിലേക്കെത്തിക്കുവാന്‍ തത്രപ്പെടുകയാണ് ഈ ഏകാന്തപഥികന്‍. ചെരുപ്പ് ധരിക്കാറില്ല. വെറും തറയിലാണ് ഉറക്കം. പരിശുദ്ധ കുര്‍ബാന ജീവന്റെ താളമായി കൊണ്ടുനടക്കുന്നു. വിശ്വാസത്തിന്റെയും ലാളിത്യത്തിന്റെയും സേവനത്തിന്റെയും ആള്‍രൂപമായി മാറിയിരിക്കുന്ന പോളിന്റെ ജീവിതം നമ്മുടെ ഹൃദയങ്ങളെയും നവീകരിക്കട്ടെ!~

ജെസി അലക്‌സ്, ആലപ്പൂഴ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?