Follow Us On

01

December

2020

Tuesday

യുവജനത്തിന് മൂന്ന് പേപ്പൽ ആഹ്വാനം

യുവജനത്തിന് മൂന്ന് പേപ്പൽ ആഹ്വാനം

അർജന്റീനിയൻ ദേശീയ യുവജന സംഗമത്തിന് വീഡിയോയിലൂടെ ഫ്രാൻസിസ് പാപ്പ നൽകിയ സന്ദേശം ലോകജനതയ്ക്ക് ഒന്നടങ്കമുള്ള ആഹ്വാനമാണ്. ആർജവത്തോടെ പാപ്പ പങ്കുവെച്ചത് സാന്നിധ്യം, കൂട്ടായ്മ, ദൗത്യം എന്നിങ്ങനെ മൂന്നു കാര്യങ്ങളാണ്. പ്രസ്തുത ആഹ്വാനത്തിന്റെ പ്രസക്ത ഭാഗങ്ങൾ.

പ്രധാനം സാന്നിധ്യം

ചരിത്രത്തിൽ ജീവിക്കുകയും തന്റെ സാന്നിധ്യം ലോകത്തെ അറിയിക്കുകയും ചെയ്ത ക്രിസ്തു യുവജനങ്ങളുടെ ജീവിതത്തിൽ സന്നിഹിതനാണ്. നാം അവിടുത്തെ അറിഞ്ഞില്ലെങ്കിലും മറന്നുപോയാലും അവിടുന്നു നമ്മെ കൈവെടിയില്ല. യേശുവിനെ വിട്ടകന്നുപോയ എമാവൂസിലെ രണ്ടു ചെറുപ്പക്കാരുടെ പക്കലേയ്ക്ക് ക്രിസ്തു അന്വേഷിച്ചു ചെന്ന സംഭവം അനുസ്മരിക്കുക. ഭീരുക്കളായവർക്ക് അവിടുന്ന് ധൈര്യവും വെളിച്ചവും നൽകി. അവിടുന്ന് അവർക്ക് സ്‌നേഹസാന്ത്വനമായി.

എവിടെയും ‘സ്‌നേഹസംസ്‌ക്കാരം’ വളർത്താൻ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. അവിടുന്ന് ഒരു സഹോദരനായി നമ്മിൽ വസിക്കുന്നു, മാംസം ധരിക്കുന്നു. അതിനാൽ പ്രാർത്ഥനയിലും കൂദാശകളിലും വചനത്തിലും അവിടുത്തെ നാം കണ്ടെത്തണം. അവിടുത്തേക്കായി കുറച്ചു സമയം മാറ്റിവെക്കണം, നാം നിശബ്ദതയിൽ അവിടുത്തെ ശ്രവിക്കണം. യേശുവിനെ ശ്രവിക്കുവോളം ഒരു പ്രശാന്തതയും ആന്തരിക നിശബ്ദതയും പാലിക്കാൻ സാധിക്കുന്നുണ്ടോയെന്ന് ആത്മശോധനചെയ്യാം. അത് അത്ര എളുപ്പമല്ല. എന്നാൽ, പരിശ്രമിച്ചാൽ നമുക്കത് സാധിക്കും.

ജീവിതപരിസരത്ത് നന്മയുടെ മാറ്റങ്ങൾ കാണാതെ വിഷമിക്കുകയും നിരാശനാവുകയും പ്രത്യാശ നഷ്ടപ്പെടുകയും ചെയ്യുമ്പോൾ ഓർക്കുക, എമ്മാവൂസിലെ ശിഷ്യന്മാരുടെ പക്കൽ എന്നപോലെ ക്രിസ്തു നിങ്ങളുടെ സമീപമുണ്ട്. ചില സംഭവങ്ങൾ നമ്മെ ജീവിതത്തിൽ തകർക്കുന്നു, ഇരുട്ടറയുടെ അന്ത്യത്തിൽ വെളിച്ചം കാണാനാവാത്തപോലെ. എന്നാൽ, യേശുവിനെ കണ്ടെത്തുമ്പോൾ ജീവിതത്തിൽ കൃപ ലഭിക്കുന്നു.

ചാരത്തെത്തുന്ന നല്ല സമറിയക്കാരനെപ്പോലെയാണ് അവിടുന്ന്. അവിടുത്തെ കൃപാസ്പർശം നമുക്ക് പുതുജീവൻ തരുന്നു. ക്രിസ്തുവോട് ചേർന്നാൽ നമ്മുടെ ചരിത്രത്തെ നവീകരിക്കാനാകും. ഇത് അവിശ്വസനീയമെന്ന് നിങ്ങൾ പറഞ്ഞേക്കാം. എന്നാൽ, നസ്രത്തിലെ യുവതി, മേരി തന്റെ ജീവിതത്തിന്റെ ഗതി മാറ്റിയെഴുതിയില്ലേ? ലഭിച്ച കൃപാസ്പർശത്താൽ അവൾ ചരിത്രം മാറ്റിയെഴുതിയില്ലേ?

പാവങ്ങളെയും ആവശ്യത്തിലായിരിക്കുന്നവരെയും കണ്ടെത്തി സഹായിക്കുന്ന നല്ല സമറിയക്കാരൻ ക്രിസ്തുവാണ്. പാവങ്ങളിൽ അവിടുത്തെ മുഖം ദർശിച്ച് അവരെ സഹായിക്കാൻ ഇന്ന് യുവജനങ്ങളായ നിങ്ങൾക്കും എനിക്കും സാധിച്ചാൽ യേശുവിനെപ്പോലെ നാമും നല്ല സമറിയക്കാരനായിത്തീരും. അങ്ങനെ ജീവിതം കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും അനുയാത്രയാവട്ടെ. ഈ കാഴ്ചപ്പാട് നമ്മെ സൗഖ്യപ്പെടുത്തും; മറ്റുള്ളവർക്ക് സൗഖ്യം പകരാനും നമ്മെ പ്രചോദിപ്പിക്കും.

സഹോദരങ്ങൾക്ക് സൗഖ്യം പകരാൻ വിളിക്കപ്പെട്ടവരാണ് നാം. അവരെ അടുത്തറിഞ്ഞ് അവരെ കൈപിടിച്ച് ഉയർത്തേണ്ടതാണ്. അതിന് നാം അവർക്ക് ഒരു സ്‌നേഹസാന്നിധ്യമാവണം, അവരെ അടുത്തറിയണം. നല്ല സമറിയക്കാരന്റെ മനോഭാവം ഉൾക്കൊള്ളാൻ നാം ക്രിസ്തുവുമായി വ്യക്തിജീവിതത്തിൽ കൂടിക്കാഴ്ച നടത്തണം. പ്രാർത്ഥനയിലും ആരാധനയിലും സർവോപരി വചനത്തിലും അവിടുത്തെ ശ്രവിക്കാം. പോക്കറ്റിലോ ബാഗിലോ ഒരു ചെറിയ ബൈബിൾ നാം കരുതണം. സമയം കിട്ടുമ്പോൾ യാത്രയിലാണെങ്കിലും നമുക്ക് വചനം വായിക്കാം. നമ്മുടെ ജീവിതത്തെ അതു സ്പർശിക്കും, മാറ്റിമറിക്കും.

വളരണം കൂട്ടായ്മ

ഒറ്റയ്ക്കല്ല നാം ജീവിതകഥ രചിക്കുന്നത്. നമ്മുടെ ജീവിതകഥാവിഷ്‌ക്കാരത്തിൽ മറ്റു കഥാപാത്രങ്ങളുമുണ്ട്. ചരിത്രം കുറിക്കുന്ന ഒരു ജനസമൂഹമാണു നാം. അതിനാൽ നാം ഒരു സമൂഹവുമാണ്. നാം ഒരു സഭയാണ്, ദൈവജനമാണ്. കുട്ടികളും പ്രായമായവരും, രോഗികളും ആരോഗ്യമുള്ളവരും, അംഗവൈകല്യമുള്ളവരും പാപികളും പരിത്യക്തരും പാർശ്വവത്ക്കരിക്കപ്പെട്ടവരുമെല്ലാം സഭയുടെ വൈവിധ്യമാർന്ന മുഖങ്ങളാണ്. യേശുവോടൊപ്പം കന്യകാനാഥയും വിശുദ്ധരും സഭയെ അനുധാവനംചെയ്യുന്നുണ്ട്. അതിനാൽ സധൈര്യം നമുക്കു മുന്നേറാം, ഇന്നിന്റെ ചരിത്രം പുനരാവിഷ്‌ക്കരിക്കാം.

യേശുവിന് നിങ്ങളിലും എന്നിലും പ്രതീക്ഷയുണ്ട്, നമ്മിൽ അവിടുന്നു പ്രത്യാശയർപ്പിക്കുന്നുണ്ട്. ചരിത്രത്തിലെ സവിശേഷമായ കാലഘട്ടമാണിത്. ബിഷപ്പുമാരുടെ സിനഡുസമ്മേളനം സഭ വിളിച്ചുകൂട്ടുകയാണ്. ഒക്ടോബറിൽ സംഗമിക്കുന്ന സിനഡിന്റെ പ്രതിപാദ്യവിഷയം യുവജനങ്ങളാണ്. യുവജനങ്ങളുടെ പങ്കാളിത്തവും അഭിപ്രായങ്ങളും സഭ ഈ സിനഡിൽ പ്രതീക്ഷിക്കുന്നുണ്ട്. സിനഡിന് മുന്നോടിയായി റോമിൽ സമ്മേളിച്ച യുവജനസംഗമത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേർ നേരിട്ടും സാമൂഹ്യസമ്പർക്ക മാധ്യമങ്ങളിലൂടെയും പങ്കെടുത്ത് അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഈ അഭിപ്രായ ശേഖരം സിനഡിൽ എത്തിപ്പെടും.

യുവജനങ്ങൾക്കായുള്ള ആഗോളസഭയുടെ സിനഡിലെ സജീവ പങ്കാളികളും പ്രയോക്താക്കളുമായിരിക്കാൻ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുന്നു. മാറി നിൽക്കരുത്. ഹൃദയം തുറക്കുക! നിങ്ങൾ ചിന്തിക്കുന്നത് തുറവോടെ പങ്കുവെക്കുക. നിങ്ങൾ പിൻവലിയരുത്. നാം ജീവിക്കുന്നതിൽ തന്നെ ഈ വ്യത്യാസമുണ്ട്. അതിനാൽ ജീവിക്കുന്ന രീതി തന്നെ, സ്വതന്ത്രമായി നമുക്ക് പങ്കുവെക്കാം. നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും കേൾക്കാനും നിങ്ങളോടു സംവദിക്കാനും കൂട്ടായ്മയുടെ നവമായ രീതികൾ നിങ്ങളിൽനിന്ന് ആരായാനും പാപ്പ ആഗ്രഹിക്കുന്നുണ്ട്. അതുവഴി വിശ്വാസത്തെ നവീകരിക്കാം, നമ്മുടെ സുവിശേഷവത്ക്കരണ ദൗത്യത്തെ കാലികമായി പുനരാവിഷ്‌ക്കരിക്കാം.

കംപ്യൂട്ടർ, മൊബൈൽഫോൺ എന്നിങ്ങനെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സമയാസമയങ്ങളിൽ അപ്‌ഡേറ്റ് ചെയ്യണമെന്ന് യുവജനങ്ങൾക്ക് നന്നായി അറിയാം.അതുപോലെ, സുവിശേഷത്തിന്റെ വെളിച്ചത്തിൽ ക്രിസ്തുവുമായുള്ള ബന്ധവും നവീകരിക്കപ്പെടണം. വായിച്ചു ധ്യാനിക്കേണ്ട വചനം ഇന്നത്തെ ലോകത്തെ വീക്ഷിക്കാനുള്ള ശരിയായ കാഴ്ചപ്പാടു നിങ്ങൾക്കു നൽകും, ഒപ്പം നമ്മുടെ കൂട്ടായ ജീവിതദൗത്യത്തെക്കുറിച്ചുള്ള നല്ല കാഴ്ചപ്പാടും പകരും.

അടിസ്ഥാന ദൗത്യം

സാന്നിധ്യം, കൂട്ടായ്മ എന്നീ വാക്കുകളെക്കുറിച്ചു നാം മനസിലാക്കി. മൂന്നാമത്തെ വാക്യമായ ‘ദൗത്യ’ത്തിലേയ്ക്ക് കടക്കാം. ലക്ഷ്യപ്രാപ്തിക്കായി ഇറങ്ങിപ്പുറപ്പെടുന്ന ഒരു സഭാസമൂഹത്തിന്റെ ഭാഗമാണ് നാം. അപരനോടു സംവദിക്കാനും അവനെ കേൾക്കാനുമുള്ള തുറവിയും കരുണയുമുള്ള സമരായന്റെ സഭയാണിത്. ഇവിടെ ക്രിസ്തു നമ്മെ വിളിച്ച്, നിയോഗിച്ച് അയക്കുന്നത് സകലരോടും അടുക്കാനും അവരെ സ്‌നേഹിക്കാനുമാണ്. നിങ്ങൾ പോയി സകല ജനതകളെയും ശിഷ്യപ്പെടുത്തുക എന്നാണ് സുവിശേഷം ഉദ്‌ബോധിപ്പിക്കുന്നത്.

അതിനാൽ പോവുക, ഭയപ്പെടേണ്ട. ചഞ്ചലമാകുന്നതും സമീകരിക്കാനാവാത്തതുമായ മനസ് യുവജനങ്ങളുടേതാണ്. എന്നാൽ, നിങ്ങൾ അതിനെതിരെ പോരാടണം. തീരുമാനങ്ങളിൽ ഉറച്ചു നിൽക്കണം, ജീവിതത്തിന്റെ ജാലകങ്ങളിൽ അലസമായി നോക്കിനിൽക്കരുത്. ക്രിസ്തുവി
ന്റെ കുപ്പായവും പാദരക്ഷയും അണിഞ്ഞ് അവിടുത്തെ ആദർശങ്ങൾ ജീവിക്കാൻ ഒരുങ്ങുക. പരിത്യക്തരായ സഹോദരങ്ങളുടെ മുറിവുണക്കാൻ, വേദനക്കുന്നവരിൽ പ്രത്യാശ പകരാൻ ഇറങ്ങിപ്പുറപ്പെടാം. അങ്ങനെ നമ്മുടെ ചരിത്രം തന്നെ തിരുത്തി എഴുതാം, നവീകരിക്കാം!

യുവജനങ്ങളേ, ഭാവി നിങ്ങളുടെ കൈകളിലാണ്. കാരണം മുതിർന്നവർ കടന്നുപോകും, യുവജനങ്ങൾ ജീവിതം തുടരുന്നു. എന്നാൽ, നല്ല ഭാവിക്ക് അടിത്തറ ആവശ്യമാണ്. ‘മരം പൂവണിയുന്നത് വേരൂന്നി നിലക്കുന്നതിനാലാണ്,’ എന്ന് കുറിച്ച അർജന്റീനയുടെ കവി ബെർണാർദെസിന്റെ കവിത ഓർക്കാം. അതിനാൽ, രാഷ്ട്രത്തിന്റെയും കുടുംബത്തിന്റെ വേരുകൾ മറക്കരുത് കാരണവന്മാരെ മറക്കരുത്. ചരിത്രം മറക്കരുത്. വേരുകളിൽനിന്നും നമ്മുടെ ഭാവി കരുപ്പിടിപ്പിക്കാം. നമ്മുടെ രാഷ്ട്രത്തിന്റെ യോദ്ധാക്കൾ കടന്നുപോയി.. അവർ ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.

പരിശുദ്ധ കന്യകാമറിയത്തിലേക്ക് തിരിയാൻ ഞാൻ യുവജനങ്ങളെ ക്ഷണിക്കുന്നു. തന്റെ തിരുക്കുമാരനോട് എപ്രകാരം ചേർന്നുനിൽക്കണമെന്ന്, ജപമാല രഹസ്യങ്ങളിലൂടെ പരിശുദ്ധ അമ്മ പ~ിപ്പിക്കുന്നു. സ്‌നേഹസാമീപ്യത്തിന്റെയും ലാളിത്യത്തിന്റെയും അമ്മ തന്നെ തേടുന്നവരെ കാത്തുപാലിക്കട്ടെ. യുവജനങ്ങളുടെ വിശ്വാസജീവിതത്തിന് ഈ അമ്മ മാതൃകയാവട്ടെ, അമ്മ നിങ്ങളുടെ ഗുരുനാഥയാവട്ടെ. നിങ്ങളുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും കന്യകാനാഥയും യേശുവും നയിക്കട്ടെ.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?