Follow Us On

30

November

2020

Monday

കുമ്പസാരം വിശുദ്ധം: ജല്പ്പനങ്ങൾ അരുത്

കുമ്പസാരം വിശുദ്ധം: ജല്പ്പനങ്ങൾ അരുത്

വിശുദ്ധ കൂദാശയായ കുമ്പസാരം നിറുത്തലാക്കണമെന്ന ദേശീയവനിതാ കമ്മീഷൻ അധ്യക്ഷ ശുപാർശചെയ്ത പശ്ചാത്തലത്തിൽ, വിശ്വാസീസമൂഹം മാത്രമല്ല, ഇതര വിശ്വാസികളും അറിയാൻ ചില കാര്യങ്ങൾ പങ്കുവെക്കുന്നു തലശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംബ്ലാനി.

ദേശീയവനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ കുമ്പസാരം എന്ന കൂദാശയെക്കുറിച്ച് നടത്തിയ പരാമർശം അത്യന്തം അപലപനീയമാണെന്ന് പറയാതെ വയ്യ. ക്രൈസ്തവർ പാരമ്പര്യമായി ആചരിക്കുന്ന വിശുദ്ധ കുമ്പസാരം എന്ന കൂദാശ നിർത്തലാക്കണമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രിയോടും പ്രധാനമന്ത്രിയോടും ശുപാർശ ചെയ്യുക എന്ന ഹീനകൃത്യമാണ് അവർ ചെയ്തത്. ഇത് ക്രൈസ്തവ വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണ്. തീർച്ചയായും ഇതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് സഭ സംശയിക്കുന്നു.
ഒന്നാമതായി, കുമ്പസാരം എന്ന കൂദാശയെക്കുറിച്ച് യാതൊന്നും അറിയില്ല എന്നതാണ് അഭിപ്രായ പ്രകടനങ്ങളിൽനിന്ന് മനസിലാകുന്നത്. ഏതോ വ്യഭിചാര സംബന്ധമായ വിഷയങ്ങൾ വൈദികനോട് രഹസ്യമായി ഏറ്റുപറയുന്ന കർമം എന്ന നിലയിലാണ് അവർ കുമ്പസാരത്തെ കാണുന്നതെന്ന് തോന്നുന്നു. ഭരണഘടനാപരമായി ഉന്നതസ്ഥാനത്തിരിക്കുന്നൊരു വ്യക്തി അഭിപ്രായം പറയുമ്പോൾ അതെക്കുറിച്ച് വസ്തുനിഷ്~മായി അന്വേഷിക്കണം. ആ ഉത്തരവാദിത്വം അവർ നിറവേറ്റിയില്ല എന്ന കാര്യം പകൽപോലെ വ്യക്തം.എങ്ങനെ നോക്കിയാലും കുമ്പസാരത്തെക്കുറിച്ചുള്ള വനിതാ കമ്മീഷൻ അധ്യക്ഷയുടെ അഭിപ്രായ പ്രകടനം കാര്യങ്ങൾ പ~ിക്കാതെയുള്ള അബദ്ധ ജല്പ്പനമായിമാത്രമേ കാണാൻ കഴിയൂ.
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം കുമ്പസാരം എന്ന കൂദാശ രക്ഷയുടെ വാതായനമാണ്. രക്ഷകനും നാഥനുമായ ഈശോ കാൽവരിയിലെ കുരിശിൽ മനുഷ്യകുലത്തിനുവേണ്ടി നേടിത്തന്ന രക്ഷ ഇന്ന് നാം അനുഭവിക്കുന്നത് കുമ്പസാരം എന്ന കൂദാശയിലൂടെയാണ്. പാപത്താൽ മലിനമായ ആത്മാവിനെ വിമലീകരിച്ച് രക്ഷകന്റെn തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പുതിയ സൃഷ്ടിയാക്കുന്ന മഹാത്ഭുതമാണ് കുമ്പസാരത്തിലൂടെ നടക്കുന്നത്. കുമ്പസാരക്കൂടിന്റെ അപ്പുറവും ഇപ്പുറവും സ്വർഗവും നരകവുമാണ്. കുമ്പസാരക്കൂടിന്റെ നേർത്ത വലയ്ക്ക് ഇപ്പുറത്ത്, നരകത്തിൽ പോകാമായിരുന്നൊരാത്മാവിനെ ദൈവം സ്വർഗത്തിലെത്തിക്കുന്നൊരു മഹാത്ഭുതമാണ് കുമ്പസാരം.
കത്തോലിക്കാ സഭയുടെ നാളിതുവരെയുമുള്ള ചരിത്രം പരിശോധിച്ചാൽ എത്രയോ ആയിരംകോടി മനുഷ്യർ കുമ്പസാരം എന്ന കൂദാശ സ്വീകരിച്ചു, കുമ്പസാരത്തിന്റെ രക്ഷാകരഫലങ്ങൾ അനുഭവിച്ചു. തളർന്നതും തകർന്നതുമായ ഹൃദയവുമായി കുമ്പസാരക്കൂടിനെ സമീപിച്ച എത്രയോ മനുഷ്യർ വിമലീകരിക്കപ്പെട്ട അനുഭവവുമായി തിരികെപോയി. ഇതാണ് കുമ്പസാരത്തെ മനസിലാക്കിയ ഓരോ വിശ്വാസിയുടെയും അനുഭവം. പക്ഷേ, ഇവിടെ സംഭവിച്ചിരിക്കുന്നത് ഈ കുമ്പസാരത്തെ ശരിയായി മനസിലാക്കാത്ത ഒരു വ്യക്തി ഈ പരിശുദ്ധ കൂദാശയെക്കുറിച്ച് അസ്ഥാനത്ത്, അവിവേകം നിറഞ്ഞ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നു എന്നതാണ്.
ഇന്ത്യൻ പീനൽകോഡ് അനുസരിച്ച്  ഐ.പി.സി 153 ‘എ’ വകുപ്പ് പ്രകാരവും 295 ‘എ’ വകുപ്പ് പ്രകാരവും ക്രിമിനൽകുറ്റമാണ് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ ചെയ്തിരിക്കുന്നതെന്ന് കാണാം. കാരണം, ഒരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ മതവിഭാഗത്തിന്റെയോ വിശ്വാസത്തെ ബോധപൂർവം തേജോവധം ചെയ്യണമെന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രസ്താവനകളും അതിനായി നടത്തുന്ന കരുനീക്കങ്ങളും ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച് ശിക്ഷാർഹമായ കുറ്റകൃത്യമാണ്. ഈ രാജ്യത്ത് ഒരു നിയമവ്യവസ്ഥിതി നിലവിലുണ്ടെങ്കിൽ ഈ ചെയർപേഴ്‌സണെ പ്രസ്തുത സ്ഥാനത്തുനിന്ന് മാറ്റുകമാത്രമല്ല അവർക്കെതിരായി ക്രിമിനൽ നടപടി സ്വീകരിക്കാൻ ഏറ്റവും വേഗത്തിൽ ഭരണകൂടം ശ്രദ്ധിക്കേണ്ടതുണ്ട് എന്നതാണ് സഭയുടെ അഭിപ്രായം.
രണ്ടാമതായി, നാം മനസിലാക്കിയത് ഇവിടെ ചില ഒറ്റപ്പെട്ട വീഴ്ചകൾ ചില വൈദികരുടെ ഭാഗത്ത് സംഭവിച്ചതായുള്ള ആരോപണങ്ങളാണ്. ഈ ആരോപണങ്ങളെ പൂർണമായും അംഗീകരിച്ച് ആ ആരോപണത്തിന്മേൽ വിധിപ്രസ്താവമാണ് ദേശീയ വനിതാ കമ്മീഷൻ നടത്തിയിരിക്കുന്നത്. അപ്രകാരമായിരുന്നു കാര്യങ്ങളെങ്കിൽ ഈ നാട്ടിൽ പൊലീസോ നീതിന്യായ വ്യവസ്ഥയോ ഒന്നും ആവശ്യമില്ലല്ലോ. ഏതുകാര്യത്തെക്കുറിച്ചും വിധിപറയാൻ ഒരുവനിതാകമ്മീഷൻ മാത്രം മതി. ഇവിടെ സംഭവിച്ചത് കോടതിയിൽ കേസ് എത്തുംമുമ്പേ വനിതാകമ്മീഷൻ വിധിപറയുകയും കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു എന്നതാണ്. ഇത് നീതിന്യായ വ്യവസ്ഥയോടുള്ള അവഹേളനം കൂടിയാണ്.
മൂന്നാമതായി, ഈ അഭിപ്രായ പ്രകടനത്തിലെ വീഴ്ച എന്ന് പറയുന്നത് ഏതെങ്കിലും വ്യക്തികൾക്ക് ഒറ്റപ്പെട്ടതായി സംഭവിച്ചുവെന്ന് പറയുന്ന കുറവുകളെ ഒരു സമുദായത്തിന്റെ വിശ്വാസത്തെ മുഴുവനും താറടിക്കാൻ ഉപയോഗിച്ചിരിക്കുന്നു എന്നതാണ്. ഗാർഹികപീഡനം നടക്കുന്നുവെന്ന കാരണത്താൽ കുടുംബജീവിതവും വിവാഹവും നിരോധിക്കണമെന്ന് പറയാൻ കഴിയുമോ? ഭർത്താക്കന്മാരുടെ മർദനമുറകൾക്ക് ഭാര്യമാർ ഇരയാകാറുണ്ട്. ഇതിന്റെ പേരിൽ കുടുംബജീവിതം നിരോധിക്കണമെന്നോ ഭാരതത്തിലെ സ്ത്രീകൾ ഇനിമേൽ വിവാഹം കഴിക്കരുതെന്നോ കൽപ്പിക്കുമോ? വിദ്യാർത്ഥിനികളെ അധ്യപകർ ചൂഷണം ചെയ്ത കഥകൾ പത്രങ്ങളിൽ വരാറില്ലേ? ഇക്കാരണത്താൽ ഇവിടുത്തെ സ്ത്രീ വിദ്യാഭ്യാസം തന്നെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് ഉത്തരവിടുമോ?
കമ്മീഷന്റെ അഭിപ്രായ പ്രകടനം എത്ര കണ്ട് ബാലിശവും അവിവേകവുമാണെന്ന് ബോധ്യപ്പെടാൻവേണ്ടിയാണ് ഈ ഉദാഹരണങ്ങൾ നിരത്തിയത്. സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യമെങ്കിൽ ആ ഉദ്ദേശ്യശുദ്ധിയെ മാനിക്കാനും നിങ്ങൾക്കൊപ്പം നിൽക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഏതെങ്കിലും വൈദികർ, കുമ്പസാരക്കൂട് ദുരുപയോഗിച്ചതായി തെളിയിക്കപ്പെട്ടാൽ ആ വൈദികരെ മാതൃകാപരമായി ശിക്ഷിക്കാനും  കുമ്പസാരക്കൂട്ടിൽനിന്ന് എന്നേക്കുമായി അകറ്റിനിർത്താനും ആവശ്യമെങ്കിൽ വൈദികവൃത്തി തന്നെ നിഷേധിക്കാനും സഭ സർവഥാ സന്നദ്ധമാണ്.
കുമ്പസാരമെന്ന കൂദാശ കത്തോലിക്കാവിശ്വാസത്തിന്റെ കരുത്താണ്, ശക്തിയാണ്. ക്രിസ്തു നേടിത്തന്ന രക്ഷയെ അനുദിനം അനുഭവിക്കാൻ ഓരോ വിശ്വാസിയെയും പ്രാപ്തമാക്കുന്നത് ഈ കൂദാശയാണ്. അതിനാൽ സഭ എത്ര ആദരവോടെയാണ് ഈ കൂദാശയെ കാണുന്നതെന്ന് പ~ിക്കാനുള്ള വിവേകം ചെയർപേഴ്‌സൺ കാണിക്കണമായിരുന്നു. ഓരോ മതത്തിനും അതാതിന്റെ വിശ്വാസമുണ്ട്, ആചാരങ്ങളുണ്ട്, അത് വിശ്വസ്തതയോടെ അനുധാവനം ചെയ്യപ്പെടണം. ഇതുതന്നെയാണ് ക്രൈസ്തവസഭയുടെ എക്കാലത്തെയും നിലപാട്. മറ്റേതെങ്കിലും മതത്തിന്റെ വിശ്വാസത്തെക്കുറിച്ച് അഭിപ്രായം പറയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നില്ല.
പക്ഷേ, ഭരണഘടന സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന വ്യക്തി എന്ന നിലയിൽ ചെയർപേഴ്‌സൺ നടത്തിയ അഭിപ്രായപ്രകടനം ഒരു സമുദായത്തെ ഒറ്റപ്പെടുത്തി കുറ്റപ്പെടുത്താനും ആ സമുദായത്തിന്റെ പരിപാവനമായ ഒരു വിശ്വാസത്തെ സമൂഹമധ്യത്തിൽ താറടിക്കാനും ലക്ഷ്യമാക്കിക്കൊണ്ട് മാത്രമുള്ളതായിരുന്നു. ഞങ്ങൾ അത് തിരിച്ചറിയുന്നുണ്ട്. ഞങ്ങൾ ഈ രാജ്യത്തെ പൗരന്മാരാണ്, ഈ രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾ അക്ഷരംപ്രതി അനുസരിക്കുന്നവരാണ്. ഈ നാടിന്റെ നീതിന്യായവ്യവസ്ഥിതിയിൽ പൂർണ വിശ്വാസമുള്ളവരാണ്. അപ്രകാരമുള്ള ഞങ്ങളെ, ഞങ്ങളുടെ വിശ്വാസത്തെ കേവലം അവിവേകത്തിന്റെ ജൽപ്പനങ്ങളുയർത്തി ഭരണഘടനാസ്ഥാപനത്തിന്റെ മേധാവികൾ ആക്ഷേപിക്കാൻ ശ്രമിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് ഓർമിപ്പിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?