Follow Us On

21

October

2021

Thursday

‘രക്തസാക്ഷിത്വത്തിന്റെ ഫലം വരുംനാളിൽ പ്രകടമാകും’

‘രക്തസാക്ഷിത്വത്തിന്റെ ഫലം വരുംനാളിൽ പ്രകടമാകും’

യാക്കോബായ സുറിയാനി സഭാ തലവൻ പരിശുദ്ധ പാത്രിയർക്കീസ് ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവയുടെ സെക്രട്ടറികൂടിയായ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത സൺഡേ ശാലോമിനോട് സംസാരിക്കുന്നു.

‘ഞായറാഴ്ച ദിവ്യബലിയർപ്പണം നമ്മുടെ നാട്ടിൽ എല്ലാ ദൈവാലയങ്ങളിലും നടക്കാറുണ്ട്. തൊട്ടടുത്തുതന്നെയാവും ദൈവാലയങ്ങൾ. എന്നിട്ടും അതിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലാത്തവർ ധാരാളം. പക്ഷേ, സിറിയയിലെ ജനങ്ങളെ നോക്കുക. ഒരു ദിവ്യബലിക്കുവേണ്ടി അവർ താൽപ്പര്യപൂർവം കാത്തിരിക്കുകയാണ്. ചിലപ്പോൾ ദിവ്യബലിക്ക് അണയുമ്പോൾ കാണുന്നത് ദൈവാലയം തകർക്കപ്പെ

ട്ടിരിക്കുന്നതാകും. ചിലപ്പോൾ ഭീകരാക്രമണത്തിൽ അവർ രക്തസാക്ഷികളായെന്നും വരാം. പക്ഷേ, ദിവ്യബലിയർപ്പിക്കുന്നതിൽനിന്ന് അതൊന്നും അവരെ പിന്തിരിപ്പിക്കുന്നില്ല. രക്തസാക്ഷിത്വമെന്നത് അവർക്കൊരു ലഹരിയാണ്. പീഡനങ്ങൾ എവിടെയുണ്ടോ അവിടെ സഭ വളരുകതന്നെ ചെയ്യും. സംശയംവേണ്ട, സിറിയയിലെ രക്ഷസാക്ഷിത്വത്തിന്റെ പ്രതിഫലനം വരുംനാളിൽ പ്രകടമാകുകതന്നെ ചെയ്യും,’

മലങ്കര യാക്കോബായ സുറിയാനി സഭാ തലവൻ പരിശുദ്ധ പാത്രിയർക്കീസ് ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവയുടെ സെക്രട്ടറികൂടിയായ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത സൺഡേ ശാലോമിനോട് സംസാരിച്ചുതുടങ്ങിയത് രക്തസാക്ഷിത്വത്തെക്കുറിച്ചാണ്. വിശിഷ്യാ, അദ്ദേഹം ശുശ്രൂഷചെയ്യുന്ന, മലങ്കര സുറിയാനി സഭയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന സിറിയയിലെ രക്തസാക്ഷിത്വത്തെക്കുറിച്ച്. സഭാംഗങ്ങൾ അനുഭവിക്കുന്ന ക്ലേശങ്ങളെക്കുറിച്ച് പറയുമ്പോൾ കണ്ണുകളിൽ സങ്കടം നിറയുന്നുണ്ടെങ്കിലും സഹജീവികളുടെ രക്തസാക്ഷിത്വം സഭാവളർച്ചയ്ക്ക് കരുത്തേകുമെന്ന് കൂട്ടിച്ചേർക്കുമ്പോൾ കണ്ണുകളിൽ പ്രത്യാശയുടെ തീജ്വാല സ്പുരിക്കുന്നു.

? സിറിയയിലെ ക്രൈസ്തവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്. അവിടത്തെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ നീളുകയാണല്ലോ

സിറിയയിലെ ക്രൈസ്തവരുടെ അവസ്ഥ വളരെ വേദനിപ്പിക്കുന്നതാണ്. ആയിരക്കണക്കിന് തകർക്കപ്പെട്ട ഭവനങ്ങളാണ് അവിടെയുള്ളത്, ജീവിതപങ്കാളികളെ നഷ്ടപ്പെട്ടവർ, മാതാപിതാക്കളെ നഷ്ടപ്പെട്ടവർ, കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടവർ… അവരുടെ അവസ്ഥ വളരെ വേദനാജനകമാണ്. പക്ഷേ, അതൊന്നും ഒരു മാധ്യമങ്ങളിലും വരുന്നില്ല എന്നതാണ് സങ്കടകരം. എന്നാൽ, വലിയ പ്രത്യാശയോടെ പറയട്ടെ. തിന്മ എത്ര കടുത്തതാണെങ്കിലും അതിൽ നിന്ന് നന്മയുളവാക്കാൻ നമ്മുടെ ദൈവത്തിന് സാധിക്കും. ആ ശുഭാപ്തി വിശ്വാസം പാത്രിയർക്കീസ് ബാവയ്ക്കുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധികളെല്ലാം മാറി സഭ വീണ്ടും അവിടെ ശക്തിയാർജിക്കുമെന്നതിൽ തെല്ലും സംശയംവേണ്ട.

? അപ്പസ്‌തോലിക സഭകളുടെ പൗരോഹിത്യ നൽവരവും കൗദാശികബന്ധവും ഉപേക്ഷിച്ച് സ്വതന്ത്രവഴികളിലൂടെ സ്വർഗരാജ്യം പ്രാപിക്കാനാണല്ലോ പുതിയ പല സഭകളുടെയും പ~നം

സിറിയയിലെ സഭയെ സംബന്ധിച്ച് പീഡനങ്ങളുടെ ഒരു കാലഘട്ടമാണ്. അവിടെയെല്ലാം വിശ്വാസത്തിൽ ഉറച്ചു നിൽക്കുന്ന ജനതയെയാണ് കാണാനാകുന്നത്. കൂദാശാവഴികൾ ഉപേക്ഷിച്ച് സ്വർഗരാജ്യം പ്രാപിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. സഭകൾ കൂദാശയിലൂടെയാണ് വളരേണ്ടത്. കൂദാശകളുടെ രാജ്ഞിയാണ് വിശുദ്ധ കുർബാന. എല്ലാ കൂദാശകളും നമ്മെ സ്വർഗരാജ്യത്തിലേക്ക് നയിക്കുന്ന കൃപയൊഴുകുന്ന വഴികളാണ്. പരിശുദ്ധ അമ്മയും പരിശുദ്ധ കുർബാനയും വലിയ രഹസ്യങ്ങളാണ്. അത് ബുദ്ധിയിൽ ചിന്തിച്ച് മനസിലാക്കുക അസാധ്യം.

നവീന സഭകളുടെ പ്രബോധനങ്ങൾ മുഴുവൻ ബുദ്ധിയുടെ തലത്തിലാണ്. 2 പത്രോസ് 1:1920 ഓർമയിൽ സൂക്ഷിക്കുന്നത് നല്ലതാണ്: ‘വിശുദ്ധ ലിഖിതങ്ങളിലെ പ്രവചനങ്ങൾ ഒന്നുംതന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല… പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യർ സംസാരിച്ചതാണ്.’ കൂദാശകൾ നൽകുന്നത് സ്‌നേഹത്തിന്റെ വ്യാഖ്യാനമാണ്. സ്വർഗപ്രാപ്തിക്ക് അതുവിട്ട് മറ്റൊരു വഴിയില്ല.

? യഥാർത്ഥ ക്രൈസ്തവ ജീവിതത്തേക്കാൾ ലോകം ഇന്ന് ആഗ്രഹിക്കുന്നത് ബാഹ്യ വിശ്വാസജീവിതമാണെന്ന വിലയിരുത്തലുകളെക്കുറിച്ചുള്ള അഭിപ്രായം

രണ്ടു തരത്തിലുള്ള ആളുകൾ ഇന്ന് സഭയിലുണ്ട്. യഥാർത്ഥമായ ക്രൈസ്തവജീവിതം ആഗ്രഹിക്കുന്നവരാണ് ആദ്യ കൂട്ടർ. അവർ വിനയത്തിന്റെയും വിശുദ്ധിയുടെയും പാത തിരഞ്ഞെടുക്കുന്നു. അവർ കൃപയിൽ നിറഞ്ഞ ജീവിതം നയിക്കുന്നു. എന്നാൽ, ആലങ്കാരിക ജീവിതം നയിക്കുന്നവരാകട്ടെ എനിക്കെന്തു നേട്ടമാണ് ഇതുവഴി ലഭിക്കുന്നത് എന്നാവും സദാ ചിന്തിച്ചുകൊണ്ടിരിക്കുക. സമ്പത്തിന്റെ പിന്നാലെ പോകുക, പിന്നെ ദൈവവചനത്തിൽ മായം ചേർക്കുക എന്നിങ്ങനെയുള്ള ചില വീഴ്ചകൾ സംഭവിക്കുന്നത് കാണാതിരുന്നുകൂടാ. പക്ഷേ, ഇതല്ല നമ്മുടെ വിളി. ആത്മാക്കളുടെ രക്ഷയെന്ന അടിസ്ഥാനദൗത്യമാണ് ഓരോ ക്രൈസ്തവനിലും ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നത്.

? ബാവമാരുടെ സെക്രട്ടറി എന്ന നിലയിൽ പൗരോഹിത്യ ജീവിതത്തിൽ ലഭിച്ച അനുഭവങ്ങൾ

പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമൻ ബാവയോടൊപ്പം മൂന്നര വർഷം ശുശ്രൂഷചെയ്തു. അദ്ദേഹം ഒരു വിശുദ്ധനായിരുന്നു. ചെറിയ കാര്യങ്ങളായാലും വലിയ കാര്യങ്ങളായാലും ഒരിക്കലും അദ്ദേഹം ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല. അതൊടൊപ്പം ദൈവമാതാവിന്റെ വലിയൊരു ഭക്തനുമായിരുന്നു അദ്ദേഹം. പരിശുദ്ധ പാത്രിയർക്കീസ് ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ പ്രാർത്ഥനയുടെ മനുഷ്യനാണ്. ഏതു പ്രതിസന്ധിയിലും പ്രാർത്ഥനയിൽ ആശ്രയിക്കുന്ന അദ്ദേഹം അനേകർക്കുവേണ്ടി മാധ്യസ്ഥ്യ പ്രാർത്ഥനയും അർപ്പിക്കാറുണ്ട്.

? രക്തസാക്ഷിത്വമാണ് അങ്ങയുടെ ആഗ്രഹമെന്ന് പറഞ്ഞുകേട്ടിട്ടുണ്ടല്ലോ

തീർച്ചയായും. ദമാസ്‌ക്കസിൽവെച്ച് യേശുക്രിസ്തുവിനുവേണ്ടി രക്തസാക്ഷിയാകുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. താപസ പിതാക്കന്മാർ ലോകം ത്യജിക്കുകയും ലോകം അവരെ ത്യജിക്കുകയും ചെയ്തവരാണ്. എനിക്ക് അവരെപ്പോലെ ജീവിക്കാനും ലോകത്തിന്റെ മാനസാന്തരത്തിനുവേണ്ടി അവരെപ്പോലെ തീക്ഷ്ണമായി പ്രാർത്ഥിക്കാനുമാണ് ആഗ്രഹം.

? ബാല്യവും വിദ്യാഭ്യാസ കാലഘട്ടവും പങ്കുവെക്കാമോ

ഇടുക്കി ജില്ലയിലെ പശുപാറ എന്ന സ്ഥലത്തായിരുന്നു ജനനം. നാലാം ക്ലാസുവരെ അവിടത്തെ സ്‌കൂളിൽ വിദ്യാഭ്യാസം. ആലപ്പുഴയിലെ ചേപ്പാടായിരുന്നു ഹൈസ്‌കൂൾ പ~നം. മംഗലാപുരത്തുനിന്നും ഹോട്ടൽ മാനേജ്‌മെന്റിൽ ബിരുദം നേടി. പ~നശേഷം ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് 1995ൽ സെമിനാരിയിൽ ചേരുന്നത്. ചെറുപ്പകാലത്ത് പൗരോഹിത്യവിളിയിലേക്ക് കടന്നുവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. 1992 നവംബർ ഏഴിന് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നുള്ള അമ്മയുടെ മരണം വലിയ ഷോക്കായിരുന്നു. ആ ഷോക്ക് മാറാൻ പോട്ട ആശ്രമത്തിൽ ധ്യാനത്തിനുപോയി. അവിടെവെച്ച് ദൈവം എന്നെ സ്പർശിച്ചു, ഏശയ്യാ 66:13ലൂടെ: ‘അമ്മയെപ്പോലെ നിന്നെ ഞാൻ ആശ്വസിപ്പിക്കും,’

അമ്മയുടെ ആകസ്മിക മരണത്തിൽ നിന്നുണ്ടായ ഷോക്കെല്ലാം മാറി. വളരെ വേദനയോടെ കഴിഞ്ഞിരുന്ന എന്നിൽ സന്തോക്ഷം തിരികെ വന്നു. ആ സമയം മുതൽ ഇനി കർത്താവിനായി ജീവിക്കണമെന്ന് ഞാൻ ഉറച്ച് തീരുമാനിച്ചു. തുടർന്ന് പ~നം പൂർത്തിയാക്കി മുളന്തുരുത്തിസെമിനാരിയിൽ ചേർന്ന് വൈദികപ~നം ആരംഭിക്കുകയായിരുന്നു.

? ഇപ്പോഴത്തെ ചുമതലകൾ

പരിശുദ്ധ പാത്രിയർക്കീസ് ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവയുടെ സെക്രട്ടറി. ഇന്ത്യൻ അഫേഴ്‌സ് കൈകാര്യം ചെയ്യുന്നു. ബാവയുടെ കമ്മ്യൂണിക്കേഷൻ ഉത്തരവാദിത്വവുമുണ്ട്. അതോടൊപ്പം ബാവയുടെ തീരുമാനങ്ങളിൽ സഹായിക്കുന്നു. പത്രോസ് ശ്ലീഹായുടെ സിംഹാസനമാണ് അന്ത്യോക്യ. അങ്ങനെയുള്ള ഒരു സ്ഥലത്തായിരിക്കുന്നത് ദൈവിക സൗഭാഗ്യമായി കരുതുന്നു.

? കരിസ്മാറ്റിക് പ്രസ്ഥാനങ്ങളെ കുറിച്ചുള്ള അഭിപ്രായം

കരിസ്മാറ്റിക് പ്രസ്ഥാനങ്ങളെ വളരെ താൽപ്പര്യത്തോടെയാണ് ഞാൻ കാണുന്നത്. അതിലൂടെ അനേകർ മാനസാന്തരാനുഭവത്തിലേക്ക് നയിക്കപ്പെട്ടതായി അറിയാം. 20 വയസുവരെ ലോകത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച വ്യക്തിയായിരുന്നു ഞാൻ. ഒരു കരിസ്മാറ്റിക് ധ്യാനമാണ് എന്നെ മാനസാന്തരത്തിലേക്ക് നയിച്ചത്. അതിനാൽ കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ കച്ചവടമനോഭാവത്തിലേക്ക് പോകാതെ സൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ദൈവവചനം ഒരിക്കലും ബിസിനസിനുവേണ്ടിയുള്ളതല്ലല്ലോ.

? ആഗോള ക്രൈസ്തവസഭകളുടെ ഐക്യത്തെക്കുറിച്ച്

സഭകളുടെ ഐക്യം ദൈവം ആഗ്രഹിക്കുന്നു. എല്ലാ സഭകളുടെയും വിശ്വാസത്തിന്റെ സാരാംശം ഒന്നാണ്. പക്ഷേ, ചെറിയ ചെറിയ വ്യത്യസ്തതകളാണ് ഇവരെ വിഘടിപ്പിച്ചു നിർത്തുന്നത്. എല്ലാ കാര്യങ്ങളിലും ഐക്യം ഉണ്ടായെങ്കിൽ മാത്രമേ പുറമെനിന്നുള്ള വെല്ലുവിളികളെ നേരിടാൻ സാധിക്കൂ. ഇന്ന് സിറിയയിൽ നടക്കുന്നത് നാളെ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാം. അത് തടയപ്പെടണമെങ്കിൽ സഭകൾ തമ്മിലുള്ള ഐക്യം യാഥാർത്ഥ്യമാകണം. ഭിന്നിച്ചു നിൽക്കുന്ന സഭകളെ തകർക്കാൻ വളരെ എളുപ്പമാണ്.

? യുവതലമുറയ്ക്ക് നൽകാനുള്ള സന്ദേശം

കുഞ്ഞുങ്ങളായിരിക്കുമ്പോൾത്തന്നെ വിശ്വാസത്തിൽ വളരുക എന്നതാണ് മഹത്തായ കാര്യം. വിശ്വാസത്തിന് അതിജീവിക്കാൻ കഴിയാത്ത പ്രതിസന്ധികളില്ല. യേശുക്രിസ്തു എല്ലാറ്റിനും മതിയായവനാണെന്ന ബോധ്യം കുട്ടികൾക്ക് ലഭിച്ചാൽ ജീവിതത്തിൽ പിന്നീട് വരുന്ന പ്രലോഭനങ്ങളെയും പ്രതിസന്ധികളെയും അവർക്ക് അതിവേഗം അതിജീവിക്കാനാകും. അതോടൊപ്പം കുഞ്ഞുന്നാളിൽത്തന്നെ വിശുദ്ധിയിൽ വളരാനും അവരെ പ~ിപ്പിക്കണം.

? മാധ്യമങ്ങൾക്ക് സഭയുടെ വളർച്ചയ്ക്ക് ചെയ്യാൻ കഴിയുന്ന സംഭാവനകൾ

ശാലോം ടെലിഷവിൻ പോലുള്ള മാധ്യമങ്ങൾ ഒരു സാക്ഷ്യമാണ്. പരസ്യങ്ങളൊന്നുമില്ലാതെ 24 മണിക്കൂറും ദൈവത്തെ കൊടുക്കുന്നു. ഇത് ദൈവത്തിന്റെ നടത്തിപ്പാണ്. ഇതുപോലുള്ള മാധ്യമങ്ങൾ കൂടുതലായി കടന്നുവന്നാൽ ലോകസുവിശേഷവൽക്കരണം ത്വരിതപ്പെടും.

? പരിശുദ്ധ സഭയെകുറിച്ചുള്ള അങ്ങയുടെ ഭാവിസ്വപ്‌നം

പ്രസ്ഥാനങ്ങൾ കെട്ടിപ്പൊക്കുന്നതിലുപരിയായി മുൻതൂക്കം കൊടുക്കേണ്ടത് ദൈവമഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കുമായിരിക്കണം. ദൈവത്തെ മുറുകെ പിടിക്കുക, ദൈവവചനം മുറുകെ പിടിക്കുക, എളിമയുള്ള ജീവിതം നയിക്കുക. ദൈവരാജ്യമായിരിക്കണം ജീവിതലക്ഷ്യം. യേശുക്രിസ്തുവിലുള്ള വിശ്വാസത്തെപ്രതി മറ്റുള്ളവരെ സഹായിക്കണം.

ബിനു കായനാട്

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?