Follow Us On

31

January

2023

Tuesday

പരിശുദ്ധ അമ്മയും ഞാനും തമ്മിൽ…

പരിശുദ്ധ അമ്മയും ഞാനും തമ്മിൽ…

മരിയഭക്തിയെക്കുറിച്ച് സൺഡേ ശാലോമിനോട് വാചാലനാകുന്നു ഭാരത കത്തോലിക്കാ മെത്രാൻസമിതി അധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്.

‘പരിശുദ്ധ മറിയത്തിന് ഏറെ പ്രാധാന്യമുള്ള മുംബൈയിലെ പ്രശസ്തമായ മാഹിം ഇടവകയിലാണ് ഞാൻ ജനിച്ചതും വളർന്നതും. ആ ദൈവാലയത്തിൽ ബുധനാഴ്ചതോറും നടക്കുന്ന നിത്യസഹായമാതാവിന്റെ നൊവേനയിൽ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. എന്നെ ഞാനായി രൂപപ്പെടുത്തിയതിൽ എന്റെ ഇടവക ദൈവാലയത്തിന് വലിയ പ്രാധാന്യമുണ്ട്. മാഹിം ദൈവാലയത്തിലെ നിത്യസഹായ മാതാവിന്റെ ചിത്രത്തിന്റെ യഥാർത്ഥ പതിപ്പാണ് എന്റെ ഓഫീസ് മുറിയിൽ ഇപ്പോഴുള്ളത്. ആ മാതൃസാന്നിധ്യം എന്നും എനിക്ക് തുണയാണ്. ഏതു പ്രതിസന്ധിഘട്ടത്തിലും ആ ‘അമ്മത്തണൽ’ എനിക്ക് അഭയമരുളുന്നു.’

പരിശുദ്ധ ദൈവമാതാവുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പങ്കുവെക്കുമ്പോൾ, ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സി.ബി.സി.ഐ) അധ്യക്ഷനും ആർച്ച്ബിഷപ്പുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിന് ആയിരം നാവാണ്. സ്വന്തം ജീവിതത്തിൽ ദൈവമാതാവ് സമ്മാനിച്ച അനുഗ്രഹങ്ങൾ പങ്കുവെക്കാൻ മാത്രമല്ല, സഭാമാതാവിന് വിശ്വാസീസമൂഹം നൽകേണ്ട പ്രാധാന്യം ഉദ്‌ബോധിപ്പിക്കുന്നതിലും ഉത്‌സുകനായിരുന്നു കർദിനാൾ.

? വ്യക്തിജീവിതത്തിൽ പരിശുദ്ധ അമ്മ നടത്തിയ ഇടപെടലുകൾ എന്തെങ്കിലും

ചെറുപ്പം മുതൽ പരിശുദ്ധ മാതാവിനോടുള്ള ഭക്തി എന്നിൽ രൂഢമൂലമായിരുന്നു. സ്‌കൂളിലും കോളജിലുമെല്ലാം പ~ിക്കുമ്പോഴും വിശുദ്ധ കുർബാനയും നൊവേനയും ഞാൻ മുടക്കിയിരുന്നില്ല. ഏതെങ്കിലും കാരണവശാൽ അത് മുടങ്ങുമെന്ന് തോന്നുമ്പോൾ ഹൃദയത്തിൽ വലിയ ശൂന്യതയാണ് അനുഭവപ്പെട്ടിരുന്നത്. ഞങ്ങളുടെ ഭവനത്തിലും എല്ലാവർക്കും പരിശുദ്ധ കന്യകാമറിയത്തോട് ഭക്തിയും വിശ്വാസവും ഉണ്ടായിരുന്നു. എന്തു സാഹചര്യം വന്നാലും ഒരിക്കലും മുടക്കാത്ത ജപമാല അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ.്

എന്റെ അമ്മയും അടിയുറച്ച മരിയഭക്തയായിരുന്നു. അമ്മയുടെ മരണശേഷം എന്നിൽ രൂപപ്പെട്ട ഏകാന്തതയും വിഷമങ്ങളും പരിഹരിക്കാൻ ഞാൻ പരിശുദ്ധ മറിയത്തോട് പ്രാർത്ഥിച്ചു: ‘അമ്മേ മാതാവേ, ഈ ഭൂമുഖത്ത് ഇനി എനിക്ക് അമ്മയില്ല. അവിടുന്ന് ഇനിമുതൽ എന്റെ അമ്മയായിരിക്കണമേ… എന്നെ കാത്തുപരിപാലിക്കണമേ.’ ഈ പ്രാർത്ഥനശ്വാസോഛ്വാസംപോലെ തുടർന്നുകൊണ്ടിരുന്നു. അതായിരിക്കാം എന്റെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പരിശുദ്ധ മറിയത്തിന്റെകരവലയത്തിനുള്ളിലാണ് ഞാനെന്ന ബോധ്യമാണ് എന്നെ നയിച്ചത്.

? പൗരോഹിത്യ^ ഇടയ ശുശ്രൂഷാ ദൗത്യങ്ങളിൽ അമ്മയുടെ മാധ്യസ്ഥ്യത്തിനുള്ള പങ്കിനെക്കുറിച്ച് വ്യക്തമാക്കാമോ

സഭയിൽ ദൈവം ഭാരിച്ച ഉത്തരവാദിത്വങ്ങൾ എന്നെ ഭരമേൽപ്പിച്ചു. സാധാരണ മനുഷ്യനെന്ന നിലയിൽ അവയിൽ പലതും എന്റെ കഴിവുകൾക്ക് അപ്പുറമായിരുന്നു. അതിപ്രധാനമായ തീരുമാനങ്ങൾ എടുക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ ഞാൻ ഓടിയെത്തുന്നത് ദിവ്യകാരുണ്യ സന്നിധിയിലേക്കാണ്. അവിടെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥംതേടി ഞാൻ ഉള്ളുരുകി പ്രാർത്ഥിക്കും. ജീവിതത്തിൽ ഇന്നുവരെ എടുത്ത തീരുമാനങ്ങളെയും സ്വീകരിച്ച നിലപാടുകളെയും ഓർത്ത് ദു$ഖിക്കാൻ പരിശുദ്ധ അമ്മ എന്നെ അനുവദിച്ചിട്ടില്ല.

? മരിയഭക്തിയുടെ പ്രാധാന്യം

കത്തോലിക്കാ കുടുംബങ്ങളിലെ ജീവനാഡിയാണ് പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും ജപമാലയും. കാരണം, ഈശോയുമായി നമ്മെ അടുപ്പിക്കുന്ന ‘വാൽവായി’ വിശേഷിപ്പിക്കാം പരിശുദ്ധ കന്യകാമറിയത്തെ. മാതൃഭക്തിയിലുടെ ജീവിതത്തിൽ ഉണ്ടാകുന്ന മനോഹരമായ ദൈവിക ഇടപെടലുകളെക്കുറിച്ച് അറിവില്ലാത്തവർക്ക് അതെക്കുറിച്ച് പ~ിക്കാനും മനസിലാക്കാനും ഇന്ന് വലിയ സാധ്യതകൾ സഭയിലുണ്ട്. ഏതൊരു ക്രൈസ്തവന്റെയും ആത്മീയജീവിതം പരിശുദ്ധ മറിയത്തോടുള്ള ഭക്തിയിലൂടെമാത്രമേ പരിപൂർണതയിലേക്ക് വളരൂ.

? മരിയ ഭക്തനായ വിശുദ്ധ ജോൺ പോൾ രണ്ടാമനോടൊപ്പം മരിയ ഭക്തനായ അങ്ങേയ്ക്ക് ശുശ്രൂഷചെയ്യാനായിട്ടുണ്ടല്ലോ

വിശുദ്ധ ജോൺ പോൾ പാപ്പയുടെ മാതൃഭക്തി എന്റെ ജീവിതത്തിലും വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കാരണം, ഞാൻ വളരെയധികം സ്‌നേഹിച്ച വ്യക്തിത്വമായിരുന്നു പിതാവിന്റേത്. ഞാൻ റോമിൽ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് അദ്ദേഹം പാപ്പയായി ഉയർത്തപ്പെട്ടത്. തുടർന്ന് മരണംവരെയുള്ള പാപ്പയുടെ പല കാര്യങ്ങളിലും വ്യക്തിപരമായി ഇടപെടാനുള്ള അവസരങ്ങൾ എനിക്ക് കിട്ടി. പാപ്പായുടെ മാതൃകാ ജീവിതവും മാതൃഭക്തിയും എന്നെ ഏറെ സ്വാധീനിച്ചു.

ഇക്കഴിഞ്ഞ ജൂണിൽ, ഗോവയിൽ വിശുദ്ധ ജോൺ പോൾ പാപ്പാ പ്രാർത്ഥിച്ച ദൈവാലയത്തിൽ ഞാൻ പോയി പ്രാർത്ഥിച്ചു. ദൈവഹിതപ്രകാരം അദ്ദേഹം വിശ്രമിച്ച മുറിയിൽ എനിക്ക് ഉറങ്ങാൻ അവസരം ലഭിച്ചു. പരിശുദ്ധ പിതാവിന്റെ മരിയ ഭക്തി എന്റെ ജീവിതത്തിലും പ്രാവർത്തികമാക്കാൻ ഞാൻ ശ്രമിക്കുകയാണ്. എന്റെ ആത്മീയ ജീവിതത്തിലും വിശ്വാസജീവിതത്തിലും പ്രാർത്ഥനാ ജീവിതത്തിലും എന്നും എനിക്ക് ഊർജമായി നിലകൊള്ളുന്നത് വിശുദ്ധ ജോൺ പോൾ പാപ്പായുടെ മരിയ ഭക്തി തന്നെ.

? മരിയഭക്തിയിൽ വളരാൻ പ്രചോദമേകുന്ന നിർദേശങ്ങൾ പങ്കുവെക്കാമോ

പരിശുദ്ധ അമ്മയോടുകൂടെയിരുന്ന് നാം പ്രാർത്ഥിക്കണം. അപ്പോഴാണ് പ്രാർത്ഥനയുടെ മനോഹാരിതയും സൗരഭ്യവും ആസ്വദിക്കാൻ കഴിയുക. ഈശോ നമുക്ക് അമ്മയെതന്നു. അതിന്റെ താത്വികമായ വശങ്ങളെക്കുറിച്ച് ബൗദ്ധികമായി മനസിലാക്കാൻ വിഷമമാണ്. ജപമാല പ്രാർത്ഥനയിലൂടെ യേശുവിന്റെ ദൈവികരഹസ്യങ്ങളിലൂടെയും ജീവിതത്തിലൂടെയുമാണ് നാം കടന്നുപോകുന്നത്. ജീവിതപ്രശ്‌നങ്ങൾ കീറാമുട്ടികളായി നമ്മെ അലട്ടുമ്പോൾ വിശ്വസ്തതയോടെ അണയാവുന്ന സ്ഥലമാണ് അമ്മത്തണൽ. കാരണം, നമ്മുടെ അമ്മ നമ്മെപ്പോലെ ഭൂമിയിൽ ജീവിച്ച് നിരവധി പ്രതിസന്ധികളും ഗുരുതരപ്രശ്‌നങ്ങളും നിശബ്ദമായി തരണം ചെയത് കടന്നുപോയവളാണ്. മറ്റാരെയുംകാൾ നമ്മെയും നമ്മുടെ പ്രശ്‌നങ്ങളെയും മനസിലാക്കാനും പരിഹാരം കാണാനും പരിശുദ്ധ അമ്മയോളം പറ്റിയ മറ്റൊരു വ്യക്തി ഇല്ല.

പ്രശ്‌നങ്ങളെ അമ്മ നിമിഷവേഗത്തിൽ എടുത്തുമാറ്റും എന്നല്ല പറയുന്നത്. പ്രത്യുത, അപരിഹാര്യമായ വിഷമസന്ധികളെ ശാന്തതയോടും ധീരതയോടും അതിജീവിക്കാനുള്ള ഉൾക്കരുത്ത് പ്രദാനം ചെയ്യാൻ അമ്മക്ക് കഴിയും. അതായത്, നമ്മുടെ സഹനങ്ങളിൽ ദൈവികമായ ഉൾക്കാഴ്ചകൾ തന്ന് നമ്മെ ശക്തിപ്പെടുത്തും. കുരിശുകളും സഹനങ്ങളും ആത്മീയജീവിതത്തിൽ നമുക്കുളള പൊൻതൂവലുകളാണ്.

? പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രം, തിരുസ്വരൂപം എന്നിവിടങ്ങളിൽനിന്ന് രക്തവും കണ്ണീരും ഒഴുകുന്ന പ്രതിഭാസങ്ങളെ എപ്രകാരം വിശ്വാസികൽ സ്വീകരിക്കണം

മാതാവിന്റെ കണ്ണിൽനിന്ന് രക്തവും കണ്ണീരും ഒഴുകുന്ന സംഭവങ്ങൾ ഇന്ന് പല സ്ഥലങ്ങളിലും സംഭവിക്കുന്നുണ്ട്. അതിൽനിന്നെല്ലാം തിരിച്ചറിയേണ്ട അടയാളം ഒന്നേ ഉള്ളു. നമ്മുടെ പാപകരമായ ജീവിതം ഉപേക്ഷിച്ച് അനുതാപത്തോടെ യേശുവിലേക്ക് മടങ്ങി വരുക എന്നതുതന്നെ. ‘നീ എന്തുകൊണ്ട് ഈശോയിൽനിന്ന് അകന്ന് പോകുന്നുവെന്ന ചോദ്യവുമായി പരിശുദ്ധ മറിയം വേദനയോടെ രക്തം ഒഴുക്കി, കണ്ണീർ വാർത്ത് നമ്മുടെ മുമ്പിൽ നിൽക്കുന്നു. എന്റെ പാപത്തിലൂടെ എന്റെ അസ്തിത്വത്തിന് ഞാൻ തന്നെ ഹാനികരമാകുന്നു. നീ എത്രയും വേഗം ക്രിസ്തുവിലേക്ക് മടങ്ങുക’ ഈ സന്ദേശമാണ് പരിശുദ്ധ മറിയം നൽകുന്നത്.

സംഭവങ്ങളെ വൈകാരികമായി എടുക്കാതെ വളരെ വിവേകത്തോടും ശ്രദ്ധയോടുംകൂടി മാത്രമേ പരിഗണനക്ക് എടുക്കാവൂ എന്ന കാര്യവും ഇവിടെ പരാമർശിക്കട്ടെ. കത്തോലിക്കാ സഭയുടെ നിരീക്ഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷം സഭ എന്ത് പറയുന്നുവോ അത് അനുസരിച്ചുമാത്രമേ അതിനോടു പ്രതികരിക്കാവൂ. വ്യക്തിപരമായ അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ആധികാരികത സഭയുടെ വിവേചനാധികാരത്തിൽ കീഴിൽ മാത്രമേ നിജപ്പെടുത്താവൂ എന്നത് വിസ്മരിക്കരുത്.

? ദൈമാതാവിന്റെ സ്വർഗാരോപണത്തെക്കുറിച്ചുള്ള സഭാപ്രബോധനങ്ങളെക്കുറിച്ച്

ആദിമ ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ പരിശുദ്ധ ദൈവമാതാവ് സ്വർഗാരോപണം ചെയ്തു എന്ന വിശ്വാസം വ്യാപകമായിരുന്നു. പാശ്ചാത്യ കത്തോലിക്കാസഭയോട് ചേർന്ന് പൗരസ്ത്യ സഭകളും ഓറിയന്റൽ ഓർത്തഡോക്‌സ് സഭകളും പരിശുദ്ധ ദൈവമാതാവ് ഈ ലോകവാസത്തിനുശേഷം ആത്മാവോടും ശരീരത്തോടുംകൂടി സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നു.

ചില പ്രവാചകൻന്മാർ സ്വർഗത്തിലേക്ക് പോയതായ സൂചനകൾ പഴയനിയമം നമുക്ക് നൽകുന്നുണ്ട്. അങ്ങനെയെങ്കിൽ പരിശുദ്ധിയുടെ പരിപൂർണതയിൽ വിളങ്ങിനിന്ന ദൈവമാതാവിനും ദൈവം ആ കൃപ നൽകിയിട്ടുണ്ട് എന്നത് പരമ്പരാഗത വിശ്വാസസത്യമായി അംഗീകരിക്കുന്നുണ്ട്. കൂടാതെ, ശിഷ്യത്വത്തിന്റെ പരിപൂർണതയിൽ കന്യകാമറിയത്തിന് പ്രഥമസ്ഥാനമാണുള്ളത്.

പീയൂസ് 12^ാമൻ പാപ്പയാണ് 1950 നവംബർ ഒന്നിന് പരിശുദ്ധ മാതാവിന്റെ സ്വർഗാരോപണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. വത്തിക്കാൻ കൗൺസിൽ പരിശുദ്ധ മറിയത്തെക്കുറിച്ച് പ്രമാണരേഖകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ല. പിന്നീട് സഭയുടെ ഡോക്മയിൽ (ലൂമെൻ ജെന്റിയം) പരിശുദ്ധ മാതാവിനെക്കുറിച്ച് എഴുതിച്ചേർക്കുകയായിരുന്നു.

പരിശുദ്ധ മറിയത്തിന്റെ സ്വർഗാരോപണം സ്ഥിരീകരിക്കാൻ സാധ്യമായ തെളിവുകൾ അമ്മയുടെ ജീവിതം തന്നെയാണ്. പരിശുദ്ധ മറിയം രക്ഷാകരദൗത്യത്തിൽ മാത്രമല്ല, ക്രിസ്തുവിന്റെ എല്ലാ സഹനങ്ങളിലും സഹയാത്രികയാണ്; അവിടുത്തെ വ്യക്തിത്വത്തിൽ ഏറ്റം അനുരൂപയായി ജീവിച്ചവളാണ്. പരിശുദ്ധ അമ്മ യേശുവിനെ അത്രമാത്രം സ്‌നേഹിച്ചിരുന്നു.

മറ്റൊരു വസ്തുത ചൂണ്ടിക്കാണിക്കുന്നത് (വിശുദ്ധ പത്രോസ്, പൗലോസ്, യാക്കോബ്, തോമാശ്ലീഹാ തുടങ്ങി മറ്റെല്ലാ അപ്പസ്‌തോലൻന്മാരുടെയും ശവകുടീരങ്ങൾ നമുക്ക് കാണാൻ കഴിയും) പരിശുദ്ധ മറിയത്തിന്റെ ദിവ്യശരീരം അടക്കം ചെയ്യപ്പെട്ട കല്ലറ ഇതുവരെയും ഭൂമിയിൽ ഒരിടത്തും കണ്ടെത്തിയിട്ടില്ല എന്നതാണ്. ജന്മപാപമില്ലാതെ ജനിച്ച പരിശുദ്ധ അമ്മയുടെ ശരീരം ക്ഷയിക്കപ്പെട്ടില്ല. ഈ വിശ്വാസം നമ്മുടെ മരണശേഷമുള്ള ഉയിർപ്പിലേക്കുള്ള മറ്റൊരു ചിന്തയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.

? പരിശുദ്ധ അമ്മയുടെ സ്വർഗാരോപണവും ഭാരതത്തിന്റെ സ്വാതന്ത്ര്യദിനവും ഒരുമിച്ചുവരുമ്പോൾ സമൂഹത്തിന് നൽകാനുള്ള സന്ദേശം

ഈ മഹനീയ മുഹൂർത്തങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹത്തിന്റെ നിമിഷങ്ങളാണ്. ഭാരതത്തിന്റെ രാജ്ഞിയായ പരിശുദ്ധ മറിയം ഭാരതത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കുമെന്ന് നാം വിശ്വസിക്കുന്നു. നമ്മുടെ ഭരണകർത്താക്കളെയും നേതാക്കൻന്മാരെയും നന്മകൾകൊണ്ട് നിറയ്ക്കണമേയെന്ന് പ്രാർത്ഥിക്കാം. സ്വാതന്ത്ര്യം നൽകപ്പെട്ടത് ഇന്ത്യയെ പടുത്തുയർത്താനാണ്. ദൈവമാതാവ് തന്റെ സേവനം കൊണ്ട് സഭയെ പടുത്തുയർത്തി. ജീവിതംകൊണ്ട് നാം നിർവഹിക്കേണ്ട പ്രധാന ദൗത്യവും അതാണ്. എല്ലാ ആശംസകളും നേരുന്നു.

 

ജയിംസ് ഇടയോടി

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?