Follow Us On

29

February

2024

Thursday

അങ്ങനെ നിപ്പയെ പിടിച്ചുകെട്ടി!: മനസ് തുറക്കുന്നു ജില്ലാ കളക്ടർ

അങ്ങനെ നിപ്പയെ പിടിച്ചുകെട്ടി!: മനസ് തുറക്കുന്നു  ജില്ലാ കളക്ടർ

ഇന്ത്യയ്ക്കുമേൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തിയ മാരകമായ ‘നിപ്പ’ വൈറസിനെ പ്രാർത്ഥനയുടെയും കൂട്ടായ്മയുടെയും ബലത്തിൽ പിടിച്ചുകെട്ടിയ സംഭവബഹുലമായ അനുഭവങ്ങൾ പങ്കുവെക്കുന്നു, കോഴിക്കോട് ജില്ല കളക്ടർ യു.വി ജോസ്.

പനിയുടെ രൂപത്തിലെത്തി സംഹാര രൂപിണിയായി നാടിനെ നടുക്കിയ നിപ്പ വൈറസിന്റെ ആഗമനം പോലെ അത്ഭുതാവഹമായിരുന്നു പിൻവാങ്ങലും. തുടക്കം കോഴിക്കോട് നിന്നാണെന്ന് സ്ഥിരീകരിച്ചെങ്കിലും രോഗബാധ എങ്ങനെ ഉണ്ടായെന്നോ എങ്ങിനെ അവസാനിച്ചെന്നോ എന്നത് ഇന്നും അജ്ഞാതം. പ്രതിരോധ മരുന്നുകൾ ഇല്ലാത്ത, കൃത്യമായ ചികിത്‌സാവിധികൾ പോലുമില്ലാത്ത ‘നിപ്പ’ വൈറസ് എങ്ങനെ പിടിച്ചുകെട്ടപ്പെട്ടു?

നിപ്പയുടെ പ്രതിരോധത്തിനായി രാപ്പകലില്ലാതെ അധ്വാനിച്ചവരെ ഏകോപിപ്പിച്ച കോഴിക്കോട് ജില്ലാ കളക്ടർ യു.വി ജോസിനോട് ഈചോദ്യം ചോദിച്ചാൽ ഉത്തരം ഇങ്ങനെ: ‘പ്രാർത്ഥനയ്ക്കും കൂട്ടായ്മയ്ക്കുംമേൽ ദൈവം നൽകിയ കൈയൊപ്പാണ് ‘നിപ്പ’ വിമോചനം,’ കോഴിക്കോട് നഗരത്തിൽതന്നെയുള്ള അദ്ദേഹത്തിന്റെ വസതിയിൽവെച്ച് സൺഡേ ശാലോമിന് അനുവദിച്ച അഭിമുഖത്തിൽ, നിപ്പയെ പിടിച്ചുകെട്ടാനുള്ള ഉദ്യമങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചു:

‘എന്നും പ്രഭാതത്തിൽ മുടങ്ങാതെയുള്ള ദിവ്യബലിയൊടൊപ്പം വിവിധ മതസ്ഥരായ ആയിരക്കണക്കിനാളുകളുടെ പ്രാർത്ഥനയും പിന്തുണയും കൂടെയുണ്ടായിരുന്നു. നിപ്പ പ്രതിരോധവുമായി ബന്ധപ്പെട്ട മീറ്റിംഗുകളിൽ പങ്കെടുക്കാൻ പോകുമ്പോൾ ഭാര്യ പീസമ്മ വീട്ടിൽ മെഴുതിരി കത്തിച്ചുവെച്ച് പ്രാർത്ഥിക്കും. ജാതി മത ഭേദമന്യേ അനേകർ പ്രാർത്ഥനയിൽ അണിചേർന്നു എന്നാണ് മനസിലാക്കാനാകുന്നത്. ഇവരുടെയെല്ലാം പ്രാർത്ഥന വലിയ ശക്തിയായിരുന്നു.’

നടുക്കം സൃഷ്ടിച്ച് ‘നിപ്പ’ അറിയിപ്പ്

‘നിപ്പ’ വൈറസിനെക്കുറിച്ച് ആദ്യമായി എന്നോട് പറയുന്നത് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീയാണ്, മെയ് 19ന്. കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ മാരകമായ ഒരു അസുഖം രേഖപ്പെടുത്തിയെന്നും അത് ‘നിപ്പ’യാണെന്ന് സംശയമുണ്ടെന്നുമായിരുന്നു അറിയിപ്പ്. നിപ്പയാണെന്ന് സ്ഥിരീകരിച്ചാൽ ഇതിനുള്ള ചികിത്സക്ക് മെഡിക്കൽ കോളജിൽ അടിയന്തിരമായി ക്രമീകരണങ്ങൾ ചെയ്യേണ്ടിവരും, നിലവിൽ അതിനായി അവിടെ വെന്റിലേറ്ററുകളൊന്നും ലഭ്യമല്ല എന്നീ കാര്യങ്ങളും ഡി.എം.ഒ അറിയിച്ചു.

അടുത്ത ദിനത്തിൽതന്നെ സ്വകാര്യആശുപത്രി അധികൃതരെയും ഉൾപ്പെടുത്തി ഒരു യോഗം വിളിച്ചു. നിപ്പയെക്കുറിച്ച് ആദ്യമായി വ്യക്തമായ അവബോധം നൽകിയ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. അനൂപ് ഉൾപ്പെടെയുള്ളവർ ഇതിൽ പങ്കെടുത്തു. ഏതായാലും അവരെല്ലാവരും മുന്നോട്ടുവെച്ച കാര്യം ഭീതിദമായിരുന്നു: ‘നിപ്പ ഇനിയും പടരാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഐസൊലേറ്റ് ചെയ്യണം. വെന്റിലേറ്റർ സഹായം വേണം.’ ഇത്രയും മാരകമായ രോഗമായതിനാൽ സ്വകാര്യ ആശുപത്രികൾ സഹകരിക്കില്ലെന്നാണ് ഞാൻ കരുതിയത്. എന്നാൽ, ഒരു ടീമായിട്ട് ഒന്നിച്ച് നിൽക്കാമെന്ന് എല്ലാവരും ഉറപ്പുനൽകിയത് വലിയ ധൈര്യമായി.

പിന്നീട് ദൈവം അത്ഭുതകരമായി ഇടപെടുന്ന അനുഭവമാണ് കാണാൻ കഴിഞ്ഞത്. ഉള്ള വെന്റിലേറ്ററുകളെല്ലാം ഷെയർ ചെയ്യാൻ തീരുമാനിച്ചു. നിപ്പ ബാധിച്ച് രോഗികൾ ഏതു ആശുപത്രിയിലേക്ക് വരുന്നോ അവരെ അവിടെതന്നെ നിലനിർത്തണമെന്നും സൗകര്യങ്ങൾ ഉള്ളവർ പരസ്പരം പങ്കുവെക്കണമെന്നും ധാരണയായി. അതിൻ പ്രകാരം മെഡിക്കൽ കോളജിലേക്കാണ് രോഗി ആദ്യം വരുന്നതെങ്കിലും അവിടെ വെന്റിലേറ്റർ സൗകര്യമില്ലെങ്കിൽ സ്വകാര്യ ആശുപത്രികൾ ആ രോഗികളെ സ്വീകരിക്കാമെന്ന് ഉറപ്പു നൽകി.

തീരുമാനത്തിലെത്തി, പ്രാർത്ഥനയ്ക്കു ശേഷം

ആരോഗ്യമന്ത്രി ഷൈലജ ടീച്ചർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ. എൽ. സരിത, മറ്റു ഉന്നതോദ്യോഗസ്ഥരെല്ലാം കോഴിക്കോട് എത്തി. അന്ന് ഞങ്ങൾ മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ അടിയന്തിരമായി വർധിപ്പിക്കണമെന്നാണ് നിർദേശിച്ചത്. ആ ദിവസങ്ങളിൽ എനിക്കെന്ത് ചെയ്യാൻ കഴിയുമെന്ന കാര്യത്തിൽ വ്യക്തതയൊന്നും ഉണ്ടായിരുന്നില്ല. മെഡിക്കൽ കോളജും സ്വകാര്യ ആശുപത്രികളുമൊക്കെ എല്ലാവിധ സൗകര്യങ്ങളും ചെയ്യുന്നുണ്ട്. ഇവരെ തമ്മിൽ ബന്ധിപ്പിക്കുക മാത്രമാണ് എന്റെ റോളെന്നാണ് ഞാൻ കരുതിയത്.

പക്ഷേ രണ്ട് ദിവസം കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി, ഇങ്ങനെ പോയാൽ ശരിയാവില്ല. കാരണം, നിപ്പയുടെ വ്യാപ്തി വളരെ വലുതാണ്. അത് ആരോഗ്യ വകുപ്പിനുമാത്രം പൂർണമായും പരിഹരിക്കാനാവില്ല. അപ്പോഴേക്കും കോഴിക്കോട് കേന്ദ്രീകരിച്ച് നിപ്പ ശക്തമായി പടരുന്നു എന്ന വാർത്ത മാധ്യമങ്ങളിലൂടെ ലോകമെങ്ങും പടർന്നിരുന്നു. അതാണ് കേന്ദ്ര സർക്കാരിന്റെ പ്രതിനിധികൾ,

നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് വൈറോളജി, മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ വിദഗ്ദ്ധർ, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ടീം ഇവരെല്ലാം പെട്ടെന്ന് എത്താൻ കാരണം. ഇവരുമായുള്ള ആശയവിനിമയത്തിലൂടെയാണ്, നിപ്പയുടെ വ്യാപ്തി ദീർഘമാണെന്നും സാധാരണഗതിയിൽ അത് വേഗം പിടിച്ചുകെട്ടാനാവില്ല എന്നുമുള്ള സത്യം മനസിലായത്. അസുഖം വന്നാൽ എന്ത് ചെയ്യണമെന്ന് ആരോഗ്യവിഭാഗത്തിന് കൃത്യമായൊരു പ്രോട്ടോക്കോളുണ്ട്. എല്ലാ ചികിത്സകളും ഇതിനെ ആധാരമാക്കിയാണ് ചെയ്യുന്നത്. പെട്ടെന്ന് പൊട്ടിമുളച്ചതായതിനാൽ നിപ്പക്ക് അങ്ങനെയൊരു സംവിധാനമില്ല എന്ന് മനസിലായതും ആ ദിനങ്ങളിലാണ്.

ഏതു രീതിയിൽ ഈ പ്രതിസന്ധി മറികടക്കണമെന്ന നിർദേശങ്ങളൊന്നും എവിടെനിന്നും ലഭിക്കുന്നില്ല. മാത്രമല്ല, ഇതൊരു മെഡിക്കൽ ഹെൽത്ത് വിഭാഗത്തിനുമാത്രം കൈകാര്യം ചെയ്യാവുന്ന കാര്യവുമല്ല, സമൂഹത്തിലെ എല്ലാ തലങ്ങളെയും സ്പർശിക്കുന്നതാണ്. അപ്പോൾ ഞാൻ പ്രാർത്ഥിച്ച് ഒരു തീരുമാനത്തിലെത്തി. ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ ഫീൽഡിലുള്ളവർ അവരുടെ ഹെൽത്ത് സെക്ടറിൽ ശ്രദ്ധ കൊടുക്കട്ടെ. ബാക്കി കാര്യങ്ങളുടെയെല്ലാം ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കാം.

അങ്ങനെ മേയ് 22മുതൽ ഇതിന്റെ കോർഡിനേഷൻ ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും ഞാൻ ഏറ്റെടുത്തു. ഗസ്റ്റ് ഹൗസ് മുഴുവൻ ‘നിപ്പ സെൽ’ ആയി മാറ്റിവെക്കാനാണ് ഞങ്ങൾ ആദ്യം തീരുമാനിച്ചത്. നിപ്പ സ്ഥിതിഗതികൾ വിലയിരുത്താൻ എല്ലാ ദിവസവും വൈകിട്ട് 6.30ന് ഗസ്റ്റ് ഹൗസിൽ കോർ ഗ്രൂപ്പ് അവലോകന യോഗവും ചേർന്നു. ആരോഗ്യ വകുപ്പ് ഡയറക്ടർ, കേന്ദ്ര പ്രതിനിധികൾ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ജില്ലാ ആരോഗ്യ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവരെല്ലാം ഇതിൽ പങ്കാളികളായി. അവിടെ നിന്നാണ് ഇതിനുവേണ്ട മുഴുവൻ തീരുമാനങ്ങളും എടുത്തത്.

മാധ്യമ ശ്രദ്ധ മുഴുവൻ നിപ്പയിലേക്ക് തിരിഞ്ഞതിനാൽ കൃത്യമായ ഉത്തരം നൽകാനും ജനങ്ങളുടെ ഭയാശങ്ക പരിഹരിക്കാനും ഒറ്റയാൾക്ക് ഉത്തരവാദിത്വം നൽകിയാൽ മതിയെന്നായിരുന്നു ഞങ്ങളുടെ തീരുമാനം. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ. എൽ സരിതക്കായിരുന്നു ഇതിന്റെ ഉത്തരവാദിത്വം. എല്ലാ ദിവസവും രാവിലെ 10.00നും വൈകിട്ട് 5.00നും പ്രത്യേകം പ്രസ് റീലീസുകൾ പുറപ്പെടുവിച്ചു. വൈകിട്ട് 6.30നുശേഷമുള്ള അവലോകന യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരെ കാണുകയും ചെയ്തു. ഇതു തുടർന്നുകൊണ്ടിരുന്നു. അല്ലാതെ വേറെയാരും ഇതെക്കുറിച്ച് ഒരുവാക്കും പറഞ്ഞില്ല. സോഷ്യൽ മീഡിയയെയും കർശനമായി നിയന്ത്രിച്ചു.

ജന ജാഗ്രതയ്ക്ക് ബിഗ് സല്യൂട്ട്

ഒരാൾ രോഗലക്ഷണം പ്രകടിപ്പിച്ചാൽ നിപ്പ ബാധിച്ച് ആദ്യം മരണമടഞ്ഞവ്യക്തിയുമായി ഇതിനെ ബന്ധിപ്പിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. മരണമടഞ്ഞ 17പേരെയും ആദ്യത്തെ രോഗിയുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് നിപ്പ നിയന്ത്രിക്കാനായതിന്റെ വിജയ രഹസ്യം. മറ്റൊരു ഉറവിടത്തിൽനിന്നു കൂടി രോഗം വന്നിരുന്നെങ്കിൽ കൈവിട്ടുപോകുമായിരുന്നു. അതുകൊണ്ട് ഒരു രോഗി വന്നാൽ ആദ്യം നിരീക്ഷിച്ചത് മരണമടഞ്ഞ ആദ്യത്തെ രോഗിയുമായി ക്ലോസ് കോൺടാക്ട് ഉണ്ടായിട്ടുണ്ടോ എന്നതായിരുന്നു.പിന്നീടായിരുന്നു രക്തപരിശോധന നിർദേശിക്കുന്നത്. ഒരു രോഗിയുടെ രക്തപരിശോധനയിൽ രോഗം പോസിറ്റീവെന്ന് കണ്ടെത്തിയാലും നിരീക്ഷണം തുടർന്നു. രോഗലക്ഷണങ്ങൾ പ്രകടമായാലേ രോഗം സ്ഥിരീകരിക്കാനാകൂ. അതുവരെ അവർ എവിടെയൊക്കെ പോയിരുന്നു, ആരോടൊക്കെ സംസാരിച്ചു, തുടങ്ങിയ എല്ലാക്കാര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തി.

രോഗത്തിൽനിന്ന് അത്ഭുതകരമായി രക്ഷപെട്ടവരിലൊരാൾ അജന്യയാണ്. മറ്റൊരാൾ മലപ്പുറം സ്വദേശി ഉബേഷും. 2649 പേരെ ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. നിരീക്ഷണം എന്നത് മാനസികമായി വിഷമമുണ്ടാക്കുന്ന കാര്യമാണ്. ഒരു വ്യക്തി നിരീക്ഷണത്തിലാണെന്ന് പറയുമ്പോഴേ സമൂഹം അവരെ ഒറ്റപ്പെടുത്തും. അതിനാൽ സമൂഹത്തെയും ആ വ്യക്തിയെയും ഭയപ്പെടുത്താതെവേണം കാര്യങ്ങൾ ക്രമീകരിക്കാൻ. നിരീക്ഷണത്തിനും മറ്റുമായി ആശാവർക്കേഴ്‌സ് ഉൾപ്പെട്ട ഒരു ടീം ഫീൽഡിലും പ്രവർത്തിച്ചു.

പനിബാധിതരായ വ്യക്തികൾക്ക് ഏതുസമയവും വിളിക്കാൻ ഉപകരിക്കുന്ന 24 മണിക്കൂർ കൺട്രോൾ റൂമും ഞങ്ങൾ ആരംഭിച്ചു. അതോടൊപ്പം ഗസ്റ്റ് ഹൗസിൽ ഒരു കോൾ സെന്ററും തുടങ്ങി. ഒമ്പത് ലൈനുള്ള ഈ കോൾസെന്ററിൽ 25ൽപ്പരം പേരെ ഫുൾടൈം നിയോഗിച്ചു. നിരീക്ഷണത്തിലായവരെ ആ കോൾ സെന്ററിലൂടെ അങ്ങോട്ട് കോൺടാക്ട് ചെയ്യും. ഓരോ ദിവസവും അവരുടെ കാര്യങ്ങൾ എങ്ങനെയെന്നറിയാനായിരുന്നു ലക്ഷ്യം. എന്നാൽ, പലപ്പോഴും അവരതിനെ പോസിറ്റീവായല്ല കണ്ടത്. മിക്കവരും വിളിക്കുമ്പോൾ വല്ലാതെ ദേഷ്യപ്പെടും. എങ്കിലും ക്ഷമാപൂർവം വിളിയും കൗൺസലിംഗും തുടർന്നു.

നമ്മുടെ ഭാഗത്തുനിന്ന് ഒരു അനാസ്ഥയും ഉണ്ടാകരുതെന്നാണ് ഞാൻ ഉത്തരവാദിത്വപ്പെട്ടവരോട് നിർദേശിച്ചത്. കോൾ സെന്ററിലെ ജീവനക്കാർക്ക് കൃത്യം വിവരങ്ങൾ ലഭ്യമാക്കാൻ മൊബൈൽ ആപ്പും ആരംഭിച്ചു. ഇങ്ങനെ നിരന്തരമായ ചങ്ങലയിലൂടെയാണ് നിപ്പയുടെ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നേറിയത്. ഇതോടൊപ്പം പ്രതിരോധ പ്രവർത്തനങ്ങളിലുള്ള ജാഗ്രത നില നിർത്താനും ജില്ലയിലെ മുഴുവൻ പൊതുപരിപാടികൾ, ഉദ്ഘാടനങ്ങൾ തുടങ്ങിയവ നിർത്തിവെക്കാനും അഭ്യർത്ഥിച്ചു. കല്യാണം, ആഘോഷങ്ങൾ തുടങ്ങിയവ മാറ്റിവെച്ച് ജനങ്ങളും പൂർണമായും സഹകരിച്ചു. കോഴിക്കോട് ജനത കാട്ടിയ കടുത്ത ജാഗ്രതയാണ് രോഗം നിയന്ത്രിക്കാൻ സഹായമായത്.

ഭയത്തെ കീഴടക്കുന്ന ദൈവം

ഞങ്ങൾ പരസ്പരം ഒന്നിച്ചുകൂടുമ്പോഴും നിപ്പയുടെ വ്യാപനത്തെക്കുറിച്ച് സംസാരിക്കുമ്പോഴുമെല്ലാം മാനുഷികമായ ഭയവും ഉത്ക്കണ്~യുമെല്ലാം ഞങ്ങളെ വരിഞ്ഞുമുറുക്കിയിരുന്നു. പക്ഷേ, ദൈവം നൽകിയൊരു ബലം അതിനും മേലെ ഉയർന്നുനിന്നു. എന്നും വീട്ടിൽ നിന്നിറങ്ങുമ്പോൾ ഭാര്യ പീസമ്മ, മാസ്‌ക് ധരിക്കണമെന്ന് എന്നോട് നിർദേശിക്കുമെങ്കിലും ഞാൻ അതിന് തയാറല്ലായിരുന്നു. കാരണം, ഞാൻ അത് ധരിച്ചാൽ എല്ലാവരും മാസ്‌ക് ധരിക്കേണ്ടിവരും. രോഗത്തെക്കുറിച്ച് ജനം വല്ലാതെ ഭയപ്പെടും. ഞാൻ ധരിക്കാത്തതിനാൽ ഞങ്ങളുടെ ഓഫീസ് സ്റ്റാഫും അങ്ങനെ തന്നെ ചെയ്തു.

മുക്കം സ്വദേശി അഖിലിന്റെ മരണം ഞങ്ങളെ ഭയപ്പെടുത്തിയ ഒരു സംഭവമാണ്. കാരണം, ആദ്യഘട്ടം കഴിഞ്ഞു രണ്ടാം ഘട്ടം ആരംഭിച്ചു എന്ന വിഹ്വലമായൊരു തോന്നലാണ് അത് സൃഷ്ടിച്ചത്. എങ്കിലും ദൈവാത്മാവ് നൽകിയ ബലത്തിൽ ഞങ്ങൾ മുന്നോട്ട് പോയി. ഇതിനിടയിൽ ഞങ്ങളെപ്പോലും ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ മറ്റൊരു അനുഭവവുമുണ്ടായി. എല്ലാവരെയും ഒന്നിപ്പിച്ച് മുന്നോട്ട് കൊണ്ടുപോയ ഡി.എം.ഒ ജയശ്രീയും പനി ബാധിതയായി.

അതും കടുത്ത ജ്വരം. ഞങ്ങൾക്കിത് പുറത്തുപറയാൻ പറ്റുമോ? മാധ്യമങ്ങളിലൂടെ വാർത്ത എങ്ങാനും ചോർന്നാൽ കോഴിക്കോട് ജില്ല മുഴുവൻ ഭയപ്പെടും. ഗസ്റ്റ് ഹൗസിൽ ഞങ്ങളൊന്നിച്ച് കൂടിയപ്പോൾ കടുത്ത ഭയമായിരുന്നു എല്ലാവരുടെയും കണ്ണുകളിൽ. അടുത്തത് ആരാവും? എന്നായിരുന്നു എല്ലാവരുടെയും മുഖഭാവം പറയാതെ പറഞ്ഞത്. രണ്ടു ദിവസത്തിനുശേഷം പിടിപെട്ടത് നിപ്പ അല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് എല്ലാവരുടെയും ചങ്കിലെ നെരിപ്പോടണഞ്ഞത്.

ചുരുക്കി പറഞ്ഞാൽ, പതിനായിരങ്ങളുടെ പ്രാർത്ഥനയും ഐക്യത്തോടെയുള്ള കോഴിക്കോട് ജനതയുടെപ്രവർത്തനവും നിപ്പയെ പിടിച്ചുകെട്ടുന്നതിന് വഴിയൊരുക്കി യെന്ന് നിസ്സംശയം പറയാം. ഉറക്കമിളച്ച പ്രവർത്തനങ്ങളുടെയും ക~ിനാധ്വാനത്തിന്റെയും നാളുകൾ അവസാനിച്ചു എന്ന് കരുതിയപ്പോഴാണ് താമരശേരി കട്ടിപ്പാറയിലുണ്ടായ ഉരുൾപൊട്ടൽ. പിന്നെയും വിശ്രമമില്ലാത്ത അധ്വാനം. അതെല്ലാം വിശ്വസ്തതാപൂർവം നിറവേറ്റാൻ പ്രാപ്തനാക്കുന്ന ദൈവത്തിന് നന്ദി..

 

ജെയ്‌മോൻ കുമരകം

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?