Follow Us On

18

April

2024

Thursday

മനുഷ്യരെ പിടിച്ച മീൻപിടുത്തക്കാർക്ക് അഭിവാദ്യങ്ങൾ

മനുഷ്യരെ പിടിച്ച മീൻപിടുത്തക്കാർക്ക് അഭിവാദ്യങ്ങൾ

ആദ്യ ശിഷ്യരായി മുക്കുവരെ തന്നെ ക്രിസ്തു തിരഞ്ഞെടുക്കാൻ കാരണം എന്തായിരിക്കും? അത് കണ്ടറിയാൻ രണ്ടായിരം വർഷങ്ങൾക്കിപ്പുറമുള്ള ഒരു പ്രളയകാലം വരെ നമുക്ക് കാത്തിരിക്കേണ്ടിവന്നോ?

മഹാപ്രളയം മലയാളിയോട് മറക്കരുതാത്ത പലതും പറഞ്ഞു തരുന്നുണ്ട്. അതിലൊന്ന് മത്സ്യത്തൊഴിലാളികൾ നമ്മുടെ നാടിന്റെ പവിഴമുത്തുകളാണ് എന്നതാണ്. ദുരന്തകാലത്ത് കടലിന്റെ മക്കൾക്ക് ഉത്തമ ജീവൻ രക്ഷാ പ്രവർത്തകരാകൻ കഴിയുമെന്ന യഥാർത്ഥ്യമാണ് പ്രളയം തെളിയിച്ചത്. ദുരിതക്കയത്തിൽ മുങ്ങിത്താണ് മരണത്തോട് മല്ലടിച്ചവരെ കൈപിടിച്ചുയർത്തുന്നതിൽ മുഖ്യപങ്കുവഹിച്ചത് നമ്മുടെ സ്വന്തം മീൻപിടിത്തക്കാരാണല്ലോ.
ഉപജീവനത്തിനുവേണ്ടി തിരമാലകളോട് പോരാടുകയെന്നത് നിത്യാഭ്യാസമാക്കിയവർ ഗതിമാറി ഒഴുകിയ പുഴകളെ കീഴ്‌പ്പെടുത്തി കേരള മണ്ണിന്റെ വരുതിയിലാക്കിയെന്ന് പറയുന്നതാവും കൂടുതൽ ശരി. ജാതി, മത, വർഗ, വർണ, രാഷ്ട്രീയ ഭേതമില്ലാതെ സഹജീവികളെ പ്രത്യാശയുടെ ലോകത്തിലേക്ക് എത്തിച്ച കടലമ്മയുടെ വളർത്തു മക്കൾക്ക് അഭിവാദ്യങ്ങൾ.
വരൂ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാമെന്ന് മീൻപിടുത്തക്കാരോട് ആദ്യമായി ഉപദേശിച്ചുകൊടുത്ത ചരിത്രപുരുഷനായ ഗുരു യേശുക്രിസ്തു തന്നെയായിരിക്കും. ഈ ഉപദേശം സ്വീകരിച്ചവരുടെ പിൻഗാമികളുടെ തനിജിവിതമാണ് പ്രളയരംഗങ്ങളിൽ നാം ദർശിച്ചത്. ജീവൻ പണയംവെച്ചും സഹജീവികൾക്കുവേണ്ടി രംഗത്തിറങ്ങി അതിസാഹസികമായി ഈ രക്ഷാദൗത്യം വിജയിപ്പിച്ചെടുത്ത നമ്മുടെ പ്രിയപ്പെട്ട മത്സ്യത്തൊഴിലാളി സോദരങ്ങൾക്ക് അർഹിക്കപ്പെട്ടതുതന്നെ ‘കേരളസൈന്യം’ എന്ന വിശേഷം.
ക്രിസ്തുവിന് തെറ്റുപറ്റുമോ? 
എന്തുകൊണ്ടാകാം ആദ്യ ശിഷ്യരായി ക്രിസ്തു മുക്കുവരെ തന്നെ തിരഞ്ഞെടുത്തത്? അത് കണ്ടറിയാൻ രണ്ടായിരം വർഷങ്ങൾക്കിപ്പുറമുള്ള ഒരു പ്രളയകാലംവരെ മലയാളിക്ക് കാത്തിരിക്കേണ്ടിവന്നുവെന്ന കാര്യവും മറക്കരുത്. ശിമയോനും അന്ത്രയോസും യാക്കോബും യോഹന്നാനും മീൻ പിടിത്തക്കാരായിരുന്നു. അവരോടാണ് എന്നെ അനുഗമിക്കൂ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാമെന്ന് ക്രിസ്തു പറഞ്ഞത്.
വിളി കേട്ടയുടനെ പൂർണമായി സമർപ്പണം ചെയ്ത് ഉപജീവന മാർഗങ്ങളായ വള്ളവും വലയും ഉപേക്ഷിച്ചാണ് അവർ ക്രിസ്തുവിനെ പിന്തുടർന്നത്. ഒരുപക്ഷേ, ക്രിസ്തു ദൈവപുത്രനായ മിശിഹായാണെന്നും തങ്ങൾ ഏറ്റെടുക്കാൻ പോകുന്ന ദൗത്യത്തിന്റെ കാ~ിന്യവും അവർ ഗ്രഹിച്ചിട്ടുണ്ടായിരിക്കില്ല ആ നിമിഷത്തിൽ. എന്നാൽ, തങ്ങളുടെ ഉപജീവിതത്തേക്കാൾ കൂടുതൽ മഹത്വം മനുഷ്യരെ പിടിക്കുകയെന്ന കർമത്തിന് അഥവാ മനുഷ്യരക്ഷ എന്ന ദൗത്യത്തിന് ഉണ്ടെന്ന ബോധ്യമവർക്കുണ്ടായിരുന്നു.
മീൻപിടുത്തമുപേക്ഷിച്ച് ക്രിസ്തുവിനോടൊപ്പം ചേർന്ന് മനുഷ്യ രക്ഷ സാധ്യമാക്കാൻ അവർ ഇറങ്ങി പുറപ്പെട്ടത് ഈ ബോധ്യത്തിൽ നിന്നാകണം. ഇവരിൽ വലിയ മുക്കുവനെന്ന വിശേഷണംകൂടി പിന്നീട് ലഭിച്ച ശിമയോൻ പത്രോസാണല്ലോ ആദ്യത്തെ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതും. സ്വർഗവാതിലിന്റെ താക്കോൽ സ്ഥാനവും പത്രോസിനുതന്നെയാണ് ക്രിസ്തു കൽപ്പിച്ച് കൊടുത്തത്.
ലോകരക്ഷയ്ക്കുവേണ്ടി കുരിശു മരണം തന്നെ ജീവിത ലക്ഷ്യമാക്കിയ ഒരു ഗുരു
വിനെ പിൻതുടരാൻ ആവശ്യം വേണ്ട ഗുണങ്ങളായ എളിമ, സത്യസന്ധത, സമർപ്പണം, പരസ്‌നേഹം, സഹനശേഷി, നിഷ്‌കളങ്കത ഇവയെല്ലാം ഒരു മത്സ്യത്തൊഴിലാളിയിൽ ഒരുമിച്ച് ചേർന്നിരുന്നുവെന്ന് ക്രിസ്തുവിന് അറിയാമായിരുന്നല്ലോ. കരുണ, ധൈര്യം, സാഹസികത എന്നിവയെല്ലാം ദൈവം അവരുടെ മേൽ കനിഞ്ഞ് നൽകിയിരുന്നുവെന്ന് ബൈബിൾ വായിക്കുമ്പോൾ അടുത്തറിയാനും സാധിക്കും.
മണി മന്ദിരങ്ങളിലിരുന്ന് നിത്യവും സുവിശേഷം പറഞ്ഞുകൊണ്ടിരുന്ന പരമ്പരാഗത ക്രിസ്ത്യാനിക്കുപോലും മുക്കുവരിലെ ക്രിസ്തീയ ഗുണങ്ങൾ തിരിച്ചറിയാൻ ഒരു മഹാപ്രളയംതന്നെ വേണ്ടിവന്നുവെന്നത് നമ്മെ അസ്വസ്ഥതപ്പെടുത്താതിരിക്കില്ല.
മീൻപിടുത്തക്കാരെ വിലകുറഞ്ഞവരായിക്കണ്ട മുഖ്യധാരാ സമൂഹമാണ് ക്രിസ്തുവിന്റെ കാലത്തുമുണ്ടായിരുന്നത്. അതുകൊണ്ട് തന്നെയാണ് മത്സ്യത്തൊഴിലാളികളെ ശിഷ്യരായി സ്വീകരിച്ച ക്രിസ്തുവിനെ യഹൂദപ്രമാണികൾ പരിഹസിച്ചത്. എന്നാൽ, പരിഷ്‌കാരികളും ബുദ്ധിമാൻമാരുമെന്ന് അഹങ്കരിച്ച അത്തരക്കാരുടെ ജ്വൽപ്പനങ്ങൾ ക്രിസ്തു അവഗണിക്കുകയാണുണ്ടായത്.
ഗുരുവെന്ന നിലയിൽ ക്രിസ്തുവിന് പേരും പ്രശസ്തിയും വർദ്ധിച്ചുവന്നപ്പോൾ സമ്പന്നരും പണ്ഡിത പ്രമുഖരും ജനനേതാക്കളുമെല്ലാം യേശുവിന്റെ ശിഷ്യരാകാൻ കൊതിച്ചു. അപ്പോഴും സ്വന്തം രക്ഷാകര ദൗത്യം ഏറ്റവും സത്യസന്ധവും വിജയകരവുമായി പിൻതുടരാൻ പറ്റിയ മെച്ചപ്പെട്ട ശിഷ്യരായി മീൻപിടുത്തക്കാരെതന്നെ ക്രിസ്തു തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു.

പ്രളയം തെളിയിച്ച വിഗ്രഹ ആരാധന

ഭാരതീയ ചിന്തയിൽ കാമമെന്നാൽ ഭൗതിക യാഥാർത്ഥ്യങ്ങളിലുള്ള മനുഷ്യന്റെ താൽപ്പര്യമെന്നർത്ഥം. പുരുഷാർത്ഥങ്ങളിലൊന്നായ കാമവിചാരം ഈ പാരമ്പര്യമനുസരിച്ച് ഒരു തെറ്റല്ല. എന്നാൽ, ദൈവസാക്ഷാൽക്കാരത്തിന് അഥവാ മോഷപ്രാപ്തിക്ക് ഈ താൽപ്പര്യമൊരു തടസമാകാം പലരിലും. ഈ ദുരവസ്ഥയാണ് ആസക്തി അഥവാ ആശാപാശം എന്നൊക്കെ ഭാരതീയ ആത്മീയ പാരമ്പര്യത്തിൽ വിശദീകരിക്കപ്പെടുക. ഈ ബന്ധനം അറുത്തുമുറിച്ചു മാറ്റാതെ ആത്മരക്ഷ സാധ്യവുമല്ല.
ഒരർത്ഥത്തിൽ ഇതിനോട് ഏറെക്കുറെ സമാനമായ ചിന്തയാണ് ക്രിസ്തീയ പാരമ്പര്യത്തിൽ വിഗ്രഹാരാധന എന്നത്. ദൈവത്തിന് പകരമായി ഭൗതിക യാഥാർത്ഥ്യങ്ങളെ മനസിൽ പ്രതിഷ്~ിച്ച് പൂജിക്കുന്ന അവസ്ഥതന്നെ. ഭൗതിക നേട്ടങ്ങൾക്കൊണ്ട് സായൂജ്യമടയുമ്പോൾ നാമറിയാതെ തന്നെ ഒരു ബന്ധനാവസ്ഥയിലാകുന്നു. സമ്പത്ത്, സൗന്ദര്യം, അധികാരം, പ്രസക്തി, വീട്, കാറ്, ആഭരണം, എന്നിവയൊക്കെ ആകാമത്.
എല്ലാമെനിക്ക് ദൈവം തന്നതാണെന്ന ബോധ്യം നഷ്ടപ്പെടുമ്പോഴാണ് മനുഷ്യൻ സുഖഭോഗങ്ങളുടെ ആസക്തിയിലാകുക. സൃഷ്ടാവായ ദൈവത്തിൽനിന്ന് യാത്ര പുറപ്പെട്ടവർ അവിടേക്കുതന്നെ തിരിച്ചെത്തേണ്ടവരാണെന്ന സത്യം മറന്ന് ലോകവുമായി ഇടപെഴകുമ്പോഴാണ് മനുഷ്യൻ ആശാപാശത്തിലാവുക. ഈ ബന്ധം തകർക്കാതെ സ്വർഗപ്രാപ്തി അസാധ്യമാകും, യഥാർത്ഥമായ ദൈവാരാധനയും.
നാം തന്നെ ആത്മാവിൽ പ്രതിഷ്~ിച്ച ബിംബങ്ങളെ പൂജിച്ച് ലോകത്തിൽ ഇനിയും നാം വിഗ്രഹാരാധകരായി കഴിഞ്ഞ് കൂടുന്ന തെന്തിനാണ്.? മഹാപ്രളയം വന്നുമൂടിയപ്പോഴും സ്വന്തം വീടും സ്വത്തും സാധനങ്ങളുമൊക്കെ വിട്ടുപോരാൻ മടികാണിച്ച നിരവധി പേരെക്കുറിച്ച് രക്ഷാപ്രവർത്തകർ തന്നെ വെളിപ്പെടുത്തിയതാണ് ഇങ്ങനെ ചിന്തിക്കാൻ പലരേയും പ്രേരിപ്പിക്കുന്നത്. ജോബിനെപ്പോലെ, ‘എല്ലാം ദൈവം തന്നു ദൈവം തന്നെ എടുത്തുകൊള്ളട്ടെ’ എന്ന് പറയാൻ എന്തുകൊണ്ട് ഒരു ക്രിസ്ത്യാനിക്ക് കഴിഞ്ഞില്ല?
മഹാബലിയും പ്രളയാനന്തരകേരളവും
ഇത്തവണ ഓണാഘോഷങ്ങൾ വേണ്ടെന്നുവെച്ചത് നല്ല കാര്യം. ‘കാണം വിറ്റും ഓണമുണ്ണണം’ എന്ന ചരിത്രാതീതമായ പഴമൊഴി ആഗോളതലത്തിൽ തന്നെ മലയാളികൾ ഏക മനസ്സോടെ തള്ളിക്കളഞ്ഞു. എങ്കിലും മാവേലി മന്നൻ, സ്വന്തം പ്രജകളെ തേടി എഴുന്നള്ളുകതന്നെ ചെയ്യും. കൊട്ടും കുരവയും പുത്തൻ പുടവയും പുത്തരിപ്പായസവും താലപ്പൊലിയും തിരുവാതിരക്കളിയുമൊന്നുമില്ലെങ്കിൽക്കൂടി.
ഒരു പക്ഷേ, ഇത്തവണയായിരിക്കും മാവേലി ഏറെ സന്തോഷവാനായി മടങ്ങിപ്പോവുക! ഐതീഹ്യത്തിലെ തന്റെ സാമ്രാജ്യം പുനർസ്ഥാപിക്കപ്പെട്ടതിലുള്ള സന്തോഷം! ജാതിമത ഭേദം കൂടാതെ വർണവർഗ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഉള്ളവനും ഇല്ലാത്തവനും പരസ്പരം പങ്ക്‌വെച്ച് ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞുകൂടുന്നത് മഹാബലിയെ ആനന്ദിപ്പിക്കാതിരിക്കില്ല!
അതിജിവിക്കും നാം
സ്വാർത്ഥതയുടെ വാല്മീകത്തിനുള്ളിൽ മലയാളി ഒളിച്ചുകഴിഞ്ഞെന്ന് സന്ദേഹിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന് കേരളത്തെ പ്രളയം പിടികൂടിയത്. ചിതൽപ്പുറ്റുകളുടെ കാര്യം തന്നെ പറയേണ്ടതില്ലല്ലോ. എന്നാൽ, പ്രത്യാശയ്ക്ക് വകയുണ്ട്. ഭേദചിന്ത കൂടാതെ ഒരുമിച്ച് നിന്നാൽ എങ്ങനെ ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുമെന്ന് ഇനി മലയാളി ലോകത്തിന് പ്രവർത്തിച്ച് തെളിയിച്ച് കൊടുക്കാൻ പോവുകയാണ്. മനുഷ്യമനസിലെ നന്മ തിരിച്ചറിയുന്നവരെല്ലാം ഒരുമിച്ച് കൂടാൻ പോവുകയാണ്.
ഒന്നാം ഘട്ടമായി, ദുരന്ത ഘട്ടങ്ങളിൽ രക്ഷാദൗത്യം എങ്ങനെ ഏറ്റെടുത്ത് നടത്തണമെന്ന് ‘കേരള സൈന്യം’ കാണിച്ചുതന്നു. നമ്മുടെ ചെറുപ്പക്കാർ ക~ിനാധ്വാനം ചെയ്ത് കൈയ്‌മെയ് മറന്ന് ഭക്ഷണവും മരുന്നുമെത്തിക്കുന്നു ദുരന്തബാധിത പ്രദേശങ്ങളിൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം ഒഴുകിയെത്തുകയാണ്. അങ്ങി
നെയെല്ലാമെല്ലാം, പ്രളയകാലം അതിജീവനത്തിലേക്കുള്ള മാർഗങ്ങളാണ് മലയാളിക്ക് മുമ്പിൽ തുറന്നിടുക. നാമൊന്ന് പോസിറ്റീവായി ചിന്തിച്ചാൽ മാത്രം മതി. വരാനിരിക്കുന്നത് ഉയിർത്തെഴുന്നേൽപ്പിന്റെ യുഗമാണ്. കിതപ്പിന് ശേഷം ഒരു വൻ കുതിപ്പ്.
സക്കേവൂസ്‌
Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?