Follow Us On

04

June

2023

Sunday

ഹല്ലേലൂയ്യാ, ഓശാന പിന്നെ ഹോസാന!

ഹല്ലേലൂയ്യാ, ഓശാന പിന്നെ ഹോസാന!

ദൈവാലയത്തിലും പ്രാർത്ഥനായോഗങ്ങളിലുമെല്ലാം നിരന്തരം കേൾക്കാറുള്ള രണ്ടു വാക്കുകളാണ് ഹല്ലേലൂയ്യാ, ഓശാന; ചിലപ്പോൾ ഹോസാന എന്നും കേൾക്കുന്നു. ഈ വാക്കുകൾ ഏതു ഭാഷയിൽനിന്നാണ്; എന്താണിതിന്റെ അർത്ഥം? രണ്ടു വാക്കുകളും ഒരുമിച്ച് പറയുന്നതിനാൽ രണ്ടിന്റെയും അർത്ഥം ഒന്നുതന്നെയല്ലേ; എന്തുകൊണ്ടാണ് ചിലപ്പോൾ ഓശാന എന്നും ഹോസാനയെന്നും മാറ്റിപ്പറയുന്നത്?
******
ക്രൈസ്തവരുടെ പ്രാർത്ഥനാജീവിതത്തിൽ വളരെ പ്രാധാന്യമുള്ള രണ്ടു വാക്കുകളാണ് ചോദ്യവിഷയം. കൃത്യമായി പറഞ്ഞാൽ ഇതുരണ്ടും ക്രിസ്ത്യാനികൾ കണ്ടുപിടിച്ചതോ തുടങ്ങിവച്ചതോ ആയ പ്രാർത്ഥനകളല്ല. വാക്കുകൾ മൂന്നും ഹെബ്രായ ഭാഷയിൽനിന്നാണ്. ഇസ്രായേൽ ജനങ്ങളുടെ പ്രാർത്ഥനയുടെ ഭാഗമായിരുന്നു ഇത്. ബൈബിളിൽ വിശിഷ്യാ, സങ്കീർത്തനങ്ങളിൽ ഈ വാക്കുകൾ അനേകം തവണ പ്രത്യക്ഷപ്പെടുന്നുണ്ട്; ചുരുക്കമായി പുതിയ നിയമത്തിലും. ഓശാന, ഹോസാന രണ്ടും ഒന്നുതന്നെ; മലയാളത്തിലേക്ക് വന്നപ്പോൾ ഉച്ചാരണത്തിലുണ്ടായ വ്യത്യാസം മാത്രമേയുള്ളൂ. അതേസമയം ഹല്ലേലൂയ്യാ, ഓശാന എന്നീ വാക്കുകൾക്ക് അർത്ഥവ്യത്യാസമുണ്ട്.
ഹല്ലേലൂയ്യാ
സ്തുതിക്കുക എന്നർത്ഥമുള്ള ‘ഹല്ലെൽ’ എന്ന ക്രിയാപദത്തിന്റെ ആദേശക അഥവാ വിധായകരൂപം ബഹുവചനമാണ്. ‘ഹല്ലെലൂ’ എന്നതിന്റെ കൂടെ ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട പേരായ ‘യാഹ്‌വേ’യുടെ ഹ്രസ്വരൂപമായ ‘യാ’ കൂട്ടിച്ചേർത്തതാണ് ഹല്ലേലുയ്യാ (ഹല്ലെൽ: ഹല്ലെലൂ+യാഹ്‌വേ= ഹല്ലെലുയ്യാ). കർത്താവിനെ സ്തുതിക്കുവിൻ എന്നാണ് ഇതിന്റെ അർത്ഥം. രൂപത്തിൽ ഇതൊരു ആഹ്വാനമാണ്; എങ്കിലും ഉപയോഗത്തിൽ ‘കർത്താവിന് സ്തുതി’ എന്നോ ‘കർത്താവേ അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു’ എന്നോ അർത്ഥമാകാം. സമൂഹത്തിന്റെ പരസ്യവും പൊതുവുമായ ആരാധനയിലും വ്യക്തികളുടെ പ്രാർത്ഥനയിലും ഒരു ഉദ്‌ഘോഷണം അഥവാ ആർപ്പുവിളിയായാണ് ഈ പദം ഉപയോഗിച്ചിരുന്നത്: ഇന്നും ഇതുതന്നെയാണ് വാക്കിന്റെ അർത്ഥവും പ്രയോഗവും. അതേസമയം ഹല്ലെൽ, ഹല്ലേലുയ്യാ എന്നീ രണ്ടു പദങ്ങൾ വേർതിരിച്ചു കാണേണ്ടതുണ്ട്.
ഹല്ലെൽ അല്ല ഹല്ലേലൂയ്യാ
ദൈവത്തെ സ്തുതിക്കുക, അഥവാ സ്തുതിയുടെ ബലികൾ അർപ്പിക്കുക എന്നതായിരുന്നു ഇസ്രായേൽ ജനത്തെ ദൈവം അടിമത്തത്തിൽനിന്ന് മോചിപ്പിച്ച്, തന്റെ സ്വന്തം ജനതയായി തിരഞ്ഞെടുത്തതിന്റെ മുഖ്യലക്ഷ്യം (പുറ.4:23). ജനം ഒന്നടങ്കം ദൈവത്തെ സ്തുതിക്കണം. അതിനുപുറമേ ദൈവത്തെ സ്തുതിക്കുന്നതിനായി ലേവീ ഗോത്രത്തെ പ്രത്യേകം തിരഞ്ഞെടുത്തു. ദൈവത്തെ സ്തുതിക്കുക അവരുടെ മുഖ്യകടമയായിരുന്നു (2 ദിന. 7:6; എസ്രാ. 3:11). ‘ഹല്ലെൽ’ എന്ന പദമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സ്തുതിക്കുക എന്ന പൊതുവായ ഈ അർത്ഥത്തിന് പുറമേ ‘ഹല്ലെൽ’ ഒരു സാങ്കേതിക പദമായും ഉപയോഗിക്കാറുണ്ട്.
ചില സങ്കീർത്തനങ്ങളെ ‘ഹല്ലെൽ’ എന്നോ ‘ഹല്ലെൽ സങ്കീർത്തന’ങ്ങളെന്നോ വിളിക്കാറുണ്ട്. 113^118 സങ്കീർത്തനങ്ങൾ ചെറിയ ഹല്ലെൽ എന്നും ഈജിപ്തിലെ ഹല്ലെൽ എന്നും സാങ്കേതികമായി അറിയപ്പെടുന്നു. ഈജിപ്തിൽനിന്ന് പുറപ്പെട്ട സാഹചര്യത്തിൽ മോശ രചിച്ചതാണ് ഈ സങ്കീർത്തനങ്ങൾ എന്ന പരമ്പരാഗത വിശ്വാസമാണ് ഇവയെ ഈജിപ്തിലെ ഹല്ലെൽ എന്നു വിളിക്കാൻ കാരണം.
‘ഇസ്രായേൽ ഈജിപ്തിൽനിന്ന് പുറപ്പെട്ടപ്പോൾ, … അവിടുത്തെ സാമ്രാജ്യവും ആയിരുന്നു’ (സങ്കീ. 114:1) എന്ന പ്രഖ്യാപനം ഈ ശീർഷകത്തിന് കാരണമായി. പെസഹാ ഭക്ഷണത്തോടനുബന്ധിച്ച് വീടുകളിലും മുഖ്യതിരുനാളുകളിൽ ജറുസലെം ദൈവാലയത്തിലും സിനഗോഗുകളിലും ഈ സങ്കീർത്തനങ്ങൾ ആലപിച്ചിരുന്നു. ‘സ്‌തോത്രഗീതം ആലപിച്ചശേഷം അവർ ഒലിവുമലയിലേക്ക് പോയി’ (മത്താ. 26:30) എന്ന വിവരണം ഈ സങ്കീർത്തനങ്ങളെയാണ് സൂചിപ്പിക്കുന്നത്. ദൈവം ചെയ്ത വലിയകാര്യങ്ങൾ, വിശേഷിച്ചും ഈജിപ്തിൽനിന്ന് നൽകിയ വിമോചനം, ഏറ്റുപറഞ്ഞുകൊണ്ടാണ് സങ്കീർത്തകൻ ദൈവത്തെ സ്തുതിക്കുന്നത്.
120^136 സങ്കീർത്തനങ്ങൾ ‘വലിയ ഹല്ലെൽ’ എന്ന പേരിൽ അറിയപ്പെടുന്നു. സൃഷ്ടി, പരിപാലനം, വിമോചനം, നിരന്തരമായ സംരക്ഷണം, ശത്രുക്കളുടെമേൽ നേടിയ വിജയം എന്നിങ്ങനെ വിവിധങ്ങളായ ദാനങ്ങളെ ഏറ്റുപറഞ്ഞ് ദൈവത്തെ സ്തുതിക്കുകയാണ് ഈ സങ്കീർത്തനങ്ങളുടെയെല്ലാം മുഖ്യപ്രമേയം. 135^136 സങ്കീർത്തനങ്ങളിൽ ഈ പ്രമേയം കൂടുതൽ വ്യക്തമാകുന്നു. ഇവയ്ക്കുപുറമേ 146^150 സങ്കീർത്തനങ്ങൾ ‘ഹല്ലേലുയ്യാ സങ്കീർത്തനങ്ങൾ’ എന്ന പേരിൽ അറിയപ്പെടുന്നു. കാരണം ഈ അഞ്ച് സങ്കീർത്തനങ്ങളും ‘ഹല്ലേലുയ്യാ’ എന്ന ആഹ്വാനത്തോടെയാണ് ആരംഭിക്കുന്നതും അവസാനിക്കുന്നതും. അങ്ങനെ 150 സങ്കീർത്തനങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥം മുഴുവൻ കർത്താവിനെ സ്തുതിക്കാനുള്ള ആഹ്വാനവും കർത്താവിനായി ആലപിക്കുന്ന സ്തുതികീർത്തനങ്ങളും ആണെന്ന് അടിവരയിട്ടുറപ്പിക്കുന്നു.
ഹല്ലേലൂയ്യാ ഹീബ്രുവിൽനിന്ന്
എന്നാൽ, അതിപുരാതനവും ആരാധനക്രമബന്ധിയുമായ ഒരു ആഹ്വാനവും ആർപ്പുവിളിയുമാണ് ഹല്ലേലൂയ്യാ. പല സങ്കീർത്തനങ്ങളും ആരംഭിക്കുന്നതും (106:1, 111:1, 120:1) അവസാനിക്കുന്നതും (104:35, 105: 45, 117) ഈ ആഹ്വാനത്തോടെയാണ്. 146^150 സങ്കീർത്തനങ്ങളുടെ തുടക്കത്തിലും അവസാനവും ഈ ആഹ്വാനം ആവർത്തിക്കുന്നു. പി.ഒ.സി ബൈബിളിൽ ‘ഹല്ലേലൂയ്യാ’ എന്ന ഹീബ്രുവാക്ക് കർത്താവിനെ സ്തുതിക്കുവിൻ എന്നു വിവർത്തനം ചെയ്തിരിക്കുന്നു.
ഇസ്രായേൽ സമൂഹത്തിന്റെയും വ്യക്തികളുടെയും ജീവിതത്തിൽ മാത്രമല്ല, പ്രപഞ്ചസൃഷ്ടിയിലും പരിപാലനയിലും ദൃശ്യമാകുന്ന ദൈവത്തിന്റെ ശക്തിയും കരുണയും കരുതലുമാണ് സ്തുതിക്ക് വിഷയമായി എടുത്തുപറയുന്നത്. സങ്കീർത്തനം 104 സൃഷ്ടിയെയും പരിപാലനയെയും ഏറ്റുപറഞ്ഞ് സ്തുതിക്കുമ്പോൾ 105^106 സങ്കീർത്തനങ്ങൾ പുറപ്പാട് സംഭവത്തെ സ്തുതിയുടെ വിഷയമാക്കുന്നു. ആരാധനയുടെ മധ്യത്തിൽ ഹല്ലേലൂയ്യാ സങ്കീർത്തനങ്ങൾ ആലപിക്കുമ്പോൾ ഓരോ പാദത്തിനുംശേഷം ജനം ഹല്ലേലൂയ്യാ എന്ന മറുപടി പറയാറുണ്ടായിരുന്നു.
ക്രൈസ്തവരുടെ ആരാധനയിലും ‘ഹല്ലേലൂയ്യാ’യ്ക്ക് വലിയ പ്രാധാന്യമുണ്ട്. ബൈബിൾ ഹീബ്രുവിൽനിന്ന് ലത്തീനിലേക്ക് വിവർത്തനം ചെയ്ത വിശുദ്ധ ജറോമിന്റെ (345419) അപേക്ഷ മാനിച്ച് ദമാസൂസ് പാപ്പയാണ് ലത്തീൻ കുർബാനക്രമത്തിൽ ആദ്യത്തെ വായനയ്ക്കുശേഷം ‘ഹല്ലേലുയ്യാ’ പാടുന്നതിന് നിർദേശം നൽകിയത്. ഈ കൂട്ടത്തിൽ ചില സങ്കീർത്തന വചനങ്ങൾ ആലപിക്കുകയും ഓരോ വാക്യത്തിനും ശേഷം ‘ഹല്ലേലൂയ്യാ’ ആവർത്തിക്കുകയും ചെയ്യുന്ന പതിവ് നിലവിൽ വന്നു.
ഹല്ലേലൂയ്യാ എന്ന പദംതന്നെ ദൈവസ്തുതിയെ സൂചിപ്പിക്കുന്നുണ്ടെങ്കിലും എന്തിന്റെ പേരിലാണ് ദൈവത്തെ സ്തുതിക്കുന്നത് എന്ന് എടുത്തുപറയുകയും ആവശ്യമാണ്. ദൈവം ചെയ്ത പ്രവൃത്തികളും ദൈവകൃപയും സഹായവും അനുഭവിച്ച സാഹചര്യങ്ങളും എടുത്തുപറഞ്ഞ് ഒരാൾ ദൈവത്തെ സ്തുതിക്കുന്നതിലൂടെ മറ്റുള്ളവർക്കും ദൈവത്തെ അറിയാനും ദൈവത്തിൽ ആശ്രയിച്ചു പ്രാർത്ഥിക്കാനും പ്രചോദനമാകുന്നു. അതിലൂടെ ദൈവം മഹത്വപ്പെടുന്നു. ദൈവമേ ഞങ്ങൾ അങ്ങയെ മഹത്വപ്പെടുത്തുന്നുവെന്ന് പറഞ്ഞുകൊണ്ടുമാത്രം മഹത്വമാകില്ലല്ലോ. ദൈവം ചെയ്ത എല്ലാ കാര്യങ്ങളും അവിടുത്തെ അനന്തമായ സ്‌നേഹത്തിന്റെ പ്രകടനങ്ങളാണ്.
അതുതന്നെയാണ് മഹത്വത്തിന്റെ നിദാനം. ‘…തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു’ (യോഹ. 3:16) എന്ന സുവിശേഷവചനത്തിൽ ദൈവത്തിന്റെ മഹത്വമാണ് പ്രകടമാകുന്നത്. പ്രവൃത്തിയിലൂടെ സ്വയം വെളിപ്പെടുത്തുന്നവനാണ് ദൈവം. ആ പ്രവൃത്തി സൃഷ്ടിയിലും രക്ഷയിലും പരിപാലനത്തിലും എല്ലാം പ്രകടമാകുന്നു. അവയൊക്കെ ഏറ്റുപറഞ്ഞ് ദൈവത്തെ സ്തുതിക്കുമ്പോഴാണ് നാം ദൈവത്തെ മഹത്വപ്പെടുത്തുന്നത്. ഇങ്ങനെ ഏറ്റുപറയുന്നതിന് മറുപടിയായി ഹല്ലേലൂയ്യാ എന്ന് ഉദ്‌ഘോഷിക്കുമ്പോൾ സ്തുതിയും കാരണവും വ്യക്തമാകുന്നു.
ഓശാനതന്നെ ഹോസാന
വിശുദ്ധ കുർബാനയുടെ സ്ഥാപനം വിവരിക്കുംമുമ്പ് സമൂഹം ഏറ്റുപാടുന്ന സ്തുതികീർത്തനത്തിലാണ് ഓശാന എന്ന പദം അധികമായും പ്രത്യക്ഷപ്പെടുന്നത്. ഇതും ഒരു ഹീബ്രു വാക്കുതന്നെ. ‘ഹോഷെ, യാനാ’ എന്ന രണ്ടു വാക്കുകളാണ് ഓശാന എന്നും ഹോസാന എന്നും മലയാളത്തിൽ പറയുന്നത്. രണ്ടിന്റെയും അർത്ഥം ഒന്നുതന്നെ. ‘രക്ഷിക്കണേ’ എന്നാണ് മൂലപദത്തിന്റെ അർത്ഥം. ‘നാ’ എന്നത് മലയാളത്തിലെ ‘ണേ’ എന്ന യാചനാരൂപമാണ് കേൾക്കണേ, തരണേ, പൊറുക്കണേ എന്നിങ്ങനെ. ‘ഹോഷെയാ’ എന്ന ക്രിയാധാതുവിന്റെ അർത്ഥം രക്ഷിക്കണേ എന്നുതന്നെയാണ്. ഹീബ്രുവിന്റെ അതേ ഉച്ചാരണം സ്വീകരിച്ചുകൊണ്ട് ‘ഹോസിയാനാ’എന്നും ചിലപ്പോൾ, പ്രത്യേകിച്ചും ഗാനങ്ങളിൽ ഈ യാചന മലയാളത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്.
സങ്കീ. 118:25ൽ ഈ വാക്കിന്റെ അർത്ഥവും സാഹചര്യവും വ്യക്തമായി കാണാം. പരാജിതനും തിരസ്‌കൃതനും അവഹേളനത്തിനും നിന്ദനത്തിനും ഇരയായവനുമായ ഒരാൾ ദൈവത്തിന്റെ പ്രത്യേക സംരക്ഷണവും സഹായവുംവഴി വിജയം വരിച്ചപ്പോൾ നന്ദി പറയാനായി ദൈവാലയത്തിലേക്ക് വരുന്നതിന്റെ ഒരു വിവരണമാണ് 118-ാം സങ്കീർത്തനം. ഇതൊരു വ്യക്തിയുടെ മാത്രമല്ല, ജനത്തിന്റെ മുഴുവൻ പ്രാർത്ഥനയായി പ്രത്യക്ഷപ്പെടുന്നു. ‘കർത്താവേ ഞങ്ങൾ അങ്ങയോടപേക്ഷിക്കുന്നു, ഞങ്ങളെ രക്ഷിക്കണേ; കർത്താവേ ഞങ്ങൾ അങ്ങയോടപേക്ഷിക്കുന്നു, ഞങ്ങൾക്ക് വിജയം നൽകണമേ.’ ഇതിൽ ആദ്യത്തെ യാചന ഞങ്ങളെ ‘രക്ഷിക്കണേ’ എന്നതാണ് ‘ഹോഷിയാനാ’യുടെ വിവർത്തനം.
വലിയ ദേശീയ പ്രതിസന്ധിയിൽ ജനത്തി ന് പൊതുവിലും രാജാവിന് പ്രത്യേകിച്ചും ലഭിച്ച രക്ഷയുടെ ഒരു ചിത്രീകരണമായും ഈ സങ്കീർത്തനം വ്യാഖ്യാനിക്കപ്പെട്ടു. ചില സുപ്രധാന തിരുനാളുകളിൽ പ്രത്യേകിച്ചും കൂടാരതിരുനാളിൽ, ഈ സങ്കീർത്തനം ആലപിച്ചിരുന്നു. ദൈവം രാജാവിന് നൽ കിയ രക്ഷ രാജാവിലൂടെ നൽകുന്ന രക്ഷയായി വ്യാഖ്യാനിക്കപ്പെട്ടു.
അതോടെ ‘ഞങ്ങളെ രക്ഷിക്കണേ’ എന്ന യാചനക്ക് ‘മിശിഹായെ അയച്ച് ഞങ്ങളെ രക്ഷിക്കണേ’ എന്ന ധ്വനിയുണ്ടായി. അങ്ങനെ രക്ഷനും വിമോചകനുമായ മിശിഹാ രാജാവിനുവേണ്ടി ഒരു യാചനയായി ‘ഹോസാന.’ കാലക്രമത്തിൽ ‘മിശിഹായെ അയച്ച് രക്ഷിക്കണമേ’ എന്ന പ്രാർത്ഥന മിശിഹായ്ക്ക് സ്വാഗതം ആശംസിക്കുന്നു അഥവാ ആഗതനാകുന്ന മിശിഹാ രാജാവിനെ എതിരേൽക്കുന്ന ആർപ്പുവിളിയായി പരിണമിച്ചു. ഈ അർത്ഥത്തിൽ ‘ഹോസാന’ ഒരു ജയ്‌വിളിയായി പരിഗണിക്കാം.
‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ’ (സങ്കീ. 118:26) എന്ന വാക്യം വിജയശ്രീ ലാളിതനായി വരുന്ന രാജാവിനെ എതിരേൽക്കുന്നതിന്റെ ഭാഗമാണെന്നതിൽ സംശയമില്ല. ഈ വാക്കുകൾ ആവർത്തിച്ചുകൊണ്ടാണ് ജനം ജറുസലെം പട്ടണത്തിലേക്ക് കഴുതപ്പുറത്ത് വന്ന യേശുവിനെ സ്വീകരിച്ചത്. ‘മരച്ചില്ലകളേന്തി പ്രദക്ഷിണം തുടങ്ങുവിൻ, ബലിപീഠത്തിലേക്ക് നീങ്ങുവിൻ’ (118:27) എന്ന ആഹ്വാനത്തെ അനുസ്മരിപ്പിക്കുന്നതാണ് യേശുവിന് അകമ്പടി സേവിച്ചവരുടെ പ്രവർത്തനം (മത്താ. 21:8).
ഹോസാന വന്ന വഴി
ആണ്ടുതോറും ആഘോഷിച്ചിരുന്ന കൂടാരത്തിരുനാളിന്റെ ഭാഗമായ ഒരു ചടങ്ങിൽ മിശിഹായ്ക്കുവേണ്ടിയുള്ള യാചനയായി
ഈ സങ്കീർത്തനവാക്യം ആലപിച്ചിരുന്നു. പഴങ്ങളുടെ വിളവെടുപ്പ് കഴിയുമ്പോൾ കൂടാരങ്ങളിൽ വസിച്ചുകൊണ്ട് എട്ടു ദിവസം ആഘോഷിച്ചിരുന്നതാണ് കൂടാരത്തിരുനാൾ (ലേവ്യ. 23:33-44). ഏഴാം മാസമാ യ തിഷ്‌റി (സെപ്റ്റംബർ- ഒക്‌ടോബർ) 15മുതൽ 22വരെയാണ് ഈ തിരുനാൾ ആഘോഷിച്ചിരുന്നത്.
സാബത്തിൽ തുടങ്ങി സാബത്തിൽ അവസാനിക്കുന്ന ഈ തിരുനാളിന്റെ ആദ്യത്തെ ഏഴ് ദിവസങ്ങളിൽ വിശുദ്ധവസ്ത്രങ്ങൾ അണിഞ്ഞൊരുങ്ങിയ പുരോഹിതൻ ദൈവാലയത്തിൽനിന്ന് പ്രദക്ഷിണമായി വന്ന് ശീലോഹാ കുളത്തിൽനിന്ന് വെള്ളിക്കലത്തിൽ വെള്ളം നിറച്ച് ദൈവാലയത്തിലേക്ക് മടങ്ങും.
ജനം ഈന്തപ്പനയോലയും പച്ചിലക്കമ്പുകളുംകൂട്ടി ഒരുമിച്ചുകെട്ടിയുണ്ടാക്കിയ ചെറിയ കറ്റകൾ (ലുലാബ് എന്നാണ് ഇത് ഹീബ്രുവിൽ അറിയപ്പെട്ടിരുന്നത്) കൈയിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രദക്ഷിണത്തിൽ പങ്കുചേരും. പുരോഹിതൻ തലയിൽ വെള്ളപ്പാത്രവുമായി ബലിപീഠത്തിന് ഒരു തവണ പ്രദക്ഷിണംവെക്കും. അപ്പോൾ ജനം ലുലാബ് ഉയർത്തി വീശിക്കൊണ്ട് ഹോഷിയാനാ എന്ന് ആർത്തുവിളിക്കും.
പ്രദക്ഷിണം കഴിഞ്ഞ് പുരോഹിതൻ രണ്ടു വെള്ളിക്കിണ്ടികളെടുത്ത്, ഒന്നിൽ ജലവും മറ്റതിൽ വീഞ്ഞും നിറച്ച്, ബലിപീഠത്തിന്റെ പടികൾ കയറി മുകളിലെത്തിയശേഷം വെള്ളവും വീഞ്ഞും ഒരുമിച്ച് ബലിപീഠത്തിന്റെ ചുവട്ടിലേക്ക് ഒഴിക്കും. മഴയ്ക്കുവേണ്ടിയുള്ള ഒരു പ്രാർത്ഥനാശുശ്രൂഷയായി ഇതു കരുതപ്പെട്ടിരുന്നു. പ്രധാന പുരോഹിതൻ ബലിപീഠത്തിന് ഏഴുതവണ പ്രദക്ഷിണം വെക്കുമ്പോൾ ജനം ‘ഹോഷിയാനാ’ എന്നാർത്തു വിളിച്ചുകൊണ്ട് ലുലാബ് ഉയർത്തി വീശുകയും ഏഴാം തവണ പ്രദക്ഷിണം വെക്കുമ്പോൾ ലുലാബ് നിലത്തടിക്കുകയും ചെയ്യും. ഈ ചടങ്ങുകളെയും ആർപ്പുവിളിയെയും അനുസ്മരിപ്പിക്കുന്നതാണ് യേശുവിനെ സ്വീകരിച്ച ജനം ഈന്തപ്പനയുടെ കൈകൾ എടുത്തതും ‘ഹോസാന’ എന്ന് ആർത്തുവിളിച്ചതും (യോഹ. 12:13). ‘ദാവീദിന്റെ പുത്രന് ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ! ഉന്നതങ്ങളിൽ ഹോസാന!’ (മത്താ. 21:9) എന്ന ഉദ്‌ഘോഷണം ജനം യേശുവിനെ ദാവീദിന്റെ പുത്രനും ഇസ്രായേൽ പ്രതീക്ഷിച്ചിരുന്ന രക്ഷകനും രാജാവുമായി എതിരേൽക്കുന്ന തിന്റെ പ്രകടനമാണ്.
ഈ അർത്ഥത്തിലാണ് വിശുദ്ധ കുർബാനയുടെ മധ്യേ ജനം ‘ഹോസാന’ ഗീതം ആലപിക്കുന്നത്. ദിവ്യബലിയിൽ യേശുവിന്റെ യഥാർത്ഥ സാന്നിധ്യം തിരിച്ചറിയുന്ന ജനം ഹോസാന എന്നുപാടി യേശുവിനെ രാജാവായി ഏറ്റുപറയുന്നു. അതോടൊപ്പം പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് മൂന്നുതവണ ആവർത്തിച്ചു പാടിക്കൊണ്ട് രാജാവായി വരുന്ന യേശുവിന്റെ ദൈവത്വവും ഏറ്റുപറയുന്നു. ദൈവാലയത്തിൽവെച്ച് ഏശയ്യായ്ക്കുണ്ടായ ദർശനത്തിൽ സെറാഫുകൾ സിംഹാസനസ്ഥനായ ദൈവത്തെ സ്തുതിച്ചുകൊണ്ട് ആലപിച്ച കീർത്തനമാണിത് (ഏശ. 6:3).
ഹോസാന, പരിശുദ്ധൻ എന്നീ രണ്ടു വാക്കുകൾ ആവർത്തിച്ചുകൊണ്ട് ജനം യേശുവിനെ രാജാവും ദൈവവുമായി ഏറ്റു പറയുന്നു. ഈ ഏറ്റുപറയൽ വെറുമൊരു അധരവ്യായാമം മാത്രമായി അധ$പതിക്കാതിരിക്കണമെങ്കിൽ യേശുവിനെ രാജാവായി അംഗീകരിക്കുകയും ദൈവരാജ്യത്തിന്റെ മൂല്യങ്ങളായ സ്‌നേഹം, സാഹോദര്യം, നീതി മുതലായവ സ്വജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യണം.
റവ. ഡോ. മൈക്കിൾ കാരിമറ്റം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?