Follow Us On

05

December

2023

Tuesday

സ്വാശ്രയ കോളജുകൾ കർഷകജനതയുടെ ആവശ്യം

സ്വാശ്രയ കോളജുകൾ കർഷകജനതയുടെ ആവശ്യം

കേരളത്തിലെ മെഡിക്കൽ കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ 75 ശതമാനവും സമൂഹത്തിന്റെ രണ്ട് ശതമാനത്തിൽ താഴെ വരുന്ന സർക്കാർ ശമ്പളം വാങ്ങുന്നവരുടെ മക്കളാണ്. ബാക്കി 15 ശതമാനത്തിലധികം ഇതര പ്രൊഫഷണുകളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മക്കളും. കർഷകരുടെ മക്കൾ വെറും രണ്ട് ശതമാനത്തിൽ താഴെ മാത്രമാണെന്നാണ് കേരളത്തിലെ പ്രാദേശിക വികസനം സംബന്ധിച്ച് കൊച്ചി ആസ്ഥാനമായുള്ള സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക പഠനകേന്ദ്രം 7-11-2004-ൽ പുറത്തുവിട്ടതും കേരളത്തിലെ മിക്ക പത്രങ്ങളും പ്രസിദ്ധീകരിച്ചതുമായ റിസേർച്ച് ഫലങ്ങൾ കാണിക്കുന്നത്.
ഇതുപോലെ രാജ്യത്തെ ജനസംഖ്യയുടെ എഴുപത് ശതമാനവും കർഷകരാണെങ്കിലും കാർഷികമേഖലയിൽ നിന്നുള്ള വരുമാനം ദേശീയ വരുമാനത്തിന്റെ 20 ശതമാനം മാത്രമാണെന്നാണ് സർക്കാരിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കൃഷിഭൂമിയുടെ മുതൽമുടക്കിന് യാതൊരു പലിശയും കിട്ടുന്നില്ല എന്നതിനുപുറമെ കാർഷികവിളകളുടെ വിലയിടിവു നിമിത്തം കർഷകർക്ക് മാർക്കറ്റിലുള്ള കൂലിയുടെ പകുതിപോലും സ്വന്തം അദ്ധ്വാനത്തിന് ഭൂമിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നും ലഭിക്കുന്നില്ല എന്നതാണ് പരമാർത്ഥം. എൻ.ജി.ഒ.കളുടെ കണക്കനുസരിച്ച് 51 ശതമാനം കർഷകരെങ്കിലും കടക്കെണിയിലും ആത്മഹത്യാമുനമ്പിലുമാണ്. വേറെ ഒരു ജീവിതമാർഗ്ഗവും ഇല്ലാത്തവരാണ് ഇന്ന് കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നത്. ശരിക്കും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ജനവിഭാഗം കർഷകതൊഴിലാളികളോ യാചകരോ അല്ല. അത് ജീവിതാവശ്യങ്ങളെല്ലാം മാറ്റി വച്ച് ‘അഭിമാനം’ എന്ന വാൽമീകത്തിൽ ചുരുണ്ടുകൂടി കഴിയുന്ന കർഷകരാണ്. കുട്ടികൾ ഉൾപ്പെടെയുള്ള കൂടുംബാംഗങ്ങൾ മുഴുവൻ പണി എടുത്തെങ്കിൽ മാത്രമേ ജീവിക്കുവാൻ പറ്റൂ എന്നതാണ് ഇവരുടെ അവസ്ഥ. ജീവിതസൗകര്യങ്ങളില്ലാത്ത നാട്ടിൽ പുറനിവാസികളായ ഇവർക്ക് തങ്ങളുടെ കുട്ടികളെ സാധാരണ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെങ്കിലും അയയ്ക്കുവാനോ എൻട്രൻസ് കോച്ചിംഗിനയച്ചു പരിശീലനം കൊടുക്കുവാനോ ഉള്ള സാമ്പത്തികശേഷിയോ സാഹചര്യങ്ങളോ ഇല്ലാത്തതിനാലാണ് പ്രൊഫഷണൽ വിദ്യാഭ്യാസമേഖലയിൽ കർഷകരുടെ കുട്ടികൾ ദയനീയമായി പിന്തള്ളപ്പെട്ടുപോകുന്നത്. അതേസമയം ഒരു പ്രൊഫഷണൽ കോളജിൽ തന്റെ കുട്ടിക്കു പ്രവേശനം ലഭിക്കും എന്നുറപ്പായാൽ ത ന്റെ നിലനിൽപ്പിനാധാരമായ കൃഷിഭൂമി വിറ്റ് കുട്ടിയെ പഠിപ്പിച്ച് ജീവിതത്തിന്റെ ഗതി തന്നെ മാറ്റുവാൻ ഇവർക്ക് സാധിക്കും.ഇവിടെയാണ് സെൽഫ് ഫൈനാൻസിംഗ് കോളജുകളുടെ ആവശ്യവും പ്രസക്തിയും
ചതുർവർണ്ണ്യത്തിന്റെ തിരിച്ചുവരവ്
ഈ പശ്ചാത്തലത്തിൽ പാവപ്പെട്ട കുട്ടികളുടെ പേര്പറഞ്ഞ് മുതലക്കണ്ണീർ ഒഴുക്കി സ്വാശ്രയകോളജുക ളെ ശ്വാസംമുട്ടിച്ചു കൊല്ലുകയും വികസനം മുരടിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുടെയും അവർ നയിക്കുന്ന സർക്കാരിന്റെയും നയം ഒരു സാമൂഹ്യപ്രതിബദ്ധതയും ഇല്ലാത്ത തൻപിള്ള നയമാണെന്ന് വ്യക്തമാണ്. വിദ്യാഭ്യാസം തൻപിള്ളകളുടെ കുത്തകയാക്കി ബാക്കിയുള്ള സാധാരണജനങ്ങളെ ചവിട്ടടിയിലാക്കിയ പഴയ ചാതുർവർണ്ണ്യ വ്യവസ്ഥിതിയെ പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചുകൊണ്ടുവരുവാൻ രാജ്യത്തെ ‘അഭിനവ ബ്രാഹ്മണവർഗ്ഗമായ ബുദ്ധിജീവികൾ’ നടത്തുന്ന കടന്നുകയറ്റവും പിടിച്ചുപറിയ്ക്കലുമായി മാത്രമേ സ്വാശ്രയ കോളജുകളുടെ മേൽ കുതിര കയറുന്ന ഇന്നത്തെ പ്രവണതയെ കാണാൻ കഴിയൂ. ഉന്നതവിദ്യാഭ്യാസവും മെറിറ്റും ഉള്ള ഈ അഭിനവബ്രാഹ്മണർ സമൂഹഗാത്രത്തിന്റെ മർമ്മസ്ഥാനങ്ങളിൽ കയറി ഇരിപ്പുറപ്പിച്ചിരിക്കുന്നതിനാൽ ചെറിയ ന്യൂനപക്ഷമെങ്കിലും വലിയ പ്രചരണകോലാഹലങ്ങൾ അഴിച്ചുവിടുന്നതിനും തങ്ങളുടെ അജണ്ടകൾ ഭരണകൂടത്തിന്റെ സഹായത്തോടെ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കുന്നതിനും ഇവർക്ക് കഴിയുന്നുണ്ട്. ഈ പ്രവണത മനുഷ്യസ്വാതന്ത്ര്യത്തിനോ മനുഷ്യാവകാശങ്ങൾക്കോ നിരക്കാത്ത ചൂഷണമാണ്.
മെറിറ്റ് ഒരു പാരമ്പര്യ സ്വഭാവം
മറ്റെല്ലാ സംഭവങ്ങളും പോലെ ബുദ്ധിശക്തിയും മെറിറ്റും വലിയ ഒരു പരിധിവ രെ പാരമ്പര്യസ്വഭാവങ്ങളാണ്. ഒന്നാം ക്ലാസിൽ ആദ്യാക്ഷരം കുറിക്കുന്ന 90 ശതമാനം കുട്ടികളും പ്ലസ്ടുവിന്റെ പടി കടക്കുന്നില്ല എന്നു കണ്ടുവേണം ഇന്നത്തെ കമ്പോളവ്യവസ്ഥിതിയിൽ ഉന്നതവിദ്യാഭ്യാസം സംബന്ധിച്ച നയങ്ങൾ രൂപീകരിക്കുവാൻ. പഠിക്കുവാനുളള ജന്മസിദ്ധമായ കഴിവും നല്ല നിലവാരമുള്ള സ്ഥാപനങ്ങളിൽ പഠിക്കുവാനുള്ള പണവും അവശ്യംവേണ്ട സാഹചര്യങ്ങളും ഒത്തിണങ്ങുന്നതുകൊണ്ടാണ് സർക്കാർ ജീവനക്കാരും ഇതര പ്രൊഫഷണലുകളും സമ്പന്നരുമടങ്ങുന്ന അഞ്ച് ശതമാനത്തിൽ താഴെവരുന്ന ചെറിയ ന്യൂനപക്ഷത്തിന്റെ മക്കൾ പ്രൊഫഷണൽ വിദ്യാഭ്യാസമേഖലയിലെ മെറിറ്റ് സീറ്റുകളിൽ 90 ശതമാനത്തിലധികവും നേടിയെടുക്കുന്നത്. അതുപോലെ ഉന്നതവിദ്യാഭ്യാസവും അതുവഴി ഉയർന്ന ജോലിയും അതിനനുസരിച്ച വേതനവും സ്വന്തമാക്കുന്ന ഭാഗ്യവാന്മാരായ മെറിറ്റുകാരെ പഠിപ്പിക്കേണ്ട ചുമതല സമൂഹത്തിനാണെന്ന ചിന്താഗതിയെ പഴയ സവർണ്ണമേധാവിത്വത്തിന്റെ പുതിയ രൂപത്തിലുള്ള അവതാരമായേ കാണാൻ പറ്റൂ. സമൂഹത്തിന്റെ ചിലവിൽ പഠിച്ചുവരുന്ന മെറിറ്റുകാർ ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞാൽ സമരങ്ങളിലൂടെയും സമ്മർദ്ദതന്ത്രങ്ങളിലൂടെയും കൂടുതൽ വേതനവും ആനുകൂല്യങ്ങളും നേടിയെടുത്തും, അഴിമതി അവകാശമാക്കിയും സമൂഹത്തെ ചൂഷണം ചെയ്യുന്നതായാണ് അനുഭവം കാണിച്ചുതരുന്നത്.
ഇന്നത്തെ മെറിറ്റ് ഒരു വ്യക്തിയുടെ സൃഷ്ടിപരമായ കഴിവും അഭിരുചിയും വ്യക്തിത്വവും പരീക്ഷിക്കുന്ന ശരിയായ അളവുകോലാണെന്ന ചിന്താഗതി ശരിയല്ല. വിശ്വപ്രസിദ്ധ ശാസ്ത്രപ്രതിഭയായ ഐൻസ്റ്റീനും ആയിരത്തോളം കണ്ടുപിടുത്തങ്ങൾക്ക് പേറ്റന്റ് നേടിയ തോമസ് ആൽവാ എഡിസണും വലിയ മെറിറ്റുകാരായിരുന്നില്ല എന്ന വസ്തുതയും നിത്യജീവിതത്തിലെ അനുഭവങ്ങളും മെറിറ്റുകാർ മാത്രം ഉന്നതവിദ്യാഭ്യാസം നടത്തിയാൽ മതി എന്നു വാദിക്കുന്നവരുടെ വായ് അടപ്പിക്കുവാൻ പര്യാപ്തമാണ്.
മലയാളം, ഇംഗ്ലീഷ് മീഡിയങ്ങൾ, സി.ബി.എസ്.ഇ. തുടങ്ങിയ വിവിധ രീതിയിലും നിലവാരത്തിലുമുള്ള സ്ഥാപനങ്ങളിൽ പഠിച്ച കുട്ടികളാണ് ഉന്നതവിദ്യാഭ്യാസത്തിനുള്ള പൊതുപ്രവേശനപരീക്ഷ ഒരുമിച്ചെഴുതേണ്ടതായി വരുന്നത്. ഇവിടെ മലയാളം മീഡിയത്തിൽ പഠിച്ച സാധാരണക്കാരന്റെ മക്കൾ പിന്തള്ളപ്പെട്ടുപോകുന്നത് സ്വാഭാവികമാണ്. ഇത് മനുഷ്യത്വത്തോടു ചെയ്യുന്ന വലിയ അനീതിയാണ്. കുട്ടികൾക്ക് അനാവശ്യ ബുദ്ധിമുട്ടും സമയനഷ്ടവും ഉണ്ടാക്കുന്ന പ്രവേശപരീക്ഷ ഒഴിവാക്കി താഴെ പറയുന്ന രീതിയിൽ മെറിറ്റുകാർക്ക് കണ്ടെത്തുന്നതാണ് സാമൂഹ്യനീതിക്ക് നിരക്കുന്ന നടപടി. ഉദാഹരണത്തിന് പരീക്ഷയിൽ ഒരു കുട്ടിക്ക് 80 ശതമാനം മാർക്ക് ലഭിക്കുകയും ആ സ്ഥാപനത്തിലെ ആവറേജ് മാർക്ക് 40 ആയിരിക്കുകയും ചെയ്യുമ്പോൾ 80ഃ100=200 മെറിറ്റ് മാർക്ക് എന്നും, ആവറേജ് 50 ആയിരിക്കുമ്പോൾ 80ഃ100= 160 മെറിറ്റുമാർക്കെന്നും വിലയിരുത്തിയാൽ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും സാമാന്യ നീതി ലഭിക്കും.
കഴിഞ്ഞ വർഷം രജനി എന്ന കുട്ടി പഠിക്കാനാവശ്യമായ വായ്പ ലഭിക്കായ്ക നിമിത്തം ആത്മഹത്യ ചെയ്തതുപോലുള്ള ദാരുണസംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ ഒരു നിശ്ചിത മെറിറ്റ് മാർക്കിന്റെ പരിധിയിൽ വരുന്ന മുഴുവൻ കുട്ടികൾക്കും സർക്കാർ തന്നെ ഈടുനിന്ന് പഠിക്കുവാൻ ആവശ്യമായ മുഴുവൻ പണവും ബാങ്കുൾവഴി വായ്പ അനുവദിക്കുകയാണ് ശരിയായ വഴി. കുട്ടികൾക്ക് അനാവശ്യ പ്രതീക്ഷ കൊ ടുത്ത് അവരെ ബാങ്കുകളിലേക്കും മാനേജ്‌മെന്റിന്റെ അടുത്തേക്കും തള്ളിവിട്ട് സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറി ‘തെണ്ടിത്തിന്നാൻ വഴി പറഞ്ഞുകൊടുക്കുന്ന’ രീതി സർക്കാർ അവലംബിക്കുന്നത് ഭൂഷണമല്ല.
അതുപോലെ മാതാപിതാക്കളുടെ പണം, പൊങ്ങച്ചം, അത്യാഗ്രഹം ഇവയു ടെ ബലിയാടുകളായി ഉന്നത വിദ്യാഭ്യാസത്തിനു ചേരുന്ന കഴിവുകുറഞ്ഞ കുട്ടികൾ മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാൻ കഴിവില്ലാതെ ആത്മഹത്യയിൽ അഭയംതേടുന്ന ദയനീയ സംഭവങ്ങൾ രാജ്യത്ത് പെരുകിക്കൊണ്ടാണിരിക്കുന്നത്. മെഡിക്കൽ എഞ്ചിനീയറിംഗ് കോളജുകളിൽ പ്രവേശനത്തിന് ഇന്നത്തെ 45 ശതമാനം മാർക്കിന് പകരം 10-ാം ക്ലാസിലും, പ്ലസ്ടുവിലും ബന്ധപ്പെട്ട വിഷയങ്ങളിൽ 60 ശതമാനം മാർക്ക് വേണം എ ന്ന നിബന്ധന ഉണ്ടായാൽ പ്രവേശനത്തിനുള്ള അനാവശ്യതിരക്കു കുറയും. അമ്പത് ശതമാനം സീറ്റുകളിൽ മേൽപ്പറഞ്ഞവിധം മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാനേജ്‌മെന്റിന് മുടക്കുമുതലുകളിൽ സാധാരണ ഫീസിനു പുറമെ ഉഭയസമ്മതപ്രകാരം തിരിച്ചുകൊടുക്കുന്ന ഡിപ്പോസിറ്റ് വാങ്ങിയും 60 ശതമാനം മാർക്കിന് മുകളിലുള്ള കുട്ടികൾക്ക് മാത്രം പ്രവേശനം കൊടുക്കുന്നതിന് വ്യവസ്ഥ ഉണ്ടായാൽ പഠിക്കുവാൻ സാഹചര്യം ഇല്ലാതെവന്ന് മെറിറ്റിൽ വരാത്ത കർഷകമക്കൾക്ക് പ്രവേശനം ലഭിക്കുകയും കുറെ കുടുംബാംഗങ്ങളുടെ എങ്കിലും പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാവുകയും ചെയ്യും.
കഴിഞ്ഞകാല അനുഭവങ്ങൾ പാഠമാകണം
1960-നു ശേഷം നീണ്ട 38 വർഷക്കാലം ഒരൊറ്റ പ്രൊഫഷണൽ കോളജുപോലും അനുവദിക്കാത്ത ഇവിടുത്തെ ഭരണവർഗ്ഗം ജനങ്ങളെ കഷ്ടപ്പെടുത്തുകയായിരുന്നു. സീറ്റുകൾ പരിമിതമായിരുന്നതിനാൽ 95 ശതമാനം മാർക്ക് ലഭിച്ചിരിക്കുന്ന കുട്ടികൾക്കുപോലും ഇവിടുത്തെ മെഡിക്കൽ എഞ്ചിനീയറിംഗ് കോളജുകളിൽ പ്രവേശനം കിട്ടിയിരുന്നില്ല. ഈ കാലഘട്ടത്തിൽ പഠിക്കുവാനുള്ളവരും പഠിപ്പിക്കാൻ യോഗ്യതയുള്ളവരും പ്രതികൂല കാലാവസ്ഥയിൽ അന്യസംസ്ഥാനങ്ങളിലെ ഷെഡു കോളജുകളിൽ പഠിക്കുവാനും പഠിപ്പിക്കുവാനും തയ്യാറായി വണ്ടികയറുകയല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. പ്രതിവർഷം രണ്ടായിരം കോടി രൂപ എങ്കിലും ഇങ്ങനെ പോകുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാവശ്യത്തിന് കേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിലേക്ക് പ്രവഹിച്ചിരുന്നു. ഇവിടുത്തെ ഭരണവർഗ്ഗം ഇടതു വലതുഭേദമില്ലാതെ ഓരോ സ്ഥാപനത്തിലെയും മലയാളി വിദ്യാർത്ഥികളുടെ തലയെണ്ണി മാനേജ്‌മെന്റിൽ നിന്നും കോഴയുടെ വിഹിതം വാങ്ങിയിരുന്നെന്നും ഇങ്ങനെയാണ് ‘തലവരിപ്പണം’ എന്ന വാക്ക് മലയാള ഭാഷയ്ക്ക് സ്വന്തമായതെന്നും വലിയ ഒരു വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായത് യശ:ശരീരനായ മുൻമുഖ്യമന്ത്രി ഇ.കെ.നായനാരുടെ നന്മകൊണ്ട് സ്വാശ്രയകോളജുകൾ അനുവദിച്ചുതുടങ്ങിയതുമുതലാണ്. കഴിഞ്ഞ ഏഴു വർഷംകൊണ്ട് 400 ഓളം പ്ലസ്ടു വിദ്യാലയങ്ങളും 80 ഓളം എഞ്ചിനീയറിംഗ് കോളജുകളും പത്തോളം മെഡിക്കൽ കോളജുകളും കേരളത്തിലുണ്ടായി എന്നതിൽ നിന്നും കേരളജനതയുടെ ക്രിയാത്മകശേഷി എത്ര വലുതാണെന്ന് വ്യക്തമാകുന്നുണ്ട്. ഇത്രയും സ്ഥാപനങ്ങൾ പുതുതായി ഉണ്ടായി എങ്കിലും ഇപ്പോഴും ആയിരക്കണക്കിന് വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളിൽപോയി പഠിക്കുന്നു. ഇതിന് പുറമെ, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും കേരളത്തിലെ കുട്ടികൾ പഠിക്കുന്നുണ്ട് എന്ന വസ്തു ത മനസ്സിലാക്കി ‘വെടക്കാക്കി തനിക്കാക്കുന്ന’ നയവും ‘തൊഴുത്തിലെ ശ്വാനന്റെ’ നയവും മാറിമാറി സ്വീകരിക്കുന്ന അധികാരികൾ ഇനിയെങ്കിലും യാഥാർത്ഥ്യബോധത്തോടെ വസ്തുതകളെ കാണണം. കൂടുതൽ വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടാകുന്നതിന്റെ പേരിൽ ചിലരുടെ അസൂയ വളരും എന്നല്ലാതെ ആർക്കും നഷ്ടമുണ്ടാകുന്നില്ല.
പട്ടിക്കാടായി കിടന്ന നാട്ടിൻപുറങ്ങളെ പറുദീസ ആ ക്കി മാറ്റുകയും വിദേശത്തുപോകാതെ സ്വന്തം നാ ട്ടിൽ കുട്ടികൾക്കു പഠിക്കുവാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു എന്നതാണ് സ്വകാര്യ മാനേജ് മെന്റുകളുടെ മേൽ ചാർത്തപ്പെടുന്ന കുറ്റം. പണം മുടക്കാതെ ഒരു കാര്യവും നടക്കില്ല എന്ന് സുബുദ്ധിയു ള്ള ആർക്കും മനസ്സിലാകും. ജാതിമതഭേദമെന്യേ ഇ വിടുത്തെ കർഷകരുടെ ഉദാരമായ സാമ്പത്തിക സ ഹായവും സമുദായനേതൃത്വങ്ങളുടെ അർപ്പണബോധവും കർമ്മശേഷിയും ഒത്തിണങ്ങിയതുവഴിയാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിട്ടുള്ളത്. ഈ സ്ഥാപനങ്ങളുടെ മുഴുവൻ പ്രയോജനവും ഇവിടുത്തെ കർഷകരും സാധാരണക്കാരുമായ ജനങ്ങളി ൽ നിന്നും മെറിറ്റിന്റെ പേര് പറഞ്ഞിട്ട് തട്ടി എടുക്കുവാനുള്ള അഭിനവ വരേണ്യവർഗ്ഗത്തിന്റെ കുബുദ്ധിയാണ് പ്രശ്‌നങ്ങൾക്കു കാരണം. കോളജുകളുടെ നിലവാരം നന്നാകുന്നതിനുള്ള നിബന്ധനകളും നിയന്ത്രണങ്ങളും മാത്രം സർക്കാർ ഏർപ്പെടുത്തുകയും ആ നിലവാരത്തിലുള്ള കോളജുകൾ തുടങ്ങുവാൻ താല്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ് താൽ ആവശ്യത്തിനു കോളജുകൾ ഉണ്ടാകും. ഇ തോടെ ആരോഗ്യകരമായ മത്സരം ഉണ്ടായി ഫീസുകൾ കുറയുകയും വിദ്യാഭ്യാസ നിലവാരം ഉയരുക യും ചെയ്യും. ഇങ്ങനെ പോയാൽ സുഖദായകമായ കാലാവസ്ഥകൊണ്ടും പ്രകൃതിസൗന്ദര്യംകൊണ്ടും അനുഗ്രഹീതമായ ദൈവത്തിന്റെ സ്വന്തം നാടെന്ന പേരുകേട്ട കേരളം ലോകത്തിന്റെ തന്നെ വിദ്യാഭ്യാസകേന്ദ്രവും ആരോഗ്യ ടൂറിസ്റ്റ്‌കേന്ദ്രവും ആയിത്തീരും.
പി.റ്റി.തോമസ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?