Follow Us On

22

February

2024

Thursday

മരുന്നോ ലേപനമോ അല്ല, ദൈവത്തിന്റെ വചനം

മരുന്നോ ലേപനമോ അല്ല, ദൈവത്തിന്റെ വചനം

വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനേഴാം അദ്ധ്യായത്തിൽ കാണുന്ന പത്ത് കുഷ്ഠരോഗികളുടെ കഥയാണ് മിണ്ടാമഠത്തിന്റെ അടിസ്ഥാന ദർശനം. അനുഗ്രഹങ്ങൾ ലഭിക്കുന്നവരിൽ പത്തിൽ ഒമ്പത് പേരും, നന്ദി പറയുവാൻ മറക്കുമ്പോൾ, തിരികെയെത്തുന്ന ഒരുവൻ മറ്റുള്ളവരുടെയും പ്രതിനിധിയായി മാറുന്നു. അങ്ങനെ ലോകമെങ്ങും ചൊരിയപ്പെടുന്ന ദൈവാനുഗ്രഹത്തിനും, കൃപകൾക്കുമുള്ള കൃതജ്ഞതാസമർപ്പണത്തിനായി ജീവിതം മുഴുവൻ നീക്കിവയ്ക്കുന്നവരാണ് മിണ്ടാമഠത്തിലെ സന്യാസിനികൾ. വളരെ സവിശേഷവും മഹത്തരവുമായ ഒരു ദൈവവിളിയാണ് അത്.
ഇപ്രകാരം, തന്റെ ജീവിതം മുഴുവൻ ദൈവതിരുമുമ്പിൽ കൃതജ്ഞതയായി സമർപ്പിക്കുവാൻ ചില പതിറ്റാണ്ടുകൾക്ക് മുമ്പ് ഒരു സന്യാസിനി തീരുമാനമെടുത്തു. എന്നാൽ, അതിനു മുമ്പും പിമ്പും അവളുടെ ജീവിതം വളരെ പ്രത്യേകമായ ഒരു യാഗശാലയായിരുന്നു. ജീവിതാനുഭവങ്ങളുടെ നെരിപ്പോടിൽ അവൾ എക്കാലവും എരിഞ്ഞുകൊണ്ടിരുന്നു. മരണത്തോളമെത്തിയ രോഗാവസ്ഥകളും, മാനസികവും ആത്മീയവുമായ പ്രതിസന്ധികളും പ്രലോഭനങ്ങളും വളരെക്കാലം അവളെ വിടാതെ പിന്തുടർന്നു. എന്നാൽ, അനേക വർഷങ്ങൾക്കിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ, സവിശേഷവും വിശുദ്ധവുമായ ഒരു ശുശ്രൂഷാമേഖലയിലേയ്ക്കുള്ള തെരഞ്ഞെടുപ്പും, ഒരുക്കങ്ങളും അവിടെ ദൃശ്യമാകുന്നു. അതെ, തികച്ചും വ്യത്യസ്ഥമായ ഒരു ജീവിതവഴിയിലൂടെ സഞ്ചരിച്ച്, സമാനതകളില്ലാത്ത ഒരു ശുശ്രൂഷയായി രൂപപ്പെട്ട ഒരു സന്യാസിനിയുടെ അത്ഭുതകരമായ ജീവിതഗാഥയാണ് ഇത്.
തലയോലപ്പറമ്പിനടുത്ത് പൊതിയിലെ ആര്യശ്ശേരി ജോസഫ്, ചിന്നമ്മ ദമ്പതികളുടെ രണ്ട് പെണ്മക്കളിൽ ഇളയവളായ സിസ്റ്റർ മേരി ലൂസി മിണ്ടാമഠത്തിലേയ്ക്ക് എത്തിച്ചേർന്നതിനു പിന്നിൽ, ഏറെ തീവ്രമായ ജീവിതാനുഭവങ്ങളുടെ പിൻബലമുണ്ട്. അത്തരം ഒരു തീരുമാനത്തിലേയ്ക്ക് എത്തുന്നതിന് ഏതാനും വർഷങ്ങൾക്ക് മുമ്പ് ടൈഫോയ്ഡ് ബാധിച്ച് മരണത്തോളം എത്തിയ അവൾ, മനുഷ്യജീവിതങ്ങൾക്ക് മേലുള്ള ദൈവകൃപയുടെ ആഴം തിരിച്ചറിഞ്ഞിരുന്നു. പത്ത് വർഷങ്ങളോളം മിണ്ടാമഠത്തിൽ പ്രാർത്ഥനകളും ധ്യാനവുമായി ചെലവഴിച്ച സിസ്റ്റർ മേരി ലൂസിയുടെ ജീവിതത്തിൽ അഗ്‌നിപരീക്ഷകൾ അവസാനിച്ചിരുന്നില്ല. ഏകസഹോദരി ഡൽഹിയിൽ അകകങടൽ ഡോക്ടർ ആയിരുന്നതിനാൽ രോഗികളായ മാതാപിതാക്കൾ ഭവനത്തിൽ ഒറ്റയ്ക്കായത് സിസ്റ്ററിനു മുന്നിൽ അപരിഹാര്യമായ ചോദ്യചിഹ്നമായി മാറി. തുടർന്ന് ആ നാളുകളിൽ തന്നെ, കുറച്ചുകാലത്തേയ്‌ക്കെങ്കിലും മാതാപിതാക്കൾക്ക് തുണയായി ഭവനത്തിൽ എത്തിച്ചേരുവാൻ സിസ്റ്റർ നിർബ്ബന്ധിതയായി. അത് മറ്റൊരു വഴിത്തിരിവിലേയ്ക്കുള്ള യാത്രയായിരുന്നു. തുടർന്ന് പിതാവ് മരിച്ചുവെങ്കിലും, ഒറ്റയ്ക്കായ മാതാവിനെ ഉപേക്ഷിച്ച് സന്യാസഭവനത്തിലേയ്ക്ക് മടങ്ങുവാൻ അവർക്കായില്ല. ഒപ്പം, മിണ്ടാമഠത്തിന്റെ കർശന നിയമങ്ങളിൽ, മഠം വിട്ട് പുറത്തുപോയാൽ തിരികെ പ്രവേശിക്കുവാനുള്ള സാങ്കേതിക തടസ്സവും ഉണ്ടായിരുന്നു. എങ്കിലും, വ്യക്തമായും പരിഹാരമില്ലാത്ത പ്രതിസന്ധികളായിരുന്നു സിസ്റ്റർ മേരി ലൂസിയുടെ തീരുമാനങ്ങൾക്ക് പിന്നിൽ എന്നതിനാൽ തന്നെ, സന്യാസസഭയും, സഹസന്യാസിനിമാരുമായും ഒരിക്കലും ഒരകൽച്ച സിസ്റ്ററിന് ഉണ്ടായിരുന്നില്ല. മേലധികാരികളും ഏറെ അനുഭാവത്തോടെയും സ്‌നേഹത്തോടെയുമാണ് ഇന്നും സിസ്റ്റർ മേരി ലൂസിയെ കാണുന്നത്. അവരുമായുള്ള ആരോഗ്യകരമായ ആശയവിനിമയം എക്കാലവും നിലനിന്നിരുന്നു.
തന്റെ സന്യാസ ജീവിതം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് സമർപ്പിതജീവിതത്തിന്റെ മറ്റ് സാധ്യതകളെക്കുറിച്ച് സി. മേരി ലൂസി ചിന്തിച്ചുതുടങ്ങിയത്. കുടുംബസ്വത്തായി പൊതിയിൽ റോഡ് സൈഡിൽ തന്നെയുള്ള 43സെന്റ് സ്ഥലവും വീടും, കൂടാതെ അൽപ്പം മാറിയുള്ള രണ്ടര ഏക്കർ കൃഷിസ്ഥലവും മറ്റെന്തെങ്കിലും സേവനപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുവാനും അതുവഴി തന്റെ സമർപ്പണത്തിന് മറ്റ് മാനങ്ങൾ കണ്ടെത്തുവാനും സിസ്റ്റർ ആലോചിച്ചുതുടങ്ങി.
തുടക്കം മുതൽ ഏറെ പ്രതിസന്ധികളായിരുന്നു ആ സഹോദരിയെ കാത്തിരുന്നിരുന്നത്. ആ കാലത്ത് തന്നെ വചനപ്രഘോഷകരും ഉപവി പ്രവർത്തകരും കൂടിയായ പ്രശസ്തരായ ചില വൈദികർ സഹായസന്നദ്ധരായി എത്തിയിരുന്നെങ്കിലും, പ്രദേശവാസികളുമായി ബന്ധപ്പെട്ട ചില പ്രതിബന്ധങ്ങൾ മൂലം അവർ പിൻവാങ്ങി. എന്നാൽ, സിസ്റ്റർ മേരി ലൂസിയെ അടുത്തറിഞ്ഞിരുന്ന ഏറെ വൈദികരുംസന്യസ്ഥരും നാട്ടുകാരും ബന്ധുക്കളും എക്കാലവും തികഞ്ഞ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. അതേസമയം തന്നെ കഠിനമായ പരീക്ഷണങ്ങൾ അവരെ വിടാതെ പിന്തുടർന്നു. ഒട്ടേറെ പ്രതിബന്ധങ്ങൾ അലട്ടിയിരുന്നുവെങ്കിലും തന്റെ സമർപ്പണത്തെ പാഴാക്കിക്കളയുവാൻ സിസ്റ്റർ ഒരുക്കമായിരുന്നില്ല. അതിനാൽ തന്നെ, ആത്മീയവും മാനസികവുമായി പിന്തുണ നൽകിയ ചില വൈദികരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ പിയേത്ത ഭവൻ എന്ന, മാനസിക ദൗർബ്ബല്യമുള്ള സ്ത്രീകൾക്ക് വേണ്ടിയുള്ള ഒരു ആശ്രയസങ്കേതം ആരംഭിക്കുവാൻ അവർ തീരുമാനമെടുത്തു.
2004ൽ പിയേത്ത ഭവൻ ആരംഭിച്ചത് മുതൽ, പിന്നീടുള്ള ഒരു പതിറ്റാണ്ടിലേറെ കാലം സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയും ആത്മീയവും മാനസികവുമായ വെല്ലുവിളികളിലൂടെയും ഒറ്റപ്പെടലുകളിലൂടെയുമാണ് സിസ്റ്റർ മേരി ലൂസി സഞ്ചരിച്ചിരുന്നത്. പലപ്പോഴും അസഹനീയമായ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നു. എങ്കിലും, അന്നുമുതൽ ഇന്നോളവും, കൂടുതലും അന്യദേശക്കാരായ, മൂന്ന് ഡസനിലേറെ വരുന്ന വിവിധ മാനസികപ്രശ്‌നങ്ങൾക്കടിപ്പെട്ട സ്ത്രീകളെ പരിപാലിക്കുവാൻ ഒരു സഹായിയെ പോലും സിസ്റ്റർ ആശ്രയിച്ചിരുന്നില്ല എന്നത് വിസ്മയനീയമാണ്. ഏറ്റവും മനോഹരമായി ഒരു വലിയ സമൂഹം മാനസികരോഗികളെ പരിപാലിച്ചു മുന്നോട്ട് കൊണ്ടുപോകുവാനും, ഒട്ടേറെ പേരെ രോഗസൗഖ്യത്തോളമെത്തിച്ച് തിരികെ അയക്കുവാനും അവർക്ക് കഴിഞ്ഞത് തികഞ്ഞ ദൈവാശ്രയബോധത്തിലും, ഉറച്ച വിശ്വാസത്തിലും അധിഷ്ഠിതമായ ജീവിത ശൈലിയും, മണിക്കൂറുകൾ നീണ്ട പ്രാർത്ഥനയും കൊണ്ട് മാത്രമാണ്. എക്കാലവും ദൈവത്തിന് ഏറ്റവും പ്രിയങ്കരിയായ ഒരു സമർപ്പിതയായി ജീവിക്കുവാനും, തന്റെ വിളിയോട് ഏറ്റവും തീക്ഷ്ണതയോടെ വിശ്വസ്തത പുലർത്തുവാനും സിസ്റ്റർ മേരി ലൂസിക്ക് കഴിഞ്ഞിരുന്നു. അവരുടെ മാതൃകാപരമായ വിശ്വാസ ജീവിതത്തെ അടുത്തറിഞ്ഞ ഒട്ടേറെ ആദ്യകാല സഹപ്രവർത്തകരും, വൈദികരും പിതാക്കന്മാരും ആ സമർപ്പണത്തിന്റെ മഹത്വത്തിന് സാക്ഷ്യം നൽകുന്നു.
പിയേത്ത ഭവന്റെ പന്ത്രണ്ടു വർഷം നീണ്ട പ്രവർത്തന വീഥികളിൽ, ദൈവം ആ ഭവനത്തിലെ അംഗങ്ങളെ ഏവരെയും വഴിനടത്തിയിട്ടുള്ളത് അനുദിനമെന്നോണമുള്ള അത്ഭുതകരമായ ഇടപെടലുകളിലൂടെയാണ്. പറഞ്ഞവസാനിപ്പിക്കുവാൻ കഴിയാത്ത വിസ്മയനീയമായ അനുഭവങ്ങൾ സിസ്റ്റർ മേരി ലൂസിക്കും സിസ്റ്ററിനെ അടുത്തറിയുന്നവർക്കും പങ്കുവയ്ക്കുവാനുണ്ട്.
ഒരിക്കൽ ഒരു രാത്രി ഏറെ വൈകിയ വേളയിൽ അന്തേവാസികളും ചുറ്റുമുള്ളവരും മുഴുവൻ ഉറങ്ങിയെങ്കിലും കർമ്മനിരതയായിരുന്ന സിസ്റ്ററിന് വീടിനുള്ളിൽ വച്ച് സർപ്പദംശനമേൽക്കുകയുണ്ടായി. അസഹ്യമായ വേദനയ്‌ക്കൊപ്പം കടുത്ത തളർച്ചയും അനുഭവപ്പെട്ടുവെങ്കിലും ആശങ്കപ്പെടാതെ ദൈവത്തിൽ ആശ്രയിക്കുക മാത്രം ചെയ്ത സിസ്റ്റർ ചികിത്സ തേടുവാൻ മുതിരാതെ വിശ്രമിക്കുകയാണ് ചെയ്തത്. മർക്കോസിന്റെ സുവിശേഷം പതിനാറാം അദ്ധ്യായം പതിനേഴ് മുതലുള്ള വാക്യങ്ങളിൽ ഇപ്രകാരം പറയുന്നു, വിശ്വസിക്കുന്നവരോട് കൂടെ ഈ അടയാളങ്ങൾ ഉണ്ടായിരിക്കും…. അവർ സർപ്പങ്ങളെ കയ്യിലെടുക്കും, മാരകമായ എന്ത് കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല… ഈ വചനങ്ങൾ ഹൃദയത്തിൽ ഉരുവിട്ടുകൊണ്ട് സിസ്റ്റർ നിദ്രയിലമർന്നു. രാവിലെ നീലനിറമായി മാറി നീര് വച്ച സിസ്റ്ററിന്റെ കാലും, പാമ്പ്കടിയേറ്റ് ചത്ത വളർത്തു പൂച്ചയെയും കണ്ട് ഭയന്ന ചിലർ ആശുപത്രിയിൽ പോകുവാൻ നിർബ്ബന്ധിച്ചിട്ടും ഒരു മരുന്നും കഴിക്കാതെ തന്റെ പ്രാർത്ഥനയിലുള്ള ഉറച്ച ബോധ്യത്തിന്റെ ബലത്തിൽ സിസ്റ്റർ സൗഖ്യം പ്രാപിക്കുകയാണ് ഉണ്ടായത്. യഥാർത്ഥത്തിൽ, ഏറെ സങ്കീർണ്ണങ്ങളായ പ്രശ്‌നങ്ങളാൽ വലയുന്ന മുപ്പത്തിലധികം വരുന്ന തന്റെ കുടുംബാംഗങ്ങളെ വിട്ട് ചികിൽസാവശ്യങ്ങൾക്ക് പോലും പലപ്പോഴും സിസ്റ്ററിന് മാറിനിൽക്കാനാവുമായിരുന്നില്ല എന്നതായിരുന്നു വാസ്തവം. അത് ഏറ്റവുമധികം അറിയുന്ന ദൈവത്തിന്റെ ശക്തമായ ഇടപെടലായിരുന്നു അവിടെ സംഭവിച്ചത്.
മറ്റൊരിക്കൽ കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ട ശേഷം, ഏറെ നാൾ വിശ്രമം വിധിക്കപ്പെട്ട സിസ്റ്റർ മേരി ലൂസി വിശ്രമിച്ചത് വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രം. അതിനിടയിൽ അത്ഭുതകരമായ രോഗസൗഖ്യം ദൈവം അവൾക്ക് സമ്മാനിച്ചിരുന്നു.
ഇത്തരത്തിൽ തന്റെ ജീവിതത്തിൽ ശീലമാക്കുകയും അനുഭവിച്ചറിയുകയും ചെയ്ത വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും പാഠങ്ങളാണ് സിസ്റ്റർ അന്തേവാസികളെ ഏവരെയും പരിശീലിപ്പിക്കുന്നത്. ശാസ്ത്രീയമായ ആരോഗ്യ പരിപാലന തത്വങ്ങളെക്കാൾ, ഇവിടെ വിജയിക്കുന്നത് പ്രാർത്ഥനാ മന്ത്രങ്ങളാണ്. പ്രാർത്ഥനയ്ക്കായി എത്രസമയം ചെലവഴിക്കുന്നതിനും ഇവർക്കാർക്കും മടിയില്ല. വചനങ്ങൾ ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുന്ന ശീലം ശീലം സിസ്റ്റർ ഇവർ ഏവരെയും പരിശീലിപ്പിച്ചിരിക്കുന്നു.
ഒരിക്കൽ സിസ്റ്റർ മേരി ലൂസി പിയേത്ത ഭവന് വെളിയിൽ ആയിരിക്കുന്ന സാഹചര്യത്തിൽ, മേരി എന്ന ഒരു അന്തേവാസിയ്ക്ക് ഒരപകടം സംഭവിക്കുകയും കാൽമുട്ടിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിവരമറിഞ്ഞ സിസ്റ്റർ അൽപ്പ സമയംകഴിഞ്ഞ് ആംബുലൻസുമായി എത്തിയെങ്കിലും ആ സ്ത്രീയ്ക്ക് ആ സമയത്തിനുള്ളിൽ അത്ഭുതരോഗസൗഖ്യം ലഭിച്ചിരുന്നു. സിസ്റ്റർ പരിശീലിപ്പിച്ചത് പ്രകാരം വചനമേറ്റ് പറഞ്ഞ് അന്തേവാസികൾ നടത്തിയ പ്രാർത്ഥനയിലാണ് ആ രോഗശാന്തി സംഭവിച്ചത് എന്ന് ചില ദൃക്‌സാക്ഷികൾ പറയുന്നു.
വിശ്വാസവും, പ്രാർത്ഥനാ മനോഭാവവും വളർത്തുകയാണ് സിസ്റ്റർ മേരി ലൂസി തന്റെ സ്‌നേഹഭവനത്തിലെ അംഗങ്ങളുടെ രോഗസൗഖ്യത്തിനായും, അവരുടെ അതിജീവനത്തിനായും അവർക്ക് നൽകുന്ന പ്രധാന വ്യായാമം. അതിനായി സിസ്റ്റർ തന്നെ കണ്ടെത്തിയ ചില വഴികളുണ്ട്. ഭവനത്തിന്റെ പരിസരത്ത് അന്തേവാസികളുടെ നേതൃത്വത്തിൽ തന്നെ പതിവായി കൃഷിചെയ്തുവരുന്ന ചില പച്ചക്കറികളുണ്ട്. ഈ പച്ചക്കറികളുടെ മുമ്പിൽ എല്ലാവരെയും അണിനിരത്തി കൈവിരിച്ച് പിടിച്ചു പ്രാർത്ഥിക്കുന്ന പതിവ് സിസ്റ്റർ ഒരിക്കൽ ആരംഭിച്ചു. അത് ഇന്നും തുടരുന്നു. പ്രാർത്ഥന പതിവായപ്പോൾ, വെണ്ട പോലുള്ള കീടബാധ കൂടുതലുള്ള ചെടികളിൽ നിന്ന് പോലും കീടങ്ങൾ അകന്നു നിൽക്കുന്നതും, ഫലങ്ങളുടെ വലിപ്പം അത്ഭുതകരമായവിധം വർദ്ധിക്കുന്നതും അന്തേവാസികൾ പതിയെ ശ്രദ്ധിച്ചു തുടങ്ങി. അത് അവരിൽ പ്രാർത്ഥനയിലുള്ള തീക്ഷ്ണത വർദ്ധിക്കുവാനും പ്രാർത്ഥന ശീലമായി മാറുവാനും ഇടയാക്കിയ ഒരു വ്യായാമമുറ തന്നെയായിരുന്നു. ഇത്തരത്തിലുള്ള വ്യത്യസ്ഥങ്ങളായ പല പരിശീലന പരിപാടികളിലൂടെയാണ് ആരും അടുക്കാനും പരിചരിക്കാനും മടിക്കുന്ന അനേകരെ സിസ്റ്റർ സ്വാഭാവിക ജീവിതത്തോട് അടുപ്പിച്ച് നിർത്തുന്നത്.
സിസ്റ്റർ മേരി ലൂസിയുടെ വ്യക്തിജീവിതത്തിലും, ഈ കൂട്ടായ്മ മുഴുവനിലും നിന്ന് ഉയരുന്ന പ്രാർത്ഥനകളുടെ ഫലം അറിഞ്ഞിട്ടുള്ളവർ അനവധിയാണ്. അതിനാൽ തന്നെ, അനേകർ ഇവിടെ പ്രാർത്ഥനാ സഹായത്തിനായും എത്തുന്നു. തന്റെ പക്കൽ സഹായത്തിനായി അണയുന്ന സകലരെയും തികഞ്ഞ കരുണയോടെ സമീപിക്കുന്ന സിസ്റ്റർ, അടുത്തറിയുമ്പോൾ, സമാനതകളില്ലാത്ത ഒരു അത്ഭുത വ്യക്തിത്വമാണ്. ജീവിതത്തിന്റെ കനൽവഴികളിൽനിന്നും തികഞ്ഞ ദൈവാശ്രയബോധം ആർജ്ജിച്ച സിസ്റ്ററിന്റെ എല്ലാ പ്രവൃത്തികളിലും നിന്ന് ലോകത്തിന് ലഭിക്കുന്ന സന്ദേശവും മറ്റൊന്നല്ല.
സിസ്റ്ററിനെയും, പിയേത്ത ഭവനത്തെയും വ്യക്തമായി മനസ്സിലാക്കിയ എറണാകുളം അങ്കമാലി അതിരൂപതാ നേതൃത്വം ഇന്ന് ഏറെ അനുഭാവത്തോടെയും താൽപ്പര്യത്തോടെയുമാണ് ഇവരെ കാണുന്നത്. അടുത്തകാലത്ത് അതിരൂപത ഈ ഭവനത്തെ ഏറ്റെടുത്തിരിക്കുന്നു. അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവും മറ്റ് പത്തോളം പേരും ഉൾക്കൊള്ളുന്ന ഒരു കമ്മറ്റി പിയേത്ത ഭവന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കായി രൂപീകരിക്കപ്പെട്ടിട്ടുണ്ട്. സാന്നിദ്ധ്യം കൊണ്ടും, നിർദ്ദേശങ്ങൾ കൊണ്ടും, അനുഗ്രഹാശീർവാദങ്ങൾ കൊണ്ടും അഭിവന്ദ്യ പിതാക്കൻമാർ സിസ്റ്റർ മേരി ലൂസിക്കൊപ്പമുണ്ട്. അതോടൊപ്പം, സവിശേഷവും അപൂർവ്വവുമായ ഒരു അനുവാദവും ഈ ഭവനത്തിലെ ചാപ്പലിന് നല്കപ്പെട്ടിട്ടുണ്ട്. ഞായറാഴ്ചയുൾപ്പെടെയുള്ള എല്ലാ ദിവസവും അവിടെ ദിവ്യബലിയർപ്പിക്കുവാനുള്ള അനുവാദമാണ് അത്. തന്റെ ജീവിതത്തിൽ ഏറ്റവും വലിയ സ്ഥാനം ദിവ്യകാരുണ്യത്തിന് നൽകിയിരിക്കുന്ന സിസ്റ്ററിന്, അന്തേവാസികളെ ഒറ്റയ്ക്കുവിട്ട് ഇടവകപള്ളിയിൽ അനുദിനദിവ്യബലിയ്ക്കായി എത്താനാവില്ല എന്ന പ്രത്യേക സാഹചര്യവും, ചാപ്പലിലെ മുഴുവൻസമയ ദിവ്യകാരുണ്യ സാന്നിധ്യത്തിലുള്ള പ്രാർത്ഥനാന്തരീക്ഷത്തിന്റെ അനിവാര്യതയും, സർവ്വോപരി ദിവ്യകാരുണ്യ ഈശോയുടെ വലിയ അനുഗ്രഹവുമാണ് ഈ പ്രത്യേക അനുവാദത്തിനു പിന്നിൽ.
ആഴ്ചയിൽ നാലുദിവസവും അവിടെ മുടങ്ങാതെ വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നത് സമീപത്തു തന്നെയുള്ള കപ്പൂച്ചിൻ ആശ്രമത്തിലെ ബഹുമാനപ്പെട്ട വൈദികരാണ്. മറ്റുള്ള ദിവസങ്ങളിൽ സിസ്റ്ററിനെയും പിയേത്ത ഭവനെയും അകമഴിഞ്ഞ് സ്‌നേഹിക്കുന്ന ചില നല്ല വൈദികർ മാറി മാറി എത്തുന്നു. എല്ലാ തിങ്കളാഴ്ചകളിലും പിയേത്ത ഭവനിൽ വച്ച് പുറത്തുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിൽ ഏകദിന വചനശുശ്രൂഷയും കുറെ കാലമായി നടത്തപ്പെടുന്നുണ്ട്. ആരംഭത്തിൽ ചിലർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും, കാലക്രമേണ ഒരു നാടിനു മാത്രമല്ല ഈ ലോകത്തിനുമുഴുവനും വലിയ അനുഗ്രഹവും, സമാനതകളില്ലാത്ത മാതൃകയുമായി പിയേത്ത ഭവനും ആ ഭവനത്തിന്റെ എല്ലാമായ സിസ്റ്റർ മേരി ലൂസിയും ഇവിടെ അംഗീകരിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
തുടർന്നുള്ള കാലങ്ങളിൽ, സിസ്റ്റർ മേരി ലൂസിക്കും, പിയേത്ത ഭവനും തുണയായി സിസ്റ്ററിന്റെ സമാനമായ സമർപ്പണ മനോഭാവത്തോടെ ദൈവനിയോഗത്തിന്റെ വാറോലയുമായി ആരെങ്കിലുമൊക്കെ മുന്നോട്ടുവരും എന്ന പ്രതീക്ഷ സിസ്റ്ററിനെയും പിയേത്ത ഭവനെയും സ്‌നേഹിക്കുന്ന സകലരിലുമുണ്ട്. ഈ ഭവനത്തിന് മാത്രമല്ല, ഈ ലോകത്തിൽ നിരാശ്രയരായി അന്ധകാരത്തിൽ കഴിയുന്ന ആയിരങ്ങൾക്ക് ആശ്രയമായി ഇനിയുമേറെ ശുശ്രൂഷകർ രംഗപ്രവേശം ചെയ്യുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം. ഒപ്പം ദൈവവിളിയുടെ വീഥികളിൽ തങ്ങളുടേതല്ലാത്ത കാരണങ്ങൾകൊണ്ട് ഒറ്റപ്പെട്ടുപോകുന്ന സമർപ്പിതർ ദൈവഹിതം തിരിച്ചറിഞ്ഞ് മുന്നേറുന്നതിനായി അവർക്ക് ആവുംവിധമുള്ള ആത്മീയപിന്തുണയും ശക്തിയും പകരുവാനും നമുക്ക് ശ്രമിക്കാം.
വിനോദ് നെല്ലക്കൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?