Follow Us On

22

February

2024

Thursday

അഭ്രപാളികളില്‍ വിരിയുന്ന ചിത്രങ്ങള്‍

അഭ്രപാളികളില്‍ വിരിയുന്ന ചിത്രങ്ങള്‍

കൃത്യതയാര്‍ന്ന ക്ലിക്കുകള്‍ മികവാര്‍ന്ന ഫോട്ടോ ജേര്‍ണലിസത്തിന്റെ മുഖമുദ്രയാണ്. ഇതിന്റെ സത്യസന്ധത മറ്റ് മാധ്യമ ശൃംഖലകള്‍ക്ക് അവകാശപ്പെടാനാകുമോ എന്നൊരു ചോദ്യമുണ്ട്. ദൃഷ്ടിഗോചരമായ പ്രമേയം എന്താണോ, അത് സത്യസന്ധമായി ഒപ്പിയെടുക്കുക എന്നതാണ് ഫോട്ടോ ജേര്‍ണലിസത്തിന്റെ ഐഡന്‍ന്റിറ്റി.

ക്യാമറക്കണ്ണുകളുടെ സംവേദനക്ഷമത സത്യസന്ധവും സംശയരഹിതവുമാണ്. സാഹചര്യങ്ങളെയും വസ്തുതകളെയും ആയിരിക്കുന്ന അവസ്ഥയില്‍ ഫ്രെയിമുകളിലാക്കി പ്രേക്ഷകന് നല്‍കാന്‍ ക്യാമറയുടെ ദൃഷ്ടികള്‍ക്ക് കഴിയും.

ഷെയ്‌സണ്‍ പി. ഔസേപ്പ് എന്ന കലാകാരന്റെ ദീര്‍ഘപ്രയാണം ഇന്നെത്തി നില്‍ക്കുന്നത് ഫോട്ടോഗ്രഫി, ഡോക്യുമെന്ററി, ചലച്ചിത്രരംഗം തുടങ്ങി നിരവധി മേഖലകളിലാണ്. യുണൈറ്റഡ് നേഷന്‍സിന്റെ ഉള്‍പ്പെടെ നിരവധി രാജ്യാന്തര അംഗീകാരങ്ങളും ഈ ഫോട്ടോഗ്രാഫറെ തേടിയെത്തിയിട്ടുണ്ട്.

ഷെയ്‌സണിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, നല്ലൊരു മനുഷ്യസ്‌നേഹിക്കേ നല്ലൊരു മാധ്യമപ്രവര്‍ത്തകനാകാന്‍ കഴിയൂ. 22 വര്‍ഷത്തെ സ്വന്തം ജീവിതംകൊണ്ട് അത് തെളിയിക്കാന്‍ ഷെയ്‌സണ് കഴിഞ്ഞിരിക്കുന്നു.

സാമൂഹിക പ്രതിബദ്ധതയുള്ള ഡോക്യുമെന്ററികള്‍ ലോകത്തിന് സംഭാവന ചെയ്യാന്‍ അദ്ദേഹം എടുക്കുന്ന സ്ട്രഗിള്‍ നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറമാണ്. ഭാഷയറിയാതെ, ദേശമറിയാതെ മാനവികത തേടിയുള്ള ദേശാന്തരപ്രയാണത്തില്‍ ജീവന് ഭീഷണിയുയര്‍ത്തിയ എണ്ണമറ്റ അനുഭവങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.

എല്ലാം അതിജീവിച്ചത് ധൈര്യംകൊണ്ടല്ല, ദൈവകൃപയും വിശ്വാസവും കൊണ്ടുമാത്രമെന്ന് ഈ കലാകാരന്‍ എളിമയോടെ പറയുന്നു. ഒരു പിതാവും, കുടുംബനാഥനുമെന്ന നിലയില്‍ തന്റെ ചുമതലകളെക്കുറിച്ചും കുട്ടികളുടെ വിശ്വാസ പരിശീലനത്തെക്കുറിച്ചും കൃത്യമായി ബോധവാനാണ് ഈ പ്രതിഭാശാലി. ഏത് ദീര്‍ഘദൂരെ യാത്രാവേളകളിലും ദിവ്യബലിക്കുള്ള അവസരങ്ങള്‍ ഷെയ്‌സണ്‍ കണ്ടെത്താറുണ്ട്.

15 വര്‍ഷങ്ങള്‍കൊണ്ട് മുപ്പതോളം രാജ്യങ്ങളിലൂടെ സഞ്ചരിച്ച് സാമൂഹിക – ശാസ്ത്രവിഷയങ്ങളെ ഇതിവൃത്തമാക്കി ഷെയ്‌സണ്‍ തന്റെ ക്യാമറക്കണ്ണുകളെ ചലിപ്പിച്ചുകൊണ്ടിരിക്കുന്നു. കാന്‍സര്‍ ചികല്‍സയിലെ മരുന്നുകളിലൂടെ ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള പ്രതിപാദനമായിരുന്നു ഡെന്‍മാര്‍ക്കില്‍ വച്ച് ചിത്രീകരിച്ചത്. അല്‍ഭുതാവഹമായ വിവരങ്ങളാണ് മെഡിക്കല്‍ സയന്‍സിന് സംഭാവന നല്‍കിയത്.

അധികം മസാലക്കൂട്ടുകള്‍ ഇല്ലാതെ നമ്മുടെ ഭക്ഷണം എങ്ങനെ രുചികരമായും ആസ്വാദ്യകരമായും ഉണ്ടാക്കാം എന്ന് വിവരിക്കുന്ന ചിത്രം ഫ്രാന്‍സില്‍ വച്ച് നിര്‍മ്മിച്ചു. പ്രസ്തുത ഡോക്യുമെന്ററി നിര്‍മ്മിക്കുന്നതിന് മുമ്പ് സ്വന്തം ജീവിതത്തില്‍ അത് പരീക്ഷിച്ച് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഷെയ്‌സണ്‍ ആ സംരംഭത്തിന് മുതിര്‍ന്നത്.

അമേരിക്കയില്‍ ഹീലിങ്ങ് ഹാന്‍സ് എന്ന പേരില്‍ മറ്റൊരു ഡോക്യുമെന്ററി നിര്‍മ്മിച്ചു. കരസ്പര്‍ശമേല്‍ക്കാതെയും മരുന്നുകളില്ലാതെയും രോഗിയെ എങ്ങനെ സൗഖ്യമാക്കാം എന്ന അന്വേഷണമായിരുന്നു അത്.

നേപ്പാളിന്റെ നോവുകള്‍

നേപ്പാളില്‍ ഭൂകമ്പം നടന്നപ്പോള്‍ ഷെയ്‌സണ്‍ അവിടെയെത്തിയിരുന്നു. പ്രകൃതി താണ്ഡവത്തിന്റെ തീവ്രത ഫ്രെയ്മുകളിലാക്കി. ”ഇത്തരം ദുരന്തങ്ങളിലെ കണ്ണീര്‍മുഖങ്ങളെ ഒപ്പിയെടുക്കാന്‍ അസാധാരണമായ മനോധൈര്യം വേണം. കരങ്ങള്‍ മാത്രമല്ല നിശ്ചലമായി പോകുക, ക്യാമറക്കണ്ണുകള്‍ പോലും മിഴി പൂട്ടിക്കളയും വിധം മനസ് തകര്‍ക്കുന്ന ദുരന്തങ്ങള്‍ ഞാന്‍ കണ്ടിട്ടിട്ടുണ്ട്.

നേപ്പാളില്‍ ഇപ്പോഴും പുറംലോകം എന്തെന്ന് കാണാത്ത ഗോത്രജനങ്ങള്‍ ഉണ്ട്. അവര്‍ക്ക് ഗവണ്‍മെന്റിന്റെ സഹായമോ ശ്രദ്ധയോ ഒന്നും ലഭ്യമല്ല. ഇവിടെ ഒരു എന്‍.ജി.ഒ ഗ്രൂപ്പ് വന്ന് കുട്ടികള്‍ക്ക് വേണ്ടി സ്‌കൂള്‍ ആരംഭിച്ചു. എതാനും നാള്‍ കഴിഞ്ഞ് അവര്‍ 60 തോളം കുട്ടികളെ വഴിയാധാരമാക്കി പോയി.

അസൗകര്യങ്ങളും പ്രശ്‌നങ്ങളുംമൂലം അവര്‍ക്ക് സ്‌കൂള്‍ മാനേജ് ചെയ്യാന്‍ കഴിഞ്ഞില്ല. കുട്ടികളുടെ നിസാഹാവസ്ഥ കണ്ട് മനസലിഞ്ഞ ഒരു മലയാളി സ്‌കൂള്‍ എറ്റെടുത്തു. വളരെ വിഷമതകളും പ്രശ്‌നങ്ങളും നേരിടേണ്ടിവന്നെങ്കിലും തോറ്റ് പിന്‍മാറിയില്ല.

ഇന്ന് ഭക്ഷണം, വസ്ത്രം, താമസം തുടങ്ങി എല്ലാക്കാര്യങ്ങളും ലഭിക്കുന്ന 250 തോളം കുട്ടികള്‍ പഠിക്കുന്ന നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റസിഡന്‍ഷ്യല്‍ സ്‌കൂളായി സ്ഥാപനം രൂപാന്തരപ്പെട്ടു. പ്രസ്തുത സ്ഥാപനത്തിന് പലവിധ ബന്ധങ്ങളിലൂടെ സാമ്പത്തിക സഹായം എത്തിക്കാന്‍ ഷെയ്‌സന്‍ സഹായിച്ചിരുന്നു.

സ്മയില്‍ ബാക്ക്

അടുത്തകാലത്ത് മഹാരാഷ്ട്രയില്‍ ചെയ്ത മനോഹരമായ പ്രൊജക്റ്റാണ് ബാനു എന്ന ഡോക്യുമെന്ററി. വീട്ടുജോലിക്കാരുടെ പ്രശ്‌നങ്ങളും അവരുടെ ജീവിത പശ്ചാത്തലങ്ങളും ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ചിത്രം. തുഛമായ വരുമാനത്തില്‍ ജീവിതത്തിന്റെ രണ്ടറ്റവും ഒന്നിച്ച് ചേര്‍ക്കാന്‍ കഷ്ടപ്പെടുന്ന ജീവിതങ്ങളെ ഗ്രാമീണ പശ്ചാത്തലത്തില്‍ ഒപ്പിയെടുത്തതാണിത്.

ജീവിതം വഴിമുട്ടിയ ഒരു സ്ത്രീ ജീവസന്ധാരണത്തിനായി ട്രെയിന്‍ കയറി നഗരത്തില്‍ എത്തുന്നു. എന്നാല്‍ നഗരത്തിന്റെ പുകമറക്കുള്ളില്‍ അവള്‍ക്ക് എല്ലാം നഷ്ടപ്പെടുന്നു. തനിക്ക് ജനിച്ച കുഞ്ഞിനെ തന്റെ ദുരിതങ്ങളും വേദനകളും ഒന്നും അറിയിക്കാതെ അവള്‍ വളര്‍ത്തി. പഠനത്തില്‍ മിടുക്കനായ തന്റെ മകനിലൂടെ അവളുടെ ജീവിതദുരിതത്തിന് വിരാമമിടുന്നു. അമേരിക്കന്‍ എംബസിയുമായി അസോസിയേറ്റ് ചെയ്‌തെടുത്ത ഒരു ആര്‍ട്ട് ഫിലിം ആണിത്.

തിരക്കഥകളുടെ ഭാവനാത്മകതയില്‍ മാത്രം വിരിയുന്ന ചിത്രങ്ങളല്ല ഡോക്യുമെന്ററികള്‍. നടീ-നടന്‍ന്മാരില്ലാതെ പച്ചയായ ജീവിത പശ്ചാത്തലങ്ങളെ മുഖംമൂടിയില്ലാതെ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് നയിക്കുകയാണ്. ചിത്രങ്ങള്‍ റിയലിസ്റ്റിക്ക് ആക്കാന്‍ ഞാന്‍ കഠിനശ്രമം നടത്തുന്നു.

ഡോക്യൂമെന്ററി നിര്‍മ്മാണത്തില്‍ ആദ്യ ഘട്ടങ്ങളിലൊക്കെ അവര്‍ണ്ണനീയമായ നിസഹായവസ്ഥകളും വിഷമതകളും നേരിടേണ്ടി വന്നിട്ടുണ്ട്. 2008 -ലാണ് യുണൈറ്റഡ് നേഷന്‍സിന്റെ ആദ്യ അവാര്‍ഡ് ലഭിക്കുന്നത്. അതോടെ എനിക്ക് ധാരാളം പ്രൊജക്റ്റകള്‍ കിട്ടിത്തുടങ്ങി.

സ്മയില്‍ ബാക്ക് എന്ന ഷോട്ട് ഫിലിമായിരുന്നു അവാര്‍ഡിന് ആധാരമായ ചിത്രം. തെരുവുകളിലെ ചെളിപുരണ്ട ജീവിതത്തില്‍നിന്നും പത്ത് വയസുള്ള ഒരു പെണ്‍കുട്ടിയെ നാഷണല്‍ ഡൊമസ്റ്റിക്ക് വര്‍ക്കേഴ്‌സിന്റെ ഓര്‍ഗനെസേഷന്‍ ദത്തെടുത്ത് കൊണ്ടുവന്നു. ചെളിയും കറയും പുരണ്ട ജീവിതത്തില്‍ നിന്നും തന്നെ രക്ഷിച്ച ഓര്‍ഗനെസേഷനിലെ അംഗങ്ങള്‍ തിരികെ മടങ്ങുമ്പോള്‍ തല തിരിച്ച് നിഷ്‌കളങ്കപുഞ്ചിരിയോടെ അവര്‍ക്ക് റ്റാറ്റാ സമ്മാനിക്കുന്ന ചിത്രം.

ആരുടെയും മനം കവരുന്ന ആ ദൃശ്യമാധുര്യത്തെ ഭാവനാത്മകമായി ഫ്രെയിമിലാക്കിയതിനാണ് അവാര്‍ഡ്.
ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ അവാര്‍ഡ്, അമേരിക്കന്‍ ഇന്‍ഡിപെന്‍ഡന്റ് ഫിലിം മേക്കേഴ്‌സ് അവാര്‍ഡ് എന്നിവയും ലഭിച്ചു.

പ്ലെ ആസ് സോള്‍ ഐ ലൗയൂ എന്ന ഡോക്യുമെന്ററിക്കായിരുന്നു അവാര്‍ഡ്. ഡോ. സെറിനാ അന്റര്‍ലി എന്ന അമേരിക്കന്‍ വനിതയുമായി ചേര്‍ന്ന് പ്രകൃതിസ്‌നേഹത്തെ ആസ്പദമാക്കി ചെയ്ത ഡോക്യുമെന്ററി ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഓസ്‌ട്രേലിയയില്‍ കുടിയേറ്റക്കാറുടെ പ്രശ്‌നങ്ങളെ ഉള്‍പ്പെടുത്തി ഡോക്യുമെന്റി എടുത്തെങ്കിലും പകുതിയാക്കിയപ്പോഴേക്കും ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് അനുമതി നിഷേധിച്ചു. അവിടുത്തെ ഷെല്‍റ്റര്‍ ഹോമുകളില്‍ കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന നരകയാതനകള്‍ പുറംലോകം അറിഞ്ഞാല്‍ കരയാത്തവരായി ആരും ഉണ്ടാകില്ലെന്ന് ഷെല്‍സണ്‍ പറയുന്നു.

മൂന്ന് മാസം മുമ്പ് ഉഗാണ്ടയില്‍ ആയിരുന്നു. ആഫ്രിക്കയിലെ അനാഥരായ കുട്ടികളെ ദത്തെടുത്ത് സംരക്ഷിച്ച് അവര്‍ക്ക് വിദ്യാഭ്യാസം കൊടുക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് വൈ-വി-കോ. ലോകത്ത് ധാരാളം സമ്പന്ന രാഷ്ട്രങ്ങള്‍ ഉണ്ടായിട്ടും ഇന്ന് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം കൊടുക്കുന്ന രാജ്യമാണ് ഉഗാണ്ട. ഇവരെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പണിപ്പുരയിലാണ് ഇപ്പോള്‍.

അഭയാര്‍ത്ഥികേന്ദ്രങ്ങള്‍ തടവറകളോ?

അന്താരാഷ്ട്ര സംഘടനകള്‍ അഭയാര്‍ത്ഥികള്‍ക്കായി ചുറ്റം മതില്‍ കെട്ടി വലിയ കൂടാരങ്ങള്‍ നിര്‍മിക്കും. അവരെ അതിലേക്ക് തള്ളിവിടും. ശരിക്കും തടവറ സമാനമായ ദുരിതജീവിതമാണ് അവര്‍ നയിക്കുന്നത്. എത്ര കഴിവും വിദ്യാഭ്യാസവും ഉള്ള വ്യക്തിയായാലും മരണസമാന ചുറ്റപാടുകളില്‍ വീര്‍പ്പ് മുട്ടിക്കഴിയുന്ന ജനസമൂഹം. ഇവരെല്ലാം അനുഭവിക്കുന്ന ഡിപ്രഷന്‍ എന്തെന്ന് പറഞ്ഞറിയിക്കാന്‍ ആര്‍ക്കും കഴിയില്ല.

അഭയാര്‍ത്ഥികളുടെ ജീവിത പ്രശ്‌നങ്ങളിലേക്കും ദുരിതങ്ങളിലേക്കുമുള്ള ഒരു എത്തിനോട്ടമായിരിക്കും പ്രസ്തുത ഡോക്യുമെന്ററി; ഷെയ്‌സണ്‍ വിശദീകരിച്ചു.
അനീറ്റ എന്ന സ്വീഡീഷ് വനിതയുമായി ചേര്‍ന്ന് തുര്‍ക്കി സിറിയ പ്രദേശങ്ങളില്‍നിന്ന് യുറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറിയിരിക്കുന്ന അഭയാര്‍ത്ഥികളെക്കുറിച്ച് ചിത്രം നിര്‍മ്മിക്കാന്‍ ആലോചിച്ചെങ്കിലും അനുമതി ലഭിച്ചില്ല.

ബല്‍ജിയം ഡബ്ല്യു. എ്.എമ്മില്‍ നിന്ന് മികച്ച ഫോട്ടോഗ്രാഫിക്ക് അവാര്‍ഡ് ലഭിക്കുകയുണ്ടായി. എന്റെ അമ്മയും വീട്ടുജോലിക്കാരിയാണ്’ എന്ന ഫ്‌ളാഗ് പിടിച്ച് കൊണ്ട് അഭിമാനത്തോടെ പറയുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രത്തിനായിരുന്നു പുരസ്‌ക്കാരം. വൈ-വി-ക്കോ എന്ന ഇന്റര്‍ നാഷണല്‍ സംഘടനയുടെ 2018-ലെ ഹ്യുമാനിറ്റേറിയന്‍ പുരസ്‌ക്കാരവും ഷെയ്‌സന് ലഭിച്ചു.

ജോലിക്കിടയിലെ കീറാമുട്ടികള്‍

അലച്ചിലുകളിലൂടെയും ഭീതിജനകമായ അപകടങ്ങളിലൂടെയും നിരവധി തവണ കടന്നുപോകേണ്ടിവന്നിട്ടുണ്ടെന്ന് ഷെയ്‌സണ്‍ പറഞ്ഞു. ഒരിക്കല്‍ സൗത്ത് സുഡാന്റെയും ഉഗാണ്ടയുടെയും അതിര്‍ത്തിയില്‍ മണിക്കൂറുകളോളം വാഹനത്തില്‍ വഴിതെറ്റി സഞ്ചരിക്കേണ്ടി വന്നു. രണ്ടാം ദിവസമാണ് ഓര്‍ഗനൈസേഷന്റെ ആളുകളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്. ഭാഷയറിയാതെ വല്ലാതെ ബുദ്ധിമുട്ടി.

അതുപോലെ അമേരിക്കയില്‍വച്ച് സംഘടനാ പ്രതിനിധികളുമായി റോഡിലൂടെ സംസാരിച്ച് നടക്കുമ്പോള്‍ പാര്‍ക്കിന്റെ സൈഡില്‍ ഒരു ഭിക്ഷക്കാരന്‍ പുതച്ച് മൂടിക്കിടക്കുന്നതുകണ്ടു. സമ്പല്‍ സമൃദ്ധിക്ക് പുകള്‍പെറ്റ രാജ്യത്ത് ഭിക്ഷാടകരോ? ആ അതിശയം ക്യമറക്കണ്ണുകളില്‍ പകര്‍ത്താനൊരു ജിജ്ഞാസ. 1,2,3 ക്യാമറ ക്ലിക്കുകളുടെ ശബ്ദം കേട്ട് അയാള്‍ ചാടി എണീറ്റ് പോക്കറ്റില്‍ നിന്ന് തോക്കെടുത്ത് ആകാശത്തേക്ക് വെടിവച്ചു.

പിന്നെ എന്റെ നേരേ തോക്ക് ചൂണ്ടി. അതോടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന രണ്ടാളും ഓടി രക്ഷപെട്ടു. ഞാന്‍ സോറി പറഞ്ഞു നോക്കി. എന്നിട്ടും അയാള്‍ വിടാന്‍ ഭാവമില്ല. അവസാനം ഞാന്‍ ഫോട്ടോ ഡിലീറ്റ് ചെയ്ത് കാണിച്ച് കൊടുത്ത ശേഷമാണ് പോകാന്‍ അനുവദിച്ചത്.

മാനവികതയില്‍ ചാലിച്ചെടുത്ത ഒരു ഡോക്യുമെന്ററി എത്യോപ്യയില്‍ ചെയ്യുന്ന ദിനങ്ങള്‍. വൈകുന്നേരത്തെ വിശ്രമ സമയം. നല്ല ക്ഷീണമുണ്ടെങ്കിലും സുന്ദരമായ പ്രകൃതി കണ്ടപ്പോള്‍ നടക്കാനൊരു മോഹം. ആതിഥേയരായ മലയാളി സിസ്റ്റേഴ്‌സിനോട് ഒന്നും പറയാതെ ഞാന്‍ ഇറങ്ങി. കുറെ ദൂരം പിന്നിട്ടപ്പോള്‍ കൂ…ക…ൂ എന്നൊരു ശബ്ദം പിന്നില്‍ നിന്ന് കേട്ടു. തിരിഞ്ഞ് നോക്കിയപ്പോള്‍ തോക്കുമായി രണ്ടു പേര്‍ ഓടിവരുന്നു. ഒരാള്‍ എന്തോ പറഞ്ഞു. എനിക്ക് ഒന്നും മനസിലായില്ല.

ഫോട്ടോകള്‍ എടുക്കാന്‍ വന്നതാണെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു. എന്നെ പിടിച്ച് വലിച്ചിഴച്ച് ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അവിടെ കുറെ ആളുകള്‍ കൂടിയിട്ടുണ്ട്. ആര്‍ക്കും എന്റെ ഭാഷ മനസിലാകുന്നില്ല, എനിക്ക് അവരുടെ ഭാഷയും. എന്തോ ഭാഗ്യം കൊണ്ട് ഞാന്‍ സിസ്റ്റര്‍ എന്ന് പറഞ്ഞത് ഒരാള്‍ക്ക് മനസിലായി. ഞാന്‍ സിസ്റ്ററുമായി ബന്ധപ്പെട്ട ആളാണോ എന്നറിയാന്‍ അവര്‍ ഒരാളെ അവരുടെ അടുത്തേക്ക് പറഞ്ഞയച്ചു.

കുറെ നേരം കഴിഞ്ഞപ്പോള്‍ സിസ്റ്റേഴ്‌സ് എന്നെ കാണാതെ പരിഭ്രമിച്ച് തിരക്കി വന്നു. അപ്പോഴാണ് ഈ കോലാഹലങ്ങള്‍ നടക്കുന്നത് കണ്ടത്. അവര്‍ വന്നതോടെ ആളുകള്‍ ശാന്തരായി. ഞാന്‍ സിസ്റ്റേഴ്‌സിന്റെ കൂടെ മടങ്ങിപ്പോയി.

വാഴ്ത്തപ്പെട്ട റാണി മരിയയുടെ ത്യാഗനിര്‍ഭരമായ വിശുദ്ധജീവിതം പൂര്‍ണമായി അഭ്രപാളികളില്‍ പകര്‍ത്തുന്ന മെഗാ പ്രൊജക്റ്റ് ഷെയ്‌സണ്‍ ഉടനെ ആരംഭിക്കും. അമേരിക്കയിലെ കെന്റോഗി മലയാളി കമ്മ്യൂണിറ്റിയാണ് ഈ സംരംഭത്തിന് പിന്‍ന്തുണ നല്‍കുന്നത്. പരമാവധി യഥാര്‍ത്ഥ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ച് ഷെയ്‌സണ്‍ സംവിധാനം നിര്‍വഹിക്കുന്ന ചലച്ചിത്രം ഹിന്ദിയിലും മലയാളത്തിലുമുണ്ട്.

ഒരു കലാകാരന്‍ മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയപ്പെട്ട അധ്യാപകന്‍കൂടിയാണ് ഷെയ്‌സണ്‍. മുംബൈയിലെ പ്രശസ്തമായ സെന്റ് സേവ്യേഴ്‌സ് കോളജില്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ പ്രഫസറായും സേവനം ചെയ്യുന്നു. ഭാര്യ ബിന്ദു അന്ധേരി ഹോളിസ്പിരിറ്റ് സൂപ്പര്‍സെപ്ഷ്യലിറ്റി ഹോസ്പിറ്റലില്‍ ചീഫ് അക്കൗണ്ടന്റ് ആണ്. മക്കള്‍ ഈവ, എവിന്‍. എട്ടിലും നാലിലും പഠിക്കുന്നു.

ജെയിംസ് ഇടയോടി, മുംബൈ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?