Follow Us On

24

October

2020

Saturday

ഒരു സൈന്യവ്യൂഹമുണ്ട്, നിനക്കു ചുറ്റും

ഒരു സൈന്യവ്യൂഹമുണ്ട്, നിനക്കു ചുറ്റും

നിത്യതയില്‍നിന്നും നിത്യതയിലേക്കുള്ള പ്രയാണമല്ലേ നമ്മുടെ ജീവിതം. നമുക്ക് പരിചിതമല്ലാത്ത ഒരിരടത്തുനിന്ന് ഈ ഭൂമിയില്‍ ജനിച്ചുവീണു. മരണത്തോടെ തീരുന്ന ഈലോക യാത്ര വീണ്ടും നിത്യതയിലേക്ക് ചേര്‍ന്നു, നമ്മെ. ഇതിനിടയില്‍ കാലിടറാതിരിക്കാന്‍, ഇടറിയാല്‍ കരകയറാന്‍ ഒക്കെ ഏറെ സംവിധാനങ്ങള്‍ ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിലൊന്നാണ് ഓരോരുത്തനും നല്‍കപ്പെടുന്ന കാവല്‍മാലാഖ. നിന്റെ ജനനംമുതല്‍ നിത്യതയില്‍ ചേരുംവരെ നിന്നെ അനുധാവനം ചെയ്യുന്ന ദൈവത്തിന്റെ അംബാസിഡറാണ് ഈ ദൈവദൂതന്‍. സ്വര്‍ഗവാസികളുടെ അകമ്പടിയോടെയാണ് ഒരാളുടെ ജീവിതമെന്ന് കാവല്‍മാലാഖയുടെ സംരക്ഷണം പറഞ്ഞുതരും. കാവല്‍മാലാഖയെക്കുറിച്ചുള്ള ചിന്തയും പഠനവും ക്രിസ്തുവിന്റെ ആഗമനത്തിന് മുമ്പുതന്നെ ഉണ്ടായിരുന്നു. ബഹുഭൂരിപക്ഷം യഹൂദരും മാലാഖമാരില്‍ വിശ്വാസം പുലര്‍ത്തിയിരുന്നു. ചിന്തകനായ സോക്രട്ടീസ് മനഃസാക്ഷിയുടെ ശബ്ദമായിട്ടാണ് അരൂപികളുടെ ലോകത്തെ വ്യാഖ്യാനിച്ചുപോന്നത്. നീതിബോധവും ദൈവചിന്തയും മനുഷ്യനില്‍ ഉണര്‍ത്തുന്നത് കാവല്‍മാലാഖയാണ് എന്ന് അദ്ദേഹം പഠിപ്പിച്ചുപോന്നു. എല്ലാവര്‍ക്കും കാവല്‍മാലാഖമാര്‍ ഉണ്ടോ? തീര്‍ച്ചയായും. ഈ ഭൂമിയില്‍ പിറന്നുവീഴുന്ന സകലര്‍ക്കും കാവല്‍മാലാഖമാര്‍ ഉണ്ടെന്നാണ് സഭ പഠിപ്പിക്കുന്നത്. വിശ്വാസിക്കും അവിശ്വാസിക്കും മതവിശ്വാസ ഭേദമെന്യേ ഇത് നല്‍കപ്പെടുന്നുണ്ട്. പക്ഷേ ഈ കാര്യം ഗ്രഹിക്കുന്നതും അതിനനുസൃതം ജീവിക്കുന്നതും വ്യത്യാസപ്പെട്ടിരിക്കും. എപ്പോഴാണ് ഒരാള്‍ തന്റെ കാവല്‍മാലാഖയെ സ്വീകരിക്കുന്നത്? പൊതുവെ ഒരാളുടെ ജനനത്തോടെ എന്നതാണ് വിശ്വാസം. മൂന്നു വിധത്തില്‍ ചിന്തിക്കാറുണ്ട്. ചിലര്‍ കരുതുന്നത് അമ്മയുടെ ഉദരത്തില്‍ കുഞ്ഞ് രൂപം കൊള്ളുമ്പോഴേ കാവല്‍മാലാഖയെ നല്‍കുന്നു എന്നതാണ്. വിശുദ്ധ ആന്‍സലെം ഇതാണ് പഠിപ്പിക്കുന്നത്. അതേസമയം, മറ്റുചിലര്‍ ജനനത്തോടെ കാവല്‍മാലാഖയെ ലഭിക്കുന്നു എന്നു പറയുന്നു. വിശുദ്ധ ജെറോമും വിശുദ്ധ തോമസ് അക്വിനോസും ഈ ഗണത്തില്‍പെടുന്നു. വിശുദ്ധ ബേസിലാകട്ടെ മാമോദീസയിലൂടെയാണ് ഇതു ലഭിക്കുക എന്ന പക്ഷക്കാരനാണ്. കാവല്‍മാലാഖയുടെ പരിരക്ഷണം ആരംഭിക്കുന്ന സമയത്തെക്കുറിച്ച് വ്യത്യസ്ത ധാരണകളുണ്ടെങ്കിലും, ഈ സംരക്ഷണം ആത്മീയയാത്രയില്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് വിശുദ്ധ ഗ്രന്ഥവും സഭാപഠനവും പറയും. എന്താണിവ ചെയ്യുന്നത്? ഒരു വിശ്വാസിക്കു ചുറ്റും ഒരു സൈന്യവ്യൂഹത്തെ സൃഷ്ടിക്കുകയാണിവ. വിശ്വാസം പരിരക്ഷിക്കാനും അതില്‍ നയിക്കപ്പെടാനും ഓരോ മനുഷ്യന്റെയും കാവല്‍മാലാഖ അയാളെ സഹായിക്കും. ശരീരമില്ലാത്ത ആത്മീയ ജീവികളാണ് മാലാഖമാര്‍ എന്നുള്ളതുകൊണ്ട്, നഗ്നനേത്രങ്ങളില്‍ ഇവ കാണില്ല. പക്ഷേ വിശ്വാസത്തിന്റെ തിളക്കമാര്‍ന്ന കണ്ണില്‍ ഇവയെ കാണാം. ചിലത് വെളിവാക്കാനും മറ്റു ചിലത് മറച്ചു പിടിക്കാനും കാവല്‍മാലാഖ ഒരാള്‍ക്ക് തുണയാകും. തിന്മയുടെ കണ്ണിനെ നിനക്കെതിരെ അന്ധമാക്കാനും നിന്റെ കണ്ണില്‍ വിശ്വാസത്തിന്റെ കൂടുതല്‍ വെളിച്ചം പകരാനും കാവല്‍മാലാഖയ്ക്ക് കഴിയും.ഏലീഷാ പ്രവാചകനെ വകവരുത്താന്‍ സിറിയാ രാജാവ് സൈനികരെ അയച്ചു. ഏലീഷാ ഭൃത്യനോട് പറഞ്ഞു: ‘നാം ഭയപ്പെടേണ്ട. അവരെക്കാള്‍ കൂടുതല്‍ ആളുകള്‍ നമ്മുടെ കൂട്ടത്തിലുണ്ട്. ഭൃത്യന് ഒന്നും മനസിലായില്ല. തന്നെയും പ്രവാചകനെയും മാത്രമേ അവന്‍ കണ്ടുള്ളൂ.’ കണ്ണടച്ചിരുന്നാല്‍ പിടികിട്ടില്ല. കണ്ണ് തുറന്നു നോക്കണം എന്നു പറഞ്ഞ് പ്രവാചകന്‍ അവന്റെ ഉള്‍ക്കണ്ണ് തുറന്നു. കാര്യം പിടികിട്ടി. ദൈവശുശ്രൂഷകന് ചുറ്റും മാലാഖമാരുടെ സൈന്യവ്യൂഹമുണ്ട് (2 രാജാ. 6:3-23). ഓരോരുത്തര്‍ക്കും ഓരോ കാവല്‍മാലാഖ എന്നാണ് പൊതുവെ വിശ്വാസമെങ്കിലും ഉന്നത ചുമതല നിര്‍വഹിക്കുന്നവര്‍ക്ക് അധികം മാലാഖമാര്‍ നല്‍കപ്പെടും എന്നും കരുതപ്പെടുന്നു. ശുശ്രൂഷ എളുപ്പമാക്കാനാണിത്. തിന്മയെ അതിജീവിക്കാനും. സങ്കീര്‍ത്തകന്‍ പറയും: ”നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതരോടു കല്‍പിക്കും” (91:10). പരീക്ഷണ ഘട്ടങ്ങളിലും വെല്ലുവിളികള്‍ നേരിടുമ്പോഴും എല്ലാം കാവല്‍മാലാഖയുടെസംരക്ഷണം അവകാശപ്പെടണം. നമ്മെ അനുതപിക്കാന്‍ സഹായിക്കുന്നതും ഈ മാലാഖതന്നെ. നിരാശയില്‍ വീഴാതെ ദൈവത്തിന്റെ വാഗ്ദാനം ഈ മാലാഖ ഓര്‍മപ്പെടുത്തിത്തരും. ഞാന്‍ ആരെന്ന് മനസിലാക്കാന്‍ മാലാഖയുടെ സഹായം തേടിയാല്‍ മതി. കുഞ്ഞുങ്ങള്‍ പരീക്ഷയ്ക്ക് ഒരുങ്ങുമ്പോഴും ഇന്റര്‍വ്യൂവിനായി തയാറെടുക്കുമ്പോഴുമെല്ലാം കാവല്‍മാലാഖയോട് സഹായം യാചിക്കുക. ബുദ്ധിയില്‍ തെളിമ തരാനും വസ്തുതകള്‍ മികവുറ്റ വിധത്തില്‍ പങ്കുവയ്ക്കാനും നിങ്ങള്‍ക്കാകും. കാവല്‍മാലാഖ ഉറങ്ങില്ല, നാം ഉറങ്ങുമ്പോഴും. വിട്ടുപോകില്ല, നാം വിഷമിക്കുമ്പോഴും. മറിച്ച് കണ്ണിമയ്ക്കാതെ നമുക്കായി കാവലിരിക്കും. ഭയകാരണങ്ങള്‍ വേട്ടയാടുമ്പോഴും നിരാശയില്‍ തളരുമ്പോഴും പ്രലോഭനങ്ങളില്‍ പെട്ടുപോകുമ്പോഴും നിന്റെ കാവല്‍മാലാഖയുടെ സഹായം തേടുക. തീര്‍ച്ചയായും സഹായം ലഭിക്കും.1608-ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് ഒക്‌ടോബര്‍ രണ്ടിന് കാവല്‍മാലാഖയുടെ തിരുനാള്‍ ആഘോഷിക്കുന്ന ചടങ്ങ് ആരംഭിച്ചത്. ഇന്നും അത് ശ്രദ്ധേയമായ തിരുനാളാണ്. എന്റെ കാവല്‍മാലാഖയേ, എന്നെ സംരക്ഷിക്കാനും വഴിനടത്താനും എനിക്ക് കൂട്ടായിരിക്കണമേ.

റവ.ഡോ. റോയ് പാലാട്ടി സി.എം.ഐ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?