Follow Us On

21

February

2019

Thursday

ഞാന്‍ ദൈവത്തിന്റെ മാത്രം ഫുട്‌ബോള്‍!

ഞാന്‍ ദൈവത്തിന്റെ മാത്രം ഫുട്‌ബോള്‍!

നാല്‍പത് വയസിനുള്ളില്‍ നാല് ഭൂഖണ്ഡങ്ങളിലെ
20-ല്‍പരം രാജ്യങ്ങളില്‍ വചനം പങ്കുവച്ച,
യു.കെയിലെ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രം
ഡയറക്ടറായി ചുമതലയേറ്റ
ഫാ. ആന്റണി പറങ്കിമാലില്‍
ദൈവാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു…

വിക്കന്‍, പഠനകാര്യത്തില്‍ ശരാശരിക്കാരന്‍, സെമിനാരിയില്‍നിന്ന് തിരിച്ചുപോന്നവന്‍… ലോകത്തിന്റെ കണ്ണില്‍, കോതമംഗലം പറങ്കിമാലില്‍ ദേവസി-ത്രേസ്യാ ദമ്പതികളുടെ മകന്‍ ആന്റണിക്ക് കുറവുകള്‍ ഏറെയുണ്ടായിരുന്നെങ്കിലും ദൈവദൃഷ്ടിയില്‍ അതെല്ലാം നിറവുകളായിരുന്നു. കാലത്തിന്റെ തികവില്‍ ആ നിറവുകള്‍ക്കുമേല്‍ ദൈവം കൈയ്യൊപ്പ് ചാര്‍ത്തിയപ്പോള്‍ കേരളസഭയ്‌ക്കെന്നല്ല ആഗോളസഭയ്ക്ക് ലഭിച്ചത് തീക്ഷണമതിയായ ഒരു വൈദികനെയാണ്: ഫാ. ആന്റണി പറങ്കിമാലില്‍ വി.സി.
ഏഷ്യയിലും അമേരിക്കയിലും ആഫ്രിക്കയിലും യൂറോപ്പിലും വചനസന്ദേശം പകര്‍ന്ന അദേഹം ഇപ്പോള്‍ യു.കെയിലെ ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടറാണ്.
2004 ഡിസംബര്‍ 28-ന് തിരുപ്പട്ടം സ്വീകരിച്ച ഫാ. ആന്റണി ഇന്ന് ഇംഗ്ലീഷിലും മലയാളത്തിലും 20-ല്‍പരം രാജ്യങ്ങളില്‍ ശുശ്രൂഷ നയിച്ച വചനപ്രഘോഷകനാണ്. മുംബൈ താബോര്‍ ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷ ആരംഭിച്ച ഇദ്ദേഹം 2007 മുതല്‍ 2018 വരെ കെനിയയിലെ നെയ്‌റോബി, തീക്കാ എന്നിവിടങ്ങളിലെ വിന്‍സെഷ്യന്‍ ധ്യാനകേന്ദ്രങ്ങളില്‍ റെക്ടറായും ഡയറക്ടറായും സേവനം അനുഷ്ഠിച്ചിരുന്നു.
”ചെറുപ്പം മുതന്‍ എന്നെ ഏറ്റവുമധികം സ്വാധീനിച്ച വിശുദ്ധയാണ് കൊച്ചുത്രേസ്യ. ‘ഞാന്‍ ഈശോയുടെ കൈയിലെ ഒരു പന്താണ്’ എന്ന വിശുദ്ധയുടെ ദര്‍ശനം കടമെടുത്ത് ഞാനിങ്ങനെ പ്രാര്‍ത്ഥിക്കുമായിരുന്നു: ഈശോയേ ഞാനങ്ങയുടെ ഒരു ഫുട്‌ബോളാണ്, അങ്ങേക്ക് ഇഷ്ടമുള്ളിടത്തേക്കൊക്കെ എന്നെ തട്ടിവിടാം. ഈ പ്രാര്‍ത്ഥന ദൈവം കേട്ടു. അങ്ങനെ ഞാന്‍ വന്നു വീണ സ്ഥലമാണ് ഡിവൈന്‍ ഡാര്‍ലിംഗ്ടണ്‍! ഒന്നര വര്‍ഷമായി സ്ഥിരം വൈദികര്‍ ഇല്ലാതിരുന്ന ഇവിടേക്കാണ് സഭാധികാരികള്‍ എന്നെ നിയോഗിച്ചത്.” അദേഹം തുടരുന്നു. ”ദൈവശുശ്രൂഷ ഒരിക്കലും ഒരു പദവിയല്ല, മറിച്ച്, വിശുദ്ധി നേടാനും വിശുദ്ധി പകരാനുമുള്ള ദൈവനിയോഗമാണ്.
ആഫ്രിക്കന്‍ മിഷന്‍
ദൈവം എന്നോടു കാണിച്ച ഏറ്റവും വലിയ കരുണയായിരുന്നു ആഫ്രിക്കന്‍ ദൗത്യം. കെനിയയായിരുന്നു ശുശ്രൂഷാകേന്ദ്രം. എട്ട് വര്‍ഷം നൈറോബിയിലെ വിന്‍സെന്‍ഷ്യന്‍ പ്രെയര്‍ ഹൗസിലും തീക്കയിലെ വിന്‍സെന്‍ഷ്യന്‍ റിട്രീറ്റ് സെന്ററിലും ശുശ്രൂഷ ചെയ്തു. ദൈവത്തിനുവേണ്ടി ദാഹിക്കുന്ന വലിയ ജനതയെ അവിടെ കണ്ടു. ആഴ്ചതോറും ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് എത്തുന്നത്. സാമ്പത്തികമായി ദരിദ്രരാണെങ്കിലും പ്രാര്‍ത്ഥനയിലും ദൈവവിശ്വാസത്തിലുമെല്ലാം സമ്പന്നരാണവര്‍. ശരീരത്തിന്റെ നിറം കറുത്തതാണെങ്കിലും ഹൃദയം തൂവെള്ളയാണെന്ന് ഞാന്‍ മനസിലാക്കി. വിശുദ്ധ കുര്‍ബാനയുടെ മുമ്പില്‍ പൊട്ടിക്കരഞ്ഞ് പ്രാര്‍ത്ഥിക്കുന്ന ജനം കഠിനഹൃദയരായ വൈദികരുടെപോലും കരളലിയിപ്പിക്കും. ആരാധന സമയത്ത് തിരുവോസ്തിയില്‍നിന്ന് കണ്ണെടുക്കാതെ പാട്ടുപാടി ആനന്ദനൃത്തമാടുന്ന ഈ ജനം മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്ന് ഒരിക്കലും ശ്രദ്ധിക്കാറില്ല. ദിവ്യകാരുണ്യനാഥനെമാത്രം പ്രസാദിപ്പിക്കാനാണ് അവര്‍ നൃത്തമാടുന്നതെന്ന് വിഡ്ഢിയായ എനിക്ക് മനസിലായത് വൈകിയാണ്.
രാജ്യം ഭരിക്കുന്ന പ്രസിഡന്റും മന്ത്രിമാരും പൊലീസും പട്ടാളവുമെല്ലാം ഒരുപോലെ പ്രാത്ഥിക്കാന്‍ വരും. കുഞ്ഞുങ്ങളെപ്പോലെ അവരും നൃത്തം ചെയ്യും. ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്: മറ്റുള്ളവര്‍ എന്തു കരുതും എന്നു ചിന്തിക്കാതെ എല്ലാം മറന്ന് ആഫ്രിക്കക്കാരെപ്പോലെ ഈശോയുടെ മുന്നില്‍ ഒന്നു നൃത്തം ചെയ്യാന്‍ എന്നാണ് എനിക്കാകുക?
ആഫ്രിക്കയിലെ പല ഭാഗത്തുംക്രിസ്തീയ വിശ്വാസം എത്തിയിട്ട് 200 വര്‍ഷമേ ആയുള്ളൂ. എന്നിട്ടും ‘ഈശോ’ എന്ന വാക്കു കേട്ടാല്‍ അവര്‍ വികാരഭരിതരാകും. മാത്രമല്ല ഈശോയുമായി ബന്ധപ്പെട്ടവരോടെല്ലാം, അച്ചന്മാരോടും സിസ്‌റ്റേഴ്‌സിനോടുമെല്ലാം അവര്‍ക്ക് വലിയ ബഹുമാനവുമാണ്.
ഞങ്ങള്‍ ശുശ്രൂഷ ചെയ്ത മേഖലയില്‍ കാത്തലിക് ആന്‍സര്‍ ബൈബിള്‍ എത്തിക്കാനായത് വലിയ ദൈവകൃപയാണ്. അന്ന് അവിടെ ഭൂരിഭാഗം പേര്‍ക്കും ബൈബിളുണ്ടായിരുന്നില്ല, ഉള്ളവയാകട്ടെ പ്രൊട്ടസ്റ്റന്റ് ബൈബിളും. കത്തോലിക്കാ ബൈബിള്‍ ഉണ്ടെങ്കിലും 1000 രൂപ വിലയായിരുന്നു പ്രശ്‌നം. ഒരിക്കല്‍ പ്രാര്‍ത്ഥനയ്ക്കിടെ ഒരു പ്രേരണ ലഭിച്ചു: അവരുടെ സംശയങ്ങള്‍ക്ക് ഉത്തരം കിട്ടുംവിധം തയാറാക്കി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം പ്രസിദ്ധീകരിച്ച ‘കാത്തലിക് ആന്‍സര്‍ ബൈബിള്‍’ 150 രൂപക്ക് അവര്‍ക്ക് കൊടുക്കണം. പക്ഷേ, ഇന്ത്യയില്‍ അച്ചടിക്കുന്ന ബൈബിള്‍ കെനിയയില്‍ എത്തിക്കാന്‍ 400 രൂപയെങ്കിലും ചെലവുവരും. പക്ഷേ, 150 രൂപക്ക് ബൈബിള്‍ കൊടുക്കണമെന്നത് കൃത്യമായി കിട്ടിയ സന്ദേശമാണ്. ഒത്തിരി സാങ്കേതിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. കെനിയന്‍ സഭയുടെ അനുവാദം നേടുകയായിരുന്നു അതില്‍ ആദ്യത്തേത്.
ഇപ്പോള്‍ ഇവിടെ ബൈബിള്‍ ലഭ്യമാണല്ലോ; പിന്നെന്തിന് വേറെ ബൈബിള്‍; എങ്ങനെ ഇത്ര വില കുറച്ച് കൊടുക്കാനാകും? ചോദ്യങ്ങള്‍ പലതായിരുന്നു. പഠിച്ചിട്ട് പറയാം എന്നു പറഞ്ഞ് അനുവാദം നീട്ടിക്കൊണ്ടുപോയി. ഞങ്ങള്‍ മധ്യസ്ഥ പ്രാര്‍ത്ഥന ആരംഭിച്ചതോടെ അത്ഭുതം സംഭവിച്ചു. ബൈബിള്‍ വില്‍ക്കാന്‍ അനുവാദം തരുന്ന കര്‍ദിനാളിന്റെ കത്തുമായി കമ്മിറ്റിയിലെ ഒരു വൈദികന്‍ നേരിട്ടെത്തി. ‘ഈ ബൈബിള്‍ കത്തോലിക്കാ വിശ്വാസത്തിലേക്ക് മടങ്ങിവരാനുള്ള വലിയൊരു വാതിലാണ്,’ എന്നത്രേ നമ്മുടെ ബൈബിളിനെ അദ്ദേഹം വിശേഷിപ്പിച്ചത്. അതിനുള്ള കാരണമായി അദ്ദേഹം പറഞ്ഞ വാക്കുകളും ശ്രദ്ധേയമായിരുന്നു. ലീഡേഴ്‌സിന്റെ സെമിനാറില്‍ പങ്കെടുത്തവര്‍ ക്ലാസെടുത്ത അച്ചനോട് പല സംശയങ്ങളും ചോദിച്ചു. ഐ.വി.എഫ് (കൃത്രിമ ഗര്‍ഭധാരണം) സഭാനിയമപ്രകാരം തെറ്റാണെന്ന് പഠിപ്പിക്കുന്നതെന്തുകൊണ്ട്, അതു തെളിയിക്കുന്ന വചനമുണ്ടോ? എന്ന ചോദ്യത്തിന് അച്ചന് പെട്ടെന്ന് ഉത്തരം നല്‍യില്ല. പിന്നീട് പറയാമെന്ന് പറഞ്ഞ് മുറിയിലെത്തിയ അച്ചന്റെ കണ്ണില്‍ ആദ്യം പതിഞ്ഞത്, പഠിക്കാനയി സഭാനേതൃത്വം ഏല്‍പ്പിച്ച ‘കാത്തലിക് ആന്‍സര്‍ ബൈബിളാ’ണ്. തുറന്നപ്പോള്‍ അതാ, വചനം സഹിതം ഉത്തരം കണ്‍മുമ്പില്‍. അതു വിശദീകരിച്ചപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. അതോടെ ‘കാത്തലിക് ആന്‍സര്‍ ബൈബിളി’ന്റെ പ്രസക്തി അവര്‍ മനസിലാക്കുകയായിരുന്നു. ഞങ്ങളുടെ പ്രൊവിന്‍ഷ്യന്‍ ഹൗസിന്റെ സാമ്പത്തിക സഹായത്തോടെയാണ് ബൈബിളുകള്‍ അച്ചടിച്ചത്. ഇതിനകം രണ്ട് ലക്ഷത്തില്‍പ്പരം ബൈബിള്‍ പല രാജ്യങ്ങളിലായി വിതരണം ചെയ്തിട്ടുണ്ട്.
ആഫ്രിക്കയിലെ ദൈവാലയങ്ങളിലെല്ലാം വിശ്വാസികളുടെ ബാഹുല്യമാണ്. എന്നാല്‍, പാശ്ചാത്യ രാജ്യങ്ങളില്‍ സ്ഥിതി നേരെ മറിച്ചും. പാശ്ചാത്യലോകം അവരറിയാതെ തന്നെ ഇന്ന് ആരാധിക്കുന്നത് പണത്തെയാണ്. ദരിദ്രര്‍ക്ക് ദൈവം എല്ലാമാകുമ്പോള്‍, സമ്പന്നര്‍ക്ക് ജോലിയും പണവുമാണ് എല്ലാം. വചനപ്രഘോഷണവും ജീവിതസാക്ഷ്യവുമാണ് ഇന്ന് അവിടെ അനിവാര്യം. ഉപവി പ്രവര്‍ത്തനങ്ങളോടു കൂടിയ വചനപ്രഘോഷണമാണ് ഏഷ്യയില്‍ ആത്മാക്കളെ നേടാന്‍ വേണ്ടെതെന്നാണ് എന്റെ ബോധ്യം.
മാര്‍ഗദീപം
ഫാ. മാത്യു ഇലവുങ്കലിന്റെ കൂടെയായിരുന്നു ആദ്യ പരിശീലനം. ഫാ.ജോഷി കൊച്ചുകുടിയാറ്റില്‍, ഫാ. ജോര്‍ജ് പനയ്ക്കല്‍, ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍, ഫാ. ജോര്‍ജ് കരിന്തേളില്‍, ഫാ. ജോസഫ് എറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വാധിനിച്ചിട്ടുണ്ട്. ഞാനൊരു വിക്കനായിരുന്നു. അതിന്റെ പേരില്‍ ഒത്തിരി അവഗണനയും നേരിട്ടിട്ടുണ്ട്. ലോകത്തിന്റെ ദൃഷ്ടിയില്‍ വചനപ്രഘോഷകനാകാനുള്ള യോഗ്യത ഇല്ലാതിരുന്നിട്ടും ദൈവം എന്നെ തിരഞ്ഞെടുത്തു. ഇന്നെനിക്കറിയാം, ഞാന്‍ ദൈവത്തിന്റേതു മാത്രമായിത്തീരാന്‍ വേണ്ടിയാണ് ഈ ബലഹീനത എനിക്കുതന്നത്.
ലോകത്തിന്റെ കാഴ്ചപ്പാടുകളെ ലജ്ജിപ്പിക്കാനും എല്ലാം ദൈവകൃപയാണെന്ന ബോധ്യം പകരാനും ദൈവം എന്നെ ഉപകരണമാക്കുകയാണ്. വൈദികനാകുന്നതുവരെ സംസാര തടസമുണ്ടായിരുന്ന എനിക്ക് വൈദികനായശേഷം വചനം പറയുമ്പോള്‍ ഒരിക്കല്‍പോലും വിക്കുണ്ടായിട്ടില്ല എന്നത് അത്ഭുതമാണ്. ലോകം ചവറ്റുകുട്ടയിലിട്ട എന്നെ ക്രിസ്തു വചനപ്രഘോഷകനാക്കി മാറ്റുകയായിരൂന്നു.
റോമില്‍ ഉപരിപഠനത്തിനെത്തിയപ്പോഴാണ് കൗതുകകരമായ സത്യം മനസിലാക്കിയത്. ഞാന്‍ പഠിക്കുന്ന ‘സ്പിരിച്വല്‍ തിയോളജി ഇന്‍ ആഞ്ചലിസം’ എന്ന വിഷയത്തിന് ആധാരമായ കാര്യങ്ങള്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ലാത്തവര്‍ എഴുതിയതോ അവരില്‍നിന്ന് കേട്ട് മറ്റുള്ളവര്‍ എഴുതിയതോ ഒക്കെയാണ്. സിയന്നയില്‍ ജനിച്ചുവളര്‍ന്ന വേദപാരംഗതയാണ് വിശുദ്ധ കാതറിന്‍. എഴുത്തും വായനയും അറിയുമായിരുന്നില്ല. വേദപാരംഗതയായ വിശുദ്ധ കൊച്ചുത്രേസ്യയ്ക്കും കാര്യമായ സ്‌കൂള്‍ വിദ്യാഭ്യാസമില്ല. വിശുദ്ധ മരിയ ഫൗസ്റ്റീനയാകട്ടെ മൂന്നാം ക്ലാസില്‍ പഠിപ്പും നിര്‍ത്തി. ഞാന്‍ പ്രധാനമായും പഠിച്ചത് ഇവരെക്കുറിച്ചും ഇവര്‍ എഴുതിയ കാര്യങ്ങളുമാണ്. വിശുദ്ധ ഫൗസ്റ്റീനയുമായി സംബന്ധിച്ച വിഷയത്തിലായിരുന്നു ഡോക്ടറേറ്റ്. ദൈവിക ജ്ഞാനവും വെളിപാടുമാണ് ഏറ്റവും പ്രധാനമെന്ന് എനിക്ക് ബോധ്യമായി. ഉപരിപഠനം നടത്താതെ ദൈവികസത്യങ്ങളും സഭാപ്രബോധനങ്ങളും പഠിച്ചെടുക്കാം. എന്നാല്‍ ദൈവികജ്ഞാനം ലഭിച്ചാല്‍ മാത്രമേ പഠനം ആത്മരക്ഷയ്ക്ക് ഉതകൂ. ദൈവത്തിനുവേണ്ടി ആത്മാക്കളെ നേടുമ്പോള്‍ പഠനം ഒരു സമ്മാനം പോലെ കൂട്ടിച്ചേര്‍ത്തുതരും എന്നാണെന്റെ വിശ്വാസം.
ദൈവവിളി തിരിച്ചറിഞ്ഞത്
വൈദികനാകുന്നതിനേക്കാള്‍ വീടിനെ സഹായിക്കാം എന്ന ചിന്തയിലാണ് ഞാന്‍ സെമിനാരിയില്‍ ചേര്‍ന്നത്. 12 വര്‍ഷമായിരുന്നു പരിശീലനകാലം. എന്നാല്‍, 10 വര്‍ഷത്തിനുശേഷം അധികാരികള്‍ക്ക് കത്തെഴുതി സെമിനാരി പഠനം നിര്‍ത്തി ഞാന്‍ വീട്ടില്‍ തിരിച്ചെത്തി. യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠിക്കണം, ജോലി നേടണം, മാതാപിതാളെയും സഹോദരങ്ങളെയും സഹായിക്കണം എന്നൊക്കെ ചിന്തിച്ച എന്നോട് അപ്പച്ചന്‍ പറഞ്ഞു: ‘നിന്റെ സഹായം എനിക്ക് ആവശ്യമില്ല.’ എടുത്തടിച്ചപോലെ കിട്ടിയ ഈ മറുപടി എന്നെ പിടിച്ചുലച്ചു. സെമിനാരിയില്‍ നിന്ന് ചോദിച്ചു പോന്നതിനാല്‍ ഇനി തിരിച്ചെടുക്കില്ല. എവിടെപ്പോകും, എന്തുചെയ്യും. ആകെ തകര്‍ന്നു കിടന്ന ആ രാത്രിയില്‍ ഈശോ എനിക്ക് വ്യക്തമായ സന്ദേശം നല്‍കി: ‘മകനേ, ഞാന്‍ നിന്നെ വിളിച്ചതാണ്. ഒരിക്കലും ഞാന്‍ നിന്നെകൈവിടില്ല.’ വലിയ പ്രത്യാശ എന്റെ ഉള്ളിലേക്ക് പ്രവേശിച്ചു. ഈശോയോടുള്ള അത്യഗാധമായ കടപ്പാടുള്ള സ്‌നേഹം എന്നില്‍ നിറഞ്ഞു. മാപ്പു പറഞ്ഞ് ഞാന്‍ അധികാരികളുടെ അടുത്ത് തിരിച്ചെത്തി. അവരെന്നെ ഔദാര്യപൂര്‍വം തിരിച്ചെടുത്തു. ഇതാണ് എന്റെ ദൈവവിളിയുടെ യഥാര്‍ത്ഥ തിരിച്ചറിവും വഴിത്തിരിവും. ഞാന്‍ അവിശ്വസ്തത കാണിച്ചപ്പോഴും എന്നോട് വിശ്വസ്തത കാണിച്ച ഈശോയുടെ അതിവിശാലമായ ഹൃദയത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയുന്നു.
ദൈവം കഴിഞ്ഞാല്‍, സഭയെക്കാള്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നത് ജനിച്ചുവളര്‍ന്ന കുടുംബത്തോടും മാതാപിതാക്കന്മാരോടും സഹോദരങ്ങളോടുമാണ്. 10 മക്കളില്‍ ഒന്‍പതാമനാണ് ഞാന്‍. മൂന്നു ജ്യേഷ്ഠന്മാര്‍ വൈദികരാണ്. ഡോണ്‍ബോസ്‌കോ സഭാംഗം ഫാ. ജോണ്‍ പറങ്കിമാക്കലില്‍ ഗുവാഹത്തി ഡോണ്‍ബോസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റെക്ടറും ഡയറക്ടറുമാണ്. കോതമംഗലം രൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിച്ച ഫാ. ജോര്‍ജ് പറങ്കിമാക്കലില്‍ ഇപ്പോള്‍ ജര്‍മനിയില്‍ ശുശ്രൂഷ ചെയ്യുന്നു. എം.എസ്.എഫ്.എസ് സഭാംഗമായ ഫാ. പീറ്റര്‍ പറങ്കിമാക്കലില്‍ ആസാമില്‍ എം.എസ്.എഫ്.എസ് നോര്‍ത്ത് ഈസ്റ്റ് റീജ്യണിന്റെ പ്രൊക്യൂറേറ്ററും മിഷന്‍ഹൗസിന്റെ സുപ്പീരിയറുമായി ശുശ്രൂഷ ചെയ്യുന്നു. പ്രാര്‍ത്ഥനയോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത മാതാപിതാക്കളാണ് എന്റെ മാതൃക. അപ്പച്ചന്‍ ദേവസിക്ക് 92 വയസുണ്ട്, അമ്മച്ചിക്ക് 82 വയസും. അവരുടെ 50-ാം വിവാഹവാര്‍ഷികം ആഘോഷിച്ച 2004 ലായിരുന്നു എന്റെ തിരുപ്പട്ടം.
പ്രതീക്ഷകള്‍
എന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവുമെല്ലാം എന്നേക്കുമായി ഒരിക്കല്‍ ഈശോക്ക് അടിമ വെച്ചതാണ്. അതിനാല്‍, എന്റെ ഈശോയെ അങ്ങയുടെ ഇഷ്ടംമാത്രം ചെയ്യാനുള്ള ഒരു ഹൃദയം എനിക്കു നല്‍കണേ എന്നതുമാത്രമാണ് പ്രാര്‍ത്ഥന. എല്ലാം ദൈവത്തിന്റെ ദാനമാണെന്നും എന്റെ കഴിവുകൊണ്ടു ചെയ്യാനാകുന്നത് പാപം മാത്രമാണെന്നുമുള്ള ബോധ്യമുണ്ട്. അവിടുന്ന് കൃപ തന്നാലേ ഒരു നല്ല വാക്കുപോലും പറയാനാകൂ. അതുകൊണ്ട് എനിക്ക് എന്നേക്കുറിച്ച് ഒരു പദ്ധതിയുമില്ല. സൂക്ഷ്മതയോടെ ഗുരുവായ ഈശോയെ പിഞ്ചെല്ലണം. അത്രമാത്രമാണാഗ്രഹം.
ഒരാള്‍ വൈദികനായതുകൊണ്ടുമാത്രം വിശുദ്ധനാകുന്നില്ല. വിശുദ്ധിപ്രാപിക്കുക എന്നതാണ് ദൈവവിളിയുടെ ലക്ഷ്യം. ഇതു നേടാനാകുന്നത് നിരന്തരമായ പ്രാര്‍ത്ഥനയിലൂടെയും ആത്മപരിത്യാഗത്തിലൂടെയുമാണ്. വഴിതെറ്റിപ്പോയ വൈദികരെക്കണ്ട് ഒരിക്കല്‍ ഞാന്‍ വിലപിച്ചപ്പോള്‍, വൈദികര്‍ ഇങ്ങനെയെങ്കില്‍ ഞാനെന്തിനു വൈദികനാകണം എന്നു ചിന്തിച്ചപ്പോള്‍, ഈശോ എനിക്കുതന്ന ബോധ്യം പങ്കുവെക്കാം: ‘ഞാന്‍ നിന്നെ വിളിച്ചത് മറ്റൊരു വൈദികനാകാനല്ല, മറ്റൊരു ക്രിസ്തുവാകാനാണ്.
ക്രിസ്തുവിനെ മാത്രം ലക്ഷ്യംവെച്ച് ജീവിക്കാത്തവര്‍ക്കെല്ലാം എപ്പോഴെങ്കിലും പ്രതിസന്ധി നേരിടേണ്ടി വരും.’ സഭ എന്നും മിഷനറിയാണെന്നും ദൈവത്തെ അറിയാത്തവര്‍ അനേകരാണെന്നും എത്ര ദൂരെയാണെങ്കിലും നഷ്ടപ്പെട്ട ആത്മാക്കളെ തേടി മിഷനറിമാര്‍ യാത്രയാകണമെന്നും ഈശോ ആഗ്രഹിക്കുന്നുണ്ട്. ഫാ. ആന്റണിയുടെ വാക്കുകളില്‍ സഭയെക്കുറിച്ചുള്ള ദാഹം മാത്രമാണുളളത്.

ബിജു നീണ്ടൂര്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?