Follow Us On

22

February

2019

Friday

കറുത്ത കോട്ടില്‍നിന്ന് ളോഹയിലേക്ക്‌

കറുത്ത കോട്ടില്‍നിന്ന് ളോഹയിലേക്ക്‌

പഠിച്ചത് നിയമം, സ്വപ്‌നം കണ്ടത്
ന്യായാധിപക്കസേര. പക്ഷേ, ദൈവം വിളിച്ചത് പുരോഹിതനാകാന്‍. 30-ാം വയസിലുണ്ടായ ദൈവവിളിക്ക് ‘യേസ് യുവര്‍ ഓണര്‍’ മൂളിയപ്പോള്‍ അഡ്വ. ജോഷി പുതുശേരി എല്‍.എല്‍.എം, ഫാ. ജോഷി പുതുശേരി സി.എം.ഐയായി.സി.എം.ഐ സഭയുടെ
‘ഇക്വഡോര്‍ മിഷന്‍’ കോ-ഓര്‍ഡിനേറ്ററായ
ഫാ. ജോഷിയെയും അദ്ദേഹത്തിലൂടെ
ഇക്വഡോര്‍ മിഷനെയും പരിചയപ്പെടാം

ജോഷിയച്ചന്‍ ഇക്വഡോറിലെ ‘ബറഗണേത്ത’യില്‍ എത്തിയിട്ട് അധികനാളായിട്ടില്ല, ഭാഷ പഠിച്ചുവരുന്നേയുള്ളൂ. ഒരാള്‍ക്ക് അന്ത്യകൂദാശ കൊടുക്കാന്‍ വരണമെന്ന് ആവശ്യപ്പെട്ട് കുറച്ചുപേരെത്തി. ജോഷിയച്ചന്‍ മരണക്കിടക്കയിലായ ആള്‍ക്കരികില്‍ എത്തിയപ്പോഴാണ് അക്കാര്യം അറിയുന്നത്. ഭാര്യയും മക്കളും പേരക്കിടാങ്ങളൊക്കെയുള്ള കുടുംബനാഥന്‍ മാമ്മോദീസയ്ക്കുശേഷമുള്ള കൂദാശകളൊന്നും സ്വീകരിച്ചിട്ടില്ല, വിവാഹംപോലും.
വിവാഹം എന്ന കൂദാശ സ്വീകരിക്കാതെയുള്ള ദാമ്പത്യം പാപമാണ്. അതിന് പരിഹാരം കാണാതെയുള്ള രോഗീലേപനത്തിന് സാധുതയില്ല. ധര്‍മസങ്കടത്തിലായ ജോഷിയച്ചന്‍ പരിഹാരം നിര്‍ദേശിച്ചു: ‘കുമ്പസാരത്തിലൂടെ പാപപൊറുതി നേടി കത്തോലിക്കാ വിശ്വാസപ്രകാരം വിവാഹം ചെയ്താലേ രോഗീലേപനം നല്‍കാനാവൂ.’ ആ 50-കാരന്‍ സമ്മതം അറിയിച്ചതോടെ, മരണക്കിടക്ക നാല് കൂദാശകള്‍ക്ക് അള്‍ത്താരയായി വിശുദ്ധ കുര്‍ബാന, കുമ്പസാരം, വിവാഹം, രോഗീലേപനം!
ഒരുപക്ഷേ മിനിറ്റുകളുടെ ഇടവേളയില്‍, അതും മരണക്കിടക്കയെ സാക്ഷിയാക്കി ഇത്രയും കൂദാശകള്‍ നല്‍കിയ വൈദികര്‍ വേറെയുണ്ടാവില്ല. സി.എം.ഐ സഭയുടെ ഇക്വഡോര്‍ മിഷന്റെ കോ-ഓര്‍ഡിനേറ്ററായ ഫാ. ജോഷിക്ക് പലവട്ടം ഇത്തരം സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതിന് കാരണം എന്താണെന്നോ, യഥാസമയം കൂദാശകള്‍ നല്‍കാന്‍ അവിടെ വൈദികരില്ല. മധ്യ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ സി.എം.ഐ സഭ നിര്‍വഹിക്കുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനച്ചുമതല കഴിഞ്ഞ മൂന്നു വര്‍ഷമായി ദൈവം ഭരമേല്‍പ്പിച്ചിരിക്കുന്നത് തീക്ഷ്ണമതിയായ ഈ മുന്‍ അഭിഭാഷകനെയാണ്. ഇന്ത്യയില്‍നിന്ന് ഇക്വഡോറിലെത്തിയ ആദ്യത്തെ സന്യാസ സഭയാണ് സി.എം.ഐ. 10 വര്‍ഷം പൂര്‍ത്തിയാക്കുംമുമ്പുതന്നെ മൂന്ന് അതിരൂപതകളിലായി എട്ട് മിഷണ്‍ സ്റ്റേഷനുകളുണ്ട് സി.എം.ഐ സഭയ്ക്ക്. ഇന്ന് 11 വൈദികര്‍ മിഷനില്‍ ശുശ്രൂഷചെയ്യുന്നു.
രണ്ട് പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരം
അഭിഭാഷകവൃത്തി ഉപേക്ഷിച്ച് ക്രിസ്തുവിന്റെ വക്താവായി മാറിയതിലൂടെ ഫാ. ജോഷി പുതുശേരി രക്ഷിക്കുന്നത് നഷ്ടപ്പെട്ടുപോകുമായിരുന്ന ആയിര ക്കണക്കിന് ആത്മാക്കളെയാണ്. കുമ്പസാരിപ്പിക്കാനും ദിവ്യബലി അര്‍പ്പിക്കാനും വൈദികരില്ലാത്ത, അടിസ്ഥാന മതബോധനംപോലും ലഭിക്കാത്ത കത്തോലിക്കര്‍ നിരവധിയുണ്ട് ഇക്വഡോറില്‍. അവരെ നിത്യരക്ഷയിലേക്ക് നയിക്കാന്‍ ഉപകരണമാക്കപ്പെടുന്നതില്‍പ്പരം മറ്റെന്തുവേണം എന്റെ സംതൃപ്തിക്ക്; കോടതി ശിക്ഷിക്കുമായിരുന്ന നിരപരാധിയെ രക്ഷിച്ചെടുത്ത ആനന്ദം ഫാ. ജോഷിയുടെ മുഖത്ത്. കത്തോലിക്കാ ഭൂരിപക്ഷ രാജ്യമാണെങ്കിലും പതിറ്റാണ്ടുകളായി വൈദികരുടെ സേവനം ലഭിക്കാത്ത നിരവധി ഗ്രാമങ്ങള്‍ ഇക്വഡോറിലുണ്ട്.
മരണമടഞ്ഞവരെ അന്ത്യകര്‍മങ്ങള്‍പോലും നല്‍കാതെ അടക്കംചെയ്യും. സ്ത്രീയും പുരുഷനും തമ്മില്‍ ഇഷ്ടപ്പെട്ടാല്‍ ഒരുമിച്ച് ജീവിക്കും, വിവാഹം ഒരു കൂദാശയാണെന്നതുപോലും പലരും മറന്നു. എന്തിനേറെ പറയണം, കുരിശടയാളം കൃത്യമായി വരക്കാന്‍പോലും അറിയാത്തവരാണ് അധികവും; അജപാലകരുടെ ദാരിദ്ര്യംമൂലം ഇക്വഡോറിലെ ഉള്‍ഗ്രാമങ്ങളില്‍ സംഭവിച്ച വിശ്വാസത്തകര്‍ച്ചയുടെ ദയനീയമുഖം വ്യക്തമാക്കുന്നു ഫാ. ജോഷി. സി.എം.ഐ സഭയുടെ കടന്നുവരവോടെ വിശ്വാസജീവിതത്തില്‍ ഇക്വഡോറിലെ 200ല്‍പ്പരം ഉള്‍ഗ്രാമങ്ങള്‍ പുത്തനുണര്‍വിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഒരു കാര്യം വിസ്മരിക്കരുത്, അജപാലകരുടെ ക്ഷാമത്താല്‍ ക്രിസ്തുവിനെ അറിയാത്ത ക്രിസ്ത്യാനികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമങ്ങള്‍ ഇതിന്റെ പതിന്മടങ്ങുവരും ഇക്വഡോറില്‍!
അങ്കമാലിക്ക് സമീപം കുറ്റിപ്പുഴ ഗ്രാമത്തില്‍ പുതുശേരി പോള്‍ സെബാസ്റ്റ്യന്‍-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ജോഷിയുടെ ജീവിതം കുട്ടിക്കാലം മുതല്‍ ദൈവാലയ കേന്ദ്രീകൃതമായിരുന്നു. പത്താം ക്ലാസിനുശേഷം അതിരൂപതയിലെ പെറ്റിസെമിനാരിയിലെത്തിയെങ്കിലും അധികം താമസിയാതെ ഒരുകാര്യം തിരിച്ചറിഞ്ഞു: തനിക്ക് ദൈവവിളിയുണ്ടെന്ന് തോന്നുന്നില്ല.
കുട്ടിക്കാലത്ത് എപ്പോഴോ ഉപേക്ഷിച്ച ന്യായാധിപക്കസേര എന്ന സ്വപ്‌നം വീണ്ടും തലയില്‍ കയറിയതോടെ പ്രീഡിഗ്രി കഴിഞ്ഞശേഷം നിയമപഠനത്തോടായി ഭ്രമം. എറണാകുളം ലോ കോളജില്‍നിന്ന് എല്‍.എല്‍.ബിയും എല്‍.എല്‍.എമ്മും പാസായി. എല്‍.എല്‍.എം പഠനത്തിന്റെ അവസാന നാളുകളില്‍ ആരംഭിച്ച ഒരു ആശയക്കുഴപ്പം കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയപ്പോള്‍ കലശലായി: അഭിഭാഷകന്റെ കറുത്ത കോട്ടല്ല, വൈദികന്റെ വെളുത്ത ളോഹ ധരിക്കണമെന്നല്ലേ തന്നെക്കുറിച്ചുള്ള ദൈവഹിതം.
അപ്പോഴേക്കും പ്രായം 30. പക്ഷേ, അദ്ദേഹത്തിന്റെ ആഗ്രഹത്തോട് മാതാപിതാക്കള്‍ക്കുമാത്രമല്ല, കുടുംബാംഗങ്ങള്‍ക്കും യോജിക്കാനായില്ല. എന്നാല്‍, കൃത്യമായ അടയാളങ്ങളിലൂടെ, തന്നെക്കുറിച്ചുള്ള പദ്ധതി ദൈവം മാതാപിതാക്കള്‍ക്ക് മനസിലാക്കി കൊടുത്തുവെന്ന് ഫാ. ജോഷി പറയുന്നു. 1999-ല്‍ സി.എം.ഐ സഭയില്‍ സന്യാസാര്‍ത്ഥിയായി. 2007- ല്‍ തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹം 2009-ലാണ് ഇക്വഡോര്‍ മിഷനില്‍ നിയുക്തനായത്. ‘ആരായിത്തീരണം എന്നതിനെക്കുറിച്ച് ചെറുപ്പം മുതല്‍ എനിക്ക് രണ്ട് ആഗ്രഹങ്ങളാണ് ഉണ്ടായിരുന്നത്, അഭിഭാഷകന്‍ അല്ലെങ്കില്‍ വൈദികന്‍. ഞാന്‍ വളരെയധികം അതിനുവേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. എന്റെ രണ്ട് ആഗ്രഹങ്ങളും അസാധാരണമാംവിധം ദൈവം സാധിച്ചുതന്നു എന്ന് തിരിച്ചറിയുമ്പോള്‍ അത്ഭുതം തോന്നുന്നു. എത്ര നന്ദി പറഞ്ഞാലും മതിവരില്ല.’
അമേരിക്കയിലെ കേരളം
കേരളത്തിനേക്കാള്‍ മൂന്നിരട്ടി വലുപ്പവും മൂന്നിലൊന്ന് ജനസംഖ്യയുമുള്ള ഇക്വഡോറിനെ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ‘കേരളം’ എന്ന് വിശേഷിപ്പിക്കാം. ജനസംഖ്യയുടെ 81% വരും കത്തോലിക്കാ വിശ്വാസികള്‍. കത്തോലിക്കാ സഭയ്ക്ക് നിര്‍ണായക സ്ഥാനമാണ് രാജ്യത്തുള്ളത്. 1869-ല്‍ രൂപീകരിച്ച ഭരണഘടന, കത്തോലിക്കാ വിശ്വാസത്ത ഔദ്യോഗിക മതമായും പ്രഖ്യാപിച്ചു. എന്നാല്‍, കത്തോലിക്കാ വിരുദ്ധനായ എലോയ് അല്‍ഫര്‍ദോ 1895-ല്‍ പ്രസിഡന്റായതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. കത്തോലിക്കാസഭയോട് അദ്ദേഹം ചെയ്തത് കടുംകൈയാണ്: വിദേശ മിഷണറിമാരെല്ലാം രാജ്യം വിടണമെന്ന പ്രസിഡന്റിന്റെ ഉത്തരവ് ഇക്വഡോറിലെ കത്തോലിക്കാസഭയെ സാരമായി ബാധിച്ചു. ആ നിയന്ത്രണം ഒരുപതിറ്റാണ്ടു മുമ്പാണ് ഇല്ലാതായത്.
മനാവി പ്രൊവിന്‍സിലെ ‘പോര്‍ത്തോ വിയാഗോ’ അതിരൂപതയുടെ അഭ്യര്‍ത്ഥനയാണ് 2007ല്‍ സി.എം.ഐ സഭ ഇക്വഡോറില്‍ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കാരണമായത്. വികാര്‍ ഓഫ് ബറഗണേത്തപിച്ചിഞ്ച, ബറഗണേത്ത, എല്‍പ്രോഗ്ര സോ എന്നിവയായിരുന്നു സി.എം.ഐ സഭയുടെ ആദ്യ മിഷന്‍ കേന്ദ്രങ്ങള്‍. ഇതില്‍ വളരെ പിന്നാക്കമായ ബറഗണേത്തയിലെ അജപാലനമായിരുന്നു ഫാ. ജോഷിയുടെ പ്രഥമ ദൗത്യം. മുളകൊണ്ട് കെട്ടിയുയര്‍ത്തി ഓലമേഞ്ഞ ഒരു കൊച്ചുകൂര, അതായിരുന്നു ഫാ. ജോഷി എത്തുമ്പോള്‍ ബറഗണേത്തയിലെ സെന്റ് ആന്‍ഡ്രൂസ് ദൈവാലയം. കേന്ദ്ര ദൈവാലയമായ പിച്ചിഞ്ചയില്‍നിന്ന് ഒരു മണിക്കൂര്‍ റോഡു മാര്‍ഗം, അര മണിക്കൂര്‍ ജലമാര്‍ഗം, വീണ്ടും ഒരു മണിക്കൂര്‍ റോഡുമാര്‍ഗം യാത്ര ചെയ്തുവേണം അവിടെയെത്താന്‍. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും കത്തോലിക്കര്‍. പക്ഷേ, വൈദികന്‍ എന്നത് പുതുതലമുറയെ സംബന്ധിച്ചിടത്തോളം കേട്ടുകേള്‍വിമാത്രമാണ്.
തന്റെ ഗ്രാമത്തില്‍ വരണമെന്ന അഭ്യര്‍ത്ഥനയുമായി ഒരു യുവാവ് അച്ചനെ കാണാനെത്തി. അകലെയുള്ള ‘കാഞ്ഞാദുള്‍സേ’ ഗ്രാമത്തിലേക്കാണ് ക്ഷണം. വരാമെന്നേറ്റ് തിയതി കുറിച്ചു നല്‍കിയ ജോഷിയച്ചന്‍ മറ്റൊരു കാര്യവും പറഞ്ഞു: അവിടെയുള്ള കുട്ടികള്‍ക്ക് മാമ്മോദീസയും കൊടുക്കാം. കാല്‍നടയായും കുതിരപ്പുറത്തുമായി ദീര്‍ഘിച്ച മൂന്നു മണിക്കൂര്‍ യാത്രയ്ക്ക് ശേഷം കാഞ്ഞാദൂള്‍ സേയിലെത്തി. മാമ്മോദീസ സ്വീകരിക്കാന്‍ അക്ഷമയോടെ കാത്തുനില്‍ക്കുന്നവരെ കണ്ടപ്പോള്‍ കൗതുകം അമ്പരപ്പായി. മാമ്മോദീസ സ്വീകരിക്കാനുള്ളവരുടെ കൂട്ടത്തില്‍ കൈക്കുഞ്ഞുങ്ങള്‍മാത്രമല്ല, എഴുപതും അതിലധികവും വയസ് പിന്നിട്ടവര്‍, അവരാണ് എണ്ണത്തില്‍ കൂടുതലും. ഏഴു വയസ് കഴിഞ്ഞവരുടെ മാമ്മോദീസയ്ക്ക് വേദോപദേശം അനിവാര്യമാണെന്ന സഭാനിയമം, ആന്തരീക മുറിവുണ്ടാക്കാതെ അവരെ ബോധ്യപ്പെടുത്താന്‍ വേണ്ടിവന്ന ‘ഭഗീരതപ്രയത്‌നം’ ജോഷിയച്ചന്‍ കോടതിമുറിയില്‍പ്പോലും സ്വീകരിച്ചിട്ടുണ്ടാവില്ല!
വാഹനം കോവര്‍ കഴുത
ദൈവാലയത്തിലെത്തുന്നതിനേക്കാള്‍ കൂടുതല്‍ ആളെത്തുന്നത് കള്ളുഷാപ്പില്‍. ഇന്റര്‍നെറ്റ് പോയിട്ട് മൊബൈല്‍ ഫോണിനുപോലും റേഞ്ചില്ല. റോഡുമില്ല, വാഹന സൗകര്യങ്ങളില്ല. യാത്രയ്ക്ക് ഏക ആശ്രയം കോവര്‍ കഴുതയും. ഇതായിരുന്നു ഫാ. ജോഷി എത്തിയ 2009-ല്‍ ബറഗണേത്ത. ചോര്‍ന്നൊലിക്കുന്ന കൊച്ചു ദൈവാലയത്തില്‍നിന്ന് വിളിപ്പാടകലെ ഒരു കടമുറിയിലായിരുന്നു ഫാ. ജോഷിയുടെ താമസം. ഒരു ചുവരിനപ്പുറം കള്ളുഷാപ്പ്!
ഒരു വൈദികന്‍ എത്തിയതോടെ ബറഗണേത്തയില്‍ ചാരംമൂടിക്കിടന്ന വിശ്വാസജ്വാല ഉണര്‍ന്നു. ആളുകള്‍ ദൈവാലയത്തിലെത്തിത്തുടങ്ങി. 25 ഗ്രാമങ്ങള്‍ക്ക് 25 പുണ്യാത്മാക്കളുടെ നാമധേയം നല്‍കി. ഇക്വഡോറില്‍നിന്നുള്ള വിശുദ്ധരെമുതല്‍ ഭാരതീയ വിശുദ്ധരായ ചാവറയച്ചനെയും അല്‍ഫോ ന്‍സാമ്മയെയുംവരെ അതില്‍ ഉള്‍പ്പെടുത്തി. അധികം വൈകാതെ അച്ചന് ദൈവാലയത്തോട് ചേര്‍ന്ന് താമസ സൗകര്യവുമൊരുങ്ങി. യാത്രയ്ക്കാശ്രയം കോവര്‍ കഴുതമാത്രമാണെങ്കിലും ജനങ്ങളുടെ ദാഹം ഇന്ധനമായപ്പോള്‍ ഫാ. ജോഷി നിത്യസഞ്ചാരിയായി. എല്ലാ സ്ഥലങ്ങളിലും ദൈവാലയങ്ങളില്ല. ചിലയിടത്ത് സ്‌കൂള്‍മുറിയായിരിക്കും. ചില സ്ഥലങ്ങളില്‍ മരത്തണലിലോ വഴിയരികിലോ ആയിരിക്കും ദിവ്യബലിയര്‍പ്പണം.
അജപാലന സൗകര്യങ്ങള്‍ കാര്യക്ഷമമായ നഗരങ്ങളില്‍ ജനങ്ങളുടെ വിശ്വാസതീക്ഷ്ണത താരതമ്യേന മെച്ചപ്പെട്ടതാണ്. കൃത്യമായ ഇടവേളകളില്‍ 25 ഗ്രാമങ്ങളിലും ദിവ്യബലിയര്‍പ്പണം സാധ്യമായതോടെ ഇവിടെയുള്ളവരുടെ വിശ്വാസത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ഫാ. ജോഷി ആദ്യമായി സന്ദര്‍ശിച്ച കാഞ്ഞാദുള്‍സെയിലാണ് ആദ്യത്തെ ദൈവാലയം ഉയര്‍ന്നത്. ആദ്യ സന്ദര്‍ശനത്തില്‍ ഫാ. ജോഷി ഒരു ആശയം മുന്നോട്ടുവെച്ചു: ‘ആരെങ്കിലും സ്ഥലം തന്നാല്‍ കുരിശുപള്ളി നിര്‍മിക്കാം.’ ഈ അഭ്യര്‍ത്ഥന വലിയ ആവേശത്തോടെയാണ് ജനം സ്വീകരിച്ചത്. അപ്പോള്‍തന്നെ ഒരാള്‍ സ്ഥലം വാദ്ഗാനംചെയ്തു. ദിനങ്ങള്‍ക്കുള്ളില്‍ കാടു വെട്ടിത്തെളിച്ച് സ്ഥലം ഒരുക്കി. മുള തല്ലിച്ചതച്ച് അവര്‍ ഭിത്തിയും നിര്‍മിച്ചു. മേല്‍ക്കൂരയ്ക്ക് ഷീറ്റു വാങ്ങാനുള്ള പണം സ്വരൂപിക്കാന്‍ സമയം എടുത്തതിനാല്‍ മൂന്നു മാസത്തിനുശേഷമായിരുന്നു കൂദാശാകര്‍മം.
മൃതസംസ്‌കാരത്തില്‍ ദര്‍ശിച്ച ശുഭസൂചന
സമയം അര്‍ദ്ധരാത്രിയോട് അടുക്കുന്നു. താമസസ്ഥലത്തിനരികിലെ ആളനക്കം കണ്ട് ഫാ. ജോഷി പുറത്തിറങ്ങി. മൂന്നു നാല് ചെറുപ്പക്കാരാണ്. കൂട്ടുകാരന്റെ മൃതസംസ്‌ക്കാര കര്‍മം നടത്തണമെന്നതാണ് ആവശ്യം. തൊടുത്ത ചോദ്യം കേട്ട് അച്ചന്‍ അമ്പരന്നു: മൃതദേഹം ഇപ്പോള്‍തന്നെ കൊണ്ടുവരട്ടെ? നാളെ രാവിലെ കൊണ്ടുവന്നോളൂ എന്നു പറഞ്ഞപ്പോള്‍, അവര്‍ സാഹചര്യം വിശദീകരിച്ചു: ‘മരിച്ചയാളുടെ സ്വദേശം അകലെയുള്ള ഒരു ഗ്രാമത്തിലാണ്. മൃതദേഹം അടക്കം ചെയ്യാന്‍ അയാളുടെ നാട്ടിലേക്ക് കൊണ്ടുപോകുകയാണ് ഞങ്ങള്‍. അവിടെ ദൈവാലയമില്ല. ഇപ്പോള്‍ യാത്ര ആരംഭിച്ചാലേ നാളെയെങ്കിലും അവിടെ എത്താനാകൂ. ഇപ്പോള്‍ മൃതസംസ്‌ക്കാര തിരുക്കര്‍മങ്ങള്‍ നടത്തിതന്നാല്‍ മൃതദേഹം അവിടെ അടക്കംചെയ്യാം.’
അല്‍പ സമയത്തിനുള്ളില്‍, തുണികൊണ്ട് തൊട്ടിലുപോലെ കെട്ടിയ ശവമഞ്ചം രണ്ടുപേര്‍ തോളില്‍ ചുമന്നുകൊണ്ടുവന്നു. അസാധാരണമായ മൃതസംസ്‌ക്കാരശുശ്രൂഷയ്ക്ക് കാര്‍മികത്വം വഹിച്ച അമ്പരപ്പിലായിരുന്നു ഫാ. ജോഷിയെങ്കില്‍, ഉറ്റ ചങ്ങാതിയുടെ സ്വര്‍ഗയാത്രയില്‍ വൈദികന്റെ ശുശ്രൂഷ ലഭിച്ച സംതൃപ്തിയായിരുന്നു അവര്‍ക്ക്.
ബറഗണേത്തയിലെ ദൈവാലയം അമേരിക്കയിലെ വിശ്വാസി സമൂഹത്തിന്റെ സഹായത്തോടെയാണ് പുനര്‍നിര്‍മിച്ചത്. അരിസോണയിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ വിദ്യാര്‍ത്ഥികളുടെ സമര്‍പ്പണമാണ് അതിന് വഴിയൊരുക്കിയത്. ദൈവാലത്തിലെ ആഘോഷങ്ങളില്‍ പലഹാരങ്ങള്‍ ഉണ്ടാക്കിവിറ്റ കുട്ടികള്‍ തങ്ങളുടെ ബെര്‍ത്ത് ഡേയും ധനസമാഹരണ മാര്‍ഗമാക്കി. തികയാതെവന്ന പണം സ്വരുക്കൂട്ടാന്‍ പ്രദേശവാസികളുടെ വാഹനം കഴുകാനും കുട്ടികള്‍ രംഗത്തിറങ്ങുകയായിരുന്നു. അമേരിക്കന്‍ സഹായത്താല്‍ മറ്റൊരു ദൈവാലയവും നിര്‍മിച്ചിട്ടുണ്ട്, സെന്റ് ചാവറ കുര്യാക്കോസ് ദൈവാലയം. ന്യൂയോര്‍ക്കിലെ സീറോ മലബാര്‍ സമൂഹമാണ് അതിനാവശ്യമായ പണം സമാഹരിച്ച് നല്‍കിയത്.

ആന്റണി ജോസഫ്

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?