Follow Us On

29

March

2024

Friday

ഒരു കുഞ്ഞിനുവേണ്ടി ഹന്നയുടെ പ്രാര്‍ത്ഥന

ഒരു കുഞ്ഞിനുവേണ്ടി  ഹന്നയുടെ പ്രാര്‍ത്ഥന

എഫ്രായിം മലനാട്ടിലെ റാമാത്തായില്‍ താമസിച്ചിരുന്ന ഒരു മനുഷ്യനാണ് എല്‍ക്കാന. അദ്ദേഹത്തിന് രണ്ട് ഭാര്യമാര്‍. ഒരാള്‍ ഹന്ന, രണ്ടാമത്തെയാള്‍ പെനീന്ന. ഹന്ന വന്ധ്യയായിരുന്നതിനാല്‍ മക്കള്‍ ഉണ്ടായിരുന്നില്ല. പെനീന്നക്ക് മക്കള്‍ ഉണ്ടായിരുന്നു. മക്കളില്ലാത്തതിന്റെ പേരില്‍ പെന്നീന്ന ഹന്നയെ വേദനിപ്പിച്ചിരുന്നു. അപ്പോള്‍ ഹന്ന കരയുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുമായിരുന്നു.
ഒരു ദിവസം ഹന്ന ദൈവാലയത്തില്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ചെന്നു. പുരോഹിതനായ ഏലി ദൈവാലയത്തിന്റെ വാതില്‍പടിക്ക് സമീപം ഒരു പീഠത്തില്‍ ഇരിപ്പുണ്ടായിരുന്നു. ദൈവാലയത്തില്‍വച്ച് ഹന്ന കര്‍ത്താവിനോട് ഹൃദയംനൊന്ത് കരഞ്ഞുകൊണ്ട് ഒരു പ്രാര്‍ത്ഥന നടത്തി. ഒരു നേര്‍ച്ച നേര്‍ന്നിട്ടാണ് ഹന്ന പ്രാര്‍ത്ഥിച്ചത്.

  •  മക്കള്‍ ഉണ്ടായിരുന്ന എല്‍ക്കാനയുടെ ഒരു ഭാര്യ, മക്കള്‍ ഇല്ലാതിരുന്ന മറ്റേ ഭാര്യയെ വേദനിപ്പിച്ചുകൊണ്ടിരുന്നു. ഒരാള്‍ക്ക് മക്കള്‍ ഉണ്ടായതും രണ്ടാമത്തെയാള്‍ക്ക് ഉണ്ടാകാതിരുന്നതും അവരുടെ മേന്മകൊണ്ടും മേന്മക്കുറവുകൊണ്ടുമല്ല. ഹന്ന വന്ധ്യയായത് അവളുടെ കുറ്റംകൊണ്ടല്ല. അനുഗ്രഹം കിട്ടിയവള്‍, കിട്ടാത്തവളെ നിന്ദിക്കുന്നു. എന്നും എല്ലായിടത്തും ഇതുതന്നെയല്ലേ സ്ഥിതി. കല്യാണം കഴിഞ്ഞു വരുന്നവള്‍, കല്യാണം നടക്കാതെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ സഹോദരിയെ, ഭര്‍തൃപിതാവിന്റെ സഹോദരിയെ, വിധവയായോ വഴക്കുകാരണമോ വീട്ടില്‍വന്നു നില്‍ക്കുന്നവളെ നിന്ദിക്കുന്നു. മക്കള്‍ ഉള്ളവര്‍ ഇല്ലാത്തവരെ നിന്ദിക്കുന്നു. സൗന്ദര്യം കൂടുതലുള്ളവര്‍ കുറഞ്ഞവരെ നിന്ദിക്കുന്നു. പണവും വിദ്യാഭ്യാസവും കൂടുതല്‍ ഉള്ളവര്‍ കുറഞ്ഞവരെ നിന്ദിക്കുന്നു. കാറില്‍ യാത്ര ചെയ്യുന്നവര്‍ വഴിനടക്കുന്നവരെ നിന്ദിക്കുന്നു. മക്കളും കൊച്ചുമക്കളും പ്രായമായ, രോഗികളായ, അറിവ് കുറഞ്ഞ മാതാപിതാക്കളെ നിന്ദിക്കുന്നു. ഓര്‍ത്താല്‍ എത്ര സങ്കടകരം, അല്ലേ?
  •  ഒരു കുഞ്ഞില്ലാതെ ഈ നിന്ദനം അനുഭവിക്കുമ്പോഴും ഹന്ന വിശ്വാസം കൈവിട്ടില്ല. പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അത് നമുക്ക് ഒരു മാതൃകയല്ലേ?
  •  മകനെ തിരിച്ചു നല്‍കിക്കൊള്ളാം എന്ന് നേര്‍ച്ച നേര്‍ന്നാണ് ഒരു കുഞ്ഞിനുവേണ്ടി ഹന്ന പ്രാര്‍ത്ഥിച്ചത്. തനിക്ക് ഓമനിച്ചു വളര്‍ത്താനും വാര്‍ധക്യത്തില്‍ തന്നെ നോക്കാനും അവനെ കിട്ടിയില്ലെങ്കിലും സാരമില്ല. വന്ധ്യ എന്ന അപമാനം മാറിക്കിട്ടുമല്ലോ? വാക്കു പാലിച്ചുകൊണ്ട് ഹന്ന കുട്ടിയെ ദൈവത്തിന് സമര്‍പ്പിച്ച് ദൈവാലയത്തിലാക്കി വീട്ടിലേക്ക് പോയി. നമ്മളില്‍ എത്രപേര്‍ കാര്യസാധ്യത്തിനായി ചെറുതോ വലുതോ ആയ നേര്‍ച്ചകള്‍ നേരുന്നു. ദൈവം അനുഗ്രഹം സാധിച്ചും തരുന്നു. പക്ഷേ, നമ്മള്‍ നേര്‍ച്ചകള്‍ നിറവേറ്റാറില്ല. അങ്ങനെ നേര്‍ച്ചക്കടം ഉള്ള അനേകം വ്യക്തികളും ഭവനങ്ങളുമുണ്ട്.
    നേര്‍ച്ചയെപ്പറ്റി പ്രഭാഷകന്‍ 38:22-24 ശ്രദ്ധിക്കുക: നേര്‍ച്ച യഥാകാലം നിറവേറ്റുന്നതില്‍നിന്നും ഒന്നും നിന്നെ തടസപ്പെടുത്താതിരിക്കട്ടെ. അത് നിറവേറ്റുവാന്‍ മരണംവരെ കാത്തിരിക്കരുത്. നേര്‍ച്ച നേരുന്നതിനുമുമ്പ് നന്നായി ചിന്തിക്കുക. കര്‍ത്താവിനെ പരീക്ഷിക്കുന്നവനെപ്പോലെ ആകരുത്. മരണദിനത്തില്‍ നിനക്ക് നേരിടേണ്ട അവിടുത്തെ കോപത്തെക്കുറിച്ചും അവിടുന്ന് മുഖം തിരിച്ചുകളയുന്ന പ്രതികാര നിമിഷത്തെക്കുറിച്ചും ചിന്തിക്കുക. അതിനാല്‍ നേര്‍ച്ചകള്‍ നേര്‍ന്നിട്ട് അവ നിറവേറ്റാതിരിക്കുന്നവര്‍ക്ക് ഒരു മാതൃകയും പ്രചോദനവുമാകട്ടെ ഹന്ന.
  •  ഹന്നയുടെ പ്രാര്‍ത്ഥന കേട്ട് ദൈവം കുഞ്ഞിനെ നല്‍കി. മക്കളില്ലാത്ത ധാരാളം ദമ്പതിമാര്‍ ഇന്നുണ്ട്. അവരില്‍ കുറെയധികം പേര്‍ പ്രാര്‍ത്ഥിച്ച് ദൈവകരങ്ങളില്‍നിന്ന് കുഞ്ഞുങ്ങളെ സമ്മാനമായി സ്വീകരിച്ചിട്ടുണ്ട്. ഒരുപക്ഷേ, ഇതേപാത പിന്തുടര്‍ന്നിരുന്നെങ്കില്‍ മറ്റു പലര്‍ക്കും മക്കളെ കിട്ടുമായിരുന്നു. പക്ഷേ, മക്കളില്ലാത്ത അവസ്ഥയില്‍ പലരും ദൈവത്തില്‍നിന്ന് അകലുകയാണ് ചെയ്യുന്നത്.
  •  മഹാഭൂരിപക്ഷം ദമ്പതികള്‍ക്കും വലിയ കാത്തിരിപ്പും ഒരു ചികിത്സയും ഇല്ലാതെതന്നെ അവര്‍ ആഗ്രഹിച്ചിടത്തോളം മക്കളെ ദൈവം നല്‍കി. ആ മാതാപിതാക്കള്‍ ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം.
  •  ഏക കുഞ്ഞിനെ ദൈവത്തിന് കാഴ്ച സമര്‍പ്പിച്ച് ഏകയായി വീട്ടിലേക്ക് പോകാന്‍ ഹന്ന തയാറായി. എന്തൊരു ത്യാഗം, എന്തൊരു സമര്‍പ്പണം, എന്തൊരു വിശ്വാസം. എന്നാല്‍ പല മക്കളുണ്ടായിട്ടും ഒരാളെപ്പോലും ദൈവത്തിന് സമര്‍പ്പിക്കുവാന്‍ തയാറാകാത്ത മാതാപിതാക്കളല്ലേ അധികവും? മക്കളെ ദൈവത്തിന് സമര്‍പ്പിച്ച മാതാപിതാക്കളെ ഹൃദയത്തില്‍ നമുക്ക് ബഹുമാനിക്കാം.
  •  സാമുവല്‍ ദൈവശുശ്രൂഷകനായി, പ്രവാചകനായി ജീവിച്ചു. മാതാപിതാക്കള്‍ തനിച്ചല്ലേ; അവരെ നോക്കാന്‍ വീട്ടിലേക്ക് പോകാം എന്ന് വിചാരിച്ചില്ല. ദൈവശുശ്രൂഷയ്ക്ക് വരാതിരിക്കാന്‍ അഥവാ വന്നിട്ട് നില്‍ക്കാതിരിക്കാന്‍ പല മക്കളും പറയുന്ന ന്യായത്തോട് സാമുവലിനെ താരതമ്യപ്പെടുത്തുക. എത്ര വലിയവനാണ് സാമുവല്‍!
    നമുക്ക് പ്രാര്‍ത്ഥിക്കാം – കര്‍ത്താവേ, ഹന്നക്കും അതുപോലെ മക്കളില്ലാതിരുന്ന അനേകം ദമ്പതിമാര്‍ക്കും അവരുടെ പ്രാര്‍ത്ഥന കേട്ട് മക്കളെ നല്‍കിയതിന് ഞങ്ങള്‍ നന്ദി പറയുന്നു. ദൈവശുശ്രൂഷയ്ക്ക് മക്കളെ അയക്കാന്‍ മാതാപിതാക്കളെ ശക്തിപ്പെടുത്തണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു. ദൈവം വിളിച്ചാല്‍ ദൈവശുശ്രൂഷയ്ക്കായി മാറിനില്‍ക്കാനുള്ള അഭിഷേകം യുവജനങ്ങള്‍ക്ക് നല്‍കണമെന്ന് പ്രാര്‍ത്ഥിക്കുന്നു. മക്കളെ ദൈവശുശ്രൂഷയ്ക്ക് അയച്ച മാതാപിതാക്കളെയും ശുശ്രൂഷയ്ക്ക് മാറിനില്‍ക്കുന്ന മക്കളെയും ഓര്‍ത്ത് ഞങ്ങള്‍ നന്ദി പറയുന്നു. സ്വന്തം മക്കളെ ദൈവകൃപയില്‍ വളര്‍ത്തുവാന്‍ മാതാപിതാക്കളെ അനുഗ്രഹിക്കണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു. ആമ്മേന്‍.

ഫാ. ജോസഫ് വയലില്‍  CMI

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?