Follow Us On

09

April

2020

Thursday

ചെങ്കടലില്‍ പാതയൊരുക്കിയ ദൈവം

ചെങ്കടലില്‍ പാതയൊരുക്കിയ ദൈവം

ശാലോം മാസികയുടെ ആരംഭം മുതലുള്ള ഒരു ഏജന്റാണ് ഞാന്‍. എന്റെ ജീവിതത്തില്‍ ദൈവം ചെയ്തത് മഹാ കാരുണ്യമാണ്. എല്ലാത്തിനും ദൈവത്തിന് നന്ദി!
2018 ജൂലൈ 16-ന് എന്റെ പേരക്കിടാവിന്റെ മനസമ്മതം നിശ്ചയിച്ചു. മഴക്കാലമായതിനാല്‍ മഴ ഉണ്ടാകുമെന്ന ഭയം ഉണ്ടായിരുന്നു. എങ്കിലും ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടായിരുന്നതിനാല്‍ തിയതി മാറ്റി വയ്ക്കാനും കഴിയുമായിരുന്നില്ല. ഏക ആശ്വാസം അന്ന് കര്‍മലമാതാവിന്റെ തിരുനാള്‍ ആണെന്നതു മാത്രമായിരുന്നു. അമ്മയുടെ മാധ്യസ്ഥം തീര്‍ച്ചയായും ഉണ്ടാകും എന്ന് ഉറപ്പായും വിശ്വസിച്ചു.
ഒമ്പതാം തിയതി മുതല്‍ ശക്തമായ കാറ്റും മഴയും തുടങ്ങി. ഇടമുറിയാതെ പെയ്ത മഴ കേരളത്തെ മുഴുവന്‍ വെള്ളത്തില്‍ ആഴ്ത്തി. മഴമൂലം ദുരിതമനുഭവിക്കുന്നവരുടെ വിവരങ്ങളാണ് ഓരോ വാര്‍ത്തകളിലും നിറഞ്ഞുനിന്നത്. പ്രത്യാശ കൈവിടാതെ ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു. ഒരു ദിവസത്തേക്കെങ്കിലും മഴ മാറ്റിത്തരണേ എന്ന പ്രാര്‍ത്ഥന കര്‍തൃസന്നിധിയില്‍ എത്തുന്നില്ലേ എന്ന തോന്നല്‍ മനസിനെ തളര്‍ത്തുകയായിരുന്നു. മാത്യു നായ്ക്കംപറമ്പിലച്ചന്‍ പറഞ്ഞുതന്ന ഒരു വചനം (വെളിപാട് 11:6) ഞങ്ങള്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കുമായിരുന്നു.
15-ാം തിയതി അത്താഴ ഊണ് നടത്തുന്ന ദിവസം. പെരുമഴ തകര്‍ത്തു പെയ്തുകൊണ്ടിരുന്നു. ഞങ്ങളുടെ ഹൃദയങ്ങളില്‍നിന്ന് ഇടമുറിയാതെ പ്രാര്‍ത്ഥനയും ഉയര്‍ന്നുകൊണ്ടിരുന്നു. പിറ്റേന്ന് മനസമ്മതത്തിന് മകളെ ഒരുക്കി പള്ളിയിലെത്തിക്കാന്‍ ഒത്തിരി പാടുപെടേണ്ടിവന്നു. ഗ്രാമപ്രദേശത്ത് താമസിക്കുന്ന ഞങ്ങള്‍ക്ക് ടൂവീലറും ആട്ടോറിക്ഷയുമാണ് ഏക ആശ്രയം. കാറു കേറാന്‍ ഇടമില്ലാത്ത വഴികളാണ് എല്ലാം. ചെങ്കടലില്‍ പാത ഒരുക്കിയവനാണ് നമ്മുടെ കര്‍ത്താവ്; തക്കസമയത്ത് അവിടുന്ന് വേണ്ടതു ചെയ്യും എന്ന് മക്കളോട് പറയുന്നുണ്ടെങ്കിലും എന്റെ മനസും അനുനിമിഷം തളരുകയായിരുന്നു. വല്ലാര്‍പാടം ഇടവകക്കാരായ ഞങ്ങളെ മാതാവ് കൈവിടില്ല എന്ന വിശ്വാസവും ധൈര്യം തന്നുകൊണ്ടിരുന്നു.
രാവിലെ 11 മണിക്കാണ് മനസമ്മതം നിശ്ചയിച്ചിരുന്നത്. ഒമ്പത് മണിയായപ്പോള്‍ മഴയ്ക്ക് ശമനം വന്നതുപോലെ. പിന്നീടങ്ങോട്ടുള്ള പന്ത്രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഞങ്ങള്‍ക്കായി ദൈവം ആകാശം അടച്ചു, മഴയെ തടഞ്ഞു നിര്‍ത്തി. ഒരു ചാറ്റല്‍മഴപോലും ആ സമയത്തൊന്നും ഉണ്ടായില്ല. വിരുന്നിന് ക്ഷണിച്ചവരെല്ലാം സുഖമായി എത്തിച്ചേര്‍ന്നു. പരിപാടികളെല്ലാം ഭംഗിയായി നടന്നു. ചെങ്കടലില്‍ പാത ഒരുക്കിയ ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കപ്പെട്ട നിമിഷങ്ങള്‍. വന്നുകൂടിയവരുടെ നാവില്‍നിന്ന് ദൈവകരുണയുടെ പ്രകീര്‍ത്തനങ്ങള്‍ കേള്‍ക്കാന്‍ ദൈവം ഇടവരുത്തി. ഞാനിത് എഴുതുമ്പോഴും പുറത്ത് മഴ പെയ്തുകൊണ്ടിരിക്കുന്നു. സമീപപ്രദേശങ്ങളില്‍ മഴ പെയ്തുകൊണ്ടിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് മാത്രമായി ഏതാനും മണിക്കൂര്‍ നേരത്തേക്ക് മഴയെ മാറ്റി നിര്‍ത്തിയ ഞങ്ങളുടെ കര്‍ത്താവിന് നന്ദി പറയാന്‍ വാക്കുകളില്ല. സങ്കീര്‍ത്തനം 91 ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിച്ച് പടിയിറങ്ങുമ്പോള്‍ കൂട്ടിനുണ്ടായിരുന്നത് ജോഷ്വ 1:5-9 വരെയുള്ള വചനങ്ങളായിരുന്നു. കാറ്റടിച്ചാലും പേമാരി പെയ്താലും ദൈവം കൂടെയുണ്ടെങ്കില്‍ നാമെന്തിന് ഭയപ്പെടണം? വിശ്വാസം ചോര്‍ന്ന് മനസ് തളര്‍ന്നപ്പോള്‍ കൂടെനിന്ന് ബലപ്പെടുത്തിയ നല്ല അമ്മയെ എങ്ങനെ മറക്കാനാകും. അമ്മയോടും ഈശോയോടുമുള്ള നന്ദിയും സ്‌നേഹവും ഹൃദയം നിറഞ്ഞ് കവിയുകയാണ്. ഈ ദിവസങ്ങളില്‍ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ച എല്ലാവരെയും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നു.
അന്ന ആന്റണി കൂട്ടുങ്കല്‍

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Don’t want to skip an update or a post?