Follow Us On

19

January

2019

Saturday

സിനഡിൽ മുഴങ്ങും, വിപ്ലവമല്ല; പ്രവാചകധീരത

സിനഡിൽ മുഴങ്ങും, വിപ്ലവമല്ല; പ്രവാചകധീരത

വത്തിക്കാൻ സിറ്റി:കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ആദ്യത്തെ യുവജന സിനഡ്, ചർച്ചകളിൽ പങ്കെടുക്കാൻ പ്രഗത്ഭരായ സഭാപിതാക്കന്മാരുടെ നീണ്ട നിര, ആധുനികകാലത്തിന്റെ വിളികളും വെല്ലുവിളികളും ചൂണ്ടിക്കാട്ടിക്കൊടുക്കാൻ യുവജനങ്ങൾ ഉൾപ്പെടെ അൽമായ പ്രമുഖരുടെ സാന്നിധ്യം. വത്തിക്കാനിൽ പുരോഗമിക്കുന്ന (ഒക്‌ടോബർ മൂന്നുമുതൽ 28വരെയാണ് സിനഡ്) 15-ാമത് സാധാരണ സിനഡിന്റെ തീരുമാനങ്ങൾ അറിയാൻ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകം.

ആധ്യാത്മികതയും ലൈംഗീകതയും സാമൂഹ്യമാധ്യമ ഉപയോഗവും മുതൽ യുവജനങ്ങളെ സ്പർശിക്കുന്ന സർവതും ചർച്ചാവിഷയമാകുന്ന സിനഡിന്റെ  ആകെത്തുക അറിയാൻ ഇനിയും ദിനങ്ങൾ കാത്തിരിക്കണം. എന്നാൽ, ഒരു കാര്യം ഉറപ്പിക്കാം: കാലത്തിന്റെ കുത്തൊഴുക്കിനു ചേർന്ന ‘വിപ്ലവ’സ്വരമല്ല, പ്രവാചകധീരത മുഴങ്ങുന്ന തീരുമാനങ്ങളാവും സിനഡിന്റെ സത്ഫലം- കത്തോലിക്കാ വിശ്വാസസംഹിത പ്രകാരം, ലക്ഷ്യവും മാർഗവും ക്രിസ്തുതന്നെ!

യുവജനങ്ങളെ സഭയിലേക്ക് എപ്രകാരം ആകർഷിക്കാം, സഭ യുവജനങ്ങളിലേക്ക് എങ്ങനെ ഇറങ്ങി ചെല്ലണം എന്നിവയെക്കുറിച്ച് യാഥാർത്ഥ്യങ്ങളെ മുൻ നിർത്തി വിവിധ രാജ്യങ്ങളിൽനിന്ന് എത്തിയ സിനഡ് പിതാക്കൻമാർ നടത്തിയ പങ്കുവെപ്പുകൾമാത്രംമതി, ‘വിപ്ലവാത്മക’ തീരുമാനങ്ങൾ ഉണ്ടാകുമെന്ന നിക്ഷിപ്ത താൽപ്പര്യക്കാരുടെ കണക്കൂകൂട്ടലുകൾ പൊളിക്കാൻ. എല്ലാ സിനഡ് പിതാക്കന്മാരുടെ പ്രഭാഷണങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ, പുറത്തുവന്നവയൊക്കെയും പ്രത്യാശ പകരുന്നതാണ്. വിശിഷ്യാ, അമേരിക്കയിൽനിന്നുള്ള സിനഡ് പിതാക്കൻമാരുടെ പ്രവാചക തുല്യമായ വാക്കുകൾ.

വിശ്വാസം പകരണം ക്രിയാത്മകമായി

സഭാ വിശ്വാസത്തിന്റെ സൗന്ദര്യവും, അതിൽ അടങ്ങിയിരിക്കുന്ന അറിവുകളും ക്രിയാത്മകമായി യുവജനങ്ങളിലേക്ക് പകരാൻ കത്തോലിക്കാസഭയ്ക്ക് സാധിക്കണമെന്ന നിർദേശം അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ലോസ് ആഞ്ചലസ് രൂപതാ സഹായ മെത്രാൻ റോബർട്ട് ബാരോൺ പങ്കുവെച്ചത്. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ബിഷപ്പ് ബാരോൺ തുടങ്ങിയ ‘വേർഡ് ഓൺ ഫയർ’ മാധ്യമ ശുശ്രൂഷ വിശ്വാസികളിൽ, വിശിഷ്യാ, യുവജനങ്ങൾക്കിടയിൽ വലിയചലനമാണ് ഉണ്ടാക്കുന്നത്. അതിനാൽതന്നെ സിനഡ് ഹാളിൽ ബിഷപ്പ് ബാരോൺ പറഞ്ഞ വാക്കുകൾക്ക് വലിയ പ്രസക്തി ലഭിച്ചു:

‘മതം ശാസ്ത്രത്തിന് എതിരാണ്, മതത്തിന്റെ കാഴ്ചപ്പാടുകൾ യുക്തിക്ക് നിരക്കുന്നതല്ല, മതവിശ്വാസം പഴഞ്ചനാണ്, ദൈവം മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് എതിരാണ് എന്നിങ്ങനെയുള്ള അബദ്ധധാരണകളാൽ വിശ്വാസം ഉപേക്ഷിക്കുന്ന യുവജനങ്ങളെ വിശ്വാസത്തിലേക്ക് മടക്കി കൊണ്ടുവരാനും വിശ്വാസത്തിൽ ഉറപ്പിക്കാനും നൂതനമായ സുവിശേഷവത്കരണ മാർഗങ്ങളും മതബോധനവും സഹായകമാകും.’ അമേരിക്കയിലെ ബ്രിഡ്ജ്‌പോർട്ട് രൂപതാ ബിഷപ്പ് ഫ്രാൻഗ് കാഗിയാനോയും ആധുനിക കാലഘട്ടത്തിൽ യുവജനങ്ങളെ വിശ്വാസത്തിലേക്ക് നയിക്കാൻ മാധ്യമങ്ങൾക്കുളള പ്രസക്തിയെ കുറിച്ചുതന്നെയാണ് പങ്കുവെച്ചത്.

ലക്ഷ്യവും മാർഗവും ക്രിസ്തുമാത്രം

കത്തോലിക്കാ വിശ്വാസത്തിന്റെ അടിസ്ഥാന സത്യം പ്രഘോഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു ഫിലാഡൽഫിയ ആർച്ച്ബിഷപ്പ് ചാൾസ് ചപ്യൂട്ടിന്റെ പ്രഭാഷണം. ഒഴികഴിവുകൾ പറയാതെ ആത്മവിശ്വാസത്തോടെ ക്രിസ്തുവിനെ പ്രഘോഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം അക്കമിട്ടു നിരത്തി. ‘സൃഷ്ടികൾ എന്ന നിലയിലും മനുഷ്യർ എന്ന നിലയിലും നാം ആരാണ്, എന്തുകൊണ്ടാണ് നമുക്ക് പ്രത്യേക മാഹാത്മ്യമുള്ളത്? ദീർഘകാലമായുളള ഇത്തരം ചോദ്യങ്ങളാണ് നമ്മുടെ ഉത്കണ്~കൾക്കും കലഹങ്ങൾക്കും കാരണം. എന്നാൽ,അപ്രകാരമുളള ചോദ്യങ്ങളുടെ ഉത്തരം പ്രത്യയശാസ്ത്രങ്ങളിലോ സാമൂഹ്യശാസ്ത്രങ്ങളിലോ കണ്ടെത്താൻ സാധിക്കില്ല, മറിച്ച് യേശുക്രിസ്തു എന്ന വ്യക്തിയിൽ മാത്രമേ കണ്ടെത്താനാകൂ.’

ഓസ്‌ട്രേലിയയിലെ സിഡ്‌നി ആർച്ച്ബിഷപ്പ് അന്തോണി ഫിഷറിന്റെതായിരുന്നു സിനഡിന്റെ ശ്രദ്ധ ആകർഷിച്ച മറ്റൊരു പ്രസംഗം. ‘നിങ്ങൾക്ക് വഴിതെറ്റുകയും പോകാനുളള ശരിയായ ദിശ നിങ്ങൾ അന്വേഷിക്കുകയും ചെയ്യുമ്പോൾ യേശുവാണ് നിങ്ങൾക്കുളള അനശ്വരമായ വഴി എന്ന് നിങ്ങൾ മനസിലാക്കണം,’ ക്രിസ്തുകേന്ദ്രീകൃതമായ ജീവിതം നയിക്കാൻ ആഹ്വാനംചെയ്തു ആർച്ച്ബിഷപ്പ് ഫിഷർ.

കത്തോലിക്കാസഭയ്ക്ക് ഏറ്റവും വലിയ വളർച്ചയുളള ആഫ്രിക്കൻ ഭൂഖണ്ഡത്തിൽനിന്നുളള സിനഡ് പിതാക്കൻമാരുടെ ഇടപെടലുകളും സിനഡിൽ വളരെയധികം നിർണായകമാകുമെന്നാണ് നിഗമനം. സിനഡ് പ്രമാണരേഖയുടെ രൂപീകരണത്തിൽ ഡർബൻ ആർച്ച്ബിഷപ്പ് കർദിനാൾ വിൽഫ്രിഡ് ഫോക്‌സ് നേപ്പിയർ വലിയ പങ്കുവഹിക്കും എന്നാണ് നിരീക്ഷകരുടെ അഭിപ്രായം. സഭയുടെ അടിസ്ഥാനപരമായ വിശ്വാസ സത്യങ്ങളിൽനിന്ന് അണുവിട വ്യതിചലിക്കാതെ നവ സുവിശേഷവത്കരണം നടപ്പാക്കണമെന്ന് നിലപാടുളള കർദിനാളാണ് വിൽഫ്രിഡ് ഫോക്‌സ് നേപ്പിയർ.

സശ്രദ്ധം, സസൂക്ഷ്മം

16 മുതൽ 29വരെ പ്രായമുള്ള യുവജനങ്ങളുടെ ഇടയിൽ നടത്തിയ ഓൺലൈൻ സർവേ, 300ൽപ്പരം യുവജനങ്ങൾ പങ്കെടുത്ത പ്രീ സിനഡ് സമ്മേളനം, വിവിധ രാജ്യങ്ങളിലെ മെത്രാൻ സമതികൾ, റോമൻ കൂരിയ എന്നിവിടങ്ങളിൽനിന്ന് സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ‘ഇൻസ്ട്രമെന്റം ലബോറിസ്’ എന്ന രേഖയെ അടിസ്ഥാനമാക്കിയാണ് സിനഡിന്റെ ചർച്ചകൾ മുന്നോട്ട് പോകുന്നത്. ‘എപ്പിസ്‌കോപ്പാലിസ് കമ്മ്യൂണിയോ’ എന്ന പുതിയ അപ്പസ്‌തോലിക ഭരണഘടനയുടെ കീഴിലാണ് സിനഡ് സമ്മേളനം എന്നതും ശ്രദ്ധേയമാണ്.

ഈ ഭരണഘടന നിലവിൽ വരുംമുമ്പ് സിനഡ് സമ്മേളനത്തിൽ ഉരുത്തിരിയുന്ന പ്രമാണരേഖകൾ സഭയുടെ ഔദ്യോഗിക പ്രബോധനം (ഓർഡിനറി മജിസ്റ്റീരിയം) എന്ന തലത്തിലേക്ക് ഉയരില്ലായിരുന്നു. എന്നാൽ, പുതിയ ഭരണഘടനാപ്രകാരം സിനഡ് സമ്മേളനത്തിൽ രൂപീകൃതമാകുന്ന പ്രമാണരേഖയ്ക്ക് ‘ഫോർമാ സ്‌പെസിഫിക്കാ’ എന്ന കാനോൻ നിയമ അംഗീകാരം പാപ്പ നൽകിയാൽ അത് സഭയുടെ ഔദ്യോഗിക പ്രബോധനത്തിന്റെ (ഓർഡിനറി മജിസ്റ്റീരിയം) ഭാഗമാകും. അതിനാൽ തന്നെ വളരെ ശ്രദ്ധാപൂർവമാകും സിനഡ് പിതാക്കൻമാർ സിനഡ് ചർച്ചകളിൽനിന്ന് പ്രമാണ രേഖ തയ്യാറാക്കുന്നത്.

സച്ചിൻ എട്ടിയിൽ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?