Follow Us On

30

November

2020

Monday

വിശുദ്ധ നിരയിലെത്തിയ പോള്‍ ആറാമന്‍ പാപ്പയോടൊപ്പം…

വിശുദ്ധ നിരയിലെത്തിയ പോള്‍ ആറാമന്‍ പാപ്പയോടൊപ്പം…

മാനവവംശത്തിന്റെ വളര്‍ച്ചാഗതിയെ ഏറെ സ്വാധീനിച്ച ഒരു കാലഘട്ടമായിരുന്നു ഇരുപതാം നൂറ്റാണ്ട്. ലോകമഹായുദ്ധങ്ങള്‍ മനസ്സാക്ഷിക്കു നേരെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ നിരവധിയായിരുന്നു. വിശ്വമാനവികതയെ കൊട്ടിഘോഷിച്ച സംസ്‌ക്കാരങ്ങള്‍ക്കേറ്റ ആഘാതമായി ലോകമഹായുദ്ധങ്ങള്‍ അരങ്ങേറിയശേഷം കാഴ്ച്ചപ്പാടുകള്‍തന്നെ മാറിമറിഞ്ഞു. സഭയിലും നവീകരണത്തിന്റെ പൊന്‍കിരണങ്ങള്‍ പ്രശോഭിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സമ്മാനിച്ച നവീനത്വത്തോടൊപ്പം പണ്ഡിതരും വിശുദ്ധരുമായ മാര്‍പാപ്പമാരുടെ തേജസാര്‍ന്ന നേതൃത്വം സഭയെ കൂടുതല്‍ അലംകൃതയാക്കി. വിശുദ്ധ പത്താം പീയുസും വിശുദ്ധ ജോണ്‍ 23 മനും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയുമെല്ലാം കഴിഞ്ഞ നൂറ്റാണ്ടിന്റെ സംഭാവനകളായിരുന്നു. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 14-ന് പോള്‍ ആറാമന്‍ പാപ്പ വിശുദ്ധ നിരയിലെത്തി.
1897 സെപ്റ്റംമ്പര്‍ 26-ാം തീയതിയാണ് വിശുദ്ധ പോള്‍ ആറാമന്‍ പാപ്പ ഭൂജാതനായത്. മൂന്നു മാര്‍പാപ്പമാരോടൊപ്പം റോമന്‍ കൂരിയായില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 1958-ല്‍ കര്‍ദ്ദിനാളായും 1963 ജൂണ്‍ 21-ന് പത്രോസിന്റെ പരിശുദ്ധ സിംഹാസനത്തിലും അവരോധിക്കപ്പെട്ടു. വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടുന്ന കാര്യം 1959 ജനുവരി 25-ന് പ്രഖ്യാപിക്കുന്നത്. 1962 ഒക്‌ടോബര്‍ 11-ന് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. അതേ വര്‍ഷം ഡിസംബറില്‍ കൗണ്‍സിലിന്റെ ആദ്യഘട്ടം അവസാനിച്ചു. 1963 ജൂണ്‍ മൂന്നിന് ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പ ദിവംഗതനായതിനുശേഷം, 16-ാം നാളില്‍ സാര്‍വര്‍ത്രികസഭയുടെ വലിയ ഇടയനായി തിരഞ്ഞെടുക്കപ്പെട്ട പോള്‍ ആറാമന്‍ പാപ്പ ഉടന്‍തന്നെ കൗണ്‍സില്‍ തുടരുന്നതിനുള്ള തീരുമാനം കൈകൊള്ളുകയുണ്ടായി. വിശുദ്ധ ജോണ്‍ 23-ാമന്‍ പാപ്പ തുടക്കമിട്ട കൗണ്‍സില്‍ 1965 ഡിസംബറില്‍ അവസാനിക്കുവോളം അതിനു നേതൃത്വം നല്‍കുവാനുള്ള വലിയ നിയോഗം കാലം കാത്തുവച്ചത് പോള്‍ ആറാമന്‍ പാപ്പയ്ക്കായിരുന്നു.
സഭൈക്യത്തിനു പ്രാധാന്യം നല്‍കിയ കൗണ്‍സിലിനു സഹായകമായ നിലപാടുകളെടുക്കുന്നതില്‍ അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തി. 1965 ലാണ് സഭൈക്യത്തെക്കുറിച്ചുള്ള രേഖ കൗണ്‍സില്‍ പാസാക്കിയതെങ്കിലും മാര്‍പാപ്പയുടെ പല നിലപാടുകളും സഭൈക്യപ്രവര്‍ത്തനങ്ങള്‍ക്ക് അതിനും മുന്‍പ് തന്നെ വലിയ പ്രചോദനം പകര്‍ന്നിരുന്നു. 1964-ല്‍ പരിശുദ്ധ പിതാവ് വിശുദ്ധനാട് സന്ദര്‍ശിച്ച് ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ പൊതുതലവന്‍ അത്തനാഗോറസ് പാത്രിയര്‍ക്കീസിനെ കണ്ട് സംസാരിച്ചത് ചരിത്ര സംഭവമായിരുന്നല്ലോ. വിദേശരാജ്യങ്ങളില്‍ നേരിട്ടെത്തി ദൈവജനത്തെ സന്ദര്‍ശിക്കുന്നതിനു പ്രാധാന്യം നല്‍കിയ അദ്ദേഹം 1964-ല്‍ ബോംബെയില്‍ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിലും സംബന്ധിച്ചു. ഇവിടെയും വിവിധ ക്രൈസ്തവ മേലധ്യക്ഷന്മാരുമായി സംവദിക്കുന്നതിനുള്ള ഇടമൊരുക്കപ്പെട്ടു. ഈ സമ്മേളനവേളയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനായിരുന്ന പരിശുദ്ധ ഔഗന്‍ ബാവയും പരിശുദ്ധ പിതാവിനെ നേരില്‍ കണ്ട് സംസാരിക്കുകയുണ്ടായി.
1965 ഡിസംബര്‍ ഏഴിന് മാര്‍പാപ്പ റോമിലും പാത്രീയര്‍ക്കീസ് അത്തനാഗോറസ് കോണ്‍സ്റ്റാന്റിനോപ്പിളിലും വച്ച് ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. 1054 -ല്‍ റോമും കോണ്‍സ്റ്റാന്റിനോപ്പിളും പരസ്പരം മഹറോന്‍ ചൊല്ലിയതില്‍ ഇരുകൂട്ടരും പരിതപിക്കുകയും മഹറോന്‍ പിന്‍വലിക്കുകയുമാണ് സംയുക്ത പ്രസ്താവനയിലൂടെ നിര്‍വഹിച്ചത്. മാര്‍പാപ്പ ഈസ്റ്റാംബൂളില്‍ പാത്രിയര്‍ക്കീസിനെ സന്ദര്‍ശിക്കുകയും പരിശുദ്ധ പാത്രിയ ര്‍ക്കീസ് റോം സന്ദര്‍ശിക്കുകയും ചെയ്തത് ചരിത്ര സംഭവങ്ങളായിരുന്നു.
സഭയുടെ പുനരൈക്യം ഒരു വലിയ ആഗ്രഹവും സ്വപ്‌നവുമായി എന്നും മനസില്‍ സൂക്ഷിച്ച വ്യക്തിയായിരുന്നു പോള്‍ ആറാമന്‍ പാപ്പ. ക്രിസ്തു വിജ്ഞാനിയത്തില്‍ (ഇവൃശേെീഹീഴ്യ) 1971-ല്‍ യാക്കോബായ സഭയുടെ പാത്രിയര്‍ക്കീസായിരുന്ന പരിശുദ്ധ യാക്കോബ് മൂന്നാമന്‍ പാത്രിയര്‍ക്കീസുമായും 1973-ല്‍ കോപ്റ്റിക്ക് സഭയുടെ തലവന്‍ അംബാ ഷെനൂദ പാത്രിയര്‍ക്കീസുമായും രൂപപ്പെടുത്തിയ ധാരണകള്‍ അ.ഉ. 451-ലെ കാല്‍സിഡോണ്‍ കൗണ്‍സിലിന്റെ കാലത്തെ ഭിന്നത നീക്കാന്‍ തുടക്കം കുറിച്ചു. 1965-ല്‍ ഐക്യരാഷ്ട്രസഭയുടെ ന്യൂയോര്‍ക്ക് പൊതുസമ്മേളനത്തില്‍ മാര്‍പാപ്പ നടത്തിയ ലേകസമാധാനത്തിനായുള്ള പ്രഘോഷണവും ലോകം ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചു.
1971-ല്‍ കമ്മ്യൂണിസ്റ്റു രാജ്യമായിരുന്ന യുഗോസ്ലാവ്യയുടെ തലവന്‍ മാര്‍ഷല്‍ ടിറ്റോ മാര്‍പാപ്പയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത് ഏറെ ലോകശ്രദ്ധ നേടി. പല കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുമായും നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനും ക്രൈസ്തവ വിശ്വാസികളുടെ ആരാധനാസ്വാതന്ത്ര്യം ഒരുപരിധിവരെ സംരക്ഷിക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. റഷ്യന്‍ പ്രസിഡന്റ് നിക്കോളാസ് പെഗോര്‍ക്കി വത്തിക്കാന്‍ സന്ദര്‍ശിച്ചതും ചര്‍ച്ചകള്‍ നടത്തിയതും രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടി. ഹംഗറി, പോളണ്ട്, ചെക്കോസ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളുമായും നല്ല ബന്ധം വളര്‍ത്താനും കഴിഞ്ഞു.
കൗണ്‍സിലിനു ശേഷം ഇടയ്ക്കിടെ മെത്രാന്മാരുടെ സിനഡു വിളിച്ചുകൂട്ടുന്ന പതിവിനു തുടക്കമിട്ടതും പോള്‍ ആറാമന്‍ പാപ്പയാണ്. മൂന്നു നാലു വര്‍ഷങ്ങള്‍ക്കിടെ നടത്തുന്ന ഈ സമ്മേളനങ്ങള്‍ മെത്രാന്മാര്‍ക്കിടയില്‍ കൂട്ടായ്മാബോധം വളര്‍ത്തുന്നതിലും പ്രാദേശിക സഭാസമൂഹങ്ങള്‍ തമ്മിലുള്ള ആശയവിനിമയം വര്‍ധിപ്പിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
വ്യക്തിപരമായ ഒരനുഭവം പറയാം. 1972-ല്‍ തികച്ചും അപ്രതീക്ഷിതമായി റോമില്‍നിന്നുള്ള ഒരു കത്ത് എന്നെ തേടിയെത്തി. ചങ്ങനാശേരി സഹായമെത്രാനായി എന്നെ നിയമിക്കുന്നുവെന്ന് അറിയിക്കുന്നതായിരുന്നു ആ കത്ത്. ആയതിലേക്ക് എന്റെ സമ്മതം അറിയിക്കണമെന്നുള്ള ആവശ്യവും കത്തില്‍ ഉണ്ടായിരുന്നു. കത്തിലെ സംഗതികള്‍ വായിച്ചറിഞ്ഞ ഞാന്‍ അഭിവന്ദ്യ പടിയറപിതാവിനെ സന്ദര്‍ശിച്ച് യോഗ്യരായ മറ്റു പലരുമുണ്ടല്ലോ”എന്ന് ഒഴിവുകഴിവു പറഞ്ഞു.
എന്നാല്‍ റോമിന്റെ തീരുമാനങ്ങളനുസരിച്ചാണല്ലോ പ്രവര്‍ത്തിക്കേണ്ടത് എന്നാണ് അദേഹം പറഞ്ഞത്. തുടര്‍ന്ന് എന്റെ കുമ്പസാരക്കാരനായിരുന്ന ബ. ഗ്രിഗറി കരിയ്ക്കംപള്ളി അച്ചനോട് ഇക്കാര്യത്തെക്കുറിച്ച് ആലോചിച്ചു. റോമിന്റെ തീരുമാനത്തെ എതിര്‍പ്പുകൂടാതെ ഉള്‍ക്കൊള്ളുകയാണ് വേണ്ടതെന്നായിരുന്നു അച്ചന്റെയും അഭിപ്രായം. രഹസ്യം’പുറത്താകാതിരിക്കാന്‍ അദ്ദേഹത്തെയും കൂട്ടി തിരുവല്ലയിലെ ടെലഗ്രാം ഓഫീസിലേക്ക് നടത്തിയ യാത്ര ഇന്നും ഓര്‍മയിലുണ്ട്. തിരുവല്ലായില്‍ നിന്ന് ഡല്‍ഹിയിലെ ഇന്റര്‍ ന്യൂണ്‍ഷ്യോയ്ക്ക് ടെലഗ്രാം സന്ദേശമയച്ചു.
മെത്രാഭിഷേക കര്‍മ്മങ്ങള്‍ ഇവിടെ വച്ചു നടത്താനുള്ള ആഗ്രഹവും ഇതൊടൊപ്പം പങ്കുവച്ചു. എന്നാല്‍ ആ വര്‍ഷം നോമിനേറ്റ് ചെയ്യപ്പെട്ട എല്ലാവര്‍ക്കും ഒരുമിച്ചു മെത്രാന്‍പട്ടം നല്‍കാനാണ് മാര്‍പാപ്പയുടെ തീരുമാനം എന്ന മറുപടിയാണ് ലഭ്യമായത്. 1972 ഫെബ്രുവരി 13-ന് റോമിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വച്ച് പോള്‍ ആറാമന്‍ മാര്‍പാപ്പയില്‍നിന്ന് മറ്റു പതിനേഴ് പേരോടൊപ്പം മെത്രാന്‍പട്ടം സ്വീകരിച്ചത് ഇങ്ങനെയാണ്. തിരുക്കര്‍മങ്ങള്‍ക്കുശേഷം ഞങ്ങളെ ഓരോരുത്തരെയും നേരില്‍ കണ്ട് അഭിനന്ദനങ്ങളും ആശംസകളും നേരാനും കര്‍മ്മങ്ങള്‍ക്കെത്തിയ ബന്ധുജനങ്ങളെ കണ്ട് ആശിര്‍വാദം നല്‍കുവാനും അദ്ദേഹം മനസുകാട്ടി. വിശു ദ്ധ നിരയിലെത്തിയ പോള്‍ ആറാമന്‍ മാര്‍പാപ്പയിലൂടെ മേല്പ്പട്ട ശുശ്രൂഷയിലേക്ക് ഉയര്‍ത്തപ്പെടാനായത് ഒരപൂര്‍വ ഭാഗ്യമായി ഇന്നു തിരിച്ചറിയുന്നു. പരിശുദ്ധ പിതാവിന്റെ പ്രാര്‍ത്ഥനകള്‍ എന്നോടുകൂടെ ഉണ്ടെന്ന പ്രത്യാശ എന്നെ നയിക്കുന്നു. അദേഹത്തിന്റെ ജീവിതം വിശുദ്ധിയില്‍ വളരാന്‍ നമുക്കു പ്രചോദനമാകട്ടെ.

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?