Follow Us On

19

January

2019

Saturday

മാനസാന്തരം

മാനസാന്തരം

പ്രന്നതയോടെ സ്റ്റേജില്‍ നില്ക്കുന്ന ബ്രിറ്റ്‌നിയെ കാണുമ്പോള്‍ ചിലര്‍ക്കെങ്കിലും പരിചിത ഭാവം അനുഭവപ്പെടാം. എവിടെയോ കണ്ടുമറന്ന മുഖമെന്ന തോന്നല്‍. കൈയിലിരിക്കുന്ന മൊബൈലില്‍ തിരഞ്ഞാല്‍ അവരുടെ ചിത്രങ്ങള്‍ ലഭ്യമായെന്നു വരാം. ഇവര്‍ ഇവിടെയോ എന്ന ചിന്തയായിരിക്കും ആദ്യം ഉണ്ടാകുക. അത്തരത്തിലുള്ള ചിത്രങ്ങളായിരിക്കും ഒരുപക്ഷേ ലഭിക്കാന്‍ സാധ്യത. ആ തിരിച്ചറിവ് സമ്മാനിക്കുന്ന ഞെട്ടലില്‍ ഹാളില്‍നിന്നും പുറത്തിറങ്ങുന്നതിനുമുമ്പ് സംഘാടകരോടു ചോദിക്കാന്‍ ചില ചോദ്യങ്ങള്‍ മനസില്‍ കരുതുന്നവരും കുറവല്ല. എന്നാല്‍, ചോദ്യങ്ങളുമായി കാത്തിരുന്നവര്‍ ആരും ബ്രിറ്റ്‌നിയുടെ വാക്കുകള്‍ കേട്ടതിനുശേഷം സംശയങ്ങളുമായി സമീപിക്കാറില്ല. പലരുടെയും മനസിലുയരുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് അവരുടെ പ്രസംഗങ്ങള്‍. ഒരു കാര്യം സമ്മതിക്കാതിരിക്കാനാവില്ല, ബ്രിറ്റ്‌നിയുടെ വാക്കുകള്‍ കേട്ട് പുറത്തേക്ക് ഇറങ്ങുന്നത് വലിയ തീരുമാനങ്ങള്‍ എടുത്തായിരിക്കും. സ്വന്തം ജീവിതം തിരുത്തുമെന്ന ദൃഢനിശ്ചയം.
ക്ലബിലേക്കുള്ള ആദ്യ യാത്ര
സ്വന്തം ജീവിതമാണ് ബ്രിറ്റ്‌നി വേദികളില്‍ തുറന്നുവയ്ക്കുന്നത്. 18 വയസു മുതല്‍ 26 വയസുവരെയുള്ള അനുഭവങ്ങളാണ്. കൗമാരത്തില്‍നിന്നും യൗവനത്തിലേക്ക് പ്രവേശിച്ച ഒരു പെണ്‍കുട്ടി വീണുപോയ പാപത്തിന്റെ വഴികളെക്കുറിച്ചാണ് പങ്കുവയ്ക്കുന്നത്. യുവജനങ്ങളെ വഴിതെറ്റിക്കുന്നതിനായി തിന്മ ഒരുക്കിവച്ചിരിക്കുന്ന ആകര്‍ഷകങ്ങളായ കെണികളെപ്പറ്റിയുള്ള മുന്നറിയിപ്പുകള്‍ അതിലുണ്ട്. അവിടംകൊണ്ടും തീരുന്നില്ല, പാപത്തിന്റെ സന്തോഷങ്ങളില്‍ മതിമറന്നു ജീവിച്ചപ്പോഴും തന്നെ തള്ളിക്കളയാതെ കാത്തിരുന്ന ദൈവത്തെ അവള്‍ പരിചയപ്പെടുത്തുന്നുണ്ട്. മക്കള്‍ വഴിതെറ്റിപ്പോയതിന്റെ വേദനയില്‍ അവരെ ഹൃദയത്തില്‍നിന്നും പടിയിറക്കിയ മാതാപിതാക്കള്‍ അറിയാതെ മക്കളെ സ്‌നേഹിച്ചു തുടങ്ങും. അവര്‍ തിരിച്ചെത്തുമെന്ന പ്രത്യാശകൊണ്ട് മനസുനിറയും. ഏതു കഠിനഹൃദയന്റെയും കണ്ണില്‍ നിന്നും രണ്ടു തുള്ളി കണ്ണീര്‍ പൊടിയാതിരിക്കില്ല.
മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമെന്ന തീരുമാനമെടുത്തായിരിക്കും ഓരോരുത്തരും പുറത്തേക്കു പോകുന്നത്. ബ്രിറ്റ്‌നിയുടെ സാക്ഷ്യത്തില്‍ തനിക്കുവേണ്ടി മടുപ്പില്ലാതെ പ്രാര്‍ത്ഥിച്ച ഒരു മുത്തശിയുണ്ട്. വഴിതെറ്റി സഞ്ചരിച്ചിരുന്ന കാലത്ത് മുത്തശിയുടെ സ്‌നേഹപൂര്‍വമുള്ള നിര്‍ബന്ധത്തെതുടര്‍ന്ന് ഒരിക്കല്‍ ദൈവാലയത്തില്‍ പോയെങ്കിലും വീണ്ടും പാപത്തിന്റെ വഴികളെ അവള്‍ ആശ്ലേഷിച്ചു. എങ്കിലും കൊച്ചുമകളുടെ തിരിച്ചുവരവിനുവേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കാന്‍ ആ അമ്മ തയാറായി. ശരീരത്തില്‍ പ്രായം ഏല്പിച്ച എല്ലാ അവശതകളും ഉണ്ടായിരുന്നെങ്കിലും മനസുമടുക്കാതെ പ്രത്യാശയോടെയുള്ള പ്രാര്‍ത്ഥന പാഴായില്ലെന്നതിന്റെ തെളിവാണ് ബ്രിറ്റ്‌നി ഡെ ല മോറ എന്ന സുവിശേഷക. സുവിശേഷ മീറ്റിംഗുകളില്‍ മിക്കവാറും ഒപ്പം ഭര്‍ത്താവ് റിച്ചാര്‍ഡ് ഡെ ല മോറയും ഉണ്ടാകും. അദ്ദേഹവും സുവിശേഷകനാണ്.
കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സുഹൃത്തുക്കളോടൊപ്പം മെക്‌സിക്കോയിലേക്ക് നടത്തിയ വിനോദയാത്രയാണ് ബ്രിറ്റ്‌നിയുടെ ജീവിതം മാറ്റിമറിച്ചത്. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി 16-കാരി ആദ്യമായി ക്ലബില്‍ പോയി. ഒരുനിമിഷംകൊണ്ട് ജീവിതം കൈവിട്ടുപോകാമെന്നും താല്ക്കാലിക സുഖങ്ങള്‍ക്കുവേണ്ടിയുള്ള വിട്ടുവീഴ്ച ജീവിതത്തെ തകര്‍ത്തുകളയുന്ന വില്ലനായി മാറുമെന്നുള്ള പാഠമാണ് ബ്രിറ്റ്‌നിയുടെ കഥയുടെ ബാക്കിഭാഗം. കുപ്രസിദ്ധിയാര്‍ജിച്ച ക്ലബായിരുന്നു അത്. നാമമാത്ര വസ്ത്രങ്ങള്‍ ധരിച്ചുള്ള നൃത്തമായിരുന്നു അവിടുത്തെ പ്രധാന ഇനം. ബാറിലേക്കാണ് എല്ലാവരും കയറിയത്. അവളും അവരോടൊപ്പം ലഹരി നുണഞ്ഞു.
ലഹരി തലക്കുപിടിച്ചപ്പോള്‍ ഡാന്‍സ് ഹാളിലെത്തി. കൂട്ടുകാരുടെ നിര്‍ബന്ധത്തിനുവഴങ്ങി ചുവടുകള്‍വച്ചു. അതവസാനിച്ചത് അവിടുത്തെ പതിവു രീതിയനുസരിച്ചുള്ള സ്റ്റേജിലെ തകര്‍പ്പന്‍ ഡാന്‍സോടുകൂടിയായിരുന്നു.
സിനിമയിലേക്ക്
യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും ആ കൗമാരക്കാരിയുടെ ചിന്താഗതികള്‍ മുഴുവന്‍ മാറിമറിഞ്ഞിരുന്നു. അന്നു നുണഞ്ഞ മദ്യത്തിന്റെ ലഹരി അവളെ കീഴ്‌പ്പെടുത്തി എന്നു പറയുന്നതാകും കൂടുതല്‍ ശരി. അത്തരം ക്ലബുകളിലെ സ്ഥിരം സന്ദര്‍ശകയാകാന്‍ അധികസമയം വേണ്ടിവന്നില്ല.
ഇതിനിടയില്‍ രണ്ട് സിനിമ സംവിധായകര്‍ അവളെ തേടിയെത്തി. പേരുകേട്ട സിനിമാ കമ്പനിയില്‍നിന്നുള്ളവരായിരുന്നവര്‍. അടുത്ത സിനിമയിലെ നായിക റോളുമായിട്ടായിരുന്നു അവരുടെ വരവ്. സിനിമ ലോകത്തെ സ്റ്റാര്‍ ആക്കാമെന്നായിരുന്നു അവരുടെ വാഗ്ദാനം. പ്രണയ സിനിമ എന്ന ലേബലിലായിരുന്നു അവര്‍ എത്തിയതെങ്കിലും അത് അശ്ശീല സിനിമയാണെന്ന വിവരം ബ്രിറ്റ്‌നിക്ക് മനസിലായി.
അവരുടെ വാക്കുകള്‍ തെറ്റിയില്ല, വളരെ പെട്ടെന്ന് അമേരിക്കയിലെ അശ്ശീല സിനിമകളുടെ മുഖമായി ബ്രിറ്റ്‌നി മാറി. എട്ട് വര്‍ഷങ്ങള്‍കൊണ്ട് നാനൂറിനടുത്ത് സിനിമകള്‍. തിരക്കുകള്‍ക്കിടയില്‍ കോളജ് വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ചു. അതൊരു പ്രശ്‌നമായി അവള്‍ക്ക് തോന്നിയില്ല. പണവും ആരാധകരും എല്ലാം ചേര്‍ന്നൊരു മായികാ ലോകം. പരിഗണിക്കപ്പെടാതെപോയ ബാല്യവും കൗമാരവും ഏല്പിച്ച മുറിവുകളായിരുന്നു മനസുനിറയെ. ലോകത്തോടുള്ള പകയായി അതു വളര്‍ന്നു. സ്‌നേഹവും അംഗീകാരവുമായിരുന്നു അവള്‍ തിരഞ്ഞത്. എന്നാല്‍, ചതിയും വഞ്ചനയും നിറഞ്ഞ മിഥ്യാലോകത്തിലാണ് താന്‍ വന്നുവെട്ടിരിക്കുന്നത് എന്നവള്‍ തിരിച്ചറിയാന്‍ വൈകി. ശരീരത്തിന്റെ വണ്ണം കൂടുന്നത് സൗന്ദര്യത്തെ ബാധിക്കുമെന്നതിനാല്‍ വണ്ണം കുറക്കണമെന്ന് ഒരു സംവിധായകന്‍ ഉപദേശിച്ചു.
കൊക്കെയ്ന്‍ എന്ന മയക്കുമരുന്ന് ഉപയോഗിക്കാനായിരുന്നു അയാള്‍ നല്‍കിയ ഉപദേശം. മോശമായ സിനിമകളില്‍ അഭിനയിക്കുന്ന പെണ്‍കുട്ടിയെ മയക്കുമരുന്നിന്റെ ലോകത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ പിന്നിലെ കെണി അവള്‍ക്ക് അന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ല. കൊക്കെയിന്‍ ഉപയോഗിക്കാന്‍ തുടങ്ങിയ അവള്‍ വളരെ വേഗം വീര്യം കൂടിയ ഹെയ്‌റോയിനിലെത്തി.
ചുറ്റും ആരാധകര്‍, കൈനിറയെ പണം. സഞ്ചരിക്കാന്‍ പുതിയ മേഴ്‌സിഡസ് ബെന്‍സ്, ബാഗും പേഴ്‌സും ചെരുപ്പുകളും എല്ലാം ഏറ്റവും മികച്ച ബ്രാന്റുകളായിരുന്നു. ഞാന്‍ വളരെ സന്തോഷവതിയാണെന്നായിരുന്നു ആ കാലങ്ങളിലെ ചിന്ത. യഥാര്‍ത്ഥത്തില്‍ ഹൃദയത്തില്‍ നിറയെ ശൂന്യതയായിരുന്നു; ബ്രിറ്റ്‌നി പറയുന്നു. ഏതാണ്ട് 30,000 ഡോളറായിരുന്നു അക്കാലങ്ങളിലെ മാസ വരുമാനം. എന്നാല്‍, മാസാവസാനം വാടകകൊടുക്കാന്‍ കയ്യില്‍ പലപ്പോഴും പണം ഉണ്ടാകുമായിരുന്നില്ലെന്നു പറഞ്ഞാല്‍ എത്ര പേര്‍ വിശ്വസിക്കുമെന്നാണ് ബ്രിറ്റ്‌നി ചോദിക്കുന്നത്. ലഭിക്കുന്ന പണം മുഴുവന്‍ മദ്യത്തിനും മയക്കുമരുന്നുകള്‍ക്കുമായി ചെലവഴിക്കുമായിരുന്നു.
കുറച്ചുകഴിഞ്ഞപ്പോഴേക്കും ഒന്നിനോടും താല്പര്യമില്ലാത്ത മാനസികാവസ്ഥയിലെത്തി. ഉള്ളിലെ ശൂന്യത ഓരോ ദിവസവും വര്‍ധിച്ചുവന്നു. മയക്കുമരുന്നുകളോടുള്ള അമിതഭ്രമവും എന്തിനാണ് ജീവിക്കുന്നതെന്നുള്ള ചിന്തയും അലട്ടാന്‍ തുടങ്ങി. ഇതിനിടയില്‍ ആത്മഹത്യ പ്രവണത പിടികൂടി. തിന്മ ആദ്യം പലതും നല്‍കി പ്രലോഭിപ്പിക്കുന്നത് നിത്യനാശത്തിന് വഴിയൊരുക്കുന്നതിനാണെന്ന് ഉറപ്പിക്കുംവിധമായിരുന്നു കാര്യങ്ങള്‍.
മുത്തശിയുടെ പ്രാര്‍ത്ഥനകള്‍
ഇക്കാലങ്ങളിലൊന്നും കുടുംബാംഗങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാല്‍, അവള്‍ മറന്നെങ്കിലും അവള്‍ക്കുവേണ്ടി മുത്തശി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ജീവിതത്തില്‍ കടുത്ത നിരാശ ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരിക്കല്‍ മുത്തശിയെ കാണാന്‍ പോയി. 2009-ലായിരുന്നു അത്. ദൈവത്തിന്റെ വലിയ ഇടപെടലായിരുന്നു അതെന്ന് ഇപ്പോള്‍ ബ്രിറ്റ്‌നി തിരിച്ചറിയുന്നുണ്ട്. മുത്തശി സ്‌നേഹപൂര്‍വം അവളെ ദൈവാലയത്തിലേക്ക് അയച്ചു.
ദൈവാലയത്തില്‍ പോയിട്ട് വര്‍ഷങ്ങളായിരുന്നു. അവിടെനിന്നും ഒരു ബൈബിള്‍ വാങ്ങി തിരിച്ചുപോന്നെങ്കിലും ജീവിതത്തില്‍ സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടായില്ല. ഏതാനും ദിവസങ്ങള്‍ മുത്തശിയോടൊപ്പം ചെലവഴിച്ചിട്ട് തന്റെ ലാവണത്തിലേക്ക് മടങ്ങി. സത്യം എനിക്കറിയില്ലായിരുന്നു. പാപവും അന്ധകാരവുമായിരുന്നു എന്നെ കീഴടക്കിയിരുന്നത്; ബ്രിറ്റ്‌നി പറയുന്നു.
വീണ്ടും തിരക്കുകളുടെ ലോകത്തിലേക്ക് വഴുതി വീണു. ദിവസവും ഉപയോഗിക്കുന്ന മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും അളവ് കൂടി. പുറമേ ചിരിക്കുമ്പോഴും ഉള്ളില്‍ കരയുകയായിരുന്നു എന്നാണ് ബ്രിറ്റ്‌നി ആ കാലത്തെ വിലയിരുത്തുന്നത്. ജീവിതത്തെ കഠിനമായി വെറുക്കാന്‍ തുടങ്ങി. എങ്കിലും തന്റെ വഴികള്‍ തെറ്റിപ്പോയെന്ന തോന്നല്‍ അവളില്‍ ഉണ്ടായില്ല. 2012-ല്‍ ലാസ് വേഗസ് നഗരത്തിലേക്ക് ഷൂട്ടിംഗിന് പോകാനുള്ള ഒരുക്കത്തിലായിരുന്നു. എയര്‍പോര്‍ട്ടിലിരിക്കുമ്പോള്‍ ഉള്ളില്‍ ഒരു സ്വരം മുഴങ്ങുന്നതായി തിരിച്ചറിഞ്ഞു. ആദ്യം അത് അവഗണിക്കാന്‍ ശ്രമിച്ചെങ്കിലും ശബ്ദം കൂടുതല്‍ ദൃഢമാകുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു.
ബൈബിള്‍ എടുത്തു വായിക്കുക എന്നായിരുന്നു ആ ശബ്ദം. വിമാനത്തില്‍ പ്രവേശിച്ചു കഴിഞ്ഞപ്പോള്‍ ബൈബിള്‍ തുറന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് വാങ്ങിയ ബൈബിള്‍ വായിക്കാറില്ലായിരുന്നെങ്കിലും അത് എപ്പോഴും കയ്യില്‍ കരുതിയിരുന്നു. ബൈബിളിലെ അവസാന ഭാഗമായ വെളിപാടാണ് ലഭിച്ചത്. ആദ്യ അധ്യായം വായിച്ചു. രണ്ടാം അധ്യായത്തിന്റെ 20-ാം വാക്യത്തില്‍ എത്തിയപ്പോള്‍ മുമ്പോട്ടു പോകാന്‍ കഴിയാത്ത വിധത്തില്‍ വാക്കുകള്‍ ഉടക്കി. ”എങ്കിലും നിനക്കെതിരായി എനിക്കൊന്നു പറയാനുണ്ട്: പ്രവാചികയെന്ന് അവകാശപ്പെടുകയും, വ്യഭിചാരം ചെയ്യാനും വിഗ്രങ്ങള്‍ക്ക് അര്‍പ്പിച്ചവ ഭക്ഷിക്കാനും എന്റെ ദാസരെ പഠിപ്പിക്കുകയും വശീകരിക്കുകയും ചെയ്യുന്ന ജസബെല്‍ എന്ന സ്ത്രീയോടു നീ സഹിഷ്ണുത കാണിക്കുന്നു. അനുതപിക്കാന്‍ ഞാന്‍ അവള്‍ക്കവസരം നല്‍കി. എന്നാല്‍, അവള്‍ തന്റെ വ്യഭിചാരത്തെക്കുറിച്ച് അനുതപിക്കാന്‍ കൂട്ടാക്കുന്നില്ല” (വെളിപാട് 2:20-21).
സ്‌ക്രീനില്‍ എന്നതുപോലെ ജീവിതത്തിന്റെ പാപകരമായ അവസ്ഥകള്‍ അവള്‍ കണ്ടു. ആ നിമിഷം ഒരു കാര്യം തിരിച്ചറിഞ്ഞു, ഇത് തനിക്കുവേണ്ടിയുള്ള വചനമാണ്. ഹൃദയത്തില്‍ മുഴങ്ങിയത് ദൈവത്തിന്റെ സ്വരമാണ്. വിമാനത്തിലിരുന്ന് പാപങ്ങളെ ഓര്‍ത്ത് കരയാന്‍ തുടങ്ങി. മൂന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ ദൈവാലയത്തിലേക്ക് നയിച്ചത് ദൈവമായിരുന്നു എന്നവള്‍ തിരിച്ചറിഞ്ഞു. അല്ലെങ്കില്‍ ബൈബിള്‍ തന്റെ കൈവശം ഉണ്ടാകുമായിരുന്നില്ലെന്ന് ഞെട്ടലോടെ ഓര്‍ത്തു. പാപത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുമ്പോഴും തേടിയെത്തുന്ന സ്‌നേഹവാനായ ദൈവപിതാവിനെപ്പറ്റിയുള്ള തിരിച്ചറിവ് ആഴമായ അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും നയിച്ചു.
വിമാനത്തില്‍വച്ച് ഒരു തീരുമാനമെടുത്തു-തന്റെ പാപകരമായ ജീവിതത്തോട് എന്നന്നേക്കുമായി വിടപറയുന്നു. വരുമാനവും ആരാധകവൃന്ദവും മറ്റ് അംഗീകാരങ്ങളും ഒറ്റദിവസംകൊണ്ട് ഇല്ലാതാകുന്നതിനെപ്പറ്റി അവള്‍ ആകുലപ്പെട്ടില്ല. തന്നെ ദൈവം വലിയൊരു ഉത്തരവാദിത്വം ഏല്പിക്കുന്നുണ്ടെന്ന് ബ്രിറ്റ്‌നിക്ക് മനസിലായി. തന്റെ സിനിമകള്‍ വഴി തെറ്റിന്റെ ലോകത്തേക്ക് വീണുപോയവരും ലോകത്തിന്റെ കാഴ്ചകളില്‍ മയങ്ങി പാപത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നവരുമായ വലിയൊരു നിരയുണ്ടെന്ന് അവള്‍ തിരിച്ചറിഞ്ഞു. അതിലുപരി താന്‍ അംഗമായിരിക്കുന്ന മേഖലയെ വിശുദ്ധീകരിക്കാനുള്ള വലിയ ഉത്തരവാദിത്വമാണ് ദൈവം തന്നെ ഭരമേല്പിക്കുന്നതെന്ന് മനസിലായി.
പഴയ സഹപ്രവര്‍ത്തകരോടും അശ്ലീല സിനിമയുമായി ബന്ധപ്പെട്ട് കഴിയുന്നവരോടും സുവിശേഷം പറയാന്‍ എന്തു ത്യാഗവും സഹിക്കാനും ബ്രിറ്റ്‌നിക്ക് മടിയില്ല. ആറ് വര്‍ഷമായി സജീവമായി സുവിശേഷ മേഖലയിലാണ്. 2016-ലായിരുന്നു റിച്ചാര്‍ഡ് ഡെ ലാ മോറയുമായുള്ള വിവാഹം.
രണ്ടുപേരും സുവിശേഷ ശുശ്രൂഷകരാണ്. രണ്ട് പുസ്തകങ്ങളുടെ പണിപ്പുരയിലാണ് ഈ ദമ്പതികള്‍. അന്ധകാരത്തില്‍നിന്നും വെളിച്ചത്തിലേക്ക് വരാന്‍ അനേകര്‍ക്ക് അതു വഴികാട്ടിയാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ജോസഫ് മൈക്കിള്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?