Follow Us On

29

March

2024

Friday

ചിരകാല സ്വപ്‌നം യാഥാർത്ഥ്യം; ബ്രിസ്‌ബെൻ സൗത്ത് സമൂഹത്തിന് ഇനി സ്വന്തം ദൈവാലയം

ചിരകാല സ്വപ്‌നം യാഥാർത്ഥ്യം; ബ്രിസ്‌ബെൻ സൗത്ത് സമൂഹത്തിന് ഇനി സ്വന്തം ദൈവാലയം

ബ്രിസ്‌ബെൻ: വിരലിലെണ്ണാവുന്നവർമാത്രം പങ്കെടുത്തിരുന്ന പ്രതിമാസ പ്രാർത്ഥനാകൂട്ടായ്മയിൽനിന്ന് ഇടവകസമൂഹമായി വളർന്ന ബ്രിസ്‌ബെൻ സൗത്ത് സെന്റ് തോമസ് സീറോ മലബാർ സമൂഹത്തിന് സ്വപ്‌നസാഫല്യം- ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ബ്രിസ്‌ബെൻ സൗത്തിലെ വിശ്വാസീസമൂഹത്തിന് ആരാധന നടത്താൻ ഇനി സ്വന്തം ദൈവാലയം. ഇടവകയുടെ വിശ്വാസവളർച്ചയ്ക്ക് സ്വന്തം ദൈവാലയം കരുത്തുപകരുമെന്ന പ്രതീക്ഷയിൽ അഭിമാനിക്കുകയാണ് അവിടത്തെ വിശ്വാസികൾ.

ഫാ. വർഗീസ് വവോലിൽ

നവംബർ നാല് വൈകിട്ട് പ്രാദേശിക സമയം 3.30നാണ് കൂദാശാ കർമം. മെൽബൺ സീറോ മലബാർ ബിഷപ്പ് മാർ ബോസ്‌ക്കോ പുത്തൂർ, ബ്രിസ്‌ബെൻ ആർച്ച്ബിഷപ്പ് മാർക് കോൾറിഡ്ജ് എന്നിവരുടെ കാർമികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിമധ്യേ, മാർ പൂത്തൂർ ദൈവാലയം കൂദാശ ചെയ്യും. ദിവ്യബലിധ്യേ വചനസന്ദേസം പങ്കുവെക്കുന്ന ആർച്ച്ബിഷപ്പ് മാർക് കോൾറിഡ്ജ്, കുട്ടികളുടെ വിശ്വാസപരിശീലനത്തിനായി ആരംഭിക്കുന്ന കാറ്റിക്കിസം സെന്ററിന്റെ കൂദാശാകർമവും നിർവഹിക്കും.

രൂപതാ വികാരി ജനറൽ ഫാ. ഫ്രാൻസിസ് കോലഞ്ചേരി, ചാൻസിലർ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, ബ്രിസ്‌ബെൻ അതിരൂപതാ വികാരി ജനറൽ ഫാ. പീറ്റർ മനേലി, കൂട്ടായ്മയിൽ സേവനംചെയ്തിരുന്ന ഫാ. തോമസ് അരീക്കുഴി, ഫാ. പീറ്റർ കാവുംപുറം എന്നിവർക്കൊപ്പം മെൽബൺ, ബ്രിസ്‌ബെൻ രൂപതകളിൽനിന്നുള്ള നിരവധി വൈദികരും സഹകാർമികരാകും. ഇതര സഭകളിൽനിന്നുള്ള വൈദികരുടെയും സാന്നിധ്യമുണ്ടാകും. തിരുക്കർമങ്ങളെ തുടർന്ന് കൃതജ്ഞതാസൂചകമായി ദൈവാലയത്തിന് ചുറ്റും ആഘോഷമായ പ്രദിക്ഷിണവും ക്രമീകരിച്ചിട്ടുണ്ട്.

തുടർന്ന്, മാർ പുത്തൂരിന്റെ അധ്യക്ഷതയിൽ സമ്മേളിക്കുന്ന പൊതുയോഗത്തിൽ വിവിധ രംഗങ്ങളിൽനിന്നുള്ള പ്രഗത്ഭർ പങ്കെടുക്കും. പ്രാദേശിക ഭരണകൂടത്തിന്റെ പ്രതിനിധികളുമുണ്ടാകും. തിരുക്കർമങ്ങലിലും പൊതുപരിപാടികളിലും പങ്കെടുക്കാനെത്തുന്ന വിശിഷ്ടാതിഥികൾ ഉൾപ്പെടെയുള്ളവർക്ക് ഊഷ്മള സ്വീകരണം ഒരുക്കാൻ വിശ്വാസീസമൂഹം തയാറെടുത്തുകഴിഞ്ഞെന്ന് വികാരി ഫാ. വർഗീസ് വവോലിൽ സൺഡേ ശാലോമിനോട് പറഞ്ഞു.

ഇടവകാംഗങ്ങളുടെ കൂട്ടായ പ്രാർത്ഥനയ്ക്കും പരിശ്രമത്തിനും ദൈവം നൽകിയ സമ്മാനമാണ് പുതിയ ദൈവാലയം. അധികൃതർ അടച്ചുപൂട്ടാൻ ഒരുങ്ങിയ ലൂഥറൻ ദൈവാലയം വിലയ്ക്കു വാങ്ങി സീറോ മലബാർ ആരാധനക്രമപ്രകാരം പുനർനിർമിക്കുകയായിരുന്നു. നാന്നൂറിൽപ്പരം പേർക്ക് ഇരിപ്പിട സൗകര്യമുള്ള ദൈവാലയത്തോട് ചേർന്ന് പള്ളിമേടയും 14 ക്ലാസ് മുറികളുള്ള ചൈൽഡ് കെയർ സെന്ററുമുണ്ട്.

ഈ ചൈൽഡ് കെയർ സെന്ററാണ് വിശ്വാസപരിശീലന ക്ലാസുകളാക്കി മാറ്റുന്നത്. കൂടാതെ, ഈ സ്ഥലം പാരിഷ് ഹാളായി ഉപയോഗിക്കാനുമാകും. ഏതാണ്ട് നാല് ഏക്കർ സ്ഥലത്താണ് ദൈവാലയം സ്ഥിതിചെയ്യുന്നതിനാൽ, ഭാവി വളർച്ചയ്ക്കും പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

രണ്ട് ഇടവകകളുടെ മാതാവ്-

ലൂർദ് മാതാ കമ്മ്യൂണിറ്റി

മലയാളി കുടിയേറ്റം ശക്തമായ 2004മുതൽ ആരംഭിക്കുന്നു ബ്രിസ്‌ബെനിലെ സീറോ മലബാർ കൂട്ടായ്മയുടെ നാൾവഴിചരിത്രം. ട്യൂമ്പ രൂപതയിൽ സേവനം ചെയ്തിരുന്ന എം.സി.ബി.എസ് സഭാംഗം ഫാ. തോമസ് അരൂക്കുഴിയുടെ ഇടപെടലാണ് അതിന് വഴിയൊരുക്കിയത്. അദ്ദേഹം സേവനം ആരംഭിച്ച 1995ൽ ബ്രിസ്‌ബെനിൽ രണ്ട് മലയാളി കുടുംബങ്ങളേ ഉള്ളൂ. അവരുമായുള്ള പരിചയമാണ് ബ്രിസ്‌ബെനിലെ മലയാളി കൂട്ടായ്മയ്ക്ക് തുടക്കമിടാൻ കാരണം. ലൂർദ് മാതാ കമ്മ്യൂണിറ്റി എന്നായിരുന്നു നാമധേയം.

‘2004ൽ കൂട്ടായ്മ ആരംഭിക്കുമ്പോൾ ഉണ്ടായിരുന്നത് 13 കുടുംബങ്ങളാണ്. ജസ്യൂട്ട് സഭയുടെ കീഴിലുള്ള ടുവോങ്ങ് സെന്റ് ഇഗ്‌നേഷ്യസ് ദൈവാലയത്തിലാണ് മാസത്തിലൊരിക്കൽ ഞങ്ങൾ കൂടിച്ചേർന്നത്. ആദ്യകാലത്ത് സീറോ മലബാർ സഭാംഗങ്ങൾക്കു പുറമെ ഇതര സഭാംഗങ്ങളായ മലയാളികളും ദിവ്യബലിയർപ്പണത്തിലും ഇതര ശുശ്രൂഷകളിലും പങ്കെടുക്കാനെത്തിയിരുന്നു. വീട്ടിൽനിന്ന് ഓരോരുത്തരും കൊണ്ടുവരുന്ന ഭക്ഷണം പങ്കുവെച്ച് കഴിഞ്ഞശേഷമാണ് ഞങ്ങൾ പിരിഞ്ഞിരുന്നത്,’ ഏതാണ്ട് 10 വർഷം കൂട്ടായ്മയെ നയിച്ച ഫാ. തോമസ് ഓർത്തെടുത്തു.

കേരളത്തിൽനിന്നുമാത്രമല്ല ഇതര രാജ്യങ്ങളിൽനിന്നുള്ള മലയാളികളുടെ കുടിയേറ്റം വർദ്ധിച്ചതോടെ വലിയ ദൈവാലയം ആവശ്യമായി വന്നു. ഉദ്യോഗം തേടിയെത്തുന്നവർ മാത്രമല്ല വിദ്യാർത്ഥികളുടെ കുടിയേറ്റവും ശക്തമായ നാളുകളായിരുന്നു അത്. ബ്രിസ്‌ബെൻ അതിരൂപതയ്ക്കു കീഴിലെ ന്യൂ ഫാം ഹോളി സ്പിരിറ്റ് ദൈവാലയത്തിലേക്ക് പ്രതിമാസ കൂട്ടായ്മ മാറ്റിയ 2007ൽ ബ്രിസ്‌ബെനിലെ മലയാളി കുടുംബങ്ങളുടെ എണ്ണം 300 ആയി വളർന്നിരുന്നു.

മാസത്തിലൊരിക്കൽ മാത്രമായിരുന്ന ശുശ്രൂഷകൾ മാസത്തിൽ രണ്ടായി ഉയർന്നു. അതോടൊപ്പം കുട്ടികളുടെ വിശ്വാസപരിശീലനത്തിനും തുടക്കം കുറിച്ചു. ക്രിസ്മസ്, ഈസ്റ്റർ, വിശുദ്ധരുടെ തിരുനാളുകൾ എന്നിവയോട് അനുബന്ധിച്ച് നടത്തിയിരുന്ന തിരുക്കർമങ്ങളിലെ വിശ്വാസികളുടെ പങ്കാളിത്തത്തെ ഇംഗ്ലീഷ് സമൂഹം അത്ഭുതത്തോടെയും ആദരവോടെയുമാണ് വീക്ഷിച്ചിരുന്നതെന്നും ഫാ. തോമസ് പറയുന്നു.

2009ൽ ഫാ. ആന്റണി വടകര സി.എം.ഐ കൂട്ടായ്മയിൽ സേവനം ആരംഭിച്ചു. കുടിയേറ്റം കൂടുതൽ ശക്തമാവുകയും ബ്രിസ്‌ബെയ്‌ന്റെ ഇതര ഭാഗങ്ങളിലേക്കുകൂടി അത് വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലൂർദ് മാതാ കമ്മ്യൂണിറ്റിയെ രണ്ട് കൂട്ടായ്മകളായി തിരിച്ചത് ബ്രിസ്‌ബെയ്ൻ നോർത്തിൽ സെന്റ് അൽഫോൻസാ കമ്മ്യൂണിറ്റി; ബ്രിസ്‌ബെയ്ൻ സൗത്തിൽ സെന്റ് തോമസ് കമ്മ്യൂണിറ്റി. ഏതാണ്ട് 250ൽപ്പരം കുടുംബങ്ങളാണ് ഓരോ കമ്മ്യൂണിറ്റിയിലും ഉണ്ടായിരുന്നത്. ഗോൾഡ് കോസ്റ്റിലേക്ക് ഫാ. ആന്റണി സ്ഥലം മാറിപ്പോയതിനെതുടർന്ന് ഫാ. തോമസ് ബ്രിസ്‌ബെയ്ൻ സൗത്തിന്റെ ചുമതല വീണ്ടും ഏറ്റെടുത്തു.

ആരംഭിച്ചു, ഇടവകചരിത്രം

കൂട്ടായ്മ 10-ാം പിറന്നാൾ ആഘോഷിച്ച 2014ൽ ഓസ്‌ട്രേലിയയിൽ സീറോ മലബാർ സഭയ്ക്ക് അജപാലനാധികാരം ലഭിച്ചു എന്നത് മറ്റൊരു ദൈവപദ്ധതി. 2014 മാർച്ച് 25ന് മെൽബൺ സീറോ മലബാർ രൂപത സ്ഥാപിതമായതോടെയാണ് സെന്റ് തോമസ് കൂട്ടായ്മയുടെ നാൾവഴിയിൽ പുതിയ അധ്യായം തുടങ്ങിയത്. ഫാ. പീറ്റർ കാവുംപുറം ചാപ്ലൈനായി നിയമിതനായതോടെ അനുദിനം ദിവ്യബലിയർപ്പണം സാധ്യമായി. ക്യൂൻസ്‌ലാൻഡ് സ്റ്റേറ്റിലെ എപ്പിസ്‌ക്കോപ്പൽ വികാരിയും ബ്രിസ്ബയ്‌നിലെ വിവിധ സീറോ മലബാർ കമ്മ്യൂണിറ്റികളുടെ ചാപ്ലൈനുമായിട്ടായിരുന്നു നിയമനം. 2015 ജൂലൈ അഞ്ചിന് ഇടവകയായി ഉയർത്തപ്പെട്ടു. കൂട്ടായ്മയുടെ ആരംഭനാളുകളിൽതന്നെ നാമ്പിട്ട, സ്വന്തം ദൈവാലയം എന്ന ആഗ്രഹം തീവ്രമായതും അന്നാളുകളിലാണ്.

രണ്ടു വർഷത്തെ സേവനം പൂർത്തിയാക്കി ഫാ. പീറ്റർ സ്ഥലംമാറിയതോടെ 2016 ജൂൺ 29ന് ഫാ. വർഗീസ് വാവോലിൽ വികാരിയായി നിയമിതനായി. ദൈവാലയമാക്കി മാറ്റാനുതകുന്ന കെട്ടിടത്തിനായുള്ള അന്വേഷണവും വ്യാപകമായി. കൂട്ടായ പ്രാർത്ഥനയ്ക്കും പരിശ്രമത്തിനുംമേൽ ദൈവം കയ്യൊപ്പുചാർത്തിയതിന്റെ ഫലമാണ് കൂദാശയ്‌ക്കൊരുങ്ങുന്ന പുതിയ ദൈവാലയം. തോമസ് കാച്ചപ്പിള്ളി, രജി കൊട്ടുകാപ്പള്ളി എന്നിവർ കൺവീനറും സോണി കുര്യൻ ജോയിന്റ് കൺവീനറുമായ ചർച്ച് ഡവലപ്‌മെന്റ് കമ്മിറ്റി 2017ൽ ലൂഥറൻ ദൈവാലയം വാങ്ങി പുനർനിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇപ്പോഴത്തെ കൈക്കാരന്മാരായ ബാജി ഇട്ടീര, ജോസ് ആനിത്തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്.

‘ഇടവകാംഗങ്ങളുടെ പ്രാർത്ഥനാനിർഭരമായ കാത്തിരിപ്പിന് ദൈവം തന്ന സമ്മാനംതന്നെയാണ് ഈ ദൈവാലയം. സാമ്പത്തിക നീക്കിയിരിപ്പുകൾ ഇല്ലാതിരുന്നിട്ടും മനോഹരമായ ഈ ദൈവാലയം സ്വന്തമാക്കാനായത് ദൈവാനുഗ്രഹം കൊണ്ടുമാത്രമാണ്. സ്വന്തം നാടും വീടും ഉപേക്ഷിച്ച് അപരിചതമായ ഈ നാട്ടിലേക്ക് കുടിയേറിയ മലയാളികളിലൂടെ ഈ നാടിന്റെ പുനസുവിശേഷീകരണം ദൈവം ലക്ഷ്യമിടുന്നതിന്റെ സൂചനയായി ഇതിനെ നാം ഉൾക്കൊള്ളണം,’ ഫാ. വർഗീസ് കൂട്ടിച്ചേർത്തു.

300 കുടുംബങ്ങളിലായി ഏതാണ്ട് ആയിരം അംഗങ്ങളുള്ള കൂട്ടായ്മയാണ് ഇന്ന് സെന്റ് തോമസ് ഇടവക. 417 കുട്ടികൾ മതബോധനം നടത്തുന്ന ഇടവകയിൽ സീറോ മലബാർ യുവജന വിഭാഗം, മാതൃവേദി എന്നീ സംഘടനകളും സജീവമാണ്. ഇക്കാലമത്രയും ആരാധന നടത്താൻ സൗകര്യമൊരുക്കിയ ഹോളണ്ട് പാർക് സെന്റ് ജൊവാക്കിം ദൈവാലയത്തിന്റെ അധികാരികൾക്കും വിശ്വാസീസമൂഹത്തിനും നന്ദിയർപ്പിച്ചാണ് സെന്റ് തോമസ് സീറോ മലബാർ സമൂഹം പുതിയ ദൈവാലയത്തിലേക്ക് പ്രവേശിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?