Follow Us On

19

January

2019

Saturday

ലക്ഷ്യം ദൈവരാജ്യം

ലക്ഷ്യം ദൈവരാജ്യം

സഭയിലെ പ്രമുഖ വിദ്യാഭ്യാസ പണ്ഡിതനായ
ഫാ. ജോണ്‍ വടക്കുംമൂലക്ക് ജീവിതത്തിന്റെ
പിന്നിട്ട എണ്‍പതു വര്‍ഷങ്ങള്‍ ദൈവാനുഗ്രഹത്തിന്റെ
അവിസ്മരണീയ ദിനങ്ങളാണ്

വിശുദ്ധരായി സഭ പ്രഖ്യാപിച്ച് വണങ്ങുന്ന രണ്ടു മാര്‍പാപ്പമാരെ അടുത്തു കാണുവാനും മോതിരം ചുംബിച്ച് അനുഗ്രഹം നേടുവാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യനിമിഷങ്ങളായിരുന്നു. പ്രത്യേക അനുഗ്രഹത്താല്‍ രണ്ടു മാര്‍പാപ്പമാരോടും സംസാരിക്കാനും അവസരം കിട്ടി. തലശേരി അതിരൂപത വൈദികനും സഭയിലെ പ്രമുഖ വിദ്യാഭ്യാസ പണ്ഡിതനുമായ ഫാ. ജോണ്‍ വടക്കുംമൂല ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ കാണുന്നതെല്ലാം നന്മയുടെ നറുനിലാവ്.
കഴിഞ്ഞ എണ്‍പതു വര്‍ഷങ്ങള്‍ ദൈവാനുഗ്രഹത്തിന്റെ അവിസ്മരണീയ ദിനങ്ങള്‍ മാത്രമാണെന്നാണ് അദേഹം പറയുന്നത്.”അതെ, ഓരോ ദിവസവും അവിടുന്ന് തന്നെ എന്റെ ജീവിതത്തില്‍ ഇടപെട്ടു. ഞാന്‍ കാണാത്ത വഴികളിലൂടെ അവിടുന്ന് എന്നെ കൈപിടിച്ച് നയിച്ചു. കുഴികളില്‍ വീണു ഞാന്‍ തകരാതിരിക്കാന്‍ യേശുവും പരിശുദ്ധ അമ്മയും എന്നെ ചേര്‍ത്തുപിടിച്ചു” ; അച്ചന്‍ പറയുന്നു.
”ബാല്യത്തില്‍ തന്നെ വിദൂരദേശത്ത് എവിടെയെങ്കിലുംപോയി ഒരു മിഷനറിയായി ജീവിക്കണമെന്നായിരുന്നു ആഗ്രഹം. പ്രാര്‍ത്ഥിച്ചും ചിന്തിച്ചും മുതിര്‍ന്നവരോട് ആലോചിച്ചുമായിരുന്നു ദൈവവിളി സ്വീകരിക്കാന്‍ തീരുമാനിച്ചത്. കുടുംബത്തിലെ ക്രിസ്തീയ ചൈതന്യവും മാതാപിതാക്കളുടെ മാതൃകയും പ്രാര്‍ത്ഥനയും സഹോദരങ്ങളുടെ സ്‌നേഹവായ്പും അനുനിമിഷം പൗരോഹിത്യ വിളിയിലേക്ക് നയിക്കുകയായിരുന്നു.” ഫാ.വടക്കുംമൂല പറയുന്നു.
തലശേരി അതിരൂപതയില്‍ 54 വര്‍ഷത്തെ പൗരോഹിത്യ ശുശ്രൂഷാനുഭവമുണ്ട്. പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പള്ളിക്കൊപ്പം മലബാറിലെ ആദ്യകാല സഭാശുശ്രൂഷകളുടെ പ്രതിസന്ധികളും ദുഃഖദുരിതങ്ങളും അനുഭവിക്കാനായി. ലോകമെങ്ങുമുള്ള അനേകം മഹാത്മാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും സഭാപിതാക്കന്മാരുടെ അനുഗ്രഹം നേടാനും കഴിഞ്ഞത് വലിയ ഭാഗ്യമായി.
കേരള കത്തോലിക്ക സഭയുടെ അഭിമാന സ്ഥാപനമായ കൂത്തുപറമ്പ് നിര്‍മലഗിരി കോളജിന്റെ ഓരോ മണ്‍ത്തരിക്കും ഫാ. ജോണ്‍ വടക്കുംമൂലയെക്കുറിച്ച് അഭിമാനമുണ്ട്. 1968 നവംബര്‍ 29-ന് കൂത്തുപറമ്പ് കോളജിന്റെ പുതിയ കെട്ടിടനിര്‍മാണ ചുമതലയുമായി നിര്‍മലഗിരി കോളജിന്റെ പടി കയറിയ ഫാ. ജോണ്‍ വടക്കുംമൂല 1995 മാര്‍ച്ച് 30-ന് കോളജ് പ്രിന്‍സിപ്പലായി എട്ടുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടാണ് ഔദ്യോഗിക ചുമതലയില്‍നിന്നും വിരമിച്ചത്.
പൗരോഹിത്യത്തിനുശേഷം ആദ്യ ഒരു വര്‍ഷം വെള്ളരിക്കുണ്ട്-മാലോം മേഖലയിലും കോളജില്‍നിന്ന് വിരമിച്ചശേഷം 1995 മെയ് 13 മുതല്‍ 98 ജൂണ്‍ 30 വരെ മൂന്നു വര്‍ഷം ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരിയായുമാണ് ഇടവകയില്‍ അജപാലന ശുശ്രൂഷ ചെയ്തത്. ബാക്കി കാലങ്ങളത്രയും കൂത്തുപറമ്പ് കോളജിലും തലശേരി അതിരൂപത കോര്‍പ്പറേറ്റ് മാനേജരുമായിട്ടാണ് സേവനം ചെയ്തത്. മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജോര്‍ജ് ഞരളക്കാട്ട് എന്നീ പിതാക്കന്മാര്‍ക്കൊപ്പം ശുശ്രൂഷ ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.
ബാല്യകാലങ്ങള്‍
കടുത്തുരുത്തിക്കടുത്ത് മാന്നാറില്‍ വടക്കുംമൂലയില്‍ ജോര്‍ജ്-ഏലിക്കുട്ടി ദമ്പതികളുടെ മകനായി 1839 സെപ്റ്റംബര്‍ 23-നായിരുന്നു ജനനം. 1945 മുതല്‍ 50 വരെ ഗവണ്‍മെന്റ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഇംഗ്ലീഷ് സ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി പാസായി. അക്കാലത്ത് ഇംഗ്ലീഷ് മീഡിയം എസ്.എസ്.എല്‍.സി പരീക്ഷ ഉന്നത നിലയില്‍ പാസാകുകയെന്നത് അപൂര്‍വമായ ഭാഗ്യമായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ ഇന്ത്യന്‍ ഭരണസംവിധാനത്തില്‍ ഉന്നത നിലയില്‍ ഉദ്യോഗം നേടാന്‍ കഴിയുന്നതായിരുന്നു ഈ വിജയം. പഠനത്തിലും പാഠ്യേതര രംഗങ്ങളിലും മികവ് തെളിയിച്ച വിദ്യാര്‍ത്ഥിയായിരുന്നു ജോണ്‍. എന്നാല്‍ അദേഹം ഭൗതിക ഉയര്‍ച്ചയെക്കാളും വിലമതിച്ചത് ദൈവവേലക്കായിരുന്നു. അന്ന് തലശേരി അതിരൂപത സ്ഥാപിതമായി അധികകാലമായിരുന്നില്ല. വൈദികരുടെ കുറവ് രൂപതയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചുതുടങ്ങിയ കാലം.
പാലായില്‍വച്ച് മാര്‍ വള്ളോപ്പിള്ളി പിതാവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ അദേഹം പറഞ്ഞതും ഇതൊക്കെ തന്നെയായിരുന്നു. അങ്ങനെ തലശേരി രൂപതയ്ക്കായി പൗരോഹിത്യ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. തലശേരിക്ക് സെമിനാരി ഇല്ലാതിരുന്നതിനാല്‍ പാലാ രൂപത മൈനര്‍ സെമിനാരിയിലാണ് പഠനം ആരംഭിച്ചത്. മലബാറിനെക്കുറിച്ചും തലശേരി രൂപതയെക്കുറിച്ചും കേട്ടറിവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അക്കാലത്ത് മലബാര്‍ യാത്ര തിരുവിതാംകൂറുകാര്‍ക്ക് സാഹസികമായിരുന്നു. കടുത്തുരുത്തിയില്‍നിന്ന് മലബാറിലെത്താന്‍ എറണാകുളത്ത് വന്ന് ട്രെയിന്‍ കയറണം. ആറുരൂപയായിരുന്നു തീവണ്ടി ചാര്‍ജ്. ഭാഷയും സംസ്‌കാരവും കാലവസ്ഥയുമെല്ലാം വ്യത്യസ്തമായിരുന്നു. തലശേരിയിലേക്കുള്ള മറ്റ് വൈദികവിദ്യാര്‍ത്ഥികളും പാലായിലാണ് പഠിച്ചത്. 1956 ജൂണ്‍ 13 മുതല്‍ 58 മാര്‍ച്ച് വരെയായിരുന്നു സെമിനാരി പഠനം. തുടര്‍ന്ന് ജൂണ്‍ മുതല്‍ 65 വരെ ആലുവ സെന്റ് ജോസഫ്‌സ് മേജര്‍ സെമിനാരി, മംഗലപ്പുഴ മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍ പരിശീലനം. 1964 ഡിസംബര്‍ ഒന്നിന് മുംബൈയില്‍വച്ച് വൈദികപട്ടം സ്വീകരിച്ചശേഷം 65-ന് തുടര്‍പഠനം പൂര്‍ത്തിയാക്കി.
പൗരോഹിത്യകാലം
മുപ്പത്തിയെട്ടാമത് സാര്‍വദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിനിടെ 1964 ഡിസംബര്‍ ഒന്നിനായിരുന്നു പൗരോഹിത്യം സ്വീകരിച്ചത്. എറണാകുളം അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന മെത്രാന്മാരുടെ സമൂഹബലിക്കിടെയായിരുന്നു പട്ടം സ്വീകരിച്ചത്. നൂറിലധികം ഡീക്കന്മാര്‍ക്ക് അതാതു രൂപതാ മെത്രാന്മാര്‍ പട്ടം നല്‍കി. തലശേരി രൂപതയില്‍നിന്ന് ഫാ. ജോര്‍ജ് നരിപ്പാറ, ഫാ. തോമസ് തൈത്തോട്ടം തുടങ്ങി 15 പേരായിരുന്നു പട്ടം സ്വീകരിച്ചത്. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു കാവുകാട്ട് രോഗംമൂലം എത്തിയിരുന്നില്ല.
ഇടവകപ്പള്ളിയിലെ ദിവ്യബലിക്കുശേഷം വീണ്ടും ആലുവ സെമിനാരിയിലേക്ക് മടങ്ങി. 1965 മാര്‍ച്ച് 19-ന് പുതുതായി പട്ടം സ്വീകരിച്ച 15പേരും തലശേരിയില്‍ പിതാവിന്റെയടുക്കല്‍ ഒന്നിച്ചുകൂടി. പിറ്റേന്ന് സെന്റ് ജോസഫ്‌സ് കത്തീഡ്രലലില്‍ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി. തുടര്‍ന്ന് ഓരോത്തര്‍ക്കും നിയമന ഉത്തരവ് നല്‍കി. ഫാ. ജോണ്‍ വടക്കുംമൂലക്ക് വെള്ളരിക്കുണ്ട് മേഖലയിലേക്കായിരുന്നു നിയമനം. ഫാ. മാത്യു എം. ചാലിലായിരുന്നു അന്നവിടെ വികാരി. വെള്ളരിക്കുണ്ട്, ബളാല്‍, എണ്ണപ്പാറ, ഭീമനടി, മാലോം, കൊട്ടോടി, കാഞ്ഞിരടുക്കം, മാവുള്ളാല്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു ശുശ്രൂഷാമേഖല. മിക്കയിടങ്ങളിലും താല്‍ക്കാലിക ഷെഡുകള്‍ പണിത് വിശുദ്ധ കുര്‍ബാനയും തിരുക്കര്‍മങ്ങളും ആഴ്ചയില്‍ ഒരു ദിവസം കണക്കാക്കി നടത്തിയിരുന്നു. സണ്‍ഡേ സ്‌കൂള്‍ പ്രവര്‍ത്തനവും കുടുംബകൂട്ടായ്മകളും നടത്തിയിരുന്നു. കുറച്ച് ആഴ്ചകള്‍ക്കുശേഷം വടക്കുംമൂലയച്ചന്‍ മാലോം (വള്ളിക്കടവ്) സെന്റ് ജോര്‍ജ് പള്ളിയിലേക്ക് താമസം മാറ്റി.
1965 ഏപ്രില്‍ ഒന്നുമുതല്‍ വള്ളോപ്പിള്ളി പിതാവ് വെള്ളരിക്കുണ്ട് മേഖലയില്‍ ഒരാഴ്ച സന്ദര്‍ശനം നടത്തി. പിതാവിനൊപ്പം ജീപ്പില്‍ എല്ലായിടങ്ങളിലും വടക്കുംമൂലയച്ചനുമുണ്ടായിരുന്നു. ഒരിടത്തുനിന്ന് പുറപ്പെട്ടാല്‍ അടുത്ത സ്ഥലത്തെത്തുംവരെ ജപമാല ചൊല്ലിക്കൊണ്ടായിരുന്നു യാത്ര. ദീര്‍ഘയാത്രയാണെങ്കില്‍ നാലും അഞ്ചും മുഴുവന്‍കൊന്ത ചൊല്ലിയിരുന്നു. പ്രാര്‍ത്ഥനയില്ലാത്ത സമയങ്ങളില്‍ പിതാവ് പല കാര്യങ്ങളും പറയുമായിരുന്നു.
പിന്നീട് വിശുദ്ധരായിത്തീര്‍ന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയുടെയും വിശുദ്ധ ജോണ്‍പോള്‍ മാര്‍പാപ്പയുടെയും അനുഗ്രഹം നേടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി അദേഹം കരുതുന്നു. 1987 ഒക്‌ടോബര്‍ ആറിനാണ് കോളജ് പ്രിന്‍സിപ്പലാകുന്നത്. കണ്ണൂര്‍ ആസ്ഥാനമായി വടക്കേ മലബാറില്‍ യൂണിവേഴ്‌സിറ്റിയെന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ അദേഹം കഠിനമായി പരിശ്രമിച്ചു. ഇതിനായി രൂപീകരിച്ച മൂന്നംഗ കമ്മിറ്റിയില്‍ അച്ചന്‍ അംഗമായിരുന്നു. കോളജ് പ്രിന്‍സിപ്പലായിരിക്കെ ഔദ്യോഗിക സമ്മേളനങ്ങള്‍ക്ക് ഉള്‍പ്പെടെ നിരവധി വിദേശ രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ കഴിഞ്ഞു.
മാലോത്തും ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരിയായും ഇടവക ശുശ്രൂഷയില്‍ വലിയ സേവനങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു.
ചെറുപുഴയില്‍ ഒരു കോളജിനായി 17 ഏക്കര്‍ ഭൂമി പള്ളിയ്ക്കടുത്ത് സൗകര്യപ്രദമായ ഭാഗത്ത് വാങ്ങി. പക്ഷേ കോളജ് അനുവദിച്ചു കിട്ടിയില്ല. 1998 മുതല്‍ 2001 വരെ തലശേരി കോര്‍പ്പറേറ്റ് മാനേജരായും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു.
ലോകത്തെവിടെ പോയാലും വലിയ ശിഷ്യസാന്നിധ്യം ഉണ്ടാകുന്നത് അപൂര്‍വ്വ ഭാഗ്യമാണ്. 2018 സെപ്റ്റംബര്‍ 23-ന് കോളജിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് എണ്‍പതാം ജന്മദിനം വിപുലമായി ആഘോഷിച്ചു. കരുവന്‍ചാല്‍ ചെറുപുഷ്പ പാരീഷ് ഹാളിലായിരുന്നു ചടങ്ങ്. പൂര്‍വവിദ്യാര്‍ത്ഥിയായ വികാരി ഫാ. മാത്യു പാലമറ്റം ദീപം തെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍. അലക്‌സ് താരാമംഗലം ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.
ദീര്‍ഘകാല പൗരോഹിത്യ ശുശ്രൂഷയില്‍ കിട്ടുന്ന എല്ലാ അവസരങ്ങളും ദൈവമഹത്വത്തിന് സാക്ഷ്യമേകാന്‍ ശ്രമിച്ചിട്ടുണ്ട്. വചനപ്രഘോഷണവും ദൈവമാതാവിന്റെ ഭക്തിപ്രചാരണവും ജീവിതലക്ഷ്യമായി കണ്ടായിരുന്നു ജീവിതം. നേരത്തെ ഒരിക്കലും കണ്ടിട്ടില്ലാതിരുന്ന മലബാറിലേക്ക് ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ച് കടന്നുവരികയായിരുന്നു. അത് നാട്ടിലോ വീട്ടിലോ എന്തെങ്കിലും സംഭവമുണ്ടായാല്‍ മാസങ്ങള്‍ കഴിഞ്ഞേ അറിയുമായിരുന്നുള്ളൂ. ഇന്നിപ്പഴാകട്ടെ, ലോകത്തെവിടെയായിരുന്നാലും അപ്പഴപ്പോള്‍ തന്നെ എല്ലാ വിവരങ്ങളും കാണാനും കേള്‍ക്കാനും കഴിയുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ അഭിമാനിക്കാന്‍ കഴിയുന്ന വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ ദൈവം അനുഗ്രഹിച്ചു. ആയിരക്കണക്കായ ശിഷ്യസമ്പത്തുതന്നെ ഏറ്റവും വലിയ മുതല്‍ക്കൂട്ടാണ്.

പ്ലാത്തോട്ടം മാത്യു

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?