Follow Us On

26

March

2019

Tuesday

ഓര്‍മ്മക്കൂട്ട്‌

ഓര്‍മ്മക്കൂട്ട്‌

കുമ്പസാരക്കൂട് കൊടുത്ത ശിക്ഷ
ചില ശിക്ഷകള്‍ ദൈവം അപ്പപ്പോള്‍ തന്നെ നല്‍കുമെന്ന് പറയാറില്ലേ? എന്നാല്‍ ഇതൊരു പഴമൊഴിയല്ലെന്നാണ് ജര്‍മനിയിലെ ബാംബെര്‍ഗ് രൂപതയില്‍ ഏബെര്‍മാന്‍ഷാഫ്‌റ് എന്ന സ്ഥലത്തുള്ള ജനങ്ങള്‍ വിശ്വസിക്കുന്നത്. അതിന് കാരണം ഈ അടുത്ത കാലത്ത് നടന്നൊരു സംഭവമാണ്.
14 വയസുകാരനായൊരു യുവാവും മറ്റു രണ്ട് മുതിര്‍ന്ന കൂട്ടുകാരുംകൂടി ആരുമില്ലാത്ത സമയത്ത് ഏബെര്‍മാന്‍ഷാഫ്‌റ് ദൈവാലയത്തിലെത്തി. അവരുടെ ലക്ഷ്യം ദൈവാലയത്തിലെ എന്തെങ്കിലും വിശുദ്ധ വസ്തുക്കള്‍ തകര്‍ക്കണമെന്നത് മാത്രമായിരുന്നു. അങ്ങനെ ചുറ്റും പരതുമ്പോഴാണ് ഗ്ലാസിട്ട് മനോഹരമാക്കിയ കുമ്പസാരക്കൂട് കാണുന്നത്. അതുതന്നെ ആക്രമിക്കാമെന്നായി 14-കാരന്‍. കുമ്പസാരക്കൂടിന്റെ മുമ്പില്‍ ഘടിപ്പിച്ചിരുന്ന ഗ്ലാസ് മുഷ്ടി ചുരുട്ടി അവന്‍ ഇടിച്ച്‌പൊട്ടിക്കുമ്പോള്‍, പൊട്ടിയ ഗ്ലാസുകള്‍ക്കിടയില്‍ കൈകള്‍ കുടുങ്ങി. കൈത്തണ്ട ചോരയില്‍ നിറഞ്ഞു. പുറത്തേക്ക് കൈകള്‍ എടുക്കാന്‍ പറ്റാത്ത അവസ്ഥയായി. ഗുരുതരമായി പരുക്കേറ്റെന്നു മനസിലാക്കിയ കൂട്ടുകാരാണ് പോലീസിനെ വിളിച്ചതും 14 കാരനെ ആശുപത്രിയിലാക്കിയതും. പിന്നീട് കൂട്ടുകാരെ കൊണ്ടുപോയി പോലീസ് തെളിവെടുപ്പ് നടത്തിയപ്പോള്‍ ഏവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു അവരുടെ മറുപടി. ”വിരസത മാറ്റാന്‍ പള്ളിയില്‍ കയറിയതാണെന്നും, ദൈവത്തെ വെല്ലുവിളിക്കാന്‍ വേണ്ടി ചെയ്തതാണെന്നുമാണ്” അവര്‍ പറഞ്ഞത്. ഏതായാലും 18 വയസിനു താഴെയുള്ള കുട്ടികള്‍ ആയതിനാലും, ശിക്ഷ ദൈവം തന്നെ കൊടുത്തു എന്ന് ഗ്രാമവാസികള്‍ വിശ്വസിക്കുന്നതിനാലും പോലീസിന് വേറെ കേസ് ഒന്നും എടുക്കേണ്ടിവന്നില്ല. എന്നാല്‍ നിയമം അനുശാസിക്കുന്ന ക്ലാസുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.
ചിലപ്പോള്‍ ദൈവത്തെ പരീക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടിയുണ്ടെന്നുള്ള സത്യം മറന്നുപോകാതിരിക്കുക.
ഇങ്ങനെയും ചിലരുണ്ട്…
ഫാ.ജോസഫ് വയലില്‍ സി.എം.ഐ ഒരിക്കല്‍ പറഞ്ഞൊരു സംഭവം കുറിക്കാം. അദേഹം പ്രമുഖമായൊരു കോളജില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന കാലത്ത് നടന്ന സംഭവമാണിത്. എം.എ, എം.എസ്‌സി തുടങ്ങിയ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുകയാണപ്പോള്‍. അഡ്മിഷന് വന്ന ഒരു മകളും അപ്പനും അച്ചനുമുന്നിലുണ്ട്. പരിചയപ്പെടാനും വിദ്യാര്‍ത്ഥിയുടെ ടെന്‍ഷന്‍ മാറാനുമൊക്കെയായി പേര്, സ്ഥലം, പഠിച്ച കോളജ് ഇങ്ങനെ ചില ചോദ്യങ്ങളൊക്കെയാണ് അച്ചന്‍ അപ്പോള്‍ ചോദിച്ചത്. പക്ഷേ അതിനൊക്കെ ഉത്തരം പറഞ്ഞത് കുട്ടിയുടെ അപ്പന്‍. അച്ചന്‍ വിദ്യാര്‍ത്ഥിനിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ചോദിച്ചു, എന്നാല്‍ അത് സൂക്ഷിച്ചതും എടുത്ത് കൊടുത്തതും അപ്പന്‍. വിദ്യാര്‍ത്ഥിനി വെറുതെ കസേരയില്‍ ഇരുന്നുവെന്ന് മാത്രം. ഇത്രയുമായപ്പോള്‍ അച്ചന്‍ കുറച്ച് ഗൗരവത്തില്‍ അപ്പനോട് പറഞ്ഞു: ”എം.എസി അഡ്മിഷന് വന്നത് മകളാണല്ലോ? അപ്പനല്ലല്ലോ… അതിനാല്‍ ഇനി ചോദിക്കുന്നതിന് മകള്‍ മറുപടി പറയട്ടെ?”
ജാള്യതയോടെ ആ കുട്ടിയുടെ അപ്പന്‍ മറുപടി പറഞ്ഞു: ”അച്ചാ, അവള് കൊച്ചല്ലേ?”
അച്ചന്‍ പിന്നീട് ഒന്നും പറഞ്ഞില്ല. എന്നാല്‍ ഈ മകള്‍ കോളജില്‍ ചേര്‍ന്നു. പഠനം പൂര്‍ത്തിയാകുന്നതിനുമുമ്പേ വിവാഹം നടന്നു. കുഞ്ഞും ജനിച്ചു. അപ്പന്‍ കൊച്ച് എന്ന് വിളിച്ച മകള്‍, സ്വന്തം കൊച്ചിനെയുമായി പിന്നീട് പരീക്ഷ എഴുതാന്‍ വരുന്നത് കണ്ടു! അതെ, അപ്പന്‍ കൊച്ച് എന്ന് വിളിക്കുമ്പോള്‍, മകള്‍ കൊച്ച് ആയിരുന്നില്ല; വിവാഹപ്രായം എത്തിയ മകള്‍ ആയിരുന്നു; എം.എസിക്ക് പ്രവേശനം നേടിയ മകള്‍ ആയിരുന്നു. ഈ പ്രായത്തിലും മാതാപിതാക്കള്‍ക്ക് മക്കളെ മോന്‍, മോള് എന്നൊക്കെ വിളിക്കാം. പക്ഷേ കുഞ്ഞ്, മോന്‍, മോള്‍ എന്നൊക്കെ വിളിക്കുന്ന വ്യക്തി പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്ന് മറക്കരുത്. ആ പ്രായത്തിനൊപ്പിച്ച് പെരുമാറാനുള്ള കഴിവും പ്രായോഗികബുദ്ധിയും ആ പ്രായത്തില്‍ ചെയ്യാവുന്നതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ ചെയ്യുവാനുള്ള പ്രാപ്തിയുമെല്ലാം ഈ മോനും മോള്‍ക്കും വേണം. കാര്യപ്രാപ്തിയിലേക്കും ഉത്തരവാദിത്വബോധത്തിലേക്കും മക്കളെ വളര്‍ത്തണം.
അങ്ങനെ വളര്‍ത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നില്ലെങ്കില്‍ മക്കള്‍ ഒരിക്കലും സ്വന്തം കാര്യങ്ങള്‍ ചെയ്യാനുള്ള ധൈര്യത്തിലേക്കും ഉത്തരവാദിത്വത്തിലേക്കും വളരുകയില്ല. ഇന്നലെവരെ എല്ലാം മാതാപിതാക്കള്‍ ചെയ്തുകൊടുത്തു; നാളെമുതല്‍ എല്ലാം സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്യണം എന്ന അവസ്ഥ ഒരുനാള്‍ വരും. അവിടെ പലരും പതറുന്നു. മനോബലം നഷ്ടപ്പെടുന്നു. അതിനാല്‍ മക്കളെ ഉത്തരവാദിത്വബോധത്തോടെ തന്നെ വളര്‍ത്തുക.
ചരിത്ര ദമ്പതികള്‍
ഇരുപതാം നൂറ്റാണ്ടിലെ പല ദുരന്തങ്ങളും കണ്ടിട്ടുണ്ടെങ്കിലും 21-ാം നൂറ്റാണ്ട് തങ്ങളുടെ പേര് ചരിത്രത്താളുകളില്‍ അടയാളപ്പെടുത്തുമെന്ന്1942 ല്‍ വിവാഹിതരായ ഹാര്‍വ്വേയും ഇര്‍മയും സ്വപ്‌നംപോലും കണ്ടിട്ടുണ്ടാവില്ല.
75-ാം വിവാഹവാര്‍ഷികമൊക്കെ ആഘോഷിച്ച് ഹാപ്പിയായിരിക്കുമ്പോഴായിരുന്നു തങ്ങളുടെ പേരില്‍ പുതിയ കൊടുങ്കാറ്റെത്തുന്ന കാര്യം അവര്‍ അറിയുന്നത്. തങ്ങളുടെ പേരാണ് ഈ കാറ്റുകള്‍ക്ക് തെരഞ്ഞെടുത്തത് എന്ന് കേട്ട് അവര്‍ അത്ഭുതപ്പെട്ടു. അമേരിക്കയെ പിടിച്ചുലച്ച രണ്ടു ചുഴലിക്കൊടുങ്കാറ്റുകള്‍ക്കും കൃത്യമായി എങ്ങനെ തങ്ങളുടെ പേര് വന്നുവെന്ന് ഒരു പിടിയുമില്ലെന്ന് ഇരുവരും പറയുന്നു.
കാറ്റ് വീശിയിട്ട് പേരിടാം എന്ന പതിവ് യു.എസിലില്ല മറിച്ച്, വീശുന്ന കാറ്റിന് പേരുണ്ടായിരിക്കണം എന്നതാണ് അവരുടെ പക്ഷം. അതിനാലാണ് അറ്റ്‌ലാന്റിക്കില്‍ രൂപപ്പെടുന്ന ഓരോ കാറ്റിനും 1979 മുതല്‍ മീറ്റിയോറോളോജിക്കല്‍ ഓര്‍ഗനൈസേഷന്‍ പേരിട്ട് തുടങ്ങിയത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരുകളാണ് ഓരോ കാറ്റിനും അവര്‍ നല്‍കുന്നത്. കാറ്റുകളുടെ പേരുകളടങ്ങിയ ആറ് പ്രധാനപ്പെട്ട പട്ടികകളാണ് ഇങ്ങനെ ആവര്‍ത്തിച്ച് ഉപയോഗിക്കുക. 2022-വരെയുള്ള കാറ്റുകള്‍ക്ക് ഇങ്ങനെ പേര് നല്‍കിയിട്ടുണ്ട്. ആദ്യ വീശല്‍ തന്നെ മാരകമാണെങ്കില്‍ അത്തരം കാറ്റുകളുടെ പേരുകള്‍ എന്നന്നേയ്ക്കുമായി പട്ടികയില്‍നിന്ന് പുറത്താകും. പിന്നെ ഒരിക്കലും ആ പേരുകള്‍ ഉപയോഗിക്കില്ല.
1981ല്‍ വീശിയടിച്ച ഒരു ചുഴലികൊടുങ്കാറ്റിനെയാണ് ലോകം ആദ്യമായി ഹാര്‍വെയെന്ന് വിളിച്ചത്. തുടര്‍ന്ന് വിവിധ വര്‍ഷങ്ങളിലായി വീശിയ ആറ് കാറ്റുകള്‍ക്കും ലോകം ഹാര്‍വെയെന്ന് പേര് നല്‍കി. എല്ലാ ആറു വര്‍ഷം കൂടുമ്പോഴും ഹാര്‍വെയെക്ക് പിറകെ വീശിയടിക്കുന്ന കൊടുങ്കാറ്റിനെ ഐറിനെന്നാണ് ലോകം വിളിച്ചത്. എന്നാല്‍ 2011 ല്‍ കനത്ത നാശം വിതച്ചതോടെ ഐറിന്‍ പട്ടികയില്‍നിന്ന് പുറത്തായി. ഇത്തവണ ഹാര്‍വയും ഇര്‍മയും പ്രഹരശേഷി പുറത്തെടുത്തതിനാല്‍ അവരും പട്ടികയ്ക്ക് പുറത്തായെന്നാണ് വിവരം. ഇര്‍മ പുറത്തായതോടെ അടുത്ത ഊഴം ജോസിനാണ്. ജോസിന് പുറകെ കാത്തിവരും. അങ്ങനെ അവസാനം 2022ല്‍ അലക്‌സും അതിനുശേഷം വാള്‍ട്ടറുമെത്തും.
വിധിയും ശിക്ഷയും
”പണവും പദവിയുമൊക്കെ ഇല്ലാതാവും. പക്ഷേ, ദൈവത്തോടുള്ള ബന്ധം ഒരിക്കലും നമ്മെ ഉപേക്ഷിക്കില്ലെന്ന് ജസ്റ്റീസ് കുര്യന്‍ ജോസഫ് പറയുന്നു.
ഒരു ന്യായാധിപന്‍ എന്ന നിലയില്‍ എന്റെ വ്യക്തിപരമായ അനുഭവത്തില്‍, ഏതൊരു കേസിന്റെമേലും വിധി പ്രസ്താവിക്കുമ്പോള്‍ നീതി യഥാര്‍ത്ഥത്തില്‍ നടപ്പിലായോ എന്ന് ഞാന്‍ നോക്കാറുണ്ട്. സത്യത്തില്‍, കേസ് വിജയിച്ച കക്ഷിക്കും തോറ്റു എന്നു പറയുന്ന കക്ഷിക്കും നീതി നടപ്പാകുന്നുണ്ട്. കാരണം, നിയമം അനുശാസിക്കുന്ന നീതി വിജയിച്ച ആള്‍ക്ക് ലഭിക്കുമ്പോള്‍ തനിക്ക് അതിനര്‍ഹതയില്ല എന്ന തിരിച്ചറിവിലേക്ക് എതിര്‍കക്ഷിക്ക് എത്താന്‍ ഇടവരുന്നു. ഇവിടെ നീതി ലഭിക്കുന്നത് ഇരുകൂട്ടര്‍ക്കുമാണ്. നീതിയിലെ കരുണയെ വെളിവാക്കാന്‍ ന്യായാധിപന് കഴിഞ്ഞില്ലെങ്കില്‍ ആ വിധി പൂര്‍ണമല്ല. പരമോന്നത കോടതിയിലെ സുപ്രീം കോടതിക്ക് മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന ഒരു വ്യവസ്ഥ നമ്മുടെ നിയമഗ്രന്ഥത്തിലുണ്ട്. 142-ാം ആര്‍ട്ടിക്കിളിലാണ് അത് പറയുന്നത്. നീതി പരിപൂര്‍ണമാക്കാനായി ഒരു കേസിന്റെമേല്‍ സുപ്രീംകോടതിക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഉത്തരമാണ് ഈ ആര്‍ട്ടിക്കിള്‍ നല്‍കുന്നത്. നീതിയില്‍ കരുണയുടെ അംശം കലര്‍ത്തുക. നീതി പൂര്‍ണമാക്കാന്‍ കരുണകാണിക്കണം.
ഒരു ശിക്ഷയ്ക്ക് വിധിക്കുന്നതിന് പിന്നിലുള്ള കരുണയെയും നാം തിരിച്ചറിയണം. ഒരു വ്യക്തിയെയല്ല ശിക്ഷിക്കുന്നത്, ആ വ്യക്തി ചെയ്ത തെറ്റിനെതിരെയാണ് ശിക്ഷ. അതുകൊണ്ടാണ്, എന്തിനാണ് ഈ ശിക്ഷ വിധിക്കുന്നതെന്ന് തെറ്റുകാരനെ പറഞ്ഞു മനസിലാക്കുന്നത്. ഒരു കേസില്‍ ഒരാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തുന്നതിനുമുമ്പായി അദ്ദേഹത്തിനെതിരെ വന്ന തെളിവുകളെല്ലാം നിരത്തും. അദ്ദേഹത്തെയത് പറഞ്ഞു കേള്‍പ്പിക്കും (സി.ആര്‍.പി.സി 313-ാം വകുപ്പുപ്രകാരമാണിത്). വീണ്ടും അയാളോട് ചോദിക്കും, ഇനി നിനക്കെന്തെങ്കിലും തെളിവ് ഹാജരാക്കാനുണ്ടോ? ഇതുകൊണ്ടും അവസാനിക്കുന്നില്ല. നിയമത്തിന്റെ നീതിയുടെ സ്പര്‍ശം വെളിവാക്കാനാണ് ഞാന്‍ ഇത് വിശദീകരിക്കുന്നത്. ഒരാളെ കുറ്റക്കാരനായി കണ്ടെത്തിക്കഴിഞ്ഞാല്‍, വീണ്ടും ചോദിക്കും, ‘ഇനി നിനക്ക് ശിക്ഷയെക്കുറിച്ച് വല്ലതും പറയാനുണ്ടോ?’ ശിക്ഷ കഠിനമാക്കാതിരിക്കാനുള്ള കാരണങ്ങളുണ്ടെങ്കില്‍ അയാള്‍ക്കപ്പോള്‍ പറയാം. ശിക്ഷയ്ക്കര്‍ഹനായവനുപോലും അതിളച്ചു കിട്ടാനുള്ള അവസരം നിയമം നിഷേധിക്കുന്നില്ല.
നിയമത്തിന്റെ ഉദ്ദേശ്യം ക്രമം നടപ്പാക്കുക എന്നതാണ്. സമൂഹത്തില്‍ അക്രമം നടക്കുമ്പോള്‍ അല്ലെങ്കില്‍ ക്രമം നഷ്ടമാകുമ്പോഴാണ് ക്രമം നടപ്പാക്കേണ്ടത്. അതുപോലെ തന്നെ നമ്മുടെ സംവിധാനങ്ങള്‍ ഒരു കാരുണ്യക്കടലായി കാണാന്‍ മനുഷ്യര്‍ക്ക് കഴിയണം.
കടലിന്റെ പ്രത്യേകത, എത്ര ജലമെടുത്താലും അതു വറ്റില്ല, കടലിന് ഭിത്തിയുമില്ല. കടലിന് എപ്പോഴും ഒരാവേശവുമുണ്ട്. ഈ മൂന്നു തലത്തില്‍ എല്ലാവരെയും മാടി വിളിക്കുന്നതും ആര്‍ക്കും പ്രവേശനം നിഷേധിക്കാത്തതും എപ്പോഴും ആവേശം പകരുന്നതുമായ ഒരു മുഖം നമ്മുടെ സംവിധാനങ്ങള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എന്നാണെന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും.
തൊഴില്‍രഹിതരുടെ നാട്
ഈ അടുത്ത ദിവസം ഒരു വീട്ടമ്മയുടെ നിസഹായമായൊരു ആത്മനൊമ്പരം കേള്‍ക്കാനിടയായി. ”ഇവിടെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ ധാരാളമുണ്ട്. എന്നാല്‍ ചെയ്യേണ്ട തൊഴിലിനൊന്നും ആളില്ല. പറമ്പി ല്‍ ജോലിക്ക് ആളില്ല, ഒരു നല്ല പ്ലംബറെ കിട്ടാനില്ല, ഇലക്ട്രീഷ്യനില്ല, എന്തിന് തേങ്ങായിടാന്‍ പോലും ആളില്ല.”
സംഗതി സത്യമാണ്. തൊഴില്‍ തേടി അലയുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ തൊഴിലവസരങ്ങള്‍ അവര്‍ക്ക് മുന്നില്‍ തുറന്നുകിടക്കുകയും ചെയ്യുന്നു. അതായത് തൊഴിലുകള്‍ ധാരാളം, എന്നാല്‍ ചെയ്യാന്‍ ആളില്ലാത്ത അവസ്ഥ. ഇനി താല്‍ക്കാലിക വേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ ശ്രദ്ധിച്ചാലും! അവരില്‍ ഭൂരിഭാഗം പേരും തങ്ങളുടെ ജോലിയില്‍ സംതൃപ്തരല്ലെന്നതാണ് വാസ്തവം. വലിയ ശമ്പളവും കുറെക്കൂടി അധ്വാനം കുറഞ്ഞതുമായ മറ്റൊരു തൊഴിലാണ് അവരും സ്വപ്‌നം കാണുന്നത്.
എന്തുകൊണ്ടാണ് ധാരാളം ചെറുപ്പക്കാര്‍ ഓട്ടോറിക്ഷാ ഓടിക്കുക, ടാക്‌സി ഓടിക്കുക തുടങ്ങിയ തൊഴിലുകളിലേക്ക് കടന്നുവരുന്നത്? അതേസമയം അതിലും എത്രയോ കൂടുതല്‍ വരുമാനം ഇന്ന് ഒരു ആശാരിയോ കല്‍പ്പണിക്കാരനോ സമ്പാദിക്കുന്നുണ്ട്! ആ ജോലികള്‍ കായികപ്രധാനമാകയാല്‍ യുവാക്കള്‍ അതിലേക്ക് വരുന്നില്ല. കായികപ്രധാനമായ ജോലികള്‍ക്ക് നമ്മുടെ സമൂഹം കല്പിച്ച അയിത്തത്തിന്റെ ഫലമാണത്. തന്നെയുമല്ല, യുവാക്കള്‍ക്ക് ജോലി ഉണ്ടാക്കിക്കൊടുക്കുന്ന കാര്യത്തില്‍ ഇവിടുത്തെ സര്‍ക്കാരുകള്‍ പരാജയപ്പെടുന്നു എന്നതും വസ്തുതയാണ്. ഏതെങ്കിലും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ അതിനെ പൊതുജനങ്ങള്‍ പരാജയപ്പെടുത്തുകയും ചെയ്യുന്നു.
തൊഴില്‍ സുരക്ഷിതത്വമുള്ള സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലിയാണ് മികച്ചതെന്ന് കരുതുന്നവരുടെ എണ്ണവും ഒട്ടും കുറഞ്ഞിട്ടില്ല. പി.എസ്.സിയില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് അപേക്ഷിച്ചവരുടെ എണ്ണം 12 ലക്ഷത്തോളമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നമ്മുടെ സര്‍ക്കാര്‍ മേഖലയിലുള്ള സ്ഥാപനങ്ങള്‍ നോക്കുക. എത്ര നഷ്ടംവന്നാലും അവയൊന്നും പൂട്ടാന്‍ നിയമമില്ല. അതുകൊണ്ട് നികുതിദായകരുടെ പണമെടുത്ത് ചെയ്യാത്ത ജോലിക്ക് ശമ്പളം കൊടുത്തുകൊണ്ടേയിരിക്കുന്നു. അങ്ങനെ ശമ്പളം കിട്ടി ശീലിച്ചവര്‍ അത് നഷ്ടപ്പെടുത്താന്‍ സമ്മതിക്കുകയില്ലല്ലോ.
കര്‍ഷകനായ പിതാവിനാകട്ടെ മകന്‍ കൃഷിപ്പണിയിലേക്ക് തിരിയുന്നതിനോട് ഒട്ടും താല്പര്യമില്ല. കൃഷിയുടെ തളര്‍ച്ചയും പരാജയവും കണ്ടറിഞ്ഞു വളരുന്ന മക്കള്‍ക്കും കാര്‍ഷികവൃത്തിയോട് താല്പര്യം കുറയാനാണ് സാധ്യത. കൂടാതെ സമൂഹത്തില്‍ ‘കൃഷിക്കാരന്‍’ എന്ന വാക്കിന്റെ അസ്വീകാര്യതയും കടുത്ത അധ്വാനവും അവരെ മറ്റേതെങ്കിലും തൊഴില്‍ മേഖലകളിലേക്ക് നോക്കാന്‍ പ്രേരിപ്പിക്കും. കൃഷി മാത്രമല്ല, സാധാരണ തൊഴിലുകളായി കണക്കാക്കുന്ന എല്ലാ ജോലികളിലും ഇന്ന് ആളില്ലാതെ വരുന്നതിന് കാരണവും ഇതൊക്കെ തന്നെ. എന്നാല്‍ ഇതേ തൊഴിലുകള്‍ അന്യനാടുകളില്‍ പോയി ചെയ്യാന്‍ നമ്മുടെ യുവാക്കള്‍ക്ക് യാതൊരു മടിയുമില്ലെന്നുകൂടി ഓര്‍ക്കണം.
ഒരിക്കല്‍ കേരളത്തിന്റെ മുഖ്യവരുമാനമായിരുന്ന കാര്‍ഷികരംഗമാകട്ടെ ഇന്ന് ഊര്‍ധശ്വാസം വലിക്കുന്നു. കാര്‍ഷികവൃത്തിയോട് താല്പര്യമില്ലാത്ത യുവജനങ്ങളുടെ എണ്ണം വര്‍ധിച്ചുവരുന്നതുകൊണ്ടാണിത്. തോട്ടം-കാര്‍ഷികമേഖലയെ സമ്പന്നമാക്കിയ തൊഴിലാളികളുടെ മക്കള്‍ക്ക് കൃഷിയെക്കാള്‍ താല്പര്യം ഐ.ടി.പോലുള്ള മറ്റ് മേഖലകളാണ്. കൃഷിയുടെ തളര്‍ച്ച കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും എന്ന സത്യം നാം മറന്നുപോകുന്നു.

പരസ്യമുതലാളി
പത്രം ഏജന്റ് കൊണ്ടുവരുന്ന മാസികകളിലേക്കും പത്രത്തിലേക്കും വിഷണ്ണനായി നോക്കിയിട്ട് ഭര്‍ത്താവ്. ”പരസ്യഇനത്തിലാണ് എനിക്ക് ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുന്നത്…”
വര്‍ണ്ണക്കളറുള്ള മാസിക മറിച്ചുനോക്കുന്നതിനിടയിലാണ് ഭാര്യ ഈ ആത്മഗതം കേള്‍ക്കുന്നത്. അവള്‍ ചോദിച്ചു. ”അതിന് നിങ്ങള്‍ ഒരു പരസ്യവും ചെയ്യുന്നതായി എനിക്കറിയില്ലല്ലോ?”
ഭര്‍ത്താവ്: ”മറ്റുള്ളവര്‍ പരസ്യം ചെയ്യും. നീയത് കാണും. ഞാന്‍ പിന്നെ പണമിറക്കി അതിന് പിന്നാലെ പോണം..”

ജയ്‌മോന്‍ കുമരകം

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?