Follow Us On

19

January

2019

Saturday

വിശുദ്ധാരാമത്തില്‍ പോള്‍ ആറാമന്‍

വിശുദ്ധാരാമത്തില്‍  പോള്‍ ആറാമന്‍

വിശ്വതീര്‍ത്ഥാടകന്‍, സഭൈക്യ ശില്‍പ്പി,
നയതന്ത്രജ്ഞന്‍ എന്നിങ്ങനെ നിരവധി
വിശേഷണങ്ങളുമായി ഒന്നര പതിറ്റാണ്ട് (1963-1978) സഭയെ ധീരോചിതം നയിച്ച പോള്‍ ആറാമന്‍ പാപ്പ വിശുദ്ധാരാമത്തിലേക്ക്
പ്രവേശിക്കുമ്പോള്‍, അദ്ദേഹത്തിന്റെ
ജീവിതത്തിലൂടെയും സമഗ്ര
സംഭാവനകളിലൂടെയും ഒരു തീര്‍ത്ഥാടനം.

ജോവാന്നി ബാത്തിസ്താ മൊന്തീനി, അതായിരുന്നു പോള്‍ ആറാമന്‍ പാപ്പയുടെ ജ്ഞാനസ്‌നാന നാമം. വടക്കേ ഇറ്റലിയിലെ കൊന്‍ചേസിയോ എന്ന ഗ്രാമത്തില്‍ 1897-ല്‍ ജാതനായി. ജിയോര്‍ജിയോ മൊന്തീനിയും ജൂദേത്താ അള്‍ഗീസിയുമായിരുന്നു മാതാപിതാക്കള്‍. വക്കീല്‍, പത്രപ്രവര്‍ത്തകന്‍, ഇറ്റാലിയന്‍ പാര്‍ലമെന്റ് അംഗം എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു ജിയോര്‍ജിയോ. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന കുട്ടിയായിരുന്നു മൊന്തീനി. പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1916-ല്‍ സെമിനാരിയില്‍ ചേര്‍ന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങളാല്‍ വീട്ടില്‍ താമസിക്കാന്‍ അധികാരികള്‍ അനുവദിച്ചു. 1920ല്‍ തിരുപ്പട്ടം സ്വീകരിച്ച ശേഷം റോമില്‍ ഉപരിപഠനത്തിന് അയക്കപ്പെട്ടു. നയതന്ത്ര മേഖലയിലായിരുന്നു ഉപരിപഠനം. തുടര്‍ന്ന്, 1923-ല്‍ വാര്‍സോയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തില്‍ നിയുക്തനായി.
പക്ഷേ, പോളണ്ടിലെ കഠിനശൈത്യം വെല്ലുവിളിയായി. ഒരു വര്‍ഷത്തിനുശേഷം വത്തിക്കാനിലേക്ക് തിരിച്ചുവിളിക്കപ്പെട്ട അദ്ദേഹം, വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടേറിയറ്റില്‍ നിയോഗിതനായി. ഏതാണ്ട്, മൂന്ന് പതിറ്റാണ്ടോളം അവിടമായിരുന്നു സേവനമേഖല. 1955-ല്‍ മിലാനിലെ ആര്‍ച്ച്ബിഷപ്പായി നിയമിക്കപ്പെട്ടതോടെ പുതിയൊരു വിശേഷണവും അദ്ദേഹത്തെ തേടിയെത്തി: തൊഴിലാളികളുടെ മെത്രാപ്പോലീത്ത. സുവിശേഷത്തിലെ സാമൂഹികനീതിയെ ആസ്പദമാക്കി നടത്തിയ പ്രസംഗങ്ങളായിരുന്നു ആ വിശേഷണത്തിന് അടിസ്ഥാനം. പീയൂസ് 12-ാമന്‍ പാപ്പ 1958-ല്‍ കാലംചെയ്തതോടെ ജോണ്‍ 23-ാമന്‍ പാപ്പ വിശുദ്ധ പ്രേതാസിന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു.
ആ തിരഞ്ഞെടുപ്പിനു പിന്നിലെ ദൈവപദ്ധതി വെളിപ്പെടുത്തുന്നതായിരുന്നു, അദ്ദേഹം വിളിച്ചുകൂട്ടിയ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. അധുനിക കാലത്ത് സഭയുടെ വളര്‍ച്ചയ്ക്ക് ശക്തിപകര്‍ന്ന പ്രസ്തുത കൗണ്‍സില്‍ യാഥാര്‍ത്ഥ്യ മാകാനുള്ള പ്രധാന കാരണം ജോണ്‍ 23-ാമന്‍ പാപ്പയുടെ ധീക്ഷണാശക്തിയായിരുന്നു. അദ്ദേഹം വിളിച്ചുകൂട്ടിയ കൗണ്‍സില്‍ പൂര്‍ത്തിയാക്കാന്‍ പിന്‍ഗാമിയായ പോള്‍ ആറാമന്‍ പാപ്പ നിയുക്തനായി എന്നത് മറ്റൊരു ദൈവഹിതം.
പ്രക്ഷുബ്ധതയെ വെല്ലുവിളിച്ച് പാപ്പ
ജോണ്‍ 23-ാമന്റെ കാലശേഷം 1963 ജൂണ്‍ 21-ന് കര്‍ദിനാള്‍ മൊന്തീനി, പോള്‍ ആറാമന്‍ എന്ന പേര് സ്വീകരിച്ച് കത്തോലിക്കാ സഭയുടെ വലിയ ഇടയനായി. ഏറെക്കുറെ സമാനമായ ജീവിതവീക്ഷണവും സഭാകാഴ്ചപ്പാടുകളുമായിരുന്നു ഇരുവര്‍ക്കും. സഭയ്ക്ക് നവീകരണം ആവശ്യമാണെന്ന് ഇരുവരും മനസിലാക്കിയിരുന്നു. ഈ നവീകരണചിന്തയാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആദ്യ സെഷനുശേഷം ജോണ്‍ 23-ാമന്‍ ദിവംഗതനായപ്പോഴും കൗണ്‍സില്‍ തുടര്‍ന്നു കൊണ്ടുപോകാനുള്ള ധീരത പോള്‍ ആറാമന്‍ പാപ്പ പ്രകടമാക്കാന്‍ കാരണം. അതനുസരിച്ച് 1963 സെപ്റ്റംബര്‍ 29-ന് കൗണ്‍സില്‍ രണ്ടാമതും ആരംഭിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 1965-ന് കൗണ്‍സില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. അന്ന് അങ്ങനെയൊരു തീരുമാനം പോള്‍ ആറാമന്‍ എടുത്തില്ലായിരുന്നുവെങ്കില്‍ സഭ ഇന്ന് അനുഭവിക്കുന്ന വിധത്തിലുള്ള ആത്മീയസ്വാതന്ത്ര്യവും നവീകരണവും സഭയില്‍ സാധ്യമാവുമായിരുന്നില്ല.
പ്രക്ഷുബ്ധമായിരുന്നു പോള്‍ ആറാമന്‍ പാപ്പയുടെ സേവനകാലം (1963 1978). വത്തിക്കാന്‍ കൗണ്‍സിലിന്റെ പല സുപ്രധാന തീരുമാനങ്ങളും നടപ്പാക്കേണ്ട ഉത്തരവാദിത്തം പോള്‍ ആറാമന്‍ പാപ്പയുടേതായി. ബിഷപ്‌സ് സിനഡ് സംവിധാനം നിലവില്‍ കൊണ്ടുവന്നതും പോള്‍ ആറാമന്‍ പാപ്പയാണ്, 1965 സെപ്തംബര്‍ 14ന്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദേശമായിരുന്നു അതും.
സഭാമാതാവിന്റെ ശില്‍പ്പി
ഏഴു ചാക്രികലേഖനങ്ങളും നാല് അപ്പസ്‌തോലിക ലേഖനങ്ങളും അഞ്ച് അപ്പസ്‌തോലിക ഉപദേശങ്ങളും ഒരു അപ്പസ്‌തോലിക കോണ്‍സ്റ്റിറ്റിയൂഷനും പോള്‍ ആറാമന്‍ പാപ്പ പുറപ്പെടുവിച്ചു. പ്രസിദ്ധമായ രണ്ടു സാമൂഹിക പ്രബോധന രേഖകളും അദ്ദേഹത്തിന്റേതായുണ്ട്: 1967ല്‍ രചിച്ച ‘പോപ്പുലോറും പ്രോഗ്രസിയോ’ (ജനതകളുടെ പുരോഗതി); 1971ല്‍ രചിച്ച ‘ഓക്താജേസിമ അഡ്‌വേനിയന്‍സ്’ (എണ്‍പതാം പിറന്നാള്‍). തൊഴിലാളികള്‍ക്കായി ലിയോ 13-ാമന്‍ പാപ്പ രചിച്ച ചാക്രികലേഖനം ‘റേവും നൊവാരും’ 80 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു അതിന്റെ രചന.
സുവിശേഷവത്കരണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വലിയ പ്രഖ്യാപനമാണ്, സുവിശേഷപ്രഘോഷണം (1975) എന്ന രേഖ. ആധുനികകാലത്തെ എല്ലാ പാപ്പമാരെയും പോലെ പോള്‍ ആറാമനും വലിയ മരിയഭക്തനായിരുന്നു. മരിയന്‍ കോണ്‍ഗ്രസുകളില്‍ അദ്ദേഹം തുടര്‍ച്ചയായി പ്രസംഗിച്ചു. മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. എഴുതിയ ചാക്രീക ലേഖനങ്ങളില്‍ മൂന്നും ദൈവമാതാവിനെക്കുറിച്ചുള്ളതായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍വെച്ച് പരിശുദ്ധ മറിയത്തെ സഭയുടെ മാതാവായി പ്രഖ്യാപിച്ചതും പോള്‍ ആറാമന്‍ പാപ്പയാണ്.
1809-നുശേഷം ഇറ്റലിക്കു പുറത്ത് യാത്ര ചെയ്ത ആദ്യ പാപ്പയായ ഇദ്ദേഹംതന്നെയാണ് അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങള്‍ സന്ദര്‍ശിച്ച ആദ്യപാപ്പയും. ഇദ്ദേഹമാണ് ഇന്ത്യയിലെത്തിയ പ്രഥമ പാപ്പയും. മുംബൈയില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാനാണ് 1964-ല്‍ അദ്ദേഹം ഇന്ത്യയിലെത്തിയത്.
സഭൈക്യം പ്രധാനം
സഭയുടെ പുനരൈക്യം ഒരു വലിയ ആഗ്രഹവും സ്വപ്‌നവുമായി എന്നും മനസില്‍ സൂക്ഷിച്ച വ്യക്തിയായിരുന്നു പോള്‍ ആറാമന്‍ പാപ്പ. 1964-ല്‍ അദ്ദേഹം വിശുദ്ധനാട് സന്ദര്‍ശിച്ചപ്പോള്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ പൊതു തലവന്‍ അത്തനാഗോറസ് പാത്രിയര്‍ക്കീസിനെ കണ്ടത് ചരിത്ര സംഭവമായിരുന്നു. 1965 ഡിസംബര്‍ ഏഴിന് പാപ്പ വത്തിക്കാനിലും പാത്രീയ ര്‍ക്കീസ് അത്തനാഗോറസ് കോണ്‍സ്റ്റാന്റിനോപ്പിളിലുംവച്ച് ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. 1054 ല്‍ റോമും കോണ്‍സ്റ്റാന്റിനോപ്പിളും പരസ്പരം മഹറോന്‍ ചൊല്ലിയതില്‍ ഇരുകൂട്ടരും പരിതപിക്കുകയും മഹറോന്‍ പിന്‍വലിക്കുകയുമാണ് സംയുക്ത പ്രസ്താവനയിലൂടെ നിര്‍വഹിച്ചത്. പാപ്പ ഈസ്റ്റാംബൂളില്‍ പാത്രിയര്‍ക്കീസിനെ സന്ദര്‍ശിക്കുകയും പാപ്പയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം വത്തിക്കാനിലെത്തിയതും ചരിത്ര സംഭവങ്ങളായിരുന്നു. ഭാരതത്തിലെത്തിയപ്പോള്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനായിരുന്ന പരിശുദ്ധ ഔഗന്‍ ബാവയുമായും പാപ്പ ആശയവിനിമയം നടത്തിയിരുന്നു.
1971ല്‍ കമ്മ്യൂണിസ്റ്റു രാജ്യമായിരുന്ന യുഗോസ്ലാവ്യയുടെ തലവന്‍ മാര്‍ഷല്‍ ടിറ്റോ പാപ്പയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത് ലോകശ്രദ്ധ നേടി. പല കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുമായും നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനും ക്രൈസ്തവ വിശ്വാസികളുടെ ആരാധനാസ്വാതന്ത്ര്യം ഒരു പരിധിവരെ സംരക്ഷിക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. റഷ്യന്‍ പ്രസിഡന്റ് നിക്കോളാസ് പെഗോര്‍ക്കി വത്തിക്കാന്‍ സന്ദര്‍ശിച്ചതും ചര്‍ച്ചകള്‍ നടത്തിയതും രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് ആക്കം കൂട്ടി. ഹംഗറി, പോളണ്ട്, ചെക്കോസ്ലോവാക്യ തുടങ്ങിയ രാജ്യങ്ങളുമായും നല്ല ബന്ധം വളര്‍ത്താനും കഴിഞ്ഞു. 1965ല്‍ ഐക്യരാഷ്ട്രസഭയുടെ ന്യൂയോര്‍ക്ക് പൊതുസമ്മേളനത്തില്‍ പാപ്പ നടത്തിയ ലോകസമാധാനത്തിനായുള്ള ആഹ്വാനവും ലോകം ശ്രദ്ധാപൂര്‍വം ശ്രവിച്ചു.
പ്രോ-ലൈഫ് മധ്യസ്ഥന്‍
മനുഷ്യ ജീവനിലെ ദൈവിക സാന്നിധ്യം ബോധ്യപ്പെടുത്തി വ്യാഖ്യാനിച്ചുകൊടുക്കാന്‍ പോരാടിയ വലിയ ഇടയനാണ് പോള്‍ ആറാമന്‍ പാപ്പ. ജീവനോടുള്ള സ്‌നേഹവും ഉത്തരവാദിത്വവും ഉച്ചത്തില്‍ പ്രഖ്യാപിക്കുന്ന് ‘ഹ്യൂമാനേ വീത്തേ’ എന്ന ചാക്രിക ലേഖനം മാത്രം മതി അതിന് തെളിവ്. ഇന്നും ലോകത്തിലെ ഏറ്റവും വലിയ അവകാശപോരാട്ടമാണ് ഭൂമിയില്‍ പിറന്നു വീഴാന്‍ കൊതിക്കുന്നവര്‍ക്കുവേണ്ടിയുള്ള പോരാട്ടം. അതിനുവേണ്ടിയുള്ള പ്രോ-ലൈഫ് മുന്നേറ്റങ്ങളിലെല്ലാം പോള്‍ ആറാമന്‍ പാപ്പ ധീരനായ ഒരു മധ്യസ്ഥനായി നിലനില്‍ക്കും ദൈവതിരുമുമ്പില്‍.
ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശത്തിന്മേലുള്ള പ്രതിരോധം എക്കാലത്തും ക്രൈസ്തവലോകത്ത് മുന്നേറിയിട്ടുള്ളത് ‘ഹ്യൂമാനേ വീത്തേ’യെ കേന്ദ്രമാക്കിയാണ്. ജനപ്പെരുപ്പം, ദാരിദ്ര്യം തുടങ്ങിയവ ഒഴിവാക്കാന്‍ കൃത്രിമമായ ഗര്‍ഭനിരോധനവും ജനനനിയന്ത്രണവും സഹായിച്ചേക്കാമെന്ന വാദമാണ് ശാസ്ത്രീയ നിലപാടുകള്‍ എന്ന രീതിയില്‍ പുറത്തുവന്നു കൊണ്ടിരുന്ന നാളില്‍ ഈ വാദത്തെ പൂര്‍ണമായി നിരാകരിച്ചുകൊണ്ടാണ് പോള്‍ ആറാമന്‍ ‘ഹ്യൂമാനേ വീത്തേ’യിലെ നിലപാടുകള്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചത്. തിന്മ ചെയ്യാനുള്ള അവകാശം (ചെറുതോ വലുതോ ആകട്ടെ) ഒരു വിധത്തിലും മനുഷ്യന് ലഭിക്കുന്നില്ല എന്നതായിരുന്നു പാപ്പയുടെ കൃത്യമായ കാഴ്ചപ്പാട്.

ഗര്‍ഭസ്ഥശിശുക്കളുടെ
കരംപിടിച്ച്
വിശുദ്ധാരാമത്തിലേക്ക്…

കൃത്രിമ ജനന നിയന്ത്രണത്തിലെ അധാര്‍മികത ചൂണ്ടിക്കാട്ടി മനുഷ്യജീവന്റെ മഹത്വം പ്രഘോഷിച്ച ചാക്രികലേഖനം ‘ഹ്യൂമാനേ വീറ്റേ’യുടെ ശില്‍പ്പിയായ പോള്‍ ആറാമന്‍ പാപ്പ ഗര്‍ഭസ്ഥ ശിശുക്കളുടെ കരം പിടിച്ച് വിശുദ്ധാരാമത്തിലേക്ക് പ്രവേശിക്കുന്നു എന്നത് വലിയ സവിശേഷതയാണ്. 1990-കളില്‍ കാലിഫോര്‍ണിയയില്‍ നിന്നാണ് ആദ്യത്തെ അത്ഭുതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മസ്തിഷ്‌കവുമായി ബന്ധപ്പെട്ട ഗുരുതര രോഗാവസ്ഥയുമായി ജനിക്കാന്‍ സാധ്യതയുള്ളതിനാല്‍, ഭ്രൂണഹത്യ നടത്താനായിരുന്നു ഡോക്ടര്‍മാരുടെ ഉപദേശം. എന്നാല്‍, അതിന് ആ അമ്മ പോള്‍ ആറാമന്‍ പാപ്പയുടെ മാധ്യസ്ഥ്യം തേടി. ആ കുട്ടി പൂര്‍ണ ആരോഗ്യവാനാണ് ഇപ്പോഴും. അത് അത്ഭുതമായി സ്ഥിരീകരിച്ചതോടെ വാഴ്ത്തപ്പെട്ട പദവിയിലേക്കുള്ള വാതില്‍ തുറന്നു. കുടുംബ സിനഡ് സമാപിച്ച 2014 ഒക്‌ടോബര്‍ 19ന് ഫ്രാന്‍സിസ് പാപ്പയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്.
ഇറ്റലിയിലെ വെറോണയില്‍നിന്നാണ് 2014-ല്‍ രണ്ടാമത്തെ അത്ഭുതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അമാന്‍ഡ എന്ന പെണ്‍കുട്ടിയുടെ ജനനത്തിന് കാരണമായ അത്ഭുതമായിരുന്നു സംഭവം. ഗര്‍ഭസ്ഥാവസ്ഥയില്‍ ഓക്‌സിജനും പോഷകങ്ങളും നല്‍കുന്ന പ്ലാസന്റ തകര്‍ന്നതിനെ തുടര്‍ന്ന് കുട്ടി മരിക്കുമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിഗമനം. ഈ സാഹചര്യത്തിലാണ് വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥന ആരംഭിച്ചത്. തുടര്‍ന്ന്, അത്ഭുതകരമായി കുഞ്ഞ് യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ജനിക്കുകയായിരുന്നു.

 

ആന്റണി ജോസഫ്

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?