Follow Us On

19

January

2019

Saturday

സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്യപ്പെട്ട വിശുദ്ധന്‍

സമാധാന നൊബേലിന് നാമനിര്‍ദേശം ചെയ്യപ്പെട്ട വിശുദ്ധന്‍

അമ്മയുടെ രോഗാവസ്ഥ ഓസ്‌കാര്‍ അര്‍ണുള്‍ഫോ റൊമേരോ എന്ന സെമിനാരി വിദ്യാര്‍ത്ഥിയെ ഏറെ തളര്‍ത്തി. ചികിത്സക്ക് പണം കണ്ടെത്താന്‍ കഴിയാതെ ഉഴലുന്ന പിതാവിന്റെ നിസഹായവസ്ഥയാണ് അതിലേറെ വിഷമിപ്പിച്ചത്. ദിവസങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കുശേഷം ഒരു തീരുമാനത്തിലെത്തി. മൂന്ന് മാസത്തേക്ക് സെമിനാരിയില്‍നിന്നും ബ്രേക്ക് എടുക്കുക. എന്നിട്ട്, അവിടെയുള്ള ഒരു സ്വര്‍ണഖനിയില്‍ പണിയെടുത്ത് അമ്മയുടെ ചികിത്സക്കുള്ള പണം സമ്പാദിച്ചു. അന്നത്തെ സെമിനാരി വിദ്യാര്‍ത്ഥി പിന്നീട് വൈദികനും ബിഷപ്പും ആര്‍ച്ച് ബിഷപ്പുമായപ്പോഴും എന്നും വേദനിക്കുന്നവരോടൊപ്പമായിരുന്നു. ആ മനുഷ്യസ്‌നേഹി വേദനിക്കുന്നവരിലെല്ലാം കണ്ടത് ക്രിസ്തുവിന്റെ മുഖമായിരുന്നു.
അതായിരുന്നു അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജിമ്മി ക്വാര്‍ട്ടര്‍ക്ക് എതിരെ രംഗത്തുവരാന്‍ ആര്‍ച്ച്ബിഷപ്പിനെ പ്രേരിപ്പിച്ചത്. ലാറ്റിനമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറില്‍ അടിച്ചമര്‍ത്തല്‍ ഭരണം നടത്തിയിരുന്ന ഭരണകൂടത്തിന് അമേരിക്കയുടെ പിന്തുണ ഉണ്ടായിരുന്നു. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ നടപടികള്‍ മനുഷ്യത്വരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ആര്‍ച്ച്ബിഷപ് റൊമേരോ ജിമ്മി ക്വാര്‍ട്ടര്‍ക്ക് എതിരെ പരസ്യമായി രംഗത്തുവന്നത് രാഷ്ട്രീയ നിരീക്ഷകരെപ്പോലും അമ്പരിപ്പിച്ച ഒന്നായിരുന്നു. 1978-79 സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ആര്‍ച്ച്ബിഷപ് റൊമേരോ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. പിറ്റേവര്‍ഷമാണ് വിശുദ്ധ കുര്‍ബാന മധ്യേ അള്‍ത്താരയില്‍ വെടിയേറ്റു രക്തസാക്ഷിയായത്. ഇക്കഴിഞ്ഞ 14-നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ആര്‍ച്ച്ബിഷപ് റൊമേരോയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയത്.
സ്‌പെയിനിലെ അറസ്റ്റ്
1917 ഓഗസ്റ്റ് 15-ന് എല്‍ സാല്‍വദോറിലെ സിടാട് ബാരിയസില്‍ സാന്തോസിന്റെയും ഗാഡലുപെ ഡെ ജീസസ് ഗഡാലിന്റെയും മകനായിട്ടായിരുന്നു ജനനം. ചെറുപ്പം മുതല്‍ മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ മനസിലാക്കാന്‍ പ്രായത്തില്‍ കവിഞ്ഞ പക്വതയായിരുന്നു റൊമേരോയ്ക്ക്. പിതാവ് സാന്തോ ഗ്രാമത്തിലെ ടെലഗ്രാഫ് ഓഫീസിലെ ജീവനക്കാരനായിരുന്നു. ചെറുപ്പത്തില്‍ പിതാവിനെ സഹായിക്കുന്നതിനായി ടെലഗ്രാഫുകള്‍ നല്‍കാന്‍ പോയിരുന്നു. സ്‌കൂള്‍ പഠനത്തിനിടയില്‍ ആശാരിപ്പണി പഠിച്ച റൊമേരോ അതുവഴിയും കുടുംബത്തെ സഹായിച്ചിരുന്നു. 14-ാം വയസിലാണ് സെമിനാരിയില്‍ ചേര്‍ന്നത്. 1942-ല്‍ റോമില്‍വച്ചായിരുന്നു പൗരോഹിത്യ സ്വീകരണം. ഒരു വര്‍ഷത്തിനുശേഷം ഫാ. റൊമേരോയും ഒപ്പമുണ്ടായിരുന്ന ഫാ. വലാഡെയേഴ്‌സും എല്‍ സാല്‍വദോറിലേക്ക് തിരിച്ചു. എന്നാല്‍, സ്‌പെയിനില്‍വച്ച് ക്യൂബന്‍ അധികൃതര്‍ രണ്ടുപേരെയും അറസ്റ്റുചെയ്തു. അന്നത്തെ ഇറ്റാലിയന്‍ ഏകാധിപതി മുസോളനിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന സംശയമായിരുന്നു കാരണം. ഫാ. വലാഡെയേഴ്‌സിന് മാരകമായ പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയും തുടര്‍ന്ന് അവരെ മോചിപ്പിക്കുകയുമായിരുന്നു.
മാതൃരാജ്യത്ത് തിരികെ എത്തിയ ഫാ. റൊമേരോ എന്ന യുവവൈദികന്‍ വളരെ വേഗം ശ്രദ്ധിക്കപ്പെട്ടു. ആരെയും ആകര്‍ഷിക്കുന്ന പ്രസംഗങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. വിപ്ലവകരമെന്ന് വിശേഷിപ്പിക്കാവുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടപ്പോഴും മറുവശത്ത് പ്രാര്‍ത്ഥനയും ചേര്‍ത്തുനിര്‍ത്തിയിരുന്നു. 1975-ല്‍ സാന്തിയാഗോ ഡെ മരിയ രൂപതയുടെ മെത്രാനായി നിയമിതനായി. രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തലസ്ഥാന നഗരമായ സാന്‍ സാല്‍വദോര്‍ അതിരൂപതയുടെ അധ്യക്ഷനായി ഉയര്‍ത്തപ്പെട്ടു.
റേഡിയോ സ്റ്റേഷനില്‍ ബോംബ്
ക്രിസ്തീയ ഭൂരിപക്ഷ രാജ്യമായിരുന്നെങ്കിലും 1970-കളുടെ മധ്യകാലമായപ്പോഴേക്കും എല്‍ സാല്‍വദോറില്‍ സൈന്യത്തിന്റെ പിന്തുണയോടെയുള്ള ഭരണമായിരുന്നു. അവകാശങ്ങള്‍ ചോദിക്കുന്നവര്‍ക്കു സൈന്യത്തിന്റെ തോക്കുകളായിരുന്നു മറുപടി നല്‍കിയിരുന്നത്. ആര്‍ച്ച്ബിഷപ് റൊമേരോ വൈദികനായിരുന്നപ്പോള്‍ മുതല്‍ സൈനിക അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു.
ആര്‍ച്ച്ബിഷപ് റൊമേരോ സ്ഥാനമേറ്റ് ഏതാനും ആഴ്ചകള്‍ക്കുശേഷമായിരുന്നു രൂപതാ വൈദികനായ ഫാ. റൂട്ടിലിയോ ഗ്രാന്റ് രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം വധിക്കപ്പെട്ടത്. പ്രാര്‍ത്ഥനയും പ്രതിഷേധവും ഒരുമിപ്പിച്ചാണ് ആര്‍ച്ച്ബിഷപ് അതിനോട് പ്രതികരിച്ചത്. ആ സമയമായപ്പോഴേക്കും ആര്‍ച്ച്ബിഷപ് റൊമേരോയുടെ ഞായറാഴ്ച പ്രസംഗങ്ങള്‍ക്കായി എല്‍ സാല്‍വദോര്‍ കാതോര്‍ക്കാന്‍ തുടങ്ങി. ഓരോ ആഴ്ചയിലും രാജ്യത്ത് അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങളും നീതിനിഷേധങ്ങളുമാണ് പ്രസംഗ വിഷയങ്ങളായി മാറിയത്. അതു റേഡിയോയിലൂടെ രാജ്യത്ത് എല്ലായിടത്തും എത്തിച്ചു. റേഡിയോ സ്റ്റേഷന് ബോംബിട്ടായിരുന്നു സൈന്യം പകരംവീട്ടിയത്. വളരെ വേഗത്തില്‍ അതു പുനര്‍നിര്‍മ്മിച്ചുകൊണ്ട് വീണ്ടും ഗവണ്‍മെന്റിന് എതിരെ രംഗത്തുവന്നു. ആര്‍ച്ച്ബിഷപ്പിന്റെ സുരക്ഷിതത്വത്തെപ്പറ്റി ആശങ്കകള്‍ ഉയരാന്‍ തുടങ്ങി. സ്വകാര്യ സെക്യൂരിറ്റിയോ മറ്റുവിധത്തിലുള്ള സംരക്ഷണങ്ങളോ തേടാന്‍ പലരും നിര്‍ബന്ധിച്ചു. ആടുകളെ ചെന്നായ്ക്കള്‍ കൊല്ലുമ്പോള്‍ ഇടയനുമാത്രമായി എന്തിനാണ് പ്രത്യേക സംരക്ഷണമെന്ന ചോദ്യമുയര്‍ത്തി നിര്‍ദ്ദേശങ്ങളെ അദ്ദേഹം സ്‌നേഹപൂര്‍വം നിരസിച്ചു.
എല്‍ സാല്‍വദോറില്‍ ഇടതുപക്ഷ തീവ്രവാദികള്‍ ശക്തിപ്പെട്ടുവരുന്ന കാലമായിരുന്നത്. ആര്‍ച്ച്ബിഷപ് അവരോടൊപ്പമാണെന്ന ആരോപണം സൈന്യം പ്രചരിപ്പിക്കാന്‍ തുടങ്ങി. ”ആരെയും കൊല്ലാന്‍ ആര്‍ക്കും അധികാരമില്ല; ഇടതിനും വലതിനും. സംഘര്‍ഷങ്ങള്‍ മാറ്റിവച്ച് സംവാദങ്ങള്‍ തുടങ്ങാം. മനസില്‍ ആദ്യം അനുകമ്പയാണ് ഉണ്ടാകേണ്ടത്.” ക്രിസ്തുവിന്റെ വഴികളില്‍നിന്നും മാറിനടക്കുന്ന ഒന്നിനുമൊപ്പം താന്‍ ഉണ്ടാവില്ലെന്നത് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ അദ്ദേഹം വ്യക്തമാക്കി. 1980 മാര്‍ച്ച് 23-ന് ഗവണ്‍മെന്റിന്റെ മനുഷ്യത്വരഹിതമായ നടപടികള്‍ക്ക് എതിരെ ആര്‍ച്ച്ബിഷപ് റൊമേരോ ശക്തമായി രംഗത്തുവന്നു. ”നിസഹായരുടെ നിലവിളികള്‍ ദൈവസന്നിധിയില്‍ മുഴങ്ങുകയാണ്. അവരുടെ പേരില്‍ നിങ്ങളോട് യാചിക്കുകയും ദൈവ നാമത്തില്‍ നിങ്ങളോട് കല്പിക്കുകയും ചെയ്യുന്നു; അടിച്ചമര്‍ത്തല്‍ അവസാനിപ്പിക്കൂ.” സൈന്യത്തെ ഏറെ പ്രകോപിച്ച ഒന്നായിരുന്നു ആ വാക്കുകള്‍. പിറ്റേന്ന് വിശുദ്ധ കുര്‍ബാനയുടെ മധ്യേ ആര്‍ച്ച്ബിഷപ് റൊമേരോയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ത്താണ് സൈന്യം ഏര്‍പ്പെടുത്തിയ വാടകകൊലയാളികള്‍ തിരിച്ചടിച്ചത്.
രാജ്യം ഏറ്റെടുത്ത സ്വപ്‌നം
സ്വന്തം ജീവന്‍ അപകടത്തിലാക്കിയുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി പല കോണുകളില്‍നിന്നും ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ ആര്‍ച്ച്ബിഷപ് റോമേരോ ഒരിക്കല്‍ അതിന് കൃത്യമായ ഉത്തരം നല്‍കി. ”നിങ്ങളുടെ സമീപത്തുള്ള കെട്ടിടത്തിന് തീപിടിച്ചു എന്നു വിചാരിക്കുക. ആകാശത്തിലേക്ക് തീനാളങ്ങള്‍ ഉയരുമ്പോള്‍ എല്ലാവരും രക്ഷപ്പെട്ടിരിക്കുമോ എന്ന് അല്പം ആകുലതയോടെ മാറിനിന്നു ചിന്തിക്കുന്നതിനിടയിലാണ് നിങ്ങളുടെ അമ്മയും സഹോദരിയും അതില്‍ അകപ്പെട്ടിട്ടുണ്ടെന്ന് വിവരം അറിയുന്നത്. ഒരുനിമിഷംകൊണ്ട് കാര്യങ്ങള്‍ മാറിമറിയും. സ്വന്തം ജീവന്‍ പണയംവച്ചും അതിലേക്ക് ഓടിക്കയറും. പ്രിയപ്പെട്ടവരെ രക്ഷിക്കുന്നതിനെക്കുറിച്ച് മാത്രമേ അപ്പോള്‍ ആലോചിക്കൂ. സ്വന്തം വീട്ടില്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നമുക്ക് നിശബ്ദരാകാന്‍ കഴിയില്ല. പീഡനങ്ങള്‍ അനുഭവിക്കുന്ന ഓരോരുത്തരിലും ഞാന്‍ കാണുന്നത് ക്രിസ്തുവിന്റെ മുഖമാണ്. അതിനാല്‍, പട്ടിണിയുടെയും അടിച്ചമര്‍ത്തലുകളുടെയും മുമ്പില്‍ നിശബ്ദനാകാന്‍ എനിക്ക് കഴിയില്ല.”
അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളും കാഴ്ചപ്പാടുകളും കാലംചെന്നപ്പോള്‍ എല്‍ സാല്‍വദോര്‍ എന്ന രാജ്യംഏറ്റെടുത്തു എന്നൊരു അപൂര്‍വതക്കും കാലം സാക്ഷിയായി. 2009-ല്‍ പ്രസിഡന്റ് മൗറീഷ്യോ ഫ്യൂന്‍സ് അധികാരമേറ്റ ഉടനെ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്, ആര്‍ച്ച്ബിഷപ് റൊമേരോയുടെ ജീവിതം തന്റെ ഗവണ്‍മെന്റിന് പുതിയ ഉള്‍ക്കാഴ്ചകള്‍ സമ്മാനിക്കുന്നുണ്ടെന്നും അദ്ദേഹം പാവങ്ങള്‍ക്ക് നല്‍കിയ പ്രഥമ സ്ഥാനം തന്റെ ഗവണ്‍മെന്റും നല്‍കുമെന്നായിരുന്നു. ആര്‍ച്ച്ബിഷപ് റൊമേരോയുടെ പേരിന് മുകളില്‍ സ്വര്‍ഗം വിശുദ്ധനെന്ന് മുദ്രപതിപ്പിക്കുമ്പോള്‍ കാലത്തിനുള്ള ഓര്‍മപ്പെടുത്തല്‍കൂടി അതിലുണ്ട്. നിശബ്ദരാക്കപ്പെട്ടവര്‍ക്കുവേണ്ടി വാദിക്കുന്നവരെ ക്രിസ്തു തന്റെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുമെന്ന്.

ജോസഫ് മൈക്കിള്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?