Follow Us On

19

January

2019

Saturday

ജീവിതത്തിന്റെ പച്ചപ്പുകള്‍

ജീവിതത്തിന്റെ പച്ചപ്പുകള്‍

കൊന്തമണികള്‍ ജീവിതം തിരുത്തിയ കഥ
എത്ര വലിയ കുറ്റവാളിയാണെങ്കിലും ജപമാലയ്ക്ക് അവനെ പിടിച്ചുലയ്ക്കാന്‍ കഴിയുമെന്ന് തെളിയിക്കുന്നതാണ് ചിലിയിലെ സാന്റിയാഗോ ജയിലില്‍ നിന്നും പുറത്തുവന്ന ക്രിസ്ത്യന്‍ ബ്രിയോണസ് എന്ന ജയില്‍പ്പുള്ളിയുടെ അനുഭവം.
മയക്കുമരുന്നും കുറ്റകൃത്യങ്ങളും ആയിരുന്നു അവനെ 10 വര്‍ഷം തടവറയിലടച്ചത്. എന്നാല്‍, 10 വര്‍ഷം കൊണ്ട് താന്‍ സമൂഹത്തോട് ചെയ്ത തെറ്റുകള്‍ക്ക് മാപ്പപേക്ഷിച്ച് അവന്‍ ദൈവത്തിന്റെ പുത്രനായി മാറി. എല്ലാം ആരംഭിച്ചത് ജപമാല പ്രാര്‍ത്ഥനയില്‍ നിന്നായിരുന്നുവെന്നതാണ് അത്ഭുതം. ചിലിയില്‍ ജനിച്ച ബ്രിയോണസിനെ വളര്‍ത്തിയത് വല്യപ്പച്ചനും വല്യമ്മച്ചിയും ആയിരുന്നു.
വീട്ടില്‍ മുഴുപട്ടിണിയായപ്പോള്‍ അവന്‍ അക്രമപാത സ്വീകരിച്ചു. മദ്യപനും അക്രമികളുടെ ആരാധകനുമായി. ഭക്ഷണപദാര്‍ത്ഥങ്ങളുമായി പോകുന്ന ട്രക്കുകള്‍ പിടിച്ചെടുത്ത് പാവപ്പെട്ടവര്‍ക്ക് നല്‍യിരുന്ന ഒരു സംഘമായിരന്നു അത്. വിശന്നുവലയുന്ന അവനെ സംബന്ധിച്ചടത്തോളം അത് വലിയൊരു കാര്യമായി തോന്നി.
ജൂവനൈല്‍ സെന്ററുകളിലെ താമസത്തിനിടയിലാണ് അവന്‍ കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ പരിചയസമ്പന്നനാകുന്നത്. മയക്കുമരുന്നിന് അടിമത്വം കൂടുംന്തോറും അവന്‍ അക്രമകാരിയായി മാറി. ചിലിയിലെ പല കുറ്റവാളികള്‍ക്കും ഔര്‍ ലേഡി ഓഫ് മോണ്‍സെരാറ്റിനോട് എന്തെന്നില്ലാത്തൊരു ഭക്തി ഉണ്ടായിരുന്നു. കുറ്റം ചെയ്താലും മാതാവ് സംരക്ഷിക്കുമെന്നാണ് അവര്‍ കരുതിയിരുന്നത്. അങ്ങനെ മറ്റുള്ളവരെപ്പോലെ കുറ്റവാളിയായി മാറിയ ബ്രിയോണ്‍സും മാതാവിന്റെ സംരക്ഷണം തേടി. ജയിലിലായിരിക്കുമ്പോള്‍ ബ്രിയോണ്‍സ് അഞ്ചുവര്‍ഷത്തോളം റോസറി വര്‍ക്ക്‌ഷോപ്പ് പ്രോഗ്രാമില്‍ പങ്കെടുത്തു. ജയില്‍പുള്ളികളുടെ പുനരധിവാസത്തിനുവേണ്ടി പ്രയത്‌നിക്കുന്ന ഒരു ഫൗണ്ടേഷന്‍ നടത്തിയിരുന്ന ആ ജയില്‍ വര്‍ക്ക്‌ഷോപ്പില്‍ ഓരോ മാസവും 3500 ജപമാലകളാണ് ഉണ്ടാക്കിയത്. അതില്‍ നിന്നും കിട്ടുന്ന വരുമാനത്തിന്റെ സിംഹഭാഗം ജയില്‍പുള്ളികള്‍ വീടുകളിലേയ്ക്ക് അയച്ചുകൊടുത്തു.
ജയിലിലെ ഇരുട്ടില്‍ റോസറിയായിരുന്നു തന്റെ പ്രകാശമെന്ന് പിന്നീട് അദ്ദേഹം പറഞ്ഞു. ജയില്‍പുള്ളികള്‍ക്ക് ദൈവത്തിലേക്ക് അടുക്കുന്നതിനുള്ള മാര്‍ഗ്ഗമായിരുന്നു ഈ കൊന്ത. ജയിലിലായിരിക്കുമ്പോള്‍ ബ്രിയോണിസ് കൊന്തയുടെ മൂല്യം മനസ്സിലാക്കിയിരുന്നില്ല. പക്ഷേ ജയിലില്‍ നിന്ന് പുറത്തിറങ്ങിയശേഷമാണ് അവനത് മനസിലായി. പുറത്തിറങ്ങിയ അദ്ദേഹം റോസറി വര്‍ക്ക് ഷോപ്പില്‍ ഇന്‍സ്ട്രക്ടറായി മാറി. ഈ സമയത്താണ് അദ്ദേഹം മാതാവിനോടുള്ള സ്‌നേഹത്തില്‍ കൂടുതല്‍ വളര്‍ന്നത്. പിന്നീട് അദ്ദേഹം ഉപജീവനമാര്‍ഗ്ഗമായി മറ്റ് ഏതാനും കുറ്റവാളികളോടൊപ്പം ബസില്‍ കൊന്തവില്‍ക്കുന്ന ജോലിയിലേര്‍പ്പെട്ടു.
ഈ മടങ്ങിവരവില്‍ അദ്ദേഹം മറ്റൊരു ദൗത്യം ഏറ്റെടുത്തു. മാര്‍പാപ്പയ്ക്കും വിശ്വാസത്തിനും ജീവനും കുടുംബത്തിനും വേണ്ടി ഒരു മില്യണ്‍ റോസറി എന്ന കാമ്പെയിന് അദ്ദേഹം നേതൃത്വം നല്‍കി.
ഇത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ തിരക്കഥ മാറ്റിയെഴുതി. ”ദൈവം ജീവിക്കുന്നുവെന്നും മാതാവ് നമ്മോടൊപ്പമുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു. മാതാവ് സാക്ഷ്യമാകാന്‍ എന്നെ തുണച്ചു. ഞാനാകുന്ന മണ്‍പാത്രത്തെ പുതിയ പാത്രമാക്കി മാറ്റി.” അദ്ദേഹം പറയുന്നു. ഇപ്പോള്‍ അദ്ദേഹം ജയില്‍ മിനിസ്ട്രിയിലാണ് ശ്രദ്ധിക്കുന്നത്. ആഴ്ചയില്‍ നാലു പ്രവശ്യം റോസറി വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. കൂടുതല്‍ തീക്ഷ്ണമായി അദേഹം മുന്നോട്ടു പോകുന്നു.
ഗ്രാമത്തിലെ തുരങ്കം
ജപ്പാനിലെ സമുറായി വിഭാഗത്തില്‍പ്പെടുന്ന യോദ്ധാവായിരുന്ന ഫിയാന്‍. അയാള്‍ ഗുരുമുഖത്തുനിന്നും എല്ലാ അഭ്യാസവും വളരെ വേഗം പഠിച്ചു. പഠനം തീര്‍ന്നപ്പോള്‍ താനാണ് ഏറ്റവും അറിവുള്ളനെന്ന് അയാള്‍ക്ക് തോന്നി. അതു ക്രമേണ അയാളെ വലിയ അഹങ്കാരിയാക്കി മാറ്റി. ഗുരുവിനെക്കാളും അറിവുള്ളവന്‍ താന്‍ മാത്രമാണെന്ന ചിന്തയും അയാളില്‍ അനുദിനം വേരുപാകി.
ഒരിക്കല്‍ ഗുരു എന്തോ അത്യാവശ്യകാര്യത്തിന് ശിഷ്യനെ വിളിച്ചു. എന്നാല്‍ അതിനേക്കാള്‍ വലിയൊരു കാര്യം താന്‍ ചെയ്യുകയാണെന്നായിരുന്നു അയാളുടെ ഭാവം. അതിനാല്‍ ഗുരുവിനടുത്ത് ശിഷ്യന്‍ വിളിച്ചയുടന്‍ എത്തിയില്ല. തന്റെ ജോലിയെല്ലാം തീര്‍ത്തശേഷം ശാന്തമായാണ് ഗുരുസന്നിധിയിലെത്തിയത്. ഗുരുവിന് ദേഷ്യം വന്നെങ്കിലും അദേഹം സൗമ്യതയോടെ ശിഷ്യനോട് സംസാരിച്ചു. എന്തുകൊണ്ടാണ് താന്‍ വിളിച്ചപ്പോള്‍ ഗൗനിക്കാതിരുന്നതെന്ന് അദേഹം തിരക്കി. ശിഷ്യന്‍ പറഞ്ഞു.
”വിദ്യ ലഭിക്കുന്നതുവരെ മാത്രമേ അങ്ങെന്റെ ഗുരുവര്യനായി ഞാന്‍ പരിഗണിക്കുന്നുള്ളൂ. ഇപ്പോള്‍ ഞാനും അങ്ങും തുല്യരാണ്. അതിനാല്‍ അങ്ങേക്ക് അങ്ങയുടെ കാര്യങ്ങള്‍ ചെയ്യുന്നതുപോലെ തന്നെയാണ് എനിക്കെന്റെ കാര്യവും..” അതു കേട്ടതേ ഗുരുവിന്റെ കോപം കത്തിക്കാളി. അദേഹം രോഷാകുലനായി പറഞ്ഞു. ”അഹങ്കാരീ.. നീ ഗുരുവിനോട് തര്‍ക്കുത്തരം പറയുന്നോ?”
ശിഷ്യനും ഒട്ടും വിട്ടില്ല. ”എന്നെക്കാള്‍ കേമനാണ് അങ്ങ് എങ്കില്‍ നിരായുധനായി എന്നെ നേരിടൂ..
”അത്രയും പറഞ്ഞ് ശിഷ്യന്‍ വാളുമായി ഗുരുവിനോട് ഏറ്റുമുട്ടി. പലകുറി ഗുരു ഒഴിഞ്ഞുമാറിയെങ്കിലും ആരോഗ്യവാനായ ശിഷ്യനോട് നിരായുധനായി ഏറ്റുമുട്ടാന്‍ അദേഹത്തിനായില്ല. ഗുരുവിന്റെ ശിരഛേദം നടത്തിയശേഷമാണ് ശിഷ്യന്‍ അടങ്ങിയത്. എന്നാല്‍ ചോരവാര്‍ന്ന ഗുരുവിന്റെ മുഖത്തേക്ക് നോക്കിയപ്പോഴാണ് താന്‍ ചെയ്ത തെറ്റിന്റെ ഗൗരവം ശിഷ്യന് ബോധ്യപ്പെടുന്നത്. വേദനയോടെ ശിഷ്യന്‍ തളര്‍ന്നിരുന്നുപോയി. ആശ്രമപരിസരത്തേക്ക് ശിഷ്യരെല്ലാം ഓടി വരുന്നത് കണ്ടപ്പോള്‍ ഫിയാന്‍ വേലിചാടി ഓടി. അയാള്‍ ലക്ഷ്യമില്ലാതെ ഓടിക്കൊണ്ടിരുന്നു. ഒടുവില്‍ അയാളുടെ യാത്ര അവസാനിച്ചത് ഒരു മലയുടെ താഴ്‌വരയിലാണ്.
അവിടെയിരുന്നുകൊണ്ടയാള്‍ ചുറ്റും വീക്ഷിച്ചു. ഗുരുവിനോട് ചെയ്ത കടുത്ത അപരാധം വേദനയായി അയാളില്‍ പടര്‍ന്നു. എന്താണ് ഇതിന് പരിഹാരമായി ചെയ്യേണ്ടതെന്ന ചിന്ത അയാളില്‍ വേട്ടയാടി. ഗുരുവിനോട് ചെയ്ത തെറ്റിന് ക്ഷമചോദിച്ചുകൊണ്ട് അയാള്‍ മലയുടെ താഴ്‌വാരത്തിരുന്ന് ഉറക്കെയുറക്കെ കരഞ്ഞു.
ധാരാളം പേര്‍ ആ മല കടന്നാണ് മറുഗ്രാമത്തിലേക്ക് പോയിരുന്നത്. എന്നാല്‍ വയോവൃദ്ധര്‍ക്ക് മല കയറാന്‍ സാധിച്ചിരുന്നില്ല. വിഷമം മൂലം അവര്‍ അണച്ചും കിതച്ചും അവിടെത്തന്നെ നിന്നു. ചിലര്‍ കരഞ്ഞുകൊണ്ട് തിരികെ മടങ്ങി. ആ മല കയറാന്‍ കരുത്തില്ലാത്തതിനാലാണ് അവര്‍ കരയുന്നതെന്ന് അദേഹത്തിന് തോന്നി. ചെറുപ്പക്കാര്‍ പോലും വളരെ ക്ലേശിച്ചാണ് മലകയറി അടുത്തുള്ള പട്ടണത്തിലേക്ക് പോകുന്നതെന്നും അദേഹത്തിന് മനസിലായി. വൃദ്ധനായ തന്റെ ഗുരുവിനോട് ചെയ്ത പാപത്തിന് പരിഹാരമായി ആ മലയിലൂടെ തുരങ്കമുണ്ടാക്കണമെന്ന ചിന്ത അന്നുമുതല്‍ ഫിയാനില്‍ ശക്തമായി. അദേഹം ശാന്തമായി അതിന് തുടക്കം കുറിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയി. അദേഹത്തിന്റെ തലമുടിയും താടിയും നീണ്ടു. പാറയുമായുള്ള മല്‍പ്പിടിത്തം മൂലം അദേഹത്തിന്റെ ശരീരം കറുത്തു. തുരങ്കം പകുതിയോളം എത്തിയിട്ടുണ്ടാകും, അപ്പോഴാണ് അസാധാരണമായ ഒരു കുതിരക്കുളമ്പടിയുടെ ശബ്ദം അദേഹം കേള്‍ക്കുന്നത്. പരിചിതമായ ഒരു സ്വരം പോലെ. ആരെന്നറിയാന്‍ അദേഹം പുറത്തേക്കിറങ്ങിവന്നു. ഊരിയ വാളുമായി ഗുരുവിന്റെ പുത്രനായ ഗാവിനാ പുറത്ത് കാത്തുനില്‍ക്കുന്നു. ഫിയാനെ കണ്ടപാടെ അയാള്‍ ഓടിവന്നു. തന്റെ പിതാവിനെ കൊന്ന രോഷം മുഴുവന്‍ അയാളുടെ മുഖത്ത് കാണാമായിരുന്നു.
ഫിയാന്‍ അയാളുടെ കാലില്‍ വീണു മാപ്പിരന്നു. ഈ തുരങ്കം പൂര്‍ത്തിയാക്കുന്നതുവരെ തന്നോട് ക്ഷമിക്കണമെന്നും പൂര്‍ത്തിയാക്കിയാലുടന്‍ തന്നെ വധിക്കാനും ഫിയാന്‍ അപേക്ഷിച്ചു. ആദ്യം ഗുരുപുത്രന് അത് തെല്ലും അംഗീകരിക്കാനായില്ല. എങ്കിലും വീണ്ടും വീണ്ടും ഫിയാന്‍ അപേക്ഷിച്ചപ്പോള്‍ അയാള്‍ മനസില്ലാ മനസോടെ സമ്മതിച്ചു. പക്ഷേ ഗുരുപുത്രന്‍ പോയില്ല. അയാളും അവിടെ ഒരു കുടില്‍ ഉണ്ടാക്കി ഫിയാന്റെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിച്ചു. നാളുകള്‍ കഴിഞ്ഞപ്പോള്‍ അയാളും ഫിയാനെ സഹായിക്കാന്‍ മുന്നോട്ടുവന്നു. അധികം വൈകാതെ തുരങ്കം പൂര്‍ത്തിയായി. ഗ്രാമീണര്‍ ഉത്സവം പോലെയാണ് അത് ആഘോഷിച്ചത്. ചടങ്ങിനുശേഷം ഈ തുരങ്കം ഉണ്ടാക്കാനിടയായ സാഹചര്യത്തെക്കുറിച്ചും തന്നെ സഹായിച്ച ഗുരുപുത്രന്റെ ആഗമനോദേശ്യത്തെക്കുറിച്ചും ഫിയാന്‍ ജനക്കൂട്ടത്തിന് മുന്നില്‍ തുറന്ന് പറഞ്ഞു. തുടര്‍ന്ന് ഫിയാന്‍ ഗുരുപുത്രന്റെ മുന്നില്‍ ശിരസ് നമിച്ചു. അയാള്‍ പറഞ്ഞു. ”ഇതാ ഞാന്‍ തയാര്‍. എന്നെ വധിച്ചുകൊള്ളൂ..” ഗുരുപുത്രന്‍ എണീറ്റു, അയാള്‍ ഉറയില്‍ നിന്നും വാള്‍ വലിച്ചൂരി. ഫിയാന്‍ മരണത്തിനൊരുങ്ങി കിടന്നു. ജനക്കൂട്ടം കണ്ണിറുക്കിയടച്ച് ഉറക്കെ അലമുറയിട്ടു. ഗുരുപുത്രന്‍ വാള്‍ തിരികെ ഉറയിലിട്ടുപറഞ്ഞു. ”ഞാന്‍ ക്ഷമിക്കുന്നു, നാടിനെയോര്‍ത്ത്.. ഈ ജനത്തെയോര്‍ത്ത്.”
അയാള്‍ ഫിയാനെ ആലിംഗനം ചെയ്ത് കുതിരപ്പുറത്തേറി മടങ്ങി. ക്ഷമയെന്ന പുണ്യത്തെക്കുറിച്ച് ജപ്പാന്‍ ജനത ഉദ്ധരിച്ചത് പിന്നീട് ഈ കഥയോടുകൂടിയാണ്. ക്ഷമിക്കുവാന്‍ ഗാവിന് സാധിച്ചപ്പോള്‍ ആ യുവാവിന്റെ ജീവിതത്തിന് പുത്തനുണര്‍വും ഉന്മേഷവും ലഭിച്ചു.
നമ്മള്‍ ക്ഷമിക്കുമ്പോള്‍ നമുക്ക് സംഭവിക്കുന്നതും ഇതുതന്നെയാണ്. നീറി നീറി മരിക്കുന്ന നമ്മുടെ ഹൃദയം, ക്ഷമിക്കുന്നതുവഴി പുതിയ ജീവനിലേക്ക് കടക്കും. അപ്പോള്‍ ഗാവിനെപ്പോലെ നമുക്കും തോന്നും നാം മരിക്കുകയല്ല, ശരിക്കും ജീവിക്കുകയാണ് ചെയ്യുന്നതെന്ന്.
ആകാശത്തുനിന്നും ഉയര്‍ന്ന പ്രാര്‍ത്ഥന
അമേരിക്കയില്‍ 1980-ല്‍ നടന്ന ഒരു സംഭവം. പാരച്ച്യൂട്ട് പരിശീലനത്തിനുവേണ്ടി നിയുക്തരായവരായിരുന്നു തിമോത്തിയും ഡേവിഡും. തിയറിക്ലാസ്സിലെല്ലാം പ്രശസ്തമായി വിജയിച്ച അവര്‍ അതിന്റെ പരിശീലനത്തിനുവേണ്ടി മാനസികമായും ശാരീരികമായും ഒരുങ്ങിയിരുന്നു,
ഒടുവില്‍ ആ ദിനം വന്നു. ഇരുവരും പരീക്ഷണം നടക്കുന്ന സ്ഥലത്ത് നേരത്തേ എത്തി. നൂറില്‍ താഴെ യുവാക്കള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും പരിശീലനത്തിനായി അവിടെ എത്തിയിട്ടുണ്ട്.അവര്‍ ഓരോരുത്തരായി മുകളില്‍ നിന്ന് താഴ്‌വാരത്തിലേക്ക് പറന്നിറങ്ങുന്നത് കൗതുകത്തോടെ തിമോത്തിയും ഡേവിഡും നോക്കി നിന്നു. ഒടുവില്‍ അവരുടെയും ഊഴമായി. തിമോത്തിയെയും ഡേവിഡിനെയും വഹിച്ചുകൊണ്ട് വിമാനം ആകാശത്തേക്ക് കുതിച്ചു. താഴ്‌വരകള്‍ പച്ചപ്പട്ടുമാതിരി ചെറുതായപ്പോള്‍ അവരുടെ പരിശീലകന്‍ ചാടാനുളള നിര്‍ദേശം നല്‍കി. ആദ്യം ഡേവിഡ് ചാടി. അവന്റെ പാരച്യൂട്ട് കുടപോലെ നിവരുന്നത് മുകളില്‍ നിന്ന് തിമോത്തിക്ക് കാണാമായിരുന്നു. ചെറിയ നെഞ്ചിടിപ്പോടും ഭയത്തോടും കൂടി തിമോത്തിയും ചാടി. നിര്‍ഭാഗ്യമെന്നു പറയട്ടെ. പരിശ്രമം മൂലം മുന്നോട്ടു ചാടേണ്ട അവന്‍ പിന്നിലേക്കാണ് വീണത്. പാരച്യൂട്ടിന്റെ ചരടുകള്‍ തമ്മില്‍ ഇതുമൂലം കെട്ടുപിണഞ്ഞു. അതുവിടരുന്നില്ല. അതിവേഗത്തില്‍ താന്‍ താഴേക്ക് പതിക്കുന്നതായി തിമോത്തിക്ക് മനസിലായി. മരണം അവന്‍ മുന്നില്‍ കണ്ടു ദൈവമേ അങ്ങയുടെ ഹിതം മാത്രം നിറവേറണമേ. അവന്‍ അങ്ങനെ മാത്രമാണ്പ്രാര്‍ത്ഥിച്ചത്.
അപ്പോഴേക്കും അവന്‍ നിലം പൊത്താറായി കഴിഞ്ഞിരുന്നു, അവന്റെ സഹപാഠികളും മൈതാനത്ത് തടിച്ചുകൂടിയ കാണികളും ആ കാഴ്ച കാണാനാവാതെ കണ്ണ് ഇറുക്കിയടച്ചു. തിമോത്തി പാറയില്‍ തലയടിച്ച് ചോരയില്‍ പിടഞ്ഞു മരിക്കുന്ന കാഴ്ച അവര്‍ ഭാവനയില്‍ കണ്ടു. എന്നാല്‍ നേരിയ ഭാഗ്യം അവന് തുണയായി. നനഞ്ഞ പുല്‍മൈതാനത്താണ് അവന്‍ വന്നുവീണത്. കൈകള്‍ക്കും കാലിനും ഒടിവും ചതവും സംഭവിച്ചെങ്കിലും ഡോക്ടര്‍മാരുടെ ഒറ്റക്കെട്ടായുളള പരിശ്രമം മൂലം പിന്നീട് അവന്റെ ശരീരത്തിലെ തകരാറുകള്‍ നീങ്ങി. രണ്ടുമാസത്തിനുശേഷം പരിപൂര്‍ണ്ണസുഖം പ്രാപിച്ച് തിമോത്തിക്ക് ആശുപത്രി വിടാനും കഴിഞ്ഞു. ഗ്രിഗറി ഒന്നാമന്‍ പാപ്പാ പറയുന്നു, ‘കഷ്ടതകള്‍ ജീവിതത്തില്‍ വര്‍ദ്ധിക്കുന്നുവോ, അത്രയും നല്ലത്. കാരണം അത്ര വിശിഷ്ടമായിരിക്കും ദൈവം നമുക്ക് നല്‍കുന്ന കിരീടം.”

ടേസ്റ്റ്
കുസൃതിക്കുടുക്കളായ സഹോദരങ്ങളില്‍ ഒരാള്‍ക്ക് സുഹൃത്ത് ഒരു ബദാം പായ്ക്കറ്റ് സമ്മാനിച്ചു. അതുകണ്ടതും അവളുടെ സഹോദരന്‍ കൊതിയോടെ അടുത്തുവന്നു. തലേന്ന് അവന് കിട്ടിയ ഐസ്‌ക്രീം തനിക്കുതരാതെ തിന്നതുകൊണ്ടാകണം സഹോദരി വാശിയോടെ ബദാം കൊറിച്ചുകൊണ്ടിരുന്നു.
സഹോദരന്‍: ”എനിക്ക് ഒരെണ്ണം താടി ടേസ്റ്റ് നോക്കാനെങ്കിലും..”
സഹോദരി മനസലിഞ്ഞ് ഒന്നു കൊടുത്തു. എന്നാല്‍ അപ്പോഴേക്കും അവന്റെ സ്വരം മാറി.
”അതെന്താ.. ഒരെണ്ണം മാത്രം തന്നത്?”
സഹോദരി വേഗം പായക്കറ്റ് കാലിയാക്കിക്കൊണ്ട് പറഞ്ഞു.”ബാക്കിയെല്ലാത്തിന്റെയും ടേസ്റ്റ് ഇപ്പം തിന്നില്ലേ…അതുതന്നെയാണ്….”

ജയ്‌മോന്‍ കുമരകം

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?