Follow Us On

28

March

2024

Thursday

സഭ നേരിടുന്ന സമകാലിക പ്രതിസന്ധികള്‍

സഭ നേരിടുന്ന സമകാലിക  പ്രതിസന്ധികള്‍

ഒരു സായാഹ്നത്തില്‍ ശിഷ്യരോടൊത്ത് മറുകരയിലേക്ക് വഞ്ചിയില്‍ യാത്ര ചെയ്യുകയാണ് ക്രിസ്തു (മര്‍ക്കോ 4:35-41). സമാന്തരസുവിശേഷങ്ങള്‍ മൂന്നിലും വിവരിക്കുന്ന ഈ തോണിയാത്ര പ്രതീകാത്മകമായി വലിയ അര്‍ത്ഥതലങ്ങളുള്‍ക്കൊള്ളുന്ന സഞ്ചാരമാണ്. പരിക്ഷീണിതനായിരുന്ന ഈശോ വഞ്ചിയുടെ അമരത്ത് ഉറങ്ങി. പെട്ടെന്ന് കടല്‍ക്ഷോഭിച്ചപ്പോള്‍ പരിഭ്രാന്തരായ ശിഷ്യര്‍ ഗുരുവിനെ വിളിച്ചുണര്‍ത്തി. അവിടുന്നു കാറ്റിനോടും കടലിനോടും ശാന്തമാകാന്‍ കല്പിച്ചു! പ്രകൃതി പ്രശാന്തമായപ്പോള്‍ അവന്‍ ശിഷ്യന്മാരുടെ ഭീരുത്വത്തെ കുറ്റപ്പെടുത്തി. മിശിഹായുടെ ദൈവസ്വഭാവവും ദൗത്യവും വെളിപ്പെടുത്തുന്ന സുവിശേഷസന്ദര്‍ഭങ്ങളിലൊന്നാണിത്.
പ്രക്ഷുപ്തമായ കടലിന്റെ നടുവിലൂടെ ശിഷ്യരൊത്ത് മറുകരയിലേക്ക് ഈശോ നടത്തുന്ന വഞ്ചിയാത്ര നിത്യതയിലേക്ക് തീര്‍ത്ഥാടനം ചെയ്യുന്ന സഭയെ പ്രതീകാത്മകമായി അടയാളപ്പെടുത്തുകയാണ്. സഭയ്ക്ക് ദൈവികവും മാനുഷികവുമായ മാനങ്ങളുണ്ട്. വഞ്ചിയുടെ അമരത്ത് നിലയുറപ്പിച്ചിരിക്കുന്ന മിശിഹാ സഭയുടെ ദൈവികമാനത്തെയും പരാജിതഭീതിയോടെ നിലവിളിക്കുന്ന ശിഷ്യസമൂഹം സഭയുടെ മാനുഷികതലത്തെയും സൂചിപ്പിക്കുന്നുണ്ട്.
ശ്ലീഹന്മാരും പ്രവാചകന്മാരുമാകുന്ന അടിസ്ഥാനത്തില്‍ ഈശോയാകുന്ന മൂലക്കല്ലില്‍ പടുത്തുയര്‍ത്തപ്പെട്ട് പരിശുദ്ധാത്മാവില്‍ വ്യാപരിക്കുന്ന സമൂഹമാണ് തിരുസഭ. എന്നാല്‍ ബലഹീനരായ മനുഷ്യരുടെ കരങ്ങളിലൂടെയാണ് മിശിഹാ തന്റെ ദൗത്യം തുടരുന്നത്. ഈശോതന്നെ തെരഞ്ഞെടുത്തു നിയോഗിച്ച ശിഷ്യരില്‍പോലും പലരും അവിശ്വസിക്കുകയും പ്രലോഭനങ്ങളില്‍ ഇടറുകയും ചെയ്തിട്ടുണ്ട്. സഹനം തിരസ്‌ക്കരിച്ചതും കുരിശിന്റെ വഴിയില്‍ ഗുരുവിനെ തള്ളിപ്പറഞ്ഞതും ഒരാള്‍ ഒറ്റിക്കൊടുത്തതും ചില അടയാളങ്ങള്‍ മാത്രം. സഭയുടെ മാനുഷികതലമാണ് ഇവിടെയെല്ലാം സൂചിതമാകുന്നത്. പക്ഷേ, ഒരു പ്രതിസന്ധിയിലും തകര്‍ന്നുപോകാതെ ഈ സഭാനൗക ലക്ഷ്യത്തിലേക്കു നീങ്ങുന്നതിന്റെ കാരണം അമരക്കാരന്‍ മിശിഹാ ആയിരിക്കുന്നതുകൊണ്ടു മാത്രമാണ്.
കാലികപ്രതിസന്ധികള്‍
ഭാരതത്തിലെ കത്തോലിക്കാസഭ, പ്രത്യേകിച്ച് കേരളത്തിലെ സഭ പ്രക്ഷുപ്തമായ തിരയിളക്കങ്ങളിലൂടെ കടന്നുപോകുന്ന നാളുകളാണിവ. ഇന്നത്തെ പ്രതിസന്ധികള്‍ക്ക് ആന്തരികവും ബാഹ്യവുമായ തലങ്ങളുണ്ട്. കുറ്റം ചെയ്തവര്‍ ആരൊക്കെയാണെങ്കിലും രാജ്യത്തിന്റെ നീതീന്യായവ്യവസ്ഥിതി പ്രകാരം ശിക്ഷിക്കപ്പെടണമെന്നതില്‍ രണ്ടുപക്ഷമില്ല. എന്നാല്‍ ഒറ്റപ്പെട്ട ആരോപണങ്ങളുടെ പേരില്‍ സഭയെ അടച്ചാക്ഷേപിക്കുകയും മാധ്യമങ്ങളിലൂടെ പരസ്യവിചാരണ നടത്തി മുന്‍കൂട്ടി വിധിതീര്‍പ്പു കല്പിക്കുകയും ചെയ്യുന്നതു നിര്‍ഭാഗ്യകരമാണ്. ക്രൈസ്തവ പൗരോഹിത്യം, സന്യാസം, സഭാസംവിധാനങ്ങള്‍, വിശ്വാസദര്‍ശനങ്ങള്‍ എന്നിവയെ വികലമായി ചിത്രീകരിച്ചുകൊണ്ടും പരസ്യമായി അവഹേളിച്ചുകൊണ്ടുമുള്ള എഴുത്തുകളും ചര്‍ച്ചകളും വിശ്വാസസമൂഹത്തിന് വലിയ വേദനയ്ക്കും ഇടര്‍ച്ചയ്ക്കും കാരണമായിത്തീര്‍ന്നു. എന്നാല്‍ ഈ പ്രതിസന്ധികളുടെ നടുവില്‍ മനസിടിയാതെ പ്രത്യാശയോടെ ധീരമായി മുന്നേറാന്‍ നമുക്ക് കഴിയണം.
ഉപരിവിശുദ്ധീകരണത്തിനുള്ള സമയം
നമ്മുടെ ആത്മപരിശോധനയ്ക്കും സഭയുടെ ഉപരിവിശുദ്ധീകരണത്തിനുമുള്ള സമയമാണിത്. നന്മകള്‍കൊണ്ടു ശോഭിതവും ആദരണീയവുമായ ഒരു മുഖം സഭയ്ക്കുള്ളതുകൊണ്ടുതന്നെ ആ മുഖത്തു പതിയുന്ന ഒറ്റപ്പെട്ട കറുത്തപൊട്ടുകള്‍പോലും ഗൗരവതരമാണ്. സഭയിലെ ശുശ്രൂഷാനേതൃത്വനിരയും സമര്‍പ്പിതരും അല്മായ നേതാക്കളുമുള്‍പ്പെടുന്ന വിശ്വാസസമൂഹം സുവിശേഷത്തിന്റെ ഹൃദയത്തിലേക്കും ആദിമസഭയുടെ ജീവിതശൈലിയിലേക്കും കൂടുതല്‍ അടുത്തുവരണമെന്ന നിരീക്ഷണം പ്രസക്തമാണെന്നു ഞാന്‍ കരുതുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിഭാവനം ചെയ്യുന്ന ഉറവിടങ്ങളിലേക്കുള്ള മടക്കവും (ഞലീൌൃരലാലി)േ കാലികനവീകരണവും (അഴഴശീൃിമാലിീേ) സഭയില്‍ കൂടുതല്‍ അനിവാര്യമായിരിക്കുന്നു.
പ്രതികാരചിന്തയില്ലാത്ത മാര്‍ഗം
ശത്രുവിനു മാപ്പുനല്‍കി സ്‌നേഹം വിളമ്പുന്നതാണ് ക്രൈസ്തവ ദര്‍ശനമെന്ന് സുവിശേഷവാക്യങ്ങള്‍ അടിവരയിടുന്നു. മറ്റു മതചിന്തകളിലൊന്നുമില്ലാത്തവിധം ക്രിസ്തുമൊഴികളില്‍ ക്ഷമയുടെ പാഠശാലയുണ്ട്. ക്ഷമിക്കുന്ന സ്‌നേഹത്തിന് കാല്‍വരിയിലെ കുരിശുമരണത്തോളം ഔന്നത്യമുണ്ട് എന്ന യാഥാര്‍ത്ഥ്യം മറക്കാതിരിക്കാം.
കുരിശിന്റെ വഴി ഉപേക്ഷിക്കാനുള്ള പ്രലോഭനങ്ങളും ഇടര്‍ച്ചകളും ഇരുപത് നൂറ്റാണ്ടുകള്‍ പിന്നിട്ടുനീങ്ങുന്ന തിരുസഭയുടെ തീര്‍ത്ഥാടനവഴികളില്‍ ആവര്‍ത്തിച്ചിട്ടുള്ളത് ചരിത്രത്തിന്റെ ഭാഗമാണ്. ത്യാഗപൂര്‍വ്വം സമര്‍പ്പിക്കുന്നതും സഹനങ്ങള്‍ ഏറ്റെടുക്കുന്നതും അടിമത്തമല്ല, ചൂഷണത്തിനു സ്വയംവിട്ടുകൊടുക്കുന്ന ഭീരുത്വവുമല്ല; മറിച്ച് അതു ക്രൈസ്തവ ധീരതയാണ്. ലക്ഷ്യത്തോടൊപ്പം മാര്‍ഗവും പവിത്രമായിരിക്കണമെന്ന പ്രമാണം അടിസ്ഥാനപരമാണ്.
തെറ്റുകളും ആരോപണങ്ങളും കുറ്റപ്പെടുത്തലുകളുമുയരുമ്പോള്‍ അതു പരിഹരിക്കേണ്ട വേദികള്‍ സഭയ്ക്കുള്ളിലും സ്വീകരിക്കേണ്ട ശൈലി ക്രിസ്തുമാര്‍ഗവുമാണ്. നമ്മുടെ ആഭിമുഖ്യങ്ങള്‍ വഴിവിട്ട് പ്രതികാരരീതികളിലേക്കു നീങ്ങാതെ എല്ലാവരെയും മിശിഹായുടെ മിഴികളിലൂടെ വീക്ഷിക്കുവാനും പ്രശ്‌നങ്ങള്‍ സുവിശേഷമാര്‍ഗത്തിലൂടെ പരിഹരിക്കുവാനും കഴിയുന്നതിലാണ് മഹത്വം. ദ്രോഹിക്കുന്നവര്‍ക്കു മാപ്പു നല്‍കി ത്യാഗപൂര്‍വ്വം പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന്റെ കരം അനുഗ്രഹം ചൊരിയുമെന്ന വിശ്വാസവെളിച്ചം നമ്മില്‍ അണഞ്ഞുപോകരുത്.
അനിവാര്യമായ ഒരുമ
സഭയെ സൂചിപ്പിക്കുന്ന ‘എക്‌ളേസിയാ’ എന്ന മൂലപദത്തിന് വിളിച്ചുകൂട്ടപ്പെട്ട സമൂഹം എന്ന അര്‍ത്ഥമാണുള്ളത്. ഈശോയുടെ അന്ത്യാഭിലാഷമായി സുവിശേഷം പങ്കുവയ്ക്കുന്ന അവിടുത്തെ പ്രാര്‍ത്ഥനയുടെ കാതല്‍ ഒരുമയ്ക്കുവേണ്ടിയുള്ള ദാഹമാണ്. ”അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും…. ഞാന്‍ പ്രാര്‍ത്ഥിക്കുന്നു” (യോഹ. 17:21). പ്രതിസന്ധികളുണ്ടാകുമ്പോള്‍ പരസ്പരം പഴിക്കുന്നതിനുപകരം സ്‌നേഹപൂര്‍വ്വം അപരനെ ചേര്‍ത്തുപിടിക്കുകയാണ് കരണീയം. അവഹേളിച്ചുകൊണ്ട് ഒറ്റപ്പെടുത്താനും തള്ളിപ്പറയാനും ആര്‍ക്കും എളുപ്പമാണ്; പക്ഷേ, കാരുണ്യത്തിന്റെ കണ്ണിലൂടെ മറ്റുള്ളവരെ വീക്ഷിച്ചുകൊണ്ട് സ്‌നേഹത്തിന്റെ പാലങ്ങള്‍ പണിയുന്ന ശ്രമകരമായ ദൗത്യമാണ് ക്രിസ്ത്യാനിയുടേത്.
ജാഗ്രതയോടെയുള്ള നിലപാടുകള്‍
ആനുകാലിക സാഹചര്യങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍ പോലെ സഭയെ അടിക്കുന്നതിനുള്ള വടി ശത്രുവിന്റെ സ്വാര്‍ത്ഥകരങ്ങളിലെത്തിച്ചു സ്വയം പരിഹാസിതരാകുന്ന സാഹചര്യം തികച്ചും നിര്‍ഭാഗ്യകരമാണ്. വിരുദ്ധശക്തികളും മാധ്യമ സിന്‍ഡിക്കേറ്റുകളമൊരുക്കുന്ന ഗൂഢ അജണ്ടകളും പിന്നിലുള്ള ലാഭക്കൊതിയും തിരിച്ചറിഞ്ഞ് വിമര്‍ശനാത്മകമായി വാര്‍ത്തകളെ വിലയിരുത്തുന്നതിനുമുള്ള കാഴ്ചയും കേള്‍വിയുമാണ് നമുക്കാവശ്യം.
നിസംഗതയുടെ ആഗോളീകരണമാണ് ആധുനികലോകത്തിന്റെ കൊടിയപാപമെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിരീക്ഷിക്കുന്നത്. വസ്തുതകള്‍ ശരിയായി പഠിച്ച് സത്യം പറയേണ്ട വേദികളിലും സാഹചര്യങ്ങളിലും വേണ്ടവിധം അതു പറയാനും പ്രതികരിക്കാനും നമുക്കു കടമയുണ്ട്. സെന്‍സേഷനല്‍ വാര്‍ത്തകളിലൂടെ റേറ്റിംഗ് വര്‍ധിപ്പിച്ച് ലാഭം കൊയ്യാന്‍ കത്തോലിക്കാ സഭയ്‌ക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കാനും വാര്‍ത്തകള്‍ വളച്ചൊടിക്കാനും ചാനലുകളും സമൂഹമാധ്യമങ്ങളും മത്സരിക്കുകയാണിന്ന്.
സ്വാര്‍ത്ഥപരമായ വര്‍ഗീയ, രാഷ്ട്രീയ അജണ്ടകളോടെ ആസൂത്രിതമായി സംഘടിപ്പിക്കുന്ന പ്രൈംടൈം ചര്‍ച്ചകളിലെ കള്ളക്കളികള്‍ മനസിലാക്കി നിലപാടു സ്വീകരിക്കാന്‍ നമുക്ക് കഴിയണം. സോഷ്യല്‍ മീഡിയാകള്‍ പ്രചരിപ്പിക്കുന്ന തെറ്റായ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യാതിരിക്കുന്നതോടൊപ്പം കൃത്യമായ പ്രതികരണങ്ങള്‍ നല്‍കുന്നതും സത്യം പ്രചരിപ്പിക്കുന്നതും നമ്മുടെ ദൗത്യമാണ്.
മിശിഹായുടെ പാര്‍ശ്വത്തില്‍നിന്നു ജന്മമെടുത്ത തിരുസഭയെന്ന അമ്മയെ അഭിമാനപൂര്‍വ്വം സ്‌നേഹിച്ചുകൊണ്ട് അവിടുത്തെ സുവിശേഷത്തിന് നമ്മള്‍ ധീരമായി ജീവിതസാക്ഷ്യം നല്‍കണം. ഇതു സഭയുടെ നവീകരണത്തിന്റെയും വളര്‍ച്ചയുടെയും നാളുകളാണ്. വിശ്വാസത്തിലും ധാര്‍മ്മികതയിലും ഉറച്ചുനിന്ന്, ജാതിമതഭേദമില്ലാതെ എല്ലാവര്‍ക്കും നന്മ ചെയ്ത് പ്രത്യാശയുടെ ചുവടുകള്‍ വയ്ക്കാന്‍ നമുക്കു കഴിയട്ടെ.

ബിഷപ് മാര്‍ ജോസ് പുളിക്കല്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?