Follow Us On

25

August

2019

Sunday

ശുദ്ധീകരണസ്ഥലത്തെപ്പറ്റി വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ പ്രസംഗം ഭാഗം -2

ശുദ്ധീകരണസ്ഥലത്തെപ്പറ്റി  വിശുദ്ധ ജോണ്‍ മരിയ  വിയാനിയുടെ പ്രസംഗം ഭാഗം -2

ഒരു ചെറിയ ദാനധര്‍മംപോലും ഒരു വിശുദ്ധ കുര്‍ബാനപോലും ഞങ്ങളുടെ മോചനത്തിനായി സമര്‍പ്പിക്കപ്പെടുന്നില്ല! നിങ്ങള്‍ക്ക് ഞങ്ങളുടെ സഹനങ്ങളില്‍നിന്ന് ഞങ്ങളെ മോചിപ്പിക്കുവാന്‍ കഴിയും; നിങ്ങള്‍ക്ക് ഞങ്ങളെ തടവറയില്‍നിന്ന് മോചിപ്പിക്കുവാന്‍ കഴിയും; എന്നിട്ടും നിങ്ങള്‍ ഞങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു. ഓ, എത്ര കഠോരമാണ് ഈ സഹനങ്ങള്‍. പ്രിയസഹോദരങ്ങളെ, മനുഷ്യര്‍ വേറെ വിധത്തിലാണ് ചെറിയ കുറ്റങ്ങളെ കാണുന്നത്. എന്നാല്‍ ശുദ്ധീകരണസ്ഥലത്ത് ഞങ്ങള്‍ ഇത്ര കഠിനമായ സഹനങ്ങളിലൂടെ കടന്നുപോകുമ്പോള്‍, ഏതെങ്കിലും തെറ്റിനെ നിസാരമെന്ന് പറയാന്‍ കഴിയുമോ? ദയ കൂടാതെ മനുഷ്യനെ ദൈവം വിധിക്കുകയാണെങ്കില്‍, ഏറ്റവും നീതിമാന്‍പോലും എത്ര സഹിക്കേണ്ടിവരും എന്ന് വിശുദ്ധ പ്രവാചകന്മാര്‍ വിലപിക്കുന്നു. മാലാഖമാരില്‍പോലും ദൈവം കുറ്റം കണ്ടെങ്കില്‍, പാപികളായ മനുഷ്യരുടെ സ്ഥിതി എന്താണ്? നിരവധി ചാവുദോഷങ്ങള്‍ ചെയ്യുകയും എന്നിട്ടും അവയ്ക്ക് പരിഹാരമായി ദൈവനീതിയെ ശമിപ്പിക്കുവാന്‍ പ്രയോഗത്തില്‍ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന നമ്മള്‍ക്ക് എത്ര വര്‍ഷത്തെ ശുദ്ധീകരണസ്ഥലം ലഭിക്കും! വിശുദ്ധ തെരേസ പറഞ്ഞു: എന്റെ ദൈവമേ, പ്രതികാരദാഹിയായ അഗ്നിയിലൂടെ കടക്കാതെ, സ്വര്‍ഗത്തില്‍ പോകാന്‍മാത്രം പരിശുദ്ധിയുള്ള ഏത് ആത്മാവാണ് ഉള്ളത്?
തന്റെ അവസാനത്തെ രോഗപീഢയുടെ സമയത്ത് വിശുദ്ധ ഇങ്ങനെ വിളിച്ചുപറഞ്ഞു: ”എന്റെ ദൈവത്തിന്റെ നീതിയും ശക്തിയുമേ, നിങ്ങള്‍ എത്ര ഭയാനകമാണ്!” സ്വര്‍ഗത്തില്‍ മാലാഖമാരും വിശുദ്ധരും ദൈവത്തിന്റെ പരിശുദ്ധിയെ കണ്ടുകൊണ്ടിരിക്കുന്ന രംഗം കാണുവാന്‍ വിശുദ്ധയുടെ സഹനസമയത്ത് ദൈവം അവളെ അനുവദിച്ചു. അത് അവളില്‍ വലിയ ഭയം ഉളവാക്കി, അവള്‍ ഭയന്നു വിറക്കുന്നതും അസാധാരണമായവിധം അസ്വസ്ഥയാകുന്നതും കണ്ട സിസ്റ്റര്‍മാര്‍ കരഞ്ഞുകൊണ്ട് അവളോട് ചോദിച്ചു: ഇത്രമാത്രം പരിഹാരപ്രവൃത്തികള്‍ ചെയ്യുകയും അനുതാപത്തിന്റെ കണ്ണീര്‍ ഒഴുക്കുകയും ചെയ്ത മദര്‍ മരണത്തെ തീര്‍ച്ചയായും ഭയപ്പെടുന്നില്ലല്ലോ; പിന്നെ എന്തുപറ്റി?” വിശുദ്ധ തെരേസ പ്രതിവചിച്ചു: ”ഇല്ല എന്റെ മക്കളേ, ഞാന്‍ മരണത്തെ ഭയപ്പെടുന്നില്ല; പ്രത്യുത, എന്റെ ദൈവത്തോട് എന്നേക്കുമായി ചേരാമല്ലോ എന്നോര്‍ത്ത് ഞാനത് ആഗ്രഹിക്കുന്നു.” ”ഇത്രമാത്രം ഇന്ദ്രിയനിഗ്രഹം നടത്തിയിട്ടുള്ള അങ്ങയെ എന്നിട്ടും പാപമാണോ ഭയപ്പെടുത്തുന്നത്?” അവര്‍ ചോദിച്ചു. അവള്‍ മറുപടി പറഞ്ഞു: ”അതേ മക്കളേ, എന്റെ പാപങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു; എന്നാല്‍ അതിനെക്കാള്‍ എന്നെ ഭയപ്പെടുത്തുന്നത് മറ്റൊന്നാണ്.”
”അത് ദൈവത്തിന്റെ ന്യായവിധിയെയാണോ?” ”അതേ, വിധിയുടെ സമയത്ത് ദയ കാണിക്കാതെ നീതിയോടെ പെരുമാറുന്ന ദൈവത്തിന്റെ മുമ്പില്‍ കണക്ക് ബോധിപ്പിക്കുക എന്ന പ്രയാസമേറിയ കാര്യത്തെ ഓര്‍ത്ത് ഞാന്‍ വിറയ്ക്കുന്നു. എന്നാല്‍ ഓര്‍ക്കുമ്പോള്‍ത്തന്നെ ഞാന്‍ ഭയംകൊണ്ട് മരിച്ചുപോകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്.” അസ്വസ്ഥരായ പാവം സിസ്റ്റര്‍മാര്‍ ചോദിച്ചു: ”അപ്പോള്‍ അത് നരകമായിരിക്കുമോ?” അവള്‍ മറുപടി പറഞ്ഞു: ”അല്ല, എനിക്ക് ഏതായാലും നരകം കിട്ടുകയില്ല. ഓ, പ്രിയ സിസ്റ്റര്‍മാരെ, അത് ദൈവത്തിന്റെ പരിശുദ്ധിയാണ്. എന്റെ ദൈവമേ, എന്റെമേല്‍ കരുണയായിരിക്കണമേ. യേശുക്രിസ്തുവിന്റെ തിരുമുമ്പില്‍ എന്റെ ജീവിതം കൊണ്ടുവരപ്പെടും. പാപത്തിന്റെ അല്‍പം കറയെങ്കിലും എന്നില്‍ ഉണ്ടെങ്കില്‍ എനിക്ക് നാശം! ഞാന്‍ പാപത്തിന്റെ നിഴലില്‍ ആണെങ്കില്‍ എനിക്ക് നാശം! അപ്പോള്‍ സിസ്റ്റര്‍മാര്‍ കരഞ്ഞുകൊണ്ട് പറഞ്ഞു: കഷ്ടം, ഞങ്ങളുടെ മരണം അപ്പോള്‍ എങ്ങനെ ആയിരിക്കും!
അങ്ങനെയാണെങ്കില്‍ നമ്മള്‍ ഇതുവരെ ചെയ്ത എല്ലാ പരിഹാരപ്രവൃത്തികള്‍കൊണ്ടും സല്‍പ്രവൃത്തികള്‍കൊണ്ടും നമ്മുടെ ക്ഷമിക്കപ്പെട്ട ഒരു പാപത്തിനുപോലും ദൈവത്തിന്റെ ന്യായവിധിക്കുമുമ്പില്‍ ഒരുപക്ഷേ പരിഹാരം ചെയ്ത് തീര്‍ന്നിട്ടില്ലാത്ത നമ്മുടെ മരണം, അപ്പോള്‍ പ്രിയപ്പെട്ട സഹോദരരേ, എങ്ങനെയായിരിക്കും?
ഓ, എത്ര വര്‍ഷങ്ങളോ നൂറ്റാണ്ടുകളോ നമ്മള്‍ ശിക്ഷിക്കപ്പെടാം! നമ്മള്‍ സാരമില്ലെന്ന് വച്ച് അവഗണിക്കുന്ന കുറ്റങ്ങള്‍ക്ക്, രസത്തിനുവേണ്ടി നമ്മള്‍ പറയുന്ന ചെറിയ നുണകള്‍ക്ക്, നമ്മള്‍ നല്‍കുന്ന ചെറിയ ഉതപ്പുകള്‍ക്ക്, നമ്മള്‍ നഷ്ടപ്പെടുത്തുന്ന, ദൈവം ഓരോ നിമിഷവും നമുക്ക് തരുന്ന അനുഗ്രഹങ്ങള്‍ക്ക്, ദൈവം നമുക്ക് തരുന്ന സഹനങ്ങളുടെ സമയത്ത് ഓരോ സമയത്തും നമ്മള്‍ നടത്തുന്ന പിറുപിറുക്കലുകള്‍ക്ക്, നമ്മള്‍ എത്ര വലിയ വില കൊടുക്കേണ്ടിവരും! നമ്മള്‍ ചെയ്യുന്ന പാപങ്ങള്‍ ദൈവത്തെ എത്രമാത്രം ദ്രോഹിക്കുന്നെന്നും എത്ര കഠോരമായി ഈ ലോകത്തുവച്ചുപോലും അവയ്ക്ക് നമ്മള്‍ ശിക്ഷിക്കപ്പെടുമെന്നും നമ്മള്‍ മനസിലാക്കിയിരുന്നെങ്കില്‍ എന്റെ പ്രിയ സഹോദരരെ, ഏറ്റവും ചെറിയ പാപം ചെയ്യുവാന്‍പോലും നമുക്ക് ധൈര്യം ഉണ്ടാകുമായിരുന്നില്ല. എന്റെ പ്രിയസഹോദരരെ, തന്റെ എല്ലാ പ്രവൃത്തികളിലും ദൈവം നീതിമാനാണ്. നമ്മള്‍ ചെയ്യുന്ന ഏറ്റവും നിസാരമായ സല്‍പ്രവൃത്തിക്കും ദൈവം പ്രതിഫലം തരുമ്പോള്‍ അത് നമ്മള്‍ ആഗ്രഹിക്കുന്നതിലും അധികമായിരിക്കും. ഒരു നല്ല ചിന്തക്കുപോലും നിറവേറ്റാന്‍ പറ്റിയില്ലെങ്കിലും നമ്മള്‍ ചെയ്യാന്‍ ആഗ്രഹിച്ച ഒരു ചെറിയ നന്മയ്ക്കുപോലും ദൈവം പ്രതിഫലം തരാതിരിക്കുകയില്ല. ശിക്ഷിക്കുന്ന കാര്യത്തിലും ദൈവം അങ്ങനെയാണ്. ദൈവം വിധിക്കുന്നത് കാര്‍ക്കശ്യത്തോടെയാണ്. നമ്മളില്‍ ഒരു ചെറിയ പാപം മാത്രമാണ് ഉള്ളതെങ്കിലും നമ്മള്‍ ശുദ്ധീകരണസ്ഥലത്തേക്ക് അയക്കപ്പെടും.

ഫാ. ജോസഫ് വയലില്‍ CMI

(തുടരും)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?