Follow Us On

29

May

2020

Friday

വിശ്വാസത്തിന്റെ മായാജാലക്കൂട്ടൊരുക്കി ആറ് പതിറ്റാണ്ട്

വിശ്വാസത്തിന്റെ മായാജാലക്കൂട്ടൊരുക്കി ആറ് പതിറ്റാണ്ട്

പതിമൂന്നാം വയസുമുതല്‍ അള്‍ത്താര ബാലനായി ആരംഭിച്ച സഭാശുശ്രൂഷകള്‍ അറുപതിന്റെ നിറവിലും ദൈവത്തില്‍ ആശ്രയിച്ച് മുന്നോട്ടു പോകുകയാണ് ജോയിസ് മുക്കുടം. കുട്ടിക്കാലം മുതല്‍ വിവിധ ഭക്തസംഘടനകളിലൂടെ സഭയിലെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിത്തം വഹിച്ചിരുന്നു. 1990-ല്‍ സന്തോഷ് ടിയുടെ നേതൃത്വത്തില്‍ നടത്തിയ ക്രിസ്റ്റീന്‍ ട്രെയിനിങ്ങ് പ്രോഗ്രാമിലൂടെ ലഭിച്ച ഉള്‍ക്കാഴ്ചയാണ് കുട്ടികളുടെ ഇടയിലെ സുവിശേഷ ശുശ്രൂഷകള്‍ക്ക് ഇറങ്ങിത്തിരിക്കുവാന്‍ പ്രേരണയായത്. അതുവഴി കോതമംഗലം രൂപതയില്‍ ക്രിസ്റ്റീന്‍ ശുശ്രൂഷകള്‍ക്ക് തുടക്കമായി. ആരംഭത്തില്‍ത്തന്നെ ദൃശ്യ-ശ്രാവ്യ-കലാ മാധ്യമങ്ങളിലൂടെയുള്ള ക്രിസ്റ്റീന്‍ ധ്യാനമാണ് ഒരുക്കിയത്. കുട്ടികള്‍ക്കിടയില്‍ വചനപ്രഘോഷണം സജീവമാകുകയും ആത്മീയഉണര്‍ത്തുപാട്ടായി മാറുകയും ചെയ്തു. അധ്യാപകര്‍ക്കും ആവേശമായിരുന്നു. വിവിധങ്ങളായ ദൃശ്യമാധ്യമങ്ങള്‍ ക്രമപ്പെടുത്തുവാന്‍ വളരെയേറെ കഷ്ടപ്പാടുകള്‍ മാസങ്ങളോളം സഹിക്കേണ്ടതായി വന്നിട്ടുണ്ട്.
നിരന്തരമായ പരിശ്രമത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി രൂപപ്പെടുത്തിയ വിവിധങ്ങളായ ദൃശ്യമാധ്യമ ഉപകരണങ്ങളും മറ്റും തലച്ചുമടായി ചുമന്ന് സ്‌കൂളിലും ദൈവാലയങ്ങളിലും എത്തിച്ച് ക്രിസ്റ്റീന്‍ ധ്യാനം നടത്തിയിട്ടുണ്ട് അങ്ങനെയാണ് ‘ബന്ധനങ്ങളേ വിട’ എന്ന ഓഡിയോ വിഷ്വല്‍ പ്രോഗ്രാം തന്നെ ആരംഭിക്കുന്നത്.
ജീവനെ ഹനിക്കുന്ന സാമൂഹ്യ തിന്മകളായ മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കള്‍, കാരുണ്യവധം, ആത്മഹത്യ, ഭ്രൂണഹത്യ എന്നിവക്കെതിരെയുള്ള ബോധവല്‍ക്കരണ പ്രോഗ്രാമായിരുന്നു ‘ബന്ധനങ്ങളേ വിട.’ ഇതോടൊപ്പം രൂപതയിലെ പ്രോ ലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. കേരള സഭയിലെ അനേകം ഇടവകകളില്‍ ഒരു കാലത്ത് ആവേശമായി മാറിയിരുന്നു ബന്ധനങ്ങളേ വിട. ഓര്‍ക്കസ്ട്രയോടുകൂടി സ്റ്റേജ് പ്രോഗ്രാമായിട്ടായിരുന്നു നടത്തിയിരുന്നത്. വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകളും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, എക്‌സൈസ് വകുപ്പ്, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, പഞ്ചായത്ത് മുനിസിപ്പാലിറ്റികള്‍, കുടുംബശ്രീ തുടങ്ങിയ കേന്ദ്രങ്ങളിലൂടെ ജീവന്റെ സുവിശേഷം പ്രഘോഷിക്കാന്‍ കഴിഞ്ഞു. ആത്മനൊമ്പരവും ആത്മദാഹവുമുണ്ടെങ്കില്‍ പ്രായം ഒരു പ്രശ്‌നമല്ല. വിളി മനസിലാക്കിയാല്‍ ദൗത്യം ചെയ്യാതിരിക്കാനാവില്ലല്ലോ.
നവംബര്‍ 13-ന് അറുപത് വയസ് തികയുമ്പോഴും തുടങ്ങിവച്ചതില്‍നിന്നും പിന്നോട്ട് പോകാതെ മുന്നോട്ടുതന്നെ കുതിക്കുകയാണ്. സുവിശേഷ പ്രഘോഷണത്തിന് ആകര്‍ഷണീയങ്ങളായ വിവിധ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഒരു അനുഗ്രഹീത കലാകാരന്‍ കൂടിയാണ് ഇദേഹം.
”ഇപ്പോള്‍ പ്രോഗ്രാമിന് പോകുമ്പോള്‍ 35-ല്‍ അധികം ബാഗുകളും ടാക്‌സി വാഹനത്തില്‍നിറച്ച് സ്റ്റേജില്‍ 18 ഡസ്‌ക്കുകള്‍ നിരത്തി അതു നിറയെ സുവിശേഷം പ്രഘോഷിക്കാനുള്ള മാജിക് ഇനങ്ങള്‍ നിരത്തിവച്ച് കുറഞ്ഞത് മൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി ഇടവേളയില്ലാതെ വചനം പ്രഘോഷിക്കുന്ന ബൈബിള്‍ മാജിക് ഷോയാണ് തിരുവചന വിസ്മയം. ഒത്തിരി ധ്യാനത്തിന്റെയും പഠനത്തിന്റെയും പ്രാര്‍ത്ഥനയുടെയും ഫലമായി ചിട്ടപ്പെടുത്തിയ വിസ്മയകാഴ്ച അഞ്ചുമണിക്കൂര്‍ വേണമെങ്കിലും ഒറ്റയ്ക്കുതന്നെ അവതരിപ്പിക്കുവാന്‍ റെഡിയാണ്. കഴിഞ്ഞ മാസം വഡോധരയിലെ സെന്റ് അല്‍ഫോന്‍സാ ദൈവാലയത്തിലെ രാവിലെ ഒമ്പതു മുതല്‍ അഞ്ചുമണിവരെ തുടര്‍ച്ചയായ ശുശ്രൂഷകള്‍ ഉണ്ടായിരുന്നു. ഓരോ ദിവസവും ആത്മീയ ഉണര്‍വോടെ കര്‍ത്താവിന്റെ സ്‌നേഹം ശുശ്രൂഷകളെ നയിക്കുന്നു.” അദേഹം പറയുന്നു.
”വയസുകള്‍ കൂട്ടിവായിച്ച് അവയ്ക്ക് കീഴ്‌പ്പെടേണ്ടവനല്ല ഞാന്‍. കൈകാലുകളുടെ ശക്തിയും മനഃശക്തിയും ക്ഷയിക്കുംവരെയും അതെ, മരണംവരെ തുടരണം ഇത് എന്നാണ് എന്റെ ആശയും പ്രാര്‍ത്ഥനയും.”
നാളിതുവരെ കേരളത്തിലും പുറത്തുമായി കുട്ടികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, യുവജനങ്ങള്‍ തുടങ്ങി വിവിധങ്ങളായ തലത്തില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരങ്ങളോട് സുവിശേഷസന്ദേശങ്ങളും സുവിശേഷ മൂല്യങ്ങളും പങ്കുവയ്ക്കുവാന്‍ ജോയ്‌സ് മുക്കുടത്തെ ദൈവം ഉപകരണമാക്കി.
”ഇതൊന്നും എന്റെ യോഗ്യതകൊണ്ടല്ല, എന്നിലെ സാധ്യത ദൈവം കണ്ടതുകൊണ്ടാണ് എന്നെ വിളിച്ചതെന്നു ഞാന്‍ വിശ്വസിക്കുന്നു. ”ഞാന്‍ നിന്നെ അയക്കുന്നിടത്തേക്ക് നീ പോകണം. നീ അവരെ ഭയപ്പെടേണ്ട, നിന്റെ രക്ഷയ്ക്ക് നിന്നോടുകൂടെ ഞാനുണ്ട്. ഇതാ എന്റെ വചനങ്ങള്‍ നിന്റെ നാവില്‍ നിക്ഷേപിച്ചിരിക്കുന്നു” (ജറെമിയ 1:6-10). ഇന്നും ഇതേ വചനം ശുശ്രൂഷകളില്‍ ആത്മവിശ്വാസവും ബലവും നല്‍കുന്നു. ആത്മീയ ശുശ്രൂഷാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദവും അനുഗ്രഹവും പ്രോത്സാഹനവും നല്‍കിയത് കോതമംഗലം രൂപതയാണ് അന്നും ഇന്നും. മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പിതാവിന്റെ പ്രോത്സാഹനം മറക്കാവുന്നതല്ല. മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പിതാവിന്റെയും 31 വര്‍ഷക്കാലം ജോലി ചെയ്തിരുന്ന മൂവാറ്റുപുഴ നിര്‍മല കോളജിലെ പ്രിന്‍സിപ്പല്‍മാര്‍, സ്റ്റാഫ് അംഗങ്ങള്‍, നിരവധി വൈദികര്‍, സിസ്റ്റേഴ്‌സ്, അധ്യാപകര്‍, രൂപത ഡയറക്‌ടേഴ്‌സ്, അഭ്യുദയകാംക്ഷികള്‍, പത്രമാധ്യമങ്ങളായ ദീപിക, സണ്‍ഡേ ശാലോം, ശാലോം ടെലിവിഷന്‍ എന്നിവരെയെല്ലാം ഒത്തിരി നന്ദിയോടെ ഓര്‍ക്കുന്നതായി അദേഹം പറയുന്നു.
പ്രോത്സാഹനമാണ് പ്രവര്‍ത്തനങ്ങളെ ദൃഢപ്പെടുത്തുന്നത്. തീക്ഷ്ണതയുള്ള അല്മായ പ്രേഷിതരെ തിരുസഭയ്ക്ക് പ്രധാനം ചെയ്യണമേ എന്ന് പ്രാര്‍ത്ഥിക്കുന്നതോടൊപ്പം കടന്നുവരുന്ന അല്മായ പ്രേഷിതരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം.
ഉപയോഗിക്കാത്ത ഇരുമ്പ് തുരുമ്പെടുത്ത് ദ്രവിച്ച് നശിക്കും. നമ്മുടെ ജീവിതവും ഇരുന്ന് മുരഞ്ഞു തീരാതെ വിവിധങ്ങളായ ശുശ്രൂഷകള്‍, നന്മപ്രവൃത്തികള്‍ ചെയ്ത് ഉരഞ്ഞുതീരട്ടെ. അങ്ങനെ നമ്മള്‍ ദൈവരാജ്യത്തിന് അവകാശികളാകട്ടെ.
ഭാര്യ ലിസി, മക്കള്‍: ലിജോ മരിയ, ജെയിംസ്‌കുട്ടി. ലിറ്റില്‍ഫ്‌ളവര്‍, മൂവാറ്റുപുഴ നിര്‍മ്മലമാതാ ഇടവകാംഗമാണ്. ഫോണ്‍: 9495159112.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?