Follow Us On

30

November

2020

Monday

സാന്ത്വനത്തിന്റെ കരസ്പര്‍ശമായി സ്‌നേഹതീരം

സാന്ത്വനത്തിന്റെ കരസ്പര്‍ശമായി  സ്‌നേഹതീരം

മാനസിക രോഗികള്‍ അവഗണിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ അവര്‍ക്കുവേണ്ട മരുന്നും സ്‌നേഹവും പരിചരണവും നല്‍കി സാന്ത്വനത്തിന്റെ കരസ്പര്‍ശമുള്ള ഒരഭയകേന്ദ്രമാണ് സ്‌നേഹതീരം. പേരിനെ അന്വര്‍ത്ഥമാക്കുന്നതുപോലെ, അനാഥരും ആലംബഹീനരുമായ മാനസിക രോഗികള്‍ക്ക് സ്‌നേഹം നല്‍കി പുതുജീവന്‍ നല്‍കുന്ന സ്ത്രീകളുടെ ഒരഭയകേന്ദ്രം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ളവരാണ് ഇവിടുത്തെ അന്തേവാസികള്‍. സിസ്റ്റേഴ്‌സ് ഓഫ് മേഴ്‌സി എന്ന സന്യാസ സമൂഹത്തിന്റെ മദര്‍ ജനറാളായ സിസ്റ്റര്‍ റോസ്‌ലിനാണ് ഈ സ്ഥാപനത്തിന്റെ ഉപജ്ഞാതാവും ഇപ്പോഴത്തെ ഡയറക്ടറും. തെരുവില്‍ അനാഥരായി അലയുന്ന മാനസിക രോഗികളായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുക എന്നതാണ് ഈ സന്യാസ സമൂഹത്തിന്റെ ലക്ഷ്യം. ചങ്ങനാശേരി അതിരൂപത സിസ്റ്റര്‍ റോസ്‌ലിന്റ ഈ പ്രവര്‍ത്തനമേഖലയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നു. ഈ സന്യാസ സമൂഹത്തിനുള്ള അംഗീകാരം ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം 2010 ഡിസംബര്‍ 18-ന് നല്‍കുകയുണ്ടായി.
കൊട്ടാരക്കര-പുനലൂര്‍ റൂട്ടില്‍ പതിനാല് കിലോമീറ്റര്‍ അകലെ പത്തനാപുരം താലൂക്കില്‍ വിളക്കുടി എന്ന സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. സിസ്റ്റര്‍ റോസ്‌ലിന്‍ തന്റെ ആതുരശുശ്രൂഷയുടെ ഭാഗമായി 2002 സെപ്റ്റംബര്‍ 26-നാണ് ഇതാരംഭിച്ചത്. മൂന്ന് മാനസിക രോഗികളുമായി ആരംഭിച്ച ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ 316 പേര്‍ അന്തേവാസികളായിട്ടുണ്ട്. ആതുര ശുശ്രൂഷാ മേഖലയില്‍ മഹാരാഷ്ട്ര, പഞ്ചാബ്, കാഷ്മീര്‍ മുതലായ സംസ്ഥാനങ്ങളില്‍ കുഷ്ഠരോഗികളെയും ആദിവാസികളെയും ശുശ്രൂഷിച്ചിരുന്ന സിസ്റ്റര്‍ റോസ്‌ലിന്‍ തെരുവുകളിലുള്ള ആലംബഹീനരായ മാനസിക രോഗികളായ സ്ത്രീകള്‍ക്ക് ഒരു അഭയകേന്ദ്രം വേണമെന്നുള്ള വലിയൊരു സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരമാണ് സ്‌നേഹതീരം എന്ന സ്ഥാപനം.
തിരുവനന്തപുരത്തുള്ള ഊളന്‍പാറ, കോഴിക്കോടുള്ള കുതിരവട്ടം, തൃശൂരിലെ മാനസികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ മാനസിക രോഗത്തിന് ശമനം വന്നിട്ടും ബന്ധുജനങ്ങള്‍ സ്വീകരിക്കാതെ അനാഥരായവരെ ഈ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ ശുപാര്‍ശയിലാണ് അന്തേവാസികളില്‍ കൂടുതല്‍ പേരും ഇവിടെയെത്തുന്നത്. ഇതിനുപുറമെ വഴിയോരങ്ങളില്‍ അലഞ്ഞു തിരിയുന്ന മാനസിക രോഗികള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ എത്തുന്ന മാനസിക രോഗികളെയും പോലിസ് ഇവിടെയെത്തിക്കുന്നു.
ഈ സ്ഥാപനം ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്ററസി, സയന്റിഫിക് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് -1955 പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. കേരളത്തിലെ ജസ്റ്റിസ് വകുപ്പ്, മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവയുടെ അംഗീകാരം ഈ സ്ഥാപനത്തിനുണ്ട്.
ഇവിടുത്തെ അന്തേവാസികള്‍ക്ക് മാനസികവും ശാരീരികവുമായ സംതൃപ്തി നല്‍കി, ഇവരെ പുനരധിവസിപ്പിക്കുക, സ്വന്തം കാലില്‍ നില്‍ക്കുന്നതിനുവേണ്ടി തൊഴില്‍ സംബന്ധമായ പരിശീലനം നല്‍കുക, അന്തേവാസികള്‍ക്ക് മാന്യമായ ഭക്ഷണം- മരുന്നുകള്‍-വസ്ത്രം നല്‍കുക, ശാരീരിക-മാനസിക ആരോഗ്യം വീണ്ടെടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക മുതലായവയാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.
ഡോക്ടര്‍മാര്‍, മനോരോഗ വിദഗ്ധര്‍, സോഷ്യല്‍ വര്‍ക്കേഴ്‌സ് എന്നിവര്‍ അടങ്ങിയ വൈദ്യസഹായ ടീം എല്ലാ മാസവും ഇവിടെ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നു. മാനസികരോഗ ചികിത്സയുടെ ഭാഗമായി എല്ലാ ശനിയാഴ്ചയും ഇവരെ തിരുവനന്തപുരത്തുള്ള മാനസികാരോഗ്യ സെന്ററില്‍ എത്തിച്ച് പരിശോധനകള്‍ നടത്തി മരുന്നുകള്‍ നല്‍കുന്നു. മെഡിക്കല്‍ തെറാപ്പി, കൗണ്‍സലിങ്ങ് തെറാപ്പി എന്നിവയ്ക്കുപുറമെ രോഗശാന്തിക്കായി പ്രാര്‍ത്ഥനാതെറാപ്പിയും ഇവര്‍ക്ക് നല്‍കുന്നു. മാനസിക-ശാരീരിക ആരോഗ്യം വീണ്ടെടുക്കുന്നതിന് ഇവര്‍ യോഗയും അഭ്യസിക്കുന്നു. പുനരധിവാസത്തിന്റെ ഭാഗമായി നല്‍കുന്ന കൈത്തൊഴില്‍ പരിശീലനത്തില്‍ ഉപയോഗരഹിതമായ തുണിത്തരങ്ങള്‍ ഉപയോഗിച്ച് കാര്‍പ്പറ്റുകള്‍ നിര്‍മിക്കുന്നു. സോപ്പുനിര്‍മാണവും ഈ പരിശീലനത്തിന്റെ ഒരു ഭാഗമാണ്.
മാനസിക അസ്വസ്ഥതയുള്ള ഇവര്‍ ബാന്റ്‌മേളത്തിലും സമര്‍ത്ഥരാണ്. ഇവരെ ഓരോ ഘട്ടവും പരിശീലിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് സിസ്റ്റര്‍ റോസ്‌ലിന്‍ പറഞ്ഞു
സിസ്റ്റര്‍ റോസ്‌ലിന് പുറമെ, സിസ്റ്റര്‍ അന്നാ റോസ്, സിസ്റ്റര്‍ ലിസി, സിസ്റ്റര്‍ കാതറിന്‍, സിസ്റ്റര്‍ ഫിലോമിന, സിസ്റ്റര്‍ തെരേസ മരിയ എന്നിവരും ഇവിടെ സേവനമനുഷ്ഠിക്കുന്നു.
ഈ ശുശ്രൂഷാ ദൗത്യത്തില്‍ പങ്കാളിയാകുവാന്‍ ആഗ്രഹിക്കുന്ന യുവതികള്‍ക്ക് ഈ സന്യാസ സമൂഹത്തിലേക്ക് സ്വാഗതമുണ്ടെന്ന് സിസ്റ്റര്‍ റോസ്‌ലിന്‍ പറയുകയുണ്ടായി. ഫോണ്‍: 9400215000.

തോമസ് തട്ടാരടി

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?