Follow Us On

29

March

2024

Friday

ചിറയ്ക്കല്‍ മിഷനെ ശിരസിലേറ്റി

ചിറയ്ക്കല്‍ മിഷനെ ശിരസിലേറ്റി

അഞ്ചു പതിറ്റാണ്ട് നീണ്ട പൗരോഹിത്യത്തില്‍ ഫാ.ജോസ് പുളിക്കത്തറയ്ക്കു ലഭിച്ചത് എണ്ണമറ്റ ദൈവാനുഭവങ്ങള്‍. അവയോരോന്നും ഓര്‍ത്ത് ദൈവത്തിന് കൃതജ്ഞതയര്‍പ്പിക്കുകയാണ് അദേഹം.

”ദൈവം സ്‌നേഹമാണ്. സ്‌നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു” എന്ന വചനം കുഞ്ഞുന്നാളില്‍ തന്നെ ഉള്ളിലുറച്ചതാണ്. ജീവിതത്തെ നിര്‍ണായകമായി സ്വാധീനിച്ച ശക്തിയായി ഈ വചനം തന്നില്‍ എന്നും പ്രവര്‍ത്തിച്ചിരുന്നുവെന്നതിന്റെ സജീവ സാക്ഷ്യമായി അഞ്ചു പതിറ്റാണ്ട് പിന്നിട്ട തന്റെ പൗരോഹിത്യ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് ഫാ. ജോസ് പുളിക്കത്തറ.
ദൈവത്തെയും മനുഷ്യനെയും സ്‌നേഹിക്കാനുള്ള വിളി എല്ലാവര്‍ക്കുമുള്ളതാണെങ്കിലും ക്രിസ്തുവിലൂടെ പിതാവായ ദൈവം നല്‍കുന്ന വിളി സവിശേഷമായ സമര്‍പ്പണം ആവശ്യപ്പെടുന്ന ഒന്നാണ്. നാം പരസ്പരം സ്‌നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. ”അങ്ങനെയെങ്കില്‍ ദൈവം എപ്പോഴും എന്നില്‍ വസിക്കാന്‍വേണ്ടി ഞാന്‍ എല്ലാവരെയും എപ്പോഴും സ്‌നേഹിക്കും” എന്ന ദൃഢനിശ്ചയം ബാല്യത്തില്‍ത്തന്നെ ചെയ്തിരുന്നതായി ജോസച്ചന്‍ പറയുന്നു. എല്ലാവരെയും നന്നായി സ്‌നേഹിക്കാന്‍ ഉചിതമായ ജീവിതാന്തസ് പൗരോഹിത്യമാണ് എന്ന തിരിച്ചറിവിലേക്ക് ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് തന്നെ നയിച്ചത്. അതായത് ”നിങ്ങള്‍ എന്നെ തെരഞ്ഞെടുക്കുകയല്ല, ഞാന്‍ നിങ്ങളെ തെരഞ്ഞെടുക്കുകയാണ് ചെയ്തത്” എന്ന് ചുരുക്കം. അതുകൊണ്ട് കര്‍മമേഖലകളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ വിളിച്ചവന്‍ പ്രചോദനവും ശക്തിയും നല്‍കിയിരുന്നുവെന്നതാണ് തന്റെ അനുഭവമെന്ന് അച്ചന്‍ പറയുന്നു.
1938-ലെ മംഗലവാര്‍ത്ത തിരുനാള്‍ദിനം – മാര്‍ച്ച് 25-നാണ് ജോസച്ചന്‍ ജനിച്ചത്. മാതാപിതാക്കള്‍ പുളിക്കത്തറ ദേവസ്യ-മറിയം. പത്താംക്ലാസ് പാസായശേഷം വൈദികപഠനത്തിന് ചേരുകയെന്നത് സ്വാഭാവികമായ കാര്യമെന്ന നിലയില്‍ നടക്കുകയായിരുന്നു. കാരണം തന്റെ വിളിയെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. വൈദികപഠനം പൂര്‍ത്തിയാക്കി 1966 ഡിസംബര്‍ നാലിന് ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍വച്ച് ആല്‍ദോ മരി പത്രോണി പിതാവില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു.
തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് ദൈവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായി ജോസച്ചന്‍ തന്റെ പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ചു. അവിടെ 160 ആണ്‍കുട്ടികളുള്ള ഒരു ഓര്‍ഫനേജ് ഉണ്ടായിരുന്നു. അതിന്റെ ചുമതലയും ജോസച്ചനായിരുന്നു. 1969-ല്‍ ലഭിച്ച നിയോഗം വെല്ലുവിളി നിറഞ്ഞതായിരുന്നു. പത്തു കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന കുറ്റൂര്‍, കുഞ്ഞിമംഗലം എന്നീ ഇടവകകളുടെ അജപാലനദൗത്യമാണ് ജോസച്ചന് നല്‍കിയത്. നല്ല വഴിയോ വാഹനസൗകര്യമോ ഇല്ല. ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ട് ഇടവകകളിലും മാറിമാറി വിശുദ്ധ ബലിയര്‍പ്പിക്കുകയും മറ്റു കാര്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യണം. ഞായറാഴ്ചകളില്‍ രണ്ടിടത്തും ദിവ്യബലിയര്‍പ്പിക്കും. മതബോധന ക്ലാസുകളും നടത്തിയിരുന്നു.
അക്കാലത്ത് പാവപ്പെട്ട ജനങ്ങള്‍ നേരിട്ടിരുന്ന ദാരിദ്ര്യവും പട്ടിണിയും പരിഹരിക്കുന്നതിന് സഹായകമായത് ക്രിസ്റ്റ്യന്‍ റിലീഫ് സൊസൈറ്റി വഴി അമേരിക്കയില്‍നിന്ന് ലഭിച്ചിരുന്ന ഗോതമ്പ്, മാവ്, എണ്ണ എന്നിവയായിരുന്നു.
ചിറയ്ക്കല്‍ മിഷന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിശാലമായ പ്രദേശത്ത് ഇവയുടെ വിതരണ ചുമതല ജോസച്ചനായിരുന്നു. മൂന്നു വര്‍ഷത്തിനുശേഷം കുറ്റൂര്‍, കുഞ്ഞിമംഗലം ഇടവകകളോട് വിട പറഞ്ഞു. തുടര്‍ന്ന് ചിറയ്ക്കല്‍ മിഷനിലെതന്നെ അഞ്ച് ഇടവകകളുടെ ചുമതലയാണ് ഊര്‍ജസ്വലനും കര്‍മനിരതനുമായിരുന്ന ജോസച്ചന് നല്‍കിയത്. കാഞ്ഞങ്ങാട്, നീലേശ്വരം, ചുഴിയങ്കോട്, പള്ളിക്കര, മാവുങ്കല്‍ എന്നിവയായിരുന്നു ഇടവകകള്‍. ഇന്നുള്ളതുപോലുള്ള ദൈവാലയമോ വൈദികമന്ദിരമോ അന്നുണ്ടായിരുന്നില്ല. മാറിമാറി ഓരോ ഇടവകയിലും അച്ചന്‍ എത്തിച്ചേര്‍ന്ന് ദിവ്യബലിയര്‍പ്പിച്ചു. അത്യാവശ്യം വേണ്ട മറ്റ് അജപാലന ശുശ്രൂഷകളും ചെയ്തു. അഞ്ച് ഇടവകകളിലും മുടങ്ങാതെ ഞായറാഴ്ചകളില്‍ അച്ചന്‍ ദിവ്യബലിയര്‍പ്പിച്ചു. എല്ലായിടത്തും മതബോധനക്ലാസുകള്‍ നടത്തി. ഡീക്കന്മാരായരുന്ന ജോസഫ് ജോണ്‍ വളാണ്ടര്‍, മോസസ് ആസ്‌ക്വിത്ത് എന്നിവര്‍ സഹായികളായി അച്ചനൊപ്പം ഉണ്ടായിരുന്നു. ഇവര്‍ മാറിമാറി കുര്‍ബാനമധ്യേയുള്ള വചനസനദേശം നല്‍കുകയും മതബോധന ക്ലാസുകള്‍ എടുക്കുകയും ചെയ്തിരുന്നു. ചില സ്ഥലങ്ങളില്‍ സെന്റ് ആന്‍സ് ഓഫ് പ്രൊവിഡന്‍സ് സിസ്റ്റേഴ്‌സ് സഹായത്തിനുണ്ടായിരുന്നു.
അഞ്ച് ഇടവകകളില്‍ ഒരിടത്തുംതന്നെ മെച്ചപ്പെട്ട ദൈവാലയങ്ങളോ അടച്ചുറപ്പുള്ള വൈദികമന്ദിരങ്ങളോ ഉണ്ടായിരുന്നില്ല. എന്നിരുന്നാലും അത്യാവേശപൂര്‍വം ജോലി ചെയ്തു. യഥാര്‍ത്ഥത്തില്‍ പൗരോഹിത്യ ശുശ്രൂഷയുടെ മഹത്വവും പ്രാധാന്യവും ശരിയായ അര്‍ത്ഥത്തില്‍ ബോധ്യപ്പെട്ട നാളുകളായിരുന്നു അതെന്ന് ജോസച്ചന്‍ പറയുന്നു. എല്ലാവരും കഴിച്ചിരുന്ന ഗോതമ്പുകഞ്ഞിയും മാവുപൊടികൊണ്ടുണ്ടാക്കുന്ന ഭക്ഷണവുമൊക്കെതന്നെയാണ് അച്ചനും കഴിച്ചിരുന്നത്. എന്നാല്‍ എല്ലാവരെയും സ്‌നേഹിച്ചുകൊണ്ട്, ഈശോയോടൊപ്പമുള്ള ആ പരക്കംപാച്ചില്‍ പകര്‍ന്നു നല്‍കിയ ആനന്ദം വര്‍ണനാതീതമാണെന്ന് ജോസച്ചന്‍ പറയുമ്പോള്‍, ആ മുഖത്ത് തെളിയുന്ന പ്രകാശം അത് സ്ഥിരീകരിക്കുന്നതായി നമുക്ക് ബോധ്യപ്പെടും.
ഏറെക്കുറെ പത്തുകിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു ഇടവകകള്‍ തമ്മില്‍ എല്ലായിടത്തും നടന്നെത്തുക അസാധ്യമായിരുന്നതനാല്‍, വണ്ടി ഓടാന്‍ പാകത്തിന് വഴി ഉണ്ടായപ്പോള്‍ അച്ചന് ഒരു പഴയ സ്റ്റാര്‍ഡാര്‍ഡ് കാര്‍ രൂപതയില്‍നിന്ന് വാങ്ങി നല്‍കി. ചിറയ്ക്കല്‍ മിഷനിലെ റോഡുകളില്‍ എല്ലാ ദിവസങ്ങളിലും ആ കാര്‍ രാത്രി ഏറെ വൈകിയും ഓടിയിരുന്നു. ദീര്‍ഘമായ ഒമ്പതുവര്‍ഷമാണ് ജോസച്ചന്‍ അഞ്ച് ഇടവകകളുടെ ചുമതല നിര്‍വഹിച്ചത്. ഇതിനിടെ പള്ളിക്കരയില്‍ പുതിയ ദൈവാലയം പണിതു. പലയിടങ്ങളിലും പാരീഷ് ഹാള്‍, വൈദികമന്ദിരങ്ങള്‍ എന്നിവയും നിര്‍മിച്ചു. കാഞ്ഞങ്ങാട് വലിയൊരു പാരീഷ്ഹാള്‍ പണിത് അതില്‍ പാരലല്‍ കോളജ് തുടങ്ങി. ധാരാളം വീടുകള്‍ പണിത് പാവങ്ങള്‍ക്ക് നല്‍കിയതോടൊപ്പം നഴ്‌സറി സ്‌കൂള്‍, എല്‍.പി സ്‌കൂള്‍ എന്നിവയും സ്ഥാപിച്ചു.
ഹോസ്ദുര്‍ഗ് കാഞ്ഞങ്ങാട് താലൂക്കുകളിലെ കത്തോലിക്കരെ സംഘടിപ്പിച്ച് ക്രിസ്ത്യന്‍ അസോസിയേഷന്‍ രൂപീകരിച്ചു. സാമുദായിക സൗഹാര്‍ദവും കൂട്ടായ്മയും വളര്‍ത്തുന്നതിന് ഇത് ഏറെ സഹായിച്ചു. അടുത്തതായി ജോസച്ചന് ലഭിച്ച നിയോഗം പഴയങ്ങാടി, മാടായി, ചൂട്ടുകാട്, നെരുമ്പുറം എന്നീ ഇടവകകളുടെ ചുമതലയായിരുന്നു. കാത്തലിക് റിലീഫ് സൊസൈറ്റിയുടെ ഡയറക്ടര്‍ എന്ന നിലയിലുള്ള ഭാരിച്ച ഉത്തരവാദിത്വവും ജോസച്ചന് ഇക്കാലത്ത് നിര്‍വഹിക്കേണ്ടിയിരുന്നു.
ഇക്കാലത്ത് സാംസ്‌കാരികരംഗത്തും അച്ചന്‍ ശ്രദ്ധ പതിപ്പിച്ചു. ചിറയ്ക്കല്‍ മേഖലയിലെ യുവാക്കളെ സംഘടിപ്പിച്ച് ഒരു ഗാനമേള ട്രൂപ്പ് രൂപീകരിച്ചു. സി.എല്‍.സി വോയ്‌സ് എന്നു പേരിട്ട ട്രൂപ്പ് ആകാശവാണിയില്‍ പലതവണ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പരിയാരത്ത് ഒരു പ്രിന്റിങ്ങ് പ്രസ് തുടങ്ങി 15 പേര്‍ക്ക് അവിടെ നേരിട്ട് തൊഴില്‍ നല്‍കിയതും അക്കാലത്ത് വലിയൊരു കാര്യമായിരുന്നു. ഇതോടൊപ്പം ഒരു ബുക്ക് ബൈന്‍ഡിങ്ങ് യൂണിറ്റും തുടങ്ങി.
ആകെ 19 വര്‍ഷക്കാലം ചിറയ്ക്കല്‍ മിഷനില്‍ പ്രവര്‍ത്തിച്ചശേഷം 1980-ല്‍ ചാലില്‍ വിശുദ്ധ പത്രോസിന്റെ ഇടവകയിലേക്ക് അച്ചന് സ്ഥലംമാറ്റം നല്‍കി. ചില ഗുരുതരമായ പ്രശ്‌നങ്ങളുടെ പേരില്‍ ദൈവാലയം അടച്ചിട്ടിരിക്കുകയായിരുന്നു.
ദൈവസ്‌നേഹനിറവില്‍ ശുശ്രൂഷ ചെയ്തിരുന്ന അച്ചന്റെ സാന്നിധ്യം ഇടവകയില്‍ പുതിയൊരു ചൈതന്യം ഉളവാക്കി. ആറുവര്‍ഷം അവിടെ പ്രവര്‍ത്തിച്ച അച്ചന്‍ ഇടവകകൂട്ടായ്മയെ ശക്തിപ്പെടുത്തുകയും സജീവമാക്കുകയും ചെയ്തു.
പിന്നീട് പെരിന്തല്‍മണ്ണയിലെത്തിയ ജോസച്ചന്‍ തന്റെ തനതുശൈലിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇടവകയുടെ ആധ്യാത്മിക-ആത്മീയ മുന്നേറ്റത്തിന് കളമൊരുക്കി. തന്റെ പ്രവര്‍ത്തനങ്ങളില്‍ അച്ചന്‍ ഏറ്റവും വിലമതിക്കുന്ന ഒന്ന് ഇവിടെ നിര്‍വഹിക്കുകയുണ്ടായി. അമ്മിണിക്കാട് എന്ന സ്ഥലത്ത് സ്ഥാപിച്ച അന്ധവിദ്യാലയം ഒരുപാട് പേരുടെ അകക്കണ്ണ് തുറക്കാന്‍ ഉപകരിച്ചുവെന്ന് അദ്ദേഹം പറയുന്നു. ‘ദീപാലയം സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ്’ എന്ന് പേരിട്ട ഈ സ്ഥാപനത്തില്‍ പഠിച്ച് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അനവധിപേര്‍ ബാങ്ക്, സ്‌കൂള്‍, അന്ധവിദ്യാലയത്തിലെ അധ്യാപകര്‍ തുടങ്ങി പല മേഖലകളിലും ജോലി ചെയ്യുന്നു. നാനാജാതി മതസ്ഥരായ ഇവര്‍ക്ക് ക്രിസ്തുവിന്റെ സ്‌നേഹം പുളിക്കത്തറ അച്ചനാണ് പകര്‍ന്നു നല്‍കിയത്.
തുടര്‍ന്ന് 1991-ല്‍ ചുണ്ടേല്‍ വിശുദ്ധ യൂദാ തദേവൂസിന്റെ നാമധേയത്തിലുള്ള ഇടവകയില്‍ അഞ്ചുവര്‍ഷം സേവനം ചെയ്തു. 1996-ല്‍ മാഹി തീര്‍ത്ഥാടന കേന്ദ്രത്തില്‍ അദ്ദേഹം സ്ഥാനമേറ്റു. മാഹിയെന്നാല്‍ മദ്യം എന്ന ദുഷ്‌പേര് മാറ്റാന്‍ അച്ചന്‍ ഏറെ പ്രവര്‍ത്തിച്ചു. ഇക്കാലത്ത് മദ്യപാനരോഗ ചികിത്സയ്ക്കും കൗണ്‍സലിങ്ങിനുമായി ഒരു സ്ഥാപനം തുടങ്ങാന്‍ അദ്ദേഹം നേതൃത്വം നല്‍കി. കോഴിക്കോട് പെരുവയലില്‍ ഒരേക്കറോളം സ്ഥലം വാങ്ങി രൂപതയെ ഭരമേല്പിച്ചു. അനേകായിരം മദ്യപാനികള്‍ക്ക് മോചനമേകിയ ഡി അഡിക്ഷന്‍ സെന്റര്‍ ഇപ്പോഴും നന്നായി പ്രവര്‍ത്തിക്കുന്നു. മാഹിയില്‍ ശുശ്രൂഷ ചെയ്യുമ്പോള്‍ കുഞ്ഞിപ്പള്ളി എന്ന സ്ഥലത്ത് ഇരുപതു സെന്റ് സ്ഥലം വാങ്ങി അഞ്ച് കുടുംബങ്ങള്‍ക്ക് വീട് പണിതു കൊടുത്തു. ഇപ്പോഴുള്ള പള്ളിമേടയും പാരീഷ് ഹാളും ചാലക്കരയില്‍ കെട്ടിടം പണിത് യു.പി സ്‌കൂളും സ്ഥാപിച്ചു.
2001-ല്‍ കോഴിക്കോട് സിറ്റി സെന്റ് ജോസഫ്‌സ് ദൈവാലയ വികാരിയായി ജോസച്ചന്‍ എത്തിയപ്പോള്‍ 1998-ല്‍ പണി ആരംഭിച്ച ഇന്നുള്ള ദൈവാലയ നിര്‍മാണത്തിന്റെ പണി മുടങ്ങിക്കിടക്കുകയായിരുന്നു. 2005-ല്‍ പണി പുനരാരംഭിക്കുകയും തുടര്‍ന്ന് പൂര്‍ത്തിയാക്കുകയും ചെയ്തു. 2008-ല്‍ ബേപ്പൂരില്‍ എത്തിയ അച്ചന്‍ ഒരു വര്‍ഷത്തെ സേവനത്തിനുശേഷം കല്‍പ്പറ്റ തിരുഹൃദയ ദൈവാലയത്തിലേക്ക് പോയി. ഇവിടെ ദൈവാലയം പണി ആരംഭിച്ചു. പകുതിയിലേറെ പണി പൂര്‍ത്തിയായപ്പോള്‍ അമ്പലവയല്‍ ഇടവകയിലേക്ക് സ്ഥലം മാറിപ്പോയി. 2014 വരെ അവിടെ ശുശ്രൂഷ നിര്‍വഹിച്ചശേഷം വിശ്രമജീവിതത്തിലേക്ക് കടന്ന അച്ചന്‍ മേരിക്കുന്ന് ശാലോം പ്രീസ്റ്റ് ഹോമിലാണ് ഇപ്പോഴുള്ളത്.
കര്‍ത്താവ് ഏല്പിച്ച നിയോഗങ്ങളോട് വിശ്വസ്തത പുലര്‍ത്തി കര്‍മനിരതമായ 53 വര്‍ഷങ്ങള്‍ പിന്നിടുന്ന ഫാ. ജോസ് പുളിക്കത്തറ ക്രിസ്തുസ്‌നേഹത്തിന്റെ പ്രഭ ചൊരിഞ്ഞ് ഇന്നും പ്രവര്‍ത്തനനിരതനാണ്.

ഇ.എം.പോള്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?