Follow Us On

31

May

2020

Sunday

ജനത്തിന്റെ മനമറിഞ്ഞ്

ജനത്തിന്റെ മനമറിഞ്ഞ്

പൗരോഹിത്യത്തിന്റെ സുവര്‍ണ ജൂബിലിയാഘോഷിക്കുന്ന ഫാ. അഗസ്റ്റിന്‍ മംഗലം തന്റെ പൗരോഹിത്യ ജീവിതത്തില്‍ പ്രധാനമായും ഊന്നല്‍ കൊടുത്തത് ആധ്യാത്മിക ജീവിതത്തിന് കൂടുതല്‍ ഉണര്‍വുണ്ടാക്കുക എന്നതായിരുന്നു. 1968 ഡിസംബര്‍ 20-ന് മാര്‍ ജോര്‍ജ് ആലപ്പാട്ടില്‍നിന്നും തിരുപ്പട്ടം സ്വീകരിച്ചശേഷമാണ് ഫാ. അഗസ്റ്റിന്‍ മംഗലം തന്റെ വൈദിക ജീവിതം ആരംഭിച്ചത്.
കനകമല ദൈവാലയ വികാരിയായി സേവനം ചെയ്യുമ്പോഴാണ് തൃശൂര്‍ രൂപത വിഭജിച്ച് ഇരിഞ്ഞാലക്കുട രൂപത ഉണ്ടായത്. അഗസ്റ്റിനച്ചന്‍ തൃശൂര്‍ രൂപത തിരഞ്ഞെടുത്തു. അക്കാലത്തൊരു ദൈവാലയത്തില്‍ വികാരിയായിരിക്കുമ്പോള്‍ ഇടവകയിലൊരു വിഭാഗം പ്രശ്‌നക്കാരായിരുന്നു. മുന്‍ വികാരിയെ മര്‍ദിച്ച സംഭവങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്.
അഗസ്റ്റിനച്ചന്‍ ആ ഇടവകയിലേക്ക് വരുമ്പോള്‍ പലരും പറഞ്ഞത് ഇത്തരം കഥകളാണ്. അച്ചന്‍ പ്രാര്‍ത്ഥനാപൂര്‍വ്വമാണ് ദിനങ്ങള്‍ ആരംഭിച്ചത്. എല്ലാ ദിവസവും ഇടവക ജനത്തെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. അത്ഭുതകരമായിരുന്നു ഫലം.
ഇടവകയിലെ എല്ലാ വീടുകളും സന്ദര്‍ശിച്ച് അവരോടൊപ്പം ഭക്ഷണം കഴിച്ച് ഈ സാഹചര്യങ്ങള്‍ മാറ്റിയെടുക്കാനുള്ള ശ്രമങ്ങള്‍ അച്ചന്‍ ആരംഭിച്ചു. വളരെ കാലങ്ങള്‍ക്കുശേഷമാണ് വികാരിയച്ചന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത്. ഇടവക മുഴുവന്‍ സന്ദര്‍ശിച്ചു കഴിഞ്ഞപ്പോള്‍ ജനത്തിന്റെമേല്‍ ഒരു നിയന്ത്രണം അച്ചന് കിട്ടി.
അഗസ്റ്റിനച്ചന്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കാനും അത് ഉള്‍ക്കൊള്ളാനുമുള്ള മനോഭാവം ആ ഇടവകയിലുണ്ടായി. വൈദികരോട് ഇടവകജനത്തിനുണ്ടായിരുന്ന സമീപനത്തില്‍ മാറ്റം വന്നു. വലിയ ആത്മീയ വളര്‍ച്ച ആ കാലഘട്ടത്തില്‍ ഇടവകയിലുണ്ടായി.
പ്രശ്‌നങ്ങളുണ്ടായിരുന്ന മറ്റ് ഇടവകകളിലും ജനങ്ങളുമായുള്ള വ്യക്തിബന്ധങ്ങളിലൂടെ അവ മാറ്റിയെടുക്കാന്‍ അച്ചന് കഴിഞ്ഞിട്ടുണ്ട്. പാരമ്പര്യ ക്രിസ്ത്യാനികളെന്ന് അവകാശപ്പെട്ടിരുന്ന മറ്റൊരു ഇടവകയില്‍ എത്തി. ആത്മീയമായ പാപ്പരത്തമാണ് ആ ഇടവകയില്‍ കണ്ടത്. വിവാഹപ്രായം കവിഞ്ഞിട്ടും വിവാഹിതരാകാതെ നില്‍ക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും. ആത്മഹത്യകളും എയ്ഡ്‌സ് മരണങ്ങളും. ആകെ അസ്വസ്ഥത നിറഞ്ഞ കാലഘട്ടം. വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രശ്‌നങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കാനാകാതെ വിങ്ങുന്ന ഒരു സമൂഹത്തെയാണ് കണ്ടുമുട്ടിയത്.
ദൈവാലയത്തില്‍ അഖണ്ഡ ജപമാല ആരംഭിച്ചു. മാതാവിന്റെ സന്നിധിയില്‍ സ്ത്രീകള്‍ വന്ന് കരഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ അതിന്റെ നന്മയുണ്ടാകുമെന്ന് അച്ചന്‍ അവരെ ബോധ്യപ്പെടുത്തി. അനുഗ്രഹങ്ങള്‍ക്ക് വഴിപാടായി ജനങ്ങള്‍ സാരിയാണ് സമ്മാനിച്ചത്. അത് ഇടവകയിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹാവശ്യത്തിനായി നല്‍കിത്തുടങ്ങി. അമ്മയ്ക്ക് മുമ്പില്‍ ജപമാല സമര്‍പ്പിച്ച് കരഞ്ഞ് പ്രാര്‍ത്ഥിച്ചപ്പോള്‍ കുടുംബങ്ങളിലെ പ്രശ്‌നങ്ങള്‍ വിട്ടകലുന്ന കാഴ്ചയാണ് പിന്നീടുള്ള നാളുകളില്‍ കണ്ടത്. കാലക്രമേണ അത് വളര്‍ന്ന് മാതാവിന്റെ തീര്‍ത്ഥകേന്ദ്രമായി ആ ദൈവാലയം മാറി.
വ്യക്തിപരമായ ആത്മീയ വളര്‍ച്ചയാണ് അഗസ്റ്റിനച്ചന്‍ ലക്ഷ്യമിട്ടത്. തിരുഹൃദയ പ്രതിഷ്ഠ വീടുകളില്‍ നാലുമാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഒരു ദിവസം അഞ്ചു വീടുകളാണ് വെഞ്ചരിക്കുക. അന്ന് അഞ്ച് വീട്ടുകാരും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെന്നത് നിര്‍ബന്ധമായിരുന്നു. പ്രതിഷ്ഠ നടത്തുമ്പോള്‍ വലിയ ഒരുക്കം ആ ഇടവകയിലുണ്ടായി.
പണക്കാരെയും പാവപ്പെട്ടവരെയും ഒരേ തലത്തില്‍ കാണാനാണ് അച്ചന്‍ ശ്രമിച്ചത്. പ്രതിഷ്ഠയുടെ അവസരത്തിലല്ലാതെ ഒരു വീട്ടില്‍നിന്നും അച്ചന്‍ ഭക്ഷണം കഴിക്കാറില്ല. അച്ചന്‍ ഒരിടവകയില്‍ എത്തുമ്പോള്‍ വീട്ടില്‍ ക്ഷണിച്ചുകൊണ്ടുപോയി ഭക്ഷണം കൊടുക്കുന്ന പതിനഞ്ച് പേരെങ്കിലും ഉണ്ടാകും. പക്ഷേ അഗസ്റ്റിനച്ചന്‍ അങ്ങനെയുള്ളവര്‍ക്കൊന്നും വഴങ്ങാറില്ല. യൂറോപ്പും വിശുദ്ധ നാടുകളും സന്ദര്‍ശിച്ചിട്ടുണ്ട്. ഇരിഞ്ഞാലക്കുട രൂപതയിലെ നന്തിക്കരയിലാണ് അച്ചന്‍ ജനിച്ചതെങ്കിലും ഇപ്പോള്‍ കുടുംബം മാനന്തവാടി രൂപതാതിര്‍ത്തിയിലാണ് താമസിക്കുന്നത്.
ഇപ്പോള്‍ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയോട് ചേര്‍ന്നുള്ള സെന്റ് ജോസഫ് പ്രീസ്റ്റ്‌സ് ഹോമില്‍ വിശ്രമജീവിതം നയിക്കുന്നു.

സൈജോ ചാലിശേരി

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?