Follow Us On

08

July

2020

Wednesday

കുടിയേറ്റത്തിന്റെ ഓര്‍മകള്‍…

കുടിയേറ്റത്തിന്റെ ഓര്‍മകള്‍…

ഏലിയാമ്മ ജോസഫ് മുക്കാട്ട് മലബാറില്‍ എത്തിയിട്ട് ഏഴു പതിറ്റാണ്ട് കഴിഞ്ഞു. ഇപ്പോള്‍ എണ്‍പത്തിയഞ്ച് വയസായി. കുടിയേറ്റത്തിന്റെ നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയാണ്. എഴുപത്തിരണ്ടു കൊല്ലം മുമ്പ് തിരുവമ്പാടിക്കടുത്താണ് ആദ്യമെത്തിയത്. അതിനുമുമ്പേ അവിടെയെത്തിയ മൂത്ത സഹോദരന്‍ കുഞ്ഞാഗസ്തിയും കുടുംബവും അവിടെയുണ്ടായിരുന്നു. അഞ്ചാംക്ലാസ് പഠനം കഴിഞ്ഞപ്പോഴെ പോരുകയായിരുന്നു. അക്കാലത്ത് അത് സാമാന്യം നല്ല വിദ്യാഭ്യാസമായിരുന്നു. ഏഴാം ക്ലാസ് കഴിഞ്ഞാല്‍ അധ്യാപികയായി ജോലി കിട്ടുമായിരുന്നു. മലബാര്‍ യാത്രയോടെ പഠനം മുടങ്ങി. കാട്ടുപ്രദേശത്ത് പള്ളിയോ സ്‌കൂളോ മറ്റ് സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല. മുക്കത്ത് നായരുകൊല്ലി എന്ന സ്ഥലത്തേക്കാണ് ആദ്യമെത്തിയത്. കാടും പുഴയുമെല്ലാം നിറഞ്ഞ പ്രകൃതിരമണീയമായ പ്രദേശമായിരുന്നു. കുടിയേറ്റക്കാര്‍ സ്ഥലപ്പേര് ചെറുപുഷ്പം എന്നാക്കി മാറ്റി. അന്നത്തെ ആ സംഭവത്തെക്കുറിച്ച് ഏലിയാമ്മ പറയുന്നു.
”ഞങ്ങള്‍ ആറുമക്കളായിരുന്നു. മൂന്നു സഹോദരങ്ങളില്‍ മൂത്തയാള്‍ കുഞ്ഞാഗസ്തിയാണ് മലബാറില്‍ ആദ്യം എത്തിയത്. വൈകാതെ കുടുംബം ഒന്നാകെ എത്തി. അക്കാലത്ത് അപൂര്‍വമായിരുന്നു റേഡിയോ. ഞങ്ങള്‍ക്ക് റേഡിയോ ഉണ്ടായിരുന്നതിനാല്‍ ലോക കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. തിരുവമ്പാടിയില ലത്തീന്‍ രൂപതയില്‍ പള്ളിയുണ്ടാക്കാനും യഥാവസരങ്ങളില്‍ തിരുക്കര്‍മങ്ങള്‍ അനുഷ്ഠിക്കാനും സി.എം.ഐ അച്ചന്മാര്‍ നേതൃത്വം നല്‍കി. എന്റെ സഹോദരന്മാര്‍ എല്ലാ കാര്യങ്ങളിലും മുന്‍കൈയെടുക്കാന്‍ ഉണ്ടായിരുന്നു. അച്ചന്മാര്‍ക്ക് മിക്കപ്പോഴും ഭക്ഷണത്തിനും വിശ്രമത്തിനും ഞങ്ങളുടെ വീട്ടില്‍ സൗകര്യമൊരുക്കിയിരുന്നു. എനിക്ക് 16 വയസ് കഴിഞ്ഞപ്പോള്‍ മുതല്‍ വിവാഹത്തിന് വീട്ടുകാര്‍ താല്‍പര്യമെടുത്തു. പുതിയ കുടിയേറ്റ കേന്ദ്രമായിരുന്നതിനാലാകാം അനുയോജ്യമായ ആലോചനകള്‍ ഉണ്ടായില്ല. ഇരുപത്തിമൂന്നാം വയസിലായിരുന്നു വിവാഹം. പടത്തുകടവ് കുറ്റ്യാടി മേഖലയില്‍ ധാരാളം കുടുംബങ്ങള്‍ കുടിയേറിയ പ്രദേശമായിരുന്നു. അവിടെ ആയുര്‍വേദ വൈദ്യശാലയും ചികിത്സയുമായി താമസിച്ചിരുന്ന മുക്കാട്ട് ജോസഫ് വൈദ്യര്‍ ആയിരുന്നു വരന്‍. പാരമ്പര്യമായി ആയുര്‍വേദ ചികിത്സകരുടെ കുടുംബമായിരുന്നു. ചങ്ങനാശേരിയില്‍നിന്നും മലബാര്‍ കാണാന്‍ വന്നതായിരുന്നു. പടത്തുകടവില്‍ കെട്ടിടമുണ്ടാക്കി വൈദ്യശാല തുടങ്ങിയതാണ്. നാലുവര്‍ഷംകൊണ്ട് നല്ല പേരുള്ള വൈദ്യരായി. ധാരാളം രോഗികളും രണ്ട് സഹായികളും ഉണ്ടായിരുന്നു.
വിവാഹം കഴിഞ്ഞതോടെ കുടുംബമായി ആശുപത്രിക്കടുത്ത് ഒരു വീടുണ്ടാക്കി അവിടെയായി താമസം. രോഗികള്‍ ധാരാളമുണ്ടായിരുന്നെങ്കിലും പലരുടെയും കൈയില്‍ പണമുണ്ടായിരുന്നില്ല. പക്ഷേ ഒരിക്കലും പണമില്ലാത്തതിന്റെ പേരില്‍ ചികിത്സയില്‍ കുറവ് വരുത്തിയില്ല. ചിലര്‍ക്ക് പണംകൂടി കൊടുത്ത് സഹായിക്കേണ്ടിവന്നു. ജീവിതാവസാനംവരെ പാവങ്ങളെ സഹായിക്കുന്ന സ്വഭാവമായിരുന്നു ഭര്‍ത്താവിന്. ദൈവം അതിലൂടെ ധാരാളം അനുഗ്രഹം ഞങ്ങളുടെ കുടുംബത്തിന് നല്‍കി. ഞങ്ങള്‍ പടത്തുകടവില്‍നിന്നും ആലക്കോട്ടേക്ക് വരുമ്പോള്‍ തികച്ചും അവികസിത പ്രദേശമായിരുന്നു. ആലക്കോട് പള്ളി അന്നൊരു ഷെഡിലായിരുന്നു. പള്ളിയ്ക്കടുത്തുതന്നെ ഭൂമി വാങ്ങി. ചെറിയ കുടിലുണ്ടായിരുന്നതിനാല്‍ തല്ക്കാലം താമസിക്കാനായി. പള്ളിയോട് അടുത്തുതന്നെ വൈദ്യശാലയും തുടങ്ങി. മരുന്നുണ്ടാക്കാനും മറ്റുമായി രണ്ട് സഹായികളുണ്ടായിരുന്നു.
ആദിവാസികളും കുടിയേറ്റക്കാരുമായി ചികിത്സ തേടിയെത്തുന്നവരുടെ സംഖ്യ കൂടിക്കൊണ്ടിരുന്നു. വിശുദ്ധമായ ജീവിതമായിരുന്നു ഭര്‍ത്താവ് ജോസഫ് വൈദ്യരുടേത്. ചികിത്സയും ആതുരസേവനവും വലിയ ദൈവശുശ്രൂഷയായിട്ടാണ് കണ്ടിരുന്നത്. 1991 സെപ്റ്റംബറിലാണ് നിത്യസമ്മാനത്തിനായി യാത്രയായത്. ഞങ്ങള്‍ക്ക് അഞ്ച് മക്കളായിരുന്നു. എല്ലാവരും നല്ല നിലയില്‍ കഴിയുന്നു. മകന്‍ ഡല്‍ഹിയില്‍ കേന്ദ്ര ഗവണ്‍മെന്റ് സര്‍വീസില്‍ ഉയര്‍ന്ന നിലയില്‍ ജോലി ചെയ്ത് വിരമിച്ചു. അവിടെ കുടുംബമായി കഴിയുന്നു. ഒരു മകള്‍ അധ്യാപികയായി വിരമിച്ചു. ഇളയമകള്‍ കാര്‍ഷിക ശാസ്ത്രജ്ഞയായി വിദേശത്തായിരുന്നു. ആദ്യകാലം മുതല്‍ ആലക്കോടുണ്ടായ ഓരോ വളര്‍ച്ചയും നേരില്‍ കണ്ടുകൊണ്ടായിരുന്നു കഴിഞ്ഞിരുന്നത്. പള്ളിക്കടുത്തുനിന്നും ഇപ്പോഴത്തെ ആലക്കോട് ടൗണിലേക്ക് വൈദ്യശാല മാറ്റി. നാട്ടില്‍നിന്നെത്തുന്ന കുടിയേറ്റക്കാര്‍ക്കും ആലക്കോട്ടെത്തുന്ന സമീപപ്രദേശത്തുകാര്‍ക്കുമെല്ലാം ബന്ധപ്പെടാനുള്ള സ്ഥലംകൂടിയായിരുന്നു അന്ന് വൈദ്യശാല.
ആലക്കോട് പുതിയ പള്ളി പണിയുന്ന സമയത്ത് എല്ലാവരും അധ്വാനിച്ചിരുന്നു. ഞായറാഴ്ച കുര്‍ബാനയ്ക്കുമുമ്പ് ദൂരെ പൊട്ടിച്ചിട്ടിരുന്ന കരിങ്കല്ല് മൂന്നുതവണ ചുമന്ന് പള്ളിപ്പണി നടക്കുന്നിടത്ത് കൊണ്ടുവന്നിടണമായിരുന്നു. അന്ന് ഫാ. ജോസഫ് പ്ലാത്തോട്ടമായിരുന്നു വികാരി. അധ്വാനശേഷിയുള്ളവര്‍ എടുക്കുന്നതിനെക്കാള്‍ വലിയ ചുമട് അച്ചന്‍ എടുക്കുമായിരുന്നു. അമ്മമാര്‍ പിടിയരി ശേഖരിച്ചും മുട്ട വിറ്റും പള്ളിപണിക്ക് സഹായം നല്‍കി.
മഴക്കാലത്ത് വലിയ ദുരിതമായിരുന്നു. പാലമില്ലാത്തതിനാല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ ഒറ്റപ്പെട്ടു. അക്കാലത്ത് ആലക്കോട് പ്രധാന കേന്ദ്രമായിരുന്നതിനാല്‍ പൊതുപ്രവര്‍ത്തനങ്ങളും സജീവമായിരുന്നു. പള്ളിയോട് ചേര്‍ന്ന് വായനശാല, സാംസ്‌കാരികകേന്ദ്രം, കലാസമിതി എന്നിവ പ്രവര്‍ത്തിച്ചിരുന്നു. ക്രിസ്മസ് കാലത്ത് കരോള്‍പാട്ടുകള്‍ക്കായി എല്ലാ മതവിഭാഗങ്ങളിലെയും ആളുകള്‍ കാത്തിരിക്കും. ചില സംഘങ്ങള്‍ പോയാല്‍ രണ്ടും മൂന്നും ദിവസങ്ങള്‍ കഴിഞ്ഞേ മടങ്ങിയെത്തൂ.
ഞങ്ങള്‍ ആലക്കോട്ടെത്തുമ്പോള്‍ ഒരു വികസനവുമില്ലാത്ത പ്രദേശമായിരുന്നു ഇവിടം. തലശേരി രൂപത സ്ഥാപനത്തിനുശേഷം പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിലുള്ള പള്ളി സ്ഥാപിതമായിരുന്നു. 1961-ല്‍ മൂന്ന് പാലങ്ങളും ഉദ്ഘാടനം ചെയ്തതോടെ മഴക്കാലത്തെ വലിയ ദുരിതത്തിന് ആശ്വാസമായി. കുടിയേറ്റക്കാരുടെ വരവോടെ ഉദയഗിരി, മേരിഗിരി തുടങ്ങി ധാരാളം പ്രദേശങ്ങള്‍ വികസിച്ചു. നിരവധി വിദ്യാഭ്യാസ-പൊതുസ്ഥാപനങ്ങളും വന്നു. മിക്ക വികസനങ്ങളും ജനകീയ കൂട്ടായ്മയിലും ശ്രമദാനത്തിലുമാണ്. പിന്നെയും കുറെക്കാലം കഴിഞ്ഞാണ് വൈദ്യുതിയും ടെലിഫോണും എത്തിയത്. നാട്ടുകാര്‍ സംഘടിച്ച് ജനകീയ ബസ് സര്‍വീസുകള്‍ ആരംഭിച്ചത് പുതുമയുള്ള സംരംഭമായിരുന്നു. ആദ്യകാലത്ത് തിരുവമ്പാടിയിലും ആലക്കോട്ടും വന്യമൃഗങ്ങള്‍ വലിയ ഭീഷണിയായിരുന്നു. കപ്പയും ഭക്ഷ്യവിളകള്‍ പലതും കാട്ടുപന്നി സംഘമായി വന്ന് നശിപ്പിക്കുമായിരുന്നു. പുലിയും മറ്റും വലിയ ഭീഷണിയുയര്‍ത്തിയിരുന്നു. രാത്രി വീട്ടിനടുത്തുവരെ വന്യമൃഗങ്ങള്‍ വരുമായിരുന്നു. പലപ്പോഴും ഉണര്‍ന്നിരുന്ന് ജപമാല ചൊല്ലുമായിരുന്നു. എല്ലാം മറക്കാനാവാത്ത ഓര്‍മ്മകള്‍.

പ്ലാത്തോട്ടം മാത്യു

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?