പൗരോഹിത്യത്തിന്റെ അമ്പതാണ്ടുകള്‍ പിന്നിട്ട
ഫാ.മാത്യു കുന്നത്ത് തന്റെ പൗരോഹിത്യ
ജീവിതവും മിഷന്‍ അനുഭവങ്ങളും പങ്കുവയ്ക്കുന്നു…
ഏഴു പതിറ്റാണ്ടുകള്‍ക്കുമുമ്പ് കോട്ടയം ജില്ലയിലെ തെള്ളകം കുന്നത്തുവീട്ടിലെ തറവാട്ടുവീട് കെട്ടിമേയുകയാണ്. കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ എല്ലാവരും പുരമേയുന്ന തിരക്കിലായിരുന്നു.
പഴയ പനയോല മാറ്റി പുത്തനോല മേയുമ്പോള്‍ ഓലയുടെ മടലും മറ്റും വെട്ടിയൊതുക്കുകയായിരുന്നു പണിക്കാരിലൊരാള്‍. പെട്ടെന്നാണതു സംഭവിച്ചത്. ഓല പെറുക്കി കൊടുത്തുകൊണ്ടിരുന്ന കൊച്ചുമാത്യു ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. പണിക്കാരന്റെ കൈയിലിരുന്ന വാക്കത്തി ലക്ഷ്യംതെറ്റി മാത്യുവിന്റെ മുന്‍നിരയിലെ പല്ലിലാണ് വായ്ത്തല ചെന്നുകൊണ്ടത്. പല്ലിന്റെ ഒരു കഷണം തെറിച്ചുപോയി. വാക്കത്തിയുടെ മൂര്‍ച്ചയും മാത്യുവിന്റെ ദൈവാനുഗ്രഹവും നേര്‍ക്കുനേര്‍വന്നപ്പോള്‍ പല്ലിന്റെ ഒരു കഷണം എടുക്കുവാന്‍ മാത്രമേ അതിന് കഴിഞ്ഞുള്ളൂ. കഴുത്തുതന്നെ രണ്ടായി പോകുവാന്‍ തക്ക ശക്തിയിലായിരുന്നു വാക്കത്തിയുടെ പോക്ക്.
പിറ്റേന്ന് സ്‌കൂളില്‍ എത്തിയ മാത്യുവിനെ കണ്ട് കെമിസ്ട്രി അധ്യാപകന്‍ ഫാ. ഔറേലിയൂസ് സി.എം.ഐ കാരണം ചോദിച്ചു. മാത്യു സംഭവം വിശദീകരിച്ചപ്പോള്‍ ഔറേലിയൂസച്ചന്‍ മാത്യുവിനെ കൂട്ടി ക്ലാസിലേക്ക് പോയി. അവിടെ എല്ലാ വിദ്യാര്‍ത്ഥികളുടെയും മുമ്പില്‍വച്ച് അദ്ദേഹം പറഞ്ഞു:
‘മാത്യുവിന്റെ ഈ ചുണ്ടുകള്‍കൊണ്ട് ദൈവത്തിന് കാര്യമുണ്ട്.’
മാത്യുവിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ബീഡ് അല്പം കളിതമാശയായി ഔറേലിയൂസ് അച്ചന്റെ വാക്കുകള്‍ ‘പ്രവചനം’ എന്ന പേരില്‍ ഡയറിക്കുറിപ്പായി എഴുതി. എന്നാല്‍ ആ വാക്കുകളെ അതിന്റെ ധന്യതയുടെ പാരമ്യത്തിലെത്തിച്ച് ആ കൊച്ചുമാത്യു വലിയൊരു വൈദികനായി മാറുകയും അഞ്ചു പതിറ്റാണ്ട് പിന്നിടുകയും ചെയ്തു. അന്ന് ആ പ്രവചനം കുറിച്ചിട്ട ബീഡ് എന്ന കുട്ടിയും മാത്യുവിന്റെ പാത പിന്തുടര്‍ന്ന് വൈദികനായി, ഫാ. ബീഡ് മണിയാങ്കരി.
ചെറുപ്പംമുതലേ ദൈവപരിപാലനയില്‍ വളര്‍ന്ന മാത്യു പല അപകടങ്ങളെയും തരണം ചെയ്തുകൊണ്ടാണ് ദൈവവേലക്കായി അമേരിക്ക വരെ എത്തിയത്. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മുതിര്‍ന്ന കുട്ടികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ മാത്യുവിനെ നിലയില്ലാക്കയത്തില്‍പ്പെട്ടപ്പോള്‍ വഴിയാത്രക്കാരിലൊരാള്‍ രക്ഷപ്പെടുത്തുകയായിരുന്നു. ദൈവം വഴിപോക്കന്റെ രൂപത്തില്‍ മാത്യുവിന് രക്ഷകനായി എത്തിയതാണെന്ന് അദേഹമിന്നും കരുതുന്നു. ദൈവപരിപാലനയില്‍ ദൈവവേലക്കായി നിയോഗിതനായ മാത്യുവിന് പിന്നീടങ്ങോട്ട് ദൈവാനുഗ്രഹത്തിന്റെ പൂമഴതന്നെയായിരുന്നു.
ഒരു പനി പിടിച്ചുപോലും ആശുപത്രി വരാന്ത കയറേണ്ടി വന്നിട്ടില്ലാത്ത മാത്യു അച്ചനെ തേടി ഹൃദ്രോഗം അദ്ദേഹംപോലുമറിയാതെ കടന്നുവന്നത് എഴുപത്തിയൊമ്പതാം പിറന്നാളിനോടടുത്തപ്പോഴായിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തിനുപോലും ആശങ്കയ്ക്ക് വക നല്‍കിയ മാത്യു അച്ചന്റെ ഹൃദയശസ്ത്രയില്‍ ദൈവകരങ്ങള്‍ സ്പര്‍ശിച്ചു. ഒട്ടേറെ മലയാളി നഴ്‌സുമാരെ അമേരിക്കയിലെത്തിക്കാന്‍ സഹായിച്ച മാത്യു അച്ചനെ ആതുരസേവനരംഗത്തെ ഏറ്റവും വലിയ വൈദ്യനായ ദൈവം തന്നെ ഇടപെട്ട് സൗഖ്യപ്പെടുത്തുകയായിരുന്നുവെന്നുവേണം പറയാന്‍.
വിശദമായ പരിശോധനകള്‍ക്കും ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്കും വിധേയനായ മാത്യു അച്ചന്‍ പൗരോഹിത്യത്തിന്റെ സുവര്‍ണ ജൂബിലിയില്‍ പൂര്‍ണാരോഗ്യവാനായിട്ടാണ് തിരിച്ചെത്തുന്നത്. ആ കരങ്ങള്‍വഴി ഇനിയും അനേകായിരങ്ങള്‍ക്ക് നന്മകളുണ്ടാകുന്നതിനുവേണ്ടിയാകാം ദൈവം വീണ്ടും യൗവനം നല്‍കി അനുഗ്രഹിച്ചതെന്ന് അദ്ദേഹത്തിന്റെ സ്‌നേഹവലയത്തിനുളളിലുളളവരെല്ലാം വിശ്വസിക്കുന്നു.
ചെറുപ്പംമുതലേ വൈദികനാകണമെന്ന് അതിയായ ആഗ്രഹമായിരുന്നു അദേഹത്തിന്. മാന്നാനം ഹൈസ്‌കൂളില്‍ പഠിച്ച കാലത്ത് കെമിസ്ട്രി അധ്യാപകനായിരുന്ന ഫാ. ഔറേലിയൂസായിരുന്നു പ്രധാന ചാലകശക്തി. ഒരു വിശുദ്ധനെപ്പോലെ ജീവിച്ച ആ വൈദികനിലെ ദൈവസാന്നിധ്യം മാത്യുവിനെ ഏറെ സ്വാധീനിച്ചു. പിന്നെ മാതാപിതാക്കളായ കുന്നത്ത് ജോസഫും അമ്മ മറിയവുമായിരുന്നു സ്വാധീനശക്തി.
എത്ര തിരക്കുണ്ടെങ്കിലും എന്നും രാവിലെ മാതാപിതാക്കള്‍ എഴുന്നേറ്റ് പള്ളിയില്‍ പോകും. രാവിലെയും വൈകുന്നേരവും രണ്ടുപേരും ഒരുമിച്ചിരുന്ന് കൊന്ത ചൊല്ലും. അതെക്കുറിച്ച് മാത്യു അച്ചന് നല്ല ഓര്‍മയുണ്ട്.
”അമ്മയും അപ്പനും എല്ലാ ജോലികളും ഒതുക്കി പള്ളിയില്‍ പോകുമ്പോള്‍ ഞാനും അനുജന്‍ സെബാസ്റ്റ്യനും അവരോടൊപ്പം പള്ളിയില്‍ പോകുമായിരുന്നു. സാധാരണ കര്‍ഷരായിരുന്ന മാതാപിതാക്കളുടെ പരിശുദ്ധമായ ജീവിതമാകാം എന്നിലെ ബാല്യത്തിലും കൗമാരത്തിലും ഈശോയുടെ വേലക്കാരനാകാന്‍ ചാലകശക്തിയായി മാറിയത്. ചെറുപ്പംമുതലേ തെള്ളകത്തെ ലാറ്റിന്‍ പള്ളിയില്‍ അള്‍ത്താരബാലനായി പ്രവര്‍ത്തിച്ചതും വൈദികവൃത്തി തിരഞ്ഞെടുക്കാന്‍ പ്രേരണയായി. അള്‍ത്താരശുശ്രൂഷ നടത്തിയിരുന്നപ്പോഴെല്ലാം എന്നാണ് എന്റെ സ്ഥാനം അള്‍ത്താരയിലെത്തുക എന്നാണ് ഞന്‍ കര്‍ത്താവിനോട് ചോദിച്ചിരുന്നത്.”
തിളക്കമുള്ള പൗരോഹിത്യം
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സെമിനാരിയില്‍ ചേരാന്‍ ചെന്നൈയിലേക്കാണ് വണ്ടികയറിയത്. അവിടുത്തെ സേക്രഡ് ഹാര്‍ട്ട് സെമിനാരിയിലെ വിദ്യാഭ്യാസം കഴിഞ്ഞ് 1960 മാര്‍ച്ച് 24-ന് വൈദികനായി. 25-ന് അവിടെവച്ചുതന്നെ പുത്തന്‍കുര്‍ബാനയും ചൊല്ലി. 27-ന് സ്വന്തം ഇടവകയില്‍. പിന്നീടിങ്ങോട്ട് ഇന്നുവരെ ചൊല്ലിയ എല്ലാ കുര്‍ബാനകളും അച്ചനെ സംബന്ധിച്ച് പുത്തന്‍കുര്‍ബാനകള്‍ തന്നെയായിരുന്നു.
സാധുക്കളെ സേവിക്കാന്‍ മാത്യു അച്ചന്‍ മിഷന്‍ പ്രവര്‍ത്തനം തിരഞ്ഞെടുക്കുകയായിരുന്നു. ആസാമിലെ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ദൈവദൂതനെപ്പോലെ പ്രത്യക്ഷപ്പെടുന്ന മാത്യു അച്ചനെയാണ് പിന്നീട് നാം കാണുന്നത്. തന്റെ ശേഷിയും പ്രാര്‍ത്ഥനയുടെ കരുത്തും പീഡിതര്‍ക്കുവേണ്ടി സ്‌കൂളുകളും ആശുപത്രികളും അനാഥാലയങ്ങളും അദേഹം ആരംഭിച്ചു. തന്റെ മഹാമനസ്‌കതകൊണ്ട് മാത്രമല്ല മാത്യു അച്ചന്‍ ഗോത്രവര്‍ഗക്കാരെ അമ്പരിപ്പിച്ചത്. ഗോത്രഭാഷയില്‍ സംസാരിക്കുകയും ഗോത്രസംസ്‌കാരം ഉള്‍ക്കൊള്ളുകയും ചെയ്ത അദേഹം അവരിലൊരാളായി മാറി. താമസിയാതെ അച്ചന്‍ വടക്കുകിഴക്കന്‍ പ്രദേശത്തെ കാത്തലിക് റിലീഫ് സര്‍വീസ് ഡയറക്ടറായി സ്ഥാനമേറ്റു.
ആസാമിലെ സമര്‍പ്പിത സേവനങ്ങള്‍ അച്ചന്റെ ജീവിതത്തിന് പുതിയ ഉള്‍ക്കാഴ്ച നല്‍കി. ആത്മാര്‍ത്ഥമായ ജനസേവന വ്യഗ്രതകൊണ്ട് ധന്യമാക്കിയ ആ മഹാവ്യക്തിത്വം ദൈവസ്‌നേഹത്തിന്റെ തണലില്‍ പ്രാര്‍ത്ഥനയോടും മനസ്ഥൈര്യത്തോടും ലക്ഷ്യബോധത്തോടുംകൂടി അവിരാമം പ്രവര്‍ത്തിച്ചു. യാതനകളെയും വെല്ലുവിളികളെയും നേരിട്ട് ഉത്തരേന്ത്യയിലെ ഗ്രാമാന്തരങ്ങളില്‍ ത്യാഗത്തിന്റെ ഇതിഹാസമാണ് അദ്ദേഹം സൃഷ്ടിച്ചത്.
ആ കുറുകിയ മനുഷ്യന്റെ സുദീര്‍ഘ കരങ്ങളില്‍നിന്ന് പ്രവഹിച്ച സഹായങ്ങളുടെയും നന്മകളുടെയും ഫലങ്ങള്‍ പരിമളദ്രവ്യമെന്നപോലെ പരന്നു പടര്‍ന്ന് വ്യാപിച്ചു. 1980-ല്‍ അമേരിക്കയിലെത്തുംവരെ അദേഹം കാത്തലിക് റിലീഫ് സര്‍വീസ് ഡയറക്ടര്‍ സ്ഥാനത്തിരുന്ന് ഗോത്രജനതക്കായി അവരിലൊരാളായി പ്രവര്‍ത്തിച്ചു.
ന്യൂയോര്‍ക്ക് സെന്റ് ജെയിംസ് ആശുപത്രിയിലെ ചാപ്ലെയിനായാണ് അച്ചന്റെ അമേരിക്കന്‍ ജീവിതവും മറ്റു സേവനപ്രവര്‍ത്തനങ്ങളും തുടങ്ങുന്നത്. എന്നും ആശുപത്രി ചാപ്പലിലെ കുര്‍ബാനക്കുശേഷം രോഗികളെ സന്ദര്‍ശിക്കുവാനും അവരെ ആശ്വസിപ്പിക്കുവാനും മരണക്കിടക്കയില്‍ കഴിയുന്നവര്‍ക്ക് സ്വഛന്ദമരണം ഉണ്ടാകുന്നതിനായി പ്രാര്‍ത്ഥിക്കുവാനും അവരുടെ ബന്ധുമിത്രാദികളെ ധൈര്യപ്പെടുത്തുവാനും അച്ചന്‍ സമയം മാറ്റിവച്ചു.
1985-ല്‍ രജതജൂബിലി അമേരിക്കയിലും അതേസമയം നാട്ടിലും നടത്തി. ന്യൂയോര്‍ക്കിലെ സെന്റ് ജെയിംസ് ആശുപത്രിയില്‍ നടന്ന രജതജൂബിലി കുര്‍ബാനയില്‍ 34 വൈദികരാണ് പങ്കെടുത്തത്. 2010 ഏപ്രില്‍ 24-ന് അമേരിക്കയിലെ നട്‌ലി ഇടവകക്കാര്‍ നടത്തിയ സുവര്‍ണജൂബിലി കുര്‍ബാനയില്‍ ബിഷപ് ഉള്‍പ്പെടെ 18 വൈദികരും പങ്കെടുത്തു.
എല്ലാം ദൈവത്തില്‍ അര്‍പ്പിച്ച ജീവിതം പ്രേഷിതവൃത്തിയില്‍ അധിഷ്ഠിതമായ പ്രാര്‍ത്ഥനാനിര്‍ഭരമായ വഴിത്താരയിലൂടെ സഞ്ചാരം. 78 സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കര്‍മനൈരന്തര്യത്തിന്റെ ഉദാത്തമായ പ്രതീകമാണ് അദേഹം.
കര്‍മഭൂമിയില്‍ ദൈവതേജസോടെ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് അമേരിക്കന്‍ മലയാളികളോട് ചോദിച്ചാല്‍, അവര്‍ ആദ്യം തങ്ങളുടെ പ്രിയപ്പെട്ട മാത്യു അച്ചനെ ചൂണ്ടിക്കാട്ടും. മൂന്നു പതിറ്റാണ്ടായി അമേരിക്കന്‍ മലയാളി സമൂഹത്തിന് സ്‌നേഹവും കാരുണ്യവും പകര്‍ന്ന് അദേഹം നിലകൊള്ളുന്നു.
ദൈവത്തിന്റെ ഒരുപകരണമായി പ്രവര്‍ത്തിക്കുകയും അതില്‍നിന്നുണ്ടാകുന്ന സമാധാനം പങ്കുവയ്ക്കുകയും ചെയ്യുക എന്നത് അനുഭൂതിയാണെന്ന് മാത്യു അച്ചന്‍ പറയുന്നു. ആശുപത്രിയിലെ തിരക്കൊഴിഞ്ഞ നേരങ്ങളില്‍ വീടുകളില്‍ കഴിയുന്ന രോഗികളെയും അദ്ദേഹം സന്ദര്‍ശിക്കുകയും സ്‌നേഹവചനങ്ങള്‍കൊണ്ട് അവരുടെ മനസിന് കുളിര്‍മയേകുകയും ചെയ്യുന്നു.
ഇതിനിടെ അച്ചന്റെ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിച്ചവരും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് ഫാ. മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൗണ്ടേഷന് രൂപം നല്‍കി. അമേരിക്കയില്‍ കഴിയുമ്പോഴും ജന്മഭൂമിയിലെ അശരണര്‍ക്കും ആലംബഹീനര്‍ക്കുമായി അച്ചന്‍ പ്രവര്‍ത്തിച്ചു. പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായവും ഭവനരഹിതര്‍ക്ക് വീടുകളും തന്റെ പേരിലുള്ള ഫൗണ്ടേഷനിലൂടെ അച്ചന്‍ യഥോചിതം നല്‍കി. സേവനത്തിന്റെ ദൗത്യം വിജയകരമായി തുടര്‍ന്ന് അച്ചന്‍ ഒരു പ്രസ്ഥാനംപോലെ പടര്‍ന്ന് പന്തലിക്കുകയായിരുന്നു. അച്ചന്റെ സേവനങ്ങളെ മാനിച്ച് 1996 മെയ് 26-ന് ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ ഫാ. മാത്യു കുന്നത്ത് ഡേ ആയി പ്രഖ്യാപിച്ചിരുന്നു. അച്ചന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന് മാത്രമല്ല അമേരിക്കന്‍ ജനവിഭാഗങ്ങളുടെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമായെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ഷാര്‍പ്പ് ജെയിംസ് ഒപ്പുവച്ച പ്രഖ്യാപനത്തില്‍ പറയുന്നു.
അച്ചന്റെ ക്രിയാത്മകമായ മറ്റൊരു കര്‍മ മണ്ഡലമാണ് ഇമിഗ്രേഷന്‍ സംബന്ധിച്ച കാര്യങ്ങളില്‍ പ്രതിഫലേച്ഛ കൂടാതെയുള്ള പ്രവര്‍ത്തനങ്ങള്‍. വിസ പേപ്പറുകള്‍ ശരിയാക്കുക, ആളുകള്‍ വരുന്നതിനുമുമ്പ് വീട് എടുത്ത് ഫര്‍ണിഷ് ചെയ്ത് ഫോണ്‍ കണക്ഷനും ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വാങ്ങി സൂക്ഷിച്ച്, വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ പോയി സ്വീകരിച്ച് വീട്ടില്‍ കൊണ്ടുെചന്നാക്കുക. അവിടെ അത്യാവശ്യമായി വേണ്ടുന്ന പരീക്ഷകള്‍ എഴുതാനുള്ള തയാറെടുപ്പുകള്‍ക്ക് സഹായിക്കുക, കുട്ടികളുടെ പഠനക്രമീകരണങ്ങള്‍, സോഷ്യല്‍ സെക്യൂരിറ്റി, ബാങ്ക് അക്കൗണ്ട്, കാര്‍ മുതലായവയ്ക്ക് വേണ്ട നടപടിക്രമങ്ങള്‍ നടത്തുക എന്നിവയെല്ലാം അച്ചന്‍ തന്നെ ഏറ്റെടുത്തു ചെയ്യുന്നു. ഇതെല്ലാം തന്റെ ഹോബിമാത്രമാണെന്നാണ് അച്ചന്റെ എളിമ നിറഞ്ഞ വാക്കുകള്‍.
കേരള സെന്റര്‍, ഗ്ലോബല്‍ കണ്‍വന്‍ഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ്, സെന്റ് ബര്‍ണബാസ് സ്പിരിറ്റ് ഓഫ് എക്‌സലന്‍സ്, അമേരിക്കന്‍ റെസ്‌ക്യൂ വര്‍ക്കേഴ്‌സ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയവ ഉള്‍പ്പെടെ നിരവധി പ്രസ്ഥാനങ്ങള്‍ ഇതിനോടകം പുരസ്‌കാരങ്ങള്‍ നല്‍കി അച്ചനെ ആദരിച്ചിട്ടുണ്ട്.
ജനങ്ങളില്‍ ഒരുവനായി പ്രവര്‍ത്തിച്ച്, പതിനായിരങ്ങളുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ ഈ വൈദികശ്രേഷ്ഠന്റെ പ്രവര്‍ത്തനങ്ങള്‍ കര്‍മം ചെയ്യുക, കര്‍മഫലം ദൈവം തരുമെന്ന സൂക്തത്തെ അന്വര്‍ത്ഥമാക്കുന്നു. സൃഷ്ടാവിന്റെ മടിയില്‍ ക്ഷീണിച്ച് തലവച്ച് കിടക്കുന്നതിനുള്ള ആത്മാവിന്റെ അദമ്യമായ അഭിലാഷമാണ് ഉപവാസം എന്നൊരു മഹത് വചനമുണ്ട്. മാത്യു അച്ചന്റെ ജീവിതമെന്നും ഉപവാസമാണെന്ന് സാരം.
Leave a Comment
Your email address will not be published. Required fields are marked with *