Follow Us On

23

November

2020

Monday

ആ കുഞ്ഞു ജീവനെ പിരിയും വരെ നെഞ്ചോടുചേര്‍ത്ത്‌

ആ കുഞ്ഞു ജീവനെ പിരിയും വരെ നെഞ്ചോടുചേര്‍ത്ത്‌

”തൃശൂര്‍ വ്യാകുലമാതാവിന്‍ പുത്തന്‍ പള്ളിയില്‍ ഞായറാഴ്ച കുര്‍ബാന. ദൈവാലയം നിറയെ ജനം.
പെട്ടെന്ന് ഒരു കൊച്ചുകുഞ്ഞ് അപ്പന്റെ കൈപ്പിടിയില്‍ നിന്നും ഊര്‍ന്നിറങ്ങി അള്‍ത്താരയിലേക്ക് ഓടിക്കയറി. അവനെ പിടിക്കാന്‍ യുവാവായ അപ്പനും പിന്നാലെ ഓടി. കുഞ്ഞിനെ കെട്ടിപ്പിടിച്ച് ഉമ്മ വച്ച് അവനെ തിരിച്ച് സീറ്റിലേക്ക് കൊണ്ടുവരുമ്പോഴാണ് കുഞ്ഞിന്റെ മുഖം ശ്രദ്ധിച്ചത്. ‘ഡൗണ്‍ സിന്‍ഡ്രം’ എന്ന ജനിതക വൈകല്യമാണ് കുഞ്ഞിനെ ബാധിച്ചിരുന്നത്. അപ്പന്റെ മുഖത്ത് സന്തോഷമാണെങ്കിലും ഉള്ളില്‍ ദുഃഖം ഘനീഭവിക്കുന്നതായി എനിക്ക് തോന്നി. എന്റെയും കണ്ണുകള്‍ അറിയാതെ നിറഞ്ഞു.”
തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. പൊന്നു തന്റെ അനുഭവങ്ങള്‍ പറയുകയായിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഡോ. പൊന്നു, തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ എംഡി കമ്യൂണിറ്റി മെഡിസിന് ചേര്‍ന്നു. രണ്ടാം വര്‍ഷ പഠനം. ഡോക്ടര്‍ രണ്ടാമതും ഗര്‍ഭിണിയായി. മൂത്തമകന്‍ ജേക്കബിനപ്പോള്‍ നാലുവയസ്. ഈ സമയത്ത് പഠനസംബന്ധമായി ഒരാഴ്ച ഡോ. പൊന്നുവിന് തിരുവനന്തപുരത്ത് താമസിക്കേണ്ടി വന്നു. ആയിടെ നടത്തിയ സ്‌കാനിംഗില്‍ ഗര്‍ഭസ്ഥ ശിശുവിന് ജനിതക വൈകല്യമുണ്ടാകാന്‍ കൂടുതല്‍ സാധ്യതയുള്ളതായി മനസിലായി. വിദഗ്ധ പരിശോധനകള്‍ നടത്തിയപ്പോള്‍ അബോര്‍ഷന്‍ നടത്തുന്നതാണ് നല്ലതെന്നായിരുന്നു ഡോക്ടര്‍മാരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. എങ്കിലും ദൈവത്തില്‍ ആശ്രയിച്ച് ഡോ. പൊന്നുവും ഭര്‍ത്താവ് ഡോ. നോബിയും അബോര്‍ഷന്‍ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു.
ഒരു പ്രമുഖ ഗൈനക്കോളജസ്റ്റിനെ വീണ്ടും കാണിച്ചപ്പോള്‍ റിപ്പോര്‍ട്ട് നോക്കി അവര്‍ അമ്പരന്നെങ്കിലും ജീവനുവേണ്ടി നിലകൊള്ളാനുള്ള ഡോ. നോബിയുടെയും ഡോ. പൊന്നുവിന്റെയും തീരുമാനമറിഞ്ഞപ്പോള്‍ അവരും സന്തോഷത്തോടെ എല്ലാ പിന്തുണയും നല്‍കി. സ്‌കാനിങ്ങില്‍ തലച്ചോറിലും ഹൃദയത്തിലും വൃക്കയിലും നിരവധി പ്രശ്‌നങ്ങളുള്ള കുഞ്ഞിനെയാണ് താന്‍ ഗര്‍ഭം ധരിച്ചതെന്ന് ഡോ. പൊന്നു തിരിച്ചറിഞ്ഞു.
മാര്‍ച്ച് 19-നായിരുന്നു രണ്ടാമത്തെ കുട്ടിയുടെ ജനനം. അവന് ജോസഫ് എന്ന് പേരിട്ടു. ഓപ്പറേഷന്‍ തിയറ്ററില്‍വച്ച് എന്തിനാണ് ഈ കുഞ്ഞിനുവേണ്ടി മിനക്കെടുന്നതെന്നായിരുന്നു പല ഡോക്ടമാരും ചോദിച്ചത്.
ജനിച്ച ഉടനെ ശ്വാസമെടുക്കാനും ഓക്‌സിജന്‍ നിലനിര്‍ത്താനും കുഞ്ഞ് പാടുപെട്ടു. കുട്ടിക്ക് ധാരാളം വൈകല്യങ്ങളുള്ളതിനാല്‍ ചെലവേറിയ ചികിത്സാരീതികള്‍ കുട്ടിക്ക് ഇനി നല്‍കണോയെന്ന് ഡോക്ടര്‍മാര്‍ ഡോ. നോബിയോടും ചോദിച്ചു. എന്നാല്‍ കുട്ടിക്ക് കൊടുക്കാന്‍ കഴിയുന്ന എല്ലാ ചികിത്സയും നല്‍കണമെന്നായിരുന്നു ഡോ. നോബിയുടെ നിലപാട്. ജനിച്ച അന്നുതന്നെ ഐ.സി.യുവില്‍ വച്ച് കുഞ്ഞിന് മാമോദീസയും നല്‍കി. രണ്ടാഴ്ചയ്ക്കുശേഷമാണ് അമ്മയെയും കുഞ്ഞിനെയും ഡിസ്ചാര്‍ജ് ചെയ്തത്.
കര്‍ത്താവിന് ജോസഫിനെക്കുറിച്ചും അവന്റെ മാതാപിതാക്കളെക്കുറിച്ചും വ്യക്തമായ പദ്ധതികളുണ്ടെന്ന് ഈ ദമ്പതികള്‍ വിശ്വസിച്ചു (ജറെ. 29:11). ഏതാനും ആഴ്ചകള്‍ക്കുശേഷം കുഞ്ഞുജോസഫിന്റെ ട്യൂബ് ഊരി. അവന്‍ പാല്‍ തനിയെ വലിച്ച് കുടിച്ച് തുടങ്ങി. കുട്ടികളുടെ ഡോക്ടര്‍ക്ക് ഇതൊരു അത്ഭുതമായി. അങ്ങനെ മാസങ്ങള്‍ മുന്നോട്ട് പോയി. ഒമ്പതുമാസംവരെ വലിയ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയതിനുശേഷം പ്രസവാവധി കഴിഞ്ഞ് ഡോ. പൊന്നു വീണ്ടും എംഡിക്ക് ചേര്‍ന്നു. രാവിലെ മകന്‍ ജോസഫിനെ വിട്ടുപോരുമ്പോള്‍ ഉമ്മകളാല്‍ അവനെ പൊതിയും. കര്‍ത്താവിന്റെ പദ്ധതിയിലാണ് ഡോ. പൊന്നു പ്രത്യാശയര്‍പ്പിച്ചത്.
ഡോ. നോബിയുടെ മാതാപിതാക്കള്‍ കുഞ്ഞിനെ കരുതലോടെ സ്‌നേഹിച്ചു, ശുശ്രൂഷിച്ചു. മാതാപിതാക്കളും ബന്ധുമിത്രാദികളും സ്‌നേഹിതരുടെ സമൂഹവും കൂടെയുണ്ടായിരുന്നതിനാല്‍ ജോസഫുമായുള്ള ഓട്ടപ്പന്തയത്തില്‍ മനസ് പതറാതെ സ്ഥിരോത്സാഹത്തോടെ ഓടാന്‍ ദൈവം കൃപ നല്‍കി.
ജോസഫിന്റെ പ്രായത്തിലുള്ള മറ്റു കുഞ്ഞുങ്ങള്‍ ഇരിക്കാനും നടക്കാനും തുടങ്ങി. എന്നിട്ടും തലയുറയ്ക്കാതെ തൂക്കവും അധികം വയ്ക്കാതെ ജോസഫ് തൊട്ടിലില്‍ ഒരു ചിരിയോടെ കിടന്നു. ആ ചിരി ഡോക്ടര്‍ ദമ്പതികള്‍ക്ക് വലിയ ആശ്വാസമായിരുന്നു. മറ്റുള്ളവരുടെ മുമ്പില്‍ ജോസഫിനെപ്രതി ഒരിക്കലും ഡോ. പൊന്നുവിന്റെ കണ്ണുകള്‍ ഈറനണിഞ്ഞില്ല, അല്ലെങ്കില്‍ ദൈവം അതിന് അനുവദിച്ചില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. പക്ഷേ കര്‍ത്താവുമൊത്തുള്ള സ്വകാര്യ സംഭാഷണത്തില്‍ ഡോക്ടര്‍ പലപ്പോഴും പൊട്ടിക്കരഞ്ഞിട്ടുണ്ട്.
ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത ഒത്തിരി വൈകല്യങ്ങള്‍ ജോസഫിന്റെ ശരീരത്തിലുണ്ടായിരുന്നു. ഹൃദത്തിലെ തകരാറും നെഞ്ചിലെ അസ്വസ്ഥതകളും കാരണം മകന്‍ ജോസഫിനെയുംകൊണ്ട് ഇടയ്ക്കിടെ ആശുപത്രിവാസം പതിവായി. ഈസ്റ്റര്‍, ക്രിസ്മസ് തുടങ്ങിയ പല വിശേഷദിവസങ്ങളും ആശുപത്രിയിലാണ് അവര്‍ ചെലവഴിച്ചത്. ക്രമേണ ഓക്‌സിജന്‍ സപ്പോര്‍ട്ട് ഇല്ലാതെ ജോസഫിന് മുന്നോട്ട് പോകാനാകാതെ വന്നു. വീട്ടിലെ ഒരു മുറി ഓക്ജിസന്‍ സജ്ജീകരണത്തോടെ ജോസഫിനായി ഒരുക്കി.
ഒരിക്കല്‍ ഡോ. നോബി നൈറ്റ് ഡ്യൂട്ടിക്ക് പോയ സമയം. നോബിയുടെ അമ്മയാണ് കുഞ്ഞിനെ ഉറക്കിയത്. പെട്ടെന്ന് കുഞ്ഞിന് എന്തോ ഒരു ഭാവവിത്യാസം പോലെ. അമ്മ ഉടന്‍ തന്നെ കുഞ്ഞിനെയുമെടുത്ത് ഡോ. പൊന്നുവിന്റെ അടുത്തേക്കോടി. അപ്പോഴേക്കും ശ്വാസവും ഹൃദയമിടിപ്പും നിലച്ച ജോസഫിനെയാണ് ഡോ. പൊന്നു കാണുന്നത്. ജോസഫിന്റെ അവസാന നിമിഷത്തില്‍ ഡോ. നോബി അടുത്തില്ലല്ലോ എന്ന ചിന്തയും ഡോ. പൊന്നുവിനെ അലട്ടി. കഴിഞ്ഞ മൂന്നു ദിവസവും ലീവെടുത്ത് ഭര്‍ത്താവ് ഡോ. നോബി, മകന്റെ കൂടെയായിരുന്നു. അന്ന് അത്യാവശ്യമായി ആശുപത്രിയിലേക്ക് പോയതാണ്. കര്‍ത്താവില്‍ ആശ്രയിച്ച് ഡോ. പൊന്നു മകന്റെ വായിലൂടെ രണ്ടു പ്രാവശ്യം ഊതി. നെഞ്ചില്‍ ആഞ്ഞമര്‍ത്തിയപ്പോള്‍ പെട്ടെന്നവന്‍ ശ്വാസമെടുത്തു തുടങ്ങി. ഹൃദയം മിടിച്ചു തുടങ്ങി.
സര്‍വശക്തനായ ദൈവത്തിന് നന്ദി പറഞ്ഞ ഡോ. പൊന്നു, ഭര്‍ത്താവ് അരികത്തുള്ളപ്പോഴേ മകനെ വിളിക്കാവൂ എന്ന് പ്രാര്‍ത്ഥിച്ചു. പിന്നീടങ്ങോട്ട് മകന്‍ ചിരിച്ചിട്ടില്ല. ആരോഗ്യനില വഷളായി. ശ്വാസം വിടാന്‍ അവന്‍ ബുദ്ധിമുട്ടുന്ന കാഴ്ച വളരെ ഹൃദയഭേദകമായിരുന്നു. മകന്റെ സഹനം ക്രൂശിതന്റെ സഹനത്തോട് ചേര്‍ത്ത് ഈ ഡോ ക്ടര്‍ ദമ്പതികള്‍ കാഴ്ചവച്ചു.
ജോസഫിന്റെ സമയമാകുമ്പോള്‍ അവനെ കൊണ്ടുപോയാലും പകരം മറ്റൊരു കുഞ്ഞിനെ തരണമെന്ന് ഡോ. പൊന്നു കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു. ദൈവം ആ പ്രാര്‍ത്ഥന കേട്ടു. ഡോ. പൊന്നു മൂന്നാമതും ഗര്‍ഭിണിയായി. 2016 ജനുവരിയില്‍ ജോസഫ് ഈ ലോകത്തോട് വിട പറഞ്ഞു. ചേതനയറ്റ മകന്റെ ശരീരം കൈയിലെടുത്ത് ഈ ദമ്പതികള്‍ ദൈവത്തെ സ്തുതിച്ചു. അവന്റെ മുഖം മാലാഖയെപ്പോലെ പ്രഭാപൂര്‍ണമായിരുന്നു. സിസ്റ്റര്‍ ഡാഫിനി എം.എസ്.എം.ഐ, സെല്‍ഗ്രൂപ്പ്, എല്‍.ഒ.എ.എഫ് കുടുംബകൂട്ടായ്മ ഇവയെല്ലാം ഇവരുടെ പ്രതിസന്ധിയില്‍ താങ്ങായി.
ജോസഫിന്റെ പ്രസവം, ചികിത്സ തുടങ്ങിയവമൂലം ധാരാളം ക്ലാസുകള്‍ നഷ്ടപ്പെട്ടെങ്കിലും ഫസ്റ്റ് ചാന്‍സില്‍തന്നെ പരീക്ഷ എഴുതാനും പാസാകാനും ഡോ. പൊന്നുവിനെ ദൈവം അനുവദിച്ചു.
കോഴ്‌സ് കഴിഞ്ഞതിന്റെ പിറ്റേന്നുതന്നെ വീടിനടുത്തുള്ള ജൂബിലി മിഷന്‍ ആശുപത്രിയില്‍ അസിസ്റ്റന്റ് പ്രഫസര്‍ ആയി നിയമനവും ലഭിച്ചു. ജോസഫ് മരിച്ചതിന്റെ രണ്ടാം മാസം പൂര്‍ണ ആരോഗ്യമുള്ള ജിയാന്‍ എന്ന പെണ്‍കുഞ്ഞിനെ ഇവര്‍ക്ക് ദൈവം നല്‍കി. രണ്ടുവര്‍ഷത്തിനുശേഷം ജോണ്‍ എന്ന ആണ്‍കുട്ടിയെയും ദൈവം നല്‍കി. ഒരു കുട്ടിക്ക് വൈകല്യമുണ്ടായാല്‍ തുടര്‍ന്നുള്ള കുട്ടികള്‍ക്കും വൈകല്യമുണ്ടാകുമെന്ന മാനുഷികചിന്ത ഈ ദമ്പതികളുടെ ജീവിതത്തിലൂടെ അപ്രസക്തമാവുകയാണ്.
വൈകല്യമുള്ള കുട്ടിയെ സന്തോഷത്തോടെ സ്വീകരിച്ച് ശുശ്രൂഷിച്ചപ്പോള്‍ ദൈവം ഇവരുടെ കുടുംബത്തില്‍ മക്കളെ നല്‍കി അനുഗ്രഹിച്ചു. ജീവനെ സംരക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ദൈവം നല്‍കിയ സമ്മാനമായി അവര്‍ മക്കളെ കാണുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?