Follow Us On

22

October

2020

Thursday

അബോര്‍ട്ട് ചെയ്യപ്പെടേണ്ടിയിരുന്ന കുഞ്ഞ് ഇപ്പോള്‍ വൈദികന്‍

അബോര്‍ട്ട് ചെയ്യപ്പെടേണ്ടിയിരുന്ന കുഞ്ഞ് ഇപ്പോള്‍ വൈദികന്‍

ഒരമ്മയുടെ വിശ്വാസസാക്ഷ്യമെന്ന് ഫാ. ഷാരോണ്‍ കൊച്ചുപുരയ്ക്കലിനെ വിശേഷിപ്പിക്കാം. കാരണം, കുഞ്ഞ് ഷാരോണ്‍ അമ്മയുടെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍, അബോര്‍ഷന്‍ മാത്രമേ മാര്‍ഗമുള്ളൂ എന്നു പറഞ്ഞത് അഞ്ച് ഡോക്ടര്‍മാരായിരുന്നു.
ആദ്യം കണ്ട ഡോക്ടര്‍ അബോര്‍ഷന്‍ വേണമെന്ന് പറഞ്ഞപ്പോള്‍ വേറെ ഡോക്ടറെ കണ്ടു. അടുത്ത ഡോക്ടറിനും അതേ അഭിപ്രായം. മറ്റൊരു ഡോക്ടറെ പിന്നീടവര്‍ സമീപിച്ചു. അങ്ങനെ അഞ്ച് ഡോക്ടര്‍മാരുടെ അടുത്ത് എത്തി. എല്ലാവരും പറഞ്ഞത് ഒന്നുതന്നെ. മാനന്തവാടി രൂപതയിലെ ചുങ്കകുന്ന് കൊച്ചുപുരയ്ക്കല്‍ ജോസ്-സെലീന ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കള്‍ ജനിച്ചശേഷമായിരുന്നു ഷാരോണിനെ ഗര്‍ഭം ധരിച്ചത്. രണ്ടാമത്തെ സിസേറിയന്‍ കഴിഞ്ഞപ്പോള്‍ ഇനി കുഞ്ഞുങ്ങള്‍ ഉണ്ടാകരുതെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
ഗര്‍ഭിണിയാകുന്ന സമയത്ത് സെലീന ചില മരുന്നുകള്‍ കഴിച്ചിരുന്നു. അതു ഗര്‍ഭസ്ഥശിശുവിനെ വളരെ ഹാനികരമായി ബാധിക്കുമെന്നും കുട്ടി ജനിച്ചാല്‍ ശാരീരിക വൈകല്യങ്ങളും ബുദ്ധിമാന്ദ്യവും ഉണ്ടാകുമെന്നും ഡോക്ടര്‍മാര്‍ തറപ്പിച്ചു പറഞ്ഞു. മാത്രല്ല, ഇത് അധികം മുമ്പോട്ടുപോകുകയില്ലെന്നും വിധിയെഴുതി. പ്രസവത്തിലേക്ക് എത്തിയാല്‍ അമ്മയുടെ ജീവന് യാതൊരു ഗ്യാരണ്ടിയും ഇല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജീവന് അപകടമുണ്ടാകാന്‍ സാധ്യത ഉണ്ടെന്ന വിവരം എല്ലാവരെയും ഭീതിയിലാഴ്ത്തി. എന്നാല്‍, ഉദരത്തിലുള്ള ജീവനെ ഇല്ലാതാക്കാന്‍ അമ്മ ഒരുക്കമായിരുന്നില്ല.
സെലീന ജപമാല ചൊല്ലാന്‍ തുടങ്ങി. അസാധ്യങ്ങളെ സാധ്യമാക്കാന്‍ പരിശുദ്ധ അമ്മക്ക് കഴിയുമെന്ന് ആ അമ്മയ്ക്ക് അറിയാമായിരുന്നു. പ്രാര്‍ത്ഥനക്ക് സ്വര്‍ഗം ഉത്തരം നല്‍കുന്ന അത്ഭുതകരമായ കാഴ്ചയാണ് പിന്നീട് കണ്ടത്. എല്ലാ ഡോക്ടര്‍മാരും കയ്യൊഴിഞ്ഞപ്പോള്‍ ദൈവം മറ്റൊരു ഡോക്ടറെ ഒരുക്കി നിര്‍ത്തിയിരുന്നു. കണ്ണൂരിലുള്ള ഡോ. തങ്കമായിരുന്നത്. എല്ലാം തമ്പുരാന്‍ തരുന്നതല്ലേ, നമുക്കൊരു പരീക്ഷണം നടത്തമെന്നായിരുന്നു ഡോക്ടറുടെ വാക്കുകള്‍. ആ വാക്കുകള്‍ നല്‍കിയ ആശ്വാസം ചെറുതായിരുന്നില്ല. അങ്ങനെ ഏഴു മാസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. 1989 നവംബര്‍ 21-ന് ഷാരോണ്‍ ഈ ഭൂമിലേക്കു വന്നു. രണ്ടു മാസം മുമ്പ് പുറത്തുവന്നതിനാല്‍ ശരീരത്തിന് വളര്‍ച്ച കുറവുണ്ടായിരുന്നു. തലമുടി തീരെ ഉണ്ടായിരുന്നില്ല. തന്റെ കുഞ്ഞിനെ കണ്ട അമ്മ പ്രാര്‍ത്ഥിച്ചത് അവന് ഒരു മൂക്ക് എങ്കിലും നല്‍കണമേ എന്നായിരുന്നു. എന്നാല്‍, കുഞ്ഞിന് യാതൊരു ശാരീരിക പ്രശ്‌നങ്ങളും ഉണ്ടായില്ല എന്നതാണ് സത്യം.
ഇനിയൊരു ഓപ്പറേഷന്‍ നടത്തിയാല്‍ മരിച്ചുപോകുമെന്ന് ഒരിക്കല്‍ വിധിയെഴുതപ്പെട്ട അമ്മ അതിനുശേഷം രോഗങ്ങള്‍മൂലം രണ്ട് ഓപ്പറേഷനുകള്‍ക്ക് വിധേയയാകേണ്ടിവന്നെങ്കിലും ഇപ്പോഴും പൂര്‍ണ ആരോഗ്യത്തോടെ ഇരിക്കുന്നു. ശരീരത്തില്‍ ഉണ്ടായ ട്യൂമറിനും കിഡ്‌നി ബ്ലോക്കും ഹെര്‍ണിയയും ഒരുമിച്ചു വന്നതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയകള്‍. പഠനത്തില്‍ മുമ്പിലായിരുന്നു സഹോദരിമാരായ ഷാലും ഷീതും. ഷാലും ഫോറന്‍സിക് ഡിപ്പാര്‍ട്ടുമെന്റില്‍ ജോലിചെയ്യുന്നു. ഷീതും പിഎച്ച്ഡിക്കുശേഷം പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ചെയ്യുകയാണ്. ഷാരോണും പഠനത്തില്‍ മുമ്പിലായിരുന്നു. എന്നാല്‍ പത്താം ക്ലാസു കഴിഞ്ഞപ്പോള്‍ സെമിനാരിയില്‍ ചേരാനായിരുന്നു തീരുമാനം. എന്നാല്‍ ഏക മകന്‍ സെമിനാരിയില്‍ പോകുന്നത് ഉള്‍ക്കൊള്ളാന്‍ പിതാവ് ജോസിന് കഴിയുമായിരുന്നില്ല.
അനുവാദം ലഭിക്കുന്നതിനായി വീട്ടില്‍ നിരാഹാര സമരം ചെയ്യേണ്ടതായി വന്നു എന്ന് ഫാ. ഷാരോണ്‍ പറയുന്നു. അവസാനം അമ്മയാണ് മകന്റെ സഹായത്തിന് എത്തിയത്. അവന്റെ ഇഷ്ടം സാധിച്ചുകൊടുക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു.
അവസാനം പിതാവ് സമ്മതംമൂളി. അങ്ങനെ ഒഎസ്എഫ്എസ് സഭയില്‍ ചേര്‍ന്നു. ഷാരോണ്‍ സെമിനാരിയില്‍ ചേരാന്‍ തീരുമാനിച്ചപ്പോഴാണ് അമ്മ ജനനത്തോടനുബന്ധിച്ചുണ്ടായ പ്രതിസന്ധികള്‍ മകന്റെ മുമ്പില്‍ തുറന്നത്. എന്നിട്ട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, ”ജനിക്കില്ലെന്നും ഇനി ജനിച്ചാല്‍ ജീവിക്കില്ലെന്നും മെഡിക്കല്‍ സയന്‍സ് വിധിയെഴുതിയപ്പോള്‍ നിനക്കുവേണ്ടി പരിശുദ്ധ മാതാവിനോട് ഞാന്‍ ഒരുപാടു പ്രാര്‍ത്ഥിച്ചു. ആ അമ്മയ്ക്ക് നിന്നെ വേണമായിരുന്നു.”
മാതാവിനെ ദൈവാലയത്തില്‍ കാഴ്ചവച്ച ദിവസമാണ് നവംബര്‍ 21. പരിശുദ്ധ മാതാവ് തനിക്കു സംരക്ഷണവലയം തീര്‍ത്തിരുന്നു എന്ന് ഉറപ്പിക്കുന്നതായിരുന്നു തന്റെ സഭയെന്ന് ഫാ. ഷാരോണ്‍ ചൂണ്ടിക്കാട്ടുന്നു. നവംബര്‍ 21-ന് വ്രതവാഗ്ദാനം പുതുക്കണമെന്നതായിരുന്നു സഭയിലെ നിയമം. നവംബര്‍ 21 എന്ന ദിവസത്തിന് ഫാ. ഷാരോണിന്റെ ജീവിതത്തില്‍ വലിയ പ്രത്യേകത ഉണ്ടായിരുന്നു. ജനിച്ച ദിവസം എന്നതുമാത്രമല്ല, പിന്നീട് പൗരോഹിത്യം സ്വീകരണം നടന്നതും അതേ ദിനത്തിലായിരുന്നു .
2017 നവംബര്‍ 21-നായിരുന്നു ഫാ. ഷാരോണ്‍ കൊച്ചുപുരയ്ക്കലിന്റെ വൈദികപട്ടം. നാല് ഡീക്കന്മാരായിരുന്നു ഒഎസ്എഫ്എസ് സഭയില്‍ പൗരോഹിത്യം സ്വീകരിക്കാന്‍ ഉണ്ടായിരുന്നത്. ഡിസംബര്‍, ജനുവരി ആദ്യം അടുപ്പിച്ച് പട്ടസ്വീകരണം നടത്തണമെന്ന് സഭാധികാരികള്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നോടം പിതാവിനെ കാണാന്‍ ചെന്നു. എന്നാല്‍, പിതാവിന് ആ ദിവസങ്ങളില്‍ ഒന്നും ഒഴിവ് ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ബിഷപ് റാഫേല്‍ തട്ടില്‍ പിതാവിനെ സമീപിക്കുന്നത്.
അദ്ദേഹത്തിന് പ്രോഗ്രാം ഇല്ലാത്ത ഒരു ദിവസം 21-മാത്രമായിരുന്നു. അങ്ങനെ നവംബര്‍ 21-ന് പൗരോഹിത്യം സ്വീകരണം നടന്നു. ഫാ. ഷാരോണ്‍ ഇതു മാതാവിന്റെ അനുഗ്രഹമായിട്ടാണ് കാണുന്നത്. കോഴിക്കോട്, കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രത്തിലെ സഹവികാരിയാണ് ഇപ്പോള്‍ ഫാ. ഷാരോണ്‍ കൊച്ചുപുരയ്ക്കല്‍.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?