നാല്പത് വര്‍ഷത്തെ പൗരോഹിത്യ
ജീവിതത്തില്‍ 20 വര്‍ഷം
സെമിനാരി പരിശീലനത്തിന് നേതൃത്വം
നല്‍കിയ ഫാ. ജോസഫ് കുരീക്കാട്ടില്‍
ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
”ദൈവാത്മാവ് ജീവിതത്തെ നയിക്കുമ്പോള്‍ പ്രതികൂലങ്ങളെല്ലാം അനുകൂലമാവുന്നു എന്നതാണ് എന്റെ അനുഭവം. കഴിഞ്ഞ 40 വര്‍ഷത്തെ പൗരോഹിത്യ ശുശ്രൂഷയെ നോക്കി കാണുമ്പോള്‍ എനിക്ക് പറയാനാവുന്നത് അങ്ങനെയാണ്.”
റൂബി ജൂബിലിക്കൊരുങ്ങുന്ന ഫാ. ജോസഫ് കുരീക്കാട്ടിലിന്റെ വാക്കുകളാണിത്. പൗരോഹിത്യത്തിന്റെ നാലു പതിറ്റാണ്ടില്‍ ഇരുപത് വര്‍ഷവും വൈദികവിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയായിരുന്നു ചുമതല. തലശേരി, താമരശേരി, ബെല്‍ത്തങ്ങാടി രൂപതകളില്‍ സെമിനാരി റെക്ടറായും വൈസ് റെക്ടറായുമുള്ള ശുശ്രൂഷ ധാരാളം ജീവിതാനുഭവങ്ങള്‍ പകര്‍ന്നു കിട്ടി. മുന്നൂറോളം വൈദികരെ പരിശീലനഘട്ടത്തില്‍ സഹായിക്കാന്‍ കഴിഞ്ഞത് വലിയ ദൈവാനുഗ്രഹമാണ്. കൊച്ചച്ചനായിരിക്കെ മോണ്‍. സി.ജെ വര്‍ക്കിയച്ചനുമായുണ്ടായ അടുപ്പമാണ് കരിസ്മാറ്റിക് പ്രസ്ഥാനസജീവമാകാന്‍ കാരണം.
ജീവിതത്തിന്റെ പിന്നാമ്പുറം
ദൈവവിളികളുടെ സമ്പന്നതയുള്ള പാലാ രൂപതയിലെ മുഴൂര്‍ ഇടവകയിലായിരുന്നു ജനനം. കുരീക്കാട്ട് ജോസഫും അന്നമ്മയും മാതാപിതാക്കള്‍. മൂന്നുവയസുള്ളപ്പോഴാണ് മലബാറിലെ കൂരാച്ചുണ്ടിലേക്ക് കുടിയേറുന്നത്. കല്ലാനോടും കൂരാച്ചുണ്ടുമായി പ്രാഥമിക വിദ്യാഭ്യാസം. പാലാ സെന്റ് തോമസ് കോളജിലെ പ്രീഡിഗ്രി പഠനശേഷം തലശേരി സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയിലേക്ക്. ഡിഗ്രി പഠനത്തിന് ശേഷം ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയിലായിരുന്നു മേജര്‍ സെമിനാരി പഠനം. അക്കാലത്ത് മൂന്ന് വര്‍ഷം സെമിനാരിയിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രസിഡന്റായിരുന്നു. അന്ന് സെമിനാരി വിദ്യാര്‍ത്ഥികള്‍ ചേരിപ്രദേശങ്ങളില്‍ സാമൂഹ്യ സേവനം നടത്താറുണ്ടായിരുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ നല്‍കുക, ശുചീകരണ പ്രവര്‍ത്തനം നടത്തുക, കുട്ടികള്‍ക്ക് ട്യൂഷന്‍ തുടങ്ങിയവയായിരുന്നു പ്രവര്‍ത്തനങ്ങള്‍. പുറത്ത് ജോലി ചെയ്യുന്നവരും ഭിക്ഷയെടുത്ത് ജീവിക്കുന്നവരും ഉള്‍പ്പെടെ 280 കുടുംബങ്ങള്‍ അവിടെയുണ്ടായിരുന്നു. ആ സാധുക്കളുടെ ദുരിതജീവിതവും കഷ്ടപ്പാടുകളും കാണാനും അനുഭവിക്കാനും കഴിഞ്ഞതാണ് സാധുക്കള്‍ക്കായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ചിന്ത ശക്തമാകാന്‍ കാരണമായത്. ക്ഷേമപദ്ധതികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം ലഭ്യമാക്കിയതും അങ്ങനെയാണ്. സെമിനാരി പരിശീലനം പൂര്‍ത്തിയായ 1978 തലശേരി രൂപതയുടെ രജതജൂബിലി വര്‍ഷമായിരുന്നു. അക്കൊല്ലം പരിശീലനം പൂര്‍ത്തിയാക്കിയ എട്ട് ഡീക്കന്‍മാര്‍ക്കും തലശേരി കത്തീഡ്രല്‍ ദൈവാലയത്തില്‍ ഒരുമിച്ച് പട്ടം നല്‍കാന്‍ രൂപത തീരുമാനിച്ചു. മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി, മാര്‍ ജേക്കബ് തൂങ്കുഴി എന്നിവരായിരുന്നു പട്ടം നല്കിയത്. 1978 ഡിസംബര്‍ 27-നായിരുന്നു പട്ടം നല്‍കല്‍. അതിന് മുമ്പ് തന്നെ രണ്ട് പിതാക്കന്മാരുമായും വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നു. ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി, ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ബത്തേരി മെത്രാന്‍ മാര്‍ ജോസഫ് മാര്‍ തോമസ്, മാര്‍ സാമുവല്‍ ഐറേനിയോസ് മെത്രാന്‍ എന്നിവരുള്‍പ്പെടെ പില്‍ക്കാലത്ത് ഉന്നത നിലകളില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ അവിടെ സഹപാഠികളായി ഉണ്ടായിരുന്നു. വൈദികനായി ആദ്യ ശുശ്രൂഷയ്ക്കായി നിയോഗിച്ചത് ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഇടവകയിലെ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു. ആദ്യം ഫാ. ആന്റണി പുരയിടവും തുടര്‍ന്ന് ഫാ. ജോസഫ് അട്ടിപുഴയുമായിരുന്നു വികാരിമാര്‍. മദ്യപാനവും വന്യമൃഗശല്യവുമെല്ലാം വലിയ ഭീഷണിയായിരുന്നു അക്കാലത്ത്.
സെമിനാരിപരിശീലനത്തിലേക്ക്
വള്ളോപ്പിള്ളി പിതാവ് ഫാ. ജോസഫ് കുരീക്കാട്ടിലിനെ തലശേരി സെന്റ് ജോസഫ് മൈനര്‍ സെമിനാരിയിലേക്ക് ശുശ്രൂഷയ്ക്കായി നിയോഗിച്ചതോടെ അദേഹത്തിന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളായി. ആറു വര്‍ഷം ഇവിടെ വൈദിക ശുശ്രൂഷയുടെ ഭാഗമായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് വൈസ് റെക്ടറായി. പിന്നീട് ഏഴ് വര്‍ഷം റെക്ടറായും സേവനം ചെയ്തു. താമരശേരി രൂപത സ്ഥാപിതമായപ്പോള്‍ അവിടെ സെമിനാരി തുടങ്ങുന്നതു മുതല്‍ എല്ലാ ഉത്തരവാദിത്വങ്ങളുമേറ്റ് മൂന്ന് വര്‍ഷം റെക്ടറായി. സി.ജെ വര്‍ക്കിയച്ചനുമായി സഹകരിക്കുവാനും ധ്യാനശുശ്രൂഷകളില്‍ പങ്കാളിയാകാനും കഴിഞ്ഞു. ബെല്‍ത്തങ്ങാടിയില്‍ ദീര്‍ഘകാലം സെമിനാരിയില്‍ റെക്ടറായി നിയോഗിക്കപ്പെട്ടു. തലശേരി അതിരൂപതയില്‍ റെക്ടറായിരിക്കെ വൈദിക വിദ്യാര്‍ത്ഥികളുമൊത്ത് കണ്ണൂര്‍, തലശേരി ടൗണുകളില്‍ തെരുവ് ജീവിതം നയിച്ചിരുന്ന പാവങ്ങളെ പ്രത്യേക വാഹനങ്ങളില്‍ തലശേരി സെമിനാരിയില്‍ എത്തിച്ച് ഭക്ഷണവും വസ്ത്രവും നല്‍കുകയും വിദ്യാര്‍ത്ഥികള്‍ അവരുടെ മുടി മുറിക്കുകയും കുളിപ്പിക്കുകയും ചെയ്തത് ഏറെ ജനശ്രദ്ധ നേടിയ പ്രവര്‍ത്തനമായിരുന്നു.
ഫാ. ജോര്‍ജ് കുറ്റിക്കലച്ചനുമായി ചേര്‍ന്ന് പാവങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും സാധിച്ചു. നാല്പതില്‍ 22 വര്‍ഷവും സെമിനാരി ശുശ്രൂഷയായിരുന്നു. മൂന്ന് രൂപതകളില്‍ ദീര്‍ഘകാലം സേവനം ചെയ്യാനായത് വഴി പല കാര്യങ്ങളും പഠിക്കാനായി. ഒരു വര്‍ഷം മാര്‍ ജോര്‍ജ് വലിയമറ്റം മെത്രാപ്പോലീത്തയ്‌ക്കൊപ്പം സെക്രട്ടറിയായി പ്രവര്‍ത്തിക്കാനും കഴിഞ്ഞു.
കര്‍ണ്ണാടകയില്‍ നിന്നും കാസര്‍ഗോഡ് ജില്ലയില്‍ പനത്തടി, പാണത്തൂര്‍ ഇടവകകളില്‍ വികാരിയായി സേവനം ചെയ്തു. ഇക്കാലങ്ങളിലൊക്കെ അക്രൈസ്തവരായ നിയമപണ്ഡിതര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, രാഷ്ടീയ വിദ്യാഭ്യാസ രംഗത്തുള്ളവര്‍ തുടങ്ങിയവരുമായി നല്ല ബന്ധം സൂക്ഷിക്കാനും കഴിഞ്ഞു.
കരിസ്മാറ്റിക് പ്രസ്ഥാനവുമായുള്ള അടുപ്പം വ്യക്തി ജീവിതത്തിലും വലിയ മാറ്റങ്ങള്‍ക്ക് വഴി തെളിച്ചതായി കുരീക്കാട് അച്ചന്‍ പറയുന്നു. പ്രാര്‍ത്ഥനയിലൂടെ ദൈവാനുഭവത്തിലേക്ക് വളരുവാനും ദൈവഹിതമനുസരിച്ച് പ്രവര്‍ത്തിക്കാനും കരിസ്മാറ്റിക് അനുഭവം വഴിയൊരുക്കി. മടുപ്പില്ലാതെ പ്രാര്‍ത്ഥിക്കാന്‍ ഇതു വഴി ദൈവം അനുഗ്രഹിക്കുന്നു.
ചെമ്പേരിക്കടുത്ത നെല്ലിക്കുറ്റിയില്‍ വികാരിയായിരിക്കെ കെട്ടിടസൗകര്യമില്ലാതെ വ്യാപാരമേഖല മുരടിച്ചിരുന്ന നെല്ലിക്കുറ്റി ടൗണില്‍ സൗകര്യപ്രദമായ ഷോപ്പിംഗ് കോംപ്ലക്‌സ് പണിതതു വഴി നാടിന് വികസനവും ഇടവകയ്ക്ക് വരുമാനത്തിന് വഴിയൊരുങ്ങുകയും ചെയ്തു.
ആലുവ മേജര്‍ സെമിനാരിയില്‍ വിവിധ റീത്തുകളിലും സഭാവിഭാഗങ്ങളിലുമുള്ള വൈദിക വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് നടത്തിയ പഠന പരിശീലനം പില്‍ക്കാലത്ത് വലിയ പ്രയോജനം ലഭിക്കാനിടയായതായി ഫാ. കുരീക്കാട്ട് അനുസ്മരിക്കുന്നു. ഇപ്പോള്‍ രയരോം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയായി ശുശ്രൂഷ ചെയ്യുന്നു. ആറു മാസം മുമ്പ് ചുമതലയേറ്റ ശേഷം പള്ളി നവീകരിക്കുകയും അള്‍ത്താരയുടെ പുനര്‍നിര്‍മ്മാണം നടത്തുകയും ചെയ്തു. മാര്‍ ജോര്‍ജ് വലിയമറ്റം പിതാവായിരുന്നു വെഞ്ചരിപ്പ് കര്‍മ്മം നടത്തിയത്. പുലര്‍ച്ചെ അഞ്ചേകാലിന് പള്ളിയില്‍ പ്രാര്‍ത്ഥനയോടെയാണ് ശുശ്രൂഷയുടെ തുടക്കം. അഞ്ചരയ്ക്ക് വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ച് പരസ്യ ആരാധന നടത്തുന്നു. സഭ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായുള്ള ദൈവത്തിന്റെ ആലയമാണ്. ദൈവാലയത്തിന്റെ പരിശുദ്ധിയും ചൈതന്യവും നിലനിര്‍ത്താന്‍ നിരന്തര പ്രാര്‍ത്ഥന വേണം. സുവിശേഷ വായനയും പഠനും വൈദികര്‍ മാത്രമല്ല ഓരോ വിശ്വാസിയും പിന്തുടരണം. ദൈവം നമ്മോടുകൂടി വസിക്കുമ്പോള്‍ എല്ലാം നന്മയ്ക്കായി ചെയ്യുവാന്‍ നമുക്ക് കഴിയും; കഴിഞ്ഞ കാലാനുഭവങ്ങള്‍ വിലിയിരുത്തി ഫാ. ജോസഫ് കുരീക്കാട്ട് പറയുന്നു. ദൈവം ആഗ്രഹിക്കുന്നത് പ്രവര്‍ത്തിക്കുമ്പോള്‍ തടസങ്ങള്‍ ഉണ്ടാവില്ല. എല്ലാം നന്മയ്ക്കായി തീരും; അദ്ദേഹം പറയുന്നു.
പ്ലാത്തോട്ടം മാത്യു
Leave a Comment
Your email address will not be published. Required fields are marked with *