Follow Us On

19

March

2024

Tuesday

റോണ മിടുക്കി; കൃഷിയിൽ കിടുക്കി

റോണ മിടുക്കി; കൃഷിയിൽ കിടുക്കി
അങ്ങാടിപ്പുറം: കൃഷിയെ ജീവനോളം സ്നേഹിക്കുന്ന പെൺകുട്ടി തന്റെ സ്കൂൾമുറ്റവും വീട്ടുമുറ്റവും പരിസരവുമെല്ലാം പലതരം പച്ചക്കറികൾ കൊണ്ട് നിറയ്ക്കുകയാണ്. പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ റോണ റെജി കൃഷിമികവിൽ ഒന്നാംനമ്പർ!
റോണയുടെ കൃഷിപ്പെരുമ തിരിച്ചറിഞ്ഞ് അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകയ്ക്കുള്ള പുരസ്കാരത്തിനും കൃഷി വകുപ്പ് റോണയെ തെരഞ്ഞെടുത്തു.
പഠനവും കൃഷിയും ഒരു പോലെ കൊണ്ടു പോകുന്ന ഈ മിടുക്കി പിതാവ് ഇയ്യാലിൽ റെജിക്കൊപ്പം കുഞ്ഞുനാൾ മുതൽ വീട്ടിലെ കൃഷിക്കാരിയാണ്.വെള്ളരി,കുമ്പളം,പാവൽ,പടവലം,വഴുതന,പച്ചമുളക്,വെണ്ട, തക്കാളി,കാബേജ്, കോളിഫ്ലവർ,പീച്ചിക്ക,ചീര,പയർ, കോവൽ തുടങ്ങിയവയെല്ലാം റോണയുടെ കൃഷിയിടത്തിൽ സമൃദ്ധമായുണ്ട്.പശുക്കളും കോഴികളും പ്രിയപ്പെട്ട ചങ്ങാതിമാരാണ്. ഓർക്കിഡ് ഉൾപ്പെടെയുള്ള അലങ്കാരചെടികളും റോണയ്ക്ക് പ്രിയപ്പെട്ടതാണ്. തേനീച്ച വളർത്താനും മീൻ വളർത്താനുമുള്ള തയാറെടുപ്പിലാണ് ഈ സയൻസ് വിദ്യാർഥി.
ജൈവവളങ്ങൾ മാത്രമാണ് കൃഷിക്കുപയോഗിക്കുന്നത്. പഞ്ചഗവ്യം, മത്തിശർക്കര, ജീവാമൃതം, ജൈവ കീടനാശിനികൾ എന്നിവയെല്ലാം വീട്ടിൽതന്നെ തയാറാക്കാനും അവ കൃത്യമായി പ്രയോഗിക്കാനും റോണയ്ക്കറിയാം. ബയോഗ്യാസ് പ്ലാന്റും വീട്ടിൽ ഒരുക്കിയിട്ടുണ്ട്.
സെന്റ് മേരീസ് സ്കൂളിലെ ഔഷധത്തോട്ടത്തിന്റെ മേൽനോട്ടവും നാഷണൽ സർവീസ് സ്കീം വൊളന്റിയർ കൂടിയായ റോണയ്ക്കു തന്നെ. നിത്യജീവിതത്തിൽ പ്രയോജനപ്പെടുന്ന നാൽപ്പതോളം ഔഷധസസ്യങ്ങളാണ് റോണയുടെ പരിപാലനയിൽ വളരുന്നത്.രാമച്ചവും നീർമാതളവും നാഗവെറ്റിലയും കറ്റാർവാഴയുമെല്ലാം ഇതിൽപെടും.
തിരിനന, ചാക്ക് കൃഷി, ബോക്സ് കൃഷി, ഗ്രോ ബാഗ് തുടങ്ങിയ കൃഷിരീതികളും വീട്ടിലും സ്കൂളിലും ഈ മിടുക്കി സ്വീകരിച്ചിട്ടുണ്ട്. സ്കൂളിലെ കിണർ റീചാർജിങ് ടീമിലും സജീവമാണ് റോണ.
കൃഷി ഓഫീസർമാരും ജനപ്രതിനിധികളും ഉൾപ്പടെയുള്ളവർ റോണയുടെ വീട്ടിലെയും സ്കൂളിലെയും കൃഷിരീതികൾ കാണാനെത്തുന്നുണ്ട്.
പിതാവ് ഇയ്യാലിൽ റെജിയും അമ്മ ആനി ജോസഫും സ്കൂളിലെ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബെന്നി തോമസും റോണയ്ക്ക് പ്രോത്സാഹനവുമായി എപ്പോഴുമുണ്ട്.
പ്ലസ്ടു പഠനം കഴിഞ്ഞ് ബി എസ് സി അഗ്രിക്കൾച്ചറിനു ചേർന്ന് ഒരു കൃഷിഓഫീസറാകണം എന്നതാണ് ഈ ‘കൃഷിക്കാരി’യുടെ മോഹം.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?