Follow Us On

26

March

2019

Tuesday

ലാസറിന്റെ സഹോദരി മര്‍ത്താക്ക് പിന്നീട് സംഭവിച്ചത്

ലാസറിന്റെ സഹോദരി മര്‍ത്താക്ക് പിന്നീട് സംഭവിച്ചത്

പാശ്ചാത്യ നാടുകളില്‍ വിശുദ്ധ മര്‍ത്തായുടെ നാമത്തില്‍ പല ദൈവാലയങ്ങളും കാണാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍ ആരായിരുന്നു വിശുദ്ധ മര്‍ത്ത?
ബഥനിയില്‍ ഈശോ ഉയിര്‍പ്പിച്ച ലാസറിന്റെ സഹോദരിയാണ് മര്‍ത്ത. മര്‍ത്തയും സഹോദരി മറിയവും യേശുവിന്റെ വിശ്വസ്ത അനുയായികളായിരുന്നു. മര്‍ത്തയായിരുന്നു മൂത്ത സഹോദരി. സമ്പന്നവും കുലീനവുമായ കുടുംബത്തിലായിരുന്നു അവളുടെ ജനനം. ‘ദൈവരാജ്യത്തെപ്രതി സ്വയം ഷണ്ഡരാക്കിയവരെ’പ്പറ്റിയുള്ള ഈശോയുടെ പരാമര്‍ശത്തില്‍ ആകൃഷ്ടയായി മര്‍ത്ത കന്യകാവ്രതം സ്വീകരിച്ചു. സഹോദരരില്‍ മൂത്തവളായിരുന്നതിനാല്‍ വീട്ടുകാര്യങ്ങളൊക്കെ അവളാണ് നോക്കിയിരുന്നത്. അവള്‍ ‘പല കാര്യങ്ങളില്‍ വ്യഗ്ര’യായിരിക്കാന്‍ അതായിരുന്നു കാരണം.
”മര്‍ത്ത, മര്‍ത്ത നീ പല കാര്യങ്ങളെക്കുറിച്ച് വ്യാകുലപ്പെടുകയും വിഷമിക്കുകയും ചെയ്യുന്നു. പക്ഷേ, ആവശ്യമുള്ളത് ഒന്നു മാത്രം. ആ നല്ല ഭാഗം മറിയം തിരഞ്ഞെടുത്തു. അത് അവളില്‍നിന്ന് എടുത്തുമാറ്റപ്പെടുകയില്ല” (ലൂക്ക 10: 41-42). ഈശോയുടെ ഈ വാക്കുകളാണ് അവളില്‍ മാറ്റം വരുത്തിയത്. തന്റെ ദിവ്യമണവാളനുവേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ അവള്‍ തീരുമാനിച്ചു. ഗൊല്‍ഗോത്താവരെ കുരിശിന്റെ വഴിയില്‍ ഉറച്ചുനിന്ന അവള്‍ പെന്തക്കുസ്താദിനത്തില്‍ പരിശുദ്ധ മറിയത്തോടൊപ്പം ഉണ്ടായിരുന്നു. തന്റെ ഭവനം ഒരു കന്യാസ്ത്രീമഠംപോലെയാക്കി ഉപവിപ്രവൃത്തികളുമായി കഴിഞ്ഞിരുന്ന അവള്‍ പിന്നീട് പീഡനകാലത്താണ് മാഴ്‌സീലസില്‍ എത്തിപ്പെട്ടത്.
തുഴയോ പായയോ ഇല്ലാത്ത തോണിയില്‍ കയറ്റി ആ സഹോദരങ്ങളെ പീഡകര്‍ കടലില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് കാണുന്നു. അവിടെ സുവിശേഷ പ്രഘോഷണവുമായി കഴിഞ്ഞ അവളെ നിരവധി അത്ഭുതപ്രവൃത്തികള്‍ക്ക് ദൈവം ഉപകരണമാക്കി.
ഒരിക്കല്‍ റൈന്‍ നദിതീരത്ത് മര്‍ത്ത വിജാതീയരോട് വചനം പ്രസംഗിച്ചുനില്‍ക്കേ ഒരാള്‍ അക്കരെനിന്ന് അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കൂടുതല്‍ അടുത്തുനിന്ന് കേള്‍ക്കാനായി അയാള്‍ നദിയിലിറങ്ങി ഇക്കരക്ക് നീന്തി. പക്ഷേ, ഒഴുക്ക് അതിശക്തമായിരുന്നു. അയാള്‍ മുങ്ങിപ്പോയി. അപകടവിവരമറിഞ്ഞ മര്‍ത്ത ജനക്കൂട്ടത്തോട് അദ്ദേഹത്തിന്റെ മൃതശരീരം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. തന്റെ മുന്നിലെത്തിയ മൃതദേഹത്തിന് ജീവന്‍ കൊടുക്കണേയെന്ന് വിശുദ്ധ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിച്ചു. അയാള്‍ ജീവനിലേക്ക് തിരിച്ചുവന്നതോടെ നിരവധിപേര്‍ വിശ്വാസികളായി.
അങ്ങനെയിരിക്കെയാണ് തങ്ങളെ നിരന്തരം ഉപദ്രവിക്കുന്ന ഒരു വ്യാളിയില്‍നിന്ന് രക്ഷിക്കണേയെന്ന് അന്നാട്ടുകാര്‍ അഭ്യര്‍ത്ഥിച്ചത്. കൂടുതല്‍ ആത്മാക്കളെ നേടാനുള്ള അവസരമായി അതിനെക്കണ്ട വിശുദ്ധ നദിക്കക്കരെ വ്യാളി ജീവിക്കുന്ന വനത്തിലേക്ക് യാത്രയായി. അവിടെവെച്ച് വി. മര്‍ത്ത ഒരു മനുഷ്യനെ വിഴുങ്ങിക്കൊണ്ടു കിടക്കുന്ന വ്യാളിയെ കണ്ടു. ഒരു കുരിശടയാളം കാട്ടിയും വിശുദ്ധജലം തളിച്ചും അവള്‍ ആ ഹിംസ്രജന്തുവിനെ ഒരു കുഞ്ഞാടിനെപ്പോലെ അനുസരണയുള്ളതാക്കി. പിന്നീട് തന്റെ അരപ്പട്ട അതിന്റെ കഴുത്തില്‍ ചുറ്റി ഗ്രാമത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഈ അത്ഭുതകാഴ്ചകണ്ട് ഒട്ടനവധിപേര്‍ യേശുവില്‍ വിശ്വസിക്കാന്‍ തുടങ്ങി.
ജനങ്ങളുടെ അഭ്യര്‍ത്ഥനപ്രകാരം വി. മര്‍ത്ത സമീപത്തുള്ള ലെ ബോയിസ്-നോയിര്‍ എന്ന മരുഭൂമിയില്‍ പാര്‍പ്പാക്കി. അവിടെ തന്നോടൊപ്പം വന്ന നിരവധി കന്യകകള്‍ക്കായി ഒരു മഠം പണിതു അവള്‍. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ദൈവം അവളോട് ജീവിതാന്ത്യമായി എന്ന് ഒരു ദര്‍ശനത്തിലൂടെ അറിയിച്ചു. ഒരു വര്‍ഷം പനിപിടിച്ചു കിടന്നിട്ടാണ് വിശുദ്ധ മരിച്ചത്. എ.ഡി 70-ാം ആണ്ടിലായിരുന്നു മരണം. അവളുടെ പൂജ്യാവശിഷ്ടങ്ങള്‍ പില്‍ക്കാലത്ത് ടറാസ്‌കോണിലേക്ക് കൊണ്ടുപോയി. അവിടെ അത് പുനഃസംസ്‌കരിക്കുകയും ഒരു പള്ളി പണിയുകയും ചെയ്തു. ഈ പൂജ്യാവശിഷ്ടങ്ങള്‍ 1187 ല്‍ വീണ്ടെടുത്ത് ഒരു കപ്പേളയില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ്. അവിടെ നിരവധി അത്ഭുതങ്ങള്‍ നടന്നുവരുന്നു.

ജയ്‌മോന്‍ കുമരകം

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?