Follow Us On

30

November

2020

Monday

സ്ഥിരീകരണമായി; യു.എ.ഇയിലെ ‘പേപ്പൽ ദിവ്യബലി’ സായെദ് സ്‌പോർട്‌സ് സിറ്റിയിൽ

സ്ഥിരീകരണമായി; യു.എ.ഇയിലെ ‘പേപ്പൽ  ദിവ്യബലി’ സായെദ് സ്‌പോർട്‌സ് സിറ്റിയിൽ

വത്തിക്കാൻ സിറ്റി: യു.എ.ഇയിൽ പ്രഥമ പേപ്പൽ സന്ദർശനം നടക്കുമ്പോൾ പാപ്പയുടെ സമൂഹദിവ്യബലി അർപ്പണത്തിന്അബുദാബിയിലെ ‘സായെദ് സ്‌പോർട്‌സ് സിറ്റി’വേദിയാകും. യു.എ.ഇ അപ്പസ്‌തോലിക സന്ദർശനത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധപ്പെടുത്തി വത്തിക്കാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അബുദാബിയിലെ മതാന്തര സംവാദ സംഗമത്തെ അഭിസംബോധന ചെയ്യാനെത്തുന്ന പാപ്പ, രാജ്യത്തെ ഇസ്ലാമിക കൗൺസിലിലെ നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തുമെന്നും വത്തിക്കാൻ സ്ഥിരീകരിച്ചു.

ഫെബ്രുവരി മൂന്നുമുതൽ അഞ്ചുവരെയാണ് പേപ്പൽ സന്ദർശനം. മൂന്നിന് ഉച്ചതിരിഞ്ഞ് റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് യാത്ര ആരംഭിക്കുന്ന പാപ്പ വൈകിട്ട് 7.00ന് അബുദാബിയിലെ പ്രസിഡൻഷ്യൽ എയർപ്പോർട്ടിൽ വിമാനമിറങ്ങും. തുടർന്ന് ഔദ്യോഗിക സ്വീകരണച്ചടങ്ങ്. അന്നേ ദിനം മറ്റ് പരിപാടികളൊന്നുമില്ല.

നാലിന് ഉച്ചയ്ക്ക് 12.00ന് അബുദാബിയിലെ പ്രസിഡൻഷ്യൽ മന്ദിരത്തിലെ ഔദ്യോഗിക സ്വീകരണച്ചടങ്ങും ഭരണകർത്താക്കളുമായുള്ള കൂടിക്കാഴ്ചയും നടക്കും. 12. 20ന് യു.എ.ഇ കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൊട്ടാരത്തിൽവെച്ചുള്ള സ്വകാര്യ കൂടിക്കാഴ്ച. വൈകിട്ട് 05.00ന് ഷെയ്ക്ക് സായേദിന്റെ പേരിലുള്ള അബുദാബിയിലെ മോസ്‌കിൽ രാജ്യത്തെ ഇസ്ലാമിക കൗൺസിലിലെ നേതാക്കന്മാരുമായി പാപ്പ കൂടിക്കാഴ്ച നടത്തും. തുടർന്ന് 6.10ന് അബുദാബിയിലെ മതാന്തര സംവാദ സംഗമത്തെ പാപ്പ അഭിസംബോധനചെയ്യും. യു.എ.ഇ രാഷ്ട്രസ്ഥാപകൻ ഷെയിക്ക് സായെദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ബഹുമാനാർത്ഥമാണ് പാപ്പ പ്രഭാഷണം നടത്തുക.

സായെദ് സ്‌പോർട്‌സ് സിറ്റി

വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിൽ അബുദാബിയിൽ സ്ഥിതിചെയ്യുന്ന ഭദ്രാസന ദൈവാലയ സന്ദർശനത്തോടെയാണ് സമാപനദിനത്തെ പരിപാടികൾ ആരംഭിക്കുക. രാവിലെ 9.15നാണ് ദൈവാലയ സന്ദർശനം. തുടർന്ന് 10.30ന് സായെദ് കായിക കേന്ദ്രത്തിലെ താൽക്കാലിക വേദിയിലാണ് പാപ്പയുടെ മുഖ്യകാർമികത്വത്തിലുള്ള ദിവ്യബലിയർപ്പണം. എമിറേറ്റ്‌സിലെ പൗരന്മാരായ കത്തോലിക്കർക്കൊപ്പം ജോലിക്കാരായെത്തിയ പ്രവാസി വിശ്വാസികളും തിരുക്കർമങ്ങളിൽ പങ്കാളികളാവും.

12.40ന് അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലാണ് ഔദ്യോഗിക യാത്രയയപ്പ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 1.00ന് റോമിലേക്ക് യാത്രതിരിക്കുന്ന ഫ്രാൻസിസ് പാപ്പ പ്രാദേശിക സമയം വൈകിട്ട് 5.00ന് ചമ്പീനോ വിമാനത്താവളത്തിൽ ഇറങ്ങും. അവിടെനിന്ന് കാറിൽ വത്തിക്കാനിലേക്ക്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?