Follow Us On

24

March

2019

Sunday

തിരമാലയില്‍നിന്നും തിരികെ ജീവിതത്തിലേക്ക്‌

തിരമാലയില്‍നിന്നും തിരികെ ജീവിതത്തിലേക്ക്‌

എന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം ഗോവയിലായിരുന്നു. കപ്പൂച്ചിന്‍ വൈദികര്‍ നടത്തുന്ന സെന്റ് ആന്റണീസ് സ്‌കൂളില്‍. മധ്യവേനലവധിക്കാലത്ത് അച്ചന്മാര്‍ ഞങ്ങളെ പ്രശസ്തമായ കലംഗുത്ത് ബീച്ചില്‍ കൊണ്ടുപോകുക പതിവായിരുന്നു. അതിനടുത്തുള്ള വാടകക്കെട്ടിടത്തില്‍ ഞങ്ങളോടൊപ്പം അവരും താമസിക്കും. ബീച്ചില്‍ ഞങ്ങള്‍ മത്സ്യത്തൊഴിലാളികളോടൊപ്പം കൂടും. കടലില്‍നിന്നും അവരുടെ വല വലിച്ചുകയറ്റുന്നതും മറ്റു സഹായങ്ങള്‍ ചെയ്യുന്നതും വളരെ ഇഷ്ടമുള്ള വിനോദങ്ങളായിരുന്നു.
ഒരു ദിവസം അച്ചന്‍ എവിടെയോ പോയ സന്ദര്‍ഭം നോക്കി ഞങ്ങള്‍ കടലില്‍ ചാടാന്‍ ഒരുങ്ങി. അവിടെ ഉണ്ടായിരുന്ന മുക്കുവര്‍ ഞങ്ങളെ തടഞ്ഞു. കടല്‍ ക്ഷോഭിച്ച ദിവസമാണിന്ന്, അതിനാല്‍ കടലില്‍ ഇറങ്ങുന്നത് അപകടമാണ്, ഇതുവരെ ഒരു വള്ളംപോലും ആരും കടലില്‍ ഇറക്കിയിട്ടില്ലെന്ന് അവര്‍ പറഞ്ഞു. ഞങ്ങളതൊന്നും ചെവിക്കൊണ്ടില്ല. കടലില്‍ ചാടി. ഒരു വന്യമൃഗത്തിന്റെ ആക്രോശത്തോടുകൂടിയെന്നപോലെ തിരകള്‍ ഞങ്ങളെ കടലിലേക്ക് വലിച്ചുകൊണ്ടുപോയി. കൂട്ടുകാരെല്ലാവരും ഒരു വിധത്തില്‍ നീന്തി കരയിലെത്തി. ഞാന്‍മാത്രം ശേഷിച്ചു. ശക്തമായ തിരകള്‍ മാറിമാറി വന്ന് എന്നെ കടലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നത് ഞാനറിഞ്ഞു. ഈ വിവരം കാട്ടുതീപോലെ തീരം മുഴുവന്‍ പടര്‍ന്നു. വളരെ വേഗം കടപ്പുറം മുഴുവന്‍ ജനങ്ങളെക്കൊണ്ട് നിറഞ്ഞു. വിവരമറിഞ്ഞ് അച്ചനും ഓടിയെത്തി, അച്ചന്‍ ഒരു ഡോക്ടറെയും കൂട്ടിക്കൊണ്ടാണ് വന്നത്.
മുക്കുവന്മാര്‍ പറഞ്ഞത് അനുസരിക്കാതിരുന്നതുകൊണ്ട് അവര്‍ സഹായിക്കാന്‍ തയാറായില്ല. ആരും സഹായിക്കാനില്ലാതെ വന്നപ്പോള്‍ അച്ചനും കൂട്ടുകാരും കടപ്പുറത്ത് മുട്ടുകുത്തി ജപമാല ചൊല്ലുവാന്‍ തുടങ്ങി. ജപമാലയുടെ സ്വരം ഉച്ചത്തിലായ നിമിഷം ഒരു വലിയ തിര എന്നെ പൊക്കിയെടുത്ത് കരയില്‍ കാത്തുനിന്നവരുടെ അടുത്തേക്കിട്ടുകൊടുത്തു. സര്‍ക്കസുകളില്‍ ആന കുഞ്ഞിനെ തുമ്പിക്കൈയില്‍ പൊക്കിയെടുത്തുകൊണ്ടുവരുന്ന കാഴ്ചപോലെയായിരുന്നു അത്. എന്റെ മൂക്കില്‍നിന്നും രക്തം ഒഴുകാന്‍ തുടങ്ങിയിരുന്നു. കടല്‍ത്തീരത്ത് കൂടിനിന്നിരുന്ന അമ്മമാര്‍ എന്റെ ചുറ്റും ഓടിക്കൂടി. എന്റെ കൈകളും കാലുകളും വലിച്ചുനീട്ടി ശരീരമെല്ലാം തിരുമ്മി. ‘എന്നെപ്രതി അപ്പനെയും അമ്മയെയും ഉപേക്ഷിക്കുന്നവര്‍ക്ക് നൂറിരട്ടി പ്രതിഫലം ലഭിക്കു’മെന്നുള്ള ഈശോയുടെ വചനം അന്നെനിക്ക് അനുഭവവേദ്യമായി. ഒരാഴ്ചമുമ്പ് ഇതേ സ്ഥലത്ത് ഒരു യുവ ഡോക്ടര്‍ മുങ്ങിമരിച്ചതായി അവിടെ കൂടിനിന്നിരുന്നവര്‍ പറഞ്ഞു. അവധിക്കാലം കഴിഞ്ഞ് സ്‌കൂളില്‍ മടങ്ങിയെത്തിയപ്പോള്‍ കൂട്ടുകാര്‍ ചോദിച്ചു, ‘ജേക്കബ്, നീ കടലില്‍ വീണു മരിച്ചുപോയി എന്നാണല്ലോ കേട്ടത്. പിന്നെ നീ എങ്ങനെ ഇവിടെ എത്തി?’ അവര്‍ ആശ്ചര്യപ്പെടുന്നുണ്ടായിരുന്നു. തുടര്‍ന്നുവന്ന രണ്ടുവര്‍ഷക്കാലം ഈ ദിവസം വരുമ്പോള്‍ എന്റെ മൂക്കില്‍നിന്നും രക്തം ഒഴുകാറുണ്ടായിരുന്നു.
ഒരിക്കല്‍ ഒരു രാത്രിസമയം, ജീപ്പ് അതിവേഗം ഓടുകയായിരുന്നു. വികാരി ജനറാളച്ചന്‍ ഉള്‍പ്പെടെ ധാരാളം പേരുണ്ടായിരുന്നു ആ വണ്ടിയില്‍. ഞാന്‍ ഉറങ്ങിയിരുന്നില്ല. എന്നാല്‍ ഇടയ്ക്ക് എപ്പോഴോ ഒന്നു മയങ്ങി, പെട്ടെന്ന് ഒരു ശബ്ദം കേട്ട് എല്ലാവരും ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയില്‍ ജീപ്പ് ഇടിച്ചു, ഇടിച്ചില്ല എന്ന മട്ടില്‍ ഉരുമ്മിപ്പോവുകയായിരുന്നു. ആ ലോറിയുടെ വശത്തുനിന്നും പൊളിഞ്ഞുവന്ന ഏകദേശം രണ്ടടി നീളമുള്ള തടിക്കഷണം ജീപ്പിനകത്ത് തെറിച്ചു വീണുകിടന്നത് മടങ്ങിയെത്തിയപ്പോഴാണ് കണ്ടത്. എന്റെ നല്ല അമ്മയുടെ സംരക്ഷണം ഇല്ലായിരുന്നുവെങ്കില്‍ തടിക്കഷണത്തിനുപകരം ആ വശത്തിരുന്ന എന്റെ അസ്ഥിക്കഷണങ്ങള്‍ ജീപ്പില്‍ കിടക്കുമായിരുന്നു.
തോക്കും വെടിയുണ്ടയുമെല്ലാം പരിശുദ്ധ മാതാവിന്റെ നിയന്ത്രണത്തിലാണെന്ന് തെളിയിക്കുന്നതായിരുന്നു മറ്റൊരു സംഭവം. അന്ന് പള്ളിവകയായി ഒരു ഡബിള്‍ ബാരല്‍ തോക്ക് ഉണ്ടായിരുന്നു. പള്ളിപ്പറമ്പില്‍ നട്ടിരുന്ന കരിമ്പിന്‍തോട്ടം കാട്ടുപന്നികള്‍ നശിപ്പിക്കുന്നത് തടയാന്‍ കാവല്‍മാടം ഉണ്ടാക്കി ഞങ്ങള്‍ അവിടെ കാവല്‍ കിടന്നിരുന്നു. ഒരിക്കല്‍ ഞാനും ഒരു സെമിനാരിയനും കൂടി കാവല്‍മാടത്തിലേക്ക് നടക്കുകയായിരുന്നു. ഡബിള്‍ ബാരല്‍ തോക്കും തോളില്‍വച്ച് അദ്ദേഹം മുന്നിലും ഞാന്‍ തൊട്ടിപുറകിലുമായി ആയിരുന്നു നടത്തം. ഞങ്ങള്‍ അവിടെയെത്തി, ഞാന്‍ മാടത്തിലേക്ക് കയറിയ ശേഷം എന്റെ കൈകളിലേക്ക് ബ്രദര്‍ തോക്കു തരുന്ന സമയത്ത് അദ്ദേഹത്തിന്റെ വിരല്‍ കാഞ്ചിയില്‍ മുട്ടി. അതിന്റെ രണ്ടു കാഞ്ചിയില്‍നിന്നും വെടികള്‍ പൊട്ടി. ബാരല്‍ മുകളിലേക്കായിരുന്നതിനാല്‍ വെടിയുണ്ടകള്‍ ആകാശത്തേക്ക് പാഞ്ഞു. എനിക്കൊന്നും സംഭവിച്ചില്ല. തലേദിവസം സ്‌കൂള്‍ വാര്‍ഷികത്തില്‍ കുട്ടികള്‍ നാടകം അഭിനയിക്കുന്നതിനുവേണ്ടി ഈ തോക്ക് ഉപയോഗിച്ചിരുന്നു. അപ്പോള്‍ അവര്‍ അതിന്റെ രണ്ടു കാഞ്ചികളും വലിച്ച് വച്ചിരുന്നിരിക്കാം, അതു ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല. യാദൃശ്ചികമായി ബ്രദറിന്റെ വിരല്‍ അതില്‍ തൊട്ടിരുന്നുവെങ്കില്‍ തൊട്ടുപുറകില്‍ നടന്നിരുന്ന എന്റെ തല പൊട്ടിച്ചിതറുമായിരുന്നു. എത്രയും ദയയുള്ള മാതാവ്, എന്റെ നല്ല അമ്മ എന്നെ രക്ഷിച്ചു നടത്തുകയായിരുന്നുവെന്ന് അപ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല.
ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കാലം. മുതിര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ അടുത്തുള്ള ആഴമേറിയ കുളത്തില്‍ കുളിക്കാന്‍ പോകുമായിരുന്നു. ഒരു ദിവസം ഞാന്‍ അതിന്റെ കരയില്‍ കുളത്തിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ ഒരു കുട്ടി എന്നെ ആ കുളത്തിലേക്ക് തള്ളിയിട്ടു. നീന്തല്‍ അറിയാത്ത എന്നെ അവിടെനിന്ന് വലിച്ചു കരയില്‍ കയറ്റിയത് എന്റെ നല്ല അമ്മയായിരുന്നു എന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല. കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്ന് വൈദികപഠനം തുടങ്ങിയ എന്റെ പാളം തെറ്റിയെന്ന് പലരും വിചാരിച്ചു. എന്നാല്‍ പുറകോട്ട് നോക്കുമ്പോള്‍ മനസിലാകുന്നത് കപ്പൂച്ചിന്‍ സഭാധികാരികള്‍ എന്നെ ബല്‍ഗാം രൂപതയില്‍ ചേര്‍ത്ത് തൃശിനാപ്പള്ളി സെന്റ് പോള്‍സ് സെമിനാരിയില്‍ അയച്ച് വൈദികപട്ടം സ്വീകരിക്കാന്‍ ഇടയാക്കിയത് എന്റെ നല്ല അമ്മയുടെ മുന്‍കൂട്ടിയുള്ള പദ്ധതിയായിരുന്നുവെന്നാണ്.
പട്ടത്തിനുശേഷം ആദ്യത്തെ മൂന്നുവര്‍ഷം ഫാത്തിമാ ജപമാല മാതാവിന്റെ ഭദ്രാസന ദൈവാലയത്തില്‍ സേവനമനുഷ്ഠിക്കുവാനുള്ള അവസരം ലഭിച്ചു. അതിനുശേഷം ഇരുപതു വര്‍ഷക്കാലം തുമരിക്കോപ്പിലുള്ള ജപമാല മാതാവിന്റെ ദൈവാലയത്തില്‍ സേവനം ചെയ്യാന്‍ അവസരം ലഭിച്ചത് പരിശുദ്ധ അമ്മയുടെ പ്രത്യേക അനുഗ്രഹമായിരുന്നെന്ന് എനിക്ക് നിശ്ചയമുണ്ട്. അതുകഴിഞ്ഞ് ഗുഡ്‌ന്യൂസ് കോളജ് തുടങ്ങിയപ്പോള്‍ അതിന്റെ ആഡിറ്റോറിയത്തിന് ‘സങ്കേതം’ എന്നു പേരുകൊടുത്തു. ‘എത്രയും ദയയുള്ള മാതാവേ നിന്റെ സങ്കേതത്തില്‍ ഓടിവന്ന്…’ എന്ന പ്രാര്‍ത്ഥന എല്ലാവര്‍ക്കും അറിയാമല്ലോ. ഈ പ്രാര്‍ത്ഥന അമ്മ എന്നെ മടിയിലിരുത്തി പഠിപ്പിച്ചതാണ്. ഈ പ്രാര്‍ത്ഥന മറക്കരുത്, എപ്പോഴും ചൊല്ലണമെന്ന് അമ്മ എന്നെ ഉപദേശിക്കുമായിരുന്നു. ആദ്യകുര്‍ബാനക്കുള്ള മറ്റു പ്രാര്‍ത്ഥനകള്‍ ഇച്ചാച്ചനും ചേട്ടനും കൂടിയാണ് പഠിപ്പിച്ചത്.
അധികം താമസിയാതെ തന്നെ കാനാമാതാവിന്റെ തിരുനാള്‍ സഭയില്‍ ആകമാനം നടത്തുന്നതിനുള്ള അനുവാദത്തിനുവേണ്ടി നൂറുകണക്കിനാളുകളുടെ ഒപ്പുകള്‍ ശേഖരിച്ച് മാര്‍പാപ്പക്ക് അപേക്ഷ അയച്ചിരുന്നു. തന്റെ മകന്‍ ദൈവത്തിന്റെ പുത്രനാണെന്ന് ആദ്യമായി പരിശുദ്ധ കന്യാമറിയം ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്ത ആ അത്ഭുത നിമിഷത്തിന് ഈ ലോകത്തില്‍ ഒരു സ്മാരകം ഉണ്ടാകണം എന്ന എന്റെ അഭ്യര്‍ത്ഥന കര്‍ണാടകയിലെ ബിഷപ്പുമാരുടെ സഭയില്‍ എത്തിച്ചപ്പോള്‍ അവരുടെ ഉപദേശം ഇങ്ങനെയായിരുന്നു: ”കാനാമാതാവിന്റെ നാമത്തില്‍ ഒരു ദൈവാലയം പണിയുക, കാനാമാതാവിന്റെ ഭക്തി പ്രചരിക്കട്ടെ, തീര്‍ത്ഥാടനങ്ങള്‍ നടക്കട്ടെ, അത്ഭുതങ്ങളും അടയാളങ്ങളും ഉണ്ടാകട്ടെ. അപ്പോള്‍ കാനാമാതാവിന്റെ തിരുനാളിനുള്ള അനുവാദവും കിട്ടും.”
വര്‍ഷങ്ങള്‍ക്കുമുമ്പ് കാനാമാതാവിന്റെ നാമധേയത്തില്‍ ചെറിയ കുരിശടി തുമരിക്കോപ്പില്‍ സ്ഥാപിച്ചത് രണ്ട് പിതാക്കന്മാര്‍ വന്ന് വെഞ്ചരിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ 21 വര്‍ഷമായി മുടങ്ങാതെ എല്ലാ വര്‍ഷവും കാനാമാതാവിന്റെ രൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടത്തിവരുന്നു.
‘ഇപ്പോള്‍മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും’ എന്നുള്ള പ്രവചനം ഇവിടംകൊണ്ടവസാനിക്കുന്നില്ല. ‘സൂര്യനെ ഉടയാടയാക്കിയ സ്ത്രീയെ’ (വെളിപാട് 12:1) സ്വര്‍ഗത്തില്‍ വലിയ അടയാളമായിട്ടാണല്ലോ ബൈബിള്‍ രേഖപ്പെടുത്തുന്നത്.

റവ. ഡോ. ജേക്കബ് പള്ളിപ്പുറത്ത്‌

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?