Follow Us On

24

March

2019

Sunday

തിരുപ്പിറവിയുടെ ആനന്ദം

തിരുപ്പിറവിയുടെ ആനന്ദം

എന്റെ കഴിഞ്ഞകാല ജീവിതത്തില്‍ ക്രിസ്മസ് എന്നത് ആശംസകള്‍ കൈമാറാനുള്ള ഒരാഘോഷമായി മാത്രമായിട്ടാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ‘ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ എനിക്കു ശക്തി ലഭിച്ചപ്പോഴാണ്’
(എഫേ. 3:18) ക്രിസ്മസിന്റ യഥാര്‍ത്ഥത്തിലുള്ള അര്‍ത്ഥം മനസിലാകുന്നത്. പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു(ലൂക്കാ.24:47). വിശുദ്ധ ബൈബിളിലെ ഈ വചനമാണ് എന്നെ ക്രിസ്തുവിലേക്കും ക്രിസ്മസിന്റെ സന്തോഷത്തിലേക്കും നയിക്കുന്നത്.
ഒരു അക്രൈസ്തവ കുടുമ്പത്തില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ ഗതിതെറ്റി അലകടലില്‍ ഒഴുകുന്ന പായ്കപ്പല്‍ പോലെ എങ്ങോട്ടു നീങ്ങണം എന്നറിയതെ വലഞ്ഞിരുന്നു. ആ സമയത്ത്, യേശുവിന്റെ സ്‌നേഹം കൊണ്ട് നിറഞ്ഞ മറ്റൊരു അെ്രെകസ്തവന്‍ യേശുവിന്റെ സ്‌നേഹ സന്ദേശവുമായി എന്നെ സന്ദര്‍ശിക്കാന്‍ ഇടയായി. കോട്ടയം ജില്ലയിലെ ഒരു കോളേജില്‍ പഠിച്ചിരുന്ന കാലത്ത് മോഹന്‍കുമാര്‍ എന്ന ആ വ്യക്തിയിലൂടെ യേശു എന്നെ സന്ദര്‍ശച്ചു. അദ്ദേഹം എന്നോട് പറഞ്ഞു: ”കുഞ്ഞേ, യേശുവാണ് യഥാര്‍ത്ഥ വഴിയും സത്യവും ജീവനും”. അക്രൈസ്തവനായ എനിക്ക് ഈ സന്ദേശം ഒട്ടും ഉള്‍കൊള്ളാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ആ വ്യക്തിയുടെ നിരന്തരമായ പ്രാര്‍ത്ഥനയും പരിശ്രമവും മൂലം യേശു എന്റെ ഹൃദയം കീഴടക്കി. അതിനു ശേഷം ജീവിതത്തില്‍ വലിയ ഒരു മാറ്റം എനിക്ക് അനുഭവപ്പെടാന്‍ തുടങ്ങി.
ഗതി തെറ്റി അലഞ്ഞ പായ്കപ്പലിന്റെ നിയന്ത്രണം യേശു ഏറ്റെടുക്കുന്നതായി ഞാന്‍ കണ്ടു. വിശുദ്ധ ബൈബിള്‍ വായിച്ചപ്പോള്‍ ഹൃദയമുള്ള ഒരു ദൈവത്തെ കണ്ടുമുട്ടി. യേശുവിനെകുറിച്ചും അവിടുത്തെ വചനത്തെക്കുറിച്ചും എന്തെന്നല്ലാത്ത ഒരഭിനിവേശം അപ്പോഴെല്ലാം എനിക്കുണ്ടായി.
അനേക രാജ്യങ്ങളില്‍ എഞ്ചിനീയറായി ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥമായ സന്തോഷം ആ നാളുകളിലൊന്നും എനിക്കനുഭവിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ജീവിതം ക്രിസ്തു കേന്ദ്രീകൃതമായി മാറിയതോടെ ദൈവം എന്നെ നയിക്കുന്നത് ഞാന്‍ കണ്ടു, അനുഭവിച്ചു.
എനിക്ക് ലഭിച്ച സന്തോഷവും ആനന്ദവും മറ്റുള്ളവരിലേക്കും പകര്‍ന്നു കൊടുക്കണം എന്ന ആഗ്രഹം എന്നെ വീര്‍പ്പുമുട്ടിക്കുകയായിരുന്നു. നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വിവാഹത്തിനു ശേഷം ഞാനും എന്റെ ജീവിത പങ്കാളിയും 2010 ഏപ്രില്‍ 10ന് മാമോദീസ സ്വീകരിച്ചു. അതിനു ശേഷം അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിന്‍ കീഴില്‍ നിന്നുകൊണ്ട് മറ്റുള്ളവര്‍ക്കും ഈ സത്യം പകര്‍ന്നു കൊടുക്കുന്നതിന് ദൈവം അവസരം നല്‍കുന്നു. കുടുബാംഗങ്ങളില്‍ നിന്നും, സമൂഹത്തില്‍ നിന്നും ധാരാളം എതിര്‍പ്പുകള്‍ ആ കാലഘട്ടത്തില്‍ നേരിടേണ്ടി വന്നുവെന്നതും വാസ്തവമാണ്.
ഒരിക്കല്‍ വിശ്വാസപരമായ കാര്യത്തില്‍ ഒരു പ്രതിസന്ധി ഉണ്ടായപ്പോള്‍ അട്ടപ്പാടി സെഹിയോനില്‍ ശുശ്രൂഷ ചെയ്യുന്ന ഫ്രാന്‍സിസ് ബ്രദറിന്റെ വാക്കുകള്‍ എന്നെ ബലപ്പെടുത്തി. വിശുദ്ധ പൗലോസ് ശ്ലീഹയുടെ വാക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ”നിനക്കു സംഭവിച്ചതെല്ലാം സുവിശേഷത്തിന്റെ പുരോഗതിക്കു കാരണമാകും.”
അദേഹം തുടര്‍ന്ന് പ്രാര്‍ത്ഥനാപൂര്‍വ്വം എന്റെ ജീവിതത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നല്‍കി. അതിന്റെ ഫലമായി എന്റെ കുടുംബത്തിലുള്ള നാല്പത്തി അഞ്ചോളം വ്യക്തികള്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു. അതോടെ എന്റെ കുടുംബത്തിലും ബന്ധുക്കളിലുമൊക്കെയുണ്ടായ സന്തോഷവും സമാധാനവും വാക്കുകളില്‍ വിവരിക്കാനാവാന്‍ കഴിയില്ല. ഇപ്പോള്‍ അനേക ലക്ഷങ്ങളോട് ഈ സത്യം പ്രഘോഷിക്കുവാന്‍ ദൈവം തന്റെ കാരുണ്യത്താല്‍ എന്നെ ഉപയോഗിക്കുന്നു. ഓരോ ക്രിസ്മ സും ദൈവത്തിന്റെ ദാനം ആണെന്ന ഓര്‍മ്മപ്പെടുത്തലാണ്.
മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും വിഖ്യാതനായ എഴുത്തുകാരനുമായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞതുപോലെ ക്രിസ്മസ് എന്നത് ഒരു ആഘോഷമോ, ഒരു പ്രത്യേക കാലഘട്ടത്തിന്റെ സന്തോഷമോ മാത്രമല്ല, ഓരോരുത്തരുടെയും ജീവിതത്തിന്റെ പ്രതിഫലനം കൂടിയാണ്.
ഒരു ജനനം നടക്കുമ്പോള്‍ നാം അതില്‍ വലിയ സന്തോഷം കാണുന്നു. സ്വയം മറന്ന് ആ ജനനത്തില്‍ സന്തോഷിക്കുവാന്‍ സമയം കണ്ടെത്തുന്നു.
വിവാഹശേഷം ഞങ്ങള്‍ക്ക് ഒരു കുഞ്ഞു ജനിച്ചപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം ഉണ്ടായി. എത്ര വലിയ ജോലി തിരക്കിനിടയിലും കുഞ്ഞിനെ കാണാനും, അങ്ങനെ കുടുംബമൊരുമിച്ച് സന്തോഷത്തിലും പ്രത്യാശയിലുമായിരിക്കാനും സമയം കണ്ടെത്തുമായിരുന്നു. അങ്ങനെയെങ്കില്‍ ദിവ്യശിശുവിന്റെ ജനനം മൂലമുണ്ടാവുന്ന സന്തോഷം എത്ര അവര്‍ണനീയമായിരിക്കും?
ക്രിസ്മസിനെക്കുറിച്ച് ഒരിക്കല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത് ഓര്‍ക്കുന്നു. ”ക്രിസ്മസ് നമ്മുടെ കുടുംബത്തിലും സമൂഹത്തിലും ഭൗതികമായൊരു ആഹ്ലാദം നിറയ്ക്കുന്നു. എന്നാല്‍ അതിനുമപ്പുറം പ്രകാശത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും ആന്തരികമായൊരു സന്തോഷവും അതിന് പിന്നിലുണ്ട്…” ക്രിസ്മസ് ഒരു സമയമോ കാലമോ, ആഘോഷമോ അല്ല, മറിച്ച് മനസിന്റെ അവസ്ഥയാണ്.
ആന്തരികമായ ആനന്ദവും നന്മകളും വളര്‍ത്തിയെടുക്കണമെങ്കില്‍ ഹൃദയത്തില്‍ യഥാര്‍ത്ഥമായ ദൈവസ്‌നേഹവും, ക്രിസ്തു നല്‍കുന്ന സമാധാനവും അനുഭവിക്കണം. അതാണ് യേശു നമുക്ക് നല്‍കുന്നത്. ഈ സമാധാനം കണ്ടെത്തുന്നവന്‍ യഥാര്‍ത്ഥത്തില്‍ ഭാഗ്യവാനാണ്. ‘നിങ്ങള്‍ എന്നില്‍ സമാധാനം കണ്ടെത്തേണ്ടതിനാണ് ഞാന്‍ ഇതു നിങ്ങളോടു പറഞ്ഞത്. ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍; ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.'(യോഹ.16 : 33) മറ്റൊരു വചനം ഓര്‍മിപ്പിക്കുന്നു. ‘യേശു നമ്മുടെ സമാധാനമാണ്.'(എഫേ. 2 : 14)
യേശുവാണ് രക്ഷകന്‍ എന്ന സത്യം ലോകം മുഴുവന്‍ വിളിച്ചു പറയുന്നതിനു വേണ്ടിയാണ് ഓരോ വിശ്വാസിയെയും ദൈവം ഉയര്‍ത്തുന്നത്. ശുശ്രൂഷയുടെ ആദ്യ കാലഘട്ടങ്ങളില്‍ പലരും എന്നോട് ചോദിച്ചു, ‘ഈ കാര്യം ഇങ്ങനെ പറഞ്ഞു നടക്കണ്ട ആവശ്യമുണ്ടോ? യേശു എന്ന രക്ഷകനെക്കുറിച്ച് പറഞ്ഞാല്‍ ആരെങ്കിലും ഇത് ഹൃദയപൂര്‍വ്വം സ്വീകരിക്കുമോ എന്നെല്ലാം. എന്നാല്‍ ഞാന്‍ മനസിലാക്കിയൊരു കാര്യം, ലോകം മുഴുവന്‍ ഈ സദ്വാര്‍ത്ത കേള്‍ക്കാന്‍ ചെവി കൂര്‍പ്പിച്ചിരിക്കുന്നു എന്ന് തന്നെയാണ്. അതിനാല്‍ ദൈവമക്കളെന്ന നിലയില്‍ നാം ഇത് ലോകത്തിന് വെളിപ്പെടുത്തണം.’സൃഷ്ടപ്രപഞ്ചം ദൈവമക്കളുടെ വെളിപ്പെടുത്തലിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.’ (റോമാ. 8 : 19)
ഈ ഒരു സത്യം തിരിച്ചറിയുന്ന ഏതൊരു വ്യക്തിയും അവന്റെ ജീവിതത്തില്‍ പൂര്‍ണ്ണത കൈവരിക്കുന്നു. ജീവിതം അര്‍ത്ഥമുള്ളതായിത്തീരുന്നു. ജീവിതത്തിന് പുതിയൊരുമാനം കൈവരിക്കുന്നു. ‘ദൈവത്വത്തിന്റെ പൂര്‍ണതമുഴുവന്‍ യേശുവില്‍ മൂര്‍ത്തീഭവിച്ചിരിക്കുന്നു.’ (കൊളോ. 2 : 9) അതുകൊണ്ട് രക്ഷകന്റെ തിരുപ്പിറവി ആഘോഷിക്കാന്‍ ഒരുങ്ങുന്ന ഈ നാളുകളില്‍ യേശു നല്‍കുന്ന സമാധാനവും സന്തോഷവും മറ്റുള്ളവരിലേക്കും പകര്‍ന്നു കൊടുക്കാം.
ക്രിസ്മസ് ആശംസകള്‍.

പ്രവീണ്‍ സി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?