Follow Us On

03

July

2022

Sunday

ഒരു നക്ഷത്രത്തിന്റെ കഥ

ഒരു നക്ഷത്രത്തിന്റെ കഥ

1991 -ലെ ക്രിസ്മസ് കാലത്തായിരുന്നു അല്‍ഫോന്‍സ ജോസഫിന്റെ ജനനം. ക്രിസ്മസിന് 13 ദിവസങ്ങള്‍മാത്രം. ജനുവരിയിലാണ് തീയതി പറഞ്ഞിരുന്നതെങ്കിലും ഏതാനും ആഴ്ചകള്‍ക്കുമുമ്പ് സിസേറിയന്‍ നടത്തേണ്ടിവന്നു. മുമ്പ് രണ്ടും സാധാരണ പ്രസവങ്ങളായിരുന്നെങ്കിലും അമ്മയുടെയും കുട്ടിയുടെയും ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു പെട്ടെന്നുള്ള സിസേറിയന്‍. രണ്ട് ആണ്‍കുട്ടികള്‍ക്കുശേഷം പെണ്‍കുട്ടിയെ ലഭിച്ചപ്പോള്‍ കുടുംബത്തിന്റെ സന്തോഷം ഇരട്ടിച്ചു. അമ്മയ്ക്കും കുഞ്ഞിനും കുഴപ്പമില്ലാതെ കാര്യങ്ങള്‍ നടന്നപ്പോള്‍ അവര്‍ ഒന്നുകൂടി ആശ്വസിച്ചു. എന്നാല്‍, ആശ്വാസം അധിക സമയം നീണ്ടുനിന്നില്ല. കുഞ്ഞിനെ കാണാനെത്തിയ പരിചയക്കാരായ സ്ത്രീകള്‍ ഓമനത്തം നിറഞ്ഞ ആ മുഖത്തേക്കു നോക്കുമ്പോള്‍ അവളുടെ നിറം നീലയായി മാറിയിരുന്നു. അവര്‍ക്ക് എന്തൊക്കെയോ പൊരുത്തക്കേടുകള്‍ തോന്നി. ഉടനെ പിതാവ് ജോസ് ഡോക്ടറുടെ മുറിയിലേക്ക് ഓടി. പിന്നീട് വര്‍ഷങ്ങളോളം അദ്ദേഹത്തിന്റെ ജീവിതം മകളുടെ ജീവനും കയ്യില്‍പിടിച്ചുകൊണ്ടുള്ള ഓട്ടമായിരുന്നു…

സഹനങ്ങളെ ഓര്‍മിപ്പിക്കുന്ന പേര്
കുഞ്ഞുമായി ഡോക്ടര്‍ നേരെ എന്‍ഐസിയുവിലേക്ക് പാഞ്ഞു. ഒമ്പതു ദിവസത്തിനുശേഷമാണ് അവളെ തിരികെ നല്‍കിയത്. ഇനി പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്നും പറഞ്ഞു. ഇടുക്കി ജില്ലയിലെ കട്ടപ്പനക്കടുത്ത് നെല്ലിപ്പാറയിലായിരുന്നു അന്നവര്‍ താമസിച്ചിരുന്നത്. മണിയംപ്രായില്‍ ജോസ്-ലിസി ദമ്പതികളുടെ ഇളയമകളായി ജനിച്ച അവള്‍ക്ക് അല്‍ഫോന്‍സ എന്നു പേരിട്ടു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതംപോലെ സഹനങ്ങള്‍ നിറഞ്ഞതായിരിക്കുമെന്ന് അപ്പോള്‍ അവര്‍ ചിന്തിച്ചിരുന്നില്ല. ദിവസങ്ങള്‍ കഴിയുംതോറും കുഞ്ഞ് അല്‍ഫോന്‍സയ്ക്ക് ഓരോ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങി. മാസത്തില്‍ ഒരു പ്രാവശ്യമെങ്കിലും അവളുമായി ആശുപത്രിയില്‍ പോകേണ്ടിവന്നു. പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെന്നായിരുന്നു മറുപടികള്‍. ഒമ്പതു മാസം തികഞ്ഞിട്ടും കുഞ്ഞ് കമിഴ്ന്നില്ല. കരയുമ്പോള്‍ കൈകാലുകളില്‍ വല്ലാത്തൊരു മുറുക്കം അനുഭവപ്പെടുന്നുണ്ടെന്നും മനസിലായി. അതിലുപരി കണ്ണുകള്‍ കറങ്ങുന്നുണ്ടെന്നും മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. കണ്ണിന് പ്രശ്‌നങ്ങളുണ്ടോ എന്നറിയാന്‍ വിദഗ്ധ പരിശോധന നടത്തിയെങ്കിലും ഞരമ്പുകള്‍ക്ക് യാതൊരു കുഴപ്പവും ഇല്ലെന്നായിരുന്നു റിസല്‍ട്ട്. കമിഴ്ന്നുവീഴാന്‍ തുടങ്ങുമ്പോള്‍ എല്ലാം ശരിയാകുമെന്ന് ഡോക്ടര്‍ ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ അതിന് താമസം നേരിടുന്നതിന്റെ കാരണം കൃത്യമായി വിശദീകരിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല.

ദൈവദൂതന്റെ മുഖമുള്ള ഡോക്ടര്‍
ഏതാണ്ട് ഒരു മാസത്തിനുശേഷം വീണ്ടും ആശുപത്രിയിലെത്തി. ഇത്തവണ പുതിയൊരു ഡോക്ടറായിരുന്നു അവിടെ ഉണ്ടായിരുന്നത്. മലയാളി അല്ലായിരുന്നെങ്കിലും അദ്ദേഹത്തിന് മലയാളം നന്നായി വഴങ്ങുമായിരുന്നു. മാതാപിതാക്കളുടെ കൈകളിലിരുന്ന അല്‍ഫോന്‍സയെ നോക്കിയിട്ട് ഡോക്ടറുടെ ആദ്യത്തെ ചോദ്യം ‘നിങ്ങള്‍ക്ക് വേറെ മക്കള്‍ ഉണ്ടോ’ എന്നായിരുന്നു. ഉണ്ടെന്ന് ഉത്തരം നല്‍കിയപ്പോള്‍ അവര്‍ക്ക് എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നായി അടുത്ത ചോദ്യം. മൂത്ത രണ്ട് ആണ്‍മക്കള്‍ക്കും യാതൊരു കുഴപ്പവും ഇല്ലെന്ന് അറിയിച്ചപ്പോള്‍ ഡോക്ടറുടെ മറുപടി വിഷമിപ്പിക്കുന്നതായിരുന്നു. ”ഇവളെ വളര്‍ത്തിയെടുക്കാന്‍ അല്പം ബുദ്ധിമുട്ടായിരിക്കും. ജീവിക്കുക എന്നു പറഞ്ഞാല്‍ വൈദ്യശാസ്ത്രത്തിന് അസാധ്യവും. 80 ശതമാനത്തിലധികം ബുദ്ധി വൈകല്യം ഉണ്ടാകും. ജീവിക്കുകയാണെങ്കില്‍ 10 വയസ് കഴിയാതെ കമിഴ്ന്നുവീഴില്ല.” ഇതിന് പ്രത്യേക മരുന്നൊന്നും ഇല്ലെന്ന് പറഞ്ഞ ഡോക്ടര്‍ ഏതാനും വൈറ്റമിന്‍ മരുന്നുകള്‍ നല്‍കി.
അങ്ങനെ പറഞ്ഞ് ഹൃദയാലുവായ ഡോക്ടര്‍ അവരെ ഒഴിവാക്കിയില്ല. മറിച്ച്, ഒന്നുകൂടി പറഞ്ഞു, നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവം ഇടപെടട്ടെ. മറ്റൊരു മതവിശ്വാസിയായ ഡോക്ടര്‍ അവരെ ആശ്വസിപ്പിക്കാന്‍ പറഞ്ഞതാണോ എന്നറിയില്ലെങ്കിലും ആ വാക്കുകള്‍ പകര്‍ന്ന ആശ്വാസം ചെറുതായിരുന്നില്ലെന്ന് പിതാവ് ജോസ് പറയുന്നു. അതുകൊണ്ടുതന്നെ പേരറിയില്ലാത്ത ഡോക്ടറെ ഇപ്പോഴും മനസുകൊണ്ട് നമിക്കുകയാണ് ഈ കുടുംബം. കുറച്ചുകാലം മാത്രം ആ ആശുപത്രിയില്‍ ഉണ്ടായിരുന്ന ഡോ ക്ടര്‍ക്ക് അവരെ സംബന്ധിച്ചിടത്തോളം ദൈവദൂതന്റെ മുഖഛായയാണ്. പ്രാര്‍ത്ഥിക്കാമെന്ന വാക്കുകള്‍ മാതാപിതാക്കളുടെ ഹൃദയത്തിലാണ് വന്ന് പതിച്ചത്. അവിടെവച്ച് ആ കുടുംബം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുകയായിരുന്നു, ദൈവം പ്രവര്‍ത്തിക്കാനും. പ്രാര്‍ത്ഥനകളൊന്നും പാഴാകുന്നില്ലെന്നതിന്റെയും ദൈവം നല്‍കിയ പോരായ്മകളുള്ള കുഞ്ഞിനെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിച്ചപ്പോള്‍ അനുഗ്രഹിക്കപ്പെട്ടതിന്റെയും ചരിത്രമാണ് മണിയംപ്രായില്‍ കുടുംബത്തിന് ഇപ്പോള്‍ പറയാനുള്ളത്. ഭൗതികമായി മാത്രമല്ല, ആത്മീയമായും. അതിന്റെ പിന്നില്‍ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സ്‌നേഹത്തിന്റെ, കരുതലിന്റെ തലങ്ങള്‍കൂടിയുണ്ട്.
മരുന്നില്ലെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും അതു കേട്ടിരിക്കാന്‍ കുടുംബം ഒരുക്കമായിരുന്നില്ല. പിറ്റേന്ന് മറ്റൊരു ആശുപത്രിയിലേക്ക് അല്‍ഫോന്‍സയുമായി പോയി. തലേദിവസം ഡോക്ടര്‍ പറഞ്ഞതില്‍നിന്നും അല്പം മയപ്പെടുത്തിയാണ് പറഞ്ഞതെങ്കിലും ഫലത്തില്‍ വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല. തുടര്‍ന്നവര്‍ ആയുര്‍വേദ ചികിത്സയിലേക്ക് തിരിഞ്ഞു. പക്ഷേ, കാര്യമായ മാറ്റങ്ങള്‍ ഉണ്ടായില്ല. അപ്പോഴേക്കും അല്‍ഫോന്‍സക്ക് ഒന്നര വയസ് കഴിഞ്ഞിരുന്നു. മറ്റു കുട്ടികളെപ്പോലെയല്ല, മകള്‍ക്ക് ചില പോരായ്മകളുണ്ടെന്ന് മനസുകൊണ്ട് അംഗീകരിക്കാന്‍ കുടുംബം നിര്‍ബന്ധിതരായി.

അത്ഭുതങ്ങളുടെ ആരംഭം
1993 ജൂണ്‍ 17, പിതാവ് ജോസിന് മറക്കാന്‍ പറ്റാത്ത തീയതിയാണ്. ആ കുടുംബത്തിലേക്ക് ദൈവം ഇടപെടാന്‍ ആരംഭിച്ച ദിവസമെന്ന് വിശ്വസിക്കാനാണ് അദ്ദേഹത്തിന് ഇഷ്ടം. ഭാര്യ ലിസിയും അല്‍ഫോന്‍സയുമായി ജോസ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ എത്തിയ ദിവസമായിരുന്നത്. ധ്യാനത്തില്‍ സംബന്ധിക്കുന്നത് ആദ്യമായിട്ടായിരുന്നു. അന്നുവരെ ശരാശരി ഞായറാഴ്ച ക്രിസ്ത്യാനി മാത്രമായിരുന്നു താനെന്നാണ് ജോസ് പറയുന്നത്. ഞായറാഴ്ചകളില്‍ ദൈവാലയത്തില്‍ പോകും. അതും മിക്കവാറും പ്രസംഗം കഴിയുമ്പോള്‍ എത്തുന്ന രീതിയില്‍. കൂടെ അല്പം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ഉണ്ടായിരുന്നു. ധ്യാനത്തിന്റെ മൂന്നാം ദിവസം വൈകുന്നേരത്തെ ആരാധനയുടെ സമയത്ത് അമ്മയുടെ മടിയില്‍ കിടന്നുറങ്ങിയിരുന്ന കുഞ്ഞ് കരഞ്ഞുകൊണ്ട് ഞെട്ടിയെഴുന്നേറ്റു. കണ്ണിന്റെ കറക്കം അതോടെ നിന്നു. പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല. ഒരു അത്ഭുതംകൂടി ദൈവം കാത്തുവച്ചിരുന്നു. വീട്ടിലെത്തി ഏഴാം ദിവസം അല്‍ഫോന്‍സ കമിഴ്ന്നു. കമിഴ്ന്നു വീഴണമെങ്കില്‍ 10 വര്‍ഷം വേണ്ടിവരുമെന്ന മെഡിക്കല്‍ സയന്‍സിന്റെ കണക്കുകള്‍ അവിടെ തെറ്റുകയായിരുന്നു. അല്‍ഫോന്‍സയെപ്പറ്റിയുള്ള ശാസ്ത്രത്തിന്റെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ അവിടെവച്ച് തെറ്റാന്‍ തുടങ്ങുകയായിരുന്നു എന്നു പറയുന്നതാകും കൂടുതല്‍ ശരി. കുഞ്ഞിന് ഉണ്ടായ സൗഖ്യം കുടുംബത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. അവര്‍ സ്ഥിരമായി പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. ഞായറാഴ്ച ക്രിസ്ത്യാനി എന്നതില്‍നിന്നും ദൈവാലയം ജീവിതത്തിന്റെ കേന്ദ്രസ്ഥാനമായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല.
ആറ് മാസത്തിനുശേഷം വീണ്ടുമവര്‍ ഡിവൈനിലേക്ക് പോയി. ധ്യാനം കഴിഞ്ഞ് തിരിച്ചെത്തി 13-ാം ദിവസം അല്‍ഫോന്‍സ തനിയെ എഴുന്നേറ്റിരുന്നു. എട്ട് മാസം കഴിഞ്ഞ് ഒരിക്കല്‍ക്കൂടി ഡിവൈന്‍ ധ്യാനകേന്ദ്രത്തിലേക്ക് യാത്രയായി. തിരിച്ചുവന്ന് മൂന്നാം ദിവസം മറ്റൊരു അത്ഭുതംകൂടി സംഭവിച്ചു. അല്‍ഫോന്‍സ കട്ടിലിന്റെ ക്രാസിയില്‍ പിടിച്ച് തനിയെ നടക്കാന്‍ തുടങ്ങി. ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ മൂന്ന് ധ്യാനങ്ങള്‍ കുഞ്ഞിന്റെ ജീവിതത്തിലും കാര്യമായ സ്വാധീനം ചെലുത്തി.
അവള്‍ തനിയെ പ്രാര്‍ത്ഥിക്കുവാനും സ്തുതിക്കുവാനും തുടങ്ങി. ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടായത് ജോസിന്റെ ജീവിതത്തിലായിരുന്നു. രണ്ട് ധ്യാനങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇടുക്കി ജില്ലയില്‍ ഉണ്ടായിരുന്ന ഒരു ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷകനായി പോകാന്‍ തുടങ്ങിയിരുന്നു. മൂന്നാമത്തെ ധ്യാനത്തിനുശേഷം കൗണ്‍സലിംഗ് കോഴ്‌സിന് ചേര്‍ന്നു. ഇടുക്കി രൂപതയിലെ അറിയപ്പെടുന്ന വചനപ്രഘോഷകരില്‍ ഒരാളാണ് ഇപ്പോള്‍ ജോസ് മണിയംപ്ര. നവീകരണത്തില്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ നവീകരണത്തിലേക്ക് എത്തിയതിന്റെ കാരണമായി അദ്ദേഹത്തിന് ചൂണ്ടിക്കാണിക്കാനുള്ളത് മകളെയാണ്.
അല്‍ഫോന്‍സക്ക് അഞ്ച് വയസായപ്പോഴേക്കും സ്‌കൂളില്‍ ചേര്‍ത്തു. കയ്യില്‍ പിടിച്ചുകൊണ്ട് പതുക്കെ നടത്തിക്കൊണ്ടു പോകണം. ഇപ്പോഴും അല്‍ഫോന്‍സയ്ക്ക് പൂര്‍ണമായും ശാരീരിക സൗഖ്യം ലഭിച്ചിട്ടില്ല. വലത്തുകാലിനും വലത്തുകൈക്കും പോരായ്മകളുണ്ട്. ജനിച്ച സമയത്ത് തലച്ചോറിന് ഏറ്റ ക്ഷതമാണ് അവയ്ക്ക് കാരണമെന്നാണ് പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയില്‍ തെളിഞ്ഞത്. ഇതേസമയംതന്നെ തിരുവനന്തപുരത്തുള്ള ഫാ. ഫെലിക്‌സ് സി.എം.ഐയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വോജറ്റ സെന്ററില്‍ ചികിത്സക്കായി കൊണ്ടുപോകാന്‍ തുടങ്ങി. ശാരീരിക വൈകല്യങ്ങള്‍ ഉള്ളവരെ പരിശീലിപ്പിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങള്‍ സെന്ററിലുണ്ട്. നീണ്ട ആറര വര്‍ഷം അവിടെ പരിശീലനം നല്‍കി. 20 ദിവസങ്ങള്‍ കൂടുമ്പോള്‍ കട്ടപ്പനയില്‍നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രകള്‍ ഏറ്റവും ക്ലേശകരങ്ങളായിരുന്നു എന്ന് ജോസും ലിസിയും ഒരുപോലെ പറയുന്നു. അതും അന്നത്തെ പരിമിതമായ യാത്ര സൗകര്യങ്ങളുടെ നടുവില്‍. കൂടാതെ കുടുംബമായി പോയിവരാനുള്ള ചെലവുകളും. എന്തെല്ലാം ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ചികിത്സ മുടക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. കുട്ടിയായിരിക്കുമ്പോള്‍ ചികിത്സക്കായി പോകുന്നതിന്റെ തലേദിവസം മുതല്‍ അല്‍ഫോന്‍സ കരച്ചില്‍ ആരംഭിക്കുമായിരുന്നു.

ഡോക്ടറുടെ മാനസാന്തരം
അല്‍ഫോന്‍സയെ സ്ഥിരമായി ചികിത്സിച്ചിരുന്ന ആശുപത്രിയില്‍ ഒരു വനിതാ ഡോക്ടറെത്തി. കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചുവളര്‍ന്നെങ്കിലും ജീവിതത്തിന്റെ പ്രത്യേക സാഹചര്യത്തില്‍വച്ച് മറ്റൊരു സഭാ വിഭാഗത്തില്‍ ചേരാന്‍ അവര്‍ നിര്‍ബന്ധിതയായി. ഡോക്ടറുടെ ഭര്‍ത്താവ് ഗവണ്‍മെന്റ് സര്‍വീസില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നെങ്കിലും മദ്യത്തിനടിമയായിരുന്നു. കിട്ടുന്ന ശമ്പളം മുഴുവന്‍ മദ്യത്തിനായി ചെലവഴിക്കാനേ ഉണ്ടായിരുന്നുള്ളൂ. മെഡിസിനും എഞ്ചിനീയറിംഗിനും പഠിക്കുന്ന രണ്ട് മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ മാത്രമല്ല, വീട്ടുകാര്യങ്ങള്‍ മുഴുവന്‍ നോക്കേണ്ട ഉത്തരവാദിത്വം ഡോക്ടറുടെ ചുമലിലായിരുന്നു. ഈ സമയത്താണ് മറ്റൊരു സഭയില്‍പ്പെട്ട ഏതാനും പേര്‍ ഡോക്ടറെ സമീപിച്ചത്. ഞങ്ങളുടെ വിശ്വാസത്തില്‍ ചേര്‍ന്നാല്‍ പ്രാര്‍ത്ഥിച്ച് ഭര്‍ത്താവിന്റെ മദ്യപാനം മാറ്റാമെന്നായിരുന്നു വാഗ്ദാനം. ഭര്‍ത്താവിന്റെ മദ്യപാനം മാറുമല്ലോ എന്ന് പ്രതീക്ഷയില്‍ ഡോക്ടര്‍ ആ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയാറായി. എന്നാല്‍, മാസങ്ങള്‍ക്കുശേഷവും അദ്ദേഹത്തിന്റെ മദ്യപാനം മാറിയില്ല.
അങ്ങനെയിരിക്കുമ്പോഴാണ് അല്‍ഫോന്‍സയുമായി അവര്‍ ഡോക്ടറെ കാണാനെത്തിയത്. അവളുടെ ചികിത്സാരേഖകളില്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിന്നും ലഭിച്ച സൗഖ്യവും ചേര്‍ത്തിരുന്നു. എന്നെ ഒന്നുകൂടി കണ്ടിട്ടേ പോകാവൂ എന്നാവശ്യപ്പെട്ട ഡോക്ടര്‍, അവര്‍ക്ക് വിശ്രമിക്കുന്നതിനായി മുറിയും നല്‍കി. എന്തിനായിരിക്കും കാത്തിരിക്കാന്‍ പറഞ്ഞതെന്ന ചിന്തയിലായിരുന്നു അവര്‍. തിരക്കുകള്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ കാണാനെത്തി. ഒരു ചോദ്യമായിരുന്നു അവര്‍ക്ക് ഉണ്ടായിരുന്നത്. ”ഡിവൈന്‍ ധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട് ലഭിച്ച സൗഖ്യം സത്യമാണോ?” പൂര്‍ണമായും ശരിയാണെന്നു പറഞ്ഞപ്പോള്‍ മടിച്ചുമടിച്ച് സ്വന്തം കാര്യം പറഞ്ഞു. വിശ്വാസം ഉപേക്ഷിച്ചതും ഭര്‍ത്താവിന്റെ മദ്യപാനം മാറാത്തതും. താന്‍ വിശ്വാസത്തിലേക്ക് തിരികെ എത്തിയാല്‍ ഭര്‍ത്താവിന്റെ മദ്യപാനം മാറുമോ എന്നതായിരുന്നു അവര്‍ക്ക് അറിയേണ്ടിയിരുന്നത്. തീര്‍ച്ചയായും, വിശ്വാസത്തില്‍ ജ്വലിച്ചുനിന്ന ജോസ് ഉറപ്പോടെ പറഞ്ഞു. എന്നിട്ട് ജറെമിയ 2:13 വചനവും പറഞ്ഞു. ”എന്റെ ജനം രണ്ടു തിന്മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയും ചെയ്തു.” ഡോക്ടര്‍ അങ്ങനെയൊരു തീരുമാനമെടുത്താല്‍ ഞാന്‍ അടുത്ത മാസം വരുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരു അത്ഭുതം സംഭവിച്ചിട്ടുണ്ടാകുമെന്നു പറയാനും മടിച്ചില്ല. തിരികെ എത്തി പരിചയക്കാരോടും പ്രാര്‍ത്ഥനാ ഗ്രൂപ്പുകളിലും ഇക്കാര്യത്തില്‍ പ്രാര്‍ത്ഥനാ സഹായം തേടി. അടുത്ത മാസം ചെല്ലുമ്പോള്‍ ഡോക്ടര്‍ക്ക് പറയാന്‍ ഉണ്ടായിരുന്നത് അത്ഭുതത്തിന്റെ കഥയായിരുന്നു. അന്നവര്‍ കണ്ടതിന്റെ 17-ാം ദിവസം വൈകുന്നേരം ഭര്‍ത്താവ് മദ്യപിക്കാതെ വീട്ടിലെത്തി. ഏതോ സുഹൃത്തുക്കള്‍ അദ്ദേഹത്തെ പോട്ടയിലെ ഏകദിന കണ്‍വന്‍ഷന് കൊണ്ടുപോയതായിരുന്നു. ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഒരാഴ്ചത്തെ ധ്യാനത്തിന് ബുക്ക് ചെയ്തിട്ടായിരുന്നു അദ്ദേഹത്തിന്റെ മടങ്ങിവരവ്…! മകളിലൂടെ ഡോക്ടറുടെ മാനസാന്തരത്തിനും അവര്‍ സാക്ഷികളായി.

സര്‍വകലാശാല നിയമം പൊളിച്ചെഴുതുന്നു
അല്‍ഫോന്‍സയുടെ വീട്ടില്‍നിന്നും എല്‍.പി. സ്‌കൂളിലേക്ക് അധികം ദൂരം ഉണ്ടായിരുന്നില്ല. എങ്കിലും പല ദിവസങ്ങളിലും അല്‍ഫോന്‍സക്ക് പിതാവ് കൂട്ടിരിക്കേണ്ടിവരുമായിരുന്നു. യു.പി. സ്‌കൂളില്‍ എത്തിയപ്പോള്‍ കുറച്ചുകൂടി ദൂരമായി. പിന്നീട് വല്ലപ്പോഴുമൊക്കയായി സ്‌കൂളില്‍ പോക്ക്. എങ്കിലും അവള്‍ പഠനത്തില്‍ മുമ്പിലായിരുന്നു. തുടര്‍ന്ന് ഹൈസ്‌കൂളിലേക്ക്… വീട്ടില്‍നിന്നും അഞ്ച് കിലോമീറ്റര്‍ ദൂരമുണ്ടായിരുന്നു. രാവിലെയും വൈകുന്നേരവും ഓട്ടോറിക്ഷയിലായിരുന്നു യാത്ര. ദിവസവും 200 രൂപയോളം ചെലവു വരുമായിരുന്നു. 10-ാം ക്ലാസില്‍ എത്തിയപ്പോള്‍ അല്‍ഫോന്‍സയുടെ സ്‌കൂളിനടുത്തേക്ക് സ്ഥലം വാങ്ങി മാറി. അങ്ങനെയാണ് ഇപ്പോള്‍ താമസിക്കുന്ന ഇടുക്കിയിലെ കാമാക്ഷിയില്‍ എത്തിയത്. എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും പബ്ലിക് പരീക്ഷക്ക് സ്‌ക്രൈബിനെ (ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്ത് മറ്റൊരാള്‍ എഴുതുന്ന രീതി) വയ്ക്കാന്‍ അനുവാദം ഉണ്ടായിരുന്നു. മുരിക്കാശേരി പാവനാത്മ കോളജിലായിരുന്നു ഡിഗ്രിയും പിജിയും. ഡിഗ്രി പ്രവേശനത്തിന് ചെന്നപ്പോള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു, അഡ്മിഷന്‍ തന്നിട്ടും പ്രയോജനമില്ല, സ്‌ക്രൈബിനെ വയ്ക്കാന്‍ സര്‍വകലാശാലയില്‍ നിയമമില്ല. ‘സാര്‍ അഡ്മിഷന്‍ തന്നോളൂ, ബാക്കി കാര്യം പിന്നാലെ നോക്കാ’മെന്നായിരുന്നു പിതാവ് ജോസിന്റെ മറുപടി.
സ്‌ക്രൈബിനെ വയ്ക്കുന്നതിന് അനുവാദം ലഭിക്കുന്നതിനായി സര്‍വകലാശാലയെ സമീപിച്ചെങ്കിലും ഒട്ടും ആശാവഹമായിരുന്നില്ല അവിടെനിന്നുള്ള പ്രതികരണം. ‘സ്വന്തമായിട്ട് എഴുതാന്‍ പറ്റാത്തവര്‍ പരീക്ഷക്ക് ഇരിക്കണ്ട’ എന്ന് പിതാവിന്റെ മുഖത്തുനോക്കി ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറയുകയും ചെയ്തു. തോറ്റുകൊടുക്കാന്‍ ആ പിതാവും ഒരുക്കമായിരുന്നില്ല. തന്റെ മകളുടെ മാത്രം പ്രശ്‌നമല്ല, സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന അനേകം കുട്ടികളുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പഠിക്കാന്‍ താല്പര്യവും കഴിവും ഉണ്ടെങ്കിലും എഴുതാനുള്ള സ്വാധീനം ഇല്ലാത്തതിനാല്‍ പഠനം വിദൂര സ്വപ്‌നമായി അവശേഷിക്കുന്നവര്‍. ഇക്കാര്യത്തില്‍ മാനുഷിക ഇടപെടല്‍ ആവശ്യപ്പെട്ട് സര്‍വകലാശാലയുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍, അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ക്ക് നിവേദനം നല്‍കി. ദിവസങ്ങള്‍ക്കുള്ളില്‍ ഗവര്‍ണറുടെ മറുപടി ലഭിച്ചു. സ്‌ക്രൈബിനെ വയ്ക്കാന്‍ നിയമം അനുവദിക്കില്ലെന്നായിരുന്നു എഴുതിയിരുന്നത്. പഠനം മുടങ്ങുമോ എന്ന ആശങ്കകള്‍ക്കു നടുവിലായി അവര്‍. ആ സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും മറുപടി എത്തി. സര്‍വകലാശാലക്ക് അപേക്ഷ കൈമാറിയിട്ടുണ്ടെന്നായിരുന്നു അതില്‍. പരീക്ഷ തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പ് അല്‍ഫോന്‍സാക്ക് സ്‌ക്രൈബിനെ അനുവദിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും പ്രത്യേക ഉത്തരവ് കോളജില്‍ എത്തി. അതും അടുത്ത മൂന്ന് വര്‍ഷത്തേക്ക്. ഏതാനും ദിവസങ്ങള്‍ക്കുശേഷം മഹാത്മാഗാന്ധി സര്‍വകലാശാല അതു പൊതു ഉത്തരവായി പുറത്തിറക്കുകയും ചെയ്തു. പരീക്ഷ എഴുതാന്‍ അനുമതിക്കുവേണ്ടി ഓഫീസുകള്‍ കയറിയിറങ്ങിയ പിതാവിനുള്ള കടംവീട്ടല്‍പ്പോലെ 80 ശതമാനം മാര്‍ക്കോടെയാണ് അല്‍ഫോന്‍സ ഡിഗ്രി പാസായത്. തുടര്‍ന്ന് പി.ജിക്ക് ചേര്‍ന്നപ്പോഴും സ്‌ക്രൈബിനുവേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമീപിച്ചു. ഇപ്രാവശ്യവും അനുകൂല ഉത്തരവ് ലഭിച്ചെന്നുമാത്രമല്ല, ദിവസങ്ങള്‍ക്കുള്ളില്‍ അത് സര്‍വകലാശാലയുടെ നിയമമായി മാറുകയും ചെയ്തു. 80 ശതമാനം ബുദ്ധി വൈകല്യം ഉണ്ടെന്ന് ഒരിക്കല്‍ മെഡിക്കല്‍ സയന്‍സ് വിധി എഴുതിയ പെണ്‍കുട്ടി സര്‍വകലാശാലയുടെ നിയമം പൊളിച്ചെഴുതാന്‍ കാരണക്കാരിയായി. പിന്നാലെ വരുന്ന ഭിന്നശേഷിയുള്ള അനേകര്‍ക്ക് പഠനത്തിനുള്ള അവസരം അതുവഴി ഒരുങ്ങി.
സ്‌ക്രൈബിനെ ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. പ്ലസ് ടുന് സ്‌ക്രൈബിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത് അന്ന് 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന തങ്കമണിയിലുള്ള അമല്‍ ജോയിയായിരുന്നു. തുടര്‍ന്ന് ഡിഗ്രി, പിജി പരീക്ഷകള്‍ക്കും അമലായിരുന്നു സഹായിച്ചത്. നിനക്കു പഠിക്കാനുള്ള സമയം ഇങ്ങനെ പാഴാക്കണമോ എന്ന് അനേകര്‍ അക്കാലങ്ങളില്‍ അവനോട് ചോദിച്ചിരുന്നു. അമല്‍ ഇപ്പോള്‍ ചാര്‍ട്ടേര്‍ട്ട് അക്കൗണ്ടന്റാണ്. ആദ്യ ചാന്‍സിലാണ് സി.എ പാസായത്. അമല്‍ മറ്റൊരാള്‍ക്കുവേണ്ടി സമയം ചെലവഴിക്കുന്നത് ദൈവം കാണുന്നുണ്ടായിരുന്നു. കോളജില്‍ പഠിക്കുമ്പോള്‍ ദിവസവും 350 രൂപയോളം ഓട്ടോറിക്ഷാക്കൂലി നല്‍കി അനേക ദിവസങ്ങള്‍ കോളജില്‍ വിടേണ്ടതായി വന്നിട്ടുണ്ട്. ആ സമയങ്ങളില്‍ പലരും ചോദിച്ചിട്ടുണ്ട്- എന്തിനാണ് വയ്യാത്ത കൊച്ചിനെ ഇത്രയും ബുദ്ധിമുട്ടി പഠിപ്പിക്കുന്നതെന്ന്. ഒരു ഉത്തരമേ ആ കുടുംബത്തിന് ഉണ്ടായിരുന്നുള്ളൂ. ”ഞങ്ങളുടെ കയ്യില്‍ ദൈവം ഒരു മാലാഖ കുഞ്ഞിനെ തന്നിട്ടുണ്ട്. പോറലുപോലും ഏല്പിക്കാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ട്.” സഹോദരങ്ങളായ അലനും ആല്‍ബിനും കുഞ്ഞുപെങ്ങളുടെ സഹായത്തിന് എപ്പോഴും കൂടെ ഉണ്ടായിരുന്നു. ഇപ്പോള്‍ അലന്റെ ഭാര്യ ആന്‍ മേരിയുമുണ്ട്. അത്തരമൊരു ബോധ്യത്തോടെ അല്‍ഫോന്‍സയെ സംരക്ഷിച്ചപ്പോള്‍ ദൈവം ആ കുടുംബത്തെ ഭൗതികമായും അനുഗ്രഹിച്ചു. സഹോദരങ്ങള്‍ രണ്ടു പേരും ഇപ്പോള്‍ അധ്യാപകരാണ്. 25 വര്‍ഷത്തെ ആത്മീയ ശുശ്രൂഷകളുടെ ഇടയില്‍ അനേകം സ്ഥലങ്ങളില്‍ ചെന്നപ്പോള്‍ ഭിന്നശേഷിയുള്ള കുട്ടികളുമായി ധാരാളം മാതാപിതാക്കള്‍ തന്റെ അടുത്ത് വന്നിട്ടുണ്ട്. അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാനും കഴിഞ്ഞിട്ടുണ്ടെന്ന് പിതാവ് ജോസ് മണിയംപ്ര പറയുന്നു.
അടുത്ത വര്‍ഷം ബിഎഡ് പഠനത്തിനുള്ള ഒരുക്കത്തിലാണ് അല്‍ഫോന്‍സ. ഏറ്റവും മനുഷ്യസ്‌നേഹിയായ അധ്യാപികയായി അവള്‍ മാറുമെന്നതില്‍ സംശയമില്ല. കാരണം, അനേകരുടെ കരുതലും പ്രാര്‍ത്ഥനകളുമാണ് തന്നെ താനാക്കിയതെന്ന് അല്‍ഫോന്‍സക്ക് നിശ്ചയമുണ്ട്.

ജോസഫ് മൈക്കിൾ
[email protected]

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?