Follow Us On

05

October

2022

Wednesday

ഒരുകുട്ടിയുടെ വര്‍ണ്ണവിസ്മയം

ഒരുകുട്ടിയുടെ വര്‍ണ്ണവിസ്മയം
ചിത്രംവര ശാസ്ത്രീയമായി പഠിക്കാതെ ഒരു പെണ്‍കുട്ടി മികച്ച ചിത്രങ്ങളിലൂടെ നാടിനെ അത്ഭുതപ്പെടുത്തുന്നു. ഇതൊരു അപൂര്‍വ്വ പ്രതിഭയായ ചിത്രകാരിയുടെ കഥയാണ്.
കോട്ടയം ചെങ്ങളം തടത്തില്‍ അനു അല്‍ഫോന്‍സ് ജേക്കബ്  എന്ന യുവ ചിത്രകാരിയാണ് നാട്ടുകാര്‍ക്ക് അത്ഭുതമായി മാറിയത്. അനു വരക്കുന്ന ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ കാണാന്‍ എന്നും ജനങ്ങളോടിയെത്തുന്നു. വരക്ക് പിന്നിലെ കലാകാരി ചിത്രകല പഠിച്ചിട്ടില്ലെന്നത് അവരെ അ്മ്പരപ്പിക്കുന്നു. മഹാന്മാരായ നിരവധി പേരെയും നിരവധി സീനറികളും വരച്ചശേഷമാണ് മറ്റൊരു ചിത്ര പരമ്പരയിലേക്ക് കുഞ്ഞു അനു കടന്നുവന്നത്.  ആദ്യത്തെ മാര്‍പാപ്പ മുതല്‍ ഇപ്പോഴുളള ഫ്രാന്‍സിസ് മാര്‍പ്പാപ്പ വരെയുള്ള 266 മാര്‍പ്പാപ്പാമാരുടെ ചിത്രങ്ങളായിരുന്നു അത്. ആരുടെയും കൈവിറക്കുന്ന ചിത്രങ്ങള്‍ക്ക്് മുന്നില്‍ അനുവിന്റെ കൈകള്‍ പതറിയില്ല. മുതിര്‍ന്ന പല ചിത്രകാരന്്മാരും ഈ പെയിന്റുങ്ങുകള്‍ കണ്ടപ്പോള്‍ ഇതിന് പിന്നിലെ വലിയ കലാകാരനെയാണ് തിരക്കിയത്. എന്നാല്‍ വരച്ചത് കലാകാരനല്ല എന്ന് കേട്ടപ്പോള്‍ അവര്‍ക്ക് അത്ഭുതം. എന്നാല്‍ അതിലും അത്്ഭുതമായത് ചിത്രരചന പഠിക്കാത്ത ഒരു കൊച്ചുകുട്ടിയാണ് ഇതിന്റെ കലാകാരി എന്നതാണ്.
ചെങ്ങളം പള്ളിയിലെ  കോണ്‍ഫ്രന്‍സ് ഹാളിലാണ് ആദ്യത്തെ മാര്‍പ്പാപ്പയായ വിശുദ്ധ പത്രോസ് മുതല്‍ ഇപ്പോഴത്തെ മാര്‍പ്പാപ്പയായ ഫ്രാന്‍സിസ് പാപ്പാ വരെയുള്ളവരുടെ ചിത്രങ്ങള്‍ ക്രമമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.  വിദേശത്തു നിന്നും വരുത്തിയ പേപ്പറും കളറുമുപയോഗിച്ചാണ് ചിത്രങ്ങള്‍ വരച്ചത്. അഞ്ചരമാസക്കാലത്തെ കഠിന പ്രയത്‌നത്തിലാണ് ഈ കൊച്ചുകലാകാരി പഠനത്തിനിടയില്‍ ഇത്രയും പടങ്ങള്‍ വരച്ചു തീര്‍ത്തത്. ചെങ്ങളം സേക്രര്‍ട്ട് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളിലെ പ്ലസ് ടു  കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയായ അനു അവധി ദിവസങ്ങളിലും പഠനത്തിനു ശേഷം രാത്രിയിലുമായാണ് പടങ്ങള്‍ വരച്ചത്.
പടങ്ങള്‍ കാണാനെത്തുന്നവരുടേയും നാട്ടുകാരുടേയും സഹപാഠികളുടേയുമെല്ലാം അഭിനന്ദനങ്ങള്‍ ലഭിക്കുമ്പോഴും അനുവിനൊരു ദുഃഖമുണ്ട്. ഈ പടങ്ങള്‍ കാണാന്‍ പപ്പയ്ക്കായില്ലല്ലോയെന്ന സങ്കടം. അനുവിനെ ചിത്രകലയുടെ ലോകത്തേയ്ക്ക് കൈപിടിച്ച് നടത്തി എല്ലാ പ്രോത്സാഹനങ്ങളും നല്‍കിയത് അനുവിന്റെ പപ്പയായിരുന്നു. തിടനാട് പോലീസ് സ്‌റ്റേഷനില്‍ കോണ്‍സ്റ്റബിള്‍ ആയി ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതം മൂലം മൂന്നു വര്‍ഷം മുമ്പാണ് അനുവിന്റെ പപ്പാ സാബു മരണമടഞ്ഞത്.
അനുവിനെ ചിത്രരചനാ മത്സരങ്ങള്‍ക്ക് കൊണ്ടുപോയിരുന്നതും എല്ലാ പ്രോത്സാഹനങ്ങളും നല്‍കിയതും സാബുവായിരുന്നു. അപ്രതീക്ഷിതമായി സാബുവിനെ മരണം തട്ടിയെടുത്തപ്പോള്‍ അനുവിന്റെ കണ്ണീര്‍ ചിത്രങ്ങളായി രൂപം കൊണ്ടു. പിതാവിന്റെ വേര്‍പാട് താങ്ങാവുന്നതിനപ്പുറമായിരുന്നെങ്കിലും മകള്‍ വലിയ ചിത്രകാരി ആയി തീരണമെന്ന സാബുവിന്റെ ആഗ്രഹത്തിനൊപ്പം ബ്രഷ് ചലിപ്പിക്കുവാന്‍ അനു തീരുമാനിച്ചു. മാതാവ് ജെന്‍സിയും ഇളയ സഹോദരന്‍ അമലും അനുവിന് എല്ലാ പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
പിതാവിന്റെ പെന്‍ഷന്‍ തുക മാത്രമാണ് ഈ കുടുംബത്തിന്റെ വരുമാന മാര്‍ഗ്ഗം. പെന്‍സില്‍ ഡ്രോയിംഗ് ഇഷ്ടപ്പെടുന്ന അനുവിന് ചിത്രകലയുമായി ബന്ധപ്പെട്ട് കൂടുതല്‍ പഠനം നടത്തണമെന്നും അതുമായി ബന്ധപ്പെട്ട ജോലി നേടണമെന്നുമാണ് ആഗ്രഹം. ഇന്റീരിയര്‍ ഡിസൈനര്‍ ആകണമെന്നാഗ്രഹമുണ്ട്. ചിത്രരചനയില്‍ നല്ലൊരു പരിശീലനം ലഭിക്കണമെന്നൊരാഗ്രഹവും ഈ യുവചിത്രകാരിക്കുണ്ട്. പരിശീലനം ലഭിച്ചാല്‍ കഴിവ് പതിന്മടങ്ങാകുമെന്നുറപ്പുണ്ട് അനുവിന്.
ചെറുപ്പത്തില്‍ വീടിന്റെ ഭിത്തി കാന്‍വാസാക്കി മാറ്റിയ കുട്ടിക്കുറുമ്പുകാരി അനുവിനെ അമ്മ വീട് വൃത്തികേടാക്കരുതെന്നു പറയുമ്പോള്‍ അതു സാരമില്ല അവള്‍ വരച്ചു പഠിക്കട്ടെയെന്നു പറഞ്ഞിരുന്ന സ്‌നേഹനിധിയായ പിതാവിന്റെ പ്രോത്സാഹനമാണ് ഇത്രയെങ്കിലുമെത്താന്‍ തനിക്കായതെന്ന് അനു പറയുമ്പോള്‍ ഒലിച്ചിറങ്ങിയ കണ്ണീര്‍ തുള്ളികളില്‍ പിതാവിന്റെ സ്‌നേഹം കാണാനാകും. പഠിത്തത്തിനൊപ്പം ചിത്രരചനയും ഒന്നിച്ചുകൊണ്ടുപോകണമെന്ന അനുവിന്റെ ആഗ്രഹത്തിനൊപ്പമാണ് വീട്ടുകാരും ബന്ധുക്കളുമെല്ലാം.
മദര്‍തെരേസയാണ് വരയ്ക്കാന്‍ അനുവിനെ ഏറെ ഇഷ്ടം. വല്ല്യമ്മയ്ക്ക് സമ്മാനമായി ആദ്യം വരച്ചത് മദര്‍തെരേസയുടെ ചിത്രമാണ്. അതില്‍ പിന്നെയാണ് മദര്‍തെരേസയോട് ഇഷ്ടം കൂടിയത്. ചിത്രങ്ങള്‍ കണ്ട് ആരാധകരേറുമ്പോഴും അഭിനന്ദനങ്ങളുടെ നടുക്കടലില്‍ നില്‍ക്കുമ്പോഴും ഈ ചിത്രകാരിയുടെ മുഖത്ത് പ്രസരിക്കുന്നത് വിനയം. എല്ലാം ദൈവത്തിന്റെ ദാനം മാത്രമാണെന്ന ചിന്തമാത്രം.
സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലിനു പുറമേ വര്‍ണ്ണപ്പകിട്ട്, വരകൂട്ട് വൈ.എം.സി.എ. കളറിംഗ് മത്സരങ്ങള്‍ക്കുമെല്ലാം സമ്മാനങ്ങള്‍ ഈ മിടുക്കിയെ തേടിയെത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ വരയ്ക്കലും വായനയും സൈക്ലിങ്ങുമാണ് പ്രധാന ഹോബികള്‍.
ഒമ്പതാം ക്ലാസു വരെ എല്ലാ ചിത്രരചനാ മത്സരങ്ങള്‍ക്കും അവധിയെടുത്ത് അനുവിനൊപ്പം പോയിരുന്ന പപ്പായേക്കുറിച്ച് പറയുമ്പോഴെല്ലാം അറിയാതെ രണ്ടു തുള്ളി കണ്ണീര്‍ ഭൂമിയില്‍ വീഴും. എന്തൊക്കെ ദുഃഖങ്ങളുണ്ടെങ്കിലും മുഖത്തു നിന്ന് ഒരിക്കലും പുഞ്ചിരിമായരുതെന്ന് പപ്പയുടെ വാക്കുകള്‍ ആണ് തന്റെ പുഞ്ചിരിയ്ക്കു പിന്നിലെ രഹസ്യമെന്ന് അനു പറയുന്നു. സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും അനു ചിത്രങ്ങള്‍ കോറിയിടുകയാണ്. പിതാവിന്റെ വിയോഗത്തോടെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരന്‍ അമലിനും മാതാവ് ജെന്‍സിയ്ക്കുമൊപ്പം ചിത്രരചനയിലൂടെ ജീവിത ദുഃഖങ്ങള്‍ മറക്കുകയാണീ ചിത്രകാരി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?