ഇതൊരു കുട്ടിയുടെ അതിജീവനത്തിന്റെ കഥയാണ്. അമ്മയുടെ ഉദരത്തില്‍വെച്ചുതന്നെ മരിച്ചുവെന്ന് കരുതി ആശുപത്രിബക്കറ്റില് ഉപേക്ഷിക്കപ്പെട്ട കുരുന്നിന്റെ ജീവിതം. ജനനസമയത്തെ ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലം സെറിബ്രത്തിനേറ്റ ആഘാതം ഇന്നും നിരങ്ങാനോ എന്തിന് ഒന്ന് എണീറ്റിരിക്കാന്‍ പോലും കഴിയാത്ത വി ധം അവനെ ദുര്‍ബലമാക്കിയിരിക്കുന്നു.
ഇത് സാവിയോ. തിരുവനന്തപുരത്താണ് വീട്. ശാരീരികമായ എല്ലാ വെല്ലുവിളികളോടും പോരാടി എല്ലാ കുഞ്ഞുങ്ങള്‍ക്കും മാതൃകയായി അവന് ക്ലാസുകളോരോന്നും കയറിക്കൊണ്ടിരിക്കുന്നു. അമ്മ ബ്ലസിയാണ് അവന്റെ ജീവിതത്തിന് മുതല്‍ക്കൂട്ട്. പിന്നെ ചേച്ച് ഹണിമോളും. സാവിയോ തന്നെ തന്റെ ജീവിതം നമ്മോട് പറയട്ടെ.
ബക്കറ്റിലേക്ക് വീണത്
”ഓര്‍മ്മയില്‍ ആദ്യം തെളിയുന്നത് അമ്മയുടെ മുഖമാണ്. മെലിഞ്ഞു നീണ്ട രൂപമായിരുന്നു അമ്മക്ക്. എപ്പോഴും എന്നെ സന്തോഷിപ്പിച്ചി രുന്ന അമ്മ. ആശുപത്രികള്‍ മാറിമാറി കയറി ഇറങ്ങുമ്പോഴെല്ലാം ഞാന്‍ അമ്മയുടെ ഒക്കത്തായിരുന്നു. എത്രയോ സര്‍ജറികള്‍. ആദ്യം വെയിറ്റിട്ട കുഞ്ഞിക്കാലുകള്‍ വലിച്ചുപറിക്കാന്‍ നോക്കിയ എന്നെ തടഞ്ഞ് അമ്മ പറഞ്ഞു. ”മോന് ഒരുമാസം കഴിയുമ്പോള്‍ ഓടിനടക്കാമെന്ന്”. ആശുപത്രിയില്‍ പൊതിഞ്ഞുകെട്ടിയ കാലുമായി ഞാന്‍ കിടക്കുമ്പോള്‍ അമ്മ കൂടെയുണ്ടായിരുന്നു.
എന്തെങ്കിലും ശബ്ദം കേട്ടാല്‍ എനിക്ക് ഞെട്ടല്‍ ഉണ്ടാകും. ശബ്ദം കേള്‍ക്കുമ്പോള്‍ എന്റെ തലയ്ക്കിട്ട് ആരോ അടിക്കുന്നതാണെന്ന തോന്നലാണ്. ആശുപത്രിക്കിടക്കയില്‍ ഈ ഞെട്ടല്‍ എന്നെ വളരെയധികം ബാധിച്ചു. അതിലേറെ ഞാന്‍ വിഷമിച്ചത് എന്റെ കുഞ്ഞിക്കാലുകള്‍ നോക്കി അമ്മയുടെ കണ്ണുനീര് ചാലുകള്‍ വറ്റാതെ ഒഴുകിക്കൊണ്ടിരുന്നതാണ്. എന്റെ കാലുകള്‍ക്കു ബലം വരുമെന്നും എന്നെ തറയില്‍ നിര്‍ത്താമെന്നുമുള്ള അമ്മയുടെ സ്വപ്നമൊന്നും ഫലിച്ചില്ല.
ഞാന്‍ അമ്മയുടെ ഉദരത്തിലായിരിക്കുമ്പോഴുളള അവസ്ഥയെക്കുറിച്ച് അമ്മ പറഞ്ഞിട്ടുണ്ട്. ഞാനന്ന് പൂര്‍ണ്ണ ആരോഗ്യവാനായിരുന്നുവത്രേ. പരിശോധനകളിലൊന്നും ഒരു കുഴപ്പവുമുണ്ടായിരുന്നില്ല. എന്നാല്‍ അമ്മ പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയപ്പോള്‍ സമയമായില്ല എന്നു ഡോക്ടര്‍ പറഞ്ഞു. തൊട്ടടുത്ത ആശുപത്രിയില്‍ പോയി സിസേറിയന് ചെയ്യണമെന്ന് നിര്‍ദേശിച്ചു. പക്ഷേ അവിടുത്തെ ഡോക്ടര്‍ 32 മണിക്കൂര്‍ കഴിഞ്ഞാണ് ഓപ്പറേഷന് ചെയ്തത്. അപ്പോഴേക്കും നിര്‍ജ്ജീവ അവസ്ഥയിലായ എന്നെ മരിച്ച കുഞ്ഞ് എന്ന നിലയില്‍ അവരെടുത്ത് ബക്കറ്റില്‍ തള്ളുകയായിരുന്നു. അമ്മയും മരണത്തിന്റെ വക്കിലായിരുന്നു. ജീവന് പോയി എന്നു കരുതിയ എന്നിലെ ചെറിയ അനക്കവും ജീവന്റെ തുടിപ്പും കണ്ടെത്തിയത് തിയേറ്ററില്‍ കൂടെയുണ്ടായിരുന്ന മറ്റൊരു ഡോക്ടറാണ്.
പെട്ടെന്ന് എന്നെയെടുത്ത് അവര്‍ ടേബിളില്‍ കിടത്തി പരിചരിച്ചു. അത്യാധുനിക സൗകര്യമുള്ള മറ്റൊരാശുപത്രിയിലേക്ക് കൊണ്ടുപോയി. അമ്മ ഈ സമയം മരണത്തെ മുഖാമുഖം കാണുകയായിരുന്നു. എട്ട് ദിവസങ്ങള്‍ കൊണ്ടാണ് അമ്മ സാധാരണ ജീവിതത്തിലേക്ക്, വന്നതെന്ന് അമ്മ എന്നോട് പിന്നീട് പറഞ്ഞു. മുലപ്പാല്‍ ആദ്യമായി എന്റെ ചുണ്ടില്‍ ഇറ്റിച്ചത് എട്ടാം ദിവസമായിരുന്നു. ജനിച്ചപ്പോള്‍ സൗന്ദര്യമുള്ള കുഞ്ഞായിരുന്നു ഞാനെങ്കിലും കരയാനോ കണ്ണുതുറക്കാനോ കഴിയുമായിരുന്നില്ല. കാല്വെള്ളയിലൊന്ന് തട്ടിയാല്‍ ഞരങ്ങാന്‍ മാത്രം കഴിയും.
എട്ട് മാസമായിട്ടും ഞാന്‍ കമിഴ്ന്നു തന്നെ കിടന്നു. എട്ടാം മാസത്തിലെ പരിശോധനയിലാണ് സാധാരണ കുട്ടികളെ പോലെ നടക്കാനോ ഇരിക്കാനോ എഴുന്നേല്‍ക്കാനോ എനിക്കു കഴിയില്ല എന്ന സത്യം അമ്മയറിയുന്നത്. അന്ന് എന്റെ കുടുംബത്തില്‍ ഉണ്ടായ വേദനയുടെ ആഴം വര്‍ണ്ണിക്കാനാവില്ല. തിരുവനന്തപുരത്ത് താമസിച്ചുള്ള ചികിത്സകള്‍. എന്നിട്ടും നടക്കാനുള്ള ത്രാണി കിട്ടിയില്ല. ഡോക്ടര്‍മാരെല്ലാം കയ്യൊഴിഞ്ഞു.
സങ്കടത്തിന്റെ ദിനങ്ങള്‍
വീട് എന്നുപറയുമ്പോള്‍ അത് എന്റെ വീട് ആയിരുന്നില്ല. അമ്മ ജനിച്ചുവളര്‍ന്ന വീട്. ആ വീടിന്റെ ചായിപ്പിലാണ് ഞാനും ചേച്ചിയും അമ്മയും കഴിഞ്ഞത്. കുറച്ചുകൂടി വളര്‍ന്നപ്പോള്‍ എനിക്കു മനസ്സിലായി ഞങ്ങള്‍ പപ്പായുടെ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നുവെന്ന് . ഞാന്‍ അസുഖമുള്ള കുട്ടിയായതുകൊണ്ട് ആര്‍ക്കും എന്നെ വേണ്ടത്രേ. വീട്ടുകാര്‍ക്കൊക്കെ ഞാന്‍ അസ്വസ്ഥതയായെന്ന് തോന്നിയതോടെ ഞങ്ങള്‍ വീടുമാറാന്‍ തീരുമാനിച്ചു.
ഒരു ഹൈസ്കൂള്‍ അധ്യാപകന്റെ വീടിന്റെ ചായ്പ്പാണ് വാടകയ്ക്ക് ലഭിച്ചത്. അവര്‍ വളരെ സ്നേഹമുള്ളവരായിരുന്നു. ഞങ്ങള്‍ക്ക് ഭക്ഷണമുണ്ടോ എന്ന് നോക്കിയിട്ടാണ് അവര്‍ കഴിച്ചിരുന്നത്. അമ്മ വീട്ടിലിരുന്നു തയ്ച്ചും ഉദാരമതികളുടെ സഹായത്താലും വാടക വീട്ടില്‍ കഴിഞ്ഞു. ഇടവകപള്ളി പുതുക്കി പണിത സന്തോഷസൂചകമായി വികാരിയച്ചന് ഞങ്ങള്‍ക്ക് ഒരു വീടുപണിത് നല്കി.
എല്ലാവരും സ്കൂളില്‍ പോകുന്നതുപോലെ എനിക്കും പോകണമെന്ന് കൊതിയായിി. ചേച്ചി ഹണിമോള്‍ ഒരുങ്ങി നല്ല ഉടുപ്പിട്ട് സ്കൂളില്‍ പോകുമായിരുന്നു. അമ്മ എന്നെയെടുത്ത് അടുത്തുള്ള സ്കൂളി ലൊക്കെ പോയി ചോദിച്ചു എന്നെ പഠിപ്പിക്കാമോ എന്ന്. ചിലരൊക്കെ എന്റെ അവസ്ഥയറിഞ്ഞ് കളിയാക്കി.
പിന്നെ അമ്മ എന്നെ ദൂരെ ഒരിടത്ത് എന്നെപ്പോലെ നടക്കാന്‍ വയ്യാത്ത കുട്ടികളുടെ അടുത്തു കൊണ്ടുപോയി. അവിടുത്തെ ആയ ശാന്ത എന്നെ എടുത്തുകൊണ്ടു നടന്നു. സിസ്റ്ററമ്മമാര്‍ എന്നെ സ്നേഹത്തോടെ പരിചരിച്ചു. പക്ഷേ മറ്റു കുട്ടികളെപ്പോലെ എനിക്ക് നിരങ്ങാനോ ഇഴയാനോ സാധിച്ചില്ല. അമ്മ എന്റെ അടുത്ത് വന്നുനിന്ന് എന്നെ അവിടുത്തെ സ്കൂളിലാക്കി. വളരെ കഷ്ടമായിരുന്നു എന്റെ അവസ്ഥ. നിലത്തുകൂടി ഉരുണ്ട് കയ്യിലെയും കാലിലെയും തൊലി പോയി. എനിക്ക് സ്കൂളും പഠിപ്പും മതിയായി. നിവൃത്തിയില്ലാതെ എന്നെയും കൊണ്ട് അമ്മ തിരിച്ച് വീട്ടിലേക്ക് പോന്നു.
പഠിക്കണമെന്ന ചിന്ത എന്നിലുണ്ടായിരുന്നു. പക്ഷേ എങ്ങനെ എവിടെ പഠിക്കും? അത് അറിയില്ല. എറണാകുളത്തും കോതമംഗലത്തുമംഗലത്തുമൊക്കെ അലഞ്ഞു. അവിടെ എനിക്ക് നിരന്തരമായ രോഗങ്ങളും വേദനകളും അനുഭവിക്കേണ്ടി വന്നു. തല നിറച്ച് ചൊറിയും പേനും. മൂത്രത്തിലൂടെ രക്തവും വരുന്നു. കിഡ്നിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചപ്പോള്‍ എന്നെ സ്കൂളില്‍ നിന്നും പറഞ്ഞയച്ചു. നാട്ടിലെത്തി അമ്മയുടെ പരിചരണവും പ്രാര്‍ത്ഥനയും കൊണ്ട് സുഖപ്പെട്ടു. പിന്നീട് ചങ്ങനാശ്ശേരിയില്‍ ഫിസിയോതെറാപ്പി ആരംഭിച്ചു. അമ്മയും ഒപ്പമുണ്ടായിരുന്നു. അവിടെ ഒരു ബോയ്സ് ഹോമില്‍ പഠിക്കാന്‍ അവസരം ലഭിച്ചെങ്കിലും ശാരീരിക പരിമിതിമൂലം അവിടെ നിന്നും തിരികെ പോരേണ്ടി വന്നു.
അവസാനത്തെ ബസ് യാത്ര
അവസാന ബസ് യാത്ര എന്റെ പതിമൂന്നാം വയസിലായിരുന്നു. എന്നെ എടുത്തുകൊണ്ട് ബസിന്റെ പടികള്‍ ചവിട്ടിക്കയറാന്‍ അമ്മ വളരെ പാടുപെട്ടു. ഒരു പ്രകാരത്തില്‍ അകത്തുകയറി സീറ്റിലി രുന്നു. അപ്പോഴേക്കും എനിക്ക് ഛര്ദിക്കാന് തോന്നി. അമ്മയോട് പറയുന്നതിനു മുന്‍പ് ഛര്‍ദ്ദിച്ചു. എനിക്ക് തല ബസിന്റെ പുറത്തിട്ട് ഛര്ദിക്കാന് സാധിക്കില്ലല്ലോ. ഇരുന്ന ഇരുപ്പില്‍ ഛര്‍ദ്ദിച്ചു. കഴുത്തു മുതല്‍ താഴോട്ട് ഷര്‍ട്ടും ജീന്‍സും ഷൂവും സോക്സും മുഴുവന്‍ ഛര്‍ദ്ദില്‍. ബസ് ഓടിക്കൊണ്ടിരിക്കുകയാണ്. ഛര്ദ്ദിച്ചപ്പോള് ഞാന്‍ ആശ്വാസത്തിലായി. അമ്മയുടെ പങ്കപ്പാട് അവിടെ തുടങ്ങി. കണ്ടക്ടര്‍ അമ്മയെ ചീത്ത വിളിച്ചു. വാതിലിനു പുറകിലത്തെ സീറ്റായിരുന്ന തിനാല്‍ സ്റ്റെപ്പിലും ഛര്‍ദ്ദില്‍ വീണു. അടുത്ത ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ അമ്മ ഒരു കടയില്‍നിന്ന് ബക്കറ്റില്‍ വെള്ളമെടുത്ത് ബസിന്റെ സ്റ്റെപ്പുകള്‍ കഴുകി. എന്റെ ഡ്രസ്സ് ഒന്നൊന്നായി അഴിച്ചു മാറ്റി.
പുതിയത് ധരിപ്പിച്ചപ്പോഴേക്കും അമ്മ കണ്ണുനീരൊഴുക്കുന്നത് കാണാമായിരുന്നു. എന്റെ കണ്ണുനീര് ഒഴുകിയത് ഹൃദയത്തിലായി രുന്നു. ഏതാണ്ട് ഒരു മണിക്കൂര്‍ ബസില്‍ ജോലി ചെയ്യേണ്ടിവന്നു, അതും നിന്നുകൊണ്ട്. ജോലി എന്നു പറഞ്ഞാല്‍ എന്റെ ഡ്രസ് ചെയ്ഞ്ചു ചെയ്യല്‍. എന്നെ സീറ്റില്‍ കിടത്തി ജീന്‍സ് അഴിച്ചുതുടങ്ങുമ്പോഴേ ക്കും ബസ് വളവുതിരിയും. ഉടനെ ഞാന്‍ താഴെ വീഴാതെ നോക്കണം. പിന്നെ വീണ്ടും എന്നെ നേരെ കിടത്തി ഡ്രസ് മാറ്റല്‍ തുടരണം. അഴി ക്കാന്‍ എടുക്കുന്ന സമയത്തിന്റെ ഇരട്ടിയിലധികം സമയം വേണം ധരിപ്പിക്കാന്‍. കാരണം എന്റെ കാലും കയ്യും വിറകുപോലെ ഇരിക്കുകയേ ഉള്ളു. വഴങ്ങുകയില്ല. വളയുകയുമില്ല. അന്ന് ഞങ്ങള്‍ ഒരു തീരുമാനമെടുത്തു. മറ്റു യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കേണ്ട. ഇനിമുതല്‍ ഓട്ടോയിലോ കാറിലോ പോകാമെന്ന്. പിന്നീട് ഞാന്‍ ബസില്‍ യാത്ര ചെയ്തിട്ടില്ല.
എന്നിട്ടും തോല്‍ക്കാതെ
ആലുവായില്‍ അശോകപുരത്ത് രണ്ടു കാലുകളിലും കാലിപ്പര്‍ പിടിപ്പിച്ച് നടക്കാന്‍ ശ്രമിച്ചു. പക്ഷേ ഇടുപ്പിന് ബലം കിട്ടിയില്ല. എറണാകുളത്തുള്ള ഡോക്ടര്‍ ജോണിന്റെ ചികില്‍സയിലായിരുന്നു അപ്പോള്‍. പിന്നീട് ഇടുപ്പിനും കൂടി ബലം കിട്ടുന്ന രീതിയില്‍ ഒരു കാലിപ്പറും കൂടി വയ്പ്പിച്ചു. അപ്പോഴാണ് ഡോക്ടര്‍ക്ക് മനസിലായത് ഓപ്പറേഷന് ചെയ്തതുകൊണ്ട് ഒരു ഫലവും ഉണ്ടായില്ല എന്ന്. എനിക്കൊരിക്കലും കാലിപ്പറിട്ട് നടക്കാന്‍ സാധിക്കില്ല എന്ന്. കാരണം എന്റെ ബ്രയിനിലായിരുന്നല്ലോ തകരാറ്. ചേച്ചി പഠിച്ച് ഹൈസ്കൂളിലെത്തി. ചേച്ചിയെ ഹോസ്റ്റലില്‍ ആക്കിയിട്ടാണ് അമ്മ എന്നെയും കൊണ്ട് ചികിത്സക്കും പഠനത്തിനും മറ്റുമായി പോയിരുന്നത്.
എവിടെ ചേര്‍ത്താലും ക്ലാസ്സില്‍ ഞാനായിരുന്നു ഏറ്റവും മുന്നില്‍. ഒരു സ്കൂളില്‍ അമ്മ എന്നെ ചേര്‍ത്തു. പക്ഷേ അത് അത്ര നല്ല സ്കൂളായിരുന്നില്ല. അവര്‍ക്ക് ഞങ്ങള്‍ നല്കുന്ന ഫീസ് മാത്രം മാതിയായിരുന്നു. ആ നാളുകളില്‍ നട്ടെല്ലിന്റെ അടിഭാഗത്ത് വ്രണം ബാധിച്ച് പഴുപ്പ് ഒലിച്ചുകൊണ്ടിരുന്നു. അമ്മ ആഴ്ചയുടെ അവസാനം വീട്ടിലേക്ക് കൊണ്ടുവരും. മുറിവൊക്കെ വൃത്തിയാക്കി തിങ്കളാഴ്ച വീണ്ടും സ്കൂളിലെത്തിക്കും. ആ സ്കൂളില്‍ വച്ച് ജീവിതം അവസാനിക്കുമെന്ന് ഞാന്‍ വിചാരിച്ചു. പ്രാകൃത രീതിയിലുള്ള ചില ചികില്‍സകളും അവരെന്നെ പരീക്ഷിച്ചു. ഇടതു കൈ നിവരാനായി പി.വി.സി. പൈപ്പു മുറിച്ച് കയ്യ് കുഴലിന്റെ ഉള്ളിലാക്കി. കുഴലിന്റെ പരുപരുത്ത അറ്റം കക്ഷത്തിലും കയ്യിലും കൊണ്ട് മുറിഞ്ഞ് പഴുത്തു. കടുത്ത വേദന.
അവിടെയുള്ള 25 കുട്ടികള്‍ക്കും കൂടി ഒരു ടോയ്ലറ്റേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളില്‍ ഏറെപ്പേരും ബുദ്ധിമാന്ദ്യമുളളവര്‍. അവര്‍ ഞാന്‍ തറയില്‍ കിടക്കുമ്പോള്‍ എന്നെ ചവിട്ടി കടന്നുപോകും. ഉറുമ്പിനെ പിടിച്ച് കണ്ണിലിടും. ഒരുദിവസം കുട്ടികളെന്റെ കൈകളിലും കാലുകളിലും പിടിച്ച് തൂക്കി എടുത്തു കൊണ്ടുവരുന്ന സമയത്ത് കൈകള്‍ പിടിച്ചിരുന്നവര്‍ പിടിവിട്ടു. ഞാന്‍ തലയുടെ പിന്‍ഭാഗം അടിച്ച് നിലത്തുവീണു. കാലില്‍ പിടിച്ചവര്‍ ഇതുകണ്ടു ചിരിച്ചു. അമ്മയോട് ഞാന്‍ ഒന്നും പറഞ്ഞില്ല. വെക്കേഷന് സമയത്ത് അമ്മ എല്ലാ കാര്യവും ചോദിച്ചു മനസ്സിലാക്കി.
ഞാന്‍ എല്ലാം അന്ന് കണ്ണീരോടെ തുറന്നുപറഞ്ഞു. നട്ടെല്ലിലെ മുറിവ് പഴുത്ത് വലിയ ഒരു വൃണമായിരുന്നു. എല്ലാംകേട്ട് അമ്മ തരിച്ചിരുന്നു. പിന്നീട് അമ്മ എന്നെ ആ സ്കൂളില്‍ വിട്ടില്ല. സ്കൂളുകാരോട് വഴക്കിനും പോയില്ല. ഒരു കാര്യം അമ്മ തീരുമാനിച്ചു. ജോലി എടുത്തില്ലെങ്കിലും എന്നെയിനി ബോര്‍ഡിംഗ് സ്കൂളില്‍ വിട്ടു പഠിപ്പിക്കുന്നില്ല എന്ന്. അമ്മയുടെ സ്നേഹവും ചികില്‍സയും ലഭിച്ചപ്പോള്‍ കാലുകളിലും കൈകളിലും ഉണ്ടായിരുന്ന വ്രണം കരിഞ്ഞുതുടങ്ങി. നട്ടെല്ലിലെ വ്രണം ഉണങ്ങാന്‍ മൂന്നുനാലു മാസമെടുത്തു.
ക്ലാസില്‍ എന്നും ഒന്നാമനായത്
ഒന്നാം ക്ലാസ്സില്‍ കോതമംഗലം സെന്റ് ജോസഫ്സ് സ്കൂളിലും രണ്ടാം ക്ലാസ്സില്‍ കാക്കനാട് എല്‍.പി. സ്കൂളിലും മൂന്നാം ക്ലാസ് പോളിയോ ഹോമിലും പഠിച്ചു. നാലാംക്ലാസ് എളുപ്പത്തില്‍ പഠിച്ചു. നാലാം ക്ലാസ്സില്‍ ശ്രീ കാരുണ്യമിഷന് റസിഡന്‍ഷ്യല്‍ സ്കൂളിലായിരുന്നു. പിറ്റേവര്‍ഷം ആറാം ക്ലാസിലേക്ക് അമ്മ എനിക്ക് സര്‍ക്കാര്‍ സ്കൂളിലേക്ക് അഡ്മിഷന് വാങ്ങി. ഒരു ഇന്റര്‍വ്യൂ പാസായാണ് ഞാന്‍ മണ്ണന്തല ഹൈസ്കൂളില്‍ അഡ്മിഷന് വാങ്ങിയത്. സ്കൂട്ടറില്‍ അമ്മ എന്നെ സ്കൂളില്‍ അയക്കുമായിരുന്നു. എന്നെ സ്കൂളിലാക്കിയിട്ട് അമ്മ ജോലിക്ക് പോയിത്തുടങ്ങി. അവിടെയെല്ലാം നല്ല നിലയില്‍ പഠിക്കാന്‍ കഴിഞ്ഞത് അമ്മക്കും സ്കൂളിലെ ടീച്ചേഴ്സിനുമെല്ലാം ഒരുപോലെ സന്തോഷം നല്‍കുന്നതായിരുന്നു.
ഗവണ്മെന്റ് സ്കൂളില്‍ പഠിക്കുമ്പോള്‍ സ്വന്തം വീടുപോലെ ആയിരുന്നു ഞങ്ങള്‍ക്കു സ്കൂള്‍. ടീച്ചേഴ്സിന് എന്നോടു വലിയ കരുതലും സ്നേഹവുമായിരുന്നു. എനിക്കുവേണ്ടി മാത്രം അഞ്ചു വര്‍ഷക്കാലം ക്ലാസ് മുറി മാറാതെ ആ മുറി തന്നെ ഉപയോഗിച്ചു. എനിക്ക് ഒരു സ്പെഷ്യല്‍ ടീച്ചറുമുണ്ടായിരുന്നു. റിസോഴ്സ് ടീച്ചര്‍ മാഷ്ലി. ടീച്ചര്‍ എന്നെ അമ്മയെപ്പോലെ സ്നേഹിച്ചു. എന്റെ വ്യക്തിജീവിതത്തില്‍ ടീച്ചറെന്നെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്. പത്താംക്ലാസ് പാസായതും ഹയര്‍ സെക്കന്ററിയില്‍ ഉന്നതവിജയം നേടാനായതും എനിക്ക് മറക്കാനാവാത്ത ഓര്‍മ്മയാണ്. ഇന്ന് വായിക്കാനും എഴുതാനും അനായാസം കഴിയുന്നു.എന്റെ ജീവിത കഥ ‘സാഫ്നത്ത് ഫാനെയ’ എന്ന പേരില്‍ ഞാനൊരു പുസ്തകമാക്കിയിട്ടുണ്ട്.
എന്റെ പ്രിയപ്പെട്ട കൂട്ടുകാരോടും അവരുടെ മാതാപിതാക്കളോടും എനിക്ക് ഒന്നേ പറയാനുള്ളൂ. ”നമ്മുടെ ജീവിതത്തില്‍ എന്തു പ്രതിസന്ധികളുണ്ടായാലും തളാരാതെ അതിനെ നേരിടുക. വിജയം ലഭിക്കുക തന്നെ ചെയ്യും..”
Leave a Comment
Your email address will not be published. Required fields are marked with *