Follow Us On

24

March

2019

Sunday

ദൈവം വിരല്‍തൊട്ട നിമിഷം

ദൈവം വിരല്‍തൊട്ട നിമിഷം

ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങളും കണക്കുകൂട്ടലുകളും ലോകത്തിന്റെ മാനദണ്ഡങ്ങളോട് തുലനം ചെയ്യുകയും ഒഴുക്കിനൊത്ത് നീങ്ങുകയും ചെയ്യുമ്പോള്‍ മനുഷ്യദൃഷ്ടിയില്‍ എത്തിപ്പെടാവുന്ന ഉയര്‍ച്ച വലുതാണ്. എന്നാല്‍ ജീവിതയാത്ര ദൈവത്തൊടൊപ്പമാവുകയും അവിടുത്തെ ഹിതം അനുസരിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിതം ഗതിമാറി ഒഴുകും. എന്റെ സമര്‍പ്പിത ദൈവവിളിയുടെ കാതല്‍ ദൈവഹിതം നിറവേറ്റാനുള്ള ആഗ്രഹത്തില്‍ നിന്നും രൂപപ്പെട്ടതാണ്.

തൊടുപുഴയ്ക്കടുത്ത് പടിഞ്ഞാറെ കോടിക്കുളത്ത് വടക്കേക്കര ജോര്‍ജ്-ഓമന ദമ്പതികളുടെ മൂത്ത മകളാണ് ഞാന്‍. വിശ്വാസത്തിന്റെ ബാലപാഠങ്ങള്‍ വീട്ടില്‍നിന്നും ഇടവക ദൈവാലയത്തില്‍നിന്നുമൊക്കെ ഞാനറിയാതെ ഉള്ളില്‍ ആഴത്തില്‍ വേരുപാകി. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ പലരും സന്യാസദൈവവിളിയെക്കുറിച്ചും സമര്‍പ്പിത ജീവിതത്തെക്കുറിച്ചും എന്നോട് പറയുമായിരുന്നു. എന്നാല്‍ അന്നൊന്നും അതുള്‍ക്കൊള്ളാനുള്ള മനസ് എന്നില്‍ രൂപപ്പെട്ടിരുന്നില്ല. മാത്രമല്ല പഠിച്ച് നല്ലൊരു ജോലിനേടണം എന്ന ചിന്തയാണ് അന്നെല്ലാം എന്നില്‍ വളര്‍ന്നിരുന്നത്.

പ്ലസ്ടു പഠനത്തിനുശേഷം ആറുമാസം നാഗാലാന്റില്‍ പോകാന്‍ ഇടയായത് എന്റെ ജീവിതത്തിന്റെ ആഴമേറിയ ദൈവാവബോധത്തിലേക്ക് എന്നെ കൊണ്ടുചെന്നെത്തിച്ചു. നമ്മുടെ നാട്ടില്‍നിന്നും തികച്ചും വിഭിന്നമായി ഗ്രാമങ്ങളില്‍ കൂട്ടത്തോടെ ജീവിക്കുന്നവര്‍. തങ്ങള്‍ ജീവിക്കുന്ന ഗ്രാമം മാത്രമാണ് ലോകം എന്നാണ് അവര്‍ കരുതുന്നത്. അതിനപ്പുറത്തുള്ള മറ്റൊരു ജനതയെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്ത അവരെ കണ്ടപ്പോള്‍ ഞാന്‍ എത്രയോ അനുഗൃഹീതയാണെന്ന ബോധ്യം ഉള്ളില്‍ ആഴത്തില്‍ പതിഞ്ഞു. എന്നെ സ്‌നേഹിക്കുന്ന ഈശോയ്ക്ക് ഞാന്‍ എന്ത് മടക്കിക്കൊടുക്കും എന്നൊരുള്‍പ്രേരണയാണ് ആദ്യമായി ദൈവവിളി സ്വീകരിക്കണം എന്നൊരു ചിന്ത എന്നില്‍ ഉളവാക്കിയത്. ഈശോയെക്കുറിച്ച് കേട്ടിട്ടില്ലാത്ത, ജനത എന്റെ കയ്യെത്തും ദൂരത്ത് ഉണ്ട് എന്നത് എന്നെ പിടിച്ചു കുലുക്കിയ അറിവായിരുന്നു. ഈ ബോധ്യങ്ങളുടെ നടുവിലാണ് ആദ്യമായി ഞാന്‍ സന്യാസദൈവവിളി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന കാര്യം വീട്ടില്‍ പറയുന്നത്. എന്തായാലും ഡിഗ്രി കഴിഞ്ഞ് അതെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നായിരുന്നു വീട്ടുകാരുടെ അഭിപ്രായം.
അവരുടെ ആഗ്രഹത്തെ മാനിച്ച് ബി.എസ്‌സി നഴ്‌സിങ്ങ് പഠിക്കാനായി മംഗലാപുരത്ത് പോയി. അവിടുത്തെ പഠനത്തിനിടയില്‍ കൂടുതല്‍ പ്രാര്‍ത്ഥിക്കാനുള്ള അവസരം കിട്ടി. കൂടുതലായി ഈശോ എന്നില്‍നിന്നും എന്തോ ആഗ്രഹിക്കുന്നുണ്ടെന്നുളള ചിന്തയും ഇക്കാലങ്ങളിലാണ് എന്നില്‍ വളര്‍ന്നത്.

കൂടെ പഠിച്ചിരുന്നവര്‍ പലപ്പോഴും അവര്‍ക്കുണ്ടാകുന്ന കൊച്ചു വിഷമങ്ങള്‍ പറയാന്‍ എന്റെ അടുത്ത് വരുമായിരുന്നു. എനിക്കറിയാവുന്നതുപോലെ ചില സാന്ത്വനവചനങ്ങള്‍ പകര്‍ന്ന് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. അതോടെ അവരുടെ മനസ് ശാന്തമാകും. ഈശോയെ കൊടുക്കാനുള്ള ആഗ്രഹം എന്നെ ജീസസ് യൂത്ത് മുന്നേറ്റത്തെക്കുറിച്ച് അറിയാനും അതിന്റെ ഭാഗമാകാനും ഇടയാക്കി. ഒരുപക്ഷേ എന്നെക്കുറിച്ചുള്ള ദൈവികപദ്ധതി നിറവേറുന്നത് ജീസസ് യൂത്തിലൂടെയായിരിക്കുമെന്നൊരു തോന്നലും ആ നാളുകളില്‍ ഉണ്ടായി. അതിനാലാകണം നഴ്‌സസ് മിനിസ്ട്രിയുടെ ഭാഗമായി മുന്നോട്ടുപോയ സമയത്താണ് ഒരു വര്‍ഷത്തേക്ക് കമിറ്റ്‌മെന്റ് എടുക്കണം എന്നൊരു ചിന്തയും ഉണ്ടായി. ഈശോയെ അറിയാത്തവരോട് അവിടുത്തെക്കുറിച്ച് പറയാന്‍ കഴിയുമല്ലോ ഇതായിരുന്നു എന്റെ മനസില്‍.

ബി.എസ്‌സി നഴ്‌സിങ്ങ് കഴിഞ്ഞസമയം. കൂടെ പഠിച്ചവരെല്ലാം പുതിയ ജോലി തേടി നടക്കുന്നു. ചിലരൊക്കെ വിദേശത്ത് പോകാനുള്ള കോഴ്‌സുകളും പഠിക്കാന്‍ തുടങ്ങി.
ജീസസ് യൂത്തിനൊപ്പം ഒരു വര്‍ഷത്തെ കമ്മിറ്റ്‌മെന്റ് എടുക്കാനുള്ള ആഗ്രഹം ഞാന്‍ വീട്ടില്‍ അറിയിച്ചെങ്കിലും അവരതിന് വേണ്ടത്ര താല്പര്യം കാട്ടിയില്ല. എന്തെങ്കിലും ജോലി ലഭിച്ചിട്ടുമതി അത്തരം ആത്മീയപ്രവര്‍ത്തനങ്ങളെന്നായിരുന്നു അവരുടെ നിലപാടെന്ന് എനിക്ക് തോന്നി.

ബാംഗളൂരില്‍നിന്നും ജോലിക്കായുള്ള ഇന്റര്‍വ്യൂവിന് എന്നെ വിളിച്ചു. ജീവിതം പുതിയൊരു തലത്തിലേക്ക് മാറ്റപ്പെടുകയാണ്. ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മുഖ്യസ്ഥാനം അലങ്കരിച്ച സ്ത്രീ എന്റെ സര്‍ട്ടിഫിക്കറ്റുകളെല്ലാം പരിശോധിച്ചു. കുറെയേറെ ചോദ്യങ്ങളും ചോദിച്ചു. അവസാനം പുഞ്ചിരിക്കുന്ന മുഖത്തോടെ അവര്‍ പറഞ്ഞു. ”ഞങ്ങള്‍ സെലക്ട് ചെയ്തിരിക്കുന്നു. നിയമനം ഇന്ത്യയിലെവിടെയുമാകാം.” ആ വാക്കുകള്‍ എന്നെ സന്തോഷിപ്പിച്ചുവെന്ന് വേണം പറയാന്‍. എന്റെ ഉള്ളില്‍ ഒരു ശബ്ദം ഉയര്‍ന്നു. ”ഇതാണ് നിന്റെ മിഷന്‍.”
അങ്ങനെ കൊല്‍ക്കത്തയിലെ ഒരു ആശുപത്രിയിലേക്ക് എന്നെ അവര്‍ അയച്ചു. ഉയര്‍ന്ന ശമ്പളം, മികച്ച ആനൂകൂല്യങ്ങള്‍.

ബി. എസ്.സി ഫൈനല്‍ ഇയര്‍ പഠിക്കുന്ന സമയം എന്റെ മനസില്‍ തെളിഞ്ഞു. കൂട്ടുകാര്‍ ഒരുമിച്ചിരുന്ന് മിഷന്‍ സ്വപ്‌നങ്ങള്‍ പങ്കുവക്കുകയാണ്. എനിക്ക് കല്‍ക്കട്ടയില്‍ പോയി ഈശോയെ പ്രഘോഷിക്കണമെന്ന് പറഞ്ഞപ്പോള്‍ അവരെല്ലാം എനിക്കായി പ്രാര്‍ത്ഥിച്ചിരുന്നു. ഇതാ ദൈവം ആ സ്ഥലത്തേക്ക് തന്നെ എന്നെ അയച്ചിരിക്കുന്നു.

കൊല്‍ക്കത്തയിലെത്തി. ജോലിയൊടൊപ്പം ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങളിലും സജീവമായി. ഈ കാലഘട്ടത്തില്‍ ജീസസ് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനവും വഹിക്കേണ്ടി വന്നു. വിശ്രമമില്ലാതെ അനേകം ആശുപത്രികള്‍ കയറിയിറങ്ങി. പുതിയ സ്ഥലമോ അറിയാത്ത ഭാഷയോ വ്യത്യസ്ത സംസ്‌കാരമോ കാലാവസ്ഥയോ ഒന്നും പ്രതികൂലമായി മാറിയില്ല. ജോലിയോടൊപ്പം പോസ്റ്റ് ഗ്രാജ്വറ്റ് ഡിപ്ലോമയും ഹോസ്പിറ്റല്‍ മാനേജ്‌മെന്റും പഠിക്കുന്നത് അക്കാലങ്ങളിലാണ്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ എം.എസ്‌സി നഴ്‌സിങ്ങ് പഠിക്കണമെന്ന് ആഗ്രഹം. അതിനുവേണ്ടി തിരിച്ച് വീണ്ടും മംഗലാപുരത്ത് എത്തി. ഒരു ദിവസം കുമ്പസാരക്കാരനായ വൈദികന്‍ ചോദിച്ചു: ”എന്താണ് നിന്നെക്കുറിച്ചുള്ള ദൈവഹിതമെന്ന്…”

ഇതിലെന്താ ഇത്ര ചോദിക്കാനിരിക്കുന്നത് എന്ന മട്ടില്‍ ഞാനതത്ര കാര്യമാക്കിയില്ല. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ഇതേ ചോദ്യം. ഇത്തവണ അതെന്റെ ഹൃദയത്തെ പിടിച്ച് കുലുക്കിയെന്ന് പറയാം. എനിക്കൊരു കാര്യം മനസിലായി, പല കാര്യങ്ങളിലും ഈശോയോട് ചോദിച്ചും ഈശോയോട് ചേര്‍ന്ന് സ്വപ്‌നം കണ്ടും മുന്നോട്ടുപോകുന്ന ഞാന്‍ ജീവിതാന്തസിനെ സംബന്ധിക്കുന്ന കാര്യം അത്രകണ്ട് ഗൗരവത്തില്‍ എടുക്കുകയോ ആലോചന ചോദിക്കുകയോ ചെയ്തിട്ടില്ല. ഇതൊരു തിരിച്ചറിവായിരുന്നു. ഒരു വര്‍ഷം എന്റെ ഭാവി വ്യക്തമാക്കിത്തരാമോ എന്ന പ്രാര്‍ത്ഥനയോടെ ഒരു മണിക്കൂറെങ്കിലും ദിവ്യകാരുണ്യത്തിന്റെ മുമ്പില്‍ വന്നിരിക്കുമായിരുന്നു. ദിവസവും വിശുദ്ധ ബലിയില്‍ പങ്കെടുക്കുകയും ചെയ്യും. അവസാനം അവന്‍ മലമുകളിലേക്ക് കയറി, തനിക്ക് ഇഷ്ടമുള്ളവരെ അടുത്തേക്ക് വിളിച്ചതുപോലെ എന്നെയും സമര്‍പ്പിത ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
2014 നവംബര്‍ അഞ്ചിന് ആദ്യവ്രത വാഗ്ദാനത്തിലൂടെ കര്‍ത്താവിന് സ്വന്തമായി തീര്‍ന്നപ്പോള്‍ മനസില്‍ കോറിയിട്ടത് വിശുദ്ധ കൊച്ചുത്രേസ്യയുടെ വാക്കുകളാണ്. ”ദൈവത്തിന്റെ ഹിതം നിറവേറ്റുന്നതാണ് വിശുദ്ധി.” ദൈവഹിതം നിറവേറ്റാന്‍വേണ്ടി മാത്രം തന്റെ ജീവിതം മാറ്റിവച്ച മോണ്‍. സി.ജെ. വര്‍ക്കിയച്ചന്‍ സ്ഥാപിച്ച എം.എസ്.എം.ഐ സന്യാസ സമൂഹത്തിലേക്ക് കടന്നുവന്നതും ദൈവികപദ്ധതിയുടെ ഭാഗമായിരുന്നു. ഇന്ന് മുംബൈയില്‍ പുതുതായി ക്രിസ്തുവിനെ അറിഞ്ഞ് വിശ്വാസം സ്വീകരിച്ചവരും അതിനുവേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുന്നവരുമായവരുടെ ഇടയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു.

തന്റെ ഭര്‍ത്താവിന്റെ കാന്‍സര്‍ മാറാന്‍ പ്രാര്‍ത്ഥിക്കണമേ എന്ന് പറഞ്ഞ് കണ്ണു നിറഞ്ഞ് ഓടിവരുന്ന മുസ്ലീം സ്ത്രീയും ബുദ്ധിമാന്ദ്യമുള്ള കുഞ്ഞിനും കുടുംബത്തിനുംവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പറയുന്ന മധ്യവയസ്‌കയും ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിനാല്‍ കുടുംബഭാരം മുഴുവന്‍ സ്വന്തം തോളിലേറ്റി രാപകല്‍ അധ്വാനിക്കുന്ന ഉദ്യോഗസ്ഥയും സ്റ്റെപ്പില്‍ വീണ് കാലൊടിഞ്ഞ് വേദനകൊണ്ട് പിടയുമ്പോള്‍ എനിക്കുവേണ്ടി ഒന്നു പ്രാര്‍ത്ഥിക്കണം എന്നു പറയുന്ന യുവതിയുമെല്ലാം എന്നെ തേടിയെത്തുന്നു. അവരെ നോക്കി പുഞ്ചിരിക്കുന്ന, അവരെ കേള്‍ക്കുന്ന, അവര്‍ക്കൊരാശ്വാസവാക്ക് പറയുന്ന, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ദൈവത്തിന്റെ മുഖമുള്ള സമര്‍പ്പിതരെയാണ് അവരെല്ലാം തേടുന്നത്. എന്റെ യാത്രയില്‍ ഞാന്‍ കണ്ടുമുട്ടിയ ഇവരോരോരുത്തരും അനേക ലക്ഷങ്ങളുടെ പ്രതിനിധികള്‍ മാത്രമാണ്. അവരെല്ലാം ഞങ്ങളെ സ്‌നേഹിക്കുന്നു…..

‘ഞങ്ങളുടെ കുടുംബത്തില്‍നിന്ന് അനേകം നല്ല ദൈവവിളികള്‍ ഉണ്ടാകട്ടെ’ എന്ന പ്രാര്‍ത്ഥന ഇനിയും നമ്മുടെ കുടുംബങ്ങളില്‍നിന്ന് ഉയരണം. സഭ ഉണരണം, ദൈവജനം ദൈവത്തിന്റെ സ്വന്തം ജനമായിമാറണം….

 

സിസ്റ്റര്‍ മോള്‍ട്ടി മരിയ MSMI

Latest Posts

Don’t want to skip an update or a post?