Follow Us On

26

March

2019

Tuesday

അസാധ്യമായി ഒന്നുമില്ല

അസാധ്യമായി  ഒന്നുമില്ല

ഉരുള്‍പൊട്ടലില്‍ വെള്ളവും കല്ലും തടിയും വന്ന് നിറഞ്ഞ് സന്തോഷിന്റെ അഞ്ച് ഏക്കര്‍ കശുമാവിന്‍ തോട്ടം ഏതാണ്ട് പൂര്‍ണമായി നശിച്ചു. നന്നായി കായ്ച്ചുകൊണ്ടിരുന്ന കശുമാവിന്‍തോട്ടം എട്ടുവര്‍ഷംമുമ്പ് കാട്ടുതീ വന്ന് മുഴുവനായും നശിച്ചിരുന്നു. എന്നാല്‍, തകര്‍ച്ചകളെ എങ്ങനെ നേരിടണമെന്നാണ് സന്തോഷ് കാണിച്ചുതരുന്നത്.

എല്ലാം ശുഭമായി എന്നു കരുതുമ്പോഴായിരിക്കും അപ്രതീക്ഷിതമായി പ്രതിസന്ധികള്‍ ജീവിതത്തിലേക്ക് കടന്നുവരുന്നത്. അത്തരമൊരു അനുഭവമാണ് കണ്ണൂര്‍ ജില്ലയിലെ കച്ചേരിക്കടവിലെ സന്തോഷ് വെട്ടിക്കാടിന്റേത്. ഇക്കഴിഞ്ഞ ജൂണ്‍ 12-ന് രാത്രിയില്‍ ഉണ്ടായ മലവെള്ളപ്പാച്ചില്‍ സന്തോഷിന്റെ നീണ്ട വര്‍ഷത്തെ അധ്വാനമാണ് ഇല്ലാതായത്. ഉരുള്‍പൊട്ടലില്‍ വെള്ളവും കല്ലും തടിയും വന്ന് നിറഞ്ഞ് സന്തോഷിന്റെ അഞ്ച് ഏക്കര്‍ കശുമാവിന്‍ തോട്ടം ഏതാണ്ട് പൂര്‍ണമായി നശിച്ചു. 24 ഇഞ്ചിനടുത്ത് വണ്ണം ഉണ്ടായിരുന്ന 300 തേക്കിന്‍തൈകളും മലവെള്ളപ്പാഞ്ചിലില്‍ നഷ്ടമായി. അധികവും എട്ട് വര്‍ഷമായ കശുമാവിന്‍ തൈകളായിരുന്നു. കഠിനാധ്വാനത്തിന്റെ വിളവെടുപ്പ് തുടങ്ങിയപ്പോഴേക്കും കൃഷിഭൂമിതന്നെ ഇല്ലാതായി. ഒരു തകര്‍ച്ചയെ അതിജീവിച്ച് വരുന്നതിനിടയിലാണ് സന്തോഷിന് പുതിയൊരു പ്രതിസന്ധിയെ നേരിടേണ്ടിവന്നിരിക്കുന്നത്. നന്നായി കായ്ച്ചുകൊണ്ടിരുന്ന കശുമാവിന്‍തോട്ടം എട്ടുവര്‍ഷംമുമ്പ് കാട്ടുതീ വന്ന് മുഴുവനായും നശിച്ചിരുന്നു.

എല്ലാം നഷ്ടപ്പെട്ടെങ്കിലും തനിക്ക് അക്കാലത്ത് ഗവണ്‍മെന്റ് സഹായം ഒന്നും ലഭ്യമായില്ലെന്ന് സന്തോഷ് പറയുന്നു. പിന്നീട് വര്‍ഷങ്ങളുടെ അധ്വാനംകൊണ്ട് പണിതുയര്‍ത്തിയതാണ് മലവെള്ളപ്പാച്ചില്‍ തട്ടിയെടുത്തത്. വന്യമൃഗശല്യം രൂക്ഷമായ ഈ പ്രദേശത്ത് രാത്രി കാവല്‍ കിടന്ന് സംരക്ഷിച്ചു വളര്‍ത്തിയ കശുമാവിന്‍ തോട്ടമാണ് ഒരു രാത്രികൊണ്ട് ഇല്ലാതായത്. അഞ്ച് ഏക്കര്‍ കൃഷിത്തോട്ടം മണല്‍ത്തീരംപോലെ മണല്‍ നിറഞ്ഞതായെന്ന് സന്തോഷ് പറയുന്നു. മലബാറിലേക്ക് വര്‍ഷങ്ങള്‍ക്കുമുമ്പ് കുടിയേറിപ്പാര്‍ത്തവരാണ് വെട്ടിക്കാട്ട് കുടുംബം. രണ്ടാം തവണയും ഇത്തരമൊരു പ്രതിസന്ധി ഉണ്ടായപ്പോള്‍ ഈ മേഖല ഉപേക്ഷിക്കുകയാണ് നല്ലതെന്ന ചിന്തയാണ് സന്തോഷിന് ആദ്യം ഉണ്ടായത്. എന്നാല്‍, ഈ പ്രതിസന്ധിയുടെ അപ്പുറം ദൈവത്തിന് വലിയ പദ്ധതികള്‍ ഉണ്ടായിരിക്കുമെന്ന ചിന്ത അടുത്ത നിമിഷം ഉണ്ടായി. ആ സമയത്ത് രൂപതാധ്യക്ഷന്മാരും വൈദികരും നല്ലവരായ നാട്ടുകാരും നല്‍കിയ ആശ്വാസം വലുതായിരുന്നെന്ന് സന്തോഷ് പറയുന്നു. അതുകൊണ്ടുതന്നെ നിരാശപ്പെട്ട് ഇരിക്കേണ്ട സമയമല്ലെന്ന് തിരിച്ചറിവില്‍ വീണ്ടും കൃഷിയിടം നന്നാക്കി എടുക്കാനുള്ള പരിശ്രമത്തിലാണ് സന്തോഷ്. തകര്‍ച്ചകളെ എങ്ങനെ നേരിടണമെന്നാണ് സന്തോഷ് കാണിച്ചുതരുന്നത്.

ജൂണ്‍ 12-ന് രാത്രിയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ കൃഷിയിടം നഷ്ടമായ വിവരം പിറ്റേന്ന് രാവിലെയാണ് സന്തോഷ് അറിയുന്നത്. അവിടെനിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് സന്തോഷും കുടുംബവും താമസിക്കുന്നത്. വനത്തില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിന്റെ ഫലമായി കൃഷിസ്ഥലത്തോട് ചേര്‍ന്നുകിടന്നിരുന്ന പുഴയിലൂടെ കുതിച്ചെത്തിയ മലവെള്ളമാണ് സന്തോഷിന്റെ കൃഷിയിടത്തെ വിഴുങ്ങിയത്. ജെസിബി ഉപയോഗിച്ച് നീക്കാന്‍ കഴിയാത്തവിധത്തില്‍ വണ്ണമുള്ള പാഴ്ത്തടികള്‍ ഇപ്പോഴും കൃഷിയിടത്തില്‍ അവശേഷിക്കുന്നുണ്ടെന്ന് സന്തോഷ് പറയുന്നു. വെള്ളത്തില്‍ ഒഴുകി എത്തിയതാണ് അവ. ഒരു വര്‍ഷം മുമ്പ് മോശമല്ലാത്ത വിലക്ക് ആ ഭൂമി റിസോര്‍ട്ടു നിര്‍മിക്കുന്നതിനായി വാങ്ങാന്‍ ആളുകള്‍ എത്തിയതായിരുന്നു. എന്നാല്‍, കൃഷിയോടുള്ള സ്‌നേഹംകൊണ്ട് വില്ക്കാന്‍ തയാറായില്ല.

രൂപതയുടെ സഹായത്താല്‍ ഇപ്പോള്‍ വീണ്ടും സംരക്ഷണക്കിടങ്ങ് സ്ഥാപിച്ച് മണ്ണടിച്ച് കൃഷിയിടം വൃത്തിയാക്കി തുടങ്ങി. മണല്‍ നിറഞ്ഞതുകൊണ്ട് മണ്ണ് നിറച്ചെങ്കിലേ കൃഷി ചെയ്യാന്‍ കഴിയൂ എന്ന് സന്തോഷ് പറയുന്നു. അതിനായുള്ള പണികള്‍ സന്തോഷ് ആരംഭിച്ചുകഴിഞ്ഞു. ഇതു വിഷമത്തിന്റെയോ വിശ്രമത്തിന്റെയോ സമയമല്ല, കഠിനാധ്വാനം നടത്തേണ്ട സാഹചര്യമാണ് സന്തോഷ് പറയുന്നു. നഷ്ടപ്പെട്ടതിന്റെ ഇരട്ടി തിരിച്ചുതരാന്‍ ദൈവത്തിന് കഴിയുമെന്ന് സന്തോഷിന് ഉറപ്പുണ്ട്. അതിനാല്‍ത്തന്നെ നഷ്ടങ്ങള്‍ സന്തോഷിനെ ഭാരപ്പെടുത്തുന്നില്ല.

Latest Posts

Don’t want to skip an update or a post?