Follow Us On

26

March

2019

Tuesday

തൊഴില്‍ നഷ്ടപ്പെട്ടു, എന്നാല്‍ ദൈവം തന്നു

തൊഴില്‍ നഷ്ടപ്പെട്ടു, എന്നാല്‍ ദൈവം തന്നു

മഹാദുരന്തത്തിന്റെ മാരകപ്രഹരത്തില്‍ ദുരിതവഴികളിലൂടെ കടന്നുപോകാത്തവര്‍ മലയാളക്കരയില്‍ വിരളമാണ്. പ്രതീക്ഷകള്‍ അസ്മതമിച്ചുവെന്ന് കരുതിയ ചക്രവാളത്തിന്റെ മറുകരയില്‍ പ്രത്യാശയുടെ പുതുകിരണങ്ങള്‍ ഉദിച്ചുയരുന്ന കാഴ്ചയും കാലം നമുക്കായി കരുതിവച്ചിരുന്നു.

ദുരന്തഭൂമികയില്‍ വീടും തൊഴിലും നഷ്ടപ്പെട്ട് ഉടുവസ്ത്രം മാത്രം ബാക്കിയായ ഒരു കുടുംബം സഹജീവികളുടെ കരുതലില്‍ അതിജീവനത്തിന്റെ വിജയഗാഥ രചിച്ച അനുഭവമാണ് ഇടുക്കി കൂമ്പന്‍പാറ സ്വദേശി ജോയി ഓലിക്കലിന് പറയാനുള്ളത്. ഭാര്യ ബിന്ദുവും മക്കളായ മനുവും മിഥുനും ഉള്‍ക്കൊള്ളുന്ന കുടുംബമാണ് ഇദ്ദേഹത്തിന്റേത്. ഒരു ദശാബ്ദ കാലമായി വാടകവീട്ടില്‍ താമസിക്കുന്ന ഇവരുടെ ഏക വരുമാനമാര്‍ഗം ചിപ്‌സ് നിര്‍മാണമാണ്. ഈ ദമ്പതികള്‍ വീട്ടില്‍ ഉപകരണങ്ങളുടെ സഹായത്തോടെ നിര്‍മിക്കുന്ന പലഹാരങ്ങള്‍ സ്വയം കടകളില്‍ വിതരണം ചെയ്തുവരുന്നു.

2018 ഓഗസ്റ്റ് എട്ടിന് രാത്രി ഇവരുടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ കശക്കി എറിയപ്പെട്ടു. രാത്രി ഒമ്പതുമണിയോടെ പലഹാരനിര്‍മാണം കഴിഞ്ഞ് കുളിക്കുന്നതിനായി ജോയി വീടിന്റെ കിഴക്ക് ഭാഗത്തേക്ക് നീങ്ങുമ്പോള്‍ ഭാര്യയും മകനും കിടന്നുറങ്ങുകയായിരുന്നു. മടങ്ങിവന്ന് അവരെ വിളിച്ചുണര്‍ത്താന്‍ തോന്നി. അവര്‍ ഉണര്‍ന്ന് അടുക്കള ഭാഗത്തേക്ക് നീങ്ങി. ജോയി കുളിച്ചുകൊണ്ടിരുന്നപ്പോള്‍ വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടലുണ്ടായി. അത് വീടിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മുറികളെ തകര്‍ത്തുകൊണ്ട് കടന്നുപോയി. ശബ്ദംകേട്ട് പുറത്തുവന്ന ജോയി ഭാര്യയെയും മകനെയും രക്ഷപ്പെടുത്തി. വളരെ കഷ്ടപ്പെട്ട് അടുത്ത വീട്ടില്‍ അഭയം തേടുമ്പോള്‍ ഉടുത്തിരുന്ന വസ്ത്രമല്ലാതെ ഈ കുടുംബത്തിന് ഒന്നും ബാക്കിയുണ്ടായിരുന്നില്ല. ഒരു നിമിഷംകൊണ്ട് സര്‍വതും നഷ്ടപ്പെടുന്ന സാഹചര്യം ഇവരെ നിരാശയുടെയും മരവിപ്പിന്റെയും അവസ്ഥയില്‍ എത്തിച്ചു. രാത്രിയുടെ ഭീകരതയും ആര്‍ത്തലയ്ക്കുന്ന മഴയും ഇവര്‍ക്കുമുമ്പില്‍ പ്രതിസന്ധിയുടെ മതിലുയര്‍ത്തി.

എങ്കിലും കുടുംബാംഗങ്ങളിലാര്‍ക്കും ജീവഹാനിയോ അപകടമോ വരുത്താതെ ദൈവം സംരക്ഷിച്ചു. പിറ്റേന്ന് നാശാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകളും മറ്റും ഇവര്‍ക്ക് തിരികെ ലഭിച്ചു. എന്നാല്‍ ഇവര്‍ ചിപ്‌സ് നിര്‍മിക്കുന്നതിനുപയോഗിച്ച ഉപകരണങ്ങളും പാത്രങ്ങളും പൂര്‍ണമായും നഷ്ടപ്പെട്ടു. ഓണക്കാലം ലക്ഷ്യമാക്കി നിര്‍മിച്ച അമ്പതിനായിരം രൂപയുടെ പലഹാരങ്ങളും മറ്റ് അസംസ്‌കൃത വസ്തുക്കളുമെല്ലാം ഉരുള്‍പൊട്ടലില്‍ അപ്രത്യക്ഷമായിരുന്നു. തൊഴില്‍ ഉപകരണങ്ങള്‍ നഷ്ടമായതിനാല്‍ തൊഴില്‍ ഉടന്‍ പുനരാരംഭിക്കുക അസാധ്യമായിരുന്നു. എല്ലാം നഷ്ടപ്പെട്ട് ക്യാമ്പില്‍ എത്തുമ്പോള്‍ മുന്നില്‍ വഴികള്‍ ഒന്നുമില്ലായിരുന്നു.

എന്നാല്‍ എല്ലാ വഴികളും അടയുമ്പോഴും വഴി തുറക്കാന്‍ ശേഷിയുള്ള കര്‍ത്താവ് ഇവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചു. ദൈവം കൈവിടില്ല എന്ന ചിന്ത മനസില്‍ പ്രത്യാശയായി തളിര്‍ത്തു. അധികം ദിനങ്ങള്‍ കഴിയുംമുമ്പേ പുതിയ വാടകവീട് കണ്ടെത്തി. സുമനസുകളായ അനേകം നല്ല മനുഷ്യര്‍ വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമെല്ലാം ഇവര്‍ക്കായി പങ്കുവച്ചു. സി.എം.സി സന്യാസ സമൂഹം തൊഴില്‍ പുനരാരംഭിക്കുന്നതിനുള്ള ഉപകരണങ്ങള്‍ വാങ്ങി നല്‍കിയപ്പോള്‍ ഇവരുടെ ജീവിതം പുതിയ പ്രതീക്ഷയുടെ പച്ചപ്പുകളെ പുല്‍കുകയായിരുന്നു.

പുതിയ വാടകവീട്ടില്‍ പഴയ തൊഴില്‍ പുനരാരംഭിച്ചപ്പോള്‍ ഇവര്‍ക്ക് അതിജീവനത്തിനുള്ള കരുത്തും ബലവും കൈവന്നു. വളരെയധികം മത്സരമുള്ള തൊഴില്‍മേഖലയാണ് ഇവരുടേത്. ഏതാനും ആഴ്ചകള്‍ മാര്‍ക്കറ്റില്‍നിന്നും വിട്ടുനിന്നാല്‍ ബിസിനസ് പൂര്‍ണമായും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നു. എന്നാല്‍ സമയോചിതമായി സഹജീവികള്‍ സഹായത്തിനായി കരം പിടിച്ചപ്പോള്‍ ഇവരുടെ ദുഃഖം സന്തോഷത്തിന് വഴിമാറി.

ഇന്ന് വാടകവീട്ടില്‍ പഴയതുപോലെതന്നെ തൊഴില്‍ ചെയ്ത് ഈ കുടുംബം നിത്യച്ചെലവിനുള്ള വക സമ്പാദിക്കുന്നു. മക്കള്‍ രണ്ടുപേരും പഠിക്കുന്നു. പ്രളയം ഇവര്‍ക്ക് അതിജീവനത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കി. സമൂഹവും സഭയുമെല്ലാം സഹായഹസ്തങ്ങള്‍ നീട്ടിയപ്പോള്‍ ഒരിക്കലും തിരികെ പിടിക്കാന്‍ കഴിയില്ലെന്ന് കരുതിയതെല്ലാം പൂര്‍വാധികം മനോഹരമായി അതിവേഗം പുനഃസൃഷ്ടിക്കപ്പെട്ടു. സ്വന്തമായി ഒരു ഭവനം നിര്‍മിക്കുന്നതിനുള്ള സ്ഥലവും ഇവര്‍ക്ക് ലഭ്യമായി. ഇവിടെ സന്നദ്ധ സംഘടന വീടുവച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാത്തിനും ദൈവപരിപാലന ദര്‍ശിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുണ്ട്. നേടിയതെല്ലാം ഒരു നിമിഷംകൊണ്ട് നഷ്ടപ്പെടുത്താനും അതിലും ശ്രേഷ്ഠമായത് മടക്കി നല്‍കാനും ദൈവത്തിന് സാധിക്കുമെന്ന് ഇവര്‍ തിരിച്ചറിയുന്നു.

 

സുബിന്‍ തോമസ് ഇടുക്കി

Latest Posts

Don’t want to skip an update or a post?