Follow Us On

26

March

2019

Tuesday

പ്രളയം തകര്‍ത്ത പ്രസ്സ് ഉടമയുടെ ഇപ്പോഴത്തെ അവസ്ഥ

പ്രളയം തകര്‍ത്ത പ്രസ്സ് ഉടമയുടെ ഇപ്പോഴത്തെ അവസ്ഥ

കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന പ്രളയം ഇല്ലാതാക്കിയത് ഒരു വലിയ ബിസിനസ് സ്ഥാപനത്തെയായിരുന്നു. ആലുവായില്‍ പി .ടി പോള്‍ നടത്തുന്ന പ്രിന്റിംഗ് യൂണിറ്റ് അപ്പാടെ തകര്‍ന്നു. എന്നാല്‍ ദൈവത്തിന്റെ വിരല്‍ത്തുമ്പില്‍ പിടിച്ച് പോള്‍ ആ പ്രതിസന്ധിയില്‍ നിന്നും കരേറി. വിശ്വാസവും പ്രാര്‍ത്ഥനയും ചേര്‍ന്നുനിന്നാല്‍ ഏതു
പ്രതികൂലങ്ങളെയും അതിജീവിക്കാന്‍ കഴിയുമെന്ന പാഠമാണ് പോള്‍ പകരുന്നത്.

”ബാല്യംമുതല്‍ ദൈവത്തിന്റെ വിരല്‍ പിടിച്ചുകൊണ്ട് നീങ്ങുന്ന സന്തോഷദായകമായ ഒരനുഭവമാണ് എനിക്കുള്ളത്. ഏത് പ്രതിസന്ധിഘട്ടത്തിലും ദൈവം എന്നെ ചേര്‍ത്തു പിടിക്കുന്നു എന്ന തോന്നല്‍ എന്റെ എല്ലാ നൊമ്പരങ്ങളെയും ഇല്ലാതാക്കുന്നു.”

കഴിഞ്ഞ ഓഗസ്റ്റില്‍ പ്രളയം മുക്കിത്താഴ്ത്തിയ തന്റെ ബിസിനസ് സ്ഥാപനത്തിനുമുമ്പില്‍നിന്ന് ആലുവ സ്വദേശി പി.ടി. പോള്‍ ചങ്കുറപ്പോടെ പറയുന്നു.
”പ്രളയത്തിന് എന്റെ പ്രിന്റിങ്ങ് പ്രസിലെ മെഷിനറികളെയും മറ്റ് അസംസ്‌കൃത വസ്തുക്കളെയും മാത്രമേ നശിപ്പിക്കാന്‍ കഴിഞ്ഞുള്ളൂ. നിരവധി വര്‍ഷങ്ങളിലെ അറിവിനെയും അനുഭവസമ്പത്തിനെയും എന്നില്‍ കുടികൊള്ളുന്ന ദൈവിക സാന്നിധ്യത്തെയും തകര്‍ക്കാന്‍ അതിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇതൊക്കെയും അതിജീവിക്കാന്‍ എന്റെ ദൈവം എന്നെ ശക്തിപ്പെടുത്തുമെന്ന ബോധ്യം എനിക്കുണ്ട്.”

ആഴമേറിയ ദൈവാശ്രയബോധവും ആത്മവിശ്വാസവും പ്രകടമാക്കുന്ന ഈ വാക്കുകള്‍ ജീവിതപ്രതിസന്ധികളില്‍ ഉഴലുന്നവര്‍ക്ക് പ്രത്യാശ നല്‍കും.
ബറാക്ക- ദൈവദാനം

കോട്ടയത്തെ സ്ഥാപനത്തില്‍നിന്ന് പ്രിന്റിങ്ങ് പ്രസിലേക്കുള്ള കെമിക്കലുകള്‍ സപ്ലൈ ചെയ്യുന്ന ജോലിയായിരുന്നു ആദ്യകാലങ്ങളില്‍ പോളിന്. ആലുവയുടെ ആത്മീയാചാര്യനും ‘ധര്‍മദീപ്തി’യുടെ സ്ഥാപകനുമായിരുന്ന ഫാ. ഇഗ്നേഷ്യസ് കപ്പൂച്ചിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ‘ആലുവ പ്രസ്’ അക്കാലത്ത് പ്രമുഖ പ്രിന്റിങ്ങ് സ്ഥാപനമായിരുന്നു. 1987-ല്‍ പോളിനെ ആലുവ പ്രസിലേക്ക് കൊണ്ടുവരുന്നതും പിന്നീട് ആലുവയിലെ കാട്ടുങ്കല്‍ ആന്റണി മകള്‍ റോസിലിയെ പോളിന്റെ ജീവിതസഖിയായി ചേര്‍ത്തുകൊടുക്കുന്നതും ഫാ. ഇഗ്നേഷ്യസിലൂടെ ദൈവം നടത്തിയ പദ്ധതികളായിരുന്നു. അങ്ങനെ അല്‍ഫോന്‍സാമ്മയുടെ കുടമാളൂര്‍ ഇടവകക്കാരന്‍ ആലുവക്കാരനായി. ഏഴുവര്‍ഷം ഇഗ്നേഷ്യസച്ചനോടൊപ്പം ആലുവ പ്രസില്‍ ജോലി ചെയ്തു. അച്ചന്റെ മരണശേഷം അവിടെനിന്ന് മാറി സ്വന്തമായി ഒരു സ്ഥാപനം എന്ന സ്വപ്‌നത്തിലേക്ക് പോള്‍ കാലെടുത്തുവച്ചു. അങ്ങനെയാണ് ‘റോസ് ഗ്രാഫിക്‌സ്’ എന്ന പേരില്‍ രണ്ട് ജോലിക്കാരുമായി പാലാരിവട്ടം പള്ളിനടയില്‍ 1995 മുതല്‍ സ്ഥാപനം ആരംഭിക്കുന്നത്. ഗ്രാഫിക്‌സ്, ഡിസൈന്‍ ജോലികള്‍ മാത്രമാണ് ഇവിടെ നടന്നത്. 2009-ലാണ് ‘ബറാക്ക പ്രിന്റ് ഹൗസ്’ എന്ന പേരില്‍ സൗത്ത് കളമശേരി വ്യാവസായികമേഖലയോടുചേര്‍ന്ന് ഒരു മുറിയെടുത്ത് ചെറിയൊരു പ്രിന്റിങ്ങ് യൂണിറ്റ് ആരംഭിക്കുന്നത്. ‘ദൈവത്തിന്റെ ദാനം’ എന്നര്‍ത്ഥമുള്ള ‘ബറാക്ക’ എന്ന പേരാണ് സ്ഥാപനത്തിന് നല്‍കിയത്. തന്റെ ജീവിതം മാത്രമല്ല തനിക്കുള്ളതും ഇനിയും ലഭിക്കാനുള്ളതൊക്കെയും ‘ദൈവദാനം’എന്ന കാഴ്ചപ്പാടായിരുന്നു ഈ പേരിടലിന്റെ പിന്നിലുള്ള പോള്‍-റോസിലി ദമ്പതികളുടെ ചേതോവികാരം.
ദൈവനാമം മഹത്വപ്പെടാന്‍ ഇടയാക്കിയപ്പോള്‍ പോളിനെയും കുടുംബത്തെയും ദൈവവും കൈവിട്ടില്ല. രണ്ട് ജീവനക്കാരുമായി ആരംഭിച്ച ബിസിനസ് സ്ഥാപനം ഇന്ന് മൂന്ന് സ്ഥാപനങ്ങളും മുപ്പതോളം ജോലിക്കാരുമുള്ള ദൈവത്തിന്റെ മഹോന്നത ദാനമായി മാറിക്കഴിഞ്ഞു. മൂന്ന് ഓട്ടോമാറ്റിക് പ്രിന്റിങ്ങ് മെഷിനറികളും മറ്റ് അനുബന്ധ ഉപകരണങ്ങളുമായി ദൈവത്തിന്റെ അദൃശ്യകരങ്ങള്‍ പോളിനെ നയിച്ചു. തിരുക്കരങ്ങള്‍ തിരുസാന്നിധ്യമായി തന്റെ സ്ഥാപനങ്ങളില്‍ എപ്പോഴുമുണ്ടെന്ന് വളര്‍ച്ചയിലും ഉയര്‍ച്ചയിലും പോള്‍ ഉറച്ചു വിശ്വസിക്കുന്നു. ഡിസൈന്‍ ജോലികള്‍ മുതല്‍ പ്രിന്റിങ്ങ്-പ്രൊഡക്ഷന്‍ വരെ എത്തിനില്‍ക്കുന്ന വലിയ സ്ഥാപനമായി ദൈവം ഉയര്‍ത്തിയപ്പോഴും തങ്ങള്‍ ദൈവത്തിന്റെ സ്ഥാപനത്തിലെ നടത്തിപ്പുകാര്‍ മാത്രം എന്ന ചിന്തയാണ് പോളിനെയും കുടുംബത്തെയും നയിച്ചത്. കേരളത്തിലെ അറിയപ്പെടുന്ന പ്രമുഖ ബ്രാന്റഡ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും കര്‍ട്ടണ്‍, ലേബല്‍, ടിഷ്യുബോക്‌സ് തുടങ്ങിയ വര്‍ക്കുകള്‍ പോളിന്റെ സ്ഥാപനങ്ങളിലൂടെ നടക്കുന്നതുതന്നെ ദൈവത്തിന്റെ അനന്ത പരിപാലനയായി കാണാനാണ് അദ്ദേഹത്തിന് ഇഷ്ടം. പ്രമുഖ പാക്കേജിങ്ങ് വ്യവസായമായി ‘ബറാക്ക’ ഉയര്‍ന്നിരിക്കുന്നു.
പ്രളയം തകര്‍ത്ത നാള്‍വഴികള്‍

2018 ഓഗസ്റ്റ് 15. പോളിന്റെ ജീവിതത്തില്‍ മറക്കാനാകാത്ത ദിനമാണ്. നിറഞ്ഞു കവിയുന്ന പെരിയാറിന്റെ തീരത്തുള്ള മുട്ടാര്‍പുഴയില്‍ വെള്ളം ഉയര്‍ന്നുപൊങ്ങി, അത് തന്റെ സ്ഥാപനത്തിലേക്ക് ഇരച്ചു കയറുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍തന്നെ സ്ഥാപനത്തിലെ മുഴുവന്‍ മെഷിനറികളും വെള്ളത്തില്‍ മുങ്ങി. വെള്ളത്തോടൊപ്പം ചെളിയുംകൂടി കയറി ഉപകരണങ്ങളും ടണ്‍കണക്കിന് പേപ്പര്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കളും നശിച്ചുപോകുന്ന കാഴ്ച ഹൃദയഭേദകമായിരുന്നുവെന്ന് പറയുമ്പോള്‍ പോളിന്റെ വാക്കുകള്‍ ഇടറുന്നു. പൂര്‍ത്തിയാക്കിയ വര്‍ക്കുകളും ഇതിലുണ്ടായിരുന്നു. ഏതാണ്ട് നാല്‍പതു ലക്ഷം രൂപയുടെ നഷ്ടമാണ് ഒറ്റനോട്ടത്തില്‍ കണ്ടത്. എന്നാല്‍ യഥാര്‍ത്ഥ നഷ്ടത്തിന്റെ കണക്കുകള്‍ ഇതൊന്നുമല്ല. എല്ലാം ഇലക്‌ട്രോണിക്‌സ് ഐറ്റങ്ങള്‍ ആയതുകൊണ്ട് ഓരോ ദിവസവും കണ്ടെത്തുന്ന പുതിയ കേടുപാടുകള്‍ അതാതു ദിവസം തീര്‍ത്തുപോകണമെങ്കില്‍ ഇനിയും ഒരുപാടു തുക കണ്ടെത്തേണ്ടിവരും.
പ്രളയം തകര്‍ത്ത സ്ഥാപനം വെള്ളമിറങ്ങിയശേഷം തുറന്നപ്പോള്‍ ആദ്യം കരഞ്ഞത് തന്റെ സ്ഥാപനത്തിലെ ജോലിക്കാരായിരുന്നുവെന്ന് പോള്‍ പറയുന്നു. കാരണം അവര്‍ അവരുടെ സ്വന്തമെന്നപോലെ സ്ഥാപനത്തെ സ്‌നേഹിച്ചു. അത്യന്തം ഹൃദയവേദനയോടെയാണ് ഞങ്ങള്‍ ഒരുമിച്ചുനിന്ന് ഈ രംഗം വീക്ഷിച്ചത്. തന്നെ ആശ്വസിപ്പിച്ചതും അതിജീവിക്കാന്‍ പ്രേരിപ്പിച്ചതും തന്റെ പ്രിയപ്പെട്ട ജോലിക്കാരായിരുന്നു. സ്ഥാപനത്തില്‍ താനൊരു മുതലാളിയോ അവരൊക്കെ തൊഴിലാളികളോ ആയല്ല പെരുമാറിയിരുന്നത്. മറിച്ച് ഞങ്ങളൊക്കെ കുടുംബാംഗങ്ങളായിട്ടായിരുന്നു. അതുകൊണ്ടുതന്നെ ഈ വലിയ പ്രളയത്തെക്കാള്‍ ഉയര്‍ന്ന കൈത്താങ്ങുകള്‍ ആയിരുന്നു അവര്‍ ഓരോരുത്തരും എനിക്ക്. എപ്പോഴും ഞാന്‍ കാണാറുള്ള ഈശോയുടെ തിരുക്കരങ്ങള്‍പ്പോലെതന്നെയായിരുന്നു അത്.

എല്ലാവരും കൂടിച്ചേര്‍ന്ന് ഒരാഴ്ചകൊണ്ടുതന്നെ സ്ഥാപനം മുഴുവനും ക്ലീന്‍ ചെയ്തു. ഓരോ മെഷിനറിയും സൂക്ഷ്മതയോടെ പുനര്‍നിര്‍മിച്ചു. ഒരു ദിവസംപോലും വിശ്രമിക്കാതെ നിരന്തരമായി അധ്വാനിച്ചപ്പോള്‍ സ്വര്‍ഗത്തിന്റെ ആശീര്‍വാദവും കൂടി ഞങ്ങളോടൊപ്പമുണ്ടായിരുന്നു. സ്ഥാപനത്തിലെ മുഖ്യജോലികള്‍ ചെയ്തിരുന്നവരും ഹെല്‍പ്പര്‍ ജോലികള്‍ ചെയ്തിരുന്നവരും ഒരേ മനസോടെ ക്ലീനിങ്ങ് നടത്തുമ്പോള്‍ എങ്ങനെ ദൈവം അനുഗ്രഹിക്കാതിരിക്കും?
അതിജീവനത്തിന്റെ പാതയില്‍ പ്രത്യാശയോടെ
തകര്‍ന്നതെല്ലാം ഒറ്റദിവസംകൊണ്ട് പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി. അതുകൊണ്ടുതന്നെ ക്ലീനിങ്ങ് ജോലികള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴും മറുവശത്ത് പ്രിന്റിങ്ങ് വര്‍ക്കുകള്‍ തുടരാന്‍ ശ്രമിച്ചു. കാരണം, അതിജീവിക്കണം എന്ന നിശ്ചയദാര്‍ഢ്യം ഞങ്ങള്‍ക്കുണ്ടായിരുന്നു. ഒപ്പം ദൈവം കൂടെയുണ്ടെന്നും അവന്‍ ഒരിക്കലും ഉപേക്ഷിക്കുകയില്ലെന്നും ഞങ്ങള്‍ വിശ്വസിച്ചു. തകര്‍ച്ചകളിലൂടെ ദൈവം ഞങ്ങളെ പണ്ടത്തെതിനേക്കാള്‍ ഉയര്‍ത്തുമെന്ന അടിയുറച്ച ബോധ്യവും വിശ്വാസവും എനിക്കും എന്റെ കുടുംബത്തിനും ഇതിലൂടെ നേടാന്‍ കഴിഞ്ഞു. എന്റെ ജീവിതപങ്കാളിയും മക്കളും കൂടെനിന്നു. കൂടുതല്‍ വിശ്വാസത്തോടെ ഞങ്ങള്‍ ഒരുമിച്ചിരുന്ന് പ്രാര്‍ത്ഥിച്ചു.
പ്രളയത്തെ അതിജീവിക്കാന്‍ ഭര്‍ത്താവിന്റെ കൂടെനിന്ന റോസിലിക്കും പറയാന്‍ ഏറെയുണ്ട്. ചെറുപ്പംമുതലേ ദൈവവിശ്വാസത്തില്‍ വളരാന്‍ കഴിഞ്ഞ ഭാഗ്യത്തെയോര്‍ത്ത് നന്ദി പറയുകയാണിവര്‍. ആ വിശ്വാസം കൈമുതലായി കിട്ടിയതുകൊണ്ടാണ് തങ്ങള്‍ക്ക് ഈ തകര്‍ച്ചകളെ അതിജീവിക്കാന്‍ കഴിഞ്ഞതെന്ന് റോസിലി പറയുന്നു. പ്രസില്‍ വെള്ളം കയറിയപ്പോള്‍ ഭര്‍ത്താവ് ആദ്യം ഓടിയത് ഇടവക ദൈവാലയത്തിലേക്കായിരുന്നു. ആദ്യം ദൈവത്തെ കണ്ടു, പിന്നെ വികാരിയച്ചനെയും. അച്ചന്‍ ഭര്‍ത്താവിനെ ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിച്ചു: ”എല്ലാം ശരിയാകും, എല്ലാം നന്നായി വരും.” അച്ചന്റെ ഈ വാക്കുകള്‍ ആശ്വാസമായി മാറി. പ്രതിസന്ധികള്‍ക്കുമുമ്പില്‍ ദൈവത്തെ തള്ളിപ്പറയുന്നവരുടെ ലോകത്ത് ഇവരുടെ ജീവിതം മാതൃകാപരമാണെന്ന് വികാരി ഫാ. ജോസ് പുതിയേടത്ത് കൂട്ടിച്ചേര്‍ക്കുന്നു.

പോളിന്റെ മകന്‍ ഇവാന്‍ വിദേശത്ത് ജോലി ചെയ്യുന്നു. മകള്‍ ഐറിന്‍ റോസ് പ്ലസ്ടു വിദ്യാര്‍ത്ഥിനി.

വസ്തുക്കളും സ്വത്തുവകകളും നശിക്കുമ്പോള്‍ നഷ്ടപ്പെടുന്നത് അവമാത്രമാണ്. എന്നാല്‍ നമുക്ക് കിട്ടിയ അറിവോ കഴിവോ അനുഭവസമ്പത്തോ ദൈവിക ചൈതന്യമോ നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ നാമെന്തിന് ഭയപ്പെടണം? ദൈവം നല്‍കിയ ഈ ദാനങ്ങളില്‍ ആശ്രയിച്ചുകൊണ്ട് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ചിറകടിച്ചുയരാന്‍ കഴിയണമെന്ന് ഓര്‍മിപ്പിക്കുകയാണ് പോളിന്റെ ഈ പുതു ജീവിതം. ദൈവിക ചൈതന്യത്തെ നഷ്ടപ്പെടുത്താതെ ജീവിക്കുക. പുതിയ വഴികളും പുതിയ മേച്ചില്‍പ്പുറങ്ങളും അവിടുന്ന് നമുക്ക് കാണിച്ചുതരുക തന്നെ ചെയ്യും.

 

എം.ഡി ജോയി മഴുവാഞ്ചേരി

Latest Posts

Don’t want to skip an update or a post?